കേരള പഠനങ്ങൾ: ആത്മവിമർശം അനിവാര്യം

ദിലീപ് രാജ് :ഇന്നിപ്പോൾ, ഒഴുകിയെത്തിയ സ്ഥലത്തു നിന്ന്, അതിന്റെ ആനുകൂല്യത്തോട് കൂടി, മുമ്പെഴുതിയ തീസിസ് പുന:സന്ദർശിക്കുകയാണെങ്കിൽ, പെട്ടെന്ന് എങ്ങനെ സ്വയം വിലയിരുത്തും?

ജെ ദേവിക: ജെന്റർ എന്ന സങ്കല്പനം തന്നെ ഇന്നിപ്പോൾ വളരെ വിഭിന്നമായ അർത്ഥവിവക്ഷയാണല്ലോ നൽകുന്നത്- അന്നത്തെ അപേക്ഷിച്ച്! അതുപോലെ, ഇന്റർസെക്ഷനാലിറ്റി മർദ്ദിതസമൂഹങ്ങളെ മനസ്സിലാക്കുന്നതിൽ മാത്രമല്ല, മർദ്ദകരെ മനസ്സിലാക്കാനും പ്രധാനമാണെന്ന തിരിച്ചറിവും ഇന്നുണ്ട്. എൻ-ജെന്ററിങ് ഇൻഡിവിജ്വൽസ് എന്ന പുസ്തകത്തിന് മറ്റൊരു പതിപ്പുണ്ടാക്കുന്ന വേളയിൽ ഇതു വിശദമായി ചർച്ചചെയ്യണമെന്ന് വിചാരിക്കുന്നു.

ഇന്നായിരുന്നു ഗവേഷണം തുടങ്ങുന്നതെങ്കിൽ ഒന്നാമതായി, ഞാൻ എന്റെ അന്വേഷണം 19-ാം നൂറ്റാണ്ടിലല്ല, 18-ാം നൂറ്റാണ്ടിലോ അതിനു മുൻപോ ഉള്ള കാലഘട്ടം മുൻനിർത്തി ആരംഭിക്കുമായിരുന്നു. കേരളത്തിൽ 19-ാം നൂറ്റാണ്ടിൽ മിഷണറിമാരിലൂടെയും മറ്റു അധിനിവേശ എജന്റുകളിലൂടെയും എത്തിയ വിക്ടോറിയൽ-ഉദാരവാദ പിതൃമേധാവിത്വത്തിനു മുൻപുതന്നെ ജാതിഭേദത്തിനപ്പുറം നിൽക്കുന്ന, ആധുനികതയുടെ ലക്ഷണങ്ങൾ കാട്ടിയ, ഒരു ഉത്തമസ്ത്രീസങ്കല്പം -- ബ്രാഹ്മണ മാനദണ്ഡങ്ങളിലൂടെ രചിക്കപ്പെട്ട ഒന്ന് -- ഉണ്ടായിത്തുടങ്ങി എന്നു മാത്രമല്ല, അതു പല മാർഗങ്ങളിലൂടെ പ്രചരിക്കാനും തുടങ്ങിയിരുന്നു. ഉദാഹരണത്തിന് ഉണ്ണായി വാരിയരുടെ നളചരിതത്തിലെ പദങ്ങൾ കൈകൊട്ടിക്കളിപ്പാട്ടുകളായി പ്രചരിച്ചുതുടങ്ങിയത്, . ഈ പ്രചാരം നടന്നുകൊണ്ടിരുന്ന സമൂഹത്തിലേക്കാണ് വിക്ടോറിയൻ-ഉദാരവാദലിംഗമൂല്യങ്ങൾ വരുന്നത്. ആ പ്രക്രിയയെകൂടുതൽ സൂക്ഷ്മമായി പിൻതുടരാൻ ഞാൻ ശ്രമിച്ചേനെ.

രണ്ടാമതായി, സവർണ- അവർണ സമുദായങ്ങളെ കീഴ്പെടുത്തിയ പഴയകാല ലിംഗ-ജാതി സംവിധാനത്തെ കൂടുതൽ സമഗ്രമായി പഠിച്ചേനെ. വരേണ്യഭാവനയിൽ കേരളം ബ്രാഹ്മണരുടെ സങ്കല്പസ്വർഗമായിരുന്നു എന്ന കാര്യം ഇക്കാര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ക്ലൂ ആണ് എന്നു ഞാൻ കരുതുന്നു. അതിന്റെ ചില്ലിലൂടെ നോക്കിയാൽ മാത്രമേ കേരളത്തിലെ അവർണർ അദൃശ്യരാക്കപ്പെട്ട രീതികളുടെ ഭയങ്കരത്വം വെളിവാകൂ എന്നുതന്നെയാണ് എന്റെ വിശ്വാസം. സങ്കല്പസ്വർഗത്തിലെ ദേവ-യക്ഷ-ഗന്ധർവ്വ - കിന്നരവർഗങ്ങളായി സവർണരെ കണ്ടാൽ, ഭൂമിയിലായതുകൊണ്ടു മാത്രം (സ്വർഗത്തിൽ കാമധേനുവുണ്ട്, കല്പവൃക്ഷമുണ്ട്) ആ സ്വർഗത്തിന് ആവശ്യമാകുന്ന അധ്വാനം പ്രദാനം ചെയ്യുന്നവർ അവർണരാണെന്നു കാണാം -- അവരെ എല്ലാവിധത്തിലും അദൃശ്യരും ശബ്ദരഹിതരും എന്തിന്, കേവലം ഉപയോഗമൂല്യ-ഉത്പാദന യന്ത്രങ്ങൾ മാത്രമായും (അതായത്, മനുഷ്യശരീരം എന്ന അംഗീകാരം നിഷേധിക്കപ്പെട്ടവർ) ചുരുക്കുന്ന വ്യവസ്ഥയായിരുന്നു അത്. ഈ സങ്കല്പസ്വർഗത്തിന്റെ ദൈനംദിന പുനരുത്പാദനം അവർണരുടെ അധ്വാനത്താലാണ് നടന്നതെങ്കിൽ, തലമുറകളിലൂടെ "ഭൂദേവഗണ'ത്തെ പുനരുത്പാദിപ്പിക്കേണ്ട ബാധ്യത വന്നുചേർന്നത് ബ്രാഹ്മണ സ്ത്രീകൾക്കാണ് -- അവരും കഠിനമായ അദൃശ്യതയിലും നിശബ്ദതയിലും ശരീരമില്ലായ്മയിലും ജീവിക്കേണ്ടി വന്നു (ഈ പുനരുത്പാദനവും വേണ്ടി വന്നത് ഈ സ്വർഗം ഭൂമിയിലായിപ്പോയതുകൊണ്ടാണ് -- സ്വർഗത്തിലെ ദേവന്മാർക്ക് അമൃതുണ്ടല്ലോ). ഈ ചില്ലിലൂടെ നോക്കിയാൽ അവർണരുടെ ശരീരകേന്ദ്രിത ചെറുത്തുനിൽപ്പുകളെ കൂടുതൽ വ്യക്തമായിക്കാണാം- വീണ്ടെടുക്കാം! നങ്ങേലിയുടേത് ശരീരത്തിനു വേണ്ടിയുള്ള സമരം തന്നെയായിരുന്നെന്ന് കൃത്യമായി വാദിക്കാം-- അതായത്, അവർണ ശരീരം മനുഷ്യ ശരീരമാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച സമരം ആയി അതു തെളിയും. അവർ അപ്പോൾ നമ്മുടെ അധികാരവിരുദ്ധ പാരമ്പര്യത്തിന്റെ തന്നെ ആദിമാതാവാണെന്ന് കൂടുതൽ ശക്തമായി വാദിക്കാം. മാത്രമല്ല, ശൂദ്ര-ക്ഷത്രിയസമുദായങ്ങളിൽ സ്ത്രീകൾ പലപ്പോഴും അനുഭവിച്ച ഓണററി പുരുഷത്വവും പഠിക്കാൻ ഇതനുവദിച്ചേനെ -- അതായത് ആൺ-പെൺഭേദത്തെ ആധുനികപൂർവ മലയാളി സമൂഹത്തിലേക്ക് പ്രക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിച്ചേനെ. സ്വർഗനിവാസികൾ ജാതി-ലിംഗബന്ധനങ്ങളിൽ നിന്ന് താരതമ്യേന വിമുക്തരാണല്ലോ - അതിന്റെ ഏതെങ്കിലും ഒരംശംഭൂമിയിലേ ഈ സ്വർഗത്തിൽ കാണാനുണ്ടാകും എന്ന ചിന്തയിൽ അത് അന്വേഷിച്ചേനെ. ചുരുക്കിപ്പറഞ്ഞാൽ,
ഇന്നായിരുന്നെങ്കിൽ, വളരെ വ്യത്യസ്തമായ ഹൈപ്പോതീസീസുകൾ ഉന്നയിച്ചേനെ.

ഞാൻ വിദ്യാർത്ഥിനിയായിരുന്ന 1990കളിൽ സവർണയായ ഗവേഷക അവർണ സ്ത്രീകളുടെ ശബ്ജമാകാൻ ശ്രമിക്കരുതെന്ന കരുതലും, സവർണലിംഗമൂല്യങ്ങളുടെ സാർവ്വജനീനമുഖംമൂടി വലിച്ചൂരിക്കളയാനുള്ള ആകാംക്ഷയുമായിരുന്നു എന്നെ നയിച്ചത്. ഇത് സവർണ സ്ത്രീകളുടെയും അവർണ സ്ത്രീകളുടെയും ചരിത്രങ്ങളെ പൂർണമായും രണ്ടായിത്തന്നെ വേണം പഠിക്കാനെന്ന തോന്നലായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴായിരുന്നെങ്കിൽ ഇന്റർസെക്ഷനൽ അന്വേഷണത്തിന്റെ ബലത്തിൽ ജാതി-ലിംഗസംവിധാനത്തിന്റെ പഴമയും പുതുമയും സമഗ്രമായി അന്വേഷിച്ചേനെ.

എന്നുവച്ച് ആ സമയത്തു ചെയ്ത പഠനം അപ്രസക്തമായി എന്നല്ല. മാത്രമല്ല അന്നെഴുതിയ കാര്യങ്ങളോട് കാര്യമായി കലഹിക്കുന്നവയല്ല ഈ നിർദ്ദേശങ്ങളൊന്നുംതന്നെ. എങ്കിലും അവയുടെ അപൂർണത, ആ അർത്ഥത്തിൽ അപര്യാപ്തത, ഇന്നെനിക്ക് വ്യക്തമാണ്.

