Photo: Wikimedia Commons

അനന്തരം മാനവാനന്തരം​

കോവിഡുകാലം മനുഷ്യവർഗത്തിന്റെ അതിജീവനവും ഭാവിയുമായി കെട്ടുപിണഞ്ഞ രണ്ടു സങ്കൽപനങ്ങളെ ചർച്ചക്കെടുക്കുകയാണ്​. ബൗദ്ധിക മണ്ഡലത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന അതിമാനവ- മാനവാനന്തര വാദങ്ങൾ വിശകലനം​ ചെയ്യപ്പെടുന്നു

പ്രശസ്ത ഫ്രഞ്ച് ദാർശനികനായ മിഷേൽ ഫുക്കോ The Order of Things എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ നിരീക്ഷിച്ചു: മനുഷ്യൻ എന്നത് ഏറെ പഴക്കമില്ലാത്ത ഒരു കണ്ടുപിടുത്തമാണ്; ഒരു പക്ഷെ, അവന്റെ അവസാനവും അടുക്കാറായിരിക്കുന്നു.
ഹോമോ സാപ്പിയൻ എന്ന ജീവിവർഗത്തിന്റെ ആവിർഭാവമല്ല, മറിച്ച് മനുഷ്യൻ എന്ന ജൈവപ്രതിഭാസത്തെ ചുറ്റിയുള്ള സങ്കൽപ്പനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെയാണ് ഫൂക്കോയുടെ ഈ പ്രസ്താവം അടയാളപ്പെടുത്തുത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പടിഞ്ഞാറൻ മാനവിക സങ്കൽപങ്ങളുമായി പൊരുത്തപ്പെടുന്ന രൂപത്തിൽ മനുഷ്യൻ എന്ന സ്വത്വം വിഭാവനം ചെയ്യപ്പെടുന്നത് നിർണീതമായ ഒരു കാലസന്ധിയിൽ- കൃത്യമായി പറഞ്ഞാൽ ബോധോദയാനന്തരമുളള ദശകങ്ങളിലായിരുന്നു. ആ വിഭാവന പ്രകാരം നിലവിൽ വന്ന മനുഷ്യസങ്കൽപനം ഇനിയും ഏറെക്കാലം നിലനിൽക്കാൻ സാധ്യത തുച്ഛമാണെന്നാണ് പ്രസ്താവനയുടെ രണ്ടാം ഭാഗം അർത്ഥമാക്കുന്നത്.

മറ്റൊരവസരത്തിൽ ഫുക്കോ ഇങ്ങനെ നിരീക്ഷിച്ചു: കടപ്പുറത്തെ മണൽതിട്ടയിൽ കോറിയിട്ട ഒരു ചിത്രം മാത്രമാണ് മനുഷ്യൻ; അടുത്ത തിരമാല വന്ന് മാച്ചുകളയുന്നതുവരെ മാത്രമേ അതിന് നിലനിൽപ്പുളളൂ.
കൂടുതൽ വ്യക്തമാക്കി പറഞ്ഞാൽ, മാനവിക ധാരണകൾ രൂപപ്പെടുത്തുകയും, സ്ഥാപനവൽക്കരിക്കുകയും ചെയ്ത സ്വകീയതയനും ഇതര ജീവജാലങ്ങളെ അപേക്ഷിച്ച് ഉൽകൃഷ്ടനുമായ മനുഷ്യൻ എന്ന ജീവസങ്കൽപ്പം, ഫുക്കോയുടെ അഭിപ്രായത്തിൽ അതിന്റെ സ്വാഭാവികമായ അന്ത്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെകളുടെ വ്യവഹാരം സൃഷ്ടിച്ച ആ ജീവിയുടെ അനിവാര്യമായ പതനത്തിന് ശേഷം ഉരുത്തിരിയാൻ പോകുന്ന ജീവിവർഗം ഏതെന്ന് നിശ്ചയിക്കുക തന്നെ ശ്രമകരം.

മിഷേൽ ഫൂക്കോ

The coming being is whatever being എന്ന അഗംബന്റെ പ്രസ്താവന വെളിച്ചം ചൂണ്ടുന്നത് ഈ സന്ദിഗ്ധതയിലേക്കാണ്. ഇന്നത്തെ ബൗദ്ധികമണ്ഡലത്തിന് ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്ന, അതിമാനവ- മാനവാനന്തര ചർച്ചകളുടെ പശ്ചാത്തലത്തിൽ ഈ പ്രസ്താവനകളുടെ പ്രാധാന്യം പ്രത്യേകം എടുത്തുപറയേണ്ടതില്ല.

വളരെ കെട്ടുപിണഞ്ഞതെങ്കിലും വ്യത്യസ്തങ്ങളായ രണ്ട് സമീപനങ്ങളേയും സങ്കൽപനങ്ങളേയുമാണ് അതിമാനവവാദവും (Trans humanism) മാനവാനന്തരവാദവും (Post humanism) പ്രതിനിധാനം ചെയ്യുന്നത്. അതിമാനവവാദത്തിൽ നിന്നുളള തങ്ങളുടെ പ്രായോഗിക അകലം സൂചിപ്പിക്കുവാൻ ചില മാനവാനന്തരവാദികൾ, അവരുടെ സമീപനത്തെ വിമർശനാത്മക മാനവാനന്തരവാദമെന്ന് വിളിക്കണമെന്ന് ശഠിക്കുന്നു. ശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ ഉപയോഗിച്ച് മനുഷ്യന്റെ ആയുസ്സും ജീവസൗകര്യങ്ങളും പരമാവധി പോഷിപ്പിക്കുക ലക്ഷ്യമാക്കുന്ന അതിമാനവികവാദം ഒരു ശാസ്ത്രസാങ്കേതിക യുട്ടോപ്യ അതിന്റെ ലക്ഷ്യമായി കാണുന്നു.

ഒരാളുടെ തല മറ്റൊരാളിന്റെ ഉടലിനോട് ബന്ധിപ്പിച്ചാൽ ആ ശരീരത്തിന്റെ ഉടമസ്ഥാവകാശം ആർക്ക്? അത് തലക്ക് അവകാശപ്പെട്ടതോ അതോ ഉടലിന് അവകാശപ്പെട്ടതോ?

വലിയ പരിധി വരെ മരണത്തേയും രോഗങ്ങളേയും വരുതിയിൽ നിർത്തി, യന്ത്ര-രാസസംവർദ്ധകങ്ങളുടെ സഹായത്തോടെ സാധ്യമാകാവുന്ന ഒരു ലോകമാണ് അത് സ്വപ്നം കാണുന്നത്. പ്രശസ്ത ഇറ്റാലിയൻ ഭിഷഗ്വരനായ സേർജിയോ കനവരോയുടെ കൊട്ടിഘോഷിക്കപ്പെടുന്ന ചില പരീക്ഷണങ്ങൾ അതിമാനവവാദത്തിന്റെ ലക്ഷ്യങ്ങളെന്തെന്ന് ബോധ്യപ്പെടുത്താനുതകും. കനവരോ ചില്ലറക്കാരനല്ല. മനുഷ്യരുടെ വൃക്കയും ഹൃദയവും മാത്രമല്ല, തല തന്നെ മാറ്റിവെക്കാൻ കഴിയുമെന്നാണ് കനവരോ വിശ്വസിക്കുന്നത്. 2015 ൽ കുരങ്ങിലും 2017ൽ മനുഷ്യരിലും തന്റെ പരീക്ഷണം വിജയകരമായി നടത്തിയെന്ന് കനവരോ അവകാശപ്പെടുന്നു. കനവരോയുടെ അവകാശവാദം ശാസ്ത്രലോകത്ത് ഏറെ ചോദ്യം ചെയ്യപ്പെട്ടതും ഹാർവാർഡ് ശാസ്ത്രജ്ഞനായ തോമസ് കൊഷ്റെയ്നും ജൈവനൈതികതയുടെ വക്താവായ ആർതർ കപ്ലാനും അടക്കമുളളവർ വിമർശിക്കുകയും ചെയ്തതാണ്. തല മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പോന്ന സാങ്കേതിക പരിജ്ഞാനം ഇനിയും മനുഷ്യർ സ്വായത്തമാക്കിയിട്ടില്ലെന്നാണ് ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരും പറയുന്നത്.

സേർജിയോ കനവരോ / Photo: flickr

അതിമാനവവാദികൾ, പക്ഷെ, ഇത്തരം പരീക്ഷണങ്ങൾ തുറന്നുതന്നേക്കാവുന്ന ആയുസ്സിനെ അനന്തമായി നീട്ടാനും വിപുലീകരിക്കുവാനുമുളള സാധ്യതകളെ ആവേശത്തോടെ പുണരുന്നു. അതേസമയം, ഇവയുയർത്തുന്ന നൈതികവും, നിയമപരവുമായ പ്രശ്നങ്ങൾ അനവധിയാണ്. ഒരാളുടെ തല മറ്റൊരാളിന്റെ ഉടലിനോട് ബന്ധിപ്പിച്ചാൽ ആ ശരീരത്തിന്റെ ഉടമസ്ഥാവകാശം ആർക്ക്? അത് തലക്ക് അവകാശപ്പെട്ടതോ അതോ ഉടലിന് അവകാശപ്പെട്ടതോ, രണ്ടുപേർക്കും തുല്യമായി അവകാശപ്പെട്ടതോ? മിക്ക അതിമാനവിക വാദികളും, പക്ഷെ, ഇത്തരം നൈതികകാര്യങ്ങളെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കാൻ മെനക്കെടാറില്ല. വൈദ്യശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെ സാധ്യമാകുമെന്ന് വിശ്വസിക്കുന്ന ഒരു ഭാസുരഭാവിയെ കുറിക്കുന്ന നിറം പിടിച്ച സ്വപ്നങ്ങളിൽ അവർ അഭിരമിക്കുന്നു. ടെക്നോളജിയിലൂടെ ആർജ്ജിക്കാവുന്ന വിമോചനമെന്നോ, നിർവ്വാണമെന്നോ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

വിമർശനാത്മക മാനവാന്തര വാദം

പരമ്പരാഗത മതധാരണകൾ മനുഷ്യനെ ദൈവത്തിന്റെ വിശിഷ്​ട സൃഷ്ടിയായി കാണുന്നുവെങ്കിൽ, സ്വന്തം ജൈവപരിമിതികളെ അതിലംഘിക്കാൻ കഴിയുന്ന ഒരേയൊരു ജീവിവർഗമെന്ന നിലക്ക്, അതിമാനവവാദം മനുഷ്യനെ ഇതരജീവികളേക്കാൾ ശ്രേഷ്ഠനായി പരിഗണിക്കുന്നുവെന്ന് പറയാം; കാരണം അതിമാനവവാദികളുടെ കേന്ദ്രപ്രമേയം മനുഷ്യന്റെ ആയുസും ആരോഗ്യവുമാണ്. ഇംഗർമാൻ പാർസനെ പോലുളള ചിന്തകർ ഇത്തരം സാങ്കേതിക സംവർദ്ധകങ്ങളിലൂടെ അതിമാനുഷർക്ക് ധാർമിക ഔന്നത്യമടക്കം ആർജ്ജിച്ചെടുക്കാൻ കഴിയുമെന്ന പക്ഷക്കാരാണ്.

നമ്മുടെ ശരീരം ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ബില്ല്യൺ കണക്കിന് അണുക്കളെ കൊണ്ടാണെന്ന് പറയുന്ന ബിൽ ബ്രൈസൺ, എന്റെയും നിങ്ങളുടേയും ശരീരത്തിൽ അടങ്ങിയിരിക്കുന്ന അതേ ആറ്റങ്ങൾ ഒരു കാലഘട്ടത്തിൽ സോക്രട്ടീസിന്റെയോ ഷെയ്ക്സ്പിയറിന്റെയോ കോശങ്ങളിൽ വിഹരിച്ചവയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

നീത്ഷേയുടെ സൂപ്പർമാൻ ഒരു കൊതുകിനോടുപോലും സംവദിക്കാനുളള വിനയമുള്ളയാളും പൂർണ സ്വാനുരാഗവിരക്തനുമാണെങ്കിൽ, പാർസന്റെ സാങ്കേതികത്തികവാർന്ന അതിമാനവൻ സദ്ഗുണസമ്പന്നനാണ്; മാത്രമല്ല, അവർ നീത്ഷെയുടെ യൂബർമെൻഷിനെ പോലെ യുദ്ധത്തിന്റേയോ, രക്തചൊരിച്ചിലിന്റേയോ വീരസ്യത്തിൽ അഭിരമിക്കുന്നവനല്ല. ഇങ്ങനെയെങ്കിലും അതിമാനവവാദികൾ, മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ജീവശ്രേണിയിൽ, അവന്റെ സ്വകീയത അടിവരയിടുകയും ചെയ്യുന്നു. ഇതിനാൽ തന്നെ പല നിരൂപകരും മാനവികവാദത്തിന്റ തന്നെ ഒരു തീവ്ര രൂപമായാണ് അതിമാനവികവാദത്തെ കാണുന്നത്.

