എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 13 വയസ്സുകാരി പെൺകുട്ടിയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അവളുടെ ഉമ്മയാണ്. അവൾ അകാരണമായി ദേഷ്യപ്പെടുകയും വീട്ടുകാരോട് തട്ടിക്കയറുകയും ആര് പറയുന്നതും കേൾക്കാതിരിക്കുകയും ചെയ്യുന്നു. അധികം വൈകാതെ ആ സ്വഭാവത്തിൽ മാറ്റമുണ്ടാവുമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ, പിന്നീടൊരിക്കൽ സ്കൂളിൽ നിന്ന് വീട്ടുകാർക്ക് വിളിവരുന്നു, കുട്ടി അസ്വാഭാവികമായി പെരുമാറുന്നുവെന്ന് പറഞ്ഞുകൊണ്ട്. അങ്ങനെയൊരു ഘട്ടം എത്തിയതോടെയാണ് കുട്ടിക്ക് കാര്യമായി എന്തോ സംഭവിച്ചുവെന്ന് വീട്ടുകാർക്ക് ബോധ്യമായത്. ഒരു വെളുത്ത പൊടി കുട്ടി മണത്തുവെന്നും ഇതിന് ശേഷം പലതവണ ഛർദ്ദിക്കുകയും പിന്നീട് വല്ലാതെ ക്ഷീണിക്കുകയും അതോടെ ബാത്ത് റൂമിൽ കയറി പൈപ്പിന് ചുവട്ടിൽ ഏറെനേരം നിൽക്കുകയും ചെയ്തുവെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു. ലഹരിയാണ് വില്ലനെന്ന് ബോധ്യമായതോടെ എട്ടാം ക്ലാസ്സുകാരി കുട്ടിക്ക് എങ്ങനെ ഇത് ലഭ്യമായി എന്നായി പിന്നീട് നടന്ന അന്വേഷണം. കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തൽ ഏറെ ഞെട്ടിക്കുന്നതായിരുന്നു.
ഒരു സീനിയർ വിദ്യാർത്ഥി നൽകിയ ബിസ്കറ്റിൽ നിന്നായിരുന്നു എല്ലാത്തിൻെറയും തുടക്കം. പിന്നെയും ബിസ്കറ്റ് കഴിക്കണമെന്ന് തോന്നി. സീനിയറായ വിദ്യാർത്ഥിയിൽ നിന്ന് കൂടുതൽ ബന്ധങ്ങളിലേക്ക് എത്തി. അവർ കുട്ടിയെയും കൂട്ടത്തിൽ കൂട്ടി. മൂക്കിലൂടെ വെളുത്ത പൊടി വലിപ്പിച്ചു. സിറിഞ്ച് വെച്ച് കുത്തി ശരീരത്തിലേക്ക് മരുന്ന് കയറ്റി. അടുത്ത ഘട്ടത്തിൽ ബാഗിൽ ലഹരിക്കടത്ത് നടത്തുന്ന കണ്ണിയായി ഉപയോഗിച്ചു. പല സ്കൂളുകളിലും കുട്ടി ലഹരി എത്തിച്ചു. സ്കൂളിലെ സ്റ്റുഡൻറ് കേഡറ്റിലും മറ്റും പ്രവർത്തിച്ചിരുന്ന, പഠിക്കാൻ മിടുക്കിയായിരുന്ന ഒരു പെൺകുട്ടിയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സംഭവം.
കേരളത്തിൽ നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. മാധ്യമങ്ങൾ ഈ വാർത്തയുടെ ഫോളോ അപ്പ് കാര്യമായി റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടിൻപുറങ്ങളിൽ ലഹരിമാഫിയ പ്രവർത്തിക്കുന്നതിൻെറ കൃത്യമായ ഉദാഹരണമായിരുന്നു ഇത്. തങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള പെൺകുട്ടികളെ കണ്ടെത്തുക. അവരെ ലഹരി വിൽപനയുടെ കണ്ണിയാക്കുക. സ്കൂളുകളിൽ പോവുന്ന പെൺകുട്ടികളുടെ ബാഗുകളിൽ ലഹരിക്കച്ചവടത്തിന് ഉപയോഗിക്കുന്നത് പുറത്തുള്ള വലിയ മാഫിയസംഘങ്ങളാണ്. നിഷ്കളങ്കരായ പെൺകുട്ടികൾ തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പോലും അറിയാതെയാണ് ഇതിൻെറ ഭാഗമായി മാറുന്നത്. കൂടുതൽ കണ്ണികളെ കൂട്ടിച്ചേർത്ത് കൂടുതൽ പണം ഉണ്ടാക്കുകയെന്നാണ് ലഹരിമാഫിയ ലക്ഷ്യമിടുന്നത്.
പരമ്പരയുടെ ആദ്യഭാഗം വായിക്കാം: Reddit NSFW ഗ്രൂപ്പിലെയും സ്പായിലെയും പെൺകുട്ടി; ലഹരിമാഫിയയിൽ കുരുങ്ങുന്ന കണ്ണികൾ

2023-ൽ സംസ്ഥാനത്ത് കേരള പോലീസ് നടത്തിയ ഒരു സർവേ പ്രകാരം ലഹരിമരുന്ന് ഉപയോഗിച്ചതിന് പിടിയിലായവരിൽ 21 വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേരും പ്രായപൂർത്തി പോലും ആവാത്തവരാണെന്ന് പറയുന്നു. ഇതിൽ തന്നെ പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. എന്ന് മാത്രമല്ല, ഈ പെൺകുട്ടികളെ ലഹരിമാഫിയ ക്യാരിയേഴ്സാക്കി ഉപയോഗിച്ച് ലഹരിക്കടത്തിന് മറയാക്കുകയാണ് ചെയ്യുന്നത്. സ്കൂളുകൾ, കോച്ചിങ് സെൻററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം കേന്ദ്രീകരിച്ചാണ് ലഹരിമാഫിയ പിടിമുറുക്കുന്നത്. ഒരേ സമയം അവരിത് തങ്ങൾക്ക് സാമ്പത്തികമായി വൻലാഭം കൊയ്യാനുള്ള ഇടമായും സമാനമായി ക്രൈം സ്പോട്ടായും മാറ്റാൻ ശ്രമിക്കുന്നു. വടക്കൻ കേരളത്തിലെ ഒരു പ്രമുഖ കോളേജിൽ ഭക്ഷണ ഡെലിവറിയുടെ വ്യാജേന ലഹരി എത്തിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണം എത്തിക്കാനെന്ന നിലയിൽ ക്യാമ്പസിൽ കയറിയാൽ ആരും സംശയിക്കുകയില്ലല്ലോ. ഇത് ഒറ്റപ്പെട്ട സംഭവമേയല്ല. കോളേജിലെയും സ്കൂളുകളിലെയുമെല്ലാം സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കാൻ ലഹരിസംഘങ്ങൾ ഇത്തരത്തിലുള്ള പല പദ്ധതികളും നടത്തി നോക്കുന്നുണ്ട്. പരസ്പരം കോഡ് നൽകി പ്രത്യേക സ്ഥലത്ത് ലഹരിവസ്തു വെച്ച് പോവുന്നതാണ് മറ്റൊരു രീതി. ഓൺലൈനായി പേയ്മെൻറും നടത്തും.
രണ്ട് വർഷങ്ങൾക്ക് മുമ്പ്, 2024-ൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 26-കാരിയായ ഒരു പെൺകുട്ടിയെ അരക്കിലോ ഗ്രാം MDMA-യുമായി അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ നിന്ന് സ്ഥിരമായി കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നവരാണ് ഇവരെന്ന് പോലീസ് സ്ഥിരികരിച്ചിരുന്നു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിൽ എത്തിക്കുന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു ഇവർ ചെയ്തുകൊണ്ടിരുന്നത്. 26 വയസ്സിനുള്ളിൽ മയക്കുമരുന്ന് കടത്തുന്ന സ്ഥിരം കുറ്റവാളിയായി ഇവർ വളർന്നിരുന്നുവെന്നതാണ് ഭയപ്പെടുത്തുന്നത്. കേരളത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നെ ലഹരിക്കെതിരായി ശക്തമായ ക്യാമ്പെയിനുകളും നടപടിക്രമങ്ങളും തുടർന്ന് വരുന്നുണ്ട്. നിലവിലെ ഓപ്പറേഷൻ തൂഫാൻ അതിൻെറ പുതിയ ഘട്ടമാണ്. ഡേറ്റിങ് ആപ്പിലെ ചാറ്റുകളിലൂടെ സൗഹൃദം സ്ഥാപിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന 23-കാരിയായ യുവതി അഞ്ച് മാസം മുമ്പാണ് കൊച്ചയിൽ അറസ്റ്റിലായത്. കോളേജ് വിദ്യാർത്ഥികൾക്കായിരുന്നു ഇവർ കാര്യമായി ലഹരി എത്തിച്ചിരുന്നത്.
പെൺകുട്ടികളെയും സ്ത്രീകളെയും മാത്രമല്ല, ചെറിയ കുട്ടികളെ വരെ ഡ്രഗ് ട്രാഫിക്കിങ്ങിന് ഇരയാക്കിയ വാർത്തകൾ കേരളത്തിൽ നിന്ന് തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ മാസമാണ് (2026, ആഗസ്ത്) തിരുവനന്തപുരത്ത് എക്സൈസ് വകുപ്പ് നടത്തിയ കാറിൽ സ്റ്റീരിയോക്ക് അടിയിൽ വെച്ചനിലയിൽ 125 ഗ്രാം എംഡിഎംഎയുമായി നാല് പേർ പിടിയിലായത്. കാറിൽ എട്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. പോലീസിൻെറയും എക്സൈസിൻെറയുമെല്ലാം പരിശോധനയിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി ഈ കുട്ടിയെ ഇവർ മറയാക്കുകയായിരുന്നു. നോരത്തെ പറഞ്ഞ് നാല് പേരിൽ ഒരാൾ 18-കാരിയായ പെൺകുട്ടിയും മറ്റൊരാൾ 55-കാരിയായ സ്ത്രീയുമായിരുന്നു.

ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തിയിരുന്ന ഒരു സംഘത്തെ ഇക്കഴിഞ്ഞ ആഗസ്തിൽ തന്നെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎയും ഹഷീഷ് ഓയിലും ഇവരിൽ നിന്ന് പിടിച്ചിരുന്നു. സ്റ്റീയറിങ് വീലിൽ ഒരു രഹസ്യഅറ ഉണ്ടാക്കിയായിരുന്നു ഇവർ ലഹരി കടത്തിയിരുന്നത്. അറസ്റ്റിലായ നാല് പേരിൽ ഒരാൾ സ്ത്രീ ആയിരുന്നു. ഈ സംഘത്തിൻെറ ലഹരിക്കടത്ത് രീതി എറണാകുളം ജോയൻറ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “മഹീന്ദ്ര ഥാർ വാഹനത്തിൽ ഡൽഹിയിൽ പോയി അവിടെ നിന്നും ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. സംശയം തോന്നാതിരിക്കുന്നതിനും പോലീസ് നിരീക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനുമായി ഇവർ പെൺകുട്ടികളെ മറയാക്കിയിരുന്നു. നിലവിൽ അറസ്റ്റിലായവരിലുള്ള പെൺകുട്ടിക്ക് വെറും 19 വയസ്സാണ് പ്രായം.” സ്ത്രീകളെയും പെൺകുട്ടികളെയും ലഹരിക്കടത്തിൻെറ ഭാഗമാക്കുന്നതിന് പിന്നിൽ വളരെ ആസൂത്രിതമായ പദ്ധതികളാണുള്ളത്. കുട്ടികളെപ്പോലും ഇതിൻെറ ഭാഗമാക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം.

