Photo: ActionAid India

ജാതിസെൻസസ്
ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്

സംവരണ വ്യവസ്ഥകൾ അട്ടിമറിച്ച്, സംവരണ ഒഴിവുകൾ നികത്താതെ, യോഗ്യരായവരെ സംവരണതസ്തികയിലേക്ക് കിട്ടുന്നില്ല എന്ന ന്യായം പറഞ്ഞ്, ദീർഘകാലമായി സംവരണ വിഭാഗങ്ങളെ പുറത്തുനിർത്തുന്നത് ഒരു നയമായി ഗവൺമെൻ്റുകളും ബ്യൂറോക്രസിയും നിലനിർത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ജാതി സെൻസസ് ഇന്ത്യയിൽ പ്രധാനമായി മാറുന്നത്- ഡോ.​ കെ.എസ്. മാധവൻ എഴുതുന്നു.

ന്ത്യയിൽ ബഹുസ്വര സാമൂഹിക ജീവിതത്തിൻ്റെ തലങ്ങൾ ഭാഷയും പ്രദേശങ്ങളും ജനസഞ്ചയങ്ങളുടെ ജീവിതപ്രവൃത്തികളും ഉൾപ്പടെ പലതാണെങ്കിലും, ജാതി- മത-സമുദായ സ്വത്വങ്ങൾ സാമൂഹിക ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും വൈവിധ്യങ്ങളെ നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അസമമായതും ശ്രേണീസ്വഭാവമുള്ളതുമായ ജാതി സമുദായങ്ങളാണ് ഇന്ത്യയുടെ സാമൂഹിക- സാംസ്കാരിക ജീവിതത്തിൻ്റെ അടിത്തറ. ഈ ചരിത്ര- സാമൂഹിക ഘടകങ്ങളെ പരിഗണിച്ചു കൊണ്ടുകൂടിയാണ് ആധുനിക ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പുകൾ ആരംഭിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ഭരണ നിർവ്വഹണത്തിന് ഇത് ഒരു പ്രധാന ആവശ്യമായി മാറി.

ജനസംഖ്യാ കണക്കെടുപ്പുകളുടെ ജൈവരാഷ്ട്രീയം

ബ്രിട്ടീഷ് ഇന്ത്യയിൽ സാമൂഹിക യാഥാർത്ഥ്യമായി നിലനിന്ന സാമൂഹികശ്രേണിയും വേർതിരിവു രൂപങ്ങളും അതിൻ്റെ മതപരവും ജാതീയവുമായ തലങ്ങളും ജനസഞ്ചയങ്ങളുടെ കണക്കെടുപ്പു ഗണത്തിൽ പ്രധാനപ്പെട്ടതായി മാറി. ജാതിയും സമുദായവും മതവും അതിൻ്റെ സാമൂഹിക- സാംസ്കാരിക- ചരിത്രബന്ധത്തിൽ ഭരണകൂടത്തിൻ്റെ ഒരു ഭരണസംവർഗ്ഗമായി കാനേഷുമാരി കണക്കെടുപ്പുകളുടെ ഭാഗമായി. ആധുനിക ഭരണകൂടങ്ങളുടെ ഭരണപ്രക്രിയയുടെ ഒരു പ്രധാന ഘടകമായി പ്രജകൾ / പൗരർ മാറുന്ന പ്രക്രിയ കൂടിയാണിത്. ഇന്ത്യയിലാകട്ടെ കൊളോണിയൽ സെൻസസ് ജാതി വരേണ്യർക്കൊപ്പം കീഴാളരെയും മറ്റ് മതസമുദായങ്ങളെയും ജനത എന്ന സാമൂഹിക സ്വത്വത്തിൽ രാഷ്ട്രീയമായി ബ്രിട്ടീഷ് ഭരണകൂടം സ്ഥാനപ്പെടുത്തുന്ന പ്രക്രിയയായിരുന്നു. അയിത്തജാതികൾക്ക് കണക്കെടുപ്പു പ്രക്രിയയിൽ പ്രജകൾ എന്ന സ്ഥാനം ലഭിക്കുക വഴി ആധുനിക ഇന്ത്യയിൽ ദലിതരും ഗോത്രവിഭാഗങ്ങളും ആധുനിക മനുഷ്യർ എന്ന നിലയിൽ കൊളോണിയൽ ഭരണ കൂടത്തിൽ രാഷ്ട്രീയ സംവർഗമായി മാറി. ഇന്ത്യയിലെ അയിത്തജാതിക്കാരുടെ സിവിൽ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നത്, ബ്രിട്ടീഷ് ഇന്ത്യയിൽ അയിത്തജാതിക്കാർ ജനസംഖ്യയിൽ എത്ര ശതമാനമുണ്ട് എന്ന കണക്കിനെ കൂടി ആശ്രയിച്ചായിരുന്നു.

കൊളോണിയൽ സെൻസസ് ജാതിവരേണ്യർക്കൊപ്പം കീഴാളരെയും മറ്റ് മതസമുദായങ്ങളെയും ജനത എന്ന സാമൂഹിക സ്വത്വത്തിൽ രാഷ്ട്രീയമായി ബ്രിട്ടീഷ് ഭരണകൂടം സ്ഥാനപ്പെടുത്തുന്ന പ്രക്രിയയായിരുന്നു.
കൊളോണിയൽ സെൻസസ് ജാതിവരേണ്യർക്കൊപ്പം കീഴാളരെയും മറ്റ് മതസമുദായങ്ങളെയും ജനത എന്ന സാമൂഹിക സ്വത്വത്തിൽ രാഷ്ട്രീയമായി ബ്രിട്ടീഷ് ഭരണകൂടം സ്ഥാനപ്പെടുത്തുന്ന പ്രക്രിയയായിരുന്നു.