പല നിരൂപകരും മാനവികവാദത്തിന്റ തന്നെ ഒരു തീവ്ര രൂപമായാണ് അതിമാനവികവാദത്തെ കാണുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമാണ് കാരി വോൾഫിനെ പോലുളള വിമർശനാത്മക മാനവാനന്തരവാദികളുടെ നിലപാട്. അതിമാനവിക വാദത്തിൽ നിന്ന് വ്യത്യസ്തമായി നൈതികതയെ തികഞ്ഞ ഗൗരവത്തോടെ സമീപിക്കുന്ന അവർ തങ്ങളുടെ സമീപനത്തെ വിമർശനാത്മക മാനവാനന്തരവാദം എന്നാണ് വിശേഷിപ്പിക്കുന്നത് (ഈ ലേഖനത്തിൽ മാനവാന്തര വാദം എന്ന് ചുരുക്കി സൂചിപ്പിക്കുന്നത് ഈ ചിന്താധാരയെയാണ്). മറ്റ് ജീവികളുടേതിൽനിന്ന് മനുഷ്യനെ അദ്വിതീയനും സ്വകീയനും ആക്കുന്ന വേർതിരിവുകളിൽ മാനവാനന്തരവാദം വിശ്വസിക്കുന്നില്ല. പരമ്പരാഗത മാനവികവാദത്തിന്റെ യുഗ്മയുക്തിയിലധിഷ്ഠിതമായ ഉൾക്കൊള്ളലുകളുടേയും പുറംതള്ളലുകളുടേയും സാധുതാരാഹിത്യത്തെ അത് അനാവരണം ചെയ്യുകയും മനുഷ്യർക്ക് ഇതരജീവികളുമായുളള പാരസ്പര്യത്തെയും പരാശ്രിതത്വത്തെയും അടിവരയിടുകയും ചെയ്യുന്നു.

സ്ത്രീകൾ, കറുത്തവർ, വികലാംഗർ, വിമത ലൈംഗികാഭിമുഖ്യമുളളവർ തുടങ്ങിയ സകല അപര സ്വത്വങ്ങളുടേയും പ്രവർജ്ജനത്തിലൂടെയാണ് യൂറോപ്യൻ ജ്ഞാനോദയം മനുഷ്യൻ എന്ന സംവർഗ്ഗത്തെ അടയാളപ്പെടുത്തിയതെന്ന് വാദിക്കുന്ന മാനവാനന്തര വാദികൾ പൂർണകർതൃത്വം അവകാശപ്പെടാവുന്ന സ്വതന്ത്രാസ്തിത്വമുളള ഒരു ജീവിവർഗ്ഗമെന്ന മനുഷ്യന്റെ കൽപ്പിതപദവിയെ യുക്തിയുടെ വെളിച്ചത്തിൽ വിചാരണ ചെയ്യുന്നു. അവരുടെ വാദമനുസരിച്ച് സ്വന്തം ശരീരത്തിന് മേൽപോലും മനുഷ്യന് പരമാധികാരമില്ല.

ഒരാളുടെ ശരീരം ജീവിതശേഷവും വളരുന്നുവെങ്കിൽ, ജീവിച്ചിരിക്കുമ്പോൾതന്നെ അത് അനവധി സൂക്ഷ്മജീവികളുടേയും ബാഹ്യ പ്രതിഭാസങ്ങളുടേയും നിയന്ത്രണത്തിലെങ്കിൽ, അതിനെ എത്രത്തോളം സ്വന്തത്തിന്റേതെന്ന് വിളിക്കാനാകും?

ഓരോ മനുഷ്യശരീരവും പരസഹസ്രം അണുക്കളുടേയും തന്മാത്രകളുടേയും സൂക്ഷമജീവികളുടേയും സംഘാതവും സങ്കേതവും ആണ്. നമ്മുടെ ശരീരം ഉണ്ടാക്കപ്പെട്ടിരിക്കുന്നത് ബില്ല്യൺ കണക്കിന് അണുക്കളെ കൊണ്ടാണെന്ന് പറയുന്ന ബിൽ ബ്രൈസൺ, എന്റെയും നിങ്ങളുടേയും ശരീരത്തിൽ അടങ്ങിയിരിക്കുന്ന അതേ ആറ്റങ്ങൾ ഒരു കാലഘട്ടത്തിൽ സോക്രട്ടീസിന്റെയോ ഷെയ്ക്സ്പിയറിന്റെയോ കോശങ്ങളിൽ വിഹരിച്ചവയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുപോലെ നമ്മുടെ ശരീരത്തിലെ ദഹനം, രോഗപ്രതിരോധം, മററ് മെറ്റബോളിക് പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം അനവധി സൂക്ഷമജീവികളുടെ ജാഗ്രവത്തായ ഇടപെടലൂകളിലൂടെയാണ് നടക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിന്റെ മേൽക്കോയ്മയും പരമാധികാരവും ആർക്കെന്ന ചോദ്യത്തിന് ലളിതമായ ഉത്തരമില്ല.

പോസ്റ്റ് ഹ്യൂമൺ നോവലുകളിലെ മനുഷ്യശരീരത്തിന്റെ പരിചരണത്തെകുറിച്ച് ഉപന്യസിക്കുന്ന പീറ്റർ ബൊക്സാൾ, ശരീരത്തിന്റെ ഉടമാവകാശത്തെ സംബന്ധിക്കുന്ന കാതലായ ചില ചോദ്യങ്ങൾ ഉയിക്കുന്നു: സ്വന്തം ശരീരത്തിന് മേൽ നമുക്ക് പരിമിതമായ അധികാരമേ ഉളളൂ എന്ന് വാദിക്കുന്ന അദ്ദേഹം ഹെന്റിയറ്റ ലാക്സ്‌ക് എന്ന ആഫ്രോ-അമേരിക്കൻ വംശജയുടെ കഥയുദ്ധരിക്കുന്നു. വെർജീനിയായിലെ ഒരു ദരിദ്രകുടുംബത്തിൽ പിറന്ന ലാക്സ്‌ കഴുത്തിന് കാൻസർ ബാധിച്ച് മരിക്കുന്നത് 1951 ലാണ്. 2010ൽ റെബക്കാ സ്‌ക്ലൂ The Immortal Life of Henrietta Lacks എന്ന ഗ്രന്ഥത്തിലൂടെയാണ് അവരുടെ സ്തോഭജനകമായ കഥ ലോകത്തോട് പറയുന്നത്. ലാക്സ്​ മരിക്കുന്നതിനുമുമ്പ് അവരുടേയോ ബന്ധുക്കളുടേയോ അനുവാദം കൂടാതെ അതീവമാരകശേഷി കാണിച്ച അവരുടെ അർബ്ബുദകോശങ്ങളിൽ ചിലത് മുറിച്ച് മാറ്റപ്പെട്ടിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ലാക്സിന്റെ മരണശേഷവും, ആ കോശങ്ങൾ അവയുടെ അഭൂതപൂർവ്വമായ വളർച്ച അഭംഗുരം തുടർന്നു. ലോകത്തിലെ വിവിധ സർവകലാശാലകളിലും ലാബുകളിലും കാൻസർ- ജനിതക സംബന്ധങ്ങളായ പഠനങ്ങൾക്ക് ഈ കോശങ്ങളാണ് ഉപയോഗിച്ചത്. മരിച്ച ആളിന്റെ സെല്ലുകളുടെ അഭൂതപൂർവ്വമായ ഈ വളർച്ചയെ കുറിച്ച്, സ്‌ക്ലൂ എഴുതി: ലാക്സിന്റെ സെല്ലുകൾ എല്ലാം നിങ്ങൾ അടുക്കി വെച്ചാൽ അതിന്റെ മൊത്തം ഭാരം 50 മില്ല്യൺ മെട്രിക് ടണ്ണിൽ കൂടുതലായിരിക്കും.

ആൻഡ്രോയ്ഡുകൾ, റൊബോട്ടുകൾ തുടങ്ങിയവ സാധിപ്പിക്കുന്ന യന്ത്രങ്ങളുടെ വർധിതമായ മനുഷ്യവൽക്കരണവും, കൃത്രിമാവയവങ്ങളുടെയും കംപ്യൂട്ടർ- ഇലക്ട്രോണിക് നെറ്റ്‌വർക്കുകളിലൂടെ നടക്കുന്ന മനുഷ്യരുടെ വർധിതമായ യന്ത്രവൽക്കരണവും മനുഷ്യനും മനുഷ്യനല്ലാത്തതും തമ്മിലുളള അന്തരം അസാധുവാക്കിയിരിക്കുന്നുവെന്ന് മാനവാനന്തരവാദികൾ വാദിക്കുന്നു.

ഒരാളുടെ ശരീരം ജീവിതശേഷവും വളരുന്നുവെങ്കിൽ, ജീവിച്ചിരിക്കുമ്പോൾതന്നെ അത് അനവധി സൂക്ഷ്മജീവികളുടേയും ബാഹ്യ പ്രതിഭാസങ്ങളുടേയും നിയന്ത്രണത്തിലെങ്കിൽ, അതിനെ എത്രത്തോളം സ്വന്തത്തിന്റേതെന്ന് വിളിക്കാനാകും? ശരീരത്തെ ഇങ്ങിനെ പ്രശ്നവൽക്കരിക്കുന്ന മാനവാനന്തരവാദികൾ മനസ്സ്-ശരീരം ദ്വന്തത്തിൽ അധിഷ്ഠിതമായ കാർട്ടീസിയൻ യുക്തിയെയും അംഗീകരിക്കുന്നില്ല. ശാസ്ത്ര സാങ്കേതിക വിജ്ഞാനീയങ്ങളും, സ്ത്രീവിമോചനപഠനങ്ങളും വംശവിജ്ഞാനവും നിർണ്ണിതാതിർത്തികൾക്കകത്ത് കുടികൊളളുന്ന ആത്മനിർവ്വാഹകശേഷിയുളള കാര്യകർത്താവെന്ന മനുഷ്യന്റെ മിഥ്യാധാരണയെ തകർത്ത് കളഞ്ഞിരിക്കുന്നു. ഘടനാനന്തരവാദപ്രകാരം ബോധം, യുക്തി, സ്വാഭാവികത തുടങ്ങിയവയെല്ലാം ശാക്തിക ബന്ധങ്ങളുടേയും അധികാരസ്വരൂപങ്ങളുടേയും നിർണ്ണയ വലയത്തിൽ കുടികൊള്ളുന്ന നിർമിതികൾ മാത്രമാണ്. ആൻഡ്രോയ്ഡുകൾ, റൊബോട്ടുകൾ തുടങ്ങിയവ സാധിപ്പിക്കുന്ന യന്ത്രങ്ങളുടെ വർധിതമായ മനുഷ്യവൽക്കരണവും, കൃത്രിമാവയവങ്ങളുടെയും കംപ്യൂട്ടർ- ഇലക്ട്രോണിക് നെറ്റ്‌വർക്കുകളിലൂടെ നടക്കുന്ന മനുഷ്യരുടെ വർധിതമായ യന്ത്രവൽക്കരണവും മനുഷ്യനും മനുഷ്യനല്ലാത്തതും തമ്മിലുളള അന്തരം അസാധുവാക്കിയിരിക്കുന്നുവെന്ന് മാനവാനന്തരവാദികൾ വാദിക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യന്റെ സ്വത്വബോധം (ontology) ഇവിടെ ദെറീദ പറഞ്ഞ ഒരു ഹോണ്ടോളജിയുടെ (hauntology) നിരന്തര വലയത്തിലാണ്. ഒരേസമയം ഹോമോ ഇറക്റ്റസിന്റെ രൂപത്തിലുളള അവന്റെ പ്രാഗ്- മൃഗസ്വത്വവും സൈബോർഗിന്റെ ഭാവത്തിലുളള അഭിനവാനന്തര യന്ത്രസ്വത്വവും അവന്റെ പരമ്പരാഗത ജീവാതിർത്തി സങ്കൽപനങ്ങളെ കീഴ്മേൽ മറിച്ചിരിക്കുന്നു. സ്വന്തം മൃഗപരതയും യന്ത്രപരതയും വകവെച്ചുകൊടുക്കാനും അംഗീകരിക്കാനും നിർബ്ബന്ധിതനായിരിക്കുന്ന ഈ ജീവിയെ മാനവാനന്തരവാദികൾ, humanimal എന്നും humachinanimal എന്നൊക്കെയുമാണ് വിളിക്കുന്നത്.