വളരെയധികം താൽപ്പര്യജനകമായ സ്വയം പരിശോധനയും തിരിഞ്ഞു നോട്ടവുമാണ് ഈ നിരീക്ഷണങ്ങളിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനുപുറകിലേക്ക് പോവുക എന്നതുതന്നെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നീക്കമാണല്ലോ. നളചരിതത്തിൽ അതിനു മുമ്പത്തെ ആട്ടകഥകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ കഥ ആഖ്യാനം ചെയ്യപ്പെട്ടതിന്റെയും ശൃംഗാരത്തിനു പകരം അനുരാഗം വരുന്നത്തിന്റെയുമൊക്കെ പ്രാധാന്യം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് എൻ.അജയകുമാർ പതിനെട്ടാം നൂറ്റാണ്ടിൽ തന്നെയുണ്ടായ കുഞ്ചൻ നമ്പ്യാർ രചിച്ച നളചരിതം കിളിപ്പാട്ടും നളചരിതം ഓട്ടൻ തുള്ളലും ഉണ്ണായി വാര്യരുടെ കൃതിക്കൊപ്പം ചേർത്തു വായിക്കാൻ ശ്രമിച്ചിട്ടുള്ളത് ശ്രദ്ധാർഹമാണ്. മാനസിക ജീവിതത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് ആട്ടക്കഥ എന്നും പ്രേമം, സൗഹൃദം തുടങ്ങിയ ആധുനിക മൂല്യങ്ങൾ അതിൽ കാണാമെന്നും ഒരു വ്യക്തിസ്ഥാനം ഉറയ്ക്കുന്നത് കാണാമെന്നും അദ്ദേഹം വാദിക്കുന്നു. ഡേവിഡ് അർനോൾഡും സ്റ്റാർട്ട് ബ്ലാക്ക് ബേണും ചേർന്നെഴുതിയ ടെല്ലിങ് ലൈവ്‌സ് ഇൻ ഇന്ത്യ : ബയോഗ്രഫി, ഓട്ടോബയോഗ്രഫി ആൻഡ് ലൈഫ് ഹിസ്റ്ററിഎന്നപുസ്തകത്തിൽ മധ്യകാല ഇന്ത്യയിൽ വ്യക്തി സങ്കൽപ്പനത്തിന്റെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദേവികയുടെ പ്രതികരണത്തിന്റെ ഒരു ഭാഗത്തെ നമ്മുടെ ചിന്താ ചട്ടക്കൂട് പാശ്ചാത്യ ജ്ഞാനസിദ്ധാന്ത പരിധികളിൽ നിന്ന് കൂടുതൽ മുക്തമാക്കുക , യൂറോപ്പിൽ ആദ്യം ഉത്ഭവിച്ചതും പിന്നീട് ഇവിടെയെത്തിയതുമായി ആധുനികതയെ മനസ്സിലാക്കുന്ന ശീലത്തെ പ്രശ്‌നവൽക്കരിക്കുക, യുക്തി, വ്യക്തി, മതേതരത്വം തുടങ്ങിയവ കൂടാതെ വിമോചനമോ വിമർശമോ സാധ്യമല്ല എന്ന രൂഢമൂലമായ ധാരണയെ ചോദ്യം ചെയ്യുക എന്നുള്ള ദിശയിൽ വായിക്കാമോ? തീർച്ചയായും, കൊളോണിയൽ കാലഘട്ടത്തിലെ വ്യക്തി നിർമ്മിതിയുടെ കർക്കശമായ ആന്തരിക വിമർശമാണ് താങ്കളുടെ പ്രബന്ധം നടത്തിയത്; പക്ഷെ, പഠന കാലഘട്ടം പുറകോട്ടു നീക്കുക എന്നാൽ ഒരു തദ്ദേശീയ ആധുനികതയെ മനസ്സിലാക്കലും അതിനു ഒരു ആഭ്യന്തര വിമർശത്തിന് ശ്രമിക്കലും എന്ന വ്യാപ്തി വരില്ലേ ? ശബരിമല പ്രശ്നത്തിലൊക്കെ അവൈദികമായ പഴയ ചിന്താസ്രോതസ്സുകളുടെ ശക്തിയും യുക്തി മാത്ര വ്യവഹാരങ്ങളുടെ ശക്തിക്കുറവും നമ്മൾ കണ്ടു.

ഇസ്ലാമിക ഫെമിനിസത്തിലൊക്കെ കാണുമ്പോലെ തിയോളജിക്കൽ കൂടിയായ ഒരു ഫെമിനിസ്റ്റ് വിമർശത്തിന്റെ സാധ്യതയാണോ ഈ സൂചനകളിൽ ഉള്ളത് ?

അതെ, യുക്തി, വ്യക്തിത്വം മുതലായ സങ്കല്പനങ്ങളോ അധിനിവേശമോമുഖ്യ ഉപകരണങ്ങളാകാതെ, അവയെ ആധാരശിലകളാക്കാതെ, മലയാളി സമൂഹത്തിലെ അധികാരത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രം പഠിക്കാമെന്നു തന്നെയാണ് കരുതുന്നത്. യുക്തിയും വ്യക്തിത്വവും മാത്രമല്ല, ആൺ-പെൺ ഭേദമായി ലിംഗഭേദത്തെ ചുരുക്കുന്ന രീതിയെത്തന്നെ ഒരുപക്ഷേ മാറ്റിവയ്ക്കാൻ കഴിയും.

പക്ഷേ യുക്തിയെ അമിതമായി ആശ്രയിച്ചു നിൽക്കുന്ന ഫെമിനിസം കേരളത്തിനു പോര എന്ന് വളരെ മുൻപുതന്നെ -- 2004ൽ -- ഞാൻ എഴുതിയിരുന്നു-- മുസ്‌ലിം ഫെമിനിസത്തെപ്പറ്റി പറഞ്ഞ സമയത്തു തന്നെ. കേരളത്തിനാവശ്യമായ ഫെമിനിസം വിശ്വാസത്തെ ഗൗരവത്തോടെ കാണണമെന്നും ഇക്കോഫെമിനിസം ഇവിടെ വളരാത്തതിന് ഒരു കാരണം മലയാളി ഫെമിനിസത്തിന്റെ യുക്തിവാദാഭിമുഖ്യമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. അതിനെ തിയോളജിക്കൽ ഫെമിനിസം എന്നു വിളിക്കേണ്ടതില്ല. എന്നാൽ ഈ കാഴ്ചപ്പാടിനെ അതിന്റെ മുഴുവൻ സാദ്ധ്യതകളിലേക്കും ഗവേഷണത്തിൽ അന്ന് വികസിപ്പിക്കാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചാൽ അന്നത്തെ സാഹചര്യത്തിന്റെ പരിമിതികൾ എന്നു പറയാനാണ് തോന്നുന്നത്.

ഫിസിക്‌സിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഞാൻ ചരിത്രം പഠിക്കാൻ തീരുമാനിച്ചതു തന്നെ സ്വന്തം ജീവിതത്തെപ്പറ്റി അറിയണമെന്ന ആഗ്രഹം കൊണ്ടായിരുന്നു.

പാശ്ചാത്യചട്ടക്കൂടുകൾ നമ്മുടേതായ അവസ്ഥകളെ മനസ്സിലാക്കാനും തദ്ദേശ പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും പ്രാപ്തമാക്കുവാൻ അവയെ നമുക്ക് വേണ്ട രീതിയിൽ മാറ്റിയെഴുതണമെന്നും ജ്ഞാനനിർമ്മാണത്തിൽ അനിവാര്യമായ ഒരു കാര്യമാണതെന്നും തുടക്കം മുതൽക്കേ ബോധ്യമുണ്ടായിരുന്നു. തിയറിയോട് -- ഫെമിനിസ്റ്റ് തിയറി അടക്കം --നമ്മുടെ പുരുഷ സ്വവർഗ സഹൃദയസംഘങ്ങൾ പുലർത്തിയ വിധേയത്വത്തിന്റെ വക്കോളമെത്തുന്ന ബഹുമാനം പണ്ടേ എനിക്കില്ലായിരുന്നു. അന്ന് എല്ലാവരും ബഹുമാനിച്ചിരുന്ന ഒരു മാർക്‌സിസ്റ്റ് ബുദ്ധിജീവി മാർക്‌സിന്റെ കൃതികളെ വായിക്കാൻ ജർമ്മൻഭാഷ പഠിച്ചു എന്ന് അത്ഭുതാദരങ്ങളോടെ പലരും പറഞ്ഞു കേട്ടപ്പോൾ, മൂലഭാഷയിൽ വായിച്ചാൽ മാത്രമേ മാർക്‌സിസത്തിന്റെ സത്യം നമുക്ക് ഗ്രഹിക്കാൻ പറ്റൂ എങ്കിൽ അത് ജർമ്മൻ ജനങ്ങൾക്കു മാത്രം പ്രസക്തമായ ചിന്തയായിരിക്കും എന്നായിരുന്നു എന്റെ തോന്നൽ. ഫിസിക്‌സിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഞാൻ ചരിത്രം പഠിക്കാൻ തീരുമാനിച്ചതു തന്നെ സ്വന്തം ജീവിതത്തെപ്പറ്റി അറിയണമെന്ന ആഗ്രഹം കൊണ്ടായിരുന്നു. അതായത്, എന്റെ ഗവേഷണ കൗതുകത്തിന്റെ ഉറവിടം എന്റെ ജീവിതം തന്നെയായിരുന്നു. ഞാൻ വായിച്ച തത്വചിന്തയോ സാമൂഹ്യസിദ്ധാന്തമോ ആയിരുന്നില്ല എന്നെ ഗവേഷണത്തിലെത്തിച്ചത്. അതുകൊണ്ട് തടി എന്താണെന്ന് അറിഞ്ഞിട്ട് ഉളി എടുക്കുന്ന രീതിയാണ് സ്വീകാര്യമായത്. പ്രാഗ്മാറ്റിസത്തെപ്പറ്റി വായിക്കും മുൻപേതന്നെ തിയറിയെ നമ്മുടെ ആവശ്യമനുസരിച്ച് പാകപ്പെടുത്തിയെടുക്കാവുന്ന ഉപകരണങ്ങളുടെ സഞ്ചയമായാണ് ഞാൻ കണ്ടത്. അതുകൊണ്ട് പാശ്ചാത്യചിന്തയോട് കൂറു നിലനിർത്തുന്ന പ്രശ്‌നം ഒരിക്കലും എന്നെ വിഷമിപ്പിച്ചില്ല. ഭക്തി ഇല്ലാത്തതുപോലെ വിരക്തിയും ഇല്ലായിരുന്നു എന്നും പറയട്ടെ. ഉരുളക്കിഴങ്ങു മുതൽ മാർക്‌സിസം വരെ പലതരം സാധനങ്ങൾ പാശ്ചാത്യബന്ധത്തിലൂടെയാണ് ഇവിടെ വന്നത്, അവ സാംസ്‌കാരികമായി അന്യമാണെന്ന് തോന്നിയിട്ടേയില്ല.

കേസരി ബാലകൃഷ്ണപിള്ള

ഇത് എന്റെ മാത്രം പ്രത്യേകതയൊന്നുമല്ല. കേരളത്തിൽ കേസരി ബാലകൃഷ്ണപിള്ള ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഞാൻ ജോലി ചെയ്യുന്ന സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകൻ ഡോ കെ.എൻ രാജ് ഈ വഴിയെ സഞ്ചരിച്ചയാളാണ്. നൂറുശതമാനം യൂറോകേന്ദ്രിതമായ ഇക്കണോമിക് തിയറിയുടെ മുന്നിൽ കുമ്പിടാതെ ഇന്ത്യയിലെ ജനങ്ങളുടെ അനുഭവങ്ങളെയും ഇവിടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളെയും ക്രമത്തിൽ, അച്ചടക്കത്തോടെ, പഠിച്ച്, അവയിൽ നിന്ന് തിയറിയിലേക്കു സഞ്ചരിച്ചും തിരിച്ചു വന്നും, രണ്ടിടങ്ങളെയും ചലനാത്മകമായി നിലനിർത്താൻ സന്നദ്ധമായ ഗവേഷണ രീതിയുടെ വക്താവായിരുന്നു അദ്ദേഹം. 1980കൾ വരെയുള്ള ഇ പി ഡബ്‌ള്യൂ പഠനങ്ങൾ നോക്കൂ, അവയിലൊന്നും തിയറിയെ അഡ്രസ് ചെയ്യാനുള്ള വ്യഗ്രതയല്ല കാണുന്നത്. അതേ സമയം തിയറിയെ മാറ്റിത്തീർത്തെടുക്കാവുന്ന ഉപകരണമായി ഉപയോഗിക്കുന്നതിൽ മടിയൊന്നും കാണിക്കുന്നില്ലതാനും.

ഇത് പോസ്റ്റ് കൊളോണിയൽ നിലയല്ല, പോസ്റ്റ് -- കോളനിയിൽ നിന്നുള്ള ബൗദ്ധിക പ്രവർത്തനമാണ്. പോസ്റ്റ്കൊളോണിയൽ സിദ്ധാന്തവും ഒന്നാംലോക സർവകലാശാലകളിലെയും ഗവേഷണകേന്ദ്രങ്ങളിലെയും ജ്ഞാനനിർമ്മാണശീലങ്ങൾക്കു കീഴ്‌പ്പെട്ടുതന്നെയാണ് നിൽക്കുന്നത്.
കുറച്ചു വർഷം മുൻപ് ഒരാൾ എന്നോട് കേരളസ്പിവാക്ക് ആണെന്നാണോ വിചാരം എന്ന് കയർത്തപ്പോൾ ഞാനയാളോട് പറഞ്ഞു -- ഇത് നിങ്ങളുടെ കാഴ്ചയുടെ പരിമിതിയാണ്. കേസരി ബാലകൃഷ്ണപിള്ള മതി എനിക്ക്, സ്പിവാക്ക് ആവശ്യമില്ല. മാത്രമല്ല, കേരളത്തിനു പുറത്ത് രണ്ടേ രണ്ടു വർഷമേ ഞാൻ പഠിച്ചിട്ടുള്ളൂ. തിയറിയിൽ നിന്നാരംഭിച്ച്, അല്ലെങ്കിൽ ഒന്നാം ലോക സർവ്വകലാശാലകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കാളിയായിക്കൊണ്ട്, ആ വെളിച്ചത്തിൽ പഠനരംഗത്തെ സമീപിക്കുന്നരീതിയോട് അധികം എക്‌സ്‌പോസ്ഡ് ആയില്ല. അത് ഒരു പരിമിതിയാണെന്നു തോന്നിയിട്ടുമില്ല.

ഇക്കാരണങ്ങളാൽ എന്റെ ഗവേഷണം നടന്ന കേരളമെന്ന സ്ഥലത്തിന്റെയും പഠനകാലത്തിന്റെയും പരിമിതിക്കുള്ളിൽ-- ഒരു പി എച്ച് ഡി പ്രബന്ധരചനയുടെ എല്ലാത്തരം പരിമിതികൾക്കുമുള്ളിൽ--നിന്നുമാണ് ഞാൻ ആ പഠനം നടത്തിയത്. ഹെട്രോസെക്ഷ്വൽ ലിംഗവ്യവസ്ഥയുടെ നിർമ്മിതിയിൽ സ്വവർഗലൈംഗികത അടിച്ചമർത്തപ്പെട്ടു എന്നു പറഞ്ഞാൽ കുനിഞ്ഞിരുന്നു നാണിക്കുകയോ ഞെട്ടുകയോ ചെയ്യുന്ന കേൾവിക്കാരൊക്കെയായിരുന്നു അന്നിവിടെയുണ്ടായിരുന്നത് എന്നോർക്കണം ... അന്നത്തെ പ്രയോറിറ്റി നവോത്ഥാന ഐക്കണുകളെ, അവർക്കു കല്പിച്ചിരുന്ന ധാർമ്മിക മഹത്വത്തെ, പിതൃമേധാവിത്വവിരുദ്ധ നിലപാടിൽ നിന്ന് വിമർശനപരമായി പരിശോധിക്കുക എന്നതായിരുന്നു... അതുപോലെ, കേരളത്തിലെ ഫെമിനിസത്തിന് അതിന്റേതായ വ്യവഹാരമുണ്ടാക്കുക, നവോത്ഥാന ചരിത്രത്തിൽ സ്ത്രീശബ്ദങ്ങളെ വിമർശനപരമായി രേഖപ്പെടുത്തുക, വ്യക്തി, സമുദായം മുതലായ സംവർഗങ്ങളുടെ സ്വയംപൂർണതയെ ചോദ്യം ചെയ്യുക മുതലായ ദൗത്യങ്ങളും അന്ന് അടിയന്തിര പ്രാധാന്യം നേടി. പത്തുവർഷം കഴിഞ്ഞ് തീസിസ് പുസ്തകമായപ്പോഴേയ്ക്കും ഇവ പലതും അപ്രത്യക്ഷമായി. അതുകൊണ്ട് പുസ്തകം റിവ്യൂ ചെയ്ത ചെറുപ്പക്കാർക്ക് മലയാള ബ്രാഹ്മണസമുദായ പരിഷ്‌ക്കരണത്തിന് പുസ്തകത്തിൽ ഒരു മുഴുവൻ അദ്ധ്യായം കൊടുത്തതിന്റെ യുക്തി മനസ്സിലായില്ല -- അവരുടെ തലമുറയായപ്പോഴേക്കും വി.ടി ഭട്ടതിരിപ്പാടിനെ ഉദ്ധരിച്ച് ഫെമിനിസ്റ്റുകളുടെ വായടപ്പിക്കുന്ന രീതിയൊക്കെ പോയിക്കഴിഞ്ഞിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഇന്നായിരുന്നെങ്കിൽ എന്റെ ഗവേഷണം ഇത്തരത്തിലാകുമായിരുന്നു എന്നു പറയുന്നത് പോസ്റ്റ് കൊളോണിയൽ വിമർശനം സർവ്വകലാശാലകളിലൂടെ നമ്മുടെയടുത്തെത്തിയതുകൊണ്ടു മാത്രമല്ല.നമ്മുടെ സാമൂഹിക-രാഷ്ട്രീയപരിസരങ്ങളിൽ പുതിയ ഇടങ്ങളും ചോദ്യങ്ങളും ഉയർന്നുവന്നതുകൊണ്ടാണ്.

കേസരിയുടെ പേര് ചർച്ചയിലേക്ക് വന്നത് ഏറെ പ്രധാനമാണ് എന്നു തോന്നുന്നു. പതിനെട്ടാം നൂറ്റാണ്ടിലേക്ക് ശ്രദ്ധ മാറ്റുമ്പോഴുള്ള വലിയ സൈദ്ധാന്തിക പ്രത്യാഘാതങ്ങളാണല്ലോ നമ്മൾ പറഞ്ഞു തുടങ്ങിയത്. കേസരിയ്ക്കാണെങ്കിൽ എത്ര നൂറ്റാണ്ടുകൾ വേണമെങ്കിലും പുറകോട്ടു പോവാൻ യാതൊരുപേടിയുമില്ല. വീട് വിടാതെ വിപ്ലവങ്ങളെല്ലാം സാധ്യമാക്കിയ മാധവിക്കുട്ടിയെപ്പോലെ ഒരിക്കൽ പോലുംകേരളം വിടാതെ കേരളമെന്ന ഭൂമിശാസ്ത്ര സങ്കുചിതത്വത്തെ ഇത്രയ്ക്ക് പിടിച്ചുലയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഭാവനയ്ക്ക് ഗവേഷണത്തിലുള്ള സ്ഥാനം യാതൊരു കലവറയുമില്ലാതെ അംഗീകരിക്കാൻ കഴിഞ്ഞത് കൊണ്ട് കൂടിയാവണം. സാഹിതീയവും ലാവണ്യശാസ്ത്രപരവുമായ കോസ്‌മോപൊളിറ്റനിസത്തിന്റെ പതാകാവാഹകനായ കേസരിയുടെ പാരമ്പര്യത്തിൽ ദേവികയുടെ ഗവേഷണങ്ങളെ കാണുന്നത് തീർച്ചയായും അത്യന്തം ഫലപ്രദമായ ഒരു കാര്യമായാണ് എനിക്കും തോന്നുന്നത്. പ്രത്യേകിച്ചും അടുത്തിടെ ഇംഗ്ലീഷിൽ എഴുതിയ ഒരു കൂട്ടം പ്രബന്ധങ്ങളുടെ പശ്ചാത്തലത്തിൽ.

ആധുനികത പോലെ തന്നെ കോസ്‌മോപൊളിറ്റനിസവും പലതുണ്ടല്ലോ . കുടിയേറ്റം എന്ന വാക്ക് പ്രധാനമാവുന്ന ഒരു ഗവേഷണ ചട്ടക്കൂടിൽ ആധുനികതയുടെ അചഞ്ചലത്വത്തിനാവണം ആദ്യം ഇളക്കം തട്ടുന്നത്. കേരളത്തിൽ ആധുനികതയെ ആത്മപ്രശംസയ്ക്കായി ഉപയുക്തമാക്കുന്നത് പോലെ ഇവിടെയുണ്ടായിരുന്ന "എല്ലാത്തിനെയും സ്വീകരിക്കുന്ന' തരം കോസ്‌മോപൊളിറ്റനിസത്തെയും ആഘോഷപൂർവം ഉയർത്തിക്കാണിക്കുന്ന വ്യവഹാരങ്ങൾ അടുത്തിടെ ശക്തിപ്പെട്ടിട്ടുണ്ട്. ദേവികയാണെങ്കിൽ അതിനെ ജാതീയ - കോസ്‌മോപൊളിറ്റനിസം എന്നാണ് വിളിക്കുന്നത്. ഇതിനിടയിൽ മുക്കിക്കളയുന്ന കീഴാള കോസ്‌മോപൊളിറ്റനിസത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്. എസ്.കെ.പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങളിൽ അദ്ദേഹം സൗത്ത് ഈസ്റ്റ് ഏഷ്യയിലെയും ആഫ്രിക്കയിലെയും കീഴാള സാർവജനീനതയുമായി നേർക്കു നേർ വരുന്നതിന്റെ അനുഭവങ്ങൾ ഈ നോട്ടപ്പാടിൽ വായിച്ചെടുത്തത് എനിക്ക് വളരെ പുതിയ കാഴ്ചകൾ നൽകുകയുണ്ടായി. ഇത്തരം ഒഴുക്കുകളെയും കുടിയേറ്റങ്ങളെയും ആസ്പദമാക്കി കേരളത്തിന്റെ ഭൂതകാലത്തെ നോക്കുമ്പോൾ ദൈനംദിന ജീവിതത്തിനും വസ്തുക്കൾക്കും ഭക്ഷണത്തിനും വാസ്തുവിദ്യയ്ക്കും വസ്ത്രത്തിനുമൊക്കെയുള്ള പ്രാധാന്യം ദേവിക അടിവരയിടുന്നതായും കണ്ടു.

ആധുനികതയെ ഒരു വഴിക്കാക്കിയ ശേഷം കോസ്‌മോപൊളിറ്റനിസത്തിന്റെ നേരെ തിരിഞ്ഞിരിക്കുകയാണോ? മലയാളികളെ ഒരു തരത്തിലും സ്വയം അഭിനന്ദിക്കാൻ അനുവദിക്കില്ല എന്ന നിശ്ചയത്തിലാണോ?

സ്വയം അഭിനന്ദിക്കലും ആത്മപ്രശംസയും തമ്മിൽ വലിയ അന്തരമുണ്ട്. സ്വയം അഭിനന്ദിക്കൽ മോശമല്ല, ഒരളവുവരെ ആവശ്യവുമാണ്. പക്ഷേ ആത്മപ്രശംസ എന്നാൽ സ്വന്തം പരിമിതികളെപ്പറ്റിയുള്ള അവബോധം തന്നെ ഉപേക്ഷിക്കലാണ്. ഞാൻ ആത്മപ്രശംസയെ മാത്രമേ തള്ളിപ്പറഞ്ഞിട്ടുള്ളൂ.

