Photo: thekudumbashreestory.info

സംരക്ഷകരെ വേണ്ട, വേണം തുല്യ അവസരം,
​അധികാര പങ്കാളിത്തം

കുറേക്കാലമായി ആഘോഷിക്കപ്പെടുന്ന ‘സംരക്ഷകനായ അച്ഛൻ ഫിഗർ’ എന്ന നിർമ്മിതി കേരളത്തിലെ സ്ത്രീകൾക്കും ഇതര ദുർബല വിഭാഗങ്ങൾക്കും കാര്യമായ ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നില്ല.

പുതിയ സർക്കാർ നിലവിൽ വരുന്ന സാഹചര്യത്തിൽ, കേരളത്തിൽ നടപ്പിലാക്കേണ്ട അടിയന്തര പ്രാധാന്യമുള്ള ചില ആവശ്യങ്ങൾ മുന്നോട്ടുവെയ്ക്കുകയാണ്. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷവും തുടർഭരണവും പൊതുവെ ഇടതുപക്ഷ മുന്നണിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അതോടൊപ്പം കണ്ടുവരുന്ന ഒരു പ്രവണതയാണ്, വിമർശനങ്ങളോടുള്ള അസഹിഷ്ണുത; പ്രത്യേകിച്ച്​ ഇടതുമുന്നണിയിൽ പ്രതീക്ഷ പുലർത്തുന്ന രാഷ്ട്രീയ സർക്കിളുകളിൽ നിന്ന്. വിമർശനങ്ങളെയും സക്രിയ നിർദ്ദേശങ്ങളെയും അഭിസംബോധന ചെയ്യാതെ ഒരു ജനാധിപത്യ സർക്കാരിന് മുമ്പോട്ടുപോകാൻ കഴിയില്ല. ഇക്കാര്യത്തിൽ ദുർബലമായ പ്രതിപക്ഷം നൽകുന്ന നിരാശ വളരെ വലുതുമാണ്. സിവിൽ സമൂഹത്തിൽ നിന്ന് ഒരു പ്രതിപക്ഷ സമ്മർദ്ദ സ്വരം ഉണ്ടാവേണ്ടത് ഈ അവസരത്തിൽ വളരെ പ്രധാനമാണ്. പുതിയ സർക്കാർ നിശ്ചയമായും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ കേവലമായ സാമൂഹ്യനിരീക്ഷണം മാത്രം മതി. ഇവിടെ ചൂണ്ടിക്കാണിക്കുന്ന നിർദ്ദേശങ്ങൾ കൂടുതൽ കൂട്ടിച്ചേർക്കലുകൾക്ക് ഇടമുള്ളതാണ് എന്നുകൂടി പറയട്ടെ.

മന്ത്രിസഭയിലും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിലും ഉള്ള പങ്കാളിത്തവും പ്രതിനിധാനവും

മന്ത്രിസഭയിൽ സ്ത്രീകളുടെയും ദളിത്- ആദിവാസി വിഭാഗങ്ങളുടെയും പ്രാതിനിധ്യം വർധിക്കേണ്ടതുണ്ട്. സുപ്രധാന കാബിനറ്റ് മന്ത്രിസ്ഥാനങ്ങൾ ദളിത്- ആദിവാസി- സ്ത്രീ, മറ്റ് അതിപിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് ഉറപ്പുവരുത്തണം.

പട്ടിക ജാതി- വർഗ ഉന്നമനത്തിനുവേണ്ടിയുള്ള കിർത്താഡ്​സ്​ പോലുള്ള സ്ഥാപനങ്ങളിൽ കീഴാളരായ സ്ത്രീകൾക്ക് നേതൃപദവികൾ നൽകണം
പട്ടിക ജാതി- വർഗ ഉന്നമനത്തിനുവേണ്ടിയുള്ള കിർത്താഡ്​സ്​ പോലുള്ള സ്ഥാപനങ്ങളിൽ കീഴാളരായ സ്ത്രീകൾക്ക് നേതൃപദവികൾ നൽകണം

ബോർഡുകൾ, കമീഷനുകൾ, അക്കാദമികൾ, അക്കാദമിക കമ്മിറ്റികൾ, മന്ത്രിമാരുടെ പേഴ്‌സണൽ ഉദ്യോഗസ്ഥർ എന്നീ മേഖലകളിലും മേൽപ്പറഞ്ഞ വിഭാഗങ്ങളെ അവരുടെ ചരിത്രപരമായ പ്രാതിനിധ്യമില്ലായ്മ കൂടി പരിഹരിച്ച് ഉൾപ്പെടുത്തുകയും അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കൊടുക്കുകയും ചെയ്യണം. ഫോക്‌ലോർ അക്കാദമി പോലുള്ള ഇടങ്ങളിലെ ടോക്കൺ പ്രാതിനിധ്യം ദളിതർക്കോ ആദിവാസികൾക്കോ നൽകുന്ന കാര്യമല്ല ഉദ്ദേശിക്കുന്നത്. സാഹിത്യ അക്കാദമി പോലെ, സാംസ്‌കാരിക കേരളത്തിന്റെ അധികാരം കയ്യാളുന്ന മെയിൻസ്ട്രീം അക്കാദമികളിലെ ഉന്നത പദവികൾ നൽകുന്നതുവഴിയുള്ള യഥാർത്ഥ അധികാര പങ്കാളിത്തമാണ് ലക്ഷ്യമാക്കുന്നത്. അതുപോലെ കിർത്താഡ്‌സ്, അഹാഡ്‌സ് ( ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും) തുടങ്ങി പട്ടിക ജാതി- വർഗ ഉന്നമനത്തിനുവേണ്ടിയുള്ള സ്ഥാപനങ്ങളിലും കുടുംബശ്രീ, മഹിളാ സമാഖ്യ പോലെ കീഴെ തട്ടിലുള്ള സ്ത്രീകൾ പ്രധാനമായി അംഗങ്ങളും ഗുണഭോക്താക്കളും ആയ സ്ഥാപനങ്ങളിലും കീഴാളരായ സ്ത്രീകൾക്ക് നേതൃപദവി നൽകണം, ഏറ്റവും ഉന്നതമായ പോസ്റ്റ് അലങ്കരിക്കാൻ തക്കവിധം യോഗ്യതകളുള്ള ധാരാളം സ്ത്രീകൾ ഈ വിഭാഗങ്ങളിലുണ്ട്. ഇവരുടെ പ്രാതിനിധ്യം, കുറച്ചു കൂടി ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ നടത്താൻ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു.

എം. കുഞ്ഞാമൻ
എം. കുഞ്ഞാമൻ

കേരളത്തിൽ ഇന്നുവരെ ഒരു ദളിത് വി.സി ഉണ്ടായിട്ടില്ല എന്നത് പുരോഗമനകാരികളെന്ന് കൊട്ടിഘോഷിക്കുന്ന മലയാളികൾക്ക് അപമാനമായി എന്തുകൊണ്ട് തോന്നുന്നില്ല? എം. കുഞ്ഞാമൻ മാഷിനെ പോലെ അക്കാദമിക് രംഗത്തെ പ്രതിഭകൾ ഉള്ളപ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ദുഃഖകരം. വനിത കമീഷൻ പോലെയുള്ള സ്ഥിരം സ്ഥാനങ്ങൾ കൂടാതെ മറ്റു കമീഷനുകളിലും ബോർഡുകളിലും സ്ത്രീകൾക്കും ജനസംഖ്യാനുപാതികമായി ദളിത്- ആദിവാസി- മറ്റു അതിപിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കും പ്രാതിനിധ്യം ഉറപ്പുവരുത്തണം. കുടുംബശ്രീയുടെ വിവിധ തലങ്ങളിലും മേൽപ്പറഞ്ഞ നിലയിൽ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.

സ്ത്രീ തുല്യതയും നീതിയും

കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശിക്കുകയും അവ മോണിറ്റർ ചെയ്യാൻ സംവിധാനം ഉറപ്പുവരുത്തുകയും വേണം. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമത്തിലെ നിർദേശങ്ങളും പരാതി നൽകാനുള്ള രീതികളും ലളിതവും വിശദവുമായി സ്ത്രീ ഉദ്യോഗസ്ഥർക്ക് മനസ്സിലാകുന്ന ഭാഷയിൽ പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും രൂപത്തിൽ ലഭ്യമാക്കുക. മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ജൻഡർ ട്രെയിനിങ് നൽകുകയും തുടർ പരിശീലനം ഉറപ്പുവരുത്തുകയും ചെയ്യുക. പൊലീസ് സ്‌റ്റേഷനുകളിൽ ജെന്റർ ഡെസ്‌കുകൾ സ്ഥാപിക്കുക. ജില്ലാ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി ഷോർട്ട് സ്റ്റേ ഹോമുകൾ സ്ഥാപിക്കുക. പഞ്ചായത്തു തല ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തുക.
ലൈംഗിക അതിക്രമത്തിനെതിരായ ബോധവൽക്കരണം മാതൃ- ശിശു വകുപ്പിന്റെ മുൻകൈയിൽ നടത്തുക. സ്ത്രീകളെ സംബന്ധിക്കുന്ന എല്ലാ കമ്മിറ്റികളിലും മറ്റു സുപ്രധാന കമ്മിറ്റികളിലും ദളിതർ, ആദിവാസികൾ, മൽസ്യത്തൊഴിലാളികൾ പോലുള്ള അതിപിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക.

കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. തുല്യ അവസരമില്ലായ്മ, ലൈംഗിക അതിക്രമം, slut ഷെയിമിങ്, മൂലധനത്തിന്റെ അപ്രാപ്യത, ജാതി- ലിംഗ വിവേചനം തുടങ്ങിയവ സവിശേഷമായി പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സർക്കാർ സംവിധാനം സൃഷ്ടിക്കുകയും പ്രായോഗിക പരിഹാരപദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുക.

ഭൂമിയെന്ന വിഭവമെന്നത് അധികാരത്തിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നമെന്ന രീതിയിൽ പ്രശ്‌നവൽക്കരിക്കപ്പെട്ട രാഷ്ട്രീയ ഇടപെടലുകളെ വെറും പാർപ്പിട പ്രശ്‌നമായി ചുരുക്കിക്കണ്ടു എന്നതാണ് കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ്. ഭൂമിക്കുവേണ്ടിയുള്ള സമരം ഫ്‌ളാറ്റുകൾ നൽകി, ആധുനിക കോളനികൾ സൃഷ്ടിച്ച് പരിഹരിക്കാം എന്നുകരുതുന്ന അതിബുദ്ധിയാണ് അത്.