അയിത്ത ജാതിക്കാരുടെ ജനസംഖ്യയെ ആധാരമാക്കിയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ അവരുടെ സാമൂഹിക നീതി പ്രക്ഷോഭങ്ങൾ ദേശീയമായി വളർന്നുവന്നത്. 1917- ൽ ഡോ. ബി. ആർ. അംബേദ്കർ സൗത്ത് ബറോ കമ്മറ്റിക്കുമുന്നിൽ ഹാജരായി അയിത്ത ജാതിക്കാരുടെ സിവിൽ അവകാശത്തിനും പ്രാതിനിധ്യത്തിനും വേണ്ടി വാദിക്കുന്നത്, കൊളോണിയൽ സെൻസസിൽ ഇന്ത്യയിലെ അയിത്ത ജാതിക്കാർ ഒരു ജനത എന്ന നിലയിൽ ബ്രിട്ടിഷ് ഇന്ത്യയിലെ പ്രജകളും ബഹിഷ്കൃതരായ ജനസമുദായം എന്ന നിലയിൽ സ്ഥാനപ്പെടുത്തപ്പെട്ടതിനെ മുൻനിർത്തിയുമായിരുന്നു.

സൈമൺ കമീഷനിലും വട്ടമേശസമ്മേളനത്തിലും അയിത്ത ജാതിക്കാരുടെ പ്രത്യേക രാഷ്ട്രീയ പ്രാതിനിധ്യത്തിനും വിദ്യാഭ്യാസത്തിനും ഭരണകൂടത്തിലെ പ്രാതിനിധ്യത്തിനും വേണ്ടി അംബേദ്ക്കർ വാദിക്കുന്നത്, ഒരു ദേശീയ ജനത എന്ന നിലയിൽ അയിത്ത ജാതിക്കാർ കാനേഷുമാരി കണക്കുകളിൽ സ്ഥാനപ്പെട്ടിരിക്കുന്നതിനെ ആധാരമാക്കിയായിരുന്നു. പ്രാതിനിധ്യത്തെ ഒരു അവകാശമായി കാണുന്ന രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു അംബേദ്കർ. ആധുനിക രാഷ്ട്രവ്യവസ്ഥയിലും ഭരണക്രമത്തിലും പങ്കാളിത്തവും പ്രതിനിധ്യവും ലഭിക്കുന്നതിനും ജനസമുദായങ്ങളുടെ ആനുപാതിക പ്രാതിനിധ്യം ദൈനംദിന ഭരണപ്രക്രിയയിൽ ഉൾപ്പെടുത്തപ്പെടുക എന്നത്, പ്രധാനപ്പെട്ട രാഷ്ട്രീയപ്രശ്നമായി അംബേദ്ക്കർ മനസ്സിലാക്കി. ജാതി / മത സെൻസസിനെ വികസന ആധുനികതയുടെയും പൗരത്വത്തിൻ്റെയും സാമൂഹിക നീതിയുടെയും ജനാധിപത്യ രാഷ്ട്രീയപ്രശ്നമായിട്ടാണ് അംബേദ്കർ സ്ഥാനപ്പെടുത്തിയത്.

സമുദായങ്ങളുടെ ഭരണകൂടത്തിലുള്ള പങ്കാളിത്തം പരിഹരിച്ചുമാത്രമെ ബഹുസ്വര / വ്യത്യസ്ത മത-ജാതി- സമുദായ ജനസഞ്ചയങ്ങൾ നിലനില്ക്കുന്ന രാഷ്ട്രീയ സമൂഹങ്ങൾക്ക് ജനാധിപത്യത്തെ ഒരു രാഷ്ട്രവ്യവസ്ഥയും സിവിൽ സമൂഹ ജീവനവുമായി നിലനിർത്താൻ കഴിയൂ.