മനുഷ്യാവകാശങ്ങൾക്കൊപ്പം മൃഗാവകാശങ്ങളെയും യന്ത്രാവകാശങ്ങളെയും കുറിച്ചാണ്​ മാനവാനന്തരവാദികൾ വാദിക്കുന്നത്​

ജന്തുജാലങ്ങളും മനുഷ്യരും യന്ത്രങ്ങളും, ഒരിക്കലും, അറുത്തുമാറ്റാൻ കഴിയാത്ത, ഇത്തരം ഒരു പാരസ്പര്യത്താൽ ബന്ധിതരായതിനാൽ, അതിമാനവിക വാദികളിൽ നിന്ന് വ്യത്യസ്തമായി, മാനവാനന്തരവാദികൾ ജീവിവർഗങ്ങളുടെ മൊത്തത്തിലുളള സഹകരണത്തിൽ അധിഷ്ഠിതമായ സഹവർത്തിത്വത്തിൽ (species cosmopolitanism) വിശ്വസിക്കുന്നു. മനുഷ്യപുരോഗതി മറ്റ് ജീവിവർഗ്ഗങ്ങളോടൊപ്പമുളള അവന്റെ സംയോജിത വളർച്ചയെയും വികാസത്തെയും ആശ്രയിച്ചിരിക്കുന്നതായി അവർ വിലയിരുത്തുന്നു. അതിനാൽ അവർ മനുഷ്യാവകാശങ്ങൾക്കൊപ്പം മൃഗാവകാശങ്ങളെയും യന്ത്രാവകാശങ്ങളെയും കുറിച്ച് വാദിക്കുന്നു. സ്‌റ്റെഫാൻ ഹെർബ്രെഷ്റ്റർ എഴുതുന്നു: മനുഷ്യനും മനുഷ്യേതരനുമെന്ന അലംഘനീയമായ അതിർത്തി തകരുമ്പോൾ പൊളിയുന്നത് മറ്റനവധി വിഭജനരേഖകളാണ്. മാനവികതയുടെ മൊത്തം സൗധത്തിന്റെ നിലനിൽപ്പ് അതോടെ പരുങ്ങലിലാകുന്നു. സാങ്കേതിക പുരോഗതിയുടെ ഒരു തലത്തിൽ സൈബോർഗ് മനുഷ്യസ്വത്വത്തിന് വെല്ലുവിളിയാകുമ്പോൾ അതിർത്തിയുടെ മറു ധ്രുവത്തിൽ ജീവശാസ്ത്രപരമായ മൃഗാത്മകത അവന് ഭീഷണിയായി ഭവിക്കുന്നു. മൃഗവൽക്കരണം, യാന്ത്രിക ബുദ്ധിയിലധിഷ്ഠിതമായ സൈബോർഗ്‌വൽക്കരണം, ജൈവസാങ്കേതിക വിദ്യ, സൈബർനെറ്റിക്സ് തുടങ്ങിയവ മനുഷ്യന്റെ സ്വത്വബോധത്തെ അസ്ഥായീവൽക്കരിച്ചിരിക്കുന്നു.

പരമ്പരാഗതമായി കർതൃത്വം നിഷേധിക്കപ്പെട്ടവർക്ക് കർതൃത്വവും കാർമികത്വവും വീണ്ടെടുക്കാനുളള മാർഗമായി ഡോണാ ഹാരവേയെ പോലുളളവർ നിർദ്ദേശിക്കുന്ന സൈബോർഗ് ഒരു മനുഷ്യ-യന്ത്ര-ജന്തുസങ്കരത്തിന്റെ രാഷ്ട്രീയ സാധ്യതയെയും തിരിച്ചറിവിനേയുമാണ് സൂചിപ്പിക്കുന്നത്.

ശാസ്ത്രകഥകളിൽ വിഭാവനം ചെയ്യപ്പെടുന്നത് അതിവേഗം യാഥാർത്ഥ്യമാകുന്ന ഒരു കാലഘട്ടമാണിത്. അതിനാൽ തന്നെ ശാസ്ത്രകഥകളെ Science Fiction എന്നതിനുപകരം Science faction എന്നുവിളിക്കേണ്ട അവസ്ഥയാണ് ഹെർബ്രെഷ്റ്റർ സൂചിപ്പിക്കുന്നു. ഈ പുരോഗതി ഒരു പ്രബലപക്ഷത്തിന്റെ ജീവസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനപ്പുറം മൊത്തം മനുഷ്യരാശിയുടേയും, ഇതര ജീവിവർഗങ്ങളുടേയും പ്രപഞ്ചത്തിന്റെ തന്നെയും നന്മക്കുപകരിക്കണമെന്ന് മാനവാനന്തരവാദികൾ വാദിക്കുന്നു. അതിനാൽ തന്നെ അവർ സാങ്കേതികവിദ്യയുടെ വ്യാപനത്തിലൂടെ ആർജ്ജിക്കാവുന്ന രാഷ്ടീയ വിമോചന സാധ്യതകളെ കുറിച്ച് വാചാലരാകുന്നു. പരമ്പരാഗതമായി കർതൃത്വം നിഷേധിക്കപ്പെട്ട സ്ത്രീകൾ, കറുത്തവർ തുടങ്ങിയവർക്ക് കർതൃത്വവും കാർമികത്വവും വീണ്ടെടുക്കാനുളള മാർഗമായി ഡോണാ ഹാരവേയെ പോലുളളവർ നിർദ്ദേശിക്കുന്ന സൈബോർഗ് ഇത്തരത്തിലുളള ഒരു മനുഷ്യ-യന്ത്ര-ജന്തുസങ്കരത്തിന്റെ രാഷ്ട്രീയ സാധ്യതയെയും തിരിച്ചറിവിനേയുമാണ് സൂചിപ്പിക്കുന്നത്.

2011 ഫെബ്രുവരി 11ന് പ്രസിദ്ധീകരിച്ച ടെെം മാഗസിന്റെ കവർ

അതിമാനവിക പദ്ധതികൾ വിഭാവനം ചെയ്യുന്ന സാങ്കേതികസംവർദ്ധനകളെ ആവേശത്തോടെ പുണരുന്നതിനാൽ, ഹാരവേയുടെ സൈബോർഗ്ഗ് ഒരേയവസരം അതിമാനവികവും (trans human) മാനവാനന്തരവും (post human) ആണെന്ന് നിരൂപകർ പറയുന്നു. വ്യത്യസ്ത ആശയധാരകളും ലക്ഷ്യങ്ങളുമെങ്കിലും, ഈ രണ്ട് ചിന്താപദ്ധതികളും സന്ധിക്കുന്ന വേറെയും സന്ദർഭങ്ങൾ വർത്തമാന വ്യവഹാരത്തിൽ കാണാം. മസ്തിഷ്‌ക ഘടനയേയും രക്തരാസ ചേരുവകളേയും സമർത്ഥമായി സ്വാധീനിച്ച് കൂടുതൽ മൂല്യബോധവും വിവേക-വിവേചന ശേഷിയും സഹാനുഭൂതിയുമുളള തലമുറകളെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന തരത്തിൽ കാരി വോൾഫിനെപോലുളളവർ നടത്തുന്ന പ്രസ്താവങ്ങൾ ഇതിന് ഉദാഹരണമാണ്.

ഈയർത്ഥത്തിൽ നോക്കുമ്പോൾ അത്യന്തം പ്രലോഭനീയമായ ഒരു ഭാവിയാണ് അതിമാനവ- മാനവാനന്തരവാദികൾ മാനുഷ്യരാശിക്കുമുമ്പിൽ വെക്കുന്നതെന്ന് തോന്നും. 2011ൽ ടൈം (TIME, Feb 11/2011) വാരിക അതിന്റെ മുഖചിത്രവും ലേഖനവുമായി കൊടുത്തത് 2045ഓടെ മരണത്തെ മലർത്തിയടിച്ചുകഴിഞ്ഞ അതിമാനവന്റെ ചിത്രമായിരുന്നു. അംഗഭംഗങ്ങളില്ലാത്ത, മരണമില്ലാത്ത, സഹജീവികളോട് സഹാനുഭൂതി മാത്രമുളള അതിമാനുഷരുടേതായ ഒരു സമൂഹം ഏതുകാവ്യഭാവനക്കും സങ്കൽപ്പിക്കാനാകുന്നതിനേക്കാൾ സുന്ദര സുരഭിലമായ ഒരു ലോകമായിരിക്കയില്ലേ അത്? പക്ഷെ കാര്യങ്ങൾ അത്ര ലളിതമല്ലെന്നാണ് മനുഷ്യന്റെ ജൈവിക- ജനിതക സംവർദ്ധന രീതികളെ വിമർശിക്കുന്നവർ പറയുന്നത്.

മനുഷ്യൻ എന്നത് വിവേകവും വിവേചനശേഷിയുമുളള ഉൽകൃഷ്ടമായ ഒരു സവിശേഷ ജീവവർഗമാണെന്ന പരമ്പരാഗത മാനവിക ധാരണയെയാണ് മാനവാനന്തരവാദികൾ പ്രശ്നവൽക്കരിക്കുന്നത്.

ദൈവത്തിന്റെ / പ്രകൃതിയുടെ തനതുരീതികളിൽ മനുഷ്യർ നടത്തുന്ന കൈകടത്തലുകളുടെ അനന്തരഫലങ്ങൾ അപകടകരമായിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

മാനവാനന്തരവാദത്തിന്റെയും അതിമാനവവാദത്തിന്റേയും പ്രതിസന്ധികൾ

അതിമാനവികവാദവും മാനവാനന്തരവാദവും പരസ്പര പൂരകങ്ങളായി വർത്തിക്കുന്ന സന്ദർഭങ്ങളുണ്ടെങ്കിലും, അവയുടെ നയവീക്ഷണങ്ങൾ, മിക്കപ്പോഴും വ്യത്യസ്തങ്ങളായതിനാൽ അവ നേരിടുന്ന പ്രതിസന്ധികളും വിഭിന്നമാണെന്ന് പറയാം. മാനവാനന്തര വാദത്തിന്റെ കാര്യം ആദ്യം പരിശോധിക്കാം. ഒരർത്ഥത്തിൽ, വലിയ വിമോചനസാധ്യതയുടെ ചക്രവാളം തുറന്നുവെക്കുന്നതെങ്കിലും സ്പിഷീസ് കോസ്മോപൊളിറ്റനിസത്തിൽ ഊന്നുന്ന ഈ പദ്ധതി പ്രായോഗിക തലത്തിലും സിദ്ധാന്ത തലത്തിലും ഏറെ പ്രശ്നബദ്ധമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

പ്ലാറ്റോവിന്റെ മാതൃക റിപ്പബ്ലിക്കിൽ വികലാംഗർക്ക് വിധിച്ചത് ജനിച്ചയുടനേയുള്ള ദയാവധമായിരുന്നുവല്ലോ?

മനുഷ്യൻ എന്നത് വിവേകവും വിവേചനശേഷിയുമുളള ഉൽകൃഷ്ടമായ ഒരു സവിശേഷ ജീവിവർഗമാണെന്ന പരമ്പരാഗത മാനവിക ധാരണയെയാണ് മാനവാനന്തരവാദികൾ ഏറെ പ്രശ്നവൽക്കരിക്കുന്നത്. ഇത്തരമൊരു ധാരണ, മനുഷ്യരിൽ, വ്യർത്ഥമായ ഉൽക്കർഷബോധമുണ്ടാക്കുകയും, അപരജീവികളെ, ഭക്ഷണത്തിനും ഇതര ആവശ്യങ്ങൾക്കുമായി ആവശ്യാനുസാരം കൊലക്കും ചൂഷണത്തിനും വിധേയമാക്കാമെന്ന തെറ്റായ ധാരണ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് മാനവാനന്തരവാദികൾ ചൂണ്ടിക്കാട്ടുന്നു. വിശേഷ ബുദ്ധിയും, വിവേചനശേഷിയുമുളള പ്രത്യേക ജീവിവർഗമാണ് മനുഷ്യരെങ്കിൽ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരേയും, പ്രജ്ഞ നഷ്ടപ്പെട്ടവരെയും, അൾഷൈമേയ്സ് ബാധിച്ചരേയും മറ്റും മനുഷ്യഗണത്തിൽ നിന്ന് പുറത്താക്കുകയും അത്തരക്കാരെ മൃഗങ്ങളെ കൊന്നുതിന്നുന്നതുപോലെ തിന്നുന്നത് നിയമവിധേയമാക്കുകയും ചെയ്യാമോ എന്നും മാനവാനന്തരവാദികൾ ചോദിക്കുന്നു. അവർ വിശ്വസിക്കുന്ന സ്ഫിഷീസ് കോസ്മോപൊളിറ്റനിസമനുസരിച്ച് എല്ലാ ജീവജാലങ്ങൾക്കും തുല്യമായ പദവിയും അവകാശങ്ങളുമാണുളളത്.

