മലേഷ്യയുടെ പരമ്പരാഗതനാമമായ ‘മലായ' എന്ന വാക്ക് ആദ്യം കേട്ടതോർമയുണ്ട്, 2003-ലോ 2004-ലോ ആണ്; ലേഖകന്റെ 14-ാം വയസ്സിൽ. കവി ചെമ്മനം ചാക്കോയുടെ ‘മരിക്കാൻ കിടക്കുന്ന മുത്തശ്ശി' എന്ന ആക്ഷേപഹാസ്യ കവിത പഠിക്കുന്നതിനിടെ രണ്ടാം ഖണ്ഡത്തിലെ വരികൾ അധ്യാപകൻ ഇങ്ങനെ പാരായണം ചെയ്തു:
മലയായിലെ പുത്രി കേൾക്കുവോരുടെ കണ്ണിൽ
ജലമൂറുമാറുച്ചം കരഞ്ഞൂ പ്രിയ മമ്മീ...
ഒന്ന് നീ നേരെ നോക്കൂ നിന്നിളം മകളല്ലേ
വന്നിതാ വിളിക്കുന്നു കൺ തുറക്കുക മമ്മീ...
മരണാസന്നയായ മുത്തശ്ശിയെ കാണാൻ, പണ്ടെങ്ങോ മലയായിലേക്ക് കുടിയേറിപ്പോയ ഫോറിൻ മകൾ പറന്നിറങ്ങിവരുന്ന ഒരു രംഗമാണത്. അന്നും മലായ മലേഷ്യയാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് ആ നാടിനെപ്പറ്റി കേട്ടത് ഒരു രണ്ടുമൂന്നു വർഷം കഴിഞ്ഞ് കേരളത്തിലെ ഒരു രാഷ്ട്രീയനേതാവിന്റെ ഇംഗ്ലീഷ് പ്രഭാഷണത്തിൽ നിന്നാണ്. പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയുടെ കീഴിലുള്ള ഒരു ബി.എഡ്. കോളേജിന്റെ പ്രവേശനോദ്ഘാടന ചടങ്ങിൽ അദ്ദേഹം ആധുനിക മലേഷ്യയുടെ ശില്പി ഡോ. മഹാതീർ മുഹമ്മദിന്റെ വിദ്യാഭ്യാസവീക്ഷണങ്ങളും രാജ്യപുരോഗതിയും സംബന്ധിച്ച് അല്പം വിശദമായി തന്നെ അന്ന് സംസാരിച്ചു. പിന്നീട്, ക്വാലലമ്പൂരിലെ വിശ്വപ്രസിദ്ധമായ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിലെ എന്റെ പി.ജി. പഠനകാലത്താണ് മലേഷ്യയെന്ന ഒരു വികസിത ഏഷ്യൻ രാഷ്ട്രത്തെപ്പറ്റി മനസ്സിലാക്കുന്നതും ആ രാജ്യത്തിന്റെ വൈവിധ്യം പേറുന്ന നാട്ടുവഴികളിലൂടെ യാത്രകൾ നടത്തുന്നതും. ഇത്തരത്തിലുള്ള ഒരു യാത്ര രാജ്യത്തിന്റെ ദക്ഷിണ സംസ്ഥാനവും സിംഗപ്പൂരിനോട് അതിർത്തി പങ്കിടുന്ന പ്രദേശവുമായ ജോഹോറിൽ എന്നെ എത്തിച്ചു. അവിടെ അങ്ങിങ്ങായി നമ്മുടെ നാട്ടിലേതുപോലെയുള്ള ചില പരമ്പരാഗത മദ്രസകളുണ്ടെന്നും മലയാളം പറയുന്ന മലായക്കാരുണ്ടെന്നും സഹയാത്രികരായ മലയാളി സുഹൃത്തുക്കൾ വിവരിച്ചുതന്നപ്പോഴാണ് മലേഷ്യൻ മലബാരി സമുദായത്തെപ്പറ്റി പ്രാഥമിക ധാരണയുണ്ടാവുന്നത്. ആ ധാരണ പിന്നീടങ്ങോട്ട് വികസിക്കുകയും മലബാരികളുമായുള്ള പരിചയം ക്രമേണ ഹൃദയബന്ധത്തിലെത്തുകയും ചെയ്തു.
മലയൻ രാജഭരണത്തിന്റെ സാമ്പത്തികസ്രോതസ്സുകളെ എങ്ങനെയല്ലാം വികസിപ്പിക്കാമെന്ന് അതിവിദഗ്ദ്ധമായി ഇന്ത്യൻ വ്യാപാരികൾ കാണിച്ചുകൊടുത്തു. മെലാക്കയെന്ന ഭൂപ്രദേശത്തിന്റെ ധനാഭിവൃദ്ധിയിൽ ഒരു വലിയ പങ്കുതന്നെ ഈ മുസ്ലിം കുടിയേറ്റക്കാർ വഹിച്ചിട്ടുണ്ട്.
പിന്നെപ്പിന്നെ ജോഹോറിലേക്കുള്ള യാത്രകളിൽ പലതിലും മലബാരികളുടെ സാംസ്‌കാരിക, മത പരിപാടികളിൽ സ്ഥിരം ക്ഷണിതാവായി. കല്യാണങ്ങളിലും മൗലിദ് സദസ്സുകളിലും നബിദിന പരിപാടികളുടെ വിധിനിർണയത്തിനുമൊക്കെ വർഷാവർഷം അവരുടെ തനി നാട്ടുകാരൻ എന്ന മേൽവിലാസത്തിൽ പങ്കെടുത്തു. 2015 മുതൽ 19 വരെ ഉപരിപഠനം ജോഹോറിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി മലേഷ്യയിലായിരുന്നതിനാൽ മലബാരി സുഹൃദ് ബന്ധങ്ങളുടെ കണ്ണികൾ വീണ്ടും വർധിച്ചു. സാംസ്‌കാരികമായും നാഗരികമായും സ്വത്വപരമായും മലബാരിത്വത്തിന്റെ സൂക്ഷിപ്പുകാരായി അവർ വർത്തിക്കുന്നതിന്റെ നേർചിത്രം നമുക്കുമുന്നിൽ തുറന്നുവെക്കപ്പെട്ടു. ഇവരുടെ ഓരോ അടക്കത്തിലും അനക്കത്തിലും ഗൃഹാതുരതയുടെ ചൂടും ചൂരുമുണ്ട്; ഒരു ഭൂമികയിൽ നിന്ന്മറ്റൊന്നിലേക്ക് പറിച്ചുനടപ്പെട്ട ചെടിവേരുകളുടെ നനവുണ്ട്. അതേ നനവിൽ പിടിച്ചുകയറാനുള്ള ശക്തിയുടെ പ്രകടഭാവങ്ങളുണ്ട്.
കുടിയേറ്റത്തിന്റെ കഥകൾ; അതിജീവനത്തിന്റെയും
മലയായിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ ചരിത്രം ചികയുമ്പോൾ മനസ്സിലാകുന്നത്, ആതിഥേയർ പൊതുവേ ഇന്ത്യക്കാരോട് അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചിരുന്നു എന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലും അതിനുമുമ്പും മലയായിലേക്ക് കുടിയേറിവരിൽ പ്രബല വിഭാഗം ഇന്ത്യൻ വ്യാപാരികളായിരുന്നു. മെലാക്കയിലെ രാജകുടുംബത്തോടും അധികാരിവർഗത്തോടും സ്വതന്ത്രമായി ഇടപഴകാനുള്ള അവകാശം ഈ മുസ്ലിം കുടിയേറ്റക്കാർക്കുണ്ടായിരുന്നുവത്രേ. അതിനാൽ, കൊട്ടാരസദസ്സുകളിലും മറ്റു ഉന്നതകേന്ദ്രങ്ങളിലും ഇവർ നിരന്തരം സാന്നിധ്യമറിയിച്ചിരുന്നു. മലയൻ രാജഭരണത്തിന്റെ സാമ്പത്തികസ്രോതസ്സുകളെ എങ്ങനെയല്ലാം വികസിപ്പിക്കാമെന്ന് അതിവിദഗ്ദ്ധമായി ഈ ഇന്ത്യൻ വ്യാപാരികൾ കാണിച്ചുകൊടുത്തതിനാൽ ആതിഥേയർക്ക് ഇവരോടുള്ള മതിപ്പ് പിന്നെയും വർധിച്ചു. മെലാക്കയെന്ന ഭൂപ്രദേശത്തിന്റെ ധനാഭിവൃദ്ധിയിൽ ഒരു വലിയ പങ്കുതന്നെ ഈ മുസ്ലിം കുടിയേറ്റക്കാർ വഹിച്ചിട്ടുണ്ട്. ഇന്നാട്ടിലെ ഭരണാധികാരിയായിരുന്ന പരമേശ്വര രാജാവ് 1411-ൽ അവിടെ അതിവിപുലമായ ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുകയും 1424-ൽ ഇദ്ദേഹം ഇസ്ലാം മതം ആശ്ലേഷിച്ച് മേഗറ്റ് ഇസ്‌കന്ദർ ശാഹ് (Megat Iskandar Shah) എന്ന പുതിയ പേര് സ്വീകരിക്കുകയും പാസായ് (Pasai) പ്രവിശ്യയിലെ ഒരു മുസ്ലിം രാജകുമാരിയെ വിവാഹം കഴിക്കുകയും ചെയ്തു. രാജാവിന്റെ മതംമാറ്റം മെലാക്കയിലെ അന്നത്തെ ഭരണീയരിലും പ്രതിഫലിച്ചതിനാൽ ഒട്ടേറെ പേർ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. ഇന്ത്യൻ മുസ്ലിംകൾ ആ പ്രദേശത്തുണ്ടാക്കിയ സാംസ്‌കാരിക- സാമൂഹിക പരിവർത്തനങ്ങളുടെ ചലനങ്ങളായിരുന്നു ഇതെല്ലാം (Chuah, Shukri, & Yeoh; 2011).
