പാലക്കാട് ചളവറയിൽ നടന്ന കുബേര യാഗത്തിൽ നിന്ന് / Photo : KuberaTemple, fb page

അപകടം പതിയിരിക്കുന്ന കുബേര യാഗം

ആധുനിക സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളായിരുന്നുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിന്റെ യാഗസംസ്‌കാരത്തെ പിൻപറ്റുന്ന ഒരു രീതി വികസിച്ചു വരുന്നുണ്ട്. മനുഷ്യസമൂഹം നേടിയെടുത്ത വിപ്ലവകരമായ മാറ്റങ്ങളെ സ്വാംശീകരിച്ച് തമസ്‌കരിക്കുകയാണ്​ ഇതിന്റെ ലക്ഷ്യം.

പാലക്കാട് ചളവറയിൽ, 2022 ഏപ്രിൽ 17 മുതൽ ഏഴു ദിവസം നീണ്ടുനിന്ന കുബേര യാഗം സംഘടിപ്പിച്ചു. പാലാട്ട്​ പാലസിനോടനുബന്ധിച്ചുള്ള കുബേര ക്ഷേത്രത്തിലായിരുന്നു യാഗം. ധനസംബന്ധമായ മാന്ദ്യവും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കുക എന്ന അവകാശവാദത്തോടെയാണ് യാഗം നടത്തപ്പെട്ടത്. അവകാശവാദത്തിന്റെ സാക്ഷാൽക്കരണത്തെ ശാസ്ത്രയുക്തി നിരസിക്കുന്നുവെങ്കിലും അവിടെ ഒത്തുകൂടിയ വിശ്വാസിക്കൂട്ടം സമൂഹത്തെ ബാധിച്ച സുപ്രധാനമായ ചില പ്രശ്‌നങ്ങൾ തുറന്നിടുന്നുണ്ട്.

പരിണാമം പഠിപ്പിക്കുന്നതിനൊപ്പം പ്രാർത്ഥനകൾ ഉരുവിട്ട്​ ആരംഭിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ സായൻസിക ബോധം ഒരു ജീവിതബോധ്യമായിത്തീരുക എന്നത് അത്രമേൽ കഠിനമാണ്.

സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ ആർജ്ജിച്ചെടുക്കുന്ന സായൻസികബോധം പരീക്ഷക്ക് മാർക്ക് വാങ്ങുന്നതിനപ്പുറം ജീവിതബോധ്യമായി മാറിത്തീർന്നിട്ടില്ല എന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ഇപ്പോഴും അരങ്ങേറുന്ന യാഗങ്ങളും അവിടെ ഓടിക്കൂടുന്ന ജനസഹസ്രങ്ങളും. പരിണാമം പഠിപ്പിക്കുന്നതിനൊപ്പം പ്രാർത്ഥനകൾ ഉരുവിട്ട്​ ആരംഭിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ സായൻസിക ബോധം ഒരു ജീവിതബോധ്യമായിത്തീരുക എന്നത് അത്രമേൽ കഠിനമാണ്. ഒരർത്ഥത്തിൽ വിദ്യാർത്ഥികൾ വിശ്വാസങ്ങളുടെയും സയൻസിന്റെയും രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ ഊയലാടേണ്ട അവസ്ഥ സംജാതമാവുന്നു. വിദ്യാഭ്യാസ പ്രക്രിയയിൽ സയൻസിന്റെ ചിന്താരീതി ജീവിതബോധ്യമായി മാറുന്ന വിധത്തിലുള്ള ഇടപെടലിലൂടെ മാത്രമേ കപടാവബോധങ്ങളിൽ നിലയുറപ്പിച്ച വിശ്വാസ പ്രസ്ഥാനങ്ങളെ മറികടന്ന്​ ഒരു ആധുനിക സമൂഹമായി മാറാൻ കഴിയൂ.

കേന്ദ്ര ടൂറിസം - തുറമുഖ വകുപ്പ് മന്ത്രി ശ്രീപത് നായിക്ക്, തെലുങ്ക് സിനിമാ നടനും മുൻ തെലങ്കാന മന്ത്രിയുമായ ബാബു മോഹൻ, സംവിധായകൻ ഷാജി കൈലാസ് എന്നിവർ കുബേരയാഗത്തിൽ പങ്കെടുക്കാൻ കുബേര ക്ഷേത്രത്തിലെത്തിയപ്പോൾ / Photo : KuberaTemple, fb page