മലയാളി ആധുനികതയെ പഴിക്കാനോ തല്ലിത്താഴെയിടാനോ ഒന്നുമല്ല ഞാൻ ശ്രമിച്ചത്. അതിന്റെ പരിമിതി എന്തെന്നും, ആ പരിമിതി തിരിച്ചറിഞ്ഞില്ലെങ്കിൽ അതിനുള്ളിലെ സ്ത്രീകളുടെയും മർദ്ദിതവിഭാഗങ്ങളുടെയും അനുഭവത്തെ വിശദീകരിക്കാനോ മനസ്സിലാക്കാനോ ആവില്ല എന്നും ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. ഉദാഹരണത്തിന്, കേരളത്തിലെ ആദിവാസികൾ ആധുനികതയെ അനുഭവിച്ചത് ഉദ്യോഗസ്ഥ ആധുനികതയായാണ്--അവരെ ഭരണകൂടത്തിന്റെ സൂക്ഷ്മ-നിരന്തരനിരീക്ഷണത്തിനു വിധേയരാക്കുകയായിരുന്നു. ആധുനികതാവീരഗാഥയിൽ ഒരു ഉപകഥയുടെപോലും ഇടമില്ല അതിന്. ആധുനികതയുടെ പ്രബലപക്ഷത്തുള്ള നാം സ്വന്തം പരിമിതികൾ കാണാൻ തയ്യാറാകാതിരിക്കുന്നത് വ്യവസ്ഥാപിത താത്പര്യങ്ങളുടെ വശംചേരലാണ്. അതുകൊണ്ടാണ് ഞാൻ മലയാളി ആധുനികതയെ ആത്മപ്രശംസ കൊണ്ടു മൂടുന്നവരെ ഇത്ര കർക്കശമായി വിമർശിക്കുന്നത്. മാത്രമല്ല, നാമിന്ന് നേരിടുന്ന അത്യന്തം അപകടകരമായ വലതുപക്ഷ സാമൂഹ്യശക്തികളുടെ വളർച്ചയ്ക്ക് ഭാഗിക ഉത്തരവാദിത്വം അവർക്കു കൂടിയാണെന്ന് പറയേണ്ടി വരും. ആധുനികതയുടെ പരിധിയും പരിമിതികളും അംഗീകരിക്കാനും അവയെ മറികടക്കാനും അവർ തയ്യാറാകേണ്ടതായിരുന്നു.

മറ്റൊന്ന്, വിമർശകകാഴ്ചപ്പാട് ജ്ഞാനപരമായികൂടുതൽ വിശ്വാസ്യമാണെന്ന കാര്യമാണ്. ഒരു കാര്യത്തെ എത്ര തവണ വെരിഫൈ ചെയ്താലും അത് ഉറപ്പിക്കപ്പെടുന്നില്ല, പുതിയ അറിവിലേക്ക് നമ്മെ നയിക്കുന്നില്ല. എന്നാൽ അതിനെ ഫോൾസിഫൈ ചെയ്തു നോക്കുന്നതാണ് എപ്പോഴും കൂടുതൽ വിശ്വാസ്യവും ഫലപ്രദവും, പുതിയ അറിവിലേക്കുള്ള ചുവടാവും അത്.

പിണറായി വിജയൻ

പരിമിതികളെ തിരിച്ചറിയുന്നത് ഏറെ വേദനാജനകമായ പ്രക്രിയയാണ്, പ്രത്യേകിച്ചും അധികാരം കൈവശം വച്ചിരിക്കുന്നവർക്ക്. കേരളത്തിൽ നവോത്ഥാന വീരഗാഥ പാടിനടക്കുന്ന അക്കാദമിക്കുകളെ വിമർശിച്ചുകൊണ്ടേയിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ഇക്കാര്യമാണ്. അവരോട് ദേഷ്യം ലവലേശമില്ല. ദേഷ്യം വളരെയധികം ഊർജമാണ് ആവശ്യപ്പെടുന്നത്. അത് ചില്ലറ ലാഭംനോക്കുന്നവർക്കെതിരെ പ്രയോഗിക്കേണ്ടതല്ല (കേരളത്തെ മനഃപൂർവം നശിപ്പിക്കാൻ അവർ ശ്രമിക്കുന്നു, അവരിൽ ദുഷ്ടത ഉണ്ട് എന്നൊന്നുംവിചാരിക്കുന്നുമില്ല). എങ്കിലും അവർ കേരളത്തെ ആത്മപ്രശംസയിൽ മൂടി മരണ സമാനമായ ഉറക്കത്തിലേക്കു നയിക്കുന്നത് നോക്കിയിരിക്കാൻ ബുദ്ധിമുട്ടാണ്. ഈ പ്രതിരോധം ഒട്ടും എളുപ്പമല്ല, ഉള്ള സുഹൃത്തുക്കളെക്കൂടി വെറുപ്പിക്കലാണ് പലപ്പോഴും ഫലം.

നവോത്ഥാന ആത്മപ്രശംസാ വ്യവഹാരത്തിന്റെ ചിയർഗേൾസാകാനും, നവോത്ഥാനപരിമിതികൾക്കെതിരെ പോരാടി നേടിയ അല്പമിടം പോലും പിണറായി വിജയന് അടിയറവയ്ക്കാനും കേരളത്തിലെ എല്ലാ തലമുറയിലുമുള്ള (കുറേ) ഫെമിനിസ്റ്റുകൾ തയ്യാറായത് ഓർക്കുമല്ലോ

ആത്മപ്രശംസ പൊതുവെ ഒരു അഡിക്ഷൻ ആണ് കേരളത്തിൽ. ഇതിനെ ഒരു ഡ്രഗ്ഗുപോലെ സേവിച്ചാൽ ദുഷ്ടശക്തികളെ അകറ്റാമെന്നാണ് ഇടതുപക്ഷത്തു നിൽക്കുന്ന സെൻസിറ്റിവ് ആയവർ പോലും കരുതുന്നത്. ശബരിമല ശൂദ്രലഹളക്കാലത്ത് അത് കണ്ടതാണ്. നവോത്ഥാന ആത്മപ്രശംസാ വ്യവഹാരത്തിന്റെ ചിയർഗേൾസാകാനും, നവോത്ഥാനപരിമിതികൾക്കെതിരെ പോരാടി നേടിയ അല്പമിടം പോലും പിണറായി വിജയന് അടിയറവയ്ക്കാനും കേരളത്തിലെ എല്ലാ തലമുറയിലുമുള്ള (കുറേ) ഫെമിനിസ്റ്റുകൾ തയ്യാറായത് ഓർക്കുമല്ലോ. വനിതാമതിൽ എന്ന പരിപാടി തീരുമാനിക്കും മുൻപ് തങ്ങളോട് ഡയലോഗിനു തയ്യാറാകണമെന്നു പറയാൻ പോലും ഇക്കൂട്ടർ ശ്രമിച്ചില്ല. ഇവർക്കു ബുദ്ധിയോ വിവരമോ ഇല്ലാഞ്ഞിട്ടല്ല. മലയാളിയുടെ നവോത്ഥാന ആത്മപ്രശംസ ഉച്ചസ്ഥായിയിൽ കേൾപ്പിച്ചാൽ വലതുപക്ഷവ്യവഹാരങ്ങൾ കെട്ടടങ്ങിക്കൊള്ളുമെന്ന ആത്മാർത്ഥ വിശ്വാസമാണ് ഇക്കൂട്ടർക്കു പ്രേരണയായത്.

അതേ, ആധുനികതയെ വിമർശിച്ചതുപോലെതന്നെയാണ് കോസ്‌മോപൊളിറ്റനിസത്തിന്റെയും കാര്യം. കേരളീയ കോസ്‌മോപൊളിറ്റനിസത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്നതുപോലെ കാര്യമായ പരിമിതികളും ഉണ്ട്. കൊച്ചി ബിനാലെപോലുള്ള പരിപാടികൾ കൊച്ചിയിൽ ഹിന്ദുസ്വരൂപത്തിനു കീഴിൽ പല മതസമുദായക്കാരെ പാർപ്പിച്ചു പുലർത്തിയതിനെ കോസ്‌മോപൊളിറ്റനിസമായി വായിച്ചു കൊണ്ട് (അശീഷ് നന്ദിയുടെ വായനയും ഇതുതന്നെയായിരുന്നു) പൊതു വ്യവഹാരം തീർത്തപ്പോൾ സംസാരിക്കേണ്ടിവന്നത് അതുകൊണ്ടാണ്. ആരെയൊക്കെ ഉൾക്കൊണ്ടാലും അവരെ ഏതെങ്കിലും ന്യൂട്രൽ ആയ സഹോദരത്വത്തിലല്ല, ജാതിയുടെ കൃത്യമായ ചട്ടക്കൂടിനകത്താണ് ഹിന്ദു ഭരണകൂടം ഉൾപ്പെടുത്തിയത്. കൊച്ചിയിൽ എന്തുകൊണ്ടും കോസ്‌മോപൊളിറ്റൻ സ്വഭാവം അവകാശപ്പെടാൻ പറ്റുന്ന ഒരു വിഭാഗമായിരുന്നു പറങ്കികൾ -- ഇന്തോനേഷ്യ, മലേഷ്യ മുതലായ സ്ഥലങ്ങളിൽ ഉത്ഭവിച്ച് പോർച്ചുഗീസ്-ഡച്ച് സാംസ്‌കാരിക വലയത്തിൽ ഉൾപ്പെട്ട്, മലയാളി സമൂഹത്തിലെ ലത്തീൻ കത്തോലിക്കാ സംസ്‌കാരവുമായി ഇടകലർന്നവർ. അവർ എന്നാൽ ഇപ്പറഞ്ഞ കൊച്ചിൻ- കോസ്‌മോപൊളിറ്റനിസ വ്യവഹാരത്തിൽ അദൃശ്യരാണ്.

അതെന്തുകൊണ്ടെന്നു ചോദിച്ചാൽ ആഘോഷിക്കപ്പെട്ടതിന്റെ പരിമിതികൾ വെളിപ്പെടും. പിൽക്കാലത്ത്, 19-20- നൂറ്റാണ്ടുകളിൽ, നമ്മുടെ ആധുനികതയെ രൂപപ്പെടുത്തിയ പുറംലോക ബന്ധങ്ങളിലൂടെ കൈവന്ന കോസ്‌മോപൊളിറ്റൻ മനോഭാവങ്ങളും-- അവ പല ഇഴകളായിരുന്നു -- ഒരുപോലെ വിമോചകങ്ങളായിരുന്നില്ല. 19-20 നൂറ്റാണ്ടുകളിൽ മലയാളി സമൂഹം പുറം ലോകവുമായി ബന്ധപ്പെട്ട വിധത്തിന്റെ പ്രത്യേകത മൂലം പലപ്പോഴും സകലലോകസ്‌നേഹം എന്നു വിളിക്കാവുന്ന കോസ്‌മോപൊളിറ്റൻ മനോഭാവത്തിനുള്ള സാധ്യത ഇവിടെ ഉടലെടുത്തു. കേസരിയുടെയൊക്കെ കാലമാണത്. എന്നാൽ 20-ാം നൂറ്റാണ്ടിന്റെ പകുതിക്കുശേഷമുള്ള ലോകാവസ്ഥകൾ മറ്റൊരു തരംകോസ്‌മോപോളിറ്റനിസത്തിനാണ് വഴിയൊരുക്കിയത് -- ദേശീയതയുടെയും ദേശീയവാദങ്ങളുടെയും ഭാരം പേറേണ്ടി വന്ന, മുതലാളിത്ത വിപണിയുടെ സാർവ്വജനീനതയിലൂന്നിയ, ഒന്ന്. ഇതിനിടയിലും വിമോചകസ്വഭാവമുള്ള ആഗോളശൃംഖലകൾ ഉണ്ടായിട്ടുണ്ട്, അതിന്റെ കണ്ണികൾ കേരളത്തിലുമുണ്ട്. ആധുനികതയെപ്പറ്റിയുള്ള ഗവേഷണത്തിലെന്നപോലെ ഇവിടെയും ഞാൻ അന്വേഷിക്കുന്നത് സാധ്യതകളെക്കുറിച്ചും പരിമിതികളെ കുറിച്ചുമാണ്. അല്ലാതെ നല്ലതിനെയും ചീത്തയെയും അല്ല.