ബ്രിട്ടീഷ് മലബാറിന്റെ തീരപ്രദേശങ്ങളിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറിപ്പോന്നവരൊക്കെ വർഗ- വക ഭേദമന്യേ മലബാരികൾ എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പിന്നീട് മുസ്ലിം കുടിയേറ്റക്കാർ ഈ പേരിന് പല മാനങ്ങളും നൽകുകയും ഒരു ഏകവർഗബോധത്തിന്റെ ഗുണാത്മക വശത്തിലൂന്നിയ ഒരു സാമ്പ്രദായിക നാമമായി ഇതിനെ വികസിപ്പിക്കുകയും ചെയ്തതായി കാണാം. അവരല്ലാത്തവർ ക്രമേണ മലയാളികളായി. ഇവ രണ്ടിന്റെയും പ്രതിഫലനങ്ങളായി മലബാരി മുസ്ലിം ജമാഅത്തുകളും ഓൾ മലേഷ്യൻ മലയാളീസ് അസോസിയേഷനും രൂപപ്പെടാൻ തുടങ്ങി.
പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും അവരുടെ കോളനി രാജ്യങ്ങളിലെ എസ്റ്റേറ്റുകളിൽ തൊഴിലെടുക്കാൻ നിപുണരായ മലബാരികളെ ലാഞ്ചി കയറ്റി കൊണ്ടുവന്നിരുന്നു.
ആറാം നൂറ്റാണ്ടു മുതൽ തന്നെ മലയാളിസാന്നിധ്യം മലേഷ്യയിലുണ്ടായിട്ടുണ്ടെന്ന്ചരിത്രഗവേഷകർ അവകാശപ്പെടുന്നു. ഇന്നത്തെ തമിഴ്‌നാടും കേരളവുമടങ്ങുന്ന ദക്ഷിണേന്ത്യക്കാർ കച്ചവടബന്ധത്തിലൂടെ മലയായുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ പിനാങ്ങിലെ കെദ:യിലെത്തിയിട്ടുണ്ടത്രേ. അവിടത്തെ തീരദേശങ്ങളും സുങ്ങായ് ബുജാൻഗ്, സുങ്ങായ് മെർബോ, ക്വാല മുദ: എന്നിവിടങ്ങളും ഇന്ത്യൻ കച്ചവടക്കാരാൽ സമൃദ്ധമായിരുന്നുവെന്ന് അരശരത്‌നം (1966) സ്ഥാപിക്കുന്നുണ്ട്. ഒരുപക്ഷേ, ആദ്യ മലബാരി കുടിയേറ്റമുണ്ടായത് പിനാങ്ങിലേക്ക് തന്നെയായിരിക്കാമെന്ന് അദ്ദേഹം അനുമാനിക്കുന്നു.
കുടിയേറ്റങ്ങൾക്ക് രണ്ടു സ്വഭാവങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.
ഒന്ന്, അതിജീവനോദ്ദേശ്യത്തോടെയുള്ള സ്വയം സമർപ്പിത പ്രയാണങ്ങൾ.
രണ്ട്, ഭരണകർത്താക്കളുടെ വിവിധോദ്ദേശ്യങ്ങൾക്കുവേണ്ടിയുള്ള നിർബന്ധിത കുടിയേറ്റം. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും അവരുടെ കോളനി രാജ്യങ്ങളിലെ എസ്റ്റേറ്റുകളിൽ തൊഴിലെടുക്കാൻ നിപുണരായ മലബാരികളെ ലാഞ്ചി കയറ്റി കൊണ്ടുവന്നിരുന്നു. ഇവർ റബ്ബർതോട്ടങ്ങളിലെ പണിക്കാരായും കണക്കെഴുത്തുകാരായും ഫാക്ടറി തൊഴിലാളികളായും സേവനം ചെയ്തുപോന്നു. അതേസമയം, ബ്രിട്ടീഷ് സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഭാഷാ വിദഗ്ദ്ധരായ മലബാരി അധ്യാപകരെയും അവർ കൊണ്ടുവന്നു. ഡോ. മഹാതീർ മുഹമ്മദിന്റെ പിതാമഹൻ ഇസ്‌കന്ദർ കുട്ടി ഒരു ഉദാഹരണം.
ജോഹോറിലെ പ്രായം ചെന്ന ഒരു മുത്തശ്ശിയെക്കാണാൻ ലേഖകൻ പോയതോർക്കുന്നു. എൺപതിന്റെയും തൊണ്ണൂറിന്റെയുമിടക്ക് പ്രായമുള്ള അവരുടെ കുടിയേറ്റക്കഥകൾ ഓർമയുടെ ചൂടാറാത്ത ചില്ലലമാരയിൽ നിന്ന്പുറത്തെടുക്കുമ്പോൾ അതിശയവും ഒപ്പം അതിജീവനത്തിന്റെ കനൽപാത ഒരു ചലച്ചിത്രം കണക്കെ കാണുമ്പോഴുള്ള അമ്പരപ്പും ഒന്നിച്ചുവരുന്നു: ‘‘ഞാനെന്റെ പതിനൊന്നാം വയസ്സിലൊക്കെ ഇവിടെയെത്തിക്കാണും. ബാപ്പ പോരുമ്പോൾ എന്നെയും കൂടെക്കൂട്ടിയതാണ്. ഇവിടെ വന്നിറങ്ങി താമസം തുടങ്ങിയത് സായിപ്പന്മാരുടെ ഒരു റബ്ബർ എസ്റ്റേറ്റ് പരിസരത്താണ്. അവിടെയായിരുന്നു ബാപ്പാക്ക് ജോലി. നേരം വെളുപ്പിന് അഞ്ചാറു മണിക്ക് റബ്ബർ വെട്ടാൻ പോകും. ഞാനും കൂടെപ്പോകും. വെട്ടിക്കഴിഞ്ഞാൽ കാശ് കിട്ടും...’’
‘‘പിന്നെ മറ്റൊരു കഥയുണ്ട് മോനേ...’’, മുത്തശ്ശി തുടരുകയാണ്; ‘‘നബിയുടെ കാലത്തുതന്നെ ഇവിടെ ദീനുൽ ഇസ്ലാം എത്തിയിട്ടുണ്ട് കേട്ടോ. മലായ് പെണ്ണുങ്ങൾ ഒരിക്കൽ നബിയെക്കാണാൻ പോയ കഥയുണ്ട്. നബിയെക്കണ്ടതും പെണ്ണുങ്ങൾ സങ്കടം പറയാൻ തുടങ്ങി, നബിയേ, ഞങ്ങളുടെ നാട്ടിൽ ഞങ്ങൾക്ക് കല്യാണം കഴിക്കാൻ പറ്റിയ ആണുങ്ങളില്ല. അപ്പോൾ നബി ഇങ്ങനെ പറഞ്ഞുവത്രേ: നിങ്ങൾക്ക് പറ്റിയ പുരുഷന്മാരൊക്കെ അവിടെ വരും.'’
ഇക്കഥ നിരവധി ഐതിഹ്യങ്ങളിലേക്കുള്ള താക്കോലായാണ് എനിക്ക് തോന്നിയത്. ഇത്തരം കഥകളുടെയൊക്കെ ചരിത്ര പിൻബലം തെളിയിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയേണ്ടതില്ലല്ലോ. ഈ കഥകളൊക്കെ കേട്ടാസ്വദിച്ചവരാവണം മലബാരി മുത്തശ്ശിയുടെ മക്കളും പേരമക്കളുമെല്ലാം. ഇവരിലെ അപ്പൂപ്പനമ്മൂമ്മമാർ അറിഞ്ഞും അറിയാതെയും ഇളംതലമുറക്ക് കൈമാറിയ കഥകളിലെല്ലാം ഇവരുടെ സ്വത്വനിർമിതിക്ക് ബലമേകുന്ന ഒട്ടനേകം മൂലകങ്ങളുണ്ടായിട്ടുണ്ട്. ഈ കൈമാറ്റപ്രക്രിയകളുടെ ജൈവികരൂപങ്ങളാണ് ഇന്നുകാണുന്ന മലേഷ്യൻ മലബാരികൾ. അവരുടെ അതിജീവനകഥകളിൽ ഉൽകർഷതയുടെയും അപകർഷതയുടെയും സാന്നിധ്യമുണ്ട്. അവയിൽ ഒരേസമയം ദാർശനികതയുടെ കെട്ടുപിണച്ചിലുകളും ലാളിത്യത്തിന്റെ ലഘുത്വവും ചിതറിക്കിടക്കുകയാണ്. അതുകൊണ്ടാണല്ലോ ലോക ഭൂപടത്തിലെ ഏതേതു കോണിലെ കഥകളും ഇതുപോലെ നമ്മെ വിസ്മയിപ്പിക്കുന്നത്.
കഥാതന്തു ഏകമെങ്കിലും കഥാപാത്രങ്ങളുടെ അനേകതകൾ കഥകൾക്ക് വികാസവും രൂപമാറ്റവും കൊടുക്കുമല്ലോ. അപ്പോൾ കാലദൈർഘ്യമേറുന്തോറും മലബാരിമണമുള്ള കഥകൾ ഇനിയും പിറക്കും. കുടിയേറ്റ കഥകൾ മാറി കുടിയിറക്കത്തിന്റെ കഥകളും ഉണ്ടാകും. വംശാവലിയെപ്പറ്റിയുള്ള മാക്‌സ് വെബറുടെ നിർവചനത്തിലും അതിനെ പുനർനിർവചിച്ച Chee-Beng (2000)ന്റെ പ്രസ്താവത്തിലും ഇത്തരത്തിലുള്ള മിത്തുകളുടെ പ്രാധാന്യത്തെപ്പറ്റി കാണാൻ കഴിയും. ഒരു വംശാവലി രൂപപ്പെടുന്നതുതന്നെ തങ്ങൾ ഒരു ഏകവൃത്തമാണെന്ന ആത്മനിഷ്ഠ വിശ്വാസങ്ങൾ വഴിയും മറ്റുള്ളവരിൽനിന്ന് തങ്ങളെ വിഭിന്നമാക്കുന്ന ചില നാഗരിക, സാംസ്‌കാരിക, ചരിത്ര വൈശിഷ്ട്യങ്ങൾ തങ്ങൾ പേറുന്നുണ്ടെന്നുമുള്ള ഒരു കാഴ്ചപ്പാടിന്റെയും പുറത്താണെന്ന് Chee-Beng പറയുന്നു. അപ്പോൾ ഇതുവരെ മലയായിൽ കൈമാറിപ്പോന്ന മുത്തശ്ശിക്കഥകൾ കൊണ്ടൊക്കെത്തന്നെയാണ് മലബാരി വംശത്തിന്റെ സ്വത്വബോധം ഇന്നും പുഷ്‌കലമായി നിൽക്കുന്നതെന്ന സ്വാഭാവിക തീർപ്പിൽ നമുക്കെത്താൻ കഴിയും.