സമ്മതി, അധികാരം, പ്രിവിലേജ്, ലൈംഗിക തിരഞ്ഞെടുപ്പ് അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട പരിശീലനം തീവ്രസ്വഭാവത്തിൽ സംഘടിപ്പിക്കുക. പുരുഷന്മാരെയും അഭിസംബോധന ചെയ്യുന്ന ജെന്റർ പരിശീലന പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുക. കൗമാരപ്രായം മുതൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക. ലൈംഗിക അതിക്രമം തടയേണ്ട ധാർമിക ഉത്തരവാദിത്തം സ്ത്രീകൾക്ക് മാത്രമാകുന്ന അവസ്ഥ മാറ്റി സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാക്കി മാറ്റാനുള്ള പ്രവർത്തനം ആവിഷ്‌കരിക്കുക. ജില്ലാ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി ചുരുങ്ങിയ ചെലവിൽ ഷോർട്ട് സ്റ്റേ ഹോമുകൾ സ്ഥാപിക്കുക. ഡൊമസ്റ്റിക് വയലൻസ് നിരോധന ആക്റ്റിന്റെ ഭാഗമായുള്ള പരാതി നൽകൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.

ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് ഭൂമി നൽകുക

രണ്ടു ദശാബ്ദങ്ങളിലധികമായി കേരളത്തിലെ ദളിതരും ആദിവാസികളും ഭൂമിക്കായി സമരത്തിലാണ്. ഭൂപരിഷ്‌കരണ ബിൽ യഥാർഥത്തിൽ ദളിതരെയും ആദിവാസികളെയും കോളനികളിലേക്കും പുറമ്പോക്കിലേയ്ക്കും തള്ളിയിട്ടു എന്നതാണ് ഈ സമരങ്ങൾ മുന്നോട്ടുവെച്ച പ്രധാന വിമർശനം.

വയനാട്​ ഭൂസമര സമിതി, ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട്​ നടത്തിയ കലക്​ടറേറ്റ്​ മാർച്ച്​ / Photo:  CPIML Redstar
വയനാട്​ ഭൂസമര സമിതി, ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട്​ നടത്തിയ കലക്​ടറേറ്റ്​ മാർച്ച്​ / Photo: CPIML Redstar

അത് ശരിവെയ്ക്കുന്ന ധാരാളം അക്കാദമിക് -നോൺ അക്കാദമിക് പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ആദിവാസികളും ദളിതരും വിതരണം ചെയ്യാൻ അനുയോജ്യമായ ഭൂമി ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, അത്തരം ഭൂമിയിൽ താമസമാക്കി പുതിയ സമരരൂപങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് തങ്ങളുടെ ഇടപെടൽ നടത്തുന്നത്. ഹാരിസൺ പോലുള്ള വൻകിട പ്ലാന്റേഷൻ കമ്പനികളും തരിശു കിടക്കുന്ന നിലങ്ങളും സർക്കാർ വക ഭൂമികളും ഒക്കെ ഇക്കാര്യത്തിന് ഉപയോഗിക്കാം. ഭൂസമരങ്ങളും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും ഉയർത്തിക്കൊണ്ടുവന്ന ഭൂമിയുടെ രാഷ്ട്രീയത്തെ, അതായത് ഭൂമിയെന്ന വിഭവമെന്നത് അധികാരത്തിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നമെന്ന രീതിയിൽ പ്രശ്‌നവൽക്കരിച്ച രാഷ്ട്രീയ ഇടപെടലുകളെ വെറും പാർപ്പിട പ്രശ്‌നമായി ചുരുക്കിക്കണ്ടു എന്നതാണ് കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ്. ഭൂമിക്കുവേണ്ടിയുള്ള സമരം ഫ്‌ളാറ്റുകൾ നൽകി, ആധുനിക കോളനികൾ സൃഷ്ടിച്ച് പരിഹരിക്കാം എന്നുകരുതുന്ന അതിബുദ്ധിയാണ് അത്.

14,000 ഏക്കറിലധികം ഭൂമി ഇനിയും വിതരണം ചെയ്യാനുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച്, കേരളത്തിലെ ആദിവാസി ഭൂരഹിതർ 11,000ൽ താഴെ മാത്രമാണ്. ഈ ഭൂമി മാത്രം വിതരണം ചെയ്താൽ ഒരു കുടുംബത്തിന് ഒന്നേകാൽ ഏക്കറിനുമുകളിൽ വിതരണം ചെയ്യാൻ കഴിയും.

നമുക്ക് ചില കണക്കുകൾ നോക്കാം: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം കേരളത്തിൽ നിലവിൽ 11,27,374 ഏക്കർ മിച്ച ഭൂമിയും 89,178 ഏക്കർ പുറമ്പോക്കുഭൂമിയുമുണ്ട്. ഈ മിച്ചഭൂമിയുടെയും പുറംമ്പോക്ക് ഭൂമിയുടെയും അഞ്ചു ശതമാനം കേരളത്തിലെ ഏറ്റവും ദരിദ്രരായ ഭൂരഹിതരുടേയും ഭവനരഹിതരുടേയും പുനരധിവാസത്തിന് മാറ്റുക. അങ്ങനെ മാറ്റാൻ കഴിഞ്ഞാൽ 60,000നു മുകളിൽ ഏക്കർ ഭൂമി വിതരണത്തിന് ഏറ്റെടുക്കാം. കുറഞ്ഞത് 20 സെൻറ്​ ഭൂമി വീതം ഓരോ ഭൂരഹിത- ഭവന രഹിത കുടുംബങ്ങൾക്കും നൽകാൻ കഴിയും. സമഗ്രവും ജനകീയവും കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക ബന്ധങ്ങളിൽ വലിയ അഴിച്ചുപണി നടത്താൻ കഴിയുന്നതുമായ വികസന പദ്ധതിയായിരിക്കുമിത്.

2017ലെ റവന്യൂ കണക്ക് പ്രകാരം ഭൂരഹിതർക്കായി മാത്രം വിതരണം ചെയ്യേണ്ട 16,000 ത്തോളം ഏക്കർ ഭൂമിയാണ് അനധികൃതമായി കയ്യേറി കേസിൽപ്പെട്ടുകിടക്കുന്നത്. ഓർഡിനനസ് കൊണ്ടുവന്ന് സർക്കാരിന് ഈ ഭൂമി ഏറ്റെടുക്കാൻ കഴിയുമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ ഭൂമി ഏറ്റെടുത്താൽ മാത്രം ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കളായി കണ്ടെത്തിയ രണ്ടര ലക്ഷത്തോളം കുടുംബങ്ങൾക്ക് ഏഴു സെന്റ് ഭൂമി വീതം നൽകാൻ കഴിയും.

എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് 1,92,000 ഏക്കർ ഭൂമി മുത്തങ്ങ പാക്കേജിന്റെ ഭാഗമായി കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയം കേരളത്തിന് വിട്ടുനല്കിയിരുന്നു. പട്ടികജാതി -വർഗ വകുപ്പുമന്ത്രി എ.കെ. ബാലൻ 2019ൽ നൽകിയ കണക്കനുസരിച്ച് ഈ ഭൂമിയിൽ 4786 ഏക്കർ മാത്രമേ 3616 ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി 14,000 ഏക്കറിലധികം ഭൂമി ഇനിയും വിതരണം ചെയ്യാനുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച്, കേരളത്തിലെ ആദിവാസി ഭൂരഹിതർ 11,000ൽ താഴെ മാത്രമാണ്. ഈ ഭൂമി മാത്രം വിതരണം ചെയ്താൽ ഒരു കുടുംബത്തിന് ഒന്നേകാൽ ഏക്കറിനുമുകളിൽ വിതരണം ചെയ്യാൻ കഴിയും. കൂടാതെ ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട നിക്ഷിപ്ത വനഭൂമി വയനാട് ചിതലയം, നിലമ്പൂർ, അട്ടപ്പാടി തുടങ്ങിയ ആദിവാസി മേഖലകളിലുമുണ്ട്.

ഡോ. രാജമാണിക്യം
ഡോ. രാജമാണിക്യം

അട്ടപ്പാടിയിൽ ആദിവാസി പുനരധിവാസത്തിന് ഒരു ആദിവാസി കുടുംബത്തിന് അഞ്ച് ഏക്കർ വീതം നൽകിയ 2740 ഏക്കർ ഭൂമി ഇപ്പോൾ ചിണ്ടക്കി, കരുവാര, പോത്തുപാടി, വട്ടുളുക്കി, വരടിമല ഫാമുകളായി സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിച്ചുവരികയാണ്. ഈ ഫാം കൊണ്ട് ആദിവാസി കുടുംബങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. ഫാം പിരിച്ചുവിട്ട് അഞ്ച് ഏക്കർ ഭൂമി ആദിവാസികൾക്ക് തിരിച്ചുനൽകണം.

കേരളത്തിന്റെ ഏറ്റവും ഫലഭൂയിഷ്ഠമായ അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി വ്യാജരേഖ നിർമിച്ചും നിയമവിരുദ്ധമായും തോട്ടമുടമകൾ കൈയ്യടക്കി വെച്ചിട്ടുണ്ട്. സമഗ്ര നിയമനിർമാണത്തിലൂടെ ഈ തോട്ടം ഭൂമി ഏറ്റെടുക്കാൻ കഴിയുമെന്ന് സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച ഡോ. രാജമാണിക്യം റിപ്പോർട്ട് നൽകിയിട്ടുണ്ട്. 2005 മുതൽ തോട്ടം ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച നിവേദിത പി ഹരൻ, ജസ്റ്റിസ് എൽ. മനോഹരൻ, ഡി. സജിത്ത് ബാബു തുടങ്ങിയ കമീഷനുകൾ, ഭൂമി സർക്കാർ ഭൂമിയാണെന്നും സ്വാതന്ത്യത്തിനുമുൻപ് നൽകിയ ഭൂമി ഇപ്പോഴും തോട്ടം കുത്തകകൾ കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും ഇത്​ ഏറ്റെടുക്കാൻ നിയമ തടസമില്ലെന്നും സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സമഗ്രമായി ഭൂമി ഏറ്റെടുക്കൽ നടപടി സ്വീകരിക്കുന്നതും ഇതിന്​ അർധ ജ്യൂഡീഷ്യൽ അധികാരത്തോടെ ഡോ. രാജമാണിക്യത്തെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിക്കുന്നതും. എന്നാൽ, 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ ഭൂമി ഏറ്റെടുക്കൽ നടപടി അട്ടിമറിക്കപ്പെട്ടു. വിദേശ തോട്ടമുടമകൾ നിയമവിരുദ്ധമായി കയ്യടക്കിവെച്ചിരിക്കുന്ന അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമി സമഗ്ര നിയമനിർമാണത്തിലൂടെ ഏറ്റെടുക്കുകയും കാർഷിക യോഗ്യവും വാസയോഗ്യവുമായ ഭൂമി ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും വേണം.