അന്വേഷിക്കുന്നത് സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചുമാണ്, നല്ലതും ചീത്തയുമല്ല എന്നും വെരിഫിക്കേഷനെക്കാൾ ഫാൾസിഫിക്കേഷനാണ് ജ്ഞാനപരമായി ഫലദായകം എന്നും പറയുമ്പോൾ സ്വന്തംപഠനങ്ങളെ ഒരു അറിവിന്റെ പദ്ധതിയായിട്ടാണല്ലോ മനസ്സിലാക്കുന്നത്. ഇത് തീർച്ചയായും പ്രസക്തമായ വിലയിരുത്തലാണ്. അതിൽ ഉൾപ്പെട്ട, യൂറോപ്യൻ തത്വചിന്തയിലടക്കം ഇപ്പോഴും തീരുമാനമാകാത്ത ചിലകീറാമുട്ടികൾ പെട്ടെന്ന് മനസ്സിലേക്ക് വരുന്നു.

ഒന്നാമത് സത്യം, അറിവ് എന്നിവയുടെ നിലയാണ്. അറിവാണോ കഥയാണോ കണ്ടെത്തുന്നത് എന്നത് സംബന്ധിച്ച് എപ്പോഴും അവ്യക്തതയുണ്ട്. ടെക്സ്റ്റുകൾ ആണല്ലോ പ്രധാനപഠനോപാധി. അതിൽ നിന്ന് സത്യം പോയിട്ട് അർത്ഥം തന്നെ കണ്ടെത്തുക ദുഷ്‌കരമാണെന്ന കോണ്ടിനെന്റെൽ ഫിലോസഫിയിലെ തുടർചർച്ചകളും ഉണ്ട്. അത് നമുക്ക് തല്ക്കാലം മാറ്റിവെക്കാം.

കേരള സന്ദർഭത്തിൽ സാമൂഹ്യശാസ്ത്രത്തോട്, അതിന്റെ ഭരണകൂടബന്ധം നിമിത്തവും സാമൂഹ്യവികസനാഭിമുഖ്യം കാരണവും കലഹിക്കുകയും ഒരു എതിർനില സ്വീകരിക്കുകയും ചെയ്യുന്നയാളാണല്ലോ ദേവിക. ശാസ്ത്രം എന്ന സാധൂകരണം വേണ്ടെന്നു വെക്കുകയാണെങ്കിൽ, പിന്നെ എന്തായിരിക്കും വിമർശകപഠനങ്ങളുടെ നീതീകരണം എന്നാലോചിക്കാവുന്നതാണ്. അക്കാദമിക്സിനു ആഭ്യന്തരമായ ഒരു എത്തിക്‌സ് ചിലപ്പോൾ ഉണ്ടാവാം. സാധ്യതകളും പരിമിതികളും അന്വേഷണമേഖലയാൽ തന്നെ തീരുമാനിക്കപ്പെടുന്നതാവുക എന്ന സാധ്യതയുമുണ്ട്. ഗവേഷണം നടത്തുന്ന മേഖലകളിൽ അതിന്റെതായ ethos ഉണ്ട്. അതിലേക്കൊരാൾ പ്രവേശിക്കുകയാണ്. അല്ലാതെ മാറിനിന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുകയല്ല.

ദേവികയുടെ വിമർശക സംരംഭങ്ങളെ പുറത്തു നിന്നു നോക്കുമ്പോളുള്ള എന്റെ വിലയിരുത്തലാണ് മേൽപ്പറഞ്ഞത്. അക്കാദമിക്‌സ്, എത്തിക്‌സ്, പൊളിറ്റിക്‌സ് എന്നിവ തമ്മിലുള്ള സങ്കീർണമായ പാരസ്പര്യങ്ങളെ എങ്ങനെയൊക്കെയാണ് ദേവിക നേരിട്ടിട്ടുള്ളത് ?

ശാസ്ത്രീയഗവേഷണമെന്നാൽ കാര്യ-കാരണ ബന്ധത്തെ എല്ലാക്കാലത്തേയ്ക്കും സ്ഥാപിക്കുന്ന ഫലങ്ങൾ അന്വേഷിക്കുന്നതല്ല, സാമൂഹ്യശാസ്ത്രത്തിൽ വിശേഷിച്ചും. സാമൂഹ്യവിഷയങ്ങളെപ്പറ്റി സൂക്ഷ്മവും വ്യവസ്ഥാപൂർണവുമായ അന്വേഷണമാണത് -- ആത്മപ്രതിഫലനത്തിലൂന്നിയ അന്വേഷകനിലയും, പലതരം സ്രോതസ്സുകളെ (സംഖ്യാപരവും ഗുണപരവും പാഠപരവുമായവ) വേണ്ടത്ര സമയമെടുത്ത് ശേഖരിച്ച് ട്രൈയാങ്കുലേറ്റ് ചെയ്യുന്ന രീതിശാസ്ത്രവും പുലർത്തുന്നതും ചരിത്രപരമായ മാറ്റത്തെ പിൻതുടരുന്നതുമായ അപഗ്രഥനങ്ങളാണ് എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സാമൂഹ്യഗവേഷണം. മിക്ക അറിവുകളും ആഖ്യാനങ്ങളാണ്, എങ്ങനെ ഉണ്ടാക്കപ്പെടുന്നു എന്നതനുസരിച്ചായിരിക്കും അവയുടെ കനം.

ഉദാഹരണത്തിന് തിരുവനന്തപുരത്തെ അതിദരിദ്രമായ രണ്ടു സ്ഥലങ്ങളെപ്പറ്റി 2013-18 വരെയുള്ള സമയത്ത് നടത്തിയ രണ്ടു പഠനങ്ങൾ നോക്കാവുന്നതാണ്. മൂന്നു ഘട്ടങ്ങളായാണ് അതു നടത്തിയത്. ആദ്യം, രണ്ടുസ്ഥലങ്ങളിലെയും ജനജീവിതത്തെയും ആവാസവ്യവസ്ഥയെയും സൂക്ഷ്മമായി അറിയാൻ സർവ്വേ പഠനം നടത്തി, രണ്ടാമത്, എഴുതിയ ചരിത്രമില്ലാത്ത സ്ഥലങ്ങളായതുകൊണ്ട് പല തലമുറക്കാരായ നിവാസികളെ ചിട്ടപ്രകാരം തെരഞ്ഞെടുത്ത് അവരിൽ നിന്നു ശേഖരിച്ച വാമൊഴിത്തെളിവുകളുടെയും ലഭ്യമായ ചരിത്രരേഖകളുടെയും (സർക്കാർ രേഖകൾ, പത്രറിപ്പോർട്ടുകൾ, ആത്മകഥകൾ തുടങ്ങിയവ) അപഗ്രഥനത്തിലൂടെ തദ്ദേശീയ ചരിത്രം തയ്യാറാക്കി. ഇവയുടെ അടിസ്ഥാനത്തിൽ രൂപമെടുത്ത ഹൈപ്പോതീസിസുകളെയാണ് മൂന്നാം ഘട്ടത്തിൽ പരിശോധിച്ചത് -- തെരെഞ്ഞെടുത്ത സ്ഥലവാസികൾ, ഉദ്യോഗസ്ഥർ, തെരെഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ പ്രതിനിധികൾ, കുടുംബശ്രീ നേതാക്കൾ, മതാധികാരികൾ, രാഷ്ട്രീയപ്രവർത്തകർ, സമുദായനേതാക്കൾ, സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ എന്നിവരുമായുള്ള സുദീർഘങ്ങളായ അഭിമുഖങ്ങളിലൂടെയാണിത് ചെയ്തത്. ഈ അഭിമുഖങ്ങളൊക്കയും സൂക്ഷ്മമായി കോഡു ചെയ്ത് അപഗ്രഥിച്ചാണ് ഗവേഷണ ഫലങ്ങളടങ്ങുന്ന ആഖ്യാനങ്ങൾ സൃഷ്ടിച്ചത്. ഈ മിശ്രരീതിശാസ്ത്ര ഗവേഷണം ഗവേഷണ വിഷയികളെ സക്രിയരായിക്കാണുന്നതുകൊണ്ട്, അവരോടു ഗവേഷകർക്കുള്ള ധാർമ്മികബാദ്ധ്യതയെ സംശയരഹിതമായി, ഗവേഷണത്തിനുള്ളിൽത്തന്നെ ഘടനാപരമായി, സ്ഥാപിക്കുന്നതുകൊണ്ട്, അതിൽ വളരെ സൂക്ഷ്മവും നിരന്തരവുമായ ആത്മപ്രതിഫലനം അനിവാര്യമാണ്.

ശാസ്ത്രീയ സാമൂഹ്യ ഗവേഷണമെന്നാൽ കേവലം സംഖ്യാപരമായ ഗവേഷണമാണെന്ന തെറ്റിദ്ധാരണ പക്ഷേ ഇന്നും പ്രബലമാണ്. അതിനെ തിരുത്താൻ വളരെയധികം ഊർജ്ജം ചെലവഴിച്ചിട്ടുണ്ട്. ഞാൻ ജോലിചെയ്യുന്ന ഗവേഷണകേന്ദ്രം അറിഞ്ഞോ അറിയാതെയോ ഈ തെറ്റിദ്ധാരണ വളരെക്കാലം വളർത്തിയിട്ടുമുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആ സ്ഥിതി മാറിത്തുടങ്ങി എന്നതിനു തെളിവാണ് എന്നെപ്പോലെ ഇക്കണോമിക്‌സിൽ ബിരുദമോ താത്പര്യമോ ഇല്ലാത്ത ഗവേഷകരെ അവിടെ ജോലിക്കെടുത്തത്. എന്റെയൊപ്പം അവിടെ ചേർന്ന ഡോ പ്രവീണാ കോടോത്തും ഞാനുമെല്ലാം ആ മാറ്റത്തെ പരമാവധി വളർത്താൻ ശ്രമിച്ചവരാണ്. ഇന്ന് സി.ഡി.എസ്സിൽ മിശ്രരീതിശാസ്ത്രം ഉപയോഗിക്കുന്ന ഗവേഷണത്തിന് മാന്യമായ ഇടമുണ്ടെന്നത് ഞങ്ങളുടെ കൂട്ടായ നേട്ടമാണ്, അതിൽ അഭിമാനവും ഉണ്ട്. സംഖ്യാപരമായതും ശാസ്ത്രീയമെന്നപേരിൽ സവിശേഷ മാന്യതയും വിശ്വാസ്യതയും അവകാശപ്പെടുന്നതുമായ ആഖ്യാനങ്ങൾ മാത്രമല്ല ഭരണനയരൂപീകരണത്തിന് ഉതകുന്നവ എന്നു സ്ഥാപിക്കുന്നത് അതിൽത്തന്നെ ഒരുരാഷ്ട്രീയ പ്രവർത്തനമാണ്. ജനങ്ങൾ സംഖ്യകൾ മാത്രമല്ല, അവർക്ക് ശബ്ദവും തലച്ചോറും ഉണ്ടെന്നും അവ കണക്കാക്കാതെ നടത്തുന്ന നയരൂപീകരണം അപൂർണവും ജനാധിപത്യ വിരുദ്ധവുമാണെന്നു പറയലാണത്.

ഒരു കാലഘട്ടത്തിൽ നിന്നുകൊണ്ട് കാലഘട്ടത്തെ അതിവർത്തിക്കുന്നതിനു മറ്റുതരം ടെക്സ്റ്റുകളെ അപേക്ഷിച്ച് കലാസൃഷ്ടികൾക്ക് സാധ്യത കൂടുതലുണ്ടല്ലോ. ആധുനികതാപഠനത്തിലും കോസ്‌മോപൊളിറ്റനിസത്തെക്കുറിച്ച് പഠിക്കാനും ഒട്ടേറെ സാഹിതീയ പാഠങ്ങളെ ദേവിക സർഗ്ഗാത്മകമായി അവലംബിക്കുന്നുണ്ട്. സാഹിത്യത്തെക്കുറിച്ച് തന്നെ സവിശേഷമായി ഒട്ടേറെ എഴുതിയിട്ടുണ്ട്. സാഹിത്യ വിവർത്തനങ്ങൾ നടത്തുന്നുമുണ്ട്. വ്യത്യസ്തങ്ങളായ ഈ നീക്കുപോക്കുകളിൽ സാഹിത്യപാഠങ്ങളുടെ പ്രാധാന്യം എങ്ങനെയാണു കാണുന്നത്? ജീവത്തായ അനുഭവങ്ങളുടെ (lived experience) രേഖകളായ സാഹിത്യസൃഷ്ടികളെ ഭൂതകാലത്തിലേക്കുള്ള കൂടുതൽ വിശ്വാസ്യതയുള്ള വാതിലുകളായി എടുക്കാമോ? ജോണിമിറാൻഡയുടെയും മാധവിക്കുട്ടിയുടെയും എഴുത്തിനെക്കുറിച്ച് പറയുന്നിടങ്ങളിൽ മറ്റൊരിടത്തും കാണാത്ത ചില തെളിച്ചങ്ങൾ വ്യക്തിപരമായി എനിക്ക് കാണാനായിട്ടുണ്ട്.

സാമൂഹ്യശാസ്ത്രം കലയോട് കൂടുതൽ അടുത്തു വരുന്നുണ്ടോ? യുക്തിയോടൊപ്പം ഭാവന അതിനുസാധ്യതയേറ്റുന്നുണ്ടോ? കലയിലേക്ക്, എഴുത്തിലും വിശകലനത്തിലും, ദേവിക കൂടുതൽ തിരിയാനിടയുണ്ടോ?

1980കളിൽ യൗവ്വനത്തിലേക്കു പ്രവേശിച്ച ഒരു മലയാളി സ്ത്രീയെന്ന നിലയ്ക്ക് എന്നെ രൂപപ്പെടുത്തിയ നാലു വ്യവഹാരങ്ങളെപ്പറ്റി ഫെമിനിസ്റ്റ് പക്ഷത്തു നിന്നുള്ള വിമർശനപരമായ ആഖ്യാനങ്ങൾ സൃഷ്ടിക്കണമെന്നാണ് ഗവേഷണ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് ഞാൻ ഉറച്ചത്-- കേരളീയ സാമുദായിക പരിഷ്‌ക്കരണം, കേരള രാഷ്ട്രീയം, മലയാള സാഹിത്യ പൊതു മണ്ഡലം, മലയാളികളുടെ സാമൂഹ്യ വികസനം. ഇതു നാലും 50 വയസ്സു തികയും മുൻപ് ചെയ്തു എന്നോർത്ത് സന്തോഷിച്ചിട്ടുണ്ട്. സാഹിത്യത്തെ സാമൂഹ്യവ്യവഹാരമായിക്കാണുമ്പോഴും അതിലെ സൗന്ദര്യാത്മക വശങ്ങളെ അവഗണിക്കാത്ത ഒരുസമീപനം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. സൗന്ദര്യാത്മക തന്ത്രങ്ങൾ -- ഭാവന -- സാമൂഹ്യസാഹചര്യങ്ങളിൽ നിന്ന് യാന്ത്രികമായി രൂപമെടുക്കുന്നില്ല -- എന്നാൽ അതിന്റെയർത്ഥം അവയ്ക്ക് രാഷ്ട്രീയ-സാമൂഹ്യവിവക്ഷകൾ ഇല്ലെന്നോഭൗതികമായ ഇടങ്ങളിൽ അല്ല അവ പുലരുന്നതെന്നോഅല്ല. സാഹിത്യ കൃതികളുടെഅർത്ഥസാദ്ധ്യതകളെ പരിമിതപ്പെടുത്തുന്ന രീതിയിലല്ലാതെ സാഹിത്യത്തെ സമീപിക്കാനുള്ള ശ്രമങ്ങളാണ് മലയാളത്തിലെ പിതൃമേധാവിത്വവിരുദ്ധ എഴുത്തുകളെപ്പറ്റിയുള്ള എഴുത്തും പരിഭാഷകളും. ഏതൊരു പക്ഷത്തു നിന്നാണ് അവയെ സമീപിക്കുന്നതെന്ന് കൃത്യവും വ്യക്തവുമായി വെളിപെടുത്തിക്കൊണ്ടും സമൂഹത്തിലെ വിവിധഭൂതകാല- വർത്തമാനകാല വ്യവഹാരങ്ങളുമായി അവ ഇണങ്ങുന്നതും പിണങ്ങുന്നതും എങ്ങനെയെന്നുകാണിച്ചു കൊണ്ടുംസാഹിത്യത്തിന്റെ ആഖ്യാന-സമൃദ്ധിയുടെ സാദ്ധ്യതയെ വീണ്ടെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഭാവനയാണ് മൗലികമായ എല്ലാത്തരം സൃഷ്ടികളുടെയും വേര്. സാമൂഹ്യമാറ്റത്തിന് ഏറ്റവുമാവശ്യം ഭാവനയെ തൊട്ടുണർത്തുന്ന രൂപകങ്ങളാണ്. ശാസ്ത്രത്തിലും അങ്ങനെത്തന്നെ. ഫിസിക്‌സിലെ ജനറൽ റിലേറ്റിവിറ്റി സിദ്ധാന്തവും മറ്റും ഭാവനയുടെ കുതിച്ചുചാട്ടമായിത്തന്നെയാണ് പിറക്കുന്നത്-- അതു തെളിയിക്കലും മറ്റും പുറകെ വരുന്ന അനിവാര്യമായ കാര്യങ്ങളാണെങ്കിലും.

സാഹിത്യം എഴുതുമോ എന്നു ചോദിച്ചാൽ അതിനുള്ള ഊർജം ഇല്ല, ഇപ്പോൾ എന്തായാലും ഇല്ല, എന്നേ പറയാനാകൂ. 16-17 വയസ്സു പ്രായത്തിൽ ബാലസാഹിത്യകാരിയാകണം എന്നായിരുന്നു മോഹം. മുതിർന്നവരുടെ ലോകം ഭയങ്കരബോറാണെന്നു മനസ്സിലായപ്പോൾ തിരിഞ്ഞോടാനുള്ള പ്രേരണകൊണ്ടാവാം അങ്ങനെ തോന്നിയത്. 19-20 വയസ്സിൽ ബാലസാഹിത്യം എഴുതി കുറേ പ്രശസ്തയൊക്കെയായതാണ് (പിള്ളേരുടെ ഇടയിൽ) -- ഈ പുസ്തകങ്ങൾ കുറേയധികം എഡിഷൻ ആവുകയും ചെയ്തു. ഇന്നും കുട്ടികളോട് സംസാരിക്കാൻ കഴിവുണ്ട് എനിക്ക്. പക്ഷേ പുതിയ രൂപകങ്ങളിലൂടെ ലോകത്തെ മാറ്റാൻ ശക്തിയുള്ള സാഹിത്യരചന നടത്താൻ അസാമാന്യമായ ഊർജവും ആത്മബലവും വേണം -- അല്ലെങ്കിൽ അതു നമ്മെ മാനസികമായി, വൈകാരികമായി, തകർത്തുകളയുമെന്നാണ് എനിക്കു തോന്നുന്നത്. മീഡിയോക്രിറ്റിയെ വളർത്തുന്ന യാതൊന്നും ചെയ്യില്ല, അതിനൊന്നും കൂട്ടുനിൽക്കില്ല എന്നു തീരുമാനിച്ചതുകൊണ്ട് ഇല്ലാത്ത ഊർജ്ജമെടുത്ത് രണ്ടാംകിട എഴുത്തിനു തയ്യാറുമല്ല.

ഈ സംസാരത്തിലുടനീളം ആത്മപ്രതിഫലനപരതയും ഒരു നിൽപ്പ് സമീപനവും (standpoint) പുലർത്തുന്നുണ്ട്. പ്രധാനമായും സ്ത്രീപക്ഷനിലയവലംബിച്ചാണല്ലോ ആധുനികതയുടെ വിമർശം നടത്തിയത്. ആദ്യത്തെ ചോദ്യത്തിനുത്തരമായി സ്ത്രീപക്ഷം എന്നത് തന്നെ കൂടുതൽ സൂക്ഷ്മമായതിനെക്കുറിച്ച് പറയുകയും ചെയ്തു.

വേറെ നിൽപ്പുകൾ അവലംബിച്ച് വ്യത്യസ്തങ്ങളായ സമീപനങ്ങൾ കേരള ചരിത്രത്തിലെ അതേ കാലയളവിനോട് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് യൂറോപ്പിതര സമൂഹങ്ങൾ യൂറോപ്യൻ സമൂഹങ്ങൾക്ക് സമാനമായ പ്രക്രിയകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടെന്ന് ആവിഷ്‌കരിക്കാൻ കൊളോണിയൽ മോഡേണിറ്റി എന്ന സങ്കൽപ്പനത്തിനു പ്രാപ്തിയുണ്ടെന്നാണ് സനൽമോഹൻ അദ്ദേഹത്തിന്റെ പഠനത്തിൽ പറയുന്നത്. അടിമ ജാതികളെ സംബന്ധിച്ചേടത്തോളം മിഷനറിമാർക്കൊപ്പം എന്താണ് നല്ല ജീവിതം എന്നതിനെക്കുറിച്ച് വ്യത്യസ്തമായ ധാരണവന്നുവെന്നും അതേത്തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി മുതൽക്ക് അടിമജാതിക്കാരിൽ തങ്ങളുടെ ദൈനംദിന ജീവിതം അടിമുടി പുനരാവിഷ്‌കരിക്കാനുള്ള അദമ്യമായ ആഗ്രഹം അടിയുറച്ചുവെന്നും അദ്ദേഹം പറയുന്നു.

നിൽപ്പുകൾ സൃഷ്ടിക്കുന്ന കാഴ്ചയിലെ വൈവിധ്യമാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ചിലർക്ക് മരവിപ്പിന്റെതായ ഒരു കാലയളവ് വേറെ ചിലർക്ക് വിമോചകമായി വരാം, അവരുടെ നിൽപ്പുകൾ വ്യത്യസ്തങ്ങളായതിനാൽ. അതേ സമയം ഇന്റെർ സെക്ഷണൽ ആയ ഒരു നില എങ്ങനെ സ്വീകരിക്കുമെന്നതിനെ ഇത് സങ്കീർണ്ണമാക്കുന്നുമുണ്ട്. ദേവിക എങ്ങനെയാണിതിനെ നോക്കിക്കാണുന്നത്?