1700കളിൽ മെലാക്കയിലെക്ക് മരത്തടികളുമായി കപ്പൽ കയറിയ മരക്കാർ (മരത്തിന്റെ ആൾക്കാർ) വംശത്തിന്റെ പിന്മുറക്കാർ ഇന്നും അവിടെയുണ്ട്. അരോഗദൃഢഗാത്രരായിരുന്ന മരക്കാർ സുഗന്ധവ്യഞ്ജനങ്ങളുടേതടക്കമുള്ള മറ്റു പല വ്യാപാരങ്ങളിലും ഏർപ്പെട്ടിരുന്നു.
മേല്പറഞ്ഞ രീതിയിലുള്ള കുടിയേറ്റങ്ങൾ അഭൂതപൂർവമായി അക്കാലത്ത് തുടരാനുള്ള മൂലകാരണം ബ്രിട്ടീഷുകാരുടെ ഭരണനയങ്ങളായിരുന്നു. മലായ് ഉപദ്വീപെന്ന തങ്ങളുടെ കോളനിയിലെ സാമ്പത്തികപുരോഗതിക്കും വരുമാനത്തിനും വേണ്ടി പല ഉദാരനയങ്ങളും അവർ സ്വീകരിച്ചിരുന്നു. ദക്ഷിണ- കിഴക്കനേഷ്യക്കാർക്ക് അവരിഷ്ടപ്പെടുന്ന ഭൂമിയിലേക്ക് കുടിയേറാനും അവരുടെ കച്ചവടസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനും ബ്രിട്ടീഷുകാർ അനുവാദം കൊടുത്തു. ഇങ്ങനെയുള്ള സ്വതന്ത്ര വ്യാപാരനയങ്ങൾ ഇന്ത്യക്കാർ, വിശിഷ്യാ ദക്ഷിണേന്ത്യക്കാരായ മലയാളികളും ചൂളിയൻമാരും (തമിഴ് കുടിയേറ്റക്കാർ) മലബാരികളും നന്നായി ഉപയോഗപ്പെടുത്തിയതിന്റെ ബാക്കിപത്രങ്ങളാണ് പിനാങ്ങിലും മെലാക്കയിലും ജോഹോറിലും ഒക്കെ നാം കാണുന്നത്. 1700കളിൽ മെലാക്കയിലെക്ക് മരത്തടികളുമായി കപ്പൽ കയറിയ മരക്കാർ (മരത്തിന്റെ ആൾക്കാർ) വംശത്തിന്റെ പിന്മുറക്കാർ ഇന്നും അവിടെയുണ്ട്. അരോഗദൃഢഗാത്രരായിരുന്ന മരക്കാർ സുഗന്ധവ്യഞ്ജനങ്ങളുടേതടക്കമുള്ള മറ്റു പല വ്യാപാരങ്ങളിലും ഏർപ്പെട്ടിരുന്നു. മരക്കാരിൽ തമിഴ്, ശ്രീലങ്കൻ വംശജർ തമിഴും കേരളക്കാർ മലയാളവും സംസാരിച്ചു.
മരക്കാർ എന്ന പേരിന്റെ പദോല്പത്തിയെപ്പറ്റി പ്രധാനമായും രണ്ട് അനുമാനങ്ങളാണുള്ളത്. ഇവർ മരക്കപ്പലുകളുപയോഗിച്ച് യാത്ര ചെയ്തിരുന്നതിനാൽ തമിഴിൽ മരക്കളയാർ അഥവാ മരക്കപ്പലുകാർ എന്ന് വിളിക്കപ്പെട്ടതാണെന്ന് ഒരു അനുമാനം. രണ്ടാമത്തേത് മർകബ് എന്ന അറബി സംജ്ഞയുമായി ബന്ധപ്പെട്ടുള്ളതാണ്. പുരാതന യമനികൾ അഭയാർഥികളായി മർകബ് അഥവാ തോണി ഉപയോഗിച്ച് എത്തിയതിനാൽ അവർ മരക്കയാർ എന്ന് വിളിക്കപ്പെട്ടുവത്രേ.
അറബ് നാട്ടിൽനിന്ന് കച്ചവടമെന്ന പ്രാഥമികലക്ഷ്യത്തിന് കേരളത്തിലെത്തിയ അറബികളെപ്പോലെ തന്നെ, മലബാരി മുസ്ലിംകൾ മലേഷ്യയിലേക്കും ഇങ്ങനെയൊരാവശ്യത്തിനായിരുന്നു പ്രഥമമായും യാത്രചെയ്തത്. പക്ഷെ, അതിനോടൊപ്പം മലായ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഇസ്ലാം മ വ്യാപനത്തിന് കാര്യമായ പങ്കുവഹിക്കാൻ ഈ മലബാരി യാത്രകൾ കാരണമായിട്ടുണ്ട്. ആദ്യകാല യാത്രക്കാർ പലരും പിന്നെ തിരിച്ചുപോക്കിനെക്കുറിച്ച് ചിന്തിക്കുകയോ നാട്ടിലെ ബന്ധങ്ങളുടെ കണ്ണികളെപ്പറ്റി കൂടുതൽ ആകുലരാവുകയോ ചെയ്തില്ല. പല മലബാരികളും മലയായിൽ അലിഞ്ഞു ചേരുകയും ആ സ്വത്വബോധം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശീയരായ മലായ് പെണ്ണുങ്ങളെ വിവാഹം ചെയ്ത പലർക്കും നാട്ടിലെ ഭാര്യയെയും കുട്ടികളെയും മറക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ മറ്റുപലരും സ്വകുടുംബത്തിന്റെ പാരമ്പര്യവേരുകൾ തേടി കേരളത്തിലേക്ക് പലപ്പോഴായി എത്തിനോക്കാറുമുണ്ട്. സൗകര്യപ്പെടുന്നവർ പലരും മലബാറിലേക്ക് യാത്രചെയ്ത് അത്തരം വേരുകൾ കണ്ടെടുക്കുന്നു. അല്ലാത്തവർ ഇവിടെയുള്ളവരോട് ഓൺലൈനായി സംഗമിക്കുന്നു. മലപ്പുറം കോട്ടയ്ക്കലിലെ പറങ്കിമൂച്ചിക്കലുള്ള ഒരു കുടുംബത്തിന്റെ മലബാരിക്കണ്ണികളെ ജോഹോറിൽ നിന്ന് പരിചയപ്പെട്ടു. അവരിതുവരെ നാട്ടിലേക്ക് വന്നിട്ടില്ല. പക്ഷേ, ഇവിടുത്തെ മുത്തച്ഛന്റെ മക്കളെയും പേരമക്കളെയും മറ്റു കുടുംബാംഗങ്ങളെയുമൊക്കെ ദിനംപ്രതി ഇവർ ഓൺലൈനായി സന്ദർശിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഗൃഹാതുരത്വം പേറുന്ന മലബാരികളെയാണ് ഞാനധികവും പരിചയപ്പെട്ടിട്ടുള്ളത്.
പക്ഷെ, ഇങ്ങനെ കേവലം ഗൃഹാതുരത്വത്തിന്റെ വൈകാരികസുഖത്തിൽ അധിവസിച്ചാൽ ഇവിടെയുള്ള സാമൂഹിക പരിതസ്ഥിതിയോട് ഇണങ്ങിച്ചേരാനും തദ്ഫലമായി ഉണ്ടാവേണ്ട രാഷ്ട്രീയ- സാംസ്‌കാരിക സ്വത്വങ്ങളെ ഫലവത്തായി രൂപപ്പെടുത്താനും കഴിയാതെവരുമെന്ന ചിന്ത പല കുടിയേറ്റക്കാർക്കുമുണ്ടായിരുന്നു. ഈ ചിന്തയുടെ ഒരു പ്രയോക്താവെന്ന നിലയിലാണ് ഡോ. മഹാതീർ മുഹമ്മദിന്റെ പൊതുജീവിതം അദ്ദേഹം മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്. ഇങ്ങോട്ടുവന്ന സ്ഥിതിക്ക് ഇനി നമ്മൾ മലയാക്കാരായാണ് ജീവിക്കേണ്ടതെന്നും ഇന്ത്യൻ സ്വത്വം ഉയർത്തിപ്പിടിക്കുന്നതിൽ വലിയ കാര്യമില്ലെന്നും അദ്ദേഹം പല പൊതുവേദികളിലും പറഞ്ഞിട്ടുണ്ട്. തന്റെ സ്വത്വപരമായ കാഴ്ചപ്പാടിന്റെ ഒരു സ്വാഭാവികഫലമെന്ന രീതിയിൽ മലേഷ്യയിലെ പ്രമുഖ രാഷ്ട്രീയസഖ്യമായ യുണൈറ്റഡ് മലായ് നേഷൻസ് ഓർഗനൈസേഷനിൽ (United Malay Nations Organization-UMNO) ചേർന്ന അദ്ദേഹം രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാവുകയം ചെയ്തു (Chuah, Shukri, & Yeoh; 2011). തദനന്തരമുള്ള മലേഷ്യയുടെ രാഷ്ട്രീയചരിത്രവും ചലനവും ഇന്നുവരെയും ഏറെക്കുറെ മഹാതീറിൽ കേന്ദ്രീകൃതവുമാണ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് തങ്ങളുടെ ഇന്ത്യൻ സ്വത്വം കൈവെടിയുകയും തനി മലയക്കാരായി രാഷ്ട്രീയ നേതൃപ്രവേശം നടത്തുകയും ചെയ്ത അനവധി ഇന്ത്യക്കാർ, ഇങ്ങനെയുള്ള പ്രായോഗികചിന്ത അവരിലുണ്ടാക്കിയ സ്വാധീനത്തെ വസ്തുതാപരമായി പ്രതിഫലിപ്പിക്കുന്നു.