ആധുനിക രാഷ്ട്രവും പൗരസമൂഹവും പങ്കാളിത്തത്തിൻ്റെയും പ്രാതിനിധ്യത്തിൻ്റെയും അടിത്തറയിൽ പൗരരുടെ വികസനം, ക്ഷേമം എന്നിവയെ അടിസ്ഥാനമാക്കി നിലനില്ക്കുന്നതും പരമാധികാര രാഷ്ട്രം എന്ന രാഷ്ട്രീയസ്വത്വം സാധൂകരിക്കപ്പെടുന്നതും ജനസംഖ്യാ കണക്കെടുപ്പുകളുടെ ജൈവരാഷ്ട്രീയത്തിൻ്റെ അടിത്തറയിലാണ്. ഇന്ത്യൻ ഭരണഘടനാ പ്രാതിനിധ്യ പങ്കാളിത്ത ജനാധിപത്യത്തിൽ നിലനിൽക്കുന്ന റിപ്പബ്ളിക്കാണ് എന്നതാണ് ഭരണഘടനയുടെ ദാർശനികവും നൈതികവുമായ സാധൂകരണം. ക്ഷേമരാഷ്ട്രസങ്കല്പവും ഉൾക്കൊള്ളൽ വികസനവും ലക്ഷ്യം വച്ചുകൊണ്ടുള്ള രാഷ്ട്രീയ ജനാധിപത്യം രൂപപ്പെട്ടപ്പോൾ ഇന്ത്യയിൽ സാമൂഹിക നീതിയെ അടിസ്ഥാനമാക്കുന്ന പ്രാതിനിധ്യ വ്യവസ്ഥ ജനാധിപത്യപ്രക്രിയയിലൂടെ ഭരണഘടനയിൽ ഉറപ്പാക്കപ്പെട്ടു. പട്ടികജാതി / വർഗ്ഗ വിഭാഗങ്ങളായി സ്ഥാനപ്പെടുത്തപ്പെട്ട അയിത്തത്തിൻ്റെ ചരിത്രാനുഭവമുള്ള ജാതിസമുദായങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്ന പ്രാതിനിധ്യ പ്രശ്നമായിട്ടാണ് സാമുദായിക സംവരണം ഭരണഘടനയിൽ ഉൾപ്പെടുത്തപ്പെട്ടത്.

സൈമൺ കമീഷനിലും  വട്ടമേശസമ്മേളനത്തിലും അയിത്ത ജാതിക്കാരുടെ പ്രത്യേക  രാഷ്ട്രീയ പ്രാതിനിധ്യത്തിനും വിദ്യാഭ്യാസത്തിനും ഭരണകൂടത്തിലെ പ്രാതിനിധ്യത്തിനും വേണ്ടി അംബേദ്ക്കർ വാദിക്കുന്നത്, ഒരു ദേശീയ ജനത എന്ന നിലയിൽ അയിത്ത ജാതിക്കാർ കാനേഷുമാരി കണക്കുകളിൽ സ്ഥാനപ്പെട്ടിരിക്കുന്നതിനെ ആധാരമാക്കിയായിരുന്നു.
സൈമൺ കമീഷനിലും വട്ടമേശസമ്മേളനത്തിലും അയിത്ത ജാതിക്കാരുടെ പ്രത്യേക രാഷ്ട്രീയ പ്രാതിനിധ്യത്തിനും വിദ്യാഭ്യാസത്തിനും ഭരണകൂടത്തിലെ പ്രാതിനിധ്യത്തിനും വേണ്ടി അംബേദ്ക്കർ വാദിക്കുന്നത്, ഒരു ദേശീയ ജനത എന്ന നിലയിൽ അയിത്ത ജാതിക്കാർ കാനേഷുമാരി കണക്കുകളിൽ സ്ഥാനപ്പെട്ടിരിക്കുന്നതിനെ ആധാരമാക്കിയായിരുന്നു.

തുല്യത ഏർപ്പെടുത്തുന്നതിനും സമത്വവും അവസര സമത്വവും സ്ഥാപിച്ചെടുക്കുന്നതിനും സാമുദായിക സംവരണം പ്രാതിനിധ്യ അവകാശമായി സ്ഥാപിക്കപ്പെട്ടു. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യവും മതിയായ പ്രാതിനിധ്യവും ഉറപ്പാക്കുന്ന സാമൂഹിക നീതി സങ്കല്പം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്ന ഉൾക്കൊള്ളൽ വികസന സങ്കല്പവും ക്ഷേമരാഷ്ട്ര സങ്കല്പവുമായി മാറി. എന്നാൽ, സംവരണം ക്ഷേമരാഷ്ട്രത്തിൻ്റെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോ തൊഴിൽദാന പദ്ധതിയോ അല്ല. ഭരണകൂടത്തിൻ്റെ വിവിധ തലങ്ങളിൽ, അധികാരത്തിലും വിഭവങ്ങളിലുമുള്ള സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവും പ്രാതിനിധ്യക്കൂടുതലും ഘടനാപരമായ തുല്യതയുടെയും (substantive equality) വിതരണ നീതിയുടെയും (distributive justice) പ്രശ്നമായി കാണുന്നതാണ് പ്രാതിനിധ്യവും സാമൂഹിക നീതിയും തമ്മിൽ പാരസ്പര്യപ്പെടുന്ന ജനാധിപത്യ സങ്കല്പം.

സമുദായങ്ങളുടെ ഭരണകൂടത്തിലുള്ള പങ്കാളിത്തം പരിഹരിച്ചുമാത്രമെ ബഹുസ്വര / വ്യത്യസ്ത മത-ജാതി- സമുദായ ജനസഞ്ചയങ്ങൾ നിലനില്ക്കുന്ന രാഷ്ട്രീയ സമൂഹങ്ങൾക്ക് ജനാധിപത്യത്തെ ഒരു രാഷ്ട്രവ്യവസ്ഥയും സിവിൽ സമൂഹ ജീവനവുമായി നിലനിർത്താൻ കഴിയൂ. ജാതിസമുദായങ്ങളുടെ സാമൂഹിക- സാമ്പത്തിക വികസനത്തെപ്പറ്റിയുള്ള കണക്കെടുപ്പുകൾ, സമുദായങ്ങളുടെയും ജാതി വിഭാഗങ്ങളുടെയും അധികാര പങ്കാളിത്തവും ഭരണകൂട പ്രാതിനിധ്യവും അവരുടെ പ്രാതിനിധ്യക്കുറവും അമിത പ്രാതിനിധ്യവും കണക്കെടുത്ത് തിട്ടപ്പെടുത്തുന്ന വിവര രൂപങ്ങളിലൂടെയാണ് വികസന ജനാധിപത്യവും പ്രാതിനിധ്യ ജനാധിപത്യപ്രക്രിയയും സാമൂഹിക നീതിയായി നിലനില്ക്കുകയുള്ളൂ.