മൂന്നു കാര്യങ്ങളാണ് ഈ ചോദ്യത്തിനു പ്രതികരണമായി തോന്നുന്നത്. ഒന്ന്, എനിക്ക് സ്റ്റാന്റ് പോയിന്റ് എന്നതിനെ നില്പുനില എന്നു വായിക്കുന്നത് പ്രശ്‌നകരമാണെന്നു തോന്നുന്നു. മർദ്ദിതവിഭാഗങ്ങൾ കാലത്തിലും സ്ഥലത്തിലും മാറ്റമില്ലാത്തവരല്ല, അതുകൊണ്ട് സ്റ്റാന്റ് പോയിന്റ് എല്ലാക്കാലത്തേയ്ക്കും തീരുമാനിക്കപ്പെട്ട - നിൽക്കുന്ന -- ഒരു നിലയാകാൻ ഇടയില്ല. സ്റ്റാന്റ് പോയിന്റുകൾക്ക് ആയുർദൈർഘ്യം കുറവുമായേക്കാം -- അവയെ സാദ്ധ്യമാക്കിയ രാഷ്ട്രീയ-ഭൗതിക സാഹചര്യങ്ങൾ മാറുന്നതനുസരിച്ച്. ആ ചെറിയ ഇടവേളകളിൽ നാം സാധാരണഗതിയിൽ വരേണ്യർ എന്നു കരുതുന്നവരും ഒരു മർദ്ദിത സ്റ്റാന്റ് പോയിന്റ് (എത്ര താത്കാലികമായിട്ടാണെങ്കിലും) പങ്കുവച്ചേയ്ക്കാം. എന്നാൽ കേരളത്തിൽ സ്വത്വത്തെ പ്രശ്‌നവത്ക്കരിക്കുന്ന രാഷ്ട്രീയം പരിചിതമായിത്തീർന്നിരിക്കുന്നുവെങ്കിലും സ്റ്റാന്റ് പോയിന്റുകളുടെ ഈ ചലനാത്മകതയെ ഉൾക്കൊണ്ടു പ്രവർത്തിക്കാനുള്ള പക്വത ഇത്തരം രാഷ്ട്രീയങ്ങൾ കൈവരിച്ചു തുടങ്ങിയിട്ടേയുള്ളൂവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. കിസ് ഓഫ് ലവ് സമരങ്ങളിലെ ദലിത് -മുസ്‌ലിം
പുരുഷബുദ്ധിജീവികളുടെ പ്രതികരണങ്ങളിൽ ആ അപക്വത വളരെ പ്രകടമായിരുന്നു. കേരളത്തിലെ പ്രബലമതങ്ങളിലും പഴയതും പുതിയതുമായ ജാതിരൂപീകരണങ്ങളിലും മുഖ്യധാരാ രാഷ്ട്രീയത്തിലുമെല്ലാം നിലവിലുള്ള ശരീരപ്പേടിയുടെ ഇരകൾ ശരിക്കും സാമൂഹ്യപാർശ്വവത്ക്കരണത്തിന്റെ മുന്നിൽ നിസ്സഹായരാണെന്നും, അവർ പരിചിതരീതിയിലുള്ള സമുദായമോ പാർട്ടിയോ അതു പോലുള്ള എന്തെങ്കിലും സാമൂഹ്യസ്ഥാപനമോ സംഘടനയോ ഒന്നുമല്ലെന്നും, വളരെ വ്യത്യസ്തങ്ങളായ ഇടങ്ങളിൽ, സാമൂഹ്യ നിലകളിൽ നിന്നുള്ളവർ ശരീരത്തിന്റെ രാഷ്ട്രീയവത്ക്കരണത്തിന്റേതായ ഈ ചെറിയ കാലയളവിൽ ഉണ്ടായി വന്ന കാഴ്ച തുറവി പങ്കുവയ്ക്കുന്നവരാണെന്നുമൊക്കെ പറഞ്ഞവരെ മുഴുവൻ വരേണ്യത ആരോപിച്ച് നിശബ്ദരാക്കാനാണ് ഇവിടുത്തെ പ്രമുഖ ദലിത് ബുദ്ധിജീവികളും മുസ്‌ലിം സംഘടനാ നേതാക്കളും ശ്രമിച്ചത്.

ചുംബന സമരത്തിനിടെ

സ്റ്റാന്റ് പോയിന്റുകൾ എന്നാൽ ചലനമേയില്ലാത്ത ചില രാഷ്ട്രീയരൂപീകരണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ലോകവീക്ഷണങ്ങൾ മാത്രമാണെന്ന നിലപാടായിരുന്നു ഇത്. ആ നിലപാടിനെ മുറുക്കിപ്പിടിക്കുന്നവർക്ക് രാഷ്ട്രീയത്തിന്റെ ഒഴുക്കിൽ ഉണ്ടായിവരുന്ന തന്മകളും സ്റ്റാന്റ് പോയിന്റുകളുമെല്ലാം ഭീഷണിയും ശല്യവും മാത്രമാണ്. അവരുമായി ഒരു സംവാദവും സാധ്യമല്ല എന്ന ഈ അടഞ്ഞ നിലപാട് മലയാളി സമൂഹത്തെ കൂടുതൽ ആഴത്തിൽ ജനാധിപത്യവത്ക്കരിക്കാനുള്ള പ്രധാനപ്പെട്ട ഒരു അവസരത്തെയാണ് കെടുത്തിക്കളഞ്ഞത് -- മാനവ- അമാനവ അടിപിടി എന്ന ദയനീയമായ സ്വയംചുരുങ്ങലിലാണ് അതവസാനിച്ചത്.

രണ്ടാമത്തെ കാര്യം, എല്ലാ സ്റ്റാന്റ് പോയിന്റുകളും പരിമിതമായതുകൊണ്ട് പരസ്പരം പഠിക്കാൻ പലതുമുണ്ടെന്ന കാര്യം നാം അവഗണിക്കുന്നു എന്നതാണ്. ഞങ്ങൾക്കൊന്നും പഠിക്കാനില്ല നിങ്ങളിൽ നിന്നും, നിങ്ങൾക്ക് ഞങ്ങളിൽ നിന്നും എന്തെങ്കിലും പഠിക്കാനുള്ള സാധ്യത തന്നെയില്ല (നിങ്ങളുടെ ജനനം മുതലായവ മൂലം) എന്നു പറയുന്ന അടഞ്ഞ രീതിയാണ് പലയിടത്തും കാണാനുള്ളത്. അതുപോലെ ഓരോ സ്റ്റാന്റ് പോയിന്റും സവിശേഷമാണെന്നു കാണാനും നമുക്കാവുന്നില്ല. ഉദാഹരണത്തിന് കേരളത്തിലെ ദലിത് പുരുഷബുദ്ധിജീവികളുടെ മാച്ചോ അഥവാ അമിതപൗരുഷം മുഖ്യധാരാ-വരേണ്യപുരുഷ മാച്ചോയിൽ നിന്ന് വ്യത്യസ്തമാണ്. അത് അംഗീകരിച്ചു കൊണ്ടുള്ള ദലിത് മാച്ചോ വിമർശനമാണ് ദലിത് പുരുഷബുദ്ധിജീവികൾ പിതൃമേധാവിത്വം തൊട്ടു തീണ്ടാത്ത മാലാഖമാരാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലേറെ സത്യസന്ധവും ബഹുമാനപരവും. രണ്ടാമത്തേത് കടുത്ത രക്ഷാകർതൃമനോഭാവമാണ്. ഞാനടക്കമുള്ള എല്ലാവർക്കും ഇത്തരം വീഴ്ചകൾ പറ്റാനിടയുണ്ടെന്നാണ് സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.

മൂന്നാമതായി, ഇന്റർസെക്ഷണാലിറ്റി എന്ന ആശയം എങ്ങും കേൾക്കാനുണ്ടെങ്കിലും അത് പ്രയോഗത്തിൽ കാണുന്നതേയില്ല. ഒരാൾ എന്തെങ്കിലും പറയുമ്പോൾ അവർ ഏതുസങ്കീർണ ഇന്റർസെക്ഷണൽ ഇടത്തിൽ നിന്നാണ് അതു പറയുന്നത് എന്നു തിരിച്ചറിഞ്ഞാൽ അവരുടെ നിലപാടുകളോടുള്ള വിമർശനത്തെ വ്യക്തിഹത്യയല്ലാത്തതും കൂടുതൽ കൃത്യതയുള്ളതും ആക്കാം. എന്നുവെച്ച് ഇന്ന് മലയാളി ബൗദ്ധിക ലോകത്തിൽ നിറഞ്ഞുതഴയ്ക്കുന്ന വലുതും ചെറുതുമായ ഗുണംപറ്റികളുടെ ദൈന്യതയാർന്ന ഹിപ്പോക്രിസിയുടെ വിമർശനം വേണ്ട എന്നല്ല. അതു മാത്രം പറയുന്ന വിമർശനം അപൂർണമായിപ്പോകുമെന്നതാണ് പ്രശ്‌നം. ഉദാഹരണത്തിന് കേരളത്തിൽ ഇടതുപക്ഷഭരണാധികാരികൾ പലപ്പോഴും പ്രകടിപ്പിച്ചു കണ്ട പച്ചയായ ഇസ്ലാം വിരുദ്ധതയെ ആവേശപൂർവ്വം പിൻതുണയ്ക്കുകയും എന്തിന്, എൻ ഐ എപോലുള്ള ഭയങ്കരശക്തികളുടെ കൈ ശക്തിപ്പെടുത്തുംവിധം പ്രവർത്തിക്കുന്നവരുമായ ബുദ്ധിജീവികളുണ്ട്. അവരിൽ പലരും നാണമില്ലാത്ത ഗുണംപറ്റികളാകാം, അതു തുറന്നു കാട്ടുന്നതു തെറ്റല്ല. പക്ഷേ അവർ ഏതൊരു സങ്കീർണ സാമൂഹ്യ- സാംസ്‌കാരിക ഇടത്തിൽ നിന്നാണ് സംസാരിക്കുന്നതെന്നു കണ്ടാൽ വിമർശനം വ്യക്തിഹത്യയായി ചുരുങ്ങാതിരിക്കുകയും അതിന്റെ പ്രസക്തി കൂടുകയും ചെയ്യും. വെറുപ്പ്, വൈരാഗ്യം മുതലായവയെ വിമർശനത്തിൽ നിന്ന് അകറ്റിനിർത്താനും നമുക്ക് കഴിയും. അങ്ങനെ സംഭരിക്കുന്ന ഊർജം കൂടുതൽ ഗുണകരമായ കാര്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യാം. ഇന്ന് വാസ്തവത്തിൽ വിദ്യാർത്ഥികൾക്ക് പ്രാപ്യമായ പഠനസാമഗ്രികളും അവരുടെ പഠനധാർമ്മികതയെ ശക്തമാക്കുന്ന ചർച്ചകളും ഒക്കെയാണ് വേണ്ടത്. നമ്മുടെ തലമുറയെ പോറ്റിയ മരീചികകൾ പോലുമില്ലാതെ, ഭാവി പേടിപ്പിക്കുന്ന പെരുംകുഴി മാത്രമായ, ഈ കാലത്ത്, ചെറുപ്പക്കാരുടെ ചിന്താശക്തിയെയും വൈകാരിക നൽസ്ഥിതിയെയും ആത്മധൈര്യത്തെയും മറ്റും വളർത്താനാവശ്യമായ ബൗദ്ധികപ്രവർത്തനമാണ് വേണ്ടത്.

ഇന്റർസെക്ഷണൽ അവബോധത്തെ എല്ലാ സ്റ്റാന്റ് പോയിന്റ് അവകാശവാദങ്ങളുടെയും ആത്മപ്രതിഫലനത്തിന്റെ ഭാഗമാക്കണമെന്നാണ് എനിക്കു തോന്നുന്നത്. അതുണ്ടെങ്കിൽ നമ്മുടെ എതിർ-സിവിൽസമൂഹങ്ങളിലെ ചർച്ചകൾ എത്രയോ മടങ്ങ് ജനാധിപത്യപരവും ഫലപ്രദവുമായി മാറുമെന്നതുറപ്പാണ്.