തോട്ടം തൊഴിലാളികളുടെ ജീവിതം ഇപ്പോഴും ലയങ്ങളിലാണ്. അവർക്ക് സ്വതന്ത്രഭവനങ്ങളാണ് വേണ്ടത്‌ / Photo: pxhere
തോട്ടം തൊഴിലാളികളുടെ ജീവിതം ഇപ്പോഴും ലയങ്ങളിലാണ്. അവർക്ക് സ്വതന്ത്രഭവനങ്ങളാണ് വേണ്ടത്‌ / Photo: pxhere

തോട്ടം മേഖലയിൽ ഒരേക്കറിലും കാർഷിക മേഖലയിൽ 50 സെൻറിലും നഗരങ്ങളിൽ 10 സെൻറിലും കുറയാത്ത ഭൂമി നൽകുക. തോട്ടം മേഖലയിൽ 1958 ൽ വന്ന പ്ലാന്റേഷൻ ലേബർ ആക്റ്റ് പരിഷ്‌കരിക്കുകയും തോട്ടം തൊഴിലാളികൾക്ക് ലയങ്ങൾക്കുപകരം സ്വതന്ത്രഭവനങ്ങൾ അനുവദിക്കുകയും വേണം. സർക്കാർ തന്നെ ചുമതലപ്പെടുത്തിയ കമീഷനുകളുടെ നിരീക്ഷണ പ്രകാരം വിതരണം ചെയ്യാൻ കഴിയുന്ന ധാരാളം ഭൂമി ലഭ്യമാണ്. പക്ഷെ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം മാത്രമാണ് ദളിത്- ആദിവാസികളുടെ ഭൂരാഹിത്യം തുടരാൻ കാരണം. നിയമതടസം മാറ്റാനുള്ള നടപടിയെടുത്ത് എത്രയും വേഗം ഭൂമി വിതരണം ചെയ്യാൻ സർക്കാർ ധൈര്യം കാണിക്കണം.

തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുക

ഏറ്റവും പ്രതിസന്ധിയും അശരണത്വവും അനുഭവിക്കുന്ന വിഭാഗമാണ് മൽസ്യത്തൊഴിലാളികൾ, വിശിഷ്യാ അവരിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ. കടലിലെ വിഭവങ്ങൾക്കുമേലുള്ള പരമ്പരാഗത അവകാശം വലിയ അളവിൽ തീരദേശ വിഭാഗങ്ങൾക്ക് നഷ്ടമാകുന്ന കാലമാണിത്. ബഹുരാഷ്ട്ര കുത്തകകൾ കയറ്റുമതി, ടൂറിസം എന്നിവ ലക്ഷ്യമാക്കി വൻകിട നിർമാണങ്ങൾ തീരദേശങ്ങളിൽ നടത്തുന്നത് അവിടുത്തെ പാരിസ്ഥിതിക സംതുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് വൻതോതിൽ കടൽക്കയറ്റത്തിനും, വർഷക്കാലത്തെ കടലാക്രമണത്തിനും കാരണമാകുന്നു. കടലിലെ പാരിസ്ഥിതിക മാറ്റങ്ങൾ മത്സ്യസമ്പത്തിനെ ബാധിക്കുകയും ഇത് തൊഴിലാളികളുടെ ദൈനംദിന നിലനിൽപ്പ്​ അപകടത്തിലാക്കുകയും​ ചെയ്യും.

എന്ന് മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തുള്ള പൂർണ അവകാശം ഇല്ലാതായോ അന്നുമുതൽക്കാണ് കടൽക്കയറ്റം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കേരളം കണ്ടുതുടങ്ങിയത്.

വനവകാശം പോലെ തന്നെ തീരത്തിന്റെയും കടലിന്റെയും പൂർണ അവകാശം തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്ക്​ നൽകുന്ന തരത്തിലുള്ള നിയമനിർമാണം ആവശ്യമാണ്. മെച്ചപ്പെട്ട പാർപ്പിടം, വിദ്യാഭ്യാസ ആനൂകൂല്യങ്ങൾ, ആൺകുട്ടികൾ സ്‌കൂൾ തലത്തിൽ ഡ്രോപ്പ് ഔട്ട് ആവുന്ന പ്രവണത, കരിമണൽ ഖനനം പോലുള്ളവയുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച്​ പഠിക്കുകയും അവ പരിഹരിക്കാൻ കർമ പദ്ധതികൾ ആവിഷ്‌കരിക്കുകയും വേണം. തീരപ്രദേശത്തെ വികസന പ്രവർത്തനങ്ങൾ പൂർണമായും മത്സ്യത്തൊഴിലാളികളുടെ മുൻകൈയിലായിരിക്കണം.

മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് പൂർണ അവകാശം ഇല്ലാതായതോടെയാണ്​ കടൽ കയറ്റം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കേരളം കണ്ടു തുടങ്ങിയത്.
മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് പൂർണ അവകാശം ഇല്ലാതായതോടെയാണ്​ കടൽ കയറ്റം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കേരളം കണ്ടു തുടങ്ങിയത്.

എന്ന് മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്തുള്ള പൂർണ അവകാശം ഇല്ലാതായോ അന്നുമുതൽക്കാണ് കടൽക്കയറ്റം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കേരളം കണ്ടുതുടങ്ങിയത്.

വനാവകാശ നിയമം നടപ്പിലാക്കുക

കേരളത്തിലെ പട്ടികവർഗ വിഭാഗങ്ങളുടെ വ്യക്തിഗത വനാവകാശവും സാമൂഹിക വനാവകാശവും അംഗീകരിക്കുക. ‘പെസ’ നിയമം നടപ്പാക്കി ഭരണഘടന വിവക്ഷിക്കുന്ന ആദിവാസികളുടെ സ്വയംഭരണാവകാശം സാക്ഷാൽക്കരിക്കുക. വനാവകാശത്തിന്റെ അന്തഃസത്ത ചോർത്തിക്കളയുന്ന നിലയിലാണ് കേരളത്തിൽ വനാവകാശം നടപ്പിലാക്കുന്നത്. 43,129 വനാവകാശ അപേക്ഷകളിൽ 25,825 പേർക്ക് 34,565 ഏക്കർ ഭൂമി മാത്രമാണ് വനാവകാശം നൽകിയത്.

കഴിഞ്ഞ കോൺഗ്രസ്സ് സർക്കാരിന്റെ കാലത്ത്​ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന ആദിവാസി പുനരധിവാസ വികസന മിഷൻ (TRDM) പുനരുജ്ജീവിപ്പിക്കുകയും പുനരധിവാസ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുക. ആദിവാസി ഭൂമി പ്രശ്‌നം പരിഗണിക്കുകയും ഭൂമിനഷ്ടങ്ങളുടെ കണക്കെടുക്കുകയും ചെയ്യുക. വനവിഭവങ്ങൾ ശേഖരിക്കാനുള്ള അവകാശം പൂർണമായും ആദിവാസികൾക്ക് തിരികെ നൽകുക. ആദിവാസികളെ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെടുത്തുന്ന വനം മാഫിയകളെ അടിച്ചമർത്തുക.

സാമൂഹികമായും സാമ്പത്തികമായും പുറന്തള്ളപ്പെട്ട ദളിത്- ആദിവാസി കുടുംബങ്ങളെ വീണ്ടും കോളനിവൽക്കരിക്കാനുള്ള നീക്കമാണ് വലിയ വികസനമെന്ന പേരിൽ ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാർ നടത്തിയത്.

പാർപ്പിടം എന്ന രാഷ്ട്രീയ പ്രശ്‌നം

‘കില’ നടത്തിയ പഠനപ്രകാരം കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും 80 ശതമാനവും കോളനികളിലും ചേരികളിലും പുറംമ്പോക്കു ഭൂമികളിലുമാണ് കഴിയുന്നത്. മെച്ചപ്പെട്ട സാമൂഹിക ജീവിതം രൂപപ്പെടുത്തുവാൻ വാസയോഗ്യമായ പാർപ്പിടമില്ല എന്നതാണ് ഈ കുടുംബങ്ങളുടെ ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധി. വ്യക്തി ശുചിത്വം, സ്വകാര്യത, സാമൂഹ്യ അന്തസ് എന്നിവ ഉറപ്പു നൽകുന്ന വീടുകൾക്ക്​ ഏതൊരാൾക്കും അവകാശമുണ്ട്. സാമൂഹികമായും സാമ്പത്തികമായും പുറന്തള്ളപ്പെട്ട ദളിത്- ആദിവാസി കുടുംബങ്ങളെ വീണ്ടും കോളനിവൽക്കരിക്കാനുള്ള നീക്കമാണ് വലിയ വികസനമെന്ന പേരിൽ ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാർ നടത്തിയത്. അന്തസ്സാർന്ന ജീവിതം രൂപപ്പെടുത്തുന്നതിനും സാമൂഹിക പുരോഗതി കൈവരിക്കുന്നതിനും ദളിതർക്കും ആദിവാസികൾക്കും 10 സെന്ററിൽ കുറയാത്ത ഭൂമിയിൽ 850 സ്‌ക്വയർ ഫീറ്റിൽ കുറയാത്ത സ്വതന്ത്രഭവനങ്ങൾ നിർമിച്ച് നൽകുകയാണ്​ വേണ്ടത്. ഒരു ജനതയെ ഒന്നാകെ തലമുറകളോളം കോളനികളിൽ തളയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
ഇപ്പോൾ വീട് നിർമ്മിക്കുന്നതിന് നാലു ലക്ഷം രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്. നാലു ലക്ഷം രൂപയ്ക്ക് 400 - 450 സ്‌ക്വയർ ഫീറ്റ് വീട് നിർമിക്കുന്നുണ്ട്. ഈ കണക്കനുസരിച്ച്​ 8 - 10 ലക്ഷം രൂപയ്ക്ക് 850 സ്‌ക്വയർ ഫീറ്റിന് മുകളിൽ മനോഹരമായ വീട് നിർമിക്കാം. ഇച്ഛാശക്തിയുള്ള സർക്കാരിന് അഞ്ചു വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഭവനരഹിത കുടുംബങ്ങൾക്കും 850 സ്വകയർ ഫീറ്റിൽ കുറയാതെയുള്ള വീടുകൾ നിർമിച്ചു നൽകാനാകും.

ലൈഫ് പദ്ധതിയുടെ ഭാഗമായി അടിമാലിയിൽ 217 കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്‌ളാറ്റ് / Photo: prd.kerala
ലൈഫ് പദ്ധതിയുടെ ഭാഗമായി അടിമാലിയിൽ 217 കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്‌ളാറ്റ് / Photo: prd.kerala

ലൈഫ് പദ്ധതിയുടെ പൈലറ്റ് പദ്ധതിയായ അടിമാലി ഫ്‌ളാറ്റ് സമുച്ചയത്തിന് സർക്കാർ 217 കുടുംബങ്ങൾക്ക് ചെലവാക്കിയത് 24.82 കോടി രൂപയാണ്. അതായത് ഒരു കുടുംബത്തിന് 11.43 ലക്ഷം രൂപ! കോഴിക്കോട് കോർപ്പറേഷനിൽ 50 പട്ടികജാതി കുടുംബങ്ങളെ പുനരധിവാസിപ്പിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്​ചെലവാക്കിയത് 5.29 കോടി രൂപയാണ്; ഒരു കുടുംബത്തിന് പത്തര ലക്ഷം രൂപ. തിരുവനന്തപുരം മുട്ടത്തറയിൽ 200 മത്സ്യബന്ധ കുടുംബങ്ങൾക്ക്​ സർക്കാർ ചെലവാക്കിയത് 20 കോടി രൂപയാണ്; ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം. തീരത്ത് 50 മീറ്റർ പരിധിയിൽ നിന്ന്​ മാറ്റി താമസിപ്പിക്കുന്ന 772 കുടുംബങ്ങൾക്ക് സർക്കാർ വകയിരുത്തിയത് 78.82 കോടി രൂപയാണ്; ഇവിടെയും ഒരു കുടുംബത്തിന്​ ചെലവാക്കുന്നത് 10.20 ലക്ഷം രൂപ. അതായത് നിലവിലെ പദ്ധതികളിൽ വീട്/ഫ്‌ളാറ്റ് നിർമിക്കാൻ സർക്കാർ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാക്കുന്നുണ്ട്. പക്ഷേ അവ 400 - 450 സ്‌ക്വയർ ഫീറ്റ് ഫ്‌ളാറ്റുകളാണെന്നു മാത്രം.

സംവരണം എന്നതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ പാടെ നിരാകരിക്കുന്ന സവർണ സംവരണ ബിൽ ജാതീയ വിവേചനം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി ആയിരുന്നു. ഈ സർക്കാർ അവകാശപ്പെടുന്ന പോലെ സാമൂഹ്യ നീതി ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം ചെയ്യേണ്ടത് സവർണ സംവരണ ബിൽ റദ്ദാക്കുകയാണ്

വാസയോഗ്യമല്ലാത്തതുകൊണ്ടും സ്ഥലസൗകര്യമില്ലാത്തുകൊണ്ടുമാണ്​ പല പുതുതലമുറ കുടുംബങ്ങളും ഭവനരഹിതരായി കണക്കാക്കപ്പെടുന്നത്. 850 - 1000 സ്‌ക്വയർ ഫീറ്റ് വീടുകൾ നിർമിക്കുന്നതിലൂടെ ഇത് പരിഹരിക്കാം. അന്തസ്സാർന്ന ഭവനവും സാമൂഹിക ജീവിതവും പുതുതലമുറകളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുന്ന ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. ഇപ്രകാരം സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന വികസന പ്രവർത്തനങ്ങളാണ് ഒരു ജനായത്ത സർക്കാർ ഏറ്റെടുക്കേണ്ടത്.

സവർണ സംവരണ ബിൽ റദ്ദാക്കുക

ഭരണഘടനാ വിരുദ്ധമായി, കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ സവർണ സംവരണ ബിൽ, പുതിയ സുപ്രീം കോടതി വിധി മുൻനിർത്തി അടിയന്തിരമായി റദ്ദാക്കാനുള്ള ആർജ്ജവം പുതിയ സർക്കാർ കാണിക്കണം.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടും ശബരിമല ക്ഷീണം തീർക്കാനുമുള്ള പലതരം സവർണ പ്രീണന നയങ്ങളിലൊന്നായിരുന്നു അടിയന്തര പ്രാധാന്യത്തോടെ പ്രാബല്യത്തിൽ വരുത്തിയ ഈ ബിൽ. സംവരണം എന്നതിന്റെ രാഷ്ട്രീയ ഉള്ളടക്കം പാടെ നിരാകരിക്കുന്ന ഈ ബിൽ ഫലത്തിൽ ജാതീയ വിവേചനം അനുഭവിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. ഈ സർക്കാർ അവകാശപ്പെടുന്ന പോലെ സാമൂഹ്യ നീതി ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ടത് സവർണ സംവരണ ബിൽ റദ്ദാക്കുകയാണ്.

എയ്ഡഡ് മേഖല സംവരണം

മിക്ക എയ്ഡ​ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രബല സമുദായങ്ങളുടേതായതുകൊണ്ടുതന്നെ നിയമനം അതാത് സമുദായത്തിനുള്ളിൽ തന്നെ നടത്താൻ അവർക്കു സാധിക്കുന്നു. സ്വാഭാവികമായും ദളിത്- ആദിവാസി ഉദ്യോഗാർത്ഥികൾ ഇവിടെ പുറന്തള്ളപ്പെടുന്നു. ദളിത്- ആദിവാസി സമുദായങ്ങൾക്ക് വിരലിലെണ്ണാവുന്ന അത്രപോലും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ ഇവരുടെ ഉദ്യോഗനഷ്ടം പരിഹരിക്കപ്പെടാതെ പോകുന്നു. പി.എസ്.സി വഴിയുള്ള സർക്കാർ നിയമനത്തിൽക്കൂടിയല്ലാതെ ഇവർക്ക് ജോലി സാധ്യത ഉണ്ടാകുന്നുമില്ല. സർക്കാർ കോളേജുകളെ അപേക്ഷിച്ചു എയ്ഡ​ഡ് മേഖലയിൽ സ്ഥാപനങ്ങൾ കൂടുതലായതിനാൽ ജോലി കിട്ടുന്നതിലെ അനുപാതം ദളിത് - ആദിവാസികൾക്ക് പ്രതികൂലവുമാണ്.

സർക്കാർ ഫണ്ട് നൽകുന്ന എയിഡഡ് അടക്കമുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമനങ്ങളിൽ 10 ശതമാനം പട്ടികജാതി- വർഗ സംവരണം നടപ്പിലാക്കുക.

യൂണിവേഴ്‌സിറ്റി പോലുള്ള സ്​ഥാപനങ്ങളിലെ നിയമനങ്ങളിൽ സംവരണം തീരുമാനിക്കുന്നതിലുള്ള അവ്യക്തത അവസരനഷ്ടം രൂക്ഷമാക്കുന്നു. സ്വകാര്യ എയ്ഡഡ് കോളേജ് നിയമനത്തിൽ ജനസംഖ്യാനുപാതിക സംവരണം നടപ്പിൽ വരുത്തുകയും നിയമനങ്ങൾ പി.എസ്.സിയ്ക്ക് വിടാനുമുള്ള രാഷ്ട്രീയ ആർജവം ഈ സർക്കാർ കാണിക്കണം. ദശാബ്ദങ്ങളായി നിലനിൽക്കുന്ന മേൽജാതി കോളനികളായ എയ്ഡ​ഡ് കോളേജുകളെ നവീകരിച്ച്​ സാമൂഹ്യനീതി പുലരുന്ന ജനാധിപത്യ ഇടങ്ങളാക്കി മാറ്റണം. ദളിതർക്കും ആദിവാസികൾക്കും മറ്റു അതി പിന്നാക്ക സമുദായങ്ങൾക്കും കൂടുതൽ എയ്ഡ​ഡ് കോളേജുകൾ അനുവദിക്കുകയും അത് സർക്കാർ മുതൽമുടക്കിൽ ആരംഭിക്കുകയും വേണം.

വിദ്യാഭ്യാസരംഗത്തു സാമൂഹിക നീതി ഉറപ്പാക്കാൻ ഉള്ള ചില പ്രായോഗിക നിർദേശങ്ങൾ

സർക്കാർ ഫണ്ട് നൽകുന്ന എയ്ഡ​ഡ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമനങ്ങളിൽ 10 ശതമാനം പട്ടികജാതി -വർഗ സംവരണം നടപ്പിലാക്കുക. സ്‌കൂളുകൾ മുതൽ കോളേജുകൾ വരെയും പ്രൊഫഷണൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്​ ഉടൻ നടപ്പാക്കേണ്ടതാണ്.

ഇൻസ്റ്റിറ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ച്‌ / Photo: Sanil Kumar MS, Google Maps
ഇൻസ്റ്റിറ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ച്‌ / Photo: Sanil Kumar MS, Google Maps

വയനാട്ടിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ട്രൈബൽ സ്​റ്റഡീസ്​ ആൻറ്​ റിസർച്ചിനെ ദേശീയ നിലവാരത്തിലുള്ള ആദിവാസി സർവകലാശാലയായി ഉയർത്തുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്ററിൽ 50 സീറ്റ് മാത്രമുള്ള ബി.എ സോഷ്യോളജി, എം.എ സോഷ്യോളജി കോഴ്‌സുകൾ മാ​ത്രമാണുള്ളത്​. ഇവിടെത്തെ അധ്യാപക നിയമനം താൽക്കാലിക / കരാർ അടിസ്ഥാനത്തിലായതുകൊണ്ട് വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള അക്കാദമിക് വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നുമാത്രമല്ല അധ്യാപനത്തിലെ തുടർസ്വഭാവം നിലനിർത്താനും കഴിയുന്നില്ല. മാത്രമല്ല അക്കാദമികമായ യാതൊരു പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നില്ല.

രണ്ട് സർക്കാർ കോളേജുകൾ മാത്രമാണ് വയനാട് ജില്ലയിലുള്ളത്. ആദിവാസി ജനസംഖ്യയിൽ 35 ശതമാനവും വയനാട്ടിലാണ്​ താമസിക്കുന്നത്. പ്ലസ് ടു പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് മതിയായ സീറ്റുകൾ ജില്ലയിലെ ആകെയുള്ള രണ്ടു കോളേജുകളിൽ ലഭ്യമല്ലാത്തതിനാൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ട്രൈബൽ സ്​റ്റഡീസ്​ ആൻറ്​ റിസർച്ചിനെ സർവകലാശാലയായി ഉയർത്തേണ്ടത് അടിയന്തര ആവശ്യമാണ്. 10-ാം ക്ലാസ് ജയിച്ചുവരുന്ന കുട്ടികൾക്ക് പഠിക്കാൻ മതിയായ സീറ്റ് ഇല്ലാത്ത വയനാട്​ അടക്കമുള്ള ജില്ലകളിൽ കൂടുതൽ +1, +2 സീറ്റ്​ അനുവദിക്കുക.

തോട്ടംമേഖലകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്​ഥ കണക്കിലെടുത്ത് മൂന്നാർ, പീരുമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ തോട്ടം മേഖലാ പ്രദേശങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളും കോളേജുകളും ആരംഭിക്കുക.

കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള "അംബേദ്കർ സർവകലാശാല' സ്ഥാപിക്കുകയും പാർലമെന്ററി അഫയേഴ്‌സ്, സോഷ്യൽ എക്‌സ്‌ക്ലൂഷൻ, കാസ്റ്റ് സ്റ്റഡീസ്, കോൺസ്റ്റിറ്റ്യൂഷനൽ സ്റ്റഡീസ് എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പഠനവകുപ്പുകൾ ആരംഭിക്കുകയും വേണം. നിലവിൽ സർവകലാശാലകൾ ഇല്ലാത്തതും ദളിത് ജനസംഖ്യ കൂടുതലുള്ളതുമായ പാലക്കാട് ജില്ലയെ ഇക്കാര്യത്തിന്​ തിരഞ്ഞെടുക്കാം.

ദളിത് വിദ്യാർഥികൾ അക്കാദമിക രംഗത്ത്​ നേരിടുന്ന പ്രശ്‌നങ്ങളെ സാമുദായിക വിഭവമില്ലായ്മയായി പരിഗണിച്ച്​ 100 പട്ടികവിഭാഗ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ പഠിക്കാൻ 25 കോടി രൂപ വകയിരുത്തുക. ഇതിന്​ കേന്ദ്ര-സംസ്ഥാന സർക്കാർ ഫണ്ടുകൾ ക്രിയാത്മകമായി ഉപയോഗിക്കുക.
പ്രീ മെടിക് - പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ കപ്പാസിറ്റി 13,000 സീറ്റാണ്. ഇത്​ 25,000 ആയി വികസിപ്പിക്കുക. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉന്നത നിലവാരത്തിലുള്ള പഠന സൗകര്യമുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ സ്ഥാപിക്കുക.

തോട്ടംമേഖലകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്​ഥ കണക്കിലെടുത്ത് മൂന്നാർ, പീരുമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ തോട്ടം മേഖലാ പ്രദേശങ്ങളിൽ കൂടുതൽ വിദ്യാലയങ്ങളും കോളേജുകളും ആരംഭിക്കുക.

അയ്യങ്കാളി മെമ്മോറിയൽ സ്കൂൾ
അയ്യങ്കാളി മെമ്മോറിയൽ സ്കൂൾ

മോഡൽ റസിഡൻഷ്യൽ സ്​കൂളുകളും കോളേജുകളും സ്‌പോർട്‌സ് സ്‌കൂളുകളും കോളേജുകളും ആയി ഉയർത്തുക. ആദിവാസി മേഖലകളിൽ സ്‌പോർട്സി​ലും അത്‌ലറ്റിക്‌സിലും മികവ് പുലർത്തുന്ന നിരവധി വിദ്യാർഥികളുണ്ട്. ഗോത്രവിദ്യാർത്ഥികൾക്കിടയിൽനിന്ന്​ സംസ്ഥാനത്തിനും ഇന്ത്യയ്ക്കും അഭിമാനിക്കാൻ കഴിയുന്ന പ്രതിഭകളെ വാർത്തെടുക്കാൻ ഇതുവഴി കഴിയും.

മൂത്രപ്പുരയ്ക്കുവേണ്ടിയും ഇരിക്കാനുള്ള അവകാശത്തിനുവേണ്ടിയുമൊക്കെ അസംഘടിതമേഖലയിലെ സ്​ത്രീതൊഴിലാളികൾ നടത്തിയ സമരങ്ങൾ രാഷ്ട്രീയ കേരളം കണ്ടതാണ്. അവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.

ഗോത്രമേഖലയിൽ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ ആരംഭിക്കുവാൻ നടപടി കൈകൊള്ളുക. ഡ്രോപ്പൗട്ട്​ ആകുന്ന വിദ്യാർത്ഥികളെ തിരിച്ച്​ പഠനത്തിന് കൊണ്ടുവരുന്നതിന്​ സ്‌പെഷ്യൽ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക.
ഗവേഷണ പഠനത്തിന് പ്രായപരിധി നിശ്ചയിച്ച്​ ഫെലോഷിപ്പുകൾ റദ്ദാക്കുന്ന തീരുമാനം പിൻവലിക്കുക. ദളിത്- ആദിവാസി വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പുകൾ പ്രതിമാസം വിതരണം ചെയ്യുക.

തമിഴ് ന്യൂനപക്ഷ പ്രദേശമായ വണ്ടിപ്പെരിയാറിൽ തമിഴ് ഭാഷാന്യൂനപക്ഷ പഠനത്തിന് പ്രാധാന്യം നൽകി കോളേജ് അനുവദിക്കുക. പ്ലാന്റേഷൻ തൊഴിലാളികളുടെ മക്കൾക്ക്​ വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കാൻ സമഗ്ര പദ്ധതി നടപ്പാക്കുക.
ഇടമലക്കുടി ഉൾപ്പെടെയുള്ള ഗോത്രമേഖലകളിലെ വിദ്യാലയങ്ങൾ അപ്‌ഗ്രേഡ് ചെയ്യുക.

മഹാത്മാ അയ്യങ്കാളി, വൈകുണ്ഠ സ്വാമികൾ, പൊയ്കയിൽ അപ്പച്ചൻ, കാവാരികുളം കണ്ടൻ കുമാരൻ, പാമ്പാടി ജോൺ ജോസഫ് ഉൾപ്പെടെയുള്ള നവോത്ഥാന നേതൃത്വങ്ങൾക്ക്​ ഉചിതമായ സ്മാരകങ്ങൾ പ്രധാന സ്ഥലങ്ങളിൽ നിർമിക്കുക. ഇവരുടെ ജീവചരിത്രവും പ്രവർത്തനവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുക. സർവകലാശാലകളിൽ സ്റ്റഡി ചെയറുകൾ സ്ഥാപിക്കുക.
മഹാത്മ അയ്യങ്കാളി മെമ്മോറിയൽ സ്‌കൂളിനെ ചരിത്ര സ്മാരകം എന്ന നിലയിൽ സംരക്ഷിക്കുകയും അതിന്റെ പ്രവർത്തനങ്ങൾക്ക്​ സർക്കാർ പരിപൂർണ സാമ്പത്തിക സഹായം നൽകുകയും ചെയ്യുക.

കാവാരികുളം കണ്ടൻ കുമാരൻ
കാവാരികുളം കണ്ടൻ കുമാരൻ

കേരളത്തിൽ 52 കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച കാവാരികുളം കണ്ടൻ കുമാരന്റെ ഓർമക്ക്​ ജന്മനാടായ പെരുമ്പട്ടി ഗ്രാമത്തിൽ (പത്തനംതിട്ട ജില്ല) 8 മുതൽ 12-ാം ക്ലാസ് വരെയുള്ള ഉന്നത നിലവാരം പുലർത്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക.

കേരളത്തിന് പുറത്ത് സർക്കാർ സ്ഥാപനങ്ങളിലും സെൻട്രൽ യൂണിവേഴ്സിറ്റികളിലും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും പഠിക്കുന്ന പട്ടിക ജാതി- വർഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുക. അതിനുള്ള ചുവപ്പുനാട അഴിക്കുക.

പട്ടികജാതി- വർഗ വിദ്യാർത്ഥികളുടെ പഠനത്തിന്​ എല്ലാ ജില്ലകളിലും ഉന്നതനിലവാരമുള്ള റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കുക. ഈ സ്‌കൂളുകളുടെ മേൽനോട്ടം സീനിയർ റാങ്കിലുള്ള ഐ.എ.എസ്​ ഓഫീസറുടെ കീ ഴിലാക്കുക. തെലങ്കാനയിലെ സോഷ്യൽ വെൽഫെയർ സ്‌കൂളുകളുടെ പ്രവർത്തനം ഇക്കാര്യത്തിൽ മാതൃകയാക്കാം.

അസംഘടിത മേഖല

അസമത്വവും ചൂഷണവും​ അനുഭവിക്കുന്ന അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സത്വര നടപടിയെടുക്കുക. മൂത്രപ്പുരയ്ക്കുവേണ്ടിയും ഇരിക്കാനുള്ള അവകാശത്തിനുവേണ്ടിയുമൊക്കെ ഇവർ നടത്തിയ സമരങ്ങൾ രാഷ്ട്രീയ കേരളം കണ്ടതാണ്. അവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ, മെച്ചപ്പെട്ട കൂലി, തൊഴിൽജന്യ അസുഖങ്ങൾക്ക്​ സൗജന്യ ചികിത്സ, അർഹമായ വിശ്രമം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം, അർഹമായ അവധി, ആർത്തവ- പ്രസവ സമയങ്ങളിൽ ശമ്പളം ഉറപ്പുവരുത്തിക്കൊണ്ടുള്ള അവധി, പി.എഫ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തി അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി ഒരു നയം തയ്യാറാക്കുക, ഇതിനുവേണ്ടിയുള്ള ആലോചന മുതൽ നടപ്പാക്കൽ വരെയുള്ള ഘട്ടങ്ങളിൽ ഈ സ്ത്രീ തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുകയും വേണം. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റ ബാങ്ക് പെട്ടെന്ന് തയ്യാറാക്കണം.
ഗാർഹിക തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുകയും നിർദ്ദേശങ്ങൾക്കനുസരിച്ച്​ അവർക്കായി പദ്ധതികൾ ആരംഭിക്കുകയും വേണം.

കല്ല്യാൺ സാരീസിലെ സ്ത്രീ തൊഴിലാളികൾ നടത്തിയ ഇരിക്കൽ സമരത്തിൽ നിന്ന്‌
കല്ല്യാൺ സാരീസിലെ സ്ത്രീ തൊഴിലാളികൾ നടത്തിയ ഇരിക്കൽ സമരത്തിൽ നിന്ന്‌

സവിശേഷ ശ്രദ്ധ നൽകേണ്ട മറ്റൊരു വിഭാഗം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന്​കേരളത്തിലെ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളാണ്. അവരുടെ പ്രശ്‌നങ്ങൾ പഠിക്കണം. വേതനത്തിലെ കുറവ്​, ലൈംഗിക ചൂഷണങ്ങൾ അടക്കം അവർ ​നേരിടുന്ന വിഷയങ്ങൾ പരിഹരിക്കപ്പെടണം. പ്ലാന്റേഷൻ തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്ങ്ങൾ കേരളം വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത വിഷയമാണ്. അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കുക, തൊഴിലാളികളുടെ മക്കൾക്ക്​ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുക തുടങ്ങിയ കാര്യങ്ങൾ നിറവേറ്റപ്പെടണം. അവരുടെ മുൻകൈയിലുണ്ടായ പൊമ്പിളൈ ഒരുമൈ രാഷ്ട്രീയ ഇടപെടലുകളും അവരുയർത്തിയ അവകാശ സമരങ്ങളും പ്രബല രാഷ്ട്രീയ പാർട്ടികൾ സംഘം ചേർന്ന് ദുർബലപ്പെടുത്തിയെന്ന യാഥാർഥ്യം കൂടി പരിഗണിക്കുമ്പോൾ, ഈ സർക്കാരിന് ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അധിക ധാർമിക ഉത്തരവാദിത്തമുണ്ട് എന്നു ഞാൻ കരുതുന്നു.

സാമൂഹ്യനീതി, ജെന്റർ തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ കുട്ടികൾ നിർബന്ധമായും പഠിക്കുന്ന തരത്തിൽ സിലബസുകൾ പരിഷ്‌ക്കരിക്കുന്നത്​ ഡൈവേഴ്‌സിറ്റിയെ കുറിച്ചും അധികാരത്തെ കുറിച്ചും മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും

വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ രംഗത്തെ തളർച്ച പരിഹരിക്കാൻ നടപടി ഉണ്ടാകണം. റിസർച്ച്​സൂപ്പർവൈസർമാർക്കുകീഴിൽ റിസർച്ച്​ ചെയ്യാൻ കഴിയുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വെട്ടിക്കുറച്ചത്​ യഥാർത്ഥത്തിൽ ദളിത്- ആദിവാസി വിദ്യാർത്ഥികളെയും പ്രിവിലേജ് ഇല്ലാത്ത മറ്റു വിദ്യാർത്ഥികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സൂപ്പർവൈസർമാരെ സമീപിക്കാൻ പോലും ശുപാർശയോ, കമ്യൂണിറ്റി നെറ്റ്​വർക്ക് തുടങ്ങിയ സോഷ്യൽ കാപ്പിറ്റലോ ആവശ്യമായി വരാറുണ്ട്. ഇക്കാര്യത്തിലും സാമൂഹ്യപിന്നാക്കാവസ്ഥ മൂലം ദളിത്- ആദിവാസി വിദ്യാർഥികൾക്ക്​ ഇത്തരം അവസരങ്ങൾ ലഭ്യമാകാറില്ല. അതുകൊണ്ടുതന്നെ ഒരു അധ്യാപകന്റെ /അധ്യാപികയുടെ കീഴിൽ ഗവേഷണം ചെയാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂട്ടുകയും ഓരോ ഡിപ്പാർട്ടുമെന്റിലും നിശ്ചിത സീറ്റ് ഈ വിഭാഗം വിദ്യാർത്ഥികൾക്കായി മാറ്റിവെയ്ക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ ഒരു നയമുണ്ടാക്കാൻ പുതിയ സർക്കാരിന് കഴിയണം.
ഉന്നതവിദ്യാഭ്യാസ രംഗത്ത്​ സോഷ്യൽ സയൻസ് പഠനങ്ങൾക്ക്​ പ്രാധാന്യം കൊടുക്കണം. സാമൂഹ്യനീതി, ജെന്റർ തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ കുട്ടികൾ നിർബന്ധമായും പഠിക്കുന്ന തരത്തിൽ സിലബസുകൾ പരിഷ്‌ക്കരിക്കുന്നത്​ ഡൈവേഴ്‌സിറ്റിയെ കുറിച്ചും അധികാരത്തെ കുറിച്ചും മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുകയും മെച്ചപ്പെട്ട സാമൂഹ്യ ജീവികളായി മാറാൻ അവരെ സഹായിക്കുകയും ചെയ്യും. മറ്റൊരു പ്രധാന കാര്യം, യൂണിവേഴ്‌സിറ്റി തലത്തിൽ അക്കാദമിക മികവ് പുലർത്തുകയും, എം.ഫിൽ, പി എച്ച്​.ഡി, സോഷ്യൽ വർക്ക് തുടങ്ങിയവ പൂർത്തിയാക്കുകയും​ ചെയ്​ത ദളിത്- ആദിവാസി വിദ്യാർത്ഥികൾക്ക് മേൽ സൂചിപ്പിച്ച സോഷ്യൽ കാപിറ്റലിന്റെ അഭാവം മൂലം തൊഴിൽ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാവുകയും പലരും കായിക ജോലി അടക്കം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയുണ്ട്.

സാമൂഹ്യനീതി, ജെന്റർ തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ കുട്ടികൾ നിർബന്ധമായും പഠിക്കുന്ന തരത്തിൽ സിലബസുകൾ പരിഷ്‌ക്കരിക്കണം / Photo:pixabay
സാമൂഹ്യനീതി, ജെന്റർ തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ കുട്ടികൾ നിർബന്ധമായും പഠിക്കുന്ന തരത്തിൽ സിലബസുകൾ പരിഷ്‌ക്കരിക്കണം / Photo:pixabay

ഈ വിഭാഗത്തിൽ പെടുന്ന ഗവേഷകരുടെ പാനൽ സംസ്ഥാന- യൂണിവേഴ്‌സിറ്റി തലങ്ങളിൽ ഉണ്ടാക്കി, സർക്കാർ- യൂണിവേഴ്‌സിറ്റി തലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന റിസർച്ച് സംബന്ധമായ ജോലികളിൽ ഇവർക്ക്​ സവിശേഷ പരിഗണന നൽകേണ്ടതുണ്ട്. പുതിയ സർക്കാർ ഈ വിഷയം അർഹിക്കുന്ന ശ്രദ്ധ നൽകി നടപ്പിലാക്കണം.

പി. എസ്. സി മാതൃകയിൽ, സർവകലാശാലയിലുണ്ടാകുന്ന തൊഴിലവസരങ്ങളുടെ സംവരണത്തോത് നിർണയിച്ച്​ മുൻകൂട്ടി അതാത് ഡിപ്പാർട്ടുമെൻറുകളിലെ സംവരണ ഒഴിവുകൾ പ്രഖ്യാപിച്ച്​ വിജ്​ഞാപനം നടത്തിയാൽ സംവരണ നഷ്ടം ഒഴിവാക്കാം. കൂടാതെ, പോസ്റ്റ് ഡോക് പൊസിഷൻസ് ഇപ്രകാരം മുൻകൂട്ടി വിജ്ഞാപനം ചെയ്യാം.

വൈസ് ചാൻസലർ, പി.വി.സി, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിലും അർഹമായ ദളിത്- ആദിവാസി- സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം.

ശാസ്ത്ര വിദ്യാഭ്യാസം

കഴിഞ്ഞ രണ്ടു ദശാബ്ദമായി കേരളത്തിൽ സമസ്തമേഖലയിലും നടന്നു കൊണ്ടിരിക്കുന്ന മൃദു ഹൈന്ദവവൽക്കരണവും ഹിന്ദു റിവൈവലിസവും അർഹിക്കുന്ന ജാഗ്രതയോടെ അഭിസംബോധന ചെയ്യാൻ രാഷ്ട്രീയ കേരളത്തിനായിട്ടില്ല.

ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ പോലും ആർത്തവം എന്നത് അശുദ്ധമാണ് എന്ന് വിശ്വസിക്കുന്നത്​ നമ്മൾ കണ്ടു. ശാസ്ത്രാവബോധം സൃഷ്ടിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണ്.

സെക്യുലർ സ്‌പേസുകൾ കുറയുന്നതും, അവിശ്വാസികൾക്കും സ്വതന്ത്ര ചിന്തകർക്കും ജീവിക്കാൻ അനുകൂലമല്ലാത്ത സ്ഥിതിയുണ്ടാകുന്നതും നമ്മളെ വേണ്ടത്ര അസ്വസ്ഥരാക്കുന്നില്ല. ഇതിന്റെ ഏറ്റവും മോശം രൂപം ശബരിമല വിധിയിൽ കണ്ടതുമാണ്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ പോലും ആർത്തവം എന്നത് അശുദ്ധമാണ് എന്ന് വിശ്വസിക്കുന്നതും നമ്മൾ കണ്ടു. ശാസ്ത്രാവബോധം, യുക്തി ചിന്ത എന്നിവ തീർത്തും അപ്രത്യക്ഷമാകുന്ന കാലമാണിത്. ശാസ്ത്രാവബോധം സൃഷ്ടിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളും, സർക്കാർ സംവിധാനങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അന്ധവിശ്വാസവും, സ്ത്രീ വിരുദ്ധതയും, ദുരാചാരങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ സാധാരണമാണ് (ഉദാഹരണമായി, കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം നിർദ്ദേശിക്കപ്പെട്ടപ്പോൾ അത് ജാതിവ്യവസ്ഥയുടെ ഭാഗമായ തൊട്ടുതീണ്ടായ്മയെ ന്യായീകരിയ്ക്കാൻ ഉപയോഗിച്ച വലതുപക്ഷ യുക്തി എടുക്കാം). ചെറുപ്രായം മുതൽ ശാസ്ത്രാവബോധം ഉണ്ടാക്കുന്ന ഭാഗങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ബോധവൽക്കരണ ക്ലാസും പരിപാടികളും വ്യാപകമായി സംഘടിപ്പിക്കേണ്ടതുണ്ട്.

കേരളത്തിൽ സെക്യുലർ സ്‌പേസുകൾ കുറയുകയും അവിശ്വാസികൾക്കും സ്വതന്ത്ര ചിന്തകർക്കും ജീവിക്കാൻ അനുകൂലമല്ലാത്ത സ്ഥിതിയുണ്ടാകുകയും​ ചെയ്യുന്നുണ്ട്​ / ഫോട്ടോ: ദേശാഭിമാനി
കേരളത്തിൽ സെക്യുലർ സ്‌പേസുകൾ കുറയുകയും അവിശ്വാസികൾക്കും സ്വതന്ത്ര ചിന്തകർക്കും ജീവിക്കാൻ അനുകൂലമല്ലാത്ത സ്ഥിതിയുണ്ടാകുകയും​ ചെയ്യുന്നുണ്ട്​ / ഫോട്ടോ: ദേശാഭിമാനി

എല്ലാ മതങ്ങളെയും വ്യത്യസ്ത വിശ്വാസങ്ങളെയും ബഹുമാനിക്കാനും അംഗീകരിക്കാനുമുള്ള ബോധം കുട്ടികളിൽ ചെറുപ്പം മുതലേ സൃഷ്ടിക്കണം. അതു പോലെ പ്രധാനമാണ് സാമൂഹ്യ നീതി വിഷയങ്ങളുടെ പഠനവും. സംവരണം, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്​ കുട്ടികൾക്ക് പ്രായത്തിന്റെ പഠനശേഷി അനുസരിച്ച്​ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. സംവരണം എന്നത്​ കേരളത്തിലെ 50 ശതമാനത്തോളം സംവരണീയ സമുദായങ്ങൾക്ക്​ ലഭ്യമായിട്ടുള്ള ഭരണഘടനാ അവകാശമാണ് എങ്കിലും സംവരണം നേടുന്നതിന്റെ ഭാരവും സ്പർദ്ധയും ഹിംസയും നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്നത് ദളിതരും ആദിവാസികളുമാണ്. സംവരണത്തിന്റെ പ്രായോഗിക കണക്കുകളും അതിന്റെ രാഷ്ട്രീയവും ചെറിയ പ്രായം മുതലേ പഠിക്കുന്നത് കുറച്ചുകൂടി ഉന്നതമായ ജനാധിപത്യബോധമുള്ള സാമൂഹ്യനീതി മൂല്യങ്ങളിൽ വിശ്വസിക്കുന്ന തലമുറകൾ വളർന്നുവരുന്നതിനു കാരണമാകും. ഇത്തരത്തിൽ വിദ്യാഭ്യാസനയത്തിലും കരിക്കുലത്തിലും ആവശ്യമായ മാറ്റം വരുത്താൻ സർക്കാർ നിർദേശിക്കണം.

വിമത സമുദായ അംഗങ്ങളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുക

വിമത സ്വത്വവിഭാഗങ്ങളുടെ കൂടിയ ദൃശ്യതയ്ക്കും കമ്യൂണിറ്റി അവകാശങ്ങൾ ഉറപ്പു വരുത്താനും അവർക്ക്​ അധികാരത്തിന്റെ വിവിധ രംഗങ്ങളിൽ പങ്കാളിത്തം ഉറപ്പു വരുത്താനും സ്വാഭാവികവും ആത്മാഭിമാനത്തോടെയുമുള്ള ജീവിതം നയിക്കാൻ കഴിയുന്ന അവസരങ്ങൾ സൃഷ്ട്ടിക്കാനും ഉതകുന്ന സാംസ്‌കാരിക- രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് ലൈംഗികത, ലിംഗനില തുടങ്ങിയ സങ്കീർണ വിഷയങ്ങളെ കൂടി ഉൾപ്പെടുത്തുന്നതായിരിക്കണം.

കേരളത്തിലെ മെഡിക്കൽ സർവീസുകൾ ഒട്ടും വിമത സൗഹൃദപരമല്ല. പ്രധാന ഹോസ്പിറ്റലുകളിൽ ക്വിയർ ക്ലിനിക്കുകൾ ആരംഭിക്കുകയും അവിടെ ഈ വിഷയത്തിൽ പരിശീലനം ലഭിച്ച മെഡിക്കൽ പ്രാക്ടീഷണർമാരുടെ സേവനം ഉറപ്പു വരുത്തുകയും വേണം.

വിമത ലിംഗ -ലൈംഗിക അഭിരുചികളുടെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രയോഗ പദ്ധതികൾ ഇക്കാര്യത്തിൽ ആവശ്യമാണ്. ആൺകോയ്മ - ഭിന്നലൈംഗിക അഭിരുചികളിൽ ഊന്നിക്കൊണ്ടുള്ള സമീപനങ്ങൾ ഇക്കാര്യത്തിൽ കമ്യൂണിറ്റിയെ സഹായിക്കില്ല. പഠന സഹായം മുതൽ ലിംഗമാറ്റ ശസ്ത്രക്രിയ സഹായങ്ങൾ വരെ, സ്വയം തൊഴിൽ മുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കൽ വരെ, ക്വിയർ സൗഹൃദ ടോയ്‌ലറ്റുകൾ മുതൽ പൊലീസ് വേട്ടയാടൽ അവസാനിപ്പിക്കുന്നതുവരെ... ഇങ്ങനെ ധാരാളം കാര്യങ്ങൾ നടപ്പിൽ വരുത്തേണ്ടി വരും.

കേരളത്തിലെ മെഡിക്കൽ സർവീസുകൾ ഒട്ടും വിമത സൗഹൃദപരമല്ല. പ്രധാന ഹോസ്പിറ്റലുകളിൽ ക്വിയർ ക്ലിനിക്കുകൾ ആരംഭിക്കുകയും അവിടെ ഈ വിഷയത്തിൽ പരിശീലനം ലഭിച്ച മെഡിക്കൽ പ്രാക്ടീഷണർമാരുടെ സേവനം ഉറപ്പു വരുത്തുകയും വേണം. ഇപ്പോഴും ട്രാൻസ് -ഗേ -ലെസ്ബിയൻ വ്യക്തിത്വങ്ങൾ വീട്ടുകാരുടെ ക്രൂരപീഡനങ്ങൾക്ക്​ വിധേയമാകുന്നുണ്ട്​. ഇത്തരം അതിക്രമങ്ങളെ ശിക്ഷാർഹമായ കുറ്റമായി കണക്കാക്കേണ്ടതുണ്ട്. മാനസിക ചികിത്സാലയങ്ങളും സൈക്യാട്രിസ്​റ്റുകളും നിയമവിരുദ്ധമായി കൺവേർഷൻ തെറാപ്പി ചെയ്യുന്നത് പതിവാണ്. ഇത്തരം സ്ഥാപനങ്ങളുടെ കണക്കെടുക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യണം.

വിമത സ്വത്വവിഭാഗങ്ങളുടെ കൂടിയ ദൃശ്യതയും കമ്യൂണിറ്റി അവകാശങ്ങളും ഉറപ്പു വരുത്താനുള്ള പ്രയോഗ പദ്ധതികൾ ആവശ്യമാണ്​
വിമത സ്വത്വവിഭാഗങ്ങളുടെ കൂടിയ ദൃശ്യതയും കമ്യൂണിറ്റി അവകാശങ്ങളും ഉറപ്പു വരുത്താനുള്ള പ്രയോഗ പദ്ധതികൾ ആവശ്യമാണ്​

ക്വിയർ സൗഹൃദ മെന്റൽ ഹെൽത്ത് പ്രാക്റ്റീസ് ഉറപ്പു വരുത്തുന്നതിന്​ ഘട്ടം ഘട്ടമായി സൈക്യാട്രിസ്​റ്റ്​, സൈക്കോളജിസ്റ്റ് പ്രാക്ടീഷണർമാർക്ക് സർക്കാർ പരിശീലനം നൽകണം. ജില്ലാ കേന്ദ്രങ്ങളിൽ വിമത വ്യക്തിത്വങ്ങൾക്കായി ഷോർട്ട്​സ്റ്റേ ഹോമുകൾ സ്ഥാപിക്കുകയും വീട്ടിൽ നിന്നിറങ്ങി വരേണ്ട സാഹചര്യമുള്ളവർക്ക്​ അവ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ തുറന്നു കൊടുക്കുകയും വേണം. ട്രാൻസ് വ്യക്​തികൾക്ക് പകൽ വീടുകളും നിർമിക്കേണ്ടതാണ്. ക്വിയർ ദമ്പതിമാർക്ക് താമസിക്കാൻ വാടക വീടുകൾ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. അതും അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യമുള്ള മേഖലയാണ്. പൊതുവിൽ പറഞ്ഞാൽ കേരളം വിമത സൗഹൃദമാക്കി മാറ്റുന്നതിന്​ ട്രാൻസ് -ക്വിയർ വ്യക്തിത്വങ്ങളെയും ഗവേഷകരെയും ഉൾപ്പെടുത്തി അതിവേഗ കർമ പരിപാടിയ്ക്ക് രൂപം കൊടുക്കാൻ സർക്കാരിന് കഴിയണം. നീതി വൈകും തോറും അത് അനീതിയാവും, മറക്കരുത്.

യു. എ. പി. എ മരവിപ്പിക്കുക, മാവോയിസ്‌റ്റ് കൊലപാതകങ്ങൾ അവസാനിപ്പിക്കുക

എതിരഭിപ്രായങ്ങൾ ഇല്ലാതാക്കാൻ ലോകത്തെമ്പാടുമുള്ള ഫാസിസ്റ്റു സർക്കാരുകൾ മനുഷ്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നത് സർവസാധാരണമാണ്. ഇന്ത്യയിൽ ഹൈന്ദവ ഫാസിസ്റ്റ്​ സർക്കാർ എതിരഭിപ്രായങ്ങൾ അടിച്ചമർത്തുന്നതിന്​ മനുഷ്യാവകാശപ്രവർത്തകർക്കും സ്വതന്ത്ര ചിന്തകർക്കും നേരെ യു. എ. പി. എ ഉപയോഗിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി നടക്കുന്ന മാവോയിസ്റ്റ് കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഒരു സർക്കാരിനും അവരുടെ ജനതയെ കൊല്ലാൻ അവകാശം ഇല്ല.

അഭിപ്രായ വ്യത്യാസങ്ങളെയും പ്രക്ഷോഭങ്ങളെയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളായാണ്​ ആധുനിക സർക്കാർ മനസ്സിലാക്കേണ്ടത്​. എന്നാൽ കേരളത്തിൽ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായമുണ്ട് എന്ന കാരണത്താൽ രണ്ടു ചെറുപ്പക്കാർ ഈ നിയമപ്രകാരം കേസ് നേരിടേണ്ടി വന്നു എന്ന് നമുക്ക് അറിയാം.

യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസൽ
യു.എ.പി.എ കേസിൽ അറസ്റ്റിലായ താഹ ഫസൽ

പലപ്പോഴും അടിസ്ഥാന തെളിവുപോലുമില്ലാതെ ഈ നിയമപ്രകാരം കേസെടുക്കാനുള്ള പ്രവണത പല എൻഫോഴ്‌സ്‌മെൻറ്​ വിഭാഗങ്ങളും കാണിക്കുന്നു എന്നതും പൊതുവെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, ഈ നിയമ പ്രകാരം കേസെടുക്കുന്നതിനുമുമ്പ്​കൃത്യമായ അന്വേഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. കടുത്തപ്രയോഗം എന്ന നിലയ്ക്കുള്ള ഈ നിയമത്തിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാൻ തത്വത്തിൽ ധാരണ ഉണ്ടാക്കേണ്ടത് ഇടതുപക്ഷ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കൂടാതെ ഈ നിയമ പ്രകാരം കേരളത്തിൽ നിന്ന് വിചാരണ തടവുകാരായി കഴിയുന്ന സിദ്ദിഖ് കാപ്പൻ, ഹാനി ബാബു തുടങ്ങിയവരുടെ മോചനത്തിന്​ അടിയന്തര ഇടപെടൽ സർക്കാർ നടത്തേണ്ടതാണ്​.

ഈ എഴുതുന്ന ആൾ മാവോയിസ്റ്റ് ആശയങ്ങൾ പിൻപറ്റുന്നില്ല എന്നു മാത്രമല്ല, ഇന്ത്യയിൽ വിപ്ലവം വരണം എന്ന് ആഗ്രഹിക്കുന്ന ആളുമല്ല. ജനാധിപത്യത്തിൽ ഉറച്ചു വിശ്വസിക്കുന്ന, ജാതി വിരുദ്ധ -ഫെമിനിസ്റ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ആളാണുതാനും. പക്ഷെ, മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി നടക്കുന്ന മാവോയിസ്റ്റ് കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഒരു സർക്കാരിനും അവരുടെ ജനതയെ കൊല്ലാൻ അവകാശമില്ല. ജനാധിപത്യ മാർഗങ്ങളിലൂടെയുള്ള ചർച്ചക്കും ധാരണകൾക്കും സർക്കാർ മുൻകൈ എടുക്കണം. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി ആദിവാസികളെ ഭയത്തിലേയ്ക്ക് തള്ളിയിടുന്ന പ്രവണതയും അവസാനിക്കേണ്ടതുണ്ട്.

വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീൽ
വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീൽ

മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന സമീപനമാണ് ഇക്കാര്യത്തിൽ സർക്കാർ പുലർത്തേണ്ടത്. മരിച്ച മാവോയിസ്റ്റ് പ്രവർത്തകരുടെ ബന്ധുക്കളുടെ ആവശ്യങ്ങളും സർക്കാർ ചർച്ച നടത്തി പരിഹരിക്കേണ്ടതാണ്. ( ഇന്ത്യയിലെ ആദിവാസി പ്രദേശങ്ങളിൽ കടന്നുകൂടി ആദിവാസികളെ പ്രശ്‌നങ്ങളിലേയ്ക്കും മരണത്തിലേക്കും നയിക്കുന്ന മാവോയിസ്റ്റ് രാഷ്ട്രീയത്തോടുള്ള വിമർശനം ദളിത് ചിന്തകർ മുന്നോട്ടു വെച്ചിട്ടുള്ളതാണ്. ലേഖികയും ആ വിമർശനത്തെ പിന്താങ്ങുന്നു.)

സാംസ്‌കാരിക ഹിന്ദുത്വയെ ചെറുക്കുക

സാംസ്‌കാരിക ഹിന്ദുത്വത്തെ ഒരു തരത്തിലും ചോദ്യം ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു മുന്നണിയുടെ സർക്കാരിനോട് ഇത്തരം ഒരാവശ്യം ഉന്നയിക്കുന്നതിന്റെ ഐറണിയെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എങ്കിലും ഒരു മോഹചിന്ത നല്ലതാണല്ലോ. കേരള സമൂഹത്തിൽ ആഴത്തിൽ വേരോടിയ സവർണ ആൺകോയ്മ ഭിന്നലൈംഗിക മൂല്യവ്യവസ്ഥകളോട് നിരന്തരം കലഹിച്ചു കൊണ്ടല്ലാതെ കേരളത്തിൽ തുല്യതയും തുല്യ നീതിയും ഉണ്ടാവുകയില്ല.

കേരളത്തിലെ ജാതി വിരുദ്ധ -ഫാസിസ്റ്റ് വിരുദ്ധ -ഹൈന്ദവേതര -ഫെമിനിസ്റ്റ് സംവാദങ്ങളെ അഭിസംബോധന ചെയ്തും സംവാദങ്ങളിൽ ഏർപ്പെട്ടുമാണ് സർക്കാരിന് സാംസ്‌കാരിക ഹിന്ദുത്വയെ പ്രതിരോധിക്കാൻ കഴിയൂ

കുടുംബങ്ങളിൽ മുതൽ സാംസ്‌കാരിക രംഗത്തും പോപ്പുലർ സംസ്കാരത്തിലും, സാഹിത്യ പൊതുമണ്ഡലത്തിലും ഒക്കെ ഇത് പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ജാതി വിരുദ്ധ -ഫാസിസ്റ്റ് വിരുദ്ധ -ഹൈന്ദവേതര -ഫെമിനിസ്റ്റ് സംവാദങ്ങളെ അഭിസംബോധന ചെയ്തും സംവാദങ്ങളിൽ ഏർപ്പെട്ടുമാണ് സർക്കാരിന് സാംസ്‌കാരിക ഹിന്ദുത്വയെ പ്രതിരോധിക്കാൻ കഴിയൂ. മതേതരത്വ, വിശ്വാസേതര ഇടങ്ങൾ ചുരുങ്ങി വരുന്നു എന്നതും അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഹിന്ദു രാഷ്ട്രീയത്തെ നേരിടാൻ കൂടുതൽ ഹിന്ദു പ്രീണനമല്ല വേണ്ടത്​; മറിച്ച്​, വ്യത്യസ്ത വിശ്വാസധാരകളെയും വൈവിധ്യങ്ങളെയും സഹവർത്തിത്വത്തെയും സാഹോദര്യത്തെയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പദ്ധതികളിലൂടെ വേണം ഹൈന്ദവ ഫാസിസത്തെ നേരിടേണ്ടത്.

അമ്പലങ്ങൾ വലതുപക്ഷ ഹിന്ദു സംഘടനകളുടെ പ്രവർത്തന കേന്ദ്രങ്ങളാകുന്ന സ്ഥിതി വിശേഷം അടുത്തകാലത്ത് കൂടുതലാണ്. ഇത്തരം സംഘംചേരലുകൾ അവസാനിപ്പിക്കാനുള്ള നിയമസാധുതകൾ ആലോചിക്കേണ്ടതാണ്. അമ്പലക്കമ്മറ്റികളിൽ ഹിന്ദുമതത്തിലെ എല്ലാ ജാതിയിലും പെട്ടവർക്കും പ്രാതിനിധ്യം ഉറപ്പു വരുത്തുക. തന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള ജോലികളിൽ ദളിതർ -കീഴാളർ -അതി പിന്നാക്ക വിഭാഗങ്ങളിലെ യോഗ്യതയുള്ളവർക്ക് നിയമനം ലഭ്യമാക്കുക. ആചാര പരിഷ്‌കരണ സമിതികളിൽ കീഴാളർക്കും സ്ത്രീകൾക്കും പങ്കാളിത്തം ഉറപ്പു വരുത്തുക. ഇത്തരം മതവിഭാഗത്തിൽ പെടുന്ന ദളിത്- ആദിവാസി- സ്ത്രീകൾക്ക് അവരുടെ മതവിഷയങ്ങളിലും തീരുമാനമെടുക്കുന്ന കമ്മിറ്റികളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുക. ബ്രാഹ്‌മണവൽക്കരണം തടയാൻ കീഴാളമായ അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന നയം രൂപീകരിക്കുക. കീഴാളമായ ആരാധനാലയങ്ങൾക്ക്​ അതിന്റെ സ്വത്വം നിലനിർത്താനുതകുന്ന സഹായ പദ്ധതികൾക്ക്​ രൂപം കൊടുക്കുക. വ്യത്യസ്ത സമുദായങ്ങളുടെ ആചാരക്രമങ്ങളും, വിമത ന്യുനപക്ഷ സമൂഹങ്ങളിലെ ആചാരങ്ങൾക്കും ദൃശ്യത നൽകുക- ഇത്തരം നടപടികൾ വരേണ്യ ഹൈന്ദവതയുടെ മേൽക്കൈ അവസാനിപ്പിക്കാൻ സഹായകമാകും. സാംസ്‌കാരിക കേരളത്തിന്റെ മനസ്സിൽ ആഴത്തിൽ വേരോടിയ ഇസ്‌ലാമോഫോബിയ ഫലപ്രദമായി നേരിടാനുള്ള രാഷ്ട്രീയ- സാംസ്‌കാരിക പദ്ധതികൾ ആവിഷ്‌കരിക്കപ്പെടണം.

രാഷ്ട്രീയം ഈ ദശാബ്ദത്തിലും ആൺകാര്യമായാണ് നിലകൊള്ളുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പ്രബല രാഷ്ട്രീയത്തിന് കഴുകിക്കളയാൻ കഴിയാത്ത ഒരു മേൽജാതി ആണത്ത സ്വഭാവമുണ്ട്.

രാഷ്ട്രീയ പ്രവർത്തനങ്ങളെ ആൺകോയ്മ ശീലങ്ങളിൽ നിന്ന് മോചിപ്പിക്കേണ്ട ആവശ്യകതയുണ്ട് എന്ന് തോന്നിപ്പിച്ച തെരഞ്ഞെടുപ്പ് കൂടി ആയിരുന്നു ഇത്തവണ. രാഷ്ട്രീയം ഈ ദശാബ്ദത്തിലും ആൺകാര്യമായാണ് നിലകൊള്ളുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, പ്രബല രാഷ്ട്രീയത്തിന് കഴുകിക്കളയാൻ കഴിയാത്ത ഒരു മേൽജാതി ആണത്ത സ്വഭാവമുണ്ട്. ടെറിട്ടറി ഉണ്ടാക്കലും, വയലൻസും അപരഭയവും മേധാവിത്ത മനോഭാവവും ദുർബല വിഭാഗങ്ങളെ ഉപഭോക്താക്കളായി നിലനിർത്തലും രക്ഷകരുടെ ഉദയം കൊള്ളലും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ തീരെക്കുറവുള്ള സ്ത്രീകളെ കുടുംബത്തിന്റെ തുടർച്ചാ റോളുകളിൽ പ്രതിഷ്ഠിക്കുന്നതും (ടീച്ചറമ്മ, പെങ്ങളൂട്ടി പ്രയോഗങ്ങൾ ഓർക്കുക ) ഒക്കെ ഈ ആണത്ത സ്വഭാവത്തിന്റെ ലക്ഷണങ്ങളായി മനസ്സിലാക്കാം. കുറേക്കാലമായി ആഘോഷിക്കപ്പെടുന്ന ‘സംരക്ഷകനായ അച്ഛൻ ഫിഗർ’ (പ്രധാനമായും പിണറായി വിജയനെയും കൂടിയും കുറഞ്ഞും ഇരുമുന്നണികളിലെയും ഐക്കോണിക് നേതാക്കളെയും ആണ് ഇവിടെ ഉദ്ദേശിച്ചത്) എന്ന നിർമ്മിതി കേരളത്തിലെ സ്ത്രീകൾക്കും ഇതര ദുർബല വിഭാഗങ്ങൾക്കും കാര്യമായ ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നില്ല. സ്വന്തം കാലിൽ നിൽക്കുന്ന സ്വതന്ത്ര സ്ത്രീകളെ സൃഷ്​ടിച്ച ഫെമിനിസ്റ്റ് രാഷ്ട്രീയ ഇടങ്ങളെയാകും അത് മോശമായി ബാധിക്കുക. തുല്യനിലയിൽ പൗരത്വമനുഭവിക്കാൻ സ്ത്രീകൾക്ക്, മറ്റു ദുർബല വിഭാഗങ്ങൾക്ക് ആവശ്യം സംരക്ഷകരെയല്ല തുല്യ അവസരവും അധികാരത്തിൽ പങ്കാളിത്തവും പ്രതിനിധാനവും ആണ്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഒരു ഇന്റർ സെക്ഷണൽ രാഷ്ട്രീയ -വികസന സമീപനം അതിന്​ ആവശ്യമാണ്.▮


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 25-ൽ പ്രസിദ്ധീകരിച്ചത്.


രേഖാരാജ്​

ജാതി, ലിംഗപദവി, ദളിത് പ്രശ്‌നങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നു. ദളിത് സ്​ത്രീ ഇടപെടലുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

Comments