മഹാത്മാഗാന്ധി വൈക്കത്തെ ഇണ്ടന്തുരുത്തി മനയിലെത്തിയിട്ട് 100 വർഷം തികഞ്ഞ ദിവസമായിരുന്നു ഇന്നലെ (മാർച്ച് 10). മഹാത്മാഗാന്ധിയെ മനയ്ക്കകത്തേക്കു പ്രവേശിപ്പിക്കാതെ അയിത്തമാചരിച്ച ഇണ്ടന്തുരുത്തി നമ്പ്യാതിരിക്ക് ഒരു നൂറ്റാണ്ടിനിപ്പുറവും കേരളത്തിൽ പിൻഗാമികളുണ്ടെന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിമാർ തെളിയിച്ചിരിക്കുകയാണ്.
കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് കൂടൽമാണിക്യം ദേവസ്വത്തിലെ കഴകം തസ്തികയിലേക്ക് ചട്ടപ്രകാരം അപേക്ഷ ക്ഷണിക്കുകയും (കാറ്റഗറി നമ്പർ 17/2023) പരീക്ഷ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്യോഗാർത്ഥികൾക്ക് നിയമന ശുപാർശ നൽകുകയുണ്ടായി. ഇപ്രകാരം നിയമിതനായ ബാലു ബി.എ. എന്ന വ്യക്തി ഈഴവ സമുദായാംഗമായതിനാൽ അദ്ദേഹത്തെ കഴകപ്രവൃത്തി ചെയ്യാൻ അനുവദിക്കില്ലെന്നാണ് ക്ഷേത്രം തന്ത്രിമാരുടെ തീരുമാനം. തങ്ങളുടെ ആവശ്യം നടപ്പിലാകുന്നതുവരെ ചടങ്ങുകൾ ബഹിഷ്ക്കരിക്കുമെന്നറിയിച്ച് തന്ത്രിമാർ കത്തു നൽകിയിരുന്നതായും വാർത്തയുണ്ട്. ഈ ഭീഷണിക്ക് ഭാഗികമായി വഴങ്ങി, ബാലുവിനെ ഓഫീസ് ജോലിയിലേക്കും പിഷാരടി സമുദായാംഗമായ ഒരു ജീവനക്കാരനെ കഴകക്കാരനായും താല്ക്കാലികമായി ചുമതല മാറ്റി നൽകി പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദേവസ്വം ബോർഡ്.

ഈഴവരും അവർണ വിഭാഗക്കാരുമെല്ലാം ബ്രാഹ്മണരിൽനിന്നും ദൈവത്തിൽനിന്നും നാല്പത്തെട്ടടി അകലം പാലിച്ച് മാറിനിൽക്കണമെന്ന ശാങ്കരസ്മൃതി നിയമം അണുവിട തെറ്റാതെ പാലിക്കാൻ പഴുതുനോക്കുന്നവരാണ് കൂടൽമാണിക്യത്തിലെ തന്ത്രിമാരെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുന്നു. മാത്രമല്ല, കേരള നിയമസഭ പാസാക്കിയ നിയമം അനുസരിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും പകരം തങ്ങളുടെ താംബൂല പ്രശ്നവിധിയെ നിയമമായി എല്ലാവരും അംഗീകരിക്കണമെന്നുമാണ് ബ്രാഹ്മണതന്ത്രിമാരുടെ പക്ഷം. കൂടൽമാണിക്യം ഇപ്പോഴും ഒരു ക്ഷേത്രസങ്കേതവും ഇരിങ്ങാലക്കുട ഒരു സ്വതന്ത്ര ബ്രാഹ്മണഭരണപ്രദേശവുമാണ് എന്ന തോന്നലാണ് ഇപ്പോഴും തന്ത്രി കുടുംബങ്ങൾക്ക്. ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിച്ചു കൊടുക്കാൻ പറ്റുന്ന വാദഗതികളല്ല ഇവയെന്നു വ്യക്തം. തച്ചുടയ കൈമൾ എന്ന അധികാരിയെ മുൻനിർത്തി ഈ ക്ഷേത്രസങ്കേതം ഒരു സ്വതന്ത്രനാട്ടുരാജ്യം പോലെ കൊണ്ടു നടന്നിരുന്നവരാണ് ഇരിങ്ങാലക്കുടയിലെ പുരോഹിത വർഗ്ഗം.