കേരളം വിടാതെ ദീർഘകാലമായി അക്കാദമികമായും രാഷ്ട്രീയമായും പ്രവർത്തിക്കുന്ന അപൂർവ്വമൊരാൾ എന്ന നിലയ്ക്ക് കേരളത്തിലെ ഗവേഷണ മേഖലയെപ്പറ്റി സവിശേഷമായി ചിലത് ചോദിക്കട്ടെ. ഞാൻ ഇവിടെ കാണുന്ന ഏറ്റവും വലിയ പ്രശ്‌നം ഒരു അക്കാദമിക മനോഭാവത്തിന്റെ അഭാവമാണ്. പല പി.എച്ച്.ഡി ഓപ്പൺ ഡിഫൻസുകൾക്കും പോകുമ്പോൾ മനസ്സിലാവുന്നത് പ്രശംസ, ആശംസ എന്നിവയല്ലാതെ കർക്കശമായ വിമർശനപരത അവിടെ പ്രതീക്ഷിക്കപ്പെടുന്നില്ല എന്നതാണ്. പൊതുവേതന്നെ, നീ എന്നെ പ്രശംസിക്കൂ, ഞാൻ നിന്നെ പ്രശംസിക്കാം എന്ന മനോഭാവമാണ്. ഒരാളുടെ വർക്ക് ഗൗരവത്തിലെടുത്ത് കർക്കശമായി ആരെങ്കിലും വിമർശിച്ചുവെങ്കിൽ ഉടനെ അങ്ങനെ ചെയ്തവരെ കുറ്റവാളികളാക്കി ചിത്രീകരിക്കുകയും വിമർശന വിധേയരായവർ തങ്ങൾ ഇരകളാണെന്ന ഭാവത്തിൽ ഏങ്ങലടിച്ചു കരയാൻ തുടങ്ങുകയും ചെയ്യും. എന്ന് തന്നെയല്ല കരയുന്നയാളെ പിന്തുണച്ച് ഒപ്പുശേഖരണം പോലും നടക്കും.

അക്കാദമികമാവുക എന്നത് ഒരു കുറ്റകൃത്യമായി കരുതുന്ന, വ്യവസ്ഥാപിത ഇടതിന്റെ വ്യാജ മേൽക്കോയ്മ ഒരു ചീട്ടുകൊട്ടാരം പോലെ നിലനിർത്തപ്പെടുന്ന, കേരളീയ സാഹചര്യത്തിൽ ഇവിടുത്തെ യുവ ഗവേഷകരോട് എന്താണ് ദേവികയ്ക്ക്പറയാനും പങ്കിടാനുമുള്ളത്?

ഇത് സത്യത്തിൽ ഇന്ത്യൻ അക്കാദമികരംഗത്ത് 1990കളിലും ശേഷവുമായി കാണപ്പെടുന്ന പ്രവണതയാണ്. മുൻപൊക്കെ നാം സെമിനാർ പ്രസന്റേഷൻ ഒക്കെ നടത്തുന്നത് വിമർശനം കിട്ടാൻ വേണ്ടിയാണ്. ആരെങ്കിലുമൊക്കെ ചോദ്യം ചോദിച്ചാലേ നമ്മുടെ പോരായ്മകൾ നമുക്കു പ്രത്യക്ഷമാകൂ എന്ന ബോധ്യത്തോടെയാണ്. അതുകൊണ്ട് നല്ല വിമർശനം തരുന്നവരെയാണ് അക്കാദമികരംഗത്ത് കൂട്ടുകാരായും ഗുരുക്കന്മാരായും കണ്ടിരുന്നത്. കോട്ടയത്ത് യേശുദാസൻ മാഷിനെയൊക്കെ ഞാൻ ഓർമ്മിക്കുന്നത് ശക്തമായ വിമർശനത്തിലൂടെ അതുവരെ കാണാത്ത കാര്യങ്ങൾ കാണാൻ സഹായിച്ച ഗുരുവായിത്തന്നെയാണ്. ഈ രീതിയ്ക്കു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു, തീർച്ചയായും. പലപ്പോഴും ആൺ-അക്കാദമിക മാച്ചോ പ്രകടനങ്ങൾക്കും ഇതു സഹായകമായി. പക്ഷേ അതിനെ അതിജീവിച്ചവരെല്ലാം അതിശക്തരായി. ഇന്നാണെങ്കിൽ മറ്റേ എക്‌സ്ട്രീമാണ്. നല്ല വാക്കുകൾ മാത്രം മതി, കാര്യമായ വിമർശനം വേദനിപ്പിക്കുമെന്ന പരാതി. ക്ലാസ് മുറികളിലും സെമിനാർവേദികളിലും മര്യാദയും തുല്യതയും ചർച്ചയിൽ പാലിക്കണമെന്നാവശ്യപ്പെടുന്നതു ന്യായം തന്നെ. പക്ഷേ ഗൗരവമായ
വിമർശനത്തെ ഒഴിവാക്കിക്കൊണ്ടല്ല അതുനടപ്പാക്കേണ്ടത്. വിമർശിക്കാതെ നല്ലതുമാത്രം പറയുക, എന്തു പറഞ്ഞാലും സമ്മതം മൂളി പൊളിറ്റിക്കൽ കറക്ട്‌നസ് തെളിയിക്കുക, ഇതൊക്കെ രക്ഷാകർതൃത്വമാണ്.

കേരളത്തിലെ ഗവേഷണരംഗം പല തട്ടുകളായാണ് കിടക്കുന്നത്. കേരളത്തിനോ ഇന്ത്യയ്ക്കു തന്നെയോ പുറത്തുള്ള മറ്റു ഗവേഷകരുടെ പരിശോധനയ്ക്കും വിമർശനത്തിനും വിധേയമാക്കാതെ ഒരു വരി പോലും പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങളിവിടെയുണ്ട്, അവയുടെ എണ്ണം കുറവാണെങ്കിലും -- ഗവേഷണകർത്താവിന് യാതൊരുവിധത്തിലും സ്വാധീനിക്കാനാവാത്ത വിധത്തിലാണ് ഈ പരിശോധന. പിയർറിവ്യൂ എന്ന പരിപാടി കേരളത്തിനുള്ളിൽ മാത്രമായ രീതിയോ, അല്ലെങ്കിൽ (പിയർ റിവ്യൂ ഒന്നുമില്ലാതെ) പത്രമാദ്ധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും എഴുതിയും പുസ്തകപ്രസിദ്ധീകരണത്തിലേർപ്പെട്ടും വ്യക്തികളും അദ്ധ്യാപകരും സ്വയം ബുദ്ധിജീവിപ്പട്ടം നേടിയെടുക്കുന്ന രീതിയോ, പിൻതുടരുന്ന സ്ഥലങ്ങളുമുണ്ട്. അവയാണ് താരതമ്യേന കൂടുതൽ. ഗവേഷണം, പ്രസിദ്ധീകരണം ഇതൊക്കെ ജോലി നേടാൻ ആവശ്യമായതോടെ, അക്കാദമിക ജോലിക്കുള്ള പ്രതിഫലം കൂടിയതോടെ (രണ്ടു പ്രഫസർമാർ വീട്ടിലുണ്ടെങ്കിൽ മാസവരുമാനം 2 ലക്ഷത്തോളം വരും) ഏതുവിധേനെയും ഒരു ഗവേഷണ ബിരുദം നേടാനുള്ള ഉന്തുംതള്ളും രണ്ടാമത്തെ സ്ഥാപനങ്ങൾക്കുള്ള ഡിമാന്റ് കൂട്ടി. ഇത് ഈ സ്ഥാപനങ്ങളുടെ നിലവാരത്തെ ഇടിച്ചുകൊണ്ടേയിരിക്കുന്നു -- പീർ റിവ്യൂ ഒന്നും കൂടാതെ മൗലികമായി എഴുതിയിരുന്നവർ ജോലിയുടെ സമ്മർദ്ദമനുഭവിക്കാതെ അനേകവർഷം പ്രയത്‌നിച്ച് പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം നിലവാരത്തകർച്ച രൂക്ഷമാകും തോറും പുറംചൊറിയൽ എന്ന ലളിതകലയ്ക്ക് പ്രയോക്താക്കൾ വർധിക്കുകയും ചെയ്യുന്നു.

ഇത് തിരിച്ചറിഞ്ഞാൽ ഇത്രയധികം അഭിനന്ദനത്തിന്റെ വിനിമയം ഇതിനുള്ളിൽ നടക്കുന്നതെന്തുകൊണ്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. ഈ കളി കളിക്കുന്നവരോട് വല്ലവിമർശനവും മയപ്പെടുത്താതെ പറഞ്ഞാൽ മർദ്ദിതജനങ്ങൾ ആത്മരക്ഷയ്ക്കായി സ്വീകരിച്ച മാർഗങ്ങളടക്കം കീശയിലുള്ള എല്ലാ ചീട്ടുകളും പുറത്തെടുത്ത് വീശിയടിക്കുകയും ചെയ്യും. രൂക്ഷമായി സ്വയമനുഭവപ്പെട്ട വശങ്ങൾ തള്ളിക്കളയുന്നത് ന്യായമാണ്; അതൊരുപക്ഷേ ആവശ്യവുമാണ്. എന്നാൽ അതിന്റെ മറവിൽ വിമർശനത്തെത്തന്നെ അവഗണിക്കുന്നതാണ് നിർഭാഗ്യകരമായ പതിവ്. ഈ "ഇരകളി' കൂടാതെ കഴിയില്ല, ഇവർക്ക് -- കാരണം തങ്ങളുടെ എഴുത്ത് അത്യുത്തമമാണെന്നു സ്വയം വിശ്വസിച്ചാലേ ഉണ്ണുന്ന ചോറു പോലും ഇറങ്ങൂ. ക്രമേണ ഇത് സ്വയമങ്ങു വിശ്വസിച്ച് തങ്ങൾ വലിയസംഭവമാണെന്നും അസൂയ കൊണ്ടാണ് തങ്ങൾ വിമർശിക്കപ്പെടുന്നതെന്നും ആത്മാർത്ഥമായിത്തന്നെ കരുതാനിടവരും .

എന്റെ ഭാഗ്യത്തിന് ഞാൻ ചെന്നുപെട്ടത് യാതൊരു ദാക്ഷിണ്യവുമില്ലാതെ പിയർ റിവ്യൂ രീതിയിൽ അംഗീകരിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളെ മാത്രം എണ്ണുന്ന സ്ഥലത്താണ്, ഓരോ വർഷവും വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പുതുമയാർന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നത് നിർബന്ധമായ അദ്ധ്യാപന രീതിയുള്ള സ്ഥലത്താണ്. അതുകൊണ്ട് ഈഗോ ഒക്കെ ചെറുതായിത്തന്നെയിരിക്കുന്നു. നമ്മൾ ഇവിടെ "വലിയ സംഭവ'മാണെന്ന് അറിഞ്ഞുകൂടാത്ത, ആരെന്ന് നമുക്കറിഞ്ഞുകൂടാത്ത, ബംഗ്ലാദേശിലും റഷ്യയിലും ന്യൂ യോർക്കിലും ഗുവഹാട്ടിയിലും ഒക്കെയിരിക്കുന്നവരാണ് നമ്മുടെ എഴുത്ത് പരിശോധിക്കുന്നതെന്നതുകൊണ്ട് വിമർശനവും (അഭിനന്ദനവും) കൂടുതൽ നിർദാക്ഷിണ്യവും വിശ്വാസ്യതയുള്ളതുമാവും

എല്ലാ അടവും അംഗീകൃതമായ കളിയാണ് ഗുണംപറ്റികളുടേത്. അതിനു പിന്നിലുള്ള ആത്മവിശ്വാസമില്ലായ്മയും വലിഞ്ഞുകയറി മനഃസ്ഥിതിയുണ്ടാക്കുന്ന വെപ്രാളവും അരക്ഷിതാവസ്ഥയുമൊക്കെ ഓർത്താൽ പാവം തോന്നും. ഈ കളിയെ ഫണ്ടുചെയ്യുന്നത് കേരളത്തിലെ നികുതിദായകരാണ്. അവർ അത് എന്നെങ്കിലും തിരുത്തിക്കൊള്ളുമെന്ന് സമാധാനിക്കാനേ കഴിയൂ. കൂടുതലാളുകൾ നേരത്തെ പറഞ്ഞ, കൂടുതൽ ഗുണാത്മകമായ, പ്രവർത്തനങ്ങളിലേക്കു തിരിയുകയാണ് വേണ്ടത്.

Comments