ജീവിവർഗങ്ങളുടെ വർഗീകരണത്തിന്നാശ്രയിക്കുന്ന സകല മാനദണ്ഡങ്ങളേയും സംശയദൃഷ്ടിയോടെയാണ് മാനവാവനന്തരവാദികൾ കാണുന്നത്. പലതരത്തിലുമുളള പ്രവർജ്ജനങ്ങളിൽ അധിഷ്ഠിതമായ വ്യാജയുക്തികളാൽ നിർണിതമാണ് എല്ലാ വർഗീകരണ രീതികളുമെന്നവർ വാദിക്കുന്നു. ഇത്തരത്തിലുളള വർഗീകരണങ്ങൾ മനുഷ്യരിലെ വലിയൊരു വിഭാഗത്തിന്റെ അവകാശങ്ങൾ ചരിത്രത്തിലുടനീളം കവർന്നെടുക്കപ്പെട്ടിട്ടുണെന്ന് അവർ വിലയിരുത്തുന്നു. പ്ലാറ്റോവിന്റെ മാതൃക റിപ്പബ്ലിക്കിൽ വികലാംഗർക്ക് വിധിച്ചത് ജനിച്ചയുടനേയുള്ള ദയാവധമായിരുന്നുവല്ലോ? മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അന്ധനായ ഹോമർ ജനിച്ചത്, പ്ലാറ്റോവിന്റെ റിപ്പബ്ലിക്കിലായിരുന്നെങ്കിൽ, ഇലിയഡും ഒഡീസിയും എഴുതാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല. സ്ത്രീകൾക്കും അടിമകൾക്കും ഇതുപോലെ പ്ലാറ്റോവിന്റെ റിപ്പബ്ലിക്കിൽ മാനുഷികാവകാശങ്ങൾ വകവെക്കപ്പെട്ടിരുന്നില്ല. ആധുനിക ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണങ്ങളിലൊന്നായ അമേരിക്കയിൽ കറുത്തവരുടേയും അമരിന്ത്യക്കാരുടേയും മനുഷ്യപദവി അംഗീകരിക്കപ്പെട്ടത് ഏറെ വൈകിയാണ്. മാനവാനന്തരവാദികളുടെ അഭിപ്രായത്തിൽ, മറ്റ് ജീവിവർഗങ്ങളോട് ഇന്ന് മനുഷ്യൻ വെച്ചുപുലർത്തുന്ന വിവേചനവും ഇത്തരത്തിലുളള താൻപോരിമയിൽനിന്നാണ് ആവിർഭവിക്കുന്നത്. ഭൂമിയുടെ പരിസ്ഥിതിക്കും ജൈവസഹകരണത്തിനും ഏറ്റവും ഹാനികരമാകുന്നത് അധികരിച്ച ഈ അഹംബോധമാണ്. അഥവാ മനുഷ്യന്റെ വിനാശകരമായ ഈ "ഇഗോളജി' (egology) ഭൂമിയുടെ ഇക്കോളജിക്കു (ecology) തന്നെ ഭീഷണിയാണ്.

പ്രശസ്ത ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ ജെ. എം. കൂറ്റ്‌സിയുടെ "Elizabeth Costello' എന്ന നോവലിലെ ഇതേ പേരിലറിയപ്പെടുന്ന നായിക, മാനവാനന്തരവാദികളുടെ ഇത്തരം സങ്കൽപ്പങ്ങളുടെ ശക്തയായ വക്താവായാണ് അവതരിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ, ഹോളോകോസ്റ്റ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അരങ്ങേറിയ ചരിത്രത്തിലെ ഒരപവാദത്തിന്റെ പേരല്ല; മറിച്ച് അത് മനുഷ്യ ചരിത്രത്തിലെ ഒരു നിതാന്ത പ്രതിഭാസമാണ്. ജന്തുക്കളെ ട്രക്കുകളിൽ കയറ്റി വരിവരിയായി നിർത്തി കശാപ്പ് ചെയ്യുന്ന ഒരോ മാംസസംസ്‌കരണശാലയും കൊസ്ടെലോയുടെ വാദമനുസരിച്ച് ഓരോ ഓഷ്വിറ്റ്സുകളാണ്. ജന്തുജീവൻ മനുഷ്യജീവൻ പോലെ തന്നെ പാവനമാണെന്ന് വിശ്വസിക്കുന്ന അവർ ജന്തുഹത്യയും മനുഷ്യഹത്യയെപോലെ തന്നെ ക്രൂരവും പാപവുമാണെന്ന് വിശ്വസിക്കുന്നു.

ഇവിടെ സ്വാഭാവികമായും ചില ചോദ്യങ്ങളുയരുന്നു. എല്ലാ ജീവികൾക്കും തുല്യഅവകാശങ്ങളും അധികാരങ്ങളും വിഭാവനം ചെയ്യുന്ന സ്പിഷീസ് കോസ്മോപൊളിറ്റനിസത്തിന്റ ഈ പരിധിയിൽ ആരൊക്കെ പെടും? കോസ്ടെലോ വാദിക്കുന്നതുപോലെ ഈ പരിധിയിൽ വൈറസുകളും ബാക്ടീരിയകളും പെടുമെങ്കിൽ ആന്റിബയോട്ടിക്കുകളും വാക്സിനുകളും ഉപയോഗിക്കുന്നത് നിയമപരമായി വിലക്കപ്പെടേണ്ട കുറ്റങ്ങളായി ഗണിക്കേണ്ടിവരില്ലേ? ഇങ്ങനെ വരുമ്പോൾ ജീവിവർഗങ്ങളുടെ അവകാശങ്ങൾ മൃഗങ്ങൾക്കപ്പുറം മരങ്ങളിലേക്കും ചെടികളിലേക്കും വ്യാപിപ്പിക്കേണ്ടതായി വരില്ലെന്ന് പറയാൻ കഴിയുമോ? ചലിക്കാത്ത സസ്യങ്ങളും ചലിക്കുന്ന ജീവികളും തമ്മിലുളള വ്യത്യാസം ഖണ്ഡിതമല്ലെന്നും സ്പോഞ്ചുകൾ, ഫംഗസുകൾ തുടങ്ങിയവയെ ഏത് കള്ളിയിൽ പെടുത്തണമെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രജ്ഞർക്കിടയിൽ വലിയ യോജിപ്പൊന്നുമില്ലെന്നും പ്രശസ്ത ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫോർട്ടി പറഞ്ഞത് ഇവിടെ പ്രസക്തമാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ, ഒരു പശുവിനെ കറക്കുന്നതിനുമുമ്പ്, ഒരു ചെടിയിൽ നിന്ന് ഇല കിളളുന്നതിനുമുമ്പ് അവരിൽനിന്ന് സമ്മതം വാങ്ങേണ്ട അവസ്ഥയിലേക്കല്ലേ സ്പിഷീസ് കോസ്മോപൊളിറ്റനിസത്തിന്റെ പ്രായോഗിക വിവക്ഷ നീളുക എന്ന ചോദ്യം സംഗതമാണ്. ഒരു മൃഗത്തെ വേദനസംഹാരികൾ പ്രയോഗിച്ച് കശാപ്പ് ചെയ്യുന്നത് അവയോടുകാണിക്കുന്ന ദയയായി കാണണമെന്ന് വാദിക്കുവരുണ്ട് എന്നും കൂട്ടത്തിൽ പറയേണ്ടതുണ്ട്. മനുഷ്യരെപ്പോലെ മൃഗങ്ങളെ വാർധക്യത്തിൽ പരിചരിക്കാനോ ശുശ്രൂഷിക്കുവാനോ ഉള്ള സൗകര്യം നമുക്കില്ല. വേദനയും പീഢകളും നിറഞ്ഞ വാർധക്യത്തിലേക്ക് അവരെ തള്ളിവിടുന്നതിലും ഭേദം നന്നായി പരിചരിച്ച ശേഷം യോജിച്ച സമയത്ത് അവരെ ഭക്ഷ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. അടിസ്ഥാനപരമായി മാംസഭുക്കായ മനുഷ്യൻ ഇങ്ങനെ ചെയ്യുന്നത് ജൈവസന്തുലനത്തിന് സഹായിക്കുന്ന പ്രകൃതിനിയമങ്ങളുടെ നിർവ്വഹണം മാത്രമായേ കണക്കാക്കാനാകൂ എന്ന് അവർ പറയുന്നൂ.

ബിൽ ബ്രൈസൺ

മാത്രമല്ല, ജീവിവർഗങ്ങൾക്ക് ഒരേ തരത്തിലുളള അവകാശങ്ങളുണ്ടാകുമ്പോൾ സ്വാഭാവികമായും അവർക്ക് ഒരേ പോലുളള കടമകളും ഉണ്ടെന്ന് വരുമല്ലോ? കോടാനുകോടി ഭൗമസമാനങ്ങളായ ഗോളങ്ങളുളള പ്രപഞ്ചത്തിൽ, ബിൽ ബ്രൈസൺ പറഞ്ഞപോലെ നമ്മുടെ ഈ കൊച്ചു നീലഗ്രഹത്തിന്റെ അഞ്ച് ശതമാനത്തിൽ കുറഞ്ഞ ഭാഗത്ത് മാത്രമേ ജീവസന്ധാരണത്തിന് അനുകൂലമായ സാഹചര്യങ്ങളുളളൂ. സസ്യലതാദികളും മൃഗങ്ങളും മറ്റെല്ലാം ഉൾപ്പെടുന്ന ഈ ജീവിവർഗങ്ങളുടെ മൊത്തം ഭാരമെടുത്താൽ, പ്രാപഞ്ചിക ഗണനയിൽ വെറും കുള്ളനായ ഭൂമിയുടെ ഭാരത്തിന്റെ ബില്ല്യണിൽ ഒരംശമേ അതാവുകയുള്ളൂ. എന്നാൽ ഈ ഭൂമിയിൽ പോലും ജീവന്റെ ഭാവി അതീവഭീകരമായ വെല്ലുവിളി നേരിടുകയാണ്. ഈ വെല്ലുവിളിക്ക് ഉത്തരവാദികൾ അതിഭീമൻ തിമിംഗലങ്ങളോ, അതിസൂക്ഷ്മ ബാക്ടീരിയങ്ങളോ അല്ല, മറിച്ച് ഭൗമചരിത്രത്തിന്റെ നാൾവഴിയിൽ, ഏറെ വൈകി മാത്രം അവതരിച്ച മനുഷ്യൻ എന്ന ഇരുകാലിയാണ്. എല്ലാ ജീവജാലങ്ങൾക്കും ശ്രേണീരഹിതമായ തുല്യത എന്നതാണല്ലോ അതിമാനവികവാദത്തിന്റെ യുട്ടോപ്യൻ ലക്ഷ്യം. പരിസ്ഥിതി ഘാതകരായ മനുഷ്യർക്കും, അനാദികാലം മുതലേ ജൈവസന്ധാരണത്തിനാവശ്യമായ ഓക്സിജൻ പുഷ്ഠീകരണവും പ്രോട്ടോപ്ലാസവുമടക്കമുള്ള ദൗത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ആൽഗകളും ബാക്ടീരിയകളും അടക്കമുളള ജീവികൾക്കും ഇങ്ങിനെ ഔദാര്യ ഭാവത്തിൽ തുല്യാവകാശം പതിച്ചുനൽകുമ്പോൾ മനുഷ്യൻ ഒരേ അവസരം കൈയ്യേറ്റക്കാരനും, സ്വന്തം കയ്യേറ്റത്തിന് സാധുത പണിയുന്നവനും ആകുകയല്ലേ എന്ന ചോദ്യവും സംഗതമാണ്.

മനുഷ്യനില്ലാതെ എത്രകാലം വേണമെങ്കിലും ഈ ജീവികൾക്ക് അല്ലലില്ലാതെ നിലനിൽക്കാം. എന്നാൽ മനുഷ്യർക്ക് ഒരു ദിവസം പോലും ബാക്ടീരിയകളില്ലാതെ നിലനിൽക്കാനാകില്ല

സ്പിഷീസ് കോസ്മോപൊളിറ്റനിസത്തിലും ഒരു പടി മുമ്പോട്ടുപോയിക്കൊണ്ടുളള വാദങ്ങളും വിമർശനാത്മകമാനവാന്തര സൈദ്ധാന്തികർ ഉന്നയിക്കുന്നുണ്ട്. ജീവികൾക്കുളള അവകാശങ്ങൾ, യന്ത്രങ്ങൾക്കും മറ്റ് അചേതന വസ്തുക്കൾക്കുമുണ്ടെന്നതാണ് ഇതിലൊന്ന്. ക്രിസ്റ്റഫർ പീറ്റേഴ്സൺ എഴുതിയ "കുരങ്ങ് സമസ്യ: മാനവാനന്തരവാദത്തിന്റെ അപഹാസ്യത' (Monkey Trouble: The Scandal of Posthumanism) എന്ന പുസ്തകത്തിൽ നാം ദിനേന വലിച്ചെറിയുന്ന ബോട്ടിൽ കാപ്പുകൾക്കും, ഇടിച്ചുനിരപ്പാക്കുന്ന പാറയ്ക്കുമെല്ലാം മനുഷ്യർക്ക് സമാനമായ അവകാശങ്ങൾ നൽകുന്നതിലെ യുക്തിയും പ്രായോഗികതയും വിശകലന വിധേയമാക്കുന്നുണ്ട്.

ഫ്രഡറിക്​ നീത്ഷെ

ഈ ചർച്ചകളിൽ വ്യക്തമാകുന്ന ഒന്നുണ്ട്. മാനവാനന്തരവാദത്തിന്റ പ്രതിസന്ധി യഥാർത്ഥത്തിൽ, മതങ്ങളുടേയും, മാനവവാദത്തിന്റേയും ആത്മീയതയുടേയുമെല്ലാമായ പ്രതിസന്ധിയുടെ തുടർച്ച തന്നെയാണ്. ഡാർവിൻ ആദാമിനെ ഇളക്കി മാറ്റി, ആൾക്കുരങ്ങിനെ പകരം പ്രതിഷ്ഠിച്ചപ്പോൾ, മനുഷ്യന് ദൈവം കൽപ്പിച്ച് കൊടുത്തതെന്ന് മതവിശ്വാസികളും വിഹിതമായോ അവിഹിതമായോ, സ്വയം ചാർത്തി നൽകിയതെന്ന് ഭൗതികവാദികളും വാദിച്ച ജീവവ്യൂഹത്തിലെ കേന്ദ്രപദവി അടിയറവെക്കപ്പെടുകയായിരുന്നു. ദൈവത്തിന്റെ മരണം പ്രഖ്യാപിച്ചതിലൂടെ നീത്ഷെ, യഥാർത്ഥത്തിൽ മനുഷ്യന്റെ തന്നെ മരണമാണ് ഉൽഘോഷിച്ചതെന്ന് ടെറി ഈഗ്ൾട്ടൻ പറഞ്ഞത് ഈ അർത്ഥത്തിലാണ്. ദൈവം മരിച്ചുവെങ്കിൽ, സെമിറ്റിക് മതങ്ങൾ ഉൽഘോഷിക്കും പോലെ അവന്റ വിശിഷ്ട സൃഷ്ടി എന്ന അർത്ഥത്തിൽ, മനുഷ്യന് എങ്ങനെ മേനി നടിക്കാനാവും? ദൈവം മരിക്കുന്നതോടെ, മനുഷ്യൻ ഭൂമിയുടെ ശതകോടി വർഷങ്ങൾ നീണ്ടുനിന്ന ചരിത്രരഥ്യയിലുണ്ടായ ബാക്ടീരിയകളും, ഫംഗസുകളും, ആൽഗകളും, ഉരഗങ്ങളും, ഉഭയജീവികളും ഉൾപ്പെടുന്ന മഹാജീവശ്രേണിയിലെ വെറും ഒരു കണമെന്നോ, കണികയെന്നോ നിലക്കുളള അതിപരിമിത അസ്ഥിത്വത്തിലേക്ക് ചുരുങ്ങുന്നു. "ഏതാണ്ടെല്ലാ കാര്യങ്ങളുടേയും ഹ്രസ്വ ചരിത്ര' (A Short History of Nearly Everything) മെന്ന ഉജ്ജ്വലകൃതിയെഴുതിയ ബിൽ ബ്രൈസന്റ അഭിപ്രായത്തിൽ ഭൂമിയിൽ ഇതുവരേയുണ്ടായ ജീവിവർഗങ്ങളിൽ 99.99% ത്തിനും പൂർണവംശനാശം സംഭവിച്ചിരിക്കുന്നു. ഇപ്പോഴുളള ജീവിവർഗങ്ങളിൽ ഏറ്റവും കൂടൂതൽകാലം ഭൂമിയിൽ നിലനിന്നത് ബാക്ടീരിയകളും ആൽഗകളും മറ്റു ജീവികളുമാണ്. മനുഷ്യരില്ലാത്ത ഭൂമിയിൽ സഹസ്രാബ്ദങ്ങളോളം ഈ ജീവികൾ പുലർന്നു. മാത്രമല്ല, മനുഷ്യരുടേയും ഇതര സസ്തനികളുടേയും സന്ധാരണത്തിനാവശ്യമായ പ്രാണവായുവിനാൽ അവർ ഭൗമോപരിതലം സമൃദ്ധമാക്കി. മനുഷ്യനില്ലാതെ എത്രകാലം വേണമെങ്കിലും ഈ ജീവികൾക്ക് അല്ലലില്ലാതെ നിലനിൽക്കാം. എന്നാൽ മനുഷ്യർക്ക് ഒരു ദിവസം പോലും ബാക്ടീരിയകളില്ലാതെ നിലനിൽക്കാനാകില്ല. ഇങ്ങനെ നോക്കുമ്പോൾ ഭൂമിക്കുമേൽ തുല്യാവകാശം എല്ലാ ജീവികൾക്കും പതിച്ചുകൊടുക്കാൻ മാനവാനന്തരവാദികൾ കാണിക്കുന്ന ഔൽസുക്യം തീർത്തും മാനവകേന്ദ്രീകൃതമായ ഒരു മിഥ്യാബോധത്തിന്റെ ഫല്ലമല്ലേയെന്ന ചോദ്യം തീർത്തും ന്യായയുക്തമാണ്.

സങ്കുചിത ലാഭത്തിന് മുതലാളിത്ത സാമ്രാജ്യത്വവും മൂലധനശക്തികളും തീർക്കുന്ന ഭൂമിയിലെ നരഗഗർത്തങ്ങളിൽ പുഴുക്കളെപ്പോലെ ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങളുടെ അവകാശങ്ങളെ സമർത്ഥമായി തമസ്‌കരിച്ചുകൂടിയാണ് പലപ്പോഴും മാനവാനന്തര വ്യവഹാരങ്ങൾ തിടം വെക്കുന്നതെന്നത് അവഗണിച്ചുകൂടാ.

പ്രശ്നം ഇവിടേയും നിൽക്കുന്നില്ല. ഓരോ തവണ കുളിക്കുമ്പോഴും സോപ്പുപയോഗിച്ച് കൈകഴുകുമ്പോഴുമെല്ലാം നാം ആയിരക്കണക്കായ ബാക്ടീരിയകളേയും മറ്റ് സൂക്ഷ്മജീവികളേയുമാണ് കൊന്നുതള്ളുന്നത്. എല്ലാ ജീവജാലങ്ങൾക്കും തുല്യാവകാശങ്ങളുണ്ടെന്നുവെച്ചാൽ നേരത്തെ സൂചിപ്പിച്ച എലിസബത്ത് കൊസ്ടിലോയുടെ യുക്തിപ്രകാരം രോഗാണുസംഹാരികളോ, കീടനാശിനികളോ ഒന്നും ഉപയോഗിക്കുന്നത് നൈതികമായോ, നിയമപരമായോ അംഗീകരിക്കാവുന്ന കാര്യങ്ങളല്ലെന്ന് സമ്മതിക്കേണ്ടി വരില്ലേ?

ജീവികളെപ്പോലെ തന്നെയുളള അവകാശങ്ങൾ യന്ത്രങ്ങൾക്കും മറ്റ് അജീവ വസ്തുക്കൾക്കുമുണ്ടെന്ന് വാദിക്കുന്ന മാനവാനന്തരവാദികളും ഉണ്ട്. ഈ വാദം അംഗീകരിച്ചാൽ, റൊബോട്ടുളടക്കമുളള യന്ത്രങ്ങളെക്കൊണ്ട്, പണിയെടുപ്പിക്കുന്നതിലെ നൈതികതയും മനുഷ്യരെപ്പോലെ തന്നെ അവർക്ക് വകവെച്ചകൊടുക്കേണ്ടതായ അവകാശങ്ങളുമെല്ലാം പ്രശ്നവൽക്കരിക്കേണ്ടതായി വരും. ഇതിൽ വോട്ടകാശവും, ദയാവധത്തിനുളള അവകാശവും എല്ലാം കടന്നുവരില്ലെന്ന് ആരുകണ്ടു? മനുഷ്യരുടെ അതേ അവകാശങ്ങൾ ബോട്ടിൽ കേപ്പുകൾക്കും പാഴ് കടലാസുകൾക്കുമുണ്ടെന്ന വാദം, ഒരു നേരത്തെ അഷ്ടിക്ക് വകകാണാത്തവരും, തലക്കുമീതേ ആകാശം മാത്രം മേൽക്കൂരയായുളളവരുമായ പതിനായിരങ്ങൾ അധിവസിക്കുന്ന മൂന്നാം ലോകത്തുളളവരെ സംബന്ധിച്ച് തികഞ്ഞ അപഹാസ്യതയായി തോന്നാമെങ്കിലും, മാനവാനന്തരവാദം കേന്ദ്രപ്രമേയമായി വരുന്ന എത്രയോ ഗ്രന്ഥങ്ങളിലെ ചർച്ചകൾ ആ നിലക്കാണ് പുരോഗമിക്കുന്നതെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്.

ഭൂമിയിൽ ഇതുവരേയുണ്ടായ ജീവവർഗങ്ങളിൽ 99.99% ത്തിനും പൂർണവംശനാശം സംഭവിച്ചിരിക്കുന്നു. ഇപ്പോഴുളള ജീവവർഗങ്ങളിൽ ഏറ്റവും കൂടൂതൽകാലം ഭൂമിയിൽ നിലനിന്നത് ബാക്ടീരിയകളും ആൽഗകളും മറ്റു ജീവികളുമാണ്.

സങ്കുചിത ലാഭത്തിന് മുതലാളിത്ത സാമ്രാജ്യത്വവും മൂലധനശക്തികളും തീർക്കുന്ന ഭൂമിയിലെ നരകഗർത്തങ്ങളിൽ പുഴുക്കളെപ്പോലെ ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങളുടെ അവകാശങ്ങളെ സമർത്ഥമായി തമസ്‌കരിച്ചുകൂടിയാണ് പലപ്പോഴും ഇത്തരത്തിലുളള മാനവാനന്തര വ്യവഹാരങ്ങൾ തിടം വെക്കുന്നതെന്നത് അവഗണിച്ചുകൂടാ. ഏതാണ്ടെല്ലാ മാനുഷിക പ്രശ്നങ്ങളേയും പൊള്ളയും സുഖകരവുമായ സങ്കൽപ്പനങ്ങളിലേക്ക് ചുരുക്കുവാനുളള ശ്രമത്തിന്റെ ഭാഗമായേ, വംശീയതയടക്കമുളള വിഷയങ്ങളിലെ മാനവാനന്തരവാദത്തിന്റെ സമീപനത്തെ കാണാനാകൂ എന്ന ഐമീ സെയ്സറിന്റ നിരീക്ഷണം ഇവിടെ സംഗതമാണ്.

ശാസ്ത്ര കഥകളിൽ മാത്രം കണ്ടുപരിചയമുളള ഒരു തരം ടെക്നോ യുട്ടോപ്യയാണ് അതിമാനവവാദം വാഗ്ദാനം ചെയ്യുന്നത്.

ഭാഷയിലേയും ഇതര ചിഹ്നവ്യവഹാരങ്ങളിലേയും സൂചകങ്ങളെപോലെ സ്വകീയമായ സത്തയില്ലാത്തവയാണ് ജീവികളും ചരാചരങ്ങളുമെന്ന ഘടനാനനന്തരവാദചിന്തയുടെ ബൗദ്ധികപശ്ചാതലത്തിൽ നിന്ന് പ്രചോദനമുൾകൊളളുന്ന മാനവാനന്തരവാദം, അന്ധമായ സ്വന്തം അപ്രമാദിത്വബോധത്തിൽ, ഘടനാനന്തരവാദം ചെന്നുചാടുന്ന എല്ലാ ചതിക്കുഴികളിലും സ്വയം ചെന്ന് വീഴുന്നുവെന്നതാണ് വസ്തുത. ബോട്ടിൽ കേപ്പുകൾ മുതൽ വൈറസുകൾ വരേയുളളവരുടെ അവകാശങ്ങളെ കുറിച്ച് ഗീർവാണിക്കുക വഴി ഇവരുടെയൊക്കെ വക്കാലത്ത് മാനവാനന്തരവാദികൾ സ്വയം ഏറ്റെടുക്കുകയാണ്. തങ്ങൾ വാദിക്കുന്ന ജീവ-ചരാചര സമത്വം എന്ന സിദ്ധാന്തത്തിന്റെ അന്തഃസ്സത്തക്ക് നിരക്കാത്തതാണ് ഇങ്ങനെ മറ്റുളളവരുടെ വക്കാലത്തെടുക്കലെന്നത് പ്രത്യേകം പറയേണ്ടതില്ല. മനുഷ്യന്റെ തിരോധാനം എഴുതപ്പെടുന്നത് മനുഷ്യഭാഷയിൽ തന്നെയായിരിക്കുമെന്ന ദരീദയുടെ പ്രസ്താവം ഈ വൈരുദ്ധ്യത്തിലേക്കാണ്, അഥവാ ഞാനും നീയും തുല്യരാണെന്ന് ഗറില്ലയോടും ബാക്ടീരിയയോടുമെല്ലാം പ്രഖ്യാപിക്കുന്നതിലുളള മനുഷ്യന്റെ ഔദ്ധത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇങ്ങിനെ പ്രഖ്യാപിക്കാൻ താനാരാണെന്ന് ഈ ജീവികൾ തിരിച്ചുചോദിച്ചാൽ എന്തായിരിക്കും മനുഷ്യന്റെ പ്രതികരണം?