യാഗത്തിൽ അന്തർലീനമായ, അത് നൽകുന്ന ഏറ്റവും പ്രത്യക്ഷമായ സന്ദേശത്തെ സംബന്ധിച്ച് പൗരസമൂഹം ജാഗ്രതപ്പെടേണ്ടതുണ്ട്. ഇന്ത്യ പോലെ കൊടിയ അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത് സാമ്പത്തിക അസമത്വങ്ങളുടെ പ്രധാന കാരണം ജാതിമേൽക്കോയ്മയും കുത്തക മുതലാളിത്തവും അസമമായ ധന വിതരണവുമാണ്​. അതൊന്നും പരിഗണിക്കാതെ ഒരു വ്യക്തി അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ യാഗത്തിലൂടെ പരിഹരിക്കാമെന്ന വാഗ്ദാനം സമ്പത്തില്ലാത്തതിന്റെ യഥാർത്ഥ കുറ്റവാളിയായി വ്യക്തിയെ മാറ്റിത്തീർക്കുന്നു. ഒരു വ്യക്തിക്ക് ധനമില്ലാത്തതിന് കാരണം ആ വ്യക്തിയുടെ കർമഫലമാണെന്നാണ് ഇന്ത്യൻ ബ്രാഹ്മണ്യം വേദവേദാന്ത പുരാണ പാഠങ്ങളിലൂടെ നിരന്തരം പ്രഘോഷിക്കുന്നത്. ഈ കർമസിദ്ധാന്തം ആത്യന്തികമായി സമൂഹത്തിൽ നിലനിന്നുപോരുന്ന അസമത്വത്തെ ന്യായീകരിക്കുകയും വ്യക്തികളെ കുറ്റവാളികളാക്കുകയും ചെയ്യുന്നു. ഒരുവൻ/ഒരുവൾ സാമ്പത്തികമായി ശ്രേയസ് അനുഭവിക്കുന്നത് അവരുടെ തന്നെ മുജ്ജന്മസുകൃതത്താലാണെന്നാണ് ശാങ്കരാദ്വൈതം ഉൾപ്പെടെ സിദ്ധാന്തിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ സമൂഹത്തിലെ ഭൂരിപക്ഷം ജനസമുദായങ്ങൾ സാമ്പത്തിക അരക്ഷിതത്വത്തിലകപ്പെട്ടതിന്റെ മൂലകാരണം അവർ പാപികളായതിനാലാണെന്ന് കർമസിദ്ധാന്തം ആസ്പദമാക്കി പറയാം. ഈ കൊടിയ അസമത്വത്തെ ന്യായീകരിക്കുകയാണ് കുബേര യാഗങ്ങൾ. സാമൂഹികമായ അസമത്വത്തിന്റെ വിടവുകളുടെ ആഴം കുറയ്ക്കുന്നതിലൂടെ ജനാധിപത്യപരമായി പരിഹരിക്കേണ്ട ഒരു വിഷയം യാഗത്തിലൂടെ പരിഹരിക്കാം എന്ന ധാരണ എത്രമേൽ അപകടമാണ് എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

കുബേര യാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് / Photo : KuberaTemple, fb page

യാഗഫലം എന്നത് ‘അപൂർവ 'ത്തിലൂടെ ലഭിക്കുന്നു എന്നാണ് മീമാംസകരുടെ സിദ്ധാന്തം. അതായത് സ്വർഗത്തിനായി യാഗം ചെയ്യുന്ന ഒരാൾക്ക് സ്വർഗഫലം ലഭിക്കില്ല എന്നത് പ്രത്യക്ഷ യാഥാർത്യമാണ്. ഈ വൈരുദ്ധ്യം പരിഹരിക്കാനാണ് മീമാംസകർ അപൂർവം എന്ന സങ്കല്പനം ആവിഷ്‌കരിച്ചത്. അങ്ങനെ നോക്കുമ്പോൾ ക്ഷിപ്ര ധനാഗമന ലക്ഷ്യത്തോടെ നടത്തുന്ന പല യാഗങ്ങളുടെയും ഫലം അനിശ്ചിതത്വത്തിലാണ് കുടിയിരിക്കുന്നതെന്ന് മീമാംസകരുടെ അപൂർവ സിദ്ധാന്തം പരിശോധിച്ചാൽ തന്നെ ബോധ്യപ്പെടും.

ഏറ്റവും ഗുരുതരമായ സാമൂഹിക വിപത്തായി വൈദിക സത്താവാദം ഇത്തരം യാഗങ്ങളിലൂടെ നീതിമത്കരിക്കപ്പെടുന്നു. ബ്രാഹ്മണ്യവും ബ്രാഹ്മണ്യത്തിന്റെ മൂല്യബോധങ്ങളുമാണ് അടിസ്ഥാനപരമായി യാഗങ്ങളിലൂടെ സാധൂകരിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത്തരം യാഗസംസ്‌കാരങ്ങൾ യുദ്ധോത്സുകവും ഹിംസാത്മകവുമായ ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക ദേശീയതയെ വെള്ളവും വളവും നൽകി പരിപാലിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യവാദികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട്.

മീര നന്ദ

‘തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ സംശയത്തോടെ സമീപിക്കുക എന്നത് ആധുനിക ശാസ്ത്രം സ്ഥാപനവൽക്കരിച്ചു കഴിഞ്ഞിട്ടുള്ള രീതിയാണ്' എന്ന് ശാസ്ത്ര ചിന്തകയായ മീര നന്ദ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ യാഗത്തെ പ്രധാനമായി കാണുന്നവർ സയൻസിന്റെ തെളിവധിഷ്ഠിത യുക്തിയെയാണ് നിരസിക്കാൻ ശ്രമിക്കുന്നത്. ഇക്കാലം കൊണ്ട് സയൻസിലൂടെയും സാങ്കേതിക വിദ്യയിലൂടെയും മനുഷ്യസമൂഹം നേടിയെടുത്ത വിപ്ലവകരമായ മാറ്റങ്ങളെ ബ്രാഹ്മണ്യം സ്വാംശീകരിച്ച് തമസ്‌കരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളായിരുന്നുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിന്റെ യാഗസംസ്‌കാരത്തെ പിൻപറ്റുന്ന ഒരു രീതി വികസിച്ചു വരുന്നുണ്ട്. മീരാ നന്ദ നീരീക്ഷിച്ചതു പോലെ, ബ്രാഹ്മണിക യാഥാസ്ഥിതികത്വത്തിന്റെ തത്വ വിജ്ഞാനീയത്തിലേക്കുള്ള തിരിച്ചുപോക്ക് ഇന്ത്യൻ ഭരണഘടന ആണയിട്ടുറപ്പിക്കുന്ന നവീകരണ വാദത്തിന്റെയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും സായൻസികബോധത്തിന്റെയും അന്തഃസത്തക്ക് കടകവിരുദ്ധമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments