ഡിജിറ്റൽ സെൻസർഷിപ്പും പുതിയ അടിയന്തരാവസ്ഥകളും

സമകാലിക ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെ അർഥം എന്താണ്? സ്വാതന്ത്ര്യധ്വംസനങ്ങളുടെ പുതിയ അപകടാവസ്ഥകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയുള്ള സെൻസർഷിപ്പുകൾ എന്നിവയെക്കുറിച്ച് അടിയന്തരാവസ്ഥ വാർഷിക ദിനത്തിൽ പ്രമുഖ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയും ബ്രോഡ്​കാസ്​റ്ററും എഴുത്തുകാരനുമായി എസ്. ഗോപാലകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം

എസ്. ഗോപാലകൃഷ്ണൻ: ഇന്നത്തെ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. 46 വർഷങ്ങൾക്കുമുമ്പ് ഇങ്ങനെയൊരു ജൂൺ 25നാണ് ഇന്ത്യ അടിയന്തരാവസ്ഥ പ്രഖ്യാപനം കേട്ടുണർന്നത്. ഒരിന്ത്യൻ പ്രധാനമന്ത്രിയിലേക്ക് അമിതാധികാര കേന്ദ്രീകരണം നിയമപ്രകാരം ഉറപ്പാക്കിയ ഒരു ദിവസമായിരുന്നു അത്. ജനാധിപത്യത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ ഭീഷണിയുടെ ഒരു അനുഭവമായി ആ രാഷ്ട്രീയപാഠത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പഠിക്കുന്നവർ എല്ലാവരും എന്നും ഓർത്തിരിക്കും. നമുക്കറിയാം, സെൻസർഷിപ്പായിരുന്നു, രണ്ടുകൊല്ലം നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്തെ ഏറ്റവും പ്രധാന രാഷ്ട്രീയ ആയുധം. അടുത്ത കാലത്ത് സെൻസർഷിപ്പുമായും രാജ്യദ്രോഹക്കുറ്റവുമായും ബന്ധപ്പെട്ട് താങ്കൾ എഴുതിയ പ്രസക്തമായ ലേഖനം വായിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഞാൻ സ്‌കൂൾ വിദ്യാർഥിയായിരുന്നു. ഉണ്ണി മാഷ് ഒരു പക്ഷെ, കോളേജിലായിരുന്നിരിക്കണം. പക്ഷെ, നമ്മെയൊക്കെയും അന്നുതന്നെ അടിയന്തരാവസ്ഥ ബാധിച്ചിരുന്നു എന്നത് നമ്മുടെയൊക്കെ ഓർമകളിൽ ഇന്നും സജീവമായി നിൽക്കുന്ന ഒരു കാര്യമാണ്. രാജ്യദ്രോഹക്കുറ്റാരോപണം ഏതു വിമർശകരുടെ മേലും വീണിരുന്ന ഒരു കാലം. ആ കാലത്തിന്റെ വേറൊരു വിധത്തിലുള്ള തനിയാവർത്തനം നിലനിൽക്കുന്ന ഒരു കാലത്താണ് നാം ഈ ചർച്ചയിലേക്ക് പോകുന്നത്. രണ്ടിനെയും ഞാൻ താരതമ്യപ്പെടുത്തുന്നില്ല, രണ്ടിനും തമ്മിൽ അസമാനതകളുണ്ട്, സാമ്യതകളേക്കാളേറെ. എങ്കിലും രാജ്യദ്രോഹമെന്ന വാക്ക് അന്തരീക്ഷത്തിൽ ശക്തമായി തൂങ്ങിനിൽക്കുന്ന കാലമാണിത്. അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പിനെക്കുറിച്ച് പുതിയ ഇന്ത്യ, പ്രത്യേകിച്ച് പുതിയ തലമുറ ഓർത്തിരിക്കേണ്ടതിന്റെ ആവശ്യമുണ്ട്.

ഇ.പി. ഉണ്ണി: ഏതുതരം സ്വാതന്ത്ര്യ നിഷേധവും പുതിയ തലമുറക്ക് പ്രശ്‌നം തന്നെയാണ്, കാരണം, നമ്മളേക്കാൾ വ്യക്തിജീവിതത്തിൽ അവർ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. ആ സ്വാതന്ത്ര്യത്തെ നല്ലതോ ചീത്തയോ എന്ന് ഞാൻ പറയുന്നില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ഒരു പ്രത്യേക രീതിയിൽ ആഗോളവൽക്കരിക്കപ്പെട്ടുകഴിഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന ഒരു പ്രധാന കാറ്റഗറി ഫോറിൻ ഹാൻഡ്- വിദേശ കൈ എന്നതായിരുന്നു. ദേശീയാതിർത്തിക്കുപുറത്ത് നമുക്ക് ഭീഷണിയായി വൻശക്തികൾ പ്രവർത്തിക്കുന്നു എന്നൊരു അടിസ്ഥാനം കൂടി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുപുറകിലുണ്ട്. അങ്ങനെയൊരു അവസ്ഥ ഇന്ന് ഉണ്ടെന്ന് പറയാൻ പറ്റില്ല, ഇനി അങ്ങനെയൊന്ന് ഉണ്ടെങ്കിൽ തന്നെ, എയർവേസ് എന്നു പറയുന്ന ഇന്റർനെറ്റും മറ്റും ഭൗതികമായ അതിർത്തികൾ പാലിക്കുന്ന ടെക്‌നോളജിയല്ല. ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരു ചെറുപ്പക്കാരിയെ / ചെറുപ്പക്കാരനെ സംബന്ധിച്ച് സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ഒരു വർഷത്തിൽ നൂറിലേറെ തവണയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് നിരോധിക്കപ്പെട്ടത്.

സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക എന്നത് നമ്മുടെ കാലത്ത് ആദർശവൽകൃതമായ ഒരു ആശയമായിരുന്നുവെങ്കിൽ ഇപ്പോൾ അത് നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് ഇന്റർനെറ്റ് കട്ടുചെയ്താൽ കുട്ടികൾക്ക് പഠിക്കാൻ പറ്റില്ല. കാശ്മീരിലൊക്കെ എത്രത്തോളം കുട്ടികളുടെ പഠനം മുടങ്ങിയിരിക്കും? അപ്പോൾ സ്വാതന്ത്ര്യം എന്നു പറയുന്നത് ഇന്ന് വികസനത്തിന്റെ, നിത്യജീവിതത്തിന്റെ ഭാഗമാണ്. it is functional. നമ്മുടെ കാലത്തുണ്ടായിരുന്നത് ആശയപരമായ സ്വാതന്ത്ര്യമായിരുന്നു. അസാമാന്യമായ സ്വാതന്ത്ര്യബോധമുള്ള ഒരന്തരീക്ഷം നമുക്കുചുറ്റുമുണ്ടായിരുന്നു. അത്തരമൊരു ആശയപരമായ അന്തരീക്ഷത്തിൽനിന്ന് വ്യത്യസ്തമായി ഇന്ന് സ്വാതന്ത്ര്യം ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

അപ്പോൾ, സ്വാതന്ത്ര്യമാണ് നമ്മുടെ ഏറ്റവും വിലപ്പെട്ട മൂലധനം, പ്രത്യേകിച്ച് പുതിയ തലമുറയെ സംബന്ധിച്ച്. ആ രണ്ടു കൊല്ലം ഇന്ത്യ കടന്നുപോയ സെൻസർഷിപ്പിന്റെ പൊളിറ്റിക്കലും സോഷ്യലുമായ ഡോക്യുമെന്റേഷൻ ഇന്ത്യയിൽ നടന്നില്ല. നമുക്കറിയാം, അന്ന് പത്രങ്ങൾക്കുമേൽ വളരെ മാരകമായ അസ്വാതന്ത്ര്യത്തിന്റെ നിഴലുണ്ടായിരുന്നു. എഡിറ്റോറിയലുകൾ പോലും എഡിറ്റുചെയ്യപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. പല കാർട്ടൂണിസ്റ്റുകളും നിശ്ശബ്ദതയിലേക്ക് പിൻവാങ്ങി, വരയ്ക്കാതെ നിന്ന കാലമായിരുന്നു അത്.
മഞ്ജുൾ എന്ന കാർട്ടൂണിസ്റ്റിന്റെ ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഇന്ത്യയിലുണ്ടായ ഒരു പ്രശ്‌നത്തെക്കുറിച്ച് താങ്കൾ എഴുതിയ ലേഖനം ഞാൻ വായിച്ചിരുന്നു. അതിന്റെ ഒരു കോൺടെക്‌സ്റ്റിൽ, ഒരു പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് എന്ന നിലയ്ക്ക് മാത്രമല്ല, അടിയന്തരാവസ്ഥയെ നന്നായി ഓർത്തിരിക്കുന്ന ഒരു കാർട്ടൂണിസ്റ്റ് എന്ന രീതിയിൽ കൂടി ഇന്ത്യൻ കോൺടെക്‌സ്റ്റിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

നമ്മുടെ മുന്നിലുള്ളത്, പുതുതായി സംഭവിച്ച ഒരു കാര്യമാണ്. അതേക്കുറിച്ചുമാത്രം ഇപ്പോൾ പറയാം. പത്തുപതിനഞ്ചു വർഷത്തിനുള്ളിൽ, കോൺഗ്രസ് ഭരിച്ചപ്പോഴും പിന്നീട് ബി.ജെ.പി ഭരിക്കുമ്പോഴും പല രീതിയിൽ സ്വാതന്ത്ര്യധ്വംസനം നടന്നിട്ടുണ്ട്. ടെക്‌സ്റ്റ്ബുക്കുകളിൽനിന്ന് നൂറുകണക്കിന് കാർട്ടൂണുകൾ ഒറ്റയടിക്ക് മാറ്റപ്പെടുകയും പിന്നീട് കുറച്ചെണ്ണം തിരിച്ചുകൊണ്ടുവരപ്പെടുകയുമൊക്കെ ചെയ്തു. ടെക്‌സ്റ്റ് ബുക്കിൽ കാർട്ടൂൺ ഉപയോഗിക്കുന്നതിന്റെ മൊമന്റം അവർ കുറച്ചുകളഞ്ഞു. ആ സമയത്ത് അന്നത്തെ മന്ത്രി കപിൽ സിബൽ പാർലമെന്റിൽ പറഞ്ഞ ഒരു പ്രയോഗമുണ്ട്, inappropriate material. അനുചിത ഉരുപ്പടികൾ എന്നാണ് പറഞ്ഞത്. അതായത് ശങ്കർ, ലക്ഷ്മൺ തൊട്ട് അബു, വിജയൻ വരെ വരച്ച കാർട്ടൂണുകളെ അദ്ദേഹം വിശേഷിപ്പിച്ച ഒറ്റപ്പദമാണിത്. അതിന്റെ ഒരു തുടർച്ച മഞ്ജുളിന്റെ കാര്യത്തിൽ ഞാൻ കാണുന്നു.

മഞ്ജുൾ
മഞ്ജുൾ

ട്വിറ്റർ മഞ്ജുളിന് അയച്ച കത്തിൽ, ഒരു ലോ എൻഫോഴ്‌സ്‌മെൻറ്​ അതോറിറ്റി നിങ്ങളുടെ കാർട്ടൂണുകൾ നാട്ടിലെ നിയമങ്ങൾക്ക് എതിരാണ്, നിയമവിരുദ്ധമാണ് എന്ന് കണ്ടെത്തിയതായി പറയുന്നു. 2009 മുതൽ ട്വിറ്ററിൽ സജീവമായി നിൽക്കുന്നയാളാണ് മഞ്ജുൾ. ആയിരക്കണക്കിന് കാർട്ടൂണുകളാണ് അദ്ദേഹം ഒരു കൊല്ലം വരയ്ക്കുന്നത്. പല വിഷയങ്ങളെക്കുറിച്ച് പല കാലത്തായി വരച്ച കാർട്ടൂണുകളെയെല്ലാം ഒറ്റയടിക്ക് നിയമവിരുദ്ധമാണ് എന്നു പറയുക- ഇത് എങ്ങനെ കണ്ടുപിടിക്കുന്നു? ഇതുവരെ നമ്മൾ അറിഞ്ഞ സെഡീഷൻ ലോ അനുസരിച്ചാണെങ്കിൽ പോലും ഒരു കാർട്ടൂൺ എടുത്ത് കോടതിയിൽ പ്രോസിക്യൂട്ടർ വിശദീകരിക്കുകയും അതിന്റെ ന്യൂസ് കോൺടെക്‌സ്റ്റ് പറയുകയും ചെയ്യും. പ്രത്യേക രാഷ്ട്രീയ- സാമൂഹിക സന്ദർഭത്തിലുണ്ടാകുന്നതാണല്ലോ വാർത്ത. അതിനെ അടിസ്ഥാനമാക്കിയാകും കാർട്ടൂൺ. ആ ഒറ്റ കാർട്ടൂണിന്റെ വാർത്തയുമായി ബന്ധപ്പെട്ട സന്ദർഭത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്തിട്ടാണ് ആ കാർട്ടൂൺ നിയമവിരുദ്ധമാണോ അല്ലയോ എന്ന് കോടതി തീർപ്പുകൽപ്പിക്കുന്നത്. ഇവിടെ, ലക്ഷക്കണക്കിന് കാർട്ടൂണുകൾ നിയമവിരുദ്ധമാണ് എന്ന് ഒറ്റയടിക്ക് എങ്ങനെ പറയും. ഇതിന് അവർ ഉപയോഗിക്കുന്നത് ടെക്‌നോളജിയാണ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒക്കെ ഉപയോഗിച്ചാണ്, കാർട്ടൂണുകളിൽ ചില പാറ്റേണുകൾ കാണുന്നത്. ഈ പാറ്റേണുകൾക്ക് കാർട്ടൂണിന്റെ ഉള്ളടക്കവുമായി ജൈവികമായ ഒരു ബന്ധവുമുണ്ടാകില്ല. ഇത്തരമൊരു ഇഷ്യൂ, അതായത്, ഡിജിറ്റൽ മാർഗരേഖകളെക്കുറിച്ച് ടി.എം. കൃഷ്ണ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. എങ്ങനെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു ഗായകന്റെ, എഴുത്തുകാരന്റെ, കാർട്ടൂണിസ്റ്റിന്റെ രചനകളെ വിലയിരുത്തുക? അതിനകത്ത് പല പാറ്റേണുകളും കണ്ടെത്താൻ കഴിയും. ഈ പാറ്റേണുകൾ എങ്ങനെയാണ് ഒരു കുറ്റകൃത്യമാണെന്ന് വിധിക്കാൻ കഴിയുക? അടിസ്ഥാനപരമായി അതിനകത്ത് ഒരു അനീതിയുണ്ട്.

‘റിഡിക്യൂൾ’ ചെയ്യാനുള്ള സ്വാതന്ത്ര്യം രാജ്യത്തെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമല്ലേ?

ആണെന്നാണ് നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നത്. ജി- 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞത്, ഇന്ത്യ വലിയൊരു ജനാധിപത്യ രാജ്യമാണ്, എല്ലാ കാലത്തും ഇന്ത്യയുടെ ആത്മാവ് ജനാധിപത്യപരമാകുന്നു, നാം ജനാധിപത്യ സംസ്‌കാരത്തിന്റെ കൂടെയേ നിൽക്കുകയുള്ളൂ എന്നൊക്കെയാണ്. ഇത് പറയുകയും ഒരു പെറ്റിക്കേസ് എടുക്കുന്നതുപോലെ ഇവിടെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നതും തമ്മിൽ വലിയ വൈരുധ്യമുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടി മാത്രമല്ല, സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടികളും ഇതെല്ലാം ചെയ്യുന്നുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറയും. ഇപ്പോൾ വികേന്ദ്രീകൃതമായ അടിയന്തരാവസ്ഥയാണ്. തിരുനൽവേലിയിൽ കലക്ടറാണ് ഒരു കാർട്ടൂണിസ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പായ 124 ചുമത്തി കേസെടുത്തത്.

തിരുനെൽവേലിയിൽ കർഷക കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭരണകൂടത്തെ വിമർശിച്ച് കാർട്ടൂൺ വരച്ചതിനെത്തുടർന്ന് അറസ്റ്റിലായ ജി ബാല
തിരുനെൽവേലിയിൽ കർഷക കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭരണകൂടത്തെ വിമർശിച്ച് കാർട്ടൂൺ വരച്ചതിനെത്തുടർന്ന് അറസ്റ്റിലായ ജി ബാല

ചൈനീസ് അനുകൂല ഹോങ്കോംഗിലെ ഭരണകൂടം അവിടത്തെ വളരെ പോപ്പുലറായ ഒരു പ്രഭാത ദിനപത്രം- ആപ്പിൾ ഡെയ്‌ലി- ജൂൺ 24ന് പൂട്ടിച്ചു. അതിന്റെ അവസാന ലക്കം വാങ്ങി വായിക്കാൻ പതിനായിരക്കണക്കിനുപേർ പാതിരാത്രി ക്യൂ നിൽക്കുന്നതും കരഞ്ഞുകൊണ്ട് അവസാനലക്കം വാങ്ങിക്കുന്നതുമായ വീഡിയോ കാണാനിടയായി. മനുഷ്യസ്വാതന്ത്ര്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയുമൊക്കെ ഒരു വലിയ സന്ദേശം, കണ്ണീരോടെ ഒരു പത്രത്തിന്റെ അവസാന ലക്കം വാങ്ങിക്കുന്നവരുടെ ആ ദൃശ്യത്തിൽ എനിക്കനുഭവപ്പെട്ടു. മുമ്പ് താങ്കൾ പറഞ്ഞിരുന്നു, ദൈനംദിന സ്വാതന്ത്ര്യം കൂടുതൽ പ്രസക്തമായ ഒരു ഡിജിറ്റൽ വേൾഡിൽ നാം ജീവിക്കുന്നു എന്ന്. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകനായ ശശികുമാറുമായി സംസാരിച്ചപ്പോൾ, പറഞ്ഞ ഒരു വാക്കുണ്ട്, prosumer; അതായത് നാം തന്നെ വാർത്തകൾ ക്രിയേറ്റ് ചെയ്യുന്നു, നാം തന്നെ വാർത്തകൾ കൺസ്യൂം ചെയ്യുന്നു. അതായത്, പുതുതായി നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൽ നാം വാർത്തകൾ ഉൽപാദിപ്പിക്കുകയും നാം തന്നെ അത് കൺസ്യൂം ചെയ്യുകയും ചെയ്യുന്ന ഒരേയൊരാളായി മാറുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിലാണ് നൂറുകണക്കിന് ട്രോളുകളും നൂറുകണക്കിന് സ്വാതന്ത്ര പ്രഖ്യാപനങ്ങളുമെല്ലാം ഓൺലൈൻ മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. 1975ൽ അടിയന്തരാവസ്ഥ വഴി ഈ രാജ്യത്തെ നിയന്ത്രിക്കാൻ പോന്ന ഒരു ഭരണകൂടത്തിന് അത്ര എളുപ്പമാണോ 2021ൽ ആളുകളുടെ സ്വാതന്ത്ര്യത്തിന്റെ മുകളിൽ കൈവെക്കാൻ?

അത്ര എളുപ്പമല്ല എന്നു നമുക്ക് പറയാൻ കഴിയുന്നത്, മറ്റു മാർഗങ്ങളുള്ളതുകൊണ്ടാണ്. പക്ഷെ, പരിമിതമായ ഒരു രീതിവെച്ചുകൊണ്ട് ഇവർക്കിത് നടത്താൻ പറ്റില്ല. പരിമിതമായ നിയന്ത്രണങ്ങളാണ് ഒരർഥത്തിൽ അടിയന്തരാവസ്ഥക്കാലത്തും വന്നത്. അടിയന്തരാവസ്ഥയിൽ വാർത്തകൾക്കും കാർട്ടൂണുകൾക്കും സെൻസർഷിപ്പുണ്ടായിരുന്നു, എന്നാൽ, പ്രസിഡൻറ്​ ഫക്രുദീൻ അലി അഹമ്മദ് ബാത്ത് ടബിൽ കിടന്ന് ഓർഡിനൻസ് ഒപ്പിടുന്ന കാർട്ടൂൺ അബു വരയ്ക്കുന്നത് 1975 ഡിസംബർ പത്തിനാണ്, അതായത് അടിയന്തരാവസ്ഥയുടെ മൂർധന്യഘട്ടത്തിൽ. ആ കാർട്ടൂൺ മൂന്നുകോളത്തിൽ ഇന്ത്യൻ എക്‌സ്​പ്രസിന്റെ എല്ലാ എഡിഷനുകളിലും ഒന്നാം പേജിൽ വന്നു. അത്തരം ചെറുകിട സാധ്യതകൾ ബാക്കിയുണ്ടായിരുന്നു. ഇന്നത്തെ ഒരു അഡ്വാ​ന്റേജ്​, സെൻസർഷിപ്പിന് ഒരുതരത്തിലും ബുദ്ധിമുട്ടില്ല എന്നതാണ്​. വാർത്തകൾ സെൻസർ ചെയ്യപ്പെട്ടാൽ, ഇന്ത്യയിലെ മിക്കവാറും കാർട്ടൂണുകൾ നിൽക്കും.
എഴുപതുകളിൽ വാർത്തക്കപ്പുറം പൊതുമനസ്സിൽ പ്രമേയങ്ങൾ കൂടിയുണ്ടായിരുന്നു. അതുകൊണ്ട് വാർത്തകൾ മറയ്ക്കപ്പെട്ടാലും മനസ്സിന്റെ അകത്ത് ഒരു ചർച്ച നടക്കും, ഒരു നിശ്ശബ്ദ സംഭാഷണം. അതിന്റെ അടിസ്ഥാനത്തിലാണ് കാർട്ടൂണുകൾ വർക്കുചെയ്യുന്നത്. അങ്ങനെയൊന്നില്ല ഇപ്പോൾ, അത്ര ഭയങ്കരമായ എക്‌സ്പാൻഷൻ ഓഫ് ന്യൂസും എക്‌സ്‌പ്ലോറേഷൻ ഓഫ് ന്യൂസും നടക്കുന്നതുകൊണ്ട് ആർക്കും കൃത്യമായി എന്ത് ത്രെഡ് പിടിച്ചാണോ കാർട്ടൂണിനെ കാണേണ്ടത് എന്നറിയില്ല, വാർത്തയില്ലെങ്കിൽ. അപ്പോൾ വാർത്ത സെൻസർ ചെയ്യപ്പെട്ടാൽ വാർത്താകാർട്ടൂണുകൾ വരയ്ക്കാൻ കഴിയാതാകും. മഞ്ജുളിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, കഴിഞ്ഞ പതിനഞ്ച്- ഇരുപത് വർഷങ്ങളായി ഇന്ത്യയിൽ ഡിജിറ്റലായി വരയ്ക്കുന്ന കാർട്ടൂണുകൾക്കുനേരെ പല സംസ്ഥാന സർക്കാറുകളും തിരിഞ്ഞിട്ടുണ്ട്. അത് ആ ലെവലിൽ നിൽക്കില്ല. ഇപ്പോൾ ഒരു കാർട്ടൂണിസ്റ്റിനെയാണ് ഭയക്കുന്നത്, കാർട്ടൂണിനെയല്ല. മഞ്ജുൾ എന്ന കാർട്ടൂണിസ്റ്റ് ചെയ്ത പതിനായിരക്കണക്കിന് കാർട്ടൂണുകൾ ദേശവിരുദ്ധമാണെന്നും നിയമവിരുദ്ധമാണെന്നും പറയുന്നു. അപ്പോൾ, അയാളുടെ എംപ്ലോയർ അയാളുടെ കോൺട്രാക്റ്റ് അവസാനിപ്പിച്ചു. അയാൾ അനഭിമതനാകും. ആയിക്കഴിഞ്ഞു ഒരർഥത്തിൽ.

ഹോങ് കോങ്ങിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്ലിയുടെ അവസാന പ്രതികൾ വാങ്ങാൻ കാത്തുനിൽക്കുന്ന വായനക്കാർ.
ഹോങ് കോങ്ങിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്ലിയുടെ അവസാന പ്രതികൾ വാങ്ങാൻ കാത്തുനിൽക്കുന്ന വായനക്കാർ.

ഇങ്ങനെയൊക്കെയാണ് ഓപ്പറേറ്റ് ചെയ്യുന്നത്, ഓപ്പറേറ്റിങ് രീതി വ്യത്യാസമുണ്ട് ഇന്ന്. അതായത്, ഇന്ന് പരിമിതമായ തോതിലും അളവിലും ഒരു ഭരണകൂടത്തിന് സെൻസർഷിപ്പിനെ പിടിച്ചുനിർത്താൻ പറ്റില്ല. അതായത്, ഇടയ്ക്ക് മദ്യപിക്കുന്നയാൾ ഒരു മുഴുക്കുടിയനാകുന്നതുപോലെ. സർക്കാർ പൂർണമായ സ്വേച്ഛാധിപത്യത്തിലേക്കുനീങ്ങുന്നു. കേരളത്തിൽ, കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഒരു നിയന്ത്രണം മാധ്യമങ്ങൾക്കുമേൽ കൊണ്ടുവരാൻ ശ്രമിച്ചല്ലോ, അത് ദിവസങ്ങൾക്കകം പിൻവലിച്ചു. ഒരു വീണ്ടുവിചാരമുണ്ടാകാനുള്ള കാരണം, നിങ്ങളിത് പൊലീസുകാരന്