ഇനി അതിമാനവവാദത്തിന്റ കാര്യം. അതിമാനവവാദം മാനവികവാദത്തിന്റെ തന്നെ ഒരു വർദ്ധിതരൂപമാണെന്നാണ് കാരി വോൾഫിനെ പോലുളളവർ പറയുന്നതെങ്കിലും ഇവർ പ്രധിനിധാനം ചെയ്യുന്ന മാനവാനന്തരവാദവും അതിമാനവവാദവും തമ്മിൽ സന്ധിക്കുന്ന ബിന്ദുക്കളുണ്ടെന്ന് നാം കണ്ടു. ശാസ്ത്ര കഥകളിൽ മാത്രം കണ്ടുപരിചയമുളള ഒരു തരം ടെക്നോ യുട്ടോപ്യയാണ് അതിമാനവവാദം വാഗ്ദാനം ചെയ്യുന്നത്. 2011 ഫെബ്രുവരിയിൽ ഇറങ്ങിയ ടൈം വാരികയുടെ മുഖചിത്രം അതിമാനവവാദത്തിന്റെ ലക്ഷ്യത്തെകുറിച്ച് വ്യക്തമായ സൂചന അടങ്ങിയതാണ്. "2045 -മനുഷ്യൻ അമർത്ഥ്യനാകുന്ന വർഷം' എന്ന ശീർഷകത്തിൽ വിഖ്യാത നോവലിസ്റ്റും സാങ്കേതിക വിദഗ്ധനുമായ ലെവ് ഗ്രോസ്മാൻ എഴുതിയ കവർ സ്റ്റോറിയോടെയാണ് ഏറെ ശ്രദ്ധേയമായ ആ ലക്കം പുറത്തിറങ്ങിയത്. അവയവ മാറ്റങ്ങളിലൂടെയും ജൈവസാങ്കേതിക വിദ്യയിലൂടേയും ആർജ്ജിക്കാനാകുന്ന, മനുഷ്യന്റെ എക്കാലത്തേയും ഏറ്റവും വലിയ സ്വപ്നമായ മരണമില്ലാത്ത നിത്യത ഈ നൂറ്റാണ്ടിന്റെ പാതിയോടെ എങ്ങനെ സഫലമായേക്കാമെന്ന് ഫ്യൂച്ചറോളജിസ്ററും കമ്പ്യൂട്ടർ വിദഗ്ധനുമായ റേ കൂർസ്‌വെയിലിനെ ഉദ്ധരിച്ച് ലേഖനം വിശകലനം ചെയ്യുന്നു.

റേ കൂർസ്‌വെയിൽ

The Age of Spiritual Machines, The Singularity is Near തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ കൂർസ്‌വെയിലിന്റെ അഭിപ്രായത്തിൽ ഒന്നുരണ്ട് ദശാബ്ദങ്ങൾക്കകം മനുഷ്യബുദ്ധിയെ ബഹുദൂരം കവച്ചുവെക്കുന്ന കംപ്യൂട്ടറുകളും അവയെ നമ്മുടെ നാഡീവ്യൂഹവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയും വികസിപ്പിക്കപ്പെടാൻ പോകുന്നു. നാനോബയോളജിയുടേയും നാനോബോട്ടിക്സിന്റേയും ഇതര സാങ്കേതിക നൈപുണ്യങ്ങളുടേയും ഫലമായി കാൻസർ അടക്കമുള്ള രോഗങ്ങൾ വെറും പഴങ്കഥകളാകാൻ ഇനി ഏറെ കാത്തിരിക്കേണ്ടി വരില്ല. ഇതോടെ, അമർത്ത്യനായ മർത്ത്യൻ എന്നത് കൽപ്പിതകഥകളുടെ സങ്കൽപ്പവിലാസങ്ങൾ വിട്ട് യഥാർത്ഥ ലോകത്തിന്റെ ജൈവവിലാസത്തിലേക്ക് സ്ഥിരതാമസമാക്കാൻ പോകുന്നു. ഇപ്പോൾതന്നെ അവയവ മാറ്റങ്ങളിലൂടെയും സാങ്കേതിക സംവർദ്ധനയിലൂടെയും മനുഷ്യർ വൈകല്യങ്ങളേയും മരണത്തേയും ഒരു പരിധിവരെ വരിഞ്ഞുകെട്ടിയിരിക്കുന്നു.

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും നിരന്തര മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരു തന്മാത്രപോലും ഇന്ന് നമ്മുടെ ശരീരത്തിലില്ലെന്നതാണ് വസ്തുത.

80 പിന്നിട്ട, ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയെയും കാൻസറിനെയും അതിജീവിച്ച, ഴാങ് ലുക് നാൻസിയെന്ന ഫ്രഞ്ച് തത്വചിന്തകന്റെ ഉദാഹരണം ഇത്തരം അതിജീവനത്തിന്റെ ആദ്യപടിയായി ചില മാനവാനന്തരവാദികൾ ഉദ്ധരിക്കുന്നു. 21ാം നൂററാണ്ടിലെ ശാസ്ത്രപുരോഗതി നാം ഇതുവരെ കണ്ട എല്ലാറ്റിനേയും വെല്ലുന്നതായിരിക്കും. ഇതിനുമുമ്പുളള 1000 വർഷങ്ങളിൽ മനുഷ്യർ ആർജ്ജിച്ചതിനേക്കാൾ വലിയ പുരോഗതിയാണ് ഈ നൂറ്റാണ്ടിൽ ആർജ്ജിക്കാൻ പോകുന്നതെന്ന് കൂർസ്‌വെയിൽ അവകാശപ്പെടുന്നു. കൃത്രിമരക്തവും യന്ത്രാവയവങ്ങളും ചുരുങ്ങിയ വിലക്ക് ലഭ്യമാകാൻ പോകുന്ന കാലം വിദൂരമല്ല. CRISPR സാങ്കേതിക വിദ്യയിലൂടെ ജീൻ എഡിറ്റിംഗ് അയത്ന ലളിതമാകാൻ പോകുന്നു. CRISPR സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തക്കാരിൽ ഒരാളായ ജെന്നിഫർ ഡൗഡ്നയുടെ അഭിപ്രായത്തിൽ ജീവ-വൈദ്യ ശാസ്ത്രമേഖലകളിൽ ഇതിന്റെ സാധ്യത അനന്തവും പ്രവചനാതീതവും ആയിരിക്കും. രോഗഹേതുവായ ഡി.എൻ.എയെ കീറാനും, എഡിറ്റ് ചെയ്ത് കുറവുകൾ നികത്താനും കഴിയുന്നതോടെ പാർക്കിൻസൺസും അൾഷൈമേസുമടക്കമുളള രോഗങ്ങളെ മനുഷ്യർ എന്നേന്നേക്കുമായി തോൽപ്പിക്കുകയായി.

ഴാങ് ലുക് നാൻസി

അതിമാനവവാദത്തിന്റെ പ്രണേതാക്കളിൽ പ്രമുഖയായ നഡാഷ വൈറ്റമോർ ഇതിനേക്കാൾ ഒരു പടി മുമ്പോട്ട് കടന്നുളള പ്രസ്താവമാണ് നടത്തുന്നത്. വൈറ്റമോറിന്റെ അഭിപ്രായത്തിൽ, വല്ല അപകടത്തിലും പെട്ട "അതിമാനവരുടെ്' ശരീരം പൂർണമായി തകർന്നാലും പരിഹാരമുണ്ട്. കമ്പ്യൂട്ടറിലെ നമ്മുടെ ഫയലുകൾ ബാക്ക്-അപ് ചെയ്തുവെക്കുന്നതുപോലെ മനുഷ്യരുടെ ബോധം ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന കാലം വിദൂരമല്ല. അതിനാൽ തന്നെ തകർന്നുടഞ്ഞ ശരീരത്തിനുപകരം മറ്റൊന്ന് കണ്ടെത്തുകയെന്നത് പണച്ചെലവിന്റെ മാത്രം പ്രശ്നമായിരിക്കും. മത-ആത്മീയ പാരമ്പര്യങ്ങൾ അവയുടെ വീക്ഷണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ആത്മാവ് എന്ന സങ്കൽപ്പനത്തെ പൂർണമായും തള്ളിക്കൊണ്ടുളള തികഞ്ഞ ഭൗതികവാദത്തിൽ അധിഷ്ഠിതമാണ് ഇത്തരം അവകാശവാദം എന്നത് നിസ്തർക്കമാണ്. ഇന്ത്യൻ-സെമിറ്റിക് മതങ്ങളുടെ ആധാരശിലകളിലൊന്നായി വർത്തിക്കുന്ന ആത്മാവിന്റെ ശാസ്ത്രീയ സാധുതയെ കുറിച്ച് ആഡ്രിയാൻ ഓവനേയും, ജിം ടക്കറിനേയും, സ്റ്റുവേർട്ട് ഹേമറോഫിനേയും പോലുളള പല ശാസ്ത്രജ്ഞരും ഗൗരവമായി വിലയിരുത്തിക്കൊണ്ടിരുക്കുന്ന ഒരു ഘട്ടത്തിലാണ് മാനവാനന്തര-അതിമാനവവാദികളുടെ ഇതുസംബന്ധമായ ചോദ്യങ്ങളോടുളള തികഞ്ഞ നിസംഗത എന്നത് ശ്രദ്ധേയമാണ്. സയന്റിഫിക് അമേരിക്കനിൽ 2017 ൽ എഴുതിയ ഒരു ലേഖനത്തിൽ, ശാസ്ത്ര ജേർണലിസ്റ്റായ ജോൺ ഹോർഗാൻ പറഞ്ഞത് സംഗതമായ ഒരു കാര്യമാണ്: നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും നിരന്തര മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

വാഹനങ്ങളുടെ സ്പെയർപാർട്ട്സ് മാറ്റിവെക്കുന്ന ലാഘവത്തോടെ മനുഷ്യാവയവങ്ങൾ മാറ്റിവെക്കുന്ന കാലത്തെ കുറിച്ചുളള മാനവാന്തരവാദികളുടെ സ്വപ്നങ്ങൾ ഏറെ അതിരു കടന്നതാണെന്നത് സമ്മതിക്കേണ്ടി വരും.

പക്ഷെ, ആത്മാവിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ, അതിമാനവവാദികൾ ബോധത്തെ ഡൗൺലോഡ് ചെയ്ത് അമർത്ത്യവൽക്കരിക്കുന്നതിനെ കുറിച്ചും അതിലൂടെ മരണത്തെ അതിജയിക്കുന്നതിനെ കുറിച്ചും കിനാവുകൾ നെയ്യുന്നു. അവർ സ്വപ്നം കാണുന്ന ലോകം ഏറെ പ്രലോഭനീയമാണെന്നതിൽ സംശയമില്ല. വേദനയില്ലാത്ത, മരണമില്ലാത്ത, അനുസ്യൂത സാധ്യതകളുടെ ആരേയും മോഹിപ്പിക്കുന്ന ഒരു മഹാവിസ്മയച്ചെപ്പ് തന്നെയാണത്. പക്ഷെ, മാനവാനന്തരരുടെ ഈ സുന്ദരലോകം വെറും ഭ്രമകൽപ്പനയാണെന്നാണ് ശാസ്ത്രലോകത്തുളള ചിലരുടെ വിമർശനം. കൂർസ്‌വെയ്‌ലിനെ പല ജനകീയ ശാസ്ത്രപ്രസിദ്ധീകരണങ്ങളും ആധുനിക കാലഘട്ടത്തിന്റെ എഡിസൺ എന്നും അസാധാരണ യന്ത്രമനീഷിയെന്നും മറ്റും വിശേഷിപ്പിച്ചിട്ടുണ്ടങ്കിലും വിമർശകർ അദ്ദേഹത്തെ കിറുക്കനെന്നും സാങ്കേതിക സർവ്വാധിപത്യത്തിന്റെ അപ്പോസ്തലകനെന്നുമാണ് വിശേഷിപ്പിക്കുന്നത്.