തന്ത്രിയെ നിശ്ചയിക്കാനും ഒഴിവാക്കാനും തന്ത്രിമാരുടെ എണ്ണം വർദ്ധിപ്പിക്കാനും കുറക്കാനുമെല്ലാം ഭരണസമിതികൾക്ക് അധികാരമുണ്ട്. തരണനല്ലൂരിനറിയുന്ന അതേ തന്ത്രം പഠിച്ച ധാരാളം പേർ പുറത്തുണ്ട്. സർക്കാർ വേറെ വഴി നോക്കണം.
കൂടൽമാണിക്യം തന്ത്രിമാരുടെ ധാർഷ്ട്യം ഇന്നുമിന്നലെയും തുടങ്ങിയതല്ലെന്നു ചുരുക്കം.
1932 നവംബർ 25 ന് തിരുവിതാംകൂർ ഗവൺമെൻ്റ് ക്ഷേത്ര പ്രവേശന അന്വേഷണ കമ്മിറ്റി (The Temple Entry Enquiry Committee) പ്രഖ്യാപിച്ചപ്പോൾ അതിലെ ഏഴാമത് അംഗത്തിൻ്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല, പകരം ‘തരണനല്ലൂർ നമ്പൂതിരിപ്പാടിനാൽ തിരഞ്ഞെടുത്തു നിശ്ചയിക്കപ്പെടുന്ന ഒരു മഹാൻ’ (One gentleman nominated by the Tarananallur Namputiripad ) എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ തിരുവിതാംകൂറിലെ സനാതന ധർമ്മകാര്യങ്ങളിൽ തരണനല്ലൂർ നമ്പൂതിരിമാർക്കുണ്ടായിരുന്ന സ്വാധീനത്തിൻ്റെയും അപ്രമാദിത്വത്തിൻ്റെയും സൂചനയായി കണക്കാക്കാം. അന്ന് അന്വേഷണ കമ്മിറ്റിയിലേക്ക് തരണനല്ലൂരിൻ്റെ നോമിനിയായി കടന്നുവന്നത് പുന്നശ്ശേരി നീലകണ്ഠ ശർമ്മയായിരുന്നു. അദ്ദേഹമാകട്ടെ ഈ വിഷയത്തിൽ ‘യാഥാസ്ഥിതികരുടെ പ്രതിനിധിയായ എൻ്റെ അഭിപ്രായങ്ങളെ വിശദപ്പെടുത്തി മലയാളത്തിൽ എഴുതിയ ഒരു റിപ്പോർട്ട്’ സമർപ്പിക്കുന്നതായി അറിയിക്കുന്നുണ്ട്. തരണനല്ലൂർ നേതൃത്വം നൽകിയ ജാതിബ്രാഹ്മണ്യം അവർണരോടും ദലിതരോടുമൊക്കെ വച്ചുപുലർത്തുന്ന ‘ധാർമ്മിക സമീപനം’ വ്യക്തമാക്കുന്ന രേഖയായി പുന്നശ്ശേരിയുടെ പന്ത്രണ്ട് അധ്യായങ്ങളുള്ള വിയോജനക്കുറിപ്പ് ചരിത്രത്തിലുണ്ട്. വർത്തമാനകാലത്തും ആ നിലപാടിൽ തന്നെയാണ് ജാതിബ്രാഹ്മണ്യത്തിൻ്റെ നിൽപ്പെന്ന് ഇപ്പോൾ കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിതനായ ഈഴവ സമുദായാംഗമായ കഴക്കാരനോട് തരണനല്ലൂർ പുലർത്തുന്ന ജാതി അയിത്തത്തിൽ നിന്നും തെളിയുകയാണ്.

പിന്നീട് ഇതേ തന്ത്രി കുടുംബം ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിക്കപ്പെട്ട സമയത്ത്, നിലപാടിൽ തിരുവിതാംകൂർ രാജാവിനോട് വിട്ടുവീഴ്ച്ച ചെയ്യുകയുണ്ടായി. തിരുവിതാംകൂറിലെ വിളംബരത്തിനുശേഷവും കൊച്ചിയിൽ അവർണരെ ക്ഷേത്രത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുരാജ്യമായ കൊച്ചി. ഇരു രാജ്യങ്ങളിലെയും ധാരാളം ക്ഷേത്രങ്ങളിൽ തന്ത്രികാവകാശം കൈവശം വച്ചിരുന്ന തരണനല്ലൂർ ഈ ഘട്ടത്തിൽ വലിയ പ്രതിസന്ധിയിലകപ്പെട്ടതായും കാണാം.
തന്ത്രിസ്ഥാനം മാറ്റമില്ലാതെ തുടരേണ്ടതും പാരമ്പര്യമായി മാത്രം കൈമാറുന്നതുമായ ഒന്നല്ല. തന്ത്രിയെ നിശ്ചയിക്കാനും ഒഴിവാക്കാനും തന്ത്രിമാരുടെ എണ്ണം വർദ്ധിപ്പിക്കാനും കുറക്കാനുമെല്ലാം അതാത് കാലങ്ങളിലെ ഭരണസമിതികൾക്ക് അധികാരമുണ്ട്.
1910 -ലാണ് കൂടൽമാണിക്യം ‘ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിൽ കൂടിയും കുട്ടംകുളത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള വഴിയിൽ കൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തു പോകരുത്’ എന്ന എന്ന ഉത്തരവ് കൊച്ചി രാജ്യത്തെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പുറപ്പെടുവിപ്പിക്കുന്നത്. ഇതിനുപിന്നിലും ഇതേ ബ്രാഹ്മണ്യത്തിന്റെ താല്പര്യം പ്രവർത്തിച്ചിരുന്നു. 1946-ൽ കുട്ടംകുളം സമരത്തിലൂടെയാണ് ഈ വിലക്ക് മറികടന്ന് മനുഷ്യർ ജാതിഭേദമന്യേ ആദ്യമായി ഈ പൊതുവഴിയിലൂടെ സഞ്ചരിച്ചത്. അതിനുശേഷവും ക്ഷേത്രത്തിലെ ആറ് തന്ത്രിമാരിൽ തന്ത്രികുടുംബത്തിന്റെ ബ്രാഹ്മണ്യഗർവ്വം അടങ്ങിയിരുന്നില്ലെന്നതാണ് സത്യം. അത് തരാതരം പോലെ ഇടക്ക് തലപൊക്കും. തരണനെല്ലൂരിലെ ഒരംഗം മുതിർന്ന തന്ത്രിമാരോട് വിയോജിപ്പുമായി ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ടെന്നത് നല്ലകാര്യമാണ്.

വലിയൊരു തൊഴിലാളി സമരത്തിൻ്റെ ചരിത്രവും കൂടൽമാണിക്യത്തിനുണ്ട്. 1969- ൽ നാല്പതിലധികം ക്ഷേത്രജീവനക്കാരെ കാരണമൊന്നും കൂടാതെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിട്ടു പോലും പഴയ രാജകീയ ഉത്തരവിന്റെ ബലത്തിൽ ഹൈക്കോടതി വിധി നടപ്പാക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന നിലപാടാണ് കൂടൽമാണിക്യം ക്ഷേത്രം അധികാരികൾ പുലർത്തിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ പ്രശ്നത്തിലിടപെടുകയും ഓർഡിനൻസിലൂടെ ക്ഷേത്രം സ്വതന്ത്രമാക്കാൻ ശ്രമിക്കുകയും ചെയ്തു. ഓഡിനൻസ് നിയമമാക്കുന്നതിന്നുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെ ഗവൺമെന്റ് നിലംപതിച്ചു. കൂടൽമാണിക്യം ദേവസ്വം അധികാരികൾ പടക്കം പൊട്ടിച്ചാണ് അച്യുതമേനോൻ്റെ പതനം ആഘോഷിച്ചത്. പക്ഷേ മുഖ്യമന്ത്രിയായി അച്യുതമേനോൻ തിരിച്ചുവന്നു. 1971- ലെ ഏഴാമത് നിയമമായി കൂടൽമാണിക്യം ദേവസ്വം ആക്ട് പാസാക്കി. പിന്നീട് തച്ചുടയ കൈമൾ സ്ഥാനം തന്നെ ഇല്ലാതാകുകയും തന്ത്രിമാരുടെ അപരിമിതമായ അധികാരം നഷ്ടപ്പെടുകയും ചെയ്തു. അതോടെ അല്പകാലത്തേക്ക് അടങ്ങിയ ബ്രാഹ്മണ്യഹുങ്ക് പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതാണ് ഇപ്പോൾ നാം കാണുന്നത്.
വലിയൊരു തൊഴിലാളി സമരത്തിൻ്റെ ചരിത്രവും കൂടൽമാണിക്യത്തിനുണ്ട്. 1969- ൽ നാല്പതിലധികം ക്ഷേത്രജീവനക്കാരെ കാരണമൊന്നും കൂടാതെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിട്ടു പോലും വിധി നടപ്പാക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന നിലപാടാണ് കൂടൽമാണിക്യം ക്ഷേത്രം അധികാരികൾ പുലർത്തിയത്.
ഇതിനെ എങ്ങനെ നിയന്ത്രിക്കണമെന്നതിനും ചരിത്രത്തിൽ ഉത്തരമുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തന്ത്രിസ്ഥാനം നൂറ്റാണ്ടുകാലം കൈവശം വച്ച തരണല്ലൂരിനെ ഉമയമ്മറാണി തന്ത്രിസ്ഥാനത്തു നിന്ന് നീക്കിയ ചരിത്രമുണ്ട്. മതിലകം രേഖകൾ, ചുരുണ 2303 ഓല 189, 190-ൽ ഇതെക്കുറിച്ചുള്ള വിവരണം കാണാം. തന്ത്രി ദേവന്റെ പിതാവോ മാതാവോ അല്ലെന്നും താൻ നിയമിച്ച ജീവനക്കാരൻ മാത്രമാണെന്നും റാണിക്കറിയാമായിരുന്നു.

മുന്‍ കാലങ്ങളില്‍ തരണനെല്ലൂര്‍, അണിമംഗലം എന്നീ മനകള്‍ക്കായിരുന്നു കൂടൽമാണിക്യം ക്ഷേത്രത്തിലെ താന്ത്രികാവകാശം. പിന്നീട് തരണനെല്ലൂര്‍ മന നാലു ശാഖകളായി പിരിഞ്ഞു. നെടുമ്പുള്ളിമന, കിടങ്ങശ്ശേരി മന, കിഴക്കേമന, പടിഞ്ഞാറേ മന എന്നിവയായിരുന്നു നാലു കുടുംബങ്ങള്‍. അണിമംഗലം മനയും നാലായി പിരിഞ്ഞ തരണനല്ലൂര്‍ മനയുമടക്കം അഞ്ചു കുടുംബങ്ങള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രത്തിന് അവകാശികളായി. ക്ഷേത്രം അധികാരികളുടെ തീരുമാനപ്രകാരം പിന്നീട് നകരമണ്ണ് മനയേയും തന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇങ്ങനെ ആകെ ആറു കുടുംബങ്ങള്‍ക്ക് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രാവകാശമുണ്ട്. തന്ത്രിസ്ഥാനം മാറ്റമില്ലാതെ തുടരേണ്ടതും പാരമ്പര്യമായി മാത്രം കൈമാറുന്നതുമായ ഒന്നല്ലെന്നു ഇതിൽ നിന്നു വ്യക്തമാണ്. തന്ത്രിയെ നിശ്ചയിക്കാനും ഒഴിവാക്കാനും തന്ത്രിമാരുടെ എണ്ണം വർദ്ധിപ്പിക്കാനും കുറക്കാനുമെല്ലാം അതാത് കാലങ്ങളിലെ ഭരണസമിതികൾക്ക് അധികാരമുണ്ട്. ഇന്നത്തെ ഭരണാധികാരികൾ അതു മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേ കൂടൽമാണിക്യത്തിലുള്ളൂ. തരണനല്ലൂരിനറിയുന്ന അതേ തന്ത്രം പഠിച്ച ധാരാളം പേർ പുറത്തുണ്ട്. സർക്കാർ വേറെ വഴി നോക്കണം.