സാമുദായികവും സാമൂഹികവുമായ സമാന ഗണങ്ങൾ എന്ന നിലയിലുള്ള പട്ടിക വിഭാഗങ്ങളുടെ ചരിത്രപരവും ഭരണഘടനപരവുമായ നിലനില്പിനെ റദ്ദാക്കുന്ന സങ്കല്പങ്ങൾ ഉള്ളടങ്ങിയതാണ് ഉപസംവരണത്തെ മുൻനിർത്തിയുള്ള സാമ്പത്തിക സംവരണ വാദങ്ങൾ.

ജാതിസെൻസസും
പ്രാതിനിധ്യക്കുറവും

ജാതിസെൻസസ് ഭരണകൂടത്തെയും സമൂഹത്തെയും ജനാധിപത്യവൽക്കരിക്കുന്നതും രാഷ്ട്രീയ ജനാധിപത്യത്തിൻ്റെ വളർച്ച സാധ്യമാക്കുന്നതുമായ ഭരണപ്രക്രിയയുടെ രൂപം കൂടിയാണ്. കൊളോണിയൽ കാലത്ത് രൂപപ്പെട്ട വികസന ആധുനികതയും സ്വാതന്ത്ര്യാനന്തരം രൂപപ്പെടുത്തിയ ക്ഷേമരാഷ്ട്ര വികസനവും എൺപതുകൾക്കുശേഷം വളർന്നുവന്ന കോർപ്പറേറ്റ് വികസനരീതികളും ചരിത്രപരമായും സാമൂഹികമായും പുറന്തള്ളപ്പെട്ട സമുദായങ്ങളെ ശാക്തീകരിക്കുന്ന രാഷ്ട്രവികസനത്തിലല്ല നിലനിന്നത്. വിഭവങ്ങളിലും ഭരണകൂടത്തിലുമുള്ള കീഴാള സമൂഹങ്ങളുടെ പ്രാതിനിധ്യത്തെ ഉറപ്പാക്കാനുള്ള രാഷ്ട്രീയം കീഴാള സമൂഹങ്ങളാണ് ഉയർത്തിക്കൊണ്ടുവന്നത്. സാമൂഹിക നീതിയുടെ രാഷ്ട്രീയവും പ്രാതിനിധ്യ വികസനവുമായി ഭരണകൂടത്തെയും രാഷ്ട്രീയ ജനാധിപത്യത്തെയും കീഴാള സമൂഹങ്ങൾക്കുകൂടി പങ്കാളിത്തമുള്ള ഒന്നാക്കി തീർക്കാനായിരുന്നു ഇത് ശ്രമിച്ചത്. മണ്ഡൽ കമീഷൻ റിപ്പോർട്ട് ജാതി തിരിച്ചുള്ള സമുദായങ്ങളുടെ പ്രാതിനിധ്യവും പ്രാതിനിധ്യക്കുറവും ദേശീയമായ രാഷ്ട്രീയ സംവാദത്തിന് വഴിതുറന്നു. മേൽജാതി സമുദായങ്ങളുടെ പ്രാതിനിധ്യ കുത്തകയും പിന്നാക്ക ജാതികളുടെ പ്രാതിനിധ്യക്കുറവും അസമമായ വികസനവും അധികാര പങ്കാളിത്തമില്ലായ്മയും തുറന്നുകാട്ടി. വിദ്യാഭ്യാസരംഗത്തും സർക്കാർ സർവ്വീസിലെ പങ്കാളിത്തമില്ലായ്മയും രാഷ്ട്രവികസത്തിൻ്റെയും രാഷ്ട്രീയ ജനാധിപത്യത്തിൻ്റെയും മുരടിപ്പിനെയാണ് തുറന്നുകാട്ടിയത്. സംവരണവും സമുദായങ്ങളുടെ ജനസംഖ്യാനുപാതികവും മതിയായതുമായ പ്രാതിനിധ്യവും തുല്യനീതി വികസത്തിൻ്റെയും അധികാര പങ്കാളിത്തത്തിൻ്റെയും സാമൂഹികനീതി പ്രശ്നമായും തുല്യത ഉറപ്പാക്കുന്ന ജനാധിപത്യ പ്രക്രിയയുമായാണ് മണ്ഡൽ കമീഷനും തുടർന്നുള്ള സംവരണ രാഷ്ട്രീയ മുന്നേറ്റങ്ങളും സ്ഥാനപ്പെടുത്തിയത്.

മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ പകർപ്പ് 1980-ൽ ബി.പി. മണ്ഡൽ, ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഗ്യാനി സെയിൽ സിങ്ങിന് കൈമാറുന്നു. 1978 ഡിസംബർ 20-നാണ് പ്രധാനമന്ത്രി മൊറാർജി ദേശായ് ബി.പി. മണ്ഡലിന്റെ നേതൃത്വത്തിൽ കമീഷന് രൂപം നൽകിയത്.
മണ്ഡൽ കമീഷൻ റിപ്പോർട്ടിന്റെ പകർപ്പ് 1980-ൽ ബി.പി. മണ്ഡൽ, ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഗ്യാനി സെയിൽ സിങ്ങിന് കൈമാറുന്നു. 1978 ഡിസംബർ 20-നാണ് പ്രധാനമന്ത്രി മൊറാർജി ദേശായ് ബി.പി. മണ്ഡലിന്റെ നേതൃത്വത്തിൽ കമീഷന് രൂപം നൽകിയത്.

സംവരണത്തെ തൊഴിലില്ലായ്മാപ്രശ്നവും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയും വ്യക്തികൾക്കു ലഭിക്കുന്ന ആനുകൂല്യവുമായി മാറ്റിക്കൊണ്ടാണ് സാമുദായിക സംവരണത്തിനെതിരായ രാഷ്ട്രീയവും സംവരണവിരുദ്ധ പ്രക്ഷോഭങ്ങളും വളർന്നുവന്നത്. തുല്യതാ ജനാധിപത്യവും സാമൂഹിക നീതി രാഷ്ട്രീയവുമായി സംവരണത്തെ സ്ഥാനപ്പെടുത്താൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിച്ചില്ല എന്നു മാത്രമല്ല, സാമ്പത്തിക സംവരണവും ക്രീമിലെയർ മാനദണ്ഡങ്ങളും പ്രാതിനിധ്യ പ്രശ്നത്തെ രാഷ്ട്രീയമായി റദ്ദു ചെയ്യാൻ ഉപയോഗിച്ചു. സാമുദായിക സംവരണത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള കോടതിവിധികൾ സംവരണത്തിൻ്റെ പരിധി നിശ്ചയിക്കുന്നതും മെറിറ്റ് വാദത്തെയും സാമ്പത്തിക സംവരണത്തെയും സാധുകരിക്കുന്നതുമായി മാറി.
സാമ്പത്തിക സംവരണം എന്നത് ഒരു സാമൂഹിക നീതി സങ്കല്പമല്ല; സാമുദായിക സംവരണത്തെ പിന്നാക്കജാതികളുടെ വ്യക്തിആനുകൂല്യങ്ങളായി സ്ഥാനപ്പെടുത്തുന്നതും സംവരണ സമുദായങ്ങളെ വരുമാനവിഭാഗങ്ങളായി (income groups) നിജപ്പെടുത്തുന്നതും സമുദായങ്ങളുടെ പ്രാതിനിധ്യം എന്ന സങ്കല്പത്തിന് എതിരുമാണ്. പട്ടികജാതി / വർഗ്ഗ വിഭാഗങ്ങളും പിന്നാക്ക ജാതികളും ന്യൂനപക്ഷ മത സമുദായങ്ങളും ഭരണകൂടത്തിലും വിഭവങ്ങളിലും അധികാരത്തിലും ആനുപാതികമായി പ്രതിനിധീകരിക്കപ്പെടുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ പ്രശ്നവും സാമൂഹിക നീതി സങ്കല്പവുമാണ്.

ജാതി വേർതിരിവ് ബോധം പൊതുബോധമായി പ്രവർത്തിക്കുകയും പുറന്തള്ളൽ- അടിച്ചമർത്തൽ രീതികൾ ദൈനംദിന ഹിംസകളായി, സ്വഭാവിക സാമൂഹിക ജീവിതവുമായി സമൂഹത്തെ നിരന്തരം സമ്മതിപ്പെടുത്തുന്ന സാമൂഹിക ബോധനമാണ് നിലനിൽക്കുന്നത്.

ഇതുവരെ നടപ്പാക്കിയ സംവരണരീതികളും വ്യവസ്ഥകളും സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവും കണക്കെടുത്ത് തിട്ടപ്പെടുത്തി പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിലൂടെ മാത്രമാണ് അധികാരത്തിലെ പ്രാതിനിധ്യക്കുറവിനെ പരിഹരിക്കുന്ന ജനാധിപത്യ പ്രക്രിയയായി ഭരണഘടനാ ജനാധിപത്യത്തെ നമുക്ക് സംരക്ഷിക്കാൻ കഴിയൂ. സംവരണം നടപ്പാക്കാതിരിക്കുന്നതും സംവരണ തസ്തികകൾ ഒഴിച്ചിടുന്നതും സംവരണത്തെ റദ്ദാക്കും. സംവരണ വ്യവസ്ഥകൾ അട്ടിമറിച്ച്, സംവരണ ഒഴിവുകൾ നികത്താതെ, യോഗ്യരായവരെ സംവരണതസ്തികയിലേക്ക് കിട്ടുന്നില്ല എന്ന ന്യായം പറഞ്ഞ്, ദീർഘകാലമായി സംവരണ വിഭാഗങ്ങളെ പുറത്തുനിർത്തുന്നത് ഒരു നയമായി (സംവരണം റദ്ദാക്കൽ നയം De- Reservation) ഗവൺമെൻ്റുകളും ബ്യൂറോക്രസിയും നിലനിർത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ജാതിസെൻസസ് ഇന്ത്യയിൽ പ്രധാനമായി മാറുന്നത്.