ഡൗഗ്ലാസ്‌ ഹോഫ്സ്റ്റാഡ്റ്റർ

പ്രശസ്ത അമേരിക്കൻ ഊർജ്ജതന്ത്രജ്ഞനും താരതമ്യസാഹിത്യ ഗവേഷകനുമായ ഡൗഗ്ലാസ്‌ ഹോഫ്സ്റ്റാഡ്റ്ററുടെ (Douglas Hofstadter) അഭിപ്രായത്തിൽ, ഗംഭീരങ്ങളായ ആശയങ്ങളുടേയും ശുദ്ധവങ്കത്തങ്ങളുടേയും ഒരു കൂട്ടിക്കലർപ്പാണ് കൂർസ്‌വെയിലിന്റെ അവകാശവാദങ്ങൾ. ഇതിൽ സത്യമേത്, വിടുവായിത്തം ഏത് എന്ന് തിരിച്ചറിയുക എളുപ്പമല്ല; കാരണം, ഇവയെഴുതുന്നവർ യഥാർത്ഥത്തിൽ മിടുമിടുക്കൻമാരാണ്. ന്യൂസ് വീക്ക്‌ മാസികയിലെഴുതിയ ഒരു ലേഖനത്തിൽ, 2009 ഓടെ 20 പെറ്റാഫ്ളോപ്പുകളോടു (petaflop) കൂടിയ കമ്പ്യൂട്ടറുകളും സ്വയം ഓടുന്ന വാഹനങ്ങളും വ്യാപകമാകുമെന്ന, കൂർസ്‌വെയ്‌ലിന്റെ പ്രസ്താവനയെ, ഡാനിയൽ ലിയോൺസ് നിശിതമായി പരിഹസിക്കുകയുണ്ടായി. ഗൂഗിളിനെ തന്നെ ഒരു വൻ കമ്പ്യൂട്ടറായി കണക്കാക്കാമെന്നും അതിന്ന് 20 പെറ്റാഫ്ളോപ് ശേഷിയുണ്ടെന്നുള്ളത് നിസ്തർക്കമാണെന്നുമാണ് ഇതിന് കൂർസ്‌വെയിൽ മറുപടി പറഞ്ഞത്. സ്വയം ഓടുന്ന കാറുകൾ അൽപം വൈകിയെങ്കിലും ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ അനുയായികൾ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും മിക്ക അതിമാനവവാദങ്ങളും അതിരുകടന്നതാണെന്നാണ് പല ശാസ്ത്രജ്ഞരുടേയും അഭിപ്രായം. റിറ്റാനിൽ, മോഡാഫിനിൽ തുടങ്ങിയ മരുന്നുകളുടെ സഹായത്തോടെ സാധ്യമാകുന്ന, വർധിത ഗ്രാഹ്യശേഷിയും, ബുദ്ധിശക്തിയുമുളള മനുഷ്യരെകുറിച്ച് അതിമാനവാദികൾ വീമ്പിളക്കാറുണ്ട്. ഇത്തരം മരുന്നുകൾ, പക്ഷെ, പരീക്ഷകൾക്കൊരുങ്ങുന്ന വിദ്യാർത്ഥികളുടെ ജാഗ്രത വളർത്താനും മറ്റും സഹായിക്കുമെന്നല്ലാതെ അവരുടെ ബുദ്ധിശേഷി കാര്യമായി പരിപോഷിപ്പിക്കുവാൻ ഉതകുന്നില്ലെന്നാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്. നാനോ ഇംപ്ലാന്റുകളിലൂടെ വർധിത നൈതികബോധവും കാര്യപ്രാപ്തിയുമുളള മനുഷ്യരെന്നതും ശാസ്ത്രകഥകളുടെ മാത്രം ഉരുപ്പടിയായി ഇന്നും അവശേഷിക്കുന്നു.

ഒരു ഘട്ടത്തിൽ ജിനോമിക്സ് ജീവരഹസ്യങ്ങളുടെ കലവറ തുറക്കുമെന്നാണ് കരുതിയതെങ്കിൽ ഇന്ന് ജീവരഹസ്യങ്ങളുടെ കലവറ കുടികൊളളുന്നത് പ്രോട്ടിയോമുകളിലാണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം.

യഥാർത്ഥത്തിൽ, ചരിത്രത്തിന്റെ വിവിധ ദശകങ്ങളിൽ ഇത്തരം പല വീരവാദങ്ങളും മനുഷ്യർ മുഴക്കിയിരുന്നുവെന്നും അതെല്ലാം വെറും വീമ്പുപറച്ചിലായി മാറിയെന്നതുമാണ് വസ്തുത. 1953ൽ ചിക്കാഗോ സർവകലാശാലയിൽ, ബിരുദശാസ്ത്ര വിദ്യാർത്ഥിയായിരുന്ന സ്റ്റാൻലി മില്ലർ, ഒരു ഫ്ളാസ്‌കിൽ ആദിമ സമുദ്രത്തിലുണ്ടായിരിക്കാവുന്ന രൂപത്തിലുളള വെള്ളവും മറ്റൊന്നിൽ അമിനോ-ഫാറ്റി ആസിഡുകളും, പഞ്ചസാരയും, മറ്റു ജൈവമിശ്രണങ്ങളും നിറക്കുകയും അതിലേക്ക് അഗ്‌നി സ്ഫുലിംഗങ്ങൾ ഉണ്ടാക്കുന്ന വൈദ്യുതി കടത്തിവിടുകയും ഫ്ളാസ്‌കുകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്തു. "ഇതാ ഞങ്ങൾ ജീവൻ ഉണ്ടാക്കാൻ പോകുന്നു; ദൈവം ഇങ്ങനെയല്ല, അത് ചെയ്തതെങ്കിൽ അവൻ ഒന്നാന്തരം ഒരു പന്തയം നഷ്ടപ്പെടുത്തി'- അന്ന് മില്ലറുടെ സൂപ്പർവൈസറായിരുന്ന നോബൽ സമ്മാനജേതാവ് ഹാരോൾഡ് യൂറി പ്രഖ്യാപിച്ചു. എന്നാൽ അന്നത്തേതിൽ നിന്ന്, ജീവൻ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഒരടിപോലും അടുത്തെത്താൻ മനുഷ്യർക്കായില്ലെന്നതാണ് വസ്തുത. മാത്രമല്ല ഒരർത്ഥത്തിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതായാണ് ചില ശാസ്ത്രജ്ഞരെങ്കിലും അഭിപ്രായപ്പെടുന്നത്. ഒരു ഘട്ടത്തിൽ ജിനോമിക്സ് ജീവരഹസ്യങ്ങളുടെ കലവറ തുറക്കുമെന്നാണ് കരുതിയതെങ്കിൽ ഇന്ന് ജീവരഹസ്യങ്ങളുടെ കലവറ കുടികൊളളുന്നത് പ്രോട്ടിയോമുകളിലാണെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വിവരങ്ങളടങ്ങിയ ഗ്രന്ഥശാലയായാണ് പ്രോട്ടിയോമുകൾ കണക്കാക്കപ്പെടുന്നത്. ഏതാനും ദശകങ്ങൾക്കുമുമ്പ് ഇങ്ങനെയൊരു വാക്കുതന്നെ ശാസ്ത്രലോകത്തിന് അപരിചിതമായിരുന്നുവെന്ന് പറയുന്ന ബിൽ ബ്രൈസൺ, ജിനോമുകളെ അപേക്ഷിച്ച് ഇവ എത്രയോ സങ്കീർണമാണെന്ന് ചൂണ്ടിക്കാട്ടുന്നു. മഹാവിസ്മയങ്ങളുടെ തുറക്കാൻ കഴിയാത്ത ഒരു പെട്ടിക്കടുത്ത് സ്തബ്ദ്ധരായി നിൽക്കുന്ന കുട്ടികളോടാണ് ഐൻസ്റ്റെൻ മനുഷ്യരെ താരതമ്യം ചെയ്തതെങ്കിൽ, ഓരോ പെട്ടി തുറക്കുമ്പോഴും അതിനകത്ത് തുറക്കാനാകാത്ത മറ്റൊരു പെട്ടി കണ്ടെത്തുന്ന അവസ്ഥയാണ് ശാസ്ത്രത്തിന്റേതെന്നാണ് നോബൽ സമ്മാനജേതാവായ ഊർജ്ജതന്ത്രജ്ഞൻ റിച്ചാർഡ് ഫെയ്ൻമാനെ ഉദ്ധരിച്ച് ബ്രൈസൺ വാദിക്കുന്നത്.

വരാൻ പോകുന്ന കാലഘട്ടം വൈറസുകളുമായുളള നിരന്തര പോരാട്ടങ്ങളുടേതായിരിക്കുമെന്ന മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തിൽ, അനന്തമായ ആയുസ്സിനെ കുറിച്ചുളള അതിമാനവവാദികളുടെ അവകാശവാദങ്ങൾ എന്താകും?

ഇങ്ങനെ നോക്കുമ്പോൾ, ജീവന്റെ നിഗൂഢത ചുരുളഴിക്കുന്നതിൽ മനുഷ്യർ വിജയിച്ചുവെന്നത് വെറും വീരസ്യമാണെന്ന് വരുന്നു. പകർച്ച വ്യാധികൾക്കും വൈറസുകൾക്കുമെതിരെ മനുഷ്യർ അന്തിമവിജയം നേടിയെന്നും ഈ മേഖലയിലുളള ഗവേഷണങ്ങൾക്ക് ഇനി വലിയ പ്രസക്തിയില്ലന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിയോടെ പല ശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നു. എന്നാൽ ഈ വിശ്വാസം എത്ര അബദ്ധമായിരുന്നുവെന്ന് കോവിഡ് അനുഭവങ്ങൾ നമ്മോട് പറയുന്നു. മനുഷ്യൻ എന്നെന്നേക്കുമായി കീഴടക്കിയെന്ന് കരുതിയ പല രോഗങ്ങളും പൂർവാധികം ശക്തിയോടെയും പ്രഹരശേഷിയോടെയും തിരിച്ച് വരുന്നുവെന്നതാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അലട്ടുന്ന പ്രശ്നം. മൃഗങ്ങളുടെ ആവാസവ്യവസ്ഥ ഭയാനകമാം വണ്ണം ചുരുങ്ങുമ്പോൾ വന്യവ്യൂഹങ്ങളിൽ താവളമടിച്ച് പതുങ്ങിക്കഴിയുന്ന വൈറസുകളും ഇതര സൂക്ഷ്മജീവികളും പുതിയ സങ്കേതങ്ങൾ തേടി മനുഷ്യരടക്കമുളളവരിലേക്ക് സംക്രമിക്കാനുളള സാധ്യത ഏറെയാണ്. അതിനാൽ തന്നെ വരാൻ പോകുന്ന കാലഘട്ടം വൈറസുകളുമായുളള നിരന്തര പോരാട്ടങ്ങളുടേതായിരിക്കുമെന്ന് പല വൈറോളജിസ്റ്റുകളും മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇങ്ങനെ വരുമ്പോൾ അനന്തമായ ആയുസ്സിനെ കുറിച്ചുളള അതിമാനവവാദികളുടെ അവകാശവാദങ്ങൾ എന്താകും?

വാഹനങ്ങളുടെ സ്പെയർപാർട്ട്സ് മാറ്റിവെക്കുന്ന ലാഘവത്തോടെ മനുഷ്യാവയവങ്ങൾ മാറ്റിവെക്കുന്ന കാലത്തെ കുറിച്ചുളള മാനവാന്തരവാദികളുടെ സ്വപ്നങ്ങളും ഇന്നത്തെ അവസ്ഥയിൽ ഏറെ അതിരു കടന്നതാണെന്നത് സമ്മതിക്കേണ്ടി വരും. സിനോ ട്രാൻസ് പ്ലാന്റേഷനിലൂടെ (xenotransplantation) സ്വീകരിക്കുന്ന ബാഹ്യാവയവങ്ങളെ ആതിഥേയ ശരീരം എപ്പോഴും സംശയത്തോടും ചിലപ്പോഴെങ്കിലും പകയോടുമാണ് നോക്കിക്കാണുന്നത്. ശരീരത്തിന്റെ സ്വകീയ രോഗപ്രതിരോധശേഷി പിടിച്ചുകെട്ടുന്ന Immunosuppressants​ ന്റെ അകമ്പടിയോടെ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകൾ സാംക്രമികരോഗങ്ങളുടെ മാറിവരുന്ന ലോകത്ത് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതാകാനാണ് സാധ്യത.

തലമാറ്റിവെക്കൽ കാനവരോ അവകാശപ്പെടുന്നതുപോലെ ഒരു യാഥാർത്ഥ്യമായാൽ, വംശീയ ന്യൂനപക്ഷങ്ങളും, ഇതര പാർശ്വവൽക്കൃതരും അതിന്റെ ഇരകളായി ഭവിക്കുന്ന അവസ്ഥയല്ലേ സംജാതമാവുക?

തുടക്കത്തിൽ സൂചിപ്പിച്ച കനവരയുടെ തലമാറ്റിവെക്കൽ ശസ്ത്രക്രിയ പോലുളള അവകാശവാദങ്ങളാകട്ടെ, വെറും പബ്ലിസിറ്റി സ്റ്റണ്ടുകളായാണ് കലാശിച്ചത്. അദ്ദേഹം ശസ്ത്രക്രിയ നടത്തിയ കുരങ്ങ് 20 മണിക്കൂർ അബോധാവസ്ഥയിൽ കിടന്ന് ഒന്ന് പിടയുക പോലും ചെയ്യാതെ മരിക്കുകയാണുണ്ടായത്. തങ്ങളുടെ ശസ്ത്രക്രിയ പരാജയപ്പെടുമ്പോൾ ഡോക്ടർമാർ ഭംഗിപ്രയോഗമായി ഉപയോഗിക്കുന്ന negative patient outcome ന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു തലമാറ്റപ്പെട്ട ആ കുരങ്ങ്. ഇതേതുടർന്ന് മനുഷ്യരിലെ ആദ്യ ശസ്ത്രക്രിയക്ക് സ്വയം സന്നദ്ധനായ പേശീക്ഷയരോഗബാധിതനായ റഷ്യൻ പ്രോഗ്രാമർ വലേറി സ്പിരിനേഡോവ്, കനവരോ പരീക്ഷണത്തിന് തലവെച്ചുകൊടുക്കാനുളള തീരുമാനത്തിൽ നിന്ന് പിൻമാറുകയാണുണ്ടായത്.