ഭാഷയുടെ കുടിയേറ്റങ്ങൾ
മലബാരികളുടെ സാംസ്‌കാരിക, നാഗരിക, മതകീയ സംഭാവനകൾ ഒരു ഗവേഷകനെ സംബന്ധിച്ച് ഇനിയും ഖനികളായി അവശേഷിക്കുകയാണ്. ഭാഷാപരമായ ചില മലബാരി അനുഭവങ്ങൾ പറയുമ്പോൾ ഈയൊരു പ്രസ്താവത്തിന് ബലമേറുമെന്നു തോന്നുന്നു. മലയായിലെ പ്രാദേശിക ഭാഷയായ ബഹാസ മെലായു (Bahasa Melayu) വിന് മലബാരികൾ നൽകിയ ചില സംഭാവനകളുണ്ട്. അറബി, ഇംഗ്ലീഷ്, ചൈനീസ്, പേർഷ്യൻ, സംസ്‌കൃതം തുടങ്ങി ഒട്ടേറെ ഭാഷകളിൽ നിന്ന് കേവലപദങ്ങളായും വിശാല പ്രയോഗങ്ങളായും ഉൾക്കൊണ്ട ഒരു മിശ്രിത പൊതുഭാഷയാണ് ബഹാസ മെലായു. ഇവയൊക്കെയും സംഭവിച്ചത് കുടിയേറ്റം കൊണ്ടുതന്നെ.
മലബാരികൾക്കിടയിലെ മലയാളത്തിനെന്തു സംഭവിച്ചു?. അതാലോചിക്കുമ്പോൾ പല മലബാരികൾക്കും ഇന്നും ഗൃഹാതുരതയാണ്. മലയാളത്തിൽ എഴുത്തും വായനയുമില്ലെങ്കിലും മലബാരിക്കുടുംബങ്ങളിൽ മലയാളം ഇന്നും ഒരു പ്രധാന വാച്യഭാഷ തന്നെയാണ്
മലബാറിൽ നിന്ന് യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന കപ്പലുകൾ 19 വിധമുണ്ടായിരുന്നുവത്രേ. ഇവയുടെ മലയാള നാമങ്ങൾ പലതും ഇന്ന് മലായ് ഭാഷയിലെ കൂടി പദങ്ങളാണ്. പത്തേമാരി, കപ്പൽ, സംപാൻ, പാറാവ്, സംബൂ തുടങ്ങിയവ ഉദാഹരണം. കൂടാതെ ശ്രീ, പുത്രി, രാജ, പുത്ര, ആശ്രമ, സമുദ്ര, കാഞ്ചന തുടങ്ങിയ സംസ്‌കൃതപദങ്ങൾ യാതൊരു ഭേദവുമില്ലാതെ മെലായുവിൽ ഇന്നും ഉപയോഗിച്ചുവരുന്നു. ബഹാസ എന്ന പദം തന്നെ ഭാഷ എന്ന സംസ്‌കൃത പദത്തിന്റെ നിഷ്പന്നരൂപമാണ്. സംസ്‌കൃതത്തിലെ തന്നെ മറ്റുചില വാക്കുകളും അവയുടെ മലായ് സാമ്യപദങ്ങളും ഇവിടെ ചേർക്കുന്നു:
അറബിപ്പദങ്ങൾ ഇതിനേക്കാൾ സുലഭമായി മെലായുവിലുണ്ട്. നിയ്യ, മുസ്തഹീൽ, മുംകിൻ, മുസാഫിർ, മുനാസിബ്, നസ്വീഹത്, നികാഹ്, കൽബ്, ഹുറൂഫ്, ശുകൂർ, വക്ത്, ദുൻയാ, താരീഖ് തുടങ്ങിയ അറബിപദങ്ങൾ അതേപടിയോ വളരെ ചെറിയ രൂപഭേദങ്ങളോടെയോ മെലായുവിൽ ഇന്നും സജീവമായി ഉപയോഗത്തിലുണ്ട്.
ഇനി, മലബാരികൾക്കിടയിലെ മലയാളത്തിനെന്തു സംഭവിച്ചുവെന്ന ചോദ്യമാണ്. അതാലോചിക്കുമ്പോൾ പല മലബാരികൾക്കും ഇന്നും ഗൃഹാതുരതയാണ്. മലയാളത്തിൽ എഴുത്തും വായനയുമില്ലെങ്കിലും മലബാരിക്കുടുംബങ്ങളിൽ മലയാളം ഇന്നും ഒരു പ്രധാന വാച്യഭാഷ തന്നെയാണ്. കൂടാതെ, അവരുടെ ആൺകുട്ടികൾക്ക് രക്ഷിതാക്കൾ കണ്ടുവെക്കുന്ന പേരുകളിൽ ഇപ്പോഴും സുലൈമാനും ഫാറൂഖും സൈദ് അലവിയുമെല്ലാമുണ്ട്. പഴയ തലമുറയിലെ മുഹമ്മദ് കുട്ടിയും ബാവയും മമ്മിയും അബ്ദുറഹ്മാനും അബൂബക്കറും അബ്ദുല്ലയുമൊക്കെ ഇന്നും ഈ അറബിപ്പേരുകളിലെ മലയാളിത്വം വേറിട്ടാസ്വദിക്കുന്നത് കാണുന്നത് കൗതുകകരമാണ്.
ഇവിടത്തെ മലബാരിക്കാരണവന്മാരെ തദ്ദേശീയരായ മറ്റു വംശജർ വരെ കാക്ക (big brother) ചേർത്ത് വിളിക്കുന്നത് കേട്ടിട്ടുണ്ട്. വീടകങ്ങളിലെ ദൃശ്യമാധ്യമങ്ങളിലും മൊബൈൽ ഫോണുകളിലെ ഗ്യാലറികളിലും മലയാള ഭാഷാസാന്നിധ്യം സുലഭമാണ്. ഇവർക്കിടയിൽ അക്ഷരസ്ഫുടതയോടെയും അടങ്ങിയൊതുങ്ങിയ ഒഴുക്കോടെയും മലയാളം സംസാരിക്കുന്ന ഒരൊറ്റ മലബാരിയെ മാത്രമേ ഇന്നുവരെ ഞാൻ കണ്ടിട്ടുള്ളൂ. അത് ജോഹോറിലെ മാസായ് പ്രവിശ്യയിലെ മുഹമ്മദ് കുട്ടിയെന്ന കുഞ്ഞുക്കയാണ്. കണ്ണൂരിലെ തെളിമലയാളം കേൾക്കണമെങ്കിൽ അദ്ദേഹത്തോടൊപ്പം ഒരല്പനേരം കാറിൽ കയറിയിരുന്നാൽ മതി. മലബാരികൾക്കിടയിലെ വാർഷിക സമ്മേളനങ്ങളിൽ മലയാള പ്രസംഗം നടത്താനും അദ്ദേഹം തയ്യാറാവുന്നത് കൗതുകം ജനിപ്പിച്ച കാഴ്ചകളിൽ ഒന്നാണ്. ഇതര മലബാരികളിൽ നിന്ന് വ്യത്യസ്തമായി തമിഴ് ചുവയില്ലാത്ത ഉച്ചാരണം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
ഒരേ വീട്ടിൽ തന്നെ കാസർകോട് മലയാളവും മലപ്പുറത്തെ കോട്ടയ്ക്കൽ -തിരൂർ മലയാളവും ഞാൻ കേട്ടിട്ടുണ്ട്. ചില വീടുകളിൽ പയ്യന്നൂർ- തലശ്ശേരി-കാസർഗോഡ് പ്രദേശങ്ങളിലെ ഉച്ചാരണങ്ങളും കേൾക്കാം.
ഒരിക്കലൊരു മലബാരി വീട്ടിൽ അതിഥിയായി ചെന്നപ്പോൾ വീട്ടിലെ പെണ്ണുങ്ങൾ കുട്ടിയെ ‘കൊസു' കടിയെപ്പറ്റി ബോധവത്കരിക്കുന്നത് കേട്ടപ്പോഴാണ് ഇവരുടെ മലബാരി മലയാളത്തിലെ തമിഴ് ചുവയെപ്പറ്റി ആലോചന മുറുകിയത്. തമിഴിന്റെ അതിപ്രസരവും ഉച്ചാരണത്തിലെ ശുദ്ധിയില്ലായ്മയും ഞാൻ കണ്ട ഒട്ടുമിക്ക മലബാരിയിലും പ്രകടമാണ്. ശരിമലയാളമറിയുന്ന ഒരു ശ്രോതാവിന് ഇതൊക്കെ അലോസരമുണ്ടാക്കുമെങ്കിലും, തന്മൂലം എന്തെങ്കിലും അപകർഷതാബോധം പേറുന്നവരൊന്നുമല്ല ഇവരാരും.
ഒരേ വീട്ടിൽ തന്നെ മെലായുവിനെക്കൂടാതെ മലയാളവും തമിഴുമൊക്കെ സ്ഥിരമായിക്കേൾക്കാം. അത്യാവശ്യം വിദ്യാസമ്പന്നരെങ്കിൽ ഇംഗ്ലീഷും വീട്ടുഭാഷ തന്നെയായിരിക്കും. ബഹുഭാഷികളായ പുതുതലമുറയിൽ വിദ്യാഭ്യാസ കാംക്ഷികളായ ഒട്ടേറെപ്പേരുണ്ടെന്നത് ഇതിന്റെയൊക്കെ ഒരു ഗുണാത്മക വശമാണ്. ഓരോ വീട്ടിലെയും മലയാള സംസാരശൈലി അവരവരുടെ തായ് വേരുകളുള്ള നാടിനനുസരിച്ച് വൈജാത്യപ്പെട്ടു കിടക്കുകയാണ്. അത് ചിലപ്പോൾ പലവിധമുള്ള സങ്കരയിനം ശൈലീഭേദങ്ങളായും നമുക്ക് കേൾക്കാൻ പറ്റും. ഒരേ വീട്ടിൽ തന്നെ കാസർകോട് മലയാളവും മലപ്പുറത്തെ കോട്ടയ്ക്കൽ -തിരൂർ മലയാളവും ഞാൻ കേട്ടിട്ടുണ്ട്. ചില വീടുകളിൽ പയ്യന്നൂർ- തലശ്ശേരി-കാസർഗോഡ് പ്രദേശങ്ങളിലെ ഉച്ചാരണങ്ങളും കേൾക്കാം. എന്നാൽ മലയാളത്തിന്റെ എഴുത്തുഭാഷ പൊതുവേ ഇവർക്കന്യമാണ്. വാച്യവിനിമയങ്ങൾക്കപ്പുറം വായനാസമ്പ്രദായം ഇവരിൽ അന്യമായതുതന്നെ പ്രഥമ കാരണം. മുൻ തലമുറക്കാരിൽ നിന്ന് മലയാളത്തിലെ എഴുത്തും വായനയും അനന്തരമെടുക്കാൻ ശേഷക്കാർക്ക് കഴിഞ്ഞിട്ടില്ല. ദീർഘകാലം മലയാളത്തിൽ കത്തെഴുത്തുശീലമുണ്ടായിരുന്ന മലബാരികളൊക്കെ കുറ്റിയറ്റുപോയ മട്ടാണ്. എന്നാലും അവർ നാട്ടിൽ ഇട്ടേച്ചുപോയ പ്രിയതമമാർക്കും ബന്ധുമിത്രാദികൾക്കും എഴുതിയ കത്തുകൾ ഇന്നും കേരളത്തിലെ പല വീടുകളിലും സൂക്ഷിച്ചുവെച്ചതായി കാണാൻ കഴിയും. 1990കൾക്കുശേഷം എഴുതിയ ഇത്തരത്തിലുള്ള ഒരു കത്ത് തൃക്കരിപ്പൂരിലുള്ള ഒരു സുഹൃത്ത് വഴി ഈ ലേഖകന് കിട്ടുകയുണ്ടായി. മലേഷ്യയിലേക്ക് കുടിയേറിയ ഭർത്താവ് നാട്ടിലെ ഭാര്യക്കെഴുതിയ കത്തിൽ ഒരു സാധാരണ പ്രവാസിയുടെ പരിദേവനങ്ങളും വൈകാരികനിമിഷങ്ങളും അന്നത്തെ കത്തെഴുത്തുഭാഷാശൈലിയിൽ ഒരു ചിത്രം പോലെ വരച്ചുവെച്ചിരിക്കുന്നു. മുസ്ലിം പശ്ചാത്തലത്തിലുള്ള കത്തിലെ വരികൾ ഇപ്രകാരമാണ്:
‘‘പടച്ചവന്റെ കൃപയാൽ, ഇരുസ്ഥലത്തും വേണ്ടപ്പെട്ട സൈനാബിയും മകനും കൂടി അറിയുവാൻ നിന്റെ മാപ്പിള എഴുത്ത്. എന്തെന്നാൽ എനിക്ക് സുഖം തന്നെ. അത് പോലെ നിങ്ങൾക്കും സുഖമെന്ന് കരുതി സന്തോഷിക്കുന്നു. പിന്നെ നമ്മൾ കാണാത്ത ഏകദേശം 20 കൊല്ലമായി. അതുകൊണ്ട് എനിക്ക് വിഷമമുണ്ട്. നിന്നെ ഒരു പ്രാവശ്യം എന്റെ കൂടെ വരുവാൻ വിളിച്ചു. നീ വന്നില്ല. നിന്റെ ഉപ്പാരെയും ഉമ്മാരെയും സമ്മതം ഇല്ലാത്തതുകൊണ്ടാണ്. അങ്ങോട്ട് വരാൻ സാധിക്കുന്നില്ല. നീ ഇങ്ങോട്ട് വരുന്നുണ്ടെങ്കിൽ ഞാൻ ടിക്കറ്റ് അങ്ങോട്ട് അയച്ചുതരാം. പിന്നെ അഞ്ചാറു കൊല്ലം മുമ്പ് അസ്സീസ് ആജി എന്ന ആള് 10,000 ഉറുപ്പിക...'
അതേ കത്തിന്റെ തന്നെ മറുവശത്ത് ഇങ്ങനെയും ഉണ്ട്:
‘‘നിന്റെ ഉമ്മാക്കും ശേഷം അവിടെയുള്ള എല്ലാവർക്കും എത്രയും പ്രിയത്തിൽ സലാം. അസ്സലാമു അലൈകും. ഈ കത്ത് എഴുതുവാൻ കാരണം, ഇപ്പോൾ വിളിച്ചാൽ കിട്ടുന്നില്ല. നീ അവിടെ ഇല്ല. അതുകൊണ്ടാണ് ഈ കത്ത് എഴുതുവാൻ കാരണം. ഈ കത്ത് കിട്ടിയ ഉടനെ എല്ലാ വിധത്തിനും കത്ത് അയക്കാൻ യാതൊരു ഉപേക്ഷയും (?) ചെയ്യരുത്. നിന്റെ കത്തും ഒരു ഫോട്ടോയും ഒരു ആളുടെ കൈയിൽ നീ എനിക്ക് കൊടുത്തുവിട്ടിരുന്നല്ലോ. അത് എനിക്ക് കിട്ടി. അസ്സീസ് ആജി നിങ്ങൾക്ക് ഒരു 10,000 ഉറുപ്പിക കൊണ്ടുത്തന്നോ? 5 കൊല്ലം അല്ലെങ്കിൽ 6 കൊല്ലം മുമ്പാണ്. കൊണ്ടുത്തന്നോ ഇല്ലയോ എന്ന് എനിക്ക് വിവരം അറിയിക്കണം. തന്നിട്ടില്ലെങ്കിലും വിവരം അറിയിക്കണം. ഇപ്പോൾ നീ ഇങ്ങോട്ട് വരുന്നുണ്ടെങ്കിൽ ടിക്കറ്റ് ഞാൻ അങ്ങോട്ട് അയച്ചുതരാം. അതുകൊണ്ട് ഇക്കാര്യത്തിൽ വിവരം അറിയിക്കണം. ഇത്രമാത്രം എഴുതി മറുപടിക്ക് കാത്തുനിൽക്കുന്നു.''
ഇരുപതും അതിലധികവും കൊല്ലക്കാലം പരസ്പര ദർശന-സ്പർശനങ്ങളൊന്നുമില്ലാതെയും ഭാര്യാഭർത്താക്കന്മാരെ തമ്മിൽ ഒട്ടിച്ചുവെക്കാൻ കെൽപ്പുള്ള ഇത്തരം കത്തുകളും കുറിപ്പാത്തുകളും ഉത്തര, മധ്യ കേരളത്തിൽ സുലഭമായിരിക്കും. സ്‌നേഹത്തിന്റെ ഊഷ്മളതയും വിഷാദത്തിന്റെ നിർനിമേഷഭാവവും പരിഗണനയുടെ തലോടലും അതേസമയം നിസ്സഹായതയുടെ ദയനീയതയുമെല്ലാം ഈ കത്തുകളിൽ സുലഭം. മറുനാട്ടിലെത്തുന്നതോടെ ഏതു ഭർത്താവും ദീനാനുകമ്പയുടെ പതിഞ്ഞ ഒരു ശബ്ദമായി മാറുന്നതിന്റെ രേഖാചിത്രം ഈ കത്തുകളിലെ ഭാഷയിലുണ്ട്. ആ ഭാഷകൾക്ക് പാരുഷ്യമില്ല. പകരം അനുതാപത്തിന്റെ നേർത്ത പശ്ചാത്തല സംഗീതം മുഴക്കുന്ന ഏകതാനമായ ഒരു ശബ്ദം മാത്രം.
ഇങ്ങനെയുള്ള ഗൃഹാതുരത്വങ്ങൾ മൂലമാവണം മലബാരികളിപ്പോഴും മലയാളത്തെ പാടെ അങ്ങ് കൈവിടാൻ ഒരുക്കമല്ലാത്തത്. ഒരു കൗതുകത്തിന് ലേഖകൻ പല മലബാരികളോടും, ‘നിങ്ങൾക്കെന്തിനാണ് മലയാളം?’ എന്ന് ചോദിച്ചിട്ടുണ്ട്. ‘നാടിനെ ഞങ്ങൾ എങ്ങനെ മറക്കാനാണ്’ എന്ന മറുചോദ്യമായിരിക്കും മറുപടി. മലബാരി മദ്രസകളുടെ രക്ഷാധികാരികളിൽ പലരും ഉസ്താദുമാരെ ചൂണ്ടിക്കാണിച്ചു എന്നോട് ഇങ്ങനെ പറയാറുണ്ട്: ‘നാട്ടിലെ ഉസ്താദുമാരെ ഞങ്ങളെന്തിനാണ് ഇങ്ങോട്ട് കൊണ്ടുവരുന്നതെന്നറിയുമോ? ഇവിടെ ഉസ്താദുമാർ ഇല്ലാഞ്ഞിട്ടല്ല. അത് നമ്മുടെ കുട്ടികൾക്ക് മലയാളത്തിൽ തന്നെ മദ്രസാ വിഷയങ്ങൾ പഠിപ്പിക്കാനാണ്.'' ജോഹോറിലെ പിഎച്ച്.ഡിക്കാരൻ മലബാരി ചെഗു ഹമീദിന്റെ നേതൃത്വത്തിൽ മലയാള ഭാഷാപഠന മേഖലയിൽ ഒരു പുതിയ സംരംഭം തുടങ്ങുന്നുവെന്ന വിവരമറിയിച്ചത് അദ്ദേഹം തന്നെയാണ്. കുട്ടികൾക്ക് മലയാളം ശാസ്ത്രീയരീതിയിൽ പഠിക്കാനുതകുന്ന പുസ്തകശൃംഖല ജോഹോർ കേന്ദ്രീകരിച്ച് തുടങ്ങാൻ പോകുന്നു. ഇതിന്റെ പ്രാരംഭജോലി തുടങ്ങിവെച്ചിട്ടുണ്ടെന്നും താമസംവിനാ പൂർത്തിയാവുമെന്നും അദ്ദേഹം പറയുന്നു. വാച്യമലയാളത്തിനപ്പുറം എഴുത്തും വായനയുമെല്ലാം മലയാളത്തിലൂടെ ഇവിടെ വികസിക്കണമെന്ന തിരിച്ചറിവുതന്നെ ശുഭദായകമാണ്.
പഴയ തലമുറയിലെ മലബാരിക്കാരണവർ ഭാഷാ വികാസത്തിന് അനല്പമായ കരുതലുകൾ നീക്കിവെക്കുമ്പോൾ ഭാഷയുടെ അടിവേര് കണ്ടിട്ടില്ലാത്ത പുതുതലമുറക്കാരിൽ പലർക്കും മലയാള ഭാഷാ പഠനത്തിന്റെ വൈകാരിക- വൈചാരിക യുക്തികൾ മനസ്സിലാകുന്നില്ല.
മലായക്കാരെ ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലത്ത് മലയാളികൾക്കുവേണ്ടി അവർ പണിയെടുത്തിരുന്ന കൃഷിയിടങ്ങൾക്കടുത്തുതന്നെ മലയാളം മീഡിയത്തിലുള്ള സ്‌കൂളുകൾ തുറന്നുകൊടുത്തിരുന്നുവത്രേ. അന്നത്തെ മലയാളി ജോലിക്കാരുടെ ആവശ്യപ്രകാരം മക്കളെ വിദ്യാസമ്പന്നരാക്കുവാൻ ബ്രിട്ടീഷുകാർ ചെയ്തുകൊടുത്ത ഇക്കാര്യത്തിന്റെ തുടർച്ചകളെ അന്വേഷിക്കുമ്പോൾ നമുക്കൽപം നിരാശ തോന്നായ്കയില്ല. പഴയ തലമുറയിലെ മലബാരിക്കാരണവർ ഈ ഭാഷാ വികാസത്തിന് അനല്പമായ കരുതലുകൾ നീക്കിവെക്കുമ്പോൾ ഭാഷയുടെ അടിവേര് കണ്ടിട്ടില്ലാത്ത പുതുതലമുറക്കാരിൽ പലർക്കും മലയാള ഭാഷാ പഠനത്തിന്റെ വൈകാരിക- വൈചാരിക യുക്തികൾ മനസ്സിലാകുന്നില്ല. എന്നാൽ, ഈയൊരു ഭാഷാസ്വത്വത്തെ പൂർണമായും കൈവെടിയാൻ ഭൂരിപക്ഷം തയ്യാറല്ലതാനും. പതിയെപ്പതിയെ കേരളത്തിലെ പ്രമുഖ മലയാള പ്രസാധകരുടെ പുസ്തകശാലകൾ മലേഷ്യൻ മലബാരിത്തെരുവുകളിൽ സ്ഥാനംപിടിക്കുക തന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാൻ എമ്പാടും വകയുണ്ട്. വിദ്യാഭ്യാസരംഗത്ത് വൻ പുരോഗതി കൈവരിച്ചിട്ടുള്ള ഇവർക്കിടയിലെ പുതുതലമുറക്കാരിൽ ബിരുദവും അനന്തര ബിരുദങ്ങളും നേടിയ നിരവധി പേർ നല്ല വായനക്കാരും കൂടി ആയിരിക്കെ, വായനാമലയാളം ഇവരിൽ വേരുപിടിക്കാൻ അധികം കാലതാമസമൊന്നും വേണ്ടിവരില്ല.
ജോഹോർ സ്റ്റേറ്റ് മലബാർ മുസ്ലിം ജമാഅത്തിന്റെ വിദ്യാഭാസ ബ്യൂറോ തലവനായ ചെഗു സുലൈമാൻ ബിൻ മൊയ്തീന്റെ അഭിപ്രായത്തിൽ പുതുതലമുറയ്ക്ക് മലയാളത്തോടുള്ള വിരക്തിയുടെ അടിസ്ഥാന കാരണം ചില അപകർഷതാബോധങ്ങളാണ്. രക്ഷിതാക്കൾ കുട്ടികളോട് വീടകങ്ങളിൽ വെച്ച് മലയാളത്തിൽ സംസാരിക്കാറില്ല. തനി മലായ് വംശജർക്കിടയിൽ ജീവിക്കുന്ന പല മലബാരികൾക്കും അങ്ങനെ ചെയ്യാൻ വിമുഖതയുണ്ട്. മലായ് വംശജർക്കിടയിൽ മലയാളം പോലെ ഒരന്യഭാഷയിൽ ആശയവിനിമയം ചെയ്യുന്നത് മലബാരികളെപ്പറ്റിയുള്ള മതിപ്പിന് കോട്ടം തട്ടുമോ എന്നവർ ശങ്കിക്കുന്നു. കൂടാതെ, കുട്ടികൾ സ്‌കൂളിൽ പോയാൽ അധ്യാപകരോടും തങ്ങളുടെ സഹപാഠിളോടും മലായ് ഭാഷയിൽ വേണമല്ലോ വിനിമയം ചെയ്യാൻ. ഇത്തരം ബോധനിർമിതികൾ അറിഞ്ഞും അറിയാതെയും ഈ സമുദായത്തിനകത്ത് അവർ സ്വയം ഉണ്ടാക്കിയെടുക്കുന്നതിനാൽ ഭാഷാപരമായ താത്പര്യം അവരിൽ ജനിക്കുകയെന്നത് അല്പം പ്രയാസകരം തന്നെയാണ്. ഈ വെല്ലുവിളിയുടെ പരിഹാരപ്രക്രിയ എന്നോണം ജോഹോർ മലബാരി മുസ്ലിം സംഘത്തിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിതരീതിയിൽ ഭാഷാപഠനം ആരംഭിക്കണമെന്ന് ചെഗു സുലൈമാനും ആശിക്കുന്നു. അത് മലബാരി മദ്രസകളിലൂടെയും അനുബന്ധ സംവിധാനങ്ങളിലൂടെയും പ്രാവർത്തികമാക്കാനാകുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇവരുടെ ഭാഷാസ്വത്വ സംരക്ഷണത്തിനുള്ള പ്രാധമികാവബോധം സൃഷ്ടിക്കേണ്ടത് ഓരോ രക്ഷിതാക്കളിലുമാണെന്ന യാഥാർഥ്യം നേതൃനിരയിലുള്ളവർ തിരിച്ചറിയുന്നുണ്ട്. ഇവരുടെ നിലവിലെ മദ്രസാ കേന്ദ്രീകൃത സംരംഭങ്ങൾ വേണ്ടവിധം ഉപയോഗിച്ചാൽ തന്നെ മേൽപ്പറഞ്ഞ പ്രതിബന്ധങ്ങൾ ക്ഷിപ്രവേഗം പരിഹൃതമാവും.
മലബാരി മത- സാംസ്‌കാരിക സ്വത്വവും സംഘബോധവും
മലയായിലേക്കുള്ള കുടിയേറ്റശേഷം ഒരുപാട് കാലം ഈ സമുദായം അതിജീവനത്തിന്റെ അപകർഷച്ചുഴിയിൽ ജീവിച്ചവരാനെന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ അതേ ചരിത്രശേഷിപ്പുകളിൽ അവരങ്ങനെ തുടരുകയായിരുന്നില്ല. ഇവരുടെ ജീവിതഗതിയുടെ ചക്രങ്ങൾ മുന്നോട്ടുരുണ്ടുതുടങ്ങിയ സന്ദർഭം മുതൽക്കേ ഇവരുടെ നാഗരിക- സാംസ്‌കാരിക ചോദനകൾ പ്രകടമാകാൻ തുടങ്ങിയിരുന്നു. ഇസ്ലാം മതാചാരനിഷ്ടകളിൽ മലേഷ്യ ഷാഫിഈ മദ്ഹബിന്റെ വിളനിലമായത് മലബാരികൾക്ക് ഒരർഥത്തിൽ അനുഗ്രഹമായിട്ടുണ്ട്. ഇന്നത്തെ തമിഴ് മുസ്ലിംകളെപ്പോലെ മദ്ഹബ് പഠനങ്ങൾക്ക് വേറെ സംവിധാനം കാണേണ്ടിവരുകയോ ഹനഫീ മദ്ഹബ് പിന്തുടരുന്ന വേറെ ജുമുഅത്ത് പള്ളികൾ സ്ഥാപിക്കേണ്ടതായോ വന്നിട്ടില്ല. ഇവരുടെ മതാത്മകതയിലും മലായ- മലബാരി സങ്കലനങ്ങൾ പ്രകടമായി കാണാൻ കഴിയും. അത് ചിലയിടങ്ങളിൽ സമഗ്രവും മറ്റിടങ്ങളിൽ അപൂർണവുമായി നിലകൊള്ളുന്നു. എന്നാൽ അപൂർണതക്ക് സൗന്ദര്യക്കുറവൊന്നുമില്ലതാനും.
കുടിയേറ്റ സമുദായമെന്ന നിലയിൽ ഇവർക്ക് നേരത്തെ തന്നെ സംഘബോധമുണ്ടായിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം പല പ്രാദേശിക മത- സാംസ്‌കാരിക സംഘടനകളും ഇവർക്കുകീഴിൽ രൂപപ്പെട്ടിട്ടുണ്ട്. അവയുടെയെല്ലാം പ്രാരംഭപ്രേരകമായി വർത്തിച്ചത് അപരവിചാരമെന്ന ഒരു സുപ്രധാന മൂലകം തന്നെയായിരുന്നു. അതിജീവനത്തിന്റെ ബേജാറിൽ മലയായിൽ എത്തിച്ചേരുന്ന സ്വസഹോദരനെയും സഹോദരിയെയും കേരളീയത, അഥവാ മലയാളിത്വം ഒന്നിപ്പിച്ച തദ്ദേശബന്ധുക്കളെയുമൊക്കെ ഇവരുടെ സംഘബോധം സംരക്ഷിച്ചുനിർത്തിയിട്ടുണ്ട്. കുടിയേറി വന്നവരുടെ ക്ഷേമൈശ്വര്യങ്ങൾ ആരായാനും ഉപജീവനമാർഗങ്ങളിലേക്ക് വഴിനടത്താനും ഇവർ രൂപംനൽകിയ സംഘടനകൾക്ക് കഴിഞ്ഞു. കാലക്രമേണ ഈ സംഘടനകളുടെ പ്രവർത്തനവൃത്തങ്ങൾ പലതായി വികസിച്ചു. ചില കൂട്ടായ്മകൾ ശോഷിക്കുകയും മറ്റു ചിലവ കേവല സ്വാഭാവിക ചലനങ്ങൾ കൊണ്ട് നിലനിൽക്കുകയും ചെയ്തു.
ഇവർക്കിടയിൽ സജീവസാന്നിധ്യമറിയിച്ച എട്ട് പ്രധാന സംഘടനകൾ ഇവയാണ്:
1. മലബാർ മുസ്ലിം ജമാഅത്ത് (Malabar Muslim Jamaat -MMJ)2. മസായ് മുസ്ലിം ജമാഅത്ത് (Masai Muslim Jamaat)3. ജമാ മുസ്ലിം നെഗാരി ജോഹോർ ( Jemaah Muslim Negari Johor -JMMNJ)4. ഗബുൻഗാൻ പെർസാതുവാൻ പിൻഇന്തിസ് മലബാരി മലേഷ്യ (Gabungan Persatuan Perintis Malabari Malaysia)5. പെർസാതുവാൻ മലബാരി മലേഷ്യ (Persatuan Malabari Malaysia)6. പെർസാതുവാൻ പിൻഇന്തിസ് മലബാരി മലേഷ്യ ( Persatuan Pirintis Malabari Malaysia)7. പെർസാതുവാൻ ഉസാഹവാൻ മലബാരി മുസ്ലിം നെഗാരി ജോഹോർ (Persatuan Usahawan Malabar Muslim Negari Johor )8. സുറൗ മലബാരി ഹിദായത്തുൽ ഇസ്ലാം ( Surau Malabar Hidayatul Islam)
ജോഹോർ സ്റ്റേറ്റിന്റെ മതവിഭാഗം നേതാക്കളുടെ നിരീക്ഷണവും പിന്തുണയും ഉണ്ടെങ്കിൽ ഈ മദ്രസകളിലൂടെത്തന്നെ ഇവരുടെ വിദ്യാഭ്യാസരംഗം ഒരു നവജാഗരണത്തിലെത്തിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് മലബാരി സംഘടനാ നേതൃത്വം.
ഈ സമുദായസംഘങ്ങളിൽ ചിലതെല്ലാം ഇന്നും പ്രവർത്തനപഥത്തിലുണ്ട്. മലബാർ മുസ്ലിം ജമാഅത്ത് (MMJ) ആണ് മലേഷ്യൻ മലബാരികൾക്കിടയിലെ ആദ്യ സംഘടന എന്ന് അവർ അവകാശപ്പെടുന്നു. 1956-ൽ ക്വാലാലമ്പൂരിലെ സെലാങ്ങോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ 1960-നുശേഷം കേരള മുസ്ലിം ജമാഅത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവരുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്തുതന്നെ വാർഷികാഘോഷങ്ങളും നബിദിന സദസുകളും വിപുലമായി നടന്നുവരുന്നു. കേരളീയ സുന്നി പാരമ്പര്യത്തിൽ അന്തർലീനമായിക്കിടക്കുന്ന അനുഷ്ഠാനവൈവിധ്യങ്ങൾ മലേഷ്യൻ മലബാരികളും അതേപടി പകർത്തുന്നു. ആണ്ടുനേർച്ചകളായും മൗലിദുകളായും പ്രത്യേക ദിനാചരണങ്ങളായുമെല്ലാം ഇതിന്റെ പ്രകടരൂപങ്ങൾ സംഘടനകളുടെ ആഭിമുഖ്യത്തിലും വീട്ടുകോലായകളിൽ ഒറ്റയും തെറ്റയുമായെല്ലാം ഇന്നും സജീവമായി തുടരുന്നു. ഇത്തരം ആഘോഷാനുഷ്ഠാനങ്ങളിലെല്ലാം പ്രായ- ലിംഗ ഭേദമന്യേയുള്ള നേതൃത്വവും പങ്കാളിത്തവും യഥേഷ്ടം കാണാം. നേതൃപാടവത്തിലും സംഘാടനത്തിലും ലിംഗവൈജാത്യം ഒട്ടുമില്ലാത്ത മുസ്ലിം രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. അതിന്റെ പ്രതിഫലനം മലബാരികളിലും തെളിഞ്ഞുകാണണമെന്നുണ്ടെങ്കിൽ ഇത്തരം മത- സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്താൽ മതി.
ജോഹോറിലെ മാസായ് ജില്ലയിൽ താമസിക്കുന്ന മലബാരികളുടെ ക്ഷേമത്തിന് 1970-ൽ രൂപംകൊണ്ട കൂട്ടായ്മയാണ് മസായ് മുസ്ലിം ജമാഅത്ത്. ഇവരുടെ കർമമണ്ഡലം മദ്രസാ നടത്തിപ്പ്, മലബാരിപ്പള്ളിയുടെ പരിപാലനം, റിലീഫ് പദ്ധതികൾ, വാർഷിക നബിദിന സമ്മേളനം, മറ്റു സന്നദ്ധപ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യാപിച്ചുകിടക്കുന്നു. ഇവർക്കുകീഴിൽ ഈയടുത്ത വർഷങ്ങളിൽ നടന്ന പല പരിപാടികൾക്കും ലേഖകൻ ക്ഷണിതാവായി പോയിട്ടുണ്ട്. അതിനാൽ, ഇവരിലെ സംഘടനാ ഭാരവാഹികളിൽ പലരോടും വ്യക്തിബന്ധവും സൗഹൃദവുമുണ്ട്. ആ സ്വാതന്ത്ര്യമുപയോഗിച്ചാണ് 2018-ൽ മലബാരി മദ്രസാ മാനേജ്‌മെൻറ് കമ്മിറ്റിക്ക് മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളിൽ കൊണ്ടുവരേണ്ട നൂതനാവിഷ്‌കാരങ്ങളെക്കുറിച്ച് ഒരു കത്തെഴുതി സമർപ്പിച്ചത്. ഇത്തരം പരിപാടികളുടെ പ്രാഥമികലക്ഷ്യം എന്താണെന്നും കുട്ടികളുടെ പാഠ്യേതര പരിപാടികളിലെ പങ്കാളിത്തം എങ്ങനെയാണ് ക്രിയാത്മകമാക്കേണ്ടതെന്നും ആ കത്തിൽ ഞാൻ വിശദീകരിച്ചു.
ജോഹോറിലെ ഇതര മലബാരി സംഘടനകളെ അപേക്ഷിച്ച്, താരതമ്യേന വ്യവസ്ഥാപിതവും എകീകൃതവുമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ജമാ മുസ്ലിം നെഗാരി ജോഹോർ (JMMNJ). ജോഹോർ മലബാരികളുടെ മാതൃസംഘടന എന്ന നിലയിലും ഇതിനെ കാണാം. ഒരു പുരോഗമന സമൂഹം കെട്ടിപ്പടുക്കാനും മതമൂല്യങ്ങളിലധിഷ്ടിതമായ ഉത്ഥാനപ്രക്രിയകളിൽ ഇടപെടാനുമുള്ള ഔദ്യോഗിക സംവിധാനം എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. മതാധ്യാപനങ്ങൾ സമൂഹത്തിന്റെ നാനാതുറകളിലും എത്തുന്നുണ്ടെന്നത് ഉറപ്പുവരുത്തുക, നിപുണരും പ്രബുദ്ധരുമായ നേതാക്കളെ വാർത്തെടുക്കുക, മതമൂല്യത്തിലുറച്ച കൈകാര്യകർതൃത്വം ഉണ്ടാക്കിയെടുക്കുക എന്നിവയൊക്കെയാണ് ഈ സംഘത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ. കമ്മിറ്റിക്കുകീഴിൽ യുവജനവിഭാഗം, വനിതാക്ഷേമം, സാമ്പത്തിക- സംരഭകത്വ വകുപ്പ്, ജനക്ഷേമം, അംഗത്വവിഭാഗം, മൾട്ടിമീഡിയ, മതകാര്യം, വിദ്യാഭ്യാസം എന്നിങ്ങനെ തരംതിരിച്ച എട്ട് ഉപവകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്. മലബാരികളുടെ സ്വത്വരൂപീകരണത്തിൽ വലിയൊരളവോളം പങ്കുവഹിക്കുന്നത് ഇവരാണ്. കേരളത്തിലെ പ്രമുഖ മുസ്ലിം മത- രാഷ്ട്രീയ സംഘടനകളുമായുള്ള നിരന്തരസമ്പർക്കം ഈ ജോഹോർ സംഘത്തിന്റെ പ്രവർത്തനരീതികളിൽ പ്രതിഫലിക്കാറുണ്ട്.
ജമാ മുസ്ലിം നെഗാരി ജോഹോറിന്റെ ഉൽപത്തിക്ക് രണ്ടുഘട്ടങ്ങളുണ്ട്. 1964-ൽ അനൗദ്യോഗിക കൂട്ടായ്മ (ജമാഅത്ത്) എന്ന രീതിയിലായിരുന്നു ഒന്നാംഘട്ടം. അക്കാലത്ത് മലയായിലേക്ക് കച്ചവടാവശ്യർഥം വന്ന മലയാളികളാണ് ഇതിന് രൂപംനൽകിയത്. അവർക്ക് മലയൻ പൗരത്വമുണ്ടായിരുന്നില്ല. ഇവിടെയുള്ള കച്ചവടസാധ്യത വിപുലീകരിക്കുക, കേരളക്കാരുടെ ക്ഷേമകാര്യങ്ങളിൽ ഏകീകരണ സ്വഭാവത്തോടെ ഇടപെടുക തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യം. അതിനാൽ മലായ് മലബാരികൾക്ക് ഈ ജമാഅത്തുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ലത്രേ. എന്നാലും അനൗദ്യോഗികമായ വ്യക്തിബന്ധങ്ങൾ വഴി സംഘടനയുമായി ചിലയാളുകൾ അടുപ്പം കാണിക്കുകയും ചെയ്തു. രണ്ടാം ഘട്ടമെന്നോണം 1980കളിലാണ് ഈ സംഘടിതസംവിധാനം ജമാ മുസ്ലിം നെഗാരി ജോഹോർ എന്ന പേരിൽ ഔദ്യോഗിക രംഗപ്രവേശം നടത്തുന്നത്. പ്രഥമ കാര്യദർശിയായിരുന്ന തുവാൻ അബ്ദുറഹ്മാനാണ് ജമാഅത്തിനെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. മലബാരി സ്വത്വം കെട്ടിപ്പടുക്കണമെങ്കിൽ ഒരു സുദൃഢ സംഘബോധം അനിവാര്യമാണെന്ന് അദ്ദേഹം സമുദായത്തെ ബോധ്യപ്പെടുത്തിയതിന്റെ പ്രതിഫലനം തന്നെയാവണം ഇന്ന് കാണുന്ന രീതിയിലുള്ള സംഘടനയുടെ തുടർചലനങ്ങൾ.
കേവലം മതവിജ്ഞാന സമ്പാദനമെന്നതിലുപരി കേരള മാതൃകയിലുള്ള ഒരു മതഭൗതിക സമന്വയ പാഠ്യപദ്ധതിയെക്കുറിച്ച് പലരും ചിന്തിക്കുകയും തദനുബന്ധമായ കാഴ്ചപ്പാടുകൾ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്.
2002-ൽ ജോഹോർ നഗരത്തിൽ ഇവർ ഒരു ആസ്ഥാന കാര്യാലയവും തുറന്നു. ഡോ. മഹാതീർ മുഹമ്മദായിരുന്നു ഉദ്ഘാടകൻ. ജോഹോർ സ്റ്റേറ്റിന്റെ മതകാര്യ വകുപ്പ് (Majlis Agama Islam Johor State) ഈ സന്നദ്ധ സംഘടനയെ അംഗീകരിക്കുകയും സേവനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ജമാഅത്തിനുകീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ നാലെണ്ണത്തിന് മതവകുപ്പ് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി എട്ട് മദ്രസകൾ അംഗീകാരപത്രത്തിനാവശ്യമായ രേഖകളും മറ്റും തയ്യാറാക്കിവരുന്നു. ജോഹോർ സ്റ്റേറ്റിന്റെ മതവിഭാഗം നേതാക്കളുടെ നിരീക്ഷണവും പിന്തുണയും ഉണ്ടെങ്കിൽ ഈ മദ്രസകളിലൂടെത്തന്നെ ഇവരുടെ വിദ്യാഭ്യാസരംഗം ഒരു നവജാഗരണത്തിലെത്തിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് മലബാരി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ, കേവലം മതവിജ്ഞാന സമ്പാദനമെന്നതിലുപരി കേരള മാതൃകയിലുള്ള ഒരു മതഭൗതിക സമന്വയ പാഠ്യപദ്ധതിയെക്കുറിച്ച് പലരും ചിന്തിക്കുകയും തദനുബന്ധമായ കാഴ്ചപ്പാടുകൾ രൂപീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ വിവരങ്ങൾ ലേഖകന് കൈമാറിയത് ചെഗു അബ്ദുൽ ഹമീദും ഉലു തിറാം പ്രവിശ്യയിലെ പ്ലാങ്ങി ഇന്ദ:യിൽ പ്രവർത്തിക്കുന്ന മദ്രസ: അൽ-ഇർശാദിയയുടെ മുഖ്യ കാര്യദർശിയുമായ യൂസുഫ് അലിയുമാണ്.
ഉപസംഹാരം
ചുരുക്കത്തിൽ, മേൽ സൂചിപ്പിച്ച സംഘടനകളെല്ലാം സ്വത്വാവിഷ്‌കാരത്തിന്റെ ഏകതാനമായ പകർപ്പുകളായാണ് വർത്തിക്കുന്നത്. മലബാരി സമുദായത്തിന്റെ ക്ഷേമം തന്നെയാണ് മുഖ്യ കർമപരിപാടികൾ. ജോഹോറിനുപുറമേ മെലാക്കയിലും കെലാന്താനിലുമൊക്കെ ഇതേ ലക്ഷ്യവുമായി നീങ്ങുന്ന മലബാരിക്കൂട്ടായ്മകളുണ്ട്. ഇവയ്ക്കെല്ലാം ഒന്നുകൂടി ഐക്യസ്വഭാവം കൈവരുന്ന കാലത്ത് മലബാരികൾക്ക് സാമൂഹിക- സാംസ്‌കാരിക മുന്നേറ്റത്തിൽ ചരിത്രം സൃഷ്ടിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല. അതിനു സഹായകമാവുംവിധം ഉയർന്നു ചിന്തിക്കാൻ പ്രാപ്തിയുള്ള നേതൃപടുക്കൾ പുതിയ തലമുറയിൽ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. മലേഷ്യയിലെ ഒരു പ്രമുഖ ന്യൂനപക്ഷമായി മാറാനുള്ള കഴിവും അതിനുവേണ്ട മാനുഷികവിഭവങ്ങളും ഈ സമുദായത്തിന് വേണ്ടുവോളമുണ്ട്. ഇവരുടെ രാഷ്ട്രീയ- സാംസ്‌കാരിക സ്വത്വം കൊണ്ട് നേടിയെടുക്കാനാവുന്ന അവകാശങ്ങളും അനവധിയാണ്; വിശിഷ്യാ മലേഷ്യയുടെ രാഷ്ട്രീയലോകവീക്ഷണങ്ങൾ സകലയിടങ്ങളിലും വംശബന്ധിയായി നിലനിൽക്കുന്ന ഒരു ചുറ്റുപാടിൽ. ഇവിടത്തെ രാഷ്ട്രീയപാർട്ടികൾക്കെല്ലാം ഒരു വംശീയഘടനാ പാരമ്പര്യമാണുള്ളത്. തനി മലയക്കാർക്കും ചൈനീസുകാർക്കും ഇന്ത്യക്കാർക്കും താന്താങ്ങളുടെ വംശവീക്ഷണത്തിലൂന്നിയ രാഷ്ട്രീയക്കളരികളുണ്ട്. അതിനു സഹായകമായി വർത്തിക്കുന്നതിൽ അവരുടെ വംശ ഭാഷകൾ അതിപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. അതിനാൽ, മലേഷ്യയിലെ ഓരോ വ്യക്തിയും തന്റേതായ വംശീയസ്വത്വം പ്രകടിപ്പിക്കുകയും അതേ ചട്ടക്കൂടിന്റെ സാമൂഹികമാനങ്ങളിൽ അധിവസിക്കുകയും ചെയ്യുന്നു. ഇതേപ്പറ്റിയുള്ള വൈയക്തിക- സാമൂഹികാവബോധങ്ങൾ ലഭ്യമായ ചാനലുകളുപയോഗിച്ച് സമുദായഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നു. ഏതെങ്കിലും വിധത്തിൽ തങ്ങൾ അനുഭവിക്കേണ്ടിവരുന്ന വംശീയ സ്വത്വ പ്രതിസന്ധിയെ രാഷ്ട്രീയമായി മറികടക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഓരോ മലബാരിയിലും നിക്ഷിപ്തമാണ്. ▮
റഫറൻസ്:Alice, N. M. (2003). Negotiating indigenous identity in postcolonial Malaysia: beyond being 'not quite/not Malay'. Social Identities, 9(4), 511-534. doi:10.1080/1350463032000174650 Arasarathman, S. (1966). Indian merchants and their trading methods (circa 1700). Budiwanti, E. (2010). Malaysian Indian Muslim's oscillating Identity: Swinging between home and host Countries, The Work of 2009/2010 API FellowsChee-Beng, T. (2000). Ethnic identities and national identities: Some examples from Malaysia, Identities: Global Studies in Culture and Power, 6:4, 441-480, DOI: 10.1080/1070289X.2000.9962652Chuah, O.A., Shukri, A.S.M. & Yeoh, M.S. (2011). Indian Muslims in Malaysia: A Sociological Analysis of a Minority Ethnic Group. Journal of Muslim Minority Affairs, 31(2), 217-230. doi:10.1080/13602004.2011.583513 e-Malabari. The Malaysian Malabari Portal (2020 November 15). Retrieved from http://e-malabari.my/dir/ Koh, S. Y. (2015). How and why race matters: Malaysian-Chinese trannsational migrants interpreting and practising Bumiputera -differentiated citizenship. Journal of Ethnic and Migration Studies, 41(3), 531-550. doi:10.1080/1369183x.2014.937327 Malay Words of Sanskrit Origin (2020 November 15). Retrieved from: http://veda.wikidot.com/malay-words-sanskrit-origin Moiden, A.M. & Liaw, J.O.H. (2021). Malay cultural assimilation on Muslim Malabari Communities in Malaysia. Journal of Contemporary Issues in Business and Government Vol. 27, No. 2 . 1508-1517. Mohd, S. (2010). Ethnic Identity Dilemma - A Case Study of the Indian Muslims in Penang, Malaysia.Nagata, J. (1997). Ethnonationalism versus religious transnationalism: Nation-building and Islam in Malaysia. The Muslim World. 87(2), 129-150. doi:10.1111/j.1478-1913.1997.tb03290.xNarayanan, S. (2018). From Malabaris to Malaysians. Retrieved [Nov. 5, 2020] from http://e-malabari.my/history/malabaristomalaysians.htm Siladass, K. (2017 December 15). What is so wrong about having Malabari roots? Malaysiakini. https://www.malaysiakini.com/letters/405574 Stark, J. (2006). Indian Muslims in Malaysia: Images of shifting Identities in the multi-ethnic State. Journal of Muslim Minority Affairs, 26(3), 383-398. doi:10.1080/13602000601141398
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.