സംവരണവും സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യക്കുറവും മേൽജാതി സമുദായങ്ങളുടെ അമിത പ്രാതിനിധ്യവും ജാതിസെൻസസ് നടത്തി കണ്ടെത്തുക എന്നത് നീതിയും തുല്യതയും അടിത്തറയാക്കുന്ന ജനാധിപത്യത്തിൻ്റെ നിലനിൽപ്പിനാവശ്യമാണ്. ഈ പ്രക്രിയയിലൂടെ മാത്രമേ ഇന്ത്യയിൽ ജനാധിപത്യ വ്യവസ്ഥയ്ക്ക് അതിജീവിക്കാൻ കഴിയൂ. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒരു രാജ്യം എന്ന നിലയിലും സാമൂഹിക അസമത്വം ഏറ്റവും കൂടുതലുള്ള സമൂഹം എന്ന നിലയിലും ഉൾക്കൊള്ളൽ ജനാധിപത്യത്തെ ആഗോള ജനാധിപത്യമായി നിലനിർത്തണമെങ്കിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്ന സാമുദായിക സംവരണം നിലനിർത്തിക്കൊണ്ടേ സാധ്യമാകൂ. പട്ടികജാതി /വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് നിർദ്ദേശിക്കുന്ന കോടതിവിധി സാമുദായിക സംവരണം എന്ന ഭരണഘടനാസങ്കല്പത്തിന് എതിരായി മാറുന്ന ഒന്നാണ്. ഗുണപരമായ തുല്യതയും ആനുപാതികമായ പ്രാതിനിധ്യവും ഉറപ്പാക്കുന്ന സംവരണ വ്യവസ്ഥകൾക്ക് എതിരാവുന്ന തരത്തിൽ മാറാവുന്ന ഒന്നായിട്ടാണ് ഉപസംവരണ വ്യവസ്ഥകൾ നിർദ്ദേശിക്കപ്പെടുക.

സംവരണത്തെ തൊഴിലില്ലായ്മാപ്രശ്നവും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയും വ്യക്തികൾക്കു ലഭിക്കുന്ന ആനുകൂല്യവുമായി മാറ്റിക്കൊണ്ടാണ് സാമുദായിക സംവരണത്തിനെതിരായ   രാഷ്ട്രീയവും സംവരണവിരുദ്ധ പ്രക്ഷോഭങ്ങളും വളർന്നുവന്നത്.
സംവരണത്തെ തൊഴിലില്ലായ്മാപ്രശ്നവും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയും വ്യക്തികൾക്കു ലഭിക്കുന്ന ആനുകൂല്യവുമായി മാറ്റിക്കൊണ്ടാണ് സാമുദായിക സംവരണത്തിനെതിരായ രാഷ്ട്രീയവും സംവരണവിരുദ്ധ പ്രക്ഷോഭങ്ങളും വളർന്നുവന്നത്.

ജാതിവ്യവസ്ഥയുടെ
ചരിത്രത്തുടർച്ചകൾ

സാമുദായികവും സാമൂഹികവുമായ സമാന ഗണങ്ങൾ (homogeneous and uniform) എന്ന നിലയിലുള്ള പട്ടിക വിഭാഗങ്ങളുടെ ചരിത്രപരവും ഭരണഘടനപരവുമായ നിലനില്പിനെ റദ്ദാക്കുന്ന സങ്കല്പങ്ങൾ ഉള്ളടങ്ങിയതാണ് ഉപസംവരണത്തെ മുൻനിർത്തിയുള്ള സാമ്പത്തിക സംവരണ വാദങ്ങൾ. സാമുദായിക സംവരണം ശക്തിപ്പെടുത്തിയും ജാതിസെൻസസ് നടത്തി പ്രാതിനിധ്യക്കുറവ് പരിഹരിച്ചും മാത്രമേ മതരാഷ്ട്ര വാദത്തെയും ഹിന്ദുത്വ സമഗ്രാധിപത്യത്തെയും പ്രതിരോധിക്കുന്ന ജനാധിപത്യ രാഷ്ട്രീയത്തെ ഇന്ത്യയിൽ വികസിപ്പിക്കാൻ കഴിയൂ. ഭരണഘടനാ ജനാധിപത്യത്തിൻ്റെ അതിജീവനം പിന്നാക്ക ജാതി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പട്ടിക വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യവും അധികാര പങ്കാളിത്തവും ഉറപ്പാക്കി കൊണ്ടു മാത്രമേ സാധ്യമാകു.

ജാതിവ്യവസ്ഥ ഒരു അസമത്വ ശ്രേണീവ്യവസ്ഥയാണ്, കേവലം ഒരു സാമൂഹിക തൊഴിൽ വിഭജന വ്യവസ്ഥയോ സമൂഹത്തെ കൂട്ടിനിർത്തുന്ന സാംസ്കാരിക ഐക്യരൂപമോ അല്ല. ഇന്ത്യയുടെ ചരിത്ര ഭൂതകാലങ്ങളിലും നമ്മുടെ വർത്തമാന ജീവിതത്തിലും ഘടനാപരമായ അസമത്വ വ്യവസ്ഥയായി ജാതിവ്യവസ്ഥ നിലനിൽക്കുന്നു. ഈ വ്യവസ്ഥാക്രമത്തെ വിവിധ ചരിത്രകാലഘട്ടങ്ങളിൽ സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്തിരുന്ന ഒരു ആശയാധികാരവ്യവസ്ഥ ബ്രാഹ്മണ്യ അറിവധികാര വ്യവസ്ഥയായി പ്രവർത്തിച്ചിട്ടുണ്ട്. ചൂഷണവും സാമൂഹിക പുറന്തള്ളലും ദൈനംദിന ഹിംസയും സാമൂഹ്യ ദുരിതവുമായി ജാതിവ്യവസ്ഥ സമൂഹത്തിൽ കീഴ്ത്തട്ടിലായവർക്കുമേൽ അധികാരവ്യവസ്ഥയായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ സമ്പത്തുൽപ്പാദന- വിതരണ പ്രക്രിയയോടൊപ്പം വികസിച്ചുവന്ന ആശയ അധികാര വ്യവസ്ഥയും ഭരണകൂട രൂപീകരണ പ്രക്രിയകളോടൊപ്പം രൂപപ്പെട്ട ഒട്ടനവധി വ്യവസ്ഥാപിത സ്ഥാപന രൂപങ്ങളും ജാതിയുടെ മേൽക്കോയ്മാ രൂപങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഭരണക്രമങ്ങളും അധികാര ബന്ധങ്ങളും ജാതിവ്യവസ്ഥയുമായി പാരസ്പര്യപ്പെട്ടുതന്നെയാണ് നിലനിന്നിട്ടുള്ളത്. സമൂഹത്തിലെ കാർഷിക ഉത്പാദന പ്രക്രിയയിലും കൈമാറ്റ വിതരണ രൂപങ്ങളിലും സമൂഹത്തിലെ സമ്പത്ത് രൂപങ്ങളിലും അറിവുൽപാദന രീതികളിലും സജീവമായി ഇടപെടുകയും മേൽ കീഴ് വ്യവസ്ഥയെ ചിട്ടപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ജാതിവ്യവസ്ഥ അതിൻ്റെ ചരിത്രത്തുടർച്ച നിലനിർത്തിയത്.

കീഴ്തട്ടിലായവർ ഉല്പാദിപ്പിക്കുന്ന വിഭവങ്ങളിൽ അവർക്ക് പങ്കാളിത്തം ലഭിക്കാതെ കർഷകരും കൈത്തൊഴിൽ വിഭാഗങ്ങളും കായിക ജോലികളിൽ ഏർപ്പെടുന്നവരുമായ ജനസഞ്ചയങ്ങളെ സാമൂഹികമായി പുറന്തള്ളി അടിച്ചമർത്തി ചൂഷണം ചെയ്ത് നിലനിർത്തുന്ന ഘടനാപരമായിട്ടുള്ള ചൂഷണ വ്യവസ്ഥയാണ് ഇന്ത്യയുടെ ചരിത്ര ഭൂത കാലങ്ങളിലും സമകാലിക ജീവിതത്തിലും ജാതിബന്ധങ്ങളായി നിലനിൽക്കുന്നത്.

കായികാധ്വാന പ്രക്രിയകളിലും കൈവേലകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളിലും ഏർപ്പെട്ട ഒട്ടനവധി ജനസമുദായങ്ങളെ ശ്രേണീ അസമത്വ വ്യവസ്ഥയുടെ കീഴ്ത്തട്ടിൽ സാമൂഹികമായി പുറം തള്ളി നിലനിർത്തിയ സുദീർഘമായ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. കീഴോരാക്കി മാറ്റിയ ജനവംശങ്ങളെയും സമുദായങ്ങളെയും സാമൂഹ്യ- സാമ്പത്തിക ഘടനയുടെ അടിത്തട്ടിൽ നിലനിർത്തുകയും അവരുടെ അധ്വാനവും അറിവു രൂപങ്ങളും നിപുണതയും സാങ്കേതികവിദ്യയും കീഴ്തട്ടിലാക്കി നിലനിർത്തിയവരോടൊപ്പം ഹീനവൽക്കരിച്ച് പുറംതള്ളുകയും ചെയ്യുന്ന മേൽ കീഴ് ബന്ധങ്ങളാണ് ജാതിവ്യവസ്ഥ നിലനിർത്തിയത്. കീഴ്തട്ടിലായവർ ഉല്പാദിപ്പിക്കുന്ന വിഭവങ്ങളിൽ അവർക്ക് പങ്കാളിത്തം ലഭിക്കാതെ കർഷകരും കൈത്തൊഴിൽ വിഭാഗങ്ങളും കായിക ജോലികളിൽ ഏർപ്പെടുന്നവരുമായ ജനസഞ്ചയങ്ങളെ സാമൂഹികമായി പുറന്തള്ളി അടിച്ചമർത്തി ചൂഷണം ചെയ്ത് നിലനിർത്തുന്ന ഘടനാപരമായിട്ടുള്ള ചൂഷണ വ്യവസ്ഥയാണ് ഇന്ത്യയുടെ ചരിത്ര ഭൂത കാലങ്ങളിലും സമകാലിക ജീവിതത്തിലും ജാതി ബന്ധങ്ങളായി നിലനിൽക്കുന്നത്. ഇത് ഒരു രാഷ്ട്രീയ സമ്പദ്ക്രമവും ആശയാധികാര വ്യവസ്ഥയുമായിട്ടാണ് നിലനിൽക്കുന്നത്. ഇതുമൂലം അസമത്വവും ചൂഷണവും അടിച്ചമർത്തലും സാമൂഹിക പുറന്തള്ളലും ജാതിവ്യവസ്ഥയുടെ സ്വഭാവമാണ്. ജാതികളെ മേൽ കീഴ് ബന്ധങ്ങളിൽ വിന്യസിക്കുന്ന വ്യവസ്ഥാപരമായതും ഘടനാപരമായതുമായ ബന്ധം ജാതിവ്യവസ്ഥയ്ക്കുണ്ട്. അടിച്ചമർത്തലും ചൂഷണവും പുറന്തള്ളലും തന്നെയാണ് അടിത്തട്ടിലാക്കപ്പെട്ട ജനസമുദായങ്ങളുടെ കീഴായ്മയുടെ ചരിത്രജീവിതവും സാമൂഹിക ദുരിതങ്ങളുടെ ദൈനംദിന ജീവിതവും ബോധ്യപ്പെടുത്തുന്നത്.