ഇത്തരം അവയവമാറ്റങ്ങൾ തല ഉടലിന്നവകാശപ്പെട്ടതോ ഉടൽതലക്കവകാശപ്പെട്ടതോ തുടങ്ങിയ അനവധി നൈതികപ്രശ്നങ്ങൾ ഉയർത്തുമെന്ന് നേരത്തെ സൂചിപ്പിച്ചു. എന്നാൽ പ്രശ്നങ്ങൾ അവിടെ നിൽക്കുന്നില്ല. Never Let Me Go എന്ന വിഖ്യാത നോവലിൽ, അവയവദാനത്തിന് മാത്രമായി വളർത്തപ്പെടുന്ന ഒരു വിഭാഗം മനുഷ്യരെ കുറിച്ച് നോബൽ സമ്മാനജേതാവായ കാസുവോ ഇഷിഗുറോ പരാമർശിക്കുന്നുണ്ട്. രാഷ്ട്രീയ-സാമ്പത്തിക അസന്തുലിതത്വങ്ങൾ അടക്കി വാഴുന്ന ഒരു ലോകക്രമത്തിൽ മൂന്നാം ലോകം ഒന്നാം ലോകത്തിന് വേണ്ട അവയവങ്ങളുൽപ്പാദിപ്പിക്കാനുളള കൃഷിയിടങ്ങളായി മാറുന്നതിനെ സൂചിപ്പിച്ച് മഞ്ജുള പത്മനാഭൻ "കൊയ്ത്ത്' (Harvest) എന്ന തന്റെ നാടകത്തിൽ എന്നോ ദീർഘദർശനം ചെയ്തത് ഇതിനോട് ചേർത്ത് വായിക്കണം. മനുഷ്യജീവന്റെ വിലനിലവാരം സ്റ്റോക്ക് സൂചിക പോലെ, സ്റ്റാറ്റസിനെയും ലൊക്കേഷനേയും ബാങ്ക് ബാലൻസിനേയും ആശ്രയിച്ചിരിക്കുന്ന ഒരു ലോകത്ത് അതിമാനവത്വം വിഭാവനം ചെയ്യുന്ന അവയവ മാറ്റങ്ങളും സാങ്കേതിക സംവർദ്ധനകളും കൂടുതൽ നീതിരഹിതമായ ശ്രേണീക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വഴിതെളിയിക്കുകയില്ലെന്ന് എങ്ങനെ ഉറപ്പിക്കാം? ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ, മെച്ചപ്പെട്ട തലമുറകളുടെ ഉൽപ്പാദനത്തിന് മനുഷ്യർ നടത്തിയ പലതരത്തിലുളള യൂജെനിക് പരീക്ഷണങ്ങളും വംശീയമായ ഉൻമൂലനങ്ങൾക്കും പ്രവർജ്ജനങ്ങൾക്കുമാണ് കാരണമായതെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണല്ലോ? തലമാറ്റിവെക്കൽ കാനവരോ അവകാശപ്പെടുന്നതുപോലെ ഒരു യാഥാർത്ഥ്യമായാൽ, വംശീയ ന്യൂനപക്ഷങ്ങളും, ഇതര പാർശ്വവൽക്കൃതരും അതിന്റെ ഇരകളായി ഭവിക്കുന്ന അവസ്ഥയല്ലേ സംജാതമാവുക?

ജൈവാവയവങ്ങൾക്കുപകരം കൃത്രിമാവയവങ്ങളാണ് ഇതിന് അതിമാനവവാദികൾ നിർദ്ദേശിക്കുന്ന ഒരു പരിഹാരം. സ്റ്റെലാർക്കിനെ പോലുളള ചില അതിമാനവിക കലാകാരൻമാർ, തങ്ങളുടെ പ്രദർശനങ്ങളിൽ, കൃത്രിമാവയവങ്ങളുടെ സഹായത്തോടെ നേടാവുന്ന അപരിമേയമായ കായികസാധ്യതകൾക്ക് ദൃശ്യാവിഷ്‌കാരം നൽകുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമ്മുടെ ജൈവശരീരം അത്യന്തം കാലഹരണപ്പെട്ടതും (Profoundly obsolete) അടിയന്തരമായി രൂപഭേദം വരുത്തപ്പെടേണ്ടതുമാണ്. നേരത്തെ സൂചിപ്പിച്ച പോലെ, മനുഷ്യനെ ഒരു ജൈവയന്ത്രമായി കാണുന്ന ഭൗതികമാത്രമായ ഒരു വീക്ഷണത്തിൽ നിന്നേ ഇത്തരം ഒരു ചിന്ത ഉണ്ടാകാൻ തരമുളളൂ. സ്‌റ്റെലാർക്കിന്റെ ചില പ്രദർശനങ്ങളിൽ, മുഖത്തിന് പകരം കയ്യിൽ ഘടിപ്പിച്ച കണ്ണുകളും നാസികകളും കാണാം.

സ്റ്റെലാർക്ക്‌

പഴയ ഫ്രാങ്കെൻസ്റ്റെൻ ദുർഭൂതത്തിന്റെ പ്രേതസൂചനകളാണ് ഇത്തരം പരീക്ഷണങ്ങളിൽ തിരനോക്കുന്നതെന്നും സാങ്കേതികവിദ്യയുടെ അമിതാശ്രയത്വത്തിലേക്കാണ് ഇത് നയിക്കുക എന്നും വാദിക്കുന്നവരുണ്ട്. ഇങ്ങനെ രൂപഭേദം സംഭവിച്ച ജീവികൾ human beings എന്നതിനുപകരം അഗംബൺ പറഞ്ഞ Whatever Beings ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കർത്താവിന്റെ വേഷമഭിനയിച്ച് ദൈവം കളിക്കുന്ന മനുഷ്യന്റെ നിയന്ത്രണങ്ങളിൽ നിന്ന് കുതറിമാറി അവനെത്തന്നെ അടക്കി ഭരിക്കുന്ന ജീവികളായി ഇവ പരിണമിക്കില്ലെന്ന് ആരുകണ്ടു? യന്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്ന ഒരു ലോകത്ത് മനുഷ്യൻ അവയുടെ അടിമകളായി മാറുന്ന ഭയാനക സാധ്യതകളെ ഭീതിയോടെയാണ് ഐൻസ്റ്റൈൻ മുതൽ മാക്ലുഹാൻ വരേയുളള ചിന്തകർ നോക്കിക്കണ്ടത്. ചെടികൾക്ക് തേനീച്ചകൾ പ്രജനനത്തിനുളള വെറും ഉപാധികളാകുന്ന പോലെ, യന്ത്രങ്ങളുടെ പ്രത്യുൽപ്പാദനത്തിനാവശ്യമായ ജനനേന്ദ്രിയങ്ങളായി മനുഷ്യൻ മാറുന്ന സാങ്കേതിക ഡിസ്ടോപിയയെ കുറിച്ച് മാക്ലുഹാൻ ദശാബ്ദങ്ങൾക്ക് മുമ്പ് സൂചിപ്പിച്ചതാണോ സ്റ്റെലാർക്കിനെ പോലുളളവരുടെ അതിമാനവപരീക്ഷണങ്ങളിലൂടെ യഥാർത്ഥ്യമാകാൻ പോകുന്നതെന്ന് ന്യായമായും ആശങ്കിക്കേണ്ടതുണ്ട്.

2045 മനുഷ്യൻ മരണത്തെ കീഴടക്കുന്ന വർഷമായാണ് ടൈം വാരിക 2011 അടയാളപ്പെടുത്തിയതെങ്കിൽ, 2021ൽ അങ്ങനെ അവകാശപ്പെടാൻ ടൈമിന് പോലും ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഒരർത്ഥത്തിൽ, ഡേവിഡ് മാഷി വർഷങ്ങൾക്കുമുമ്പ് എഴുതിയതുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, സഹോദരങ്ങളായ ജൂലിയൻ ഹക്സലിയും ആൽഡസ് ഹക്സലിയും സാങ്കേതിക സംവർദ്ധനകളെ കുറിച്ച് വെച്ച് പുലർത്തിയ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളിൽ, അതിമാനവനെ ചുറ്റിയുളള ഇന്നത്തെ ആശങ്കകളെയും പ്രതീക്ഷകളെയും കുറിച്ച സൂചനകളുണ്ട്. 1957ൽ എഴുതിയ Transhuman എന്ന പ്രബന്ധത്തിൽ, മനുഷ്യന് സ്വന്തം സ്വത്വത്തെ മറികടക്കാനാകുമെന്നും തീർത്തും വ്യത്യസ്തമായ മറ്റൊരു അസ്ഥിത്വം നേടിയെടുക്കാനാകുമെന്നും ശാസ്ത്രജ്ഞനായ ജൂലിയൻ എഴുതുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജൈവഭാഗധേയം മാറ്റിയെഴുതാൻ കഴിയുന്നതോടെ, മനുഷ്യൻ, 7,50,000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പുണർന്ന പീക്കിംഗ് മനുഷ്യനിൽനിന്ന് ആധുനിക മനുഷ്യനിലേക്കുളള, അതേ അകലത്തിലുളള ഒരു നവജീവിവർഗ്ഗമായി പരിണമിക്കും. ഇത് എന്തുകൊണ്ടും ശുഭകരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

എന്നാൽ സാഹിത്യകാരനായിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ ആൽഡസിന് തീർത്തും വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നത്. അമിത സാങ്കേതികാശ്രിതത്വം സമഗ്രാധിപത്യത്തിലേക്കും, വൈകാരിക മുരടിപ്പിലേക്കും നയിക്കുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. സാങ്കേതികവിദ്യ, മനുഷ്യരെ മറികടക്കുന്ന ഒരു കാലഘട്ടത്തിൽ ഉണ്ടാകാൻ പോകുന്നത് മൂഢൻമാരുടെ ഒരു തലമുറയായിരിക്കുമെന്ന് ഐൻസ്റ്റൈൻ ആശങ്കപ്പെട്ടതായി പറയുന്നുവെങ്കിൽ, ഭാവിയിലെ ഭരണനിർവ്വഹണത്തിനും തോട്ടിപ്പണിക്കും പറ്റുന്ന വിധത്തിൽ വ്യത്യസ്ത ജനുസ്സുകളിൽപെട്ട കുഞ്ഞുങ്ങളെ, വീഞ്ഞുപാത്രത്തിൽ നിന്ന് കോപ്പയിലേക്കെന്നപോലെ നിർമാതാക്കൾ കമഴ്ത്തി ഒഴിക്കുന്ന രംഗങ്ങളാണ് "നവഭാസുരലോക'ത്തിൽ (Brave New World) ൽ ഹക്സലി സങ്കൽപ്പിക്കുന്നത്.

യഥാർത്ഥത്തിൽ, മനുഷ്യൻ എപ്പോൾ സ്വന്തം നിലവിട്ട്, അപ്രാപ്യമായതിനേയും, അമർത്ത്യതയേയും പുണരാൻ ശ്രമിച്ചിട്ടുണ്ടോ, അന്നെല്ലാം അവൻ പാതാളത്തിലേക്ക് കൂപ്പുകുത്തിയെന്നതാണ് മിത്തുകളും ചരിത്രവും ഒരുപോലെ പറയുന്നത്. നിത്യത കാമിച്ച് വിലക്കെപ്പട്ട കനി ഭുജിച്ച ആദാം യഥാർത്ഥത്തിൽ വെറും ഒരു പ്രാഗ് രൂപമോ ആർക്കിടൈപ്പോ മാത്രമല്ല; മറിച്ച മനുഷ്യചരിത്രത്തിൽ ഇടക്കിടെ ഓർമ്മിക്കപ്പെടേണ്ട എന്നാൽ സദാ വിസ്മരിക്കപ്പെടുന്ന ഒരു പ്രമേയമാണ്. മെഴുക് ഉരുക്കിയുറപ്പിച്ച തൂവൽച്ചിറകുകളിലേറി, സൂര്യനിലേക്ക് പറക്കാൻ വെമ്പിയ ഇതിഹാസ നായകൻ ഡെഡാലസ് മുതൽ സാങ്കേതികത്തികവിന്റെ വീരസ്യവുമായി നാസ പരീക്ഷിച്ച ചാലഞ്ചർ ദൗത്യം വരെ, ഇത്തരം പതനങ്ങളുടെ പട്ടിക നീളുന്നു. കോവിഡ് മഹാമാരിയുടെ ഉച്ചിയിൽ നിൽക്കുമ്പോൾ, മരണമില്ലാത്ത, മെമ്മറി ബാക്കപ്പുകളും, Friend chip കളാലും സർവ്വസാങ്കേതികസന്നാഹ വിഭൂഷിതനായ അതിമാനുഷനും ഈ ചരിത്രപാഠത്തിന്റെ മറ്റൊരു ഓർമക്കുറിപ്പായി മാറുമോ എന്ന സംശയം, ഒരാശങ്കയായി അതിന്റെ പ്രണേതാക്കളെ തന്നെ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. 2045 മനുഷ്യൻ മരണത്തെ കീഴടക്കുന്ന വർഷമായാണ് ടൈം വാരിക 2011 അടയാളപ്പെടുത്തിയതെങ്കിൽ, 2021ൽ അങ്ങനെ അവകാശപ്പെടാൻ ടൈമിന് പോലും ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.▮


ഡോ. ഉമർ ഒ. തസ്​നീം

കാലിക്കറ്റ്​ സർവകലാശാല ഇംഗ്ലീഷ്​ വകുപ്പിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. Orhan Pamuk and the Poetics of Fiction, The Soul Of The Desert എന്നീ പുസ്​തകങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ട്​.

Comments