ഭരണഘടനാ ജനാധിപത്യത്തിൻ്റെ അതിജീവനം പിന്നാക്ക ജാതി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പട്ടിക വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യവും അധികാര പങ്കാളിത്തവും ഉറപ്പാക്കി കൊണ്ടു മാത്രമേ സാധ്യമാകു.
ഭരണഘടനാ ജനാധിപത്യത്തിൻ്റെ അതിജീവനം പിന്നാക്ക ജാതി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പട്ടിക വിഭാഗങ്ങളുടെയും മതിയായ പ്രാതിനിധ്യവും അധികാര പങ്കാളിത്തവും ഉറപ്പാക്കി കൊണ്ടു മാത്രമേ സാധ്യമാകു.

ജാതിവ്യവസ്ഥ മൂലം ചരിത്രപരമായ അടിച്ചമർത്തലും പുറന്തള്ളലും ഒരു ജനസമുദായമെന്ന നിലയിൽ അനുഭവിച്ച ചരിത്രജീവിതമാണ് അയിത്തജാതികൾക്കുള്ളത്. ഭൗതികവും സാംസ്കാരികവുമായ വിഭവങ്ങളിൽ നിന്നും സാംസ്കാരിക സാമ്പത്തിക മൂലധനങ്ങളിൽ നിന്നും ചരിത്രപരമായി പുറന്തള്ളപ്പെട്ടവരാണ് അയിത്തജാതിക്കാർ. ജാതിവ്യവസ്ഥയിൽ ഏറ്റവും അടിത്തട്ടിലായ അയിത്ത ജാതിസമൂഹങ്ങൾ ജാതി ബന്ധങ്ങളുടെ ഹിംസാത്മകമായ പ്രയോഗവും പുറന്തള്ളൽ വ്യവസ്ഥയുമായ അയിത്തം ഏർപ്പെടുത്തപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്തതിൻ്റെ ചരിത്രപരമായ ഇരകളാണ്. ഹീനതയും സാമൂഹിക അപരവൽക്കരണവും ബ്രാഹ്മണ്യ ആശയാധികാരവ്യവസ്ഥ സൃഷ്ടിച്ച ശുദ്ധിവരേണ്യതയുടെ ഹിംസാരൂപങ്ങളുടെയും അധികാര കോയ്മയുടെയും അനുദിന ചരിത്രഭാരവും സാമൂഹിക ദുരിതങ്ങളുമായി ഇന്ത്യൻ ഗ്രാമങ്ങളിൽ അയിത്തക്കാരെ ഇന്നും കീഴാളാരായി നിലനിർത്തുന്നു. അയിത്തത്തിൻ്റെ ചരിത്രപരവും ദൈനംദിന ജീവിതാനുഭവവുമുള്ള ദലിത് സമൂഹങ്ങളുടെ മേലുള്ള ജാതിഹിംസകളെയും മർദ്ദനമുറകളെയും സ്വാഭാവികവുമായി കാണുന്ന തരത്തിൽ ജാതിബോധങ്ങൾ അവയെ സാമാന്യ ബോധമാക്കി നിലനിർത്തി ന്യായീകരിക്കുന്നു. ജാതി വേർതിരിവ് ബോധം പൊതുബോധമായി പ്രവർത്തിക്കുകയും പുറന്തള്ളൽ- അടിച്ചമർത്തൽ രീതികൾ ദൈനംദിന ഹിംസകളായി, സ്വഭാവിക സാമൂഹിക ജീവിതവുമായി സമൂഹത്തെ നിരന്തരം സമ്മതിപ്പെടുത്തുന്ന സാമൂഹിക ബോധനമാണ് നിലനിൽക്കുന്നത്. ജാതീയ അടിച്ചമർത്തലും അയിത്തത്തിൻ്റെ സാമൂഹിക പുറന്തള്ളലും ചരിത്രാനുഭവവും സമകാലിക വർത്തമാന ജീവിതത്തിൽ ജാതിവേർതിരിവുകളുടെ സാമൂഹിക ദുരിതങ്ങളും ദലിത് ജാതി സമുദായങ്ങളെ ഐക്യരൂപമുള്ളതും കീഴായ്മപ്പെട്ടിരിക്കുന്നതുമായ ഒരു സാമൂഹിക വർഗ്ഗമായി (homogeneous and subjugated social class) നിലനിർത്തുന്നു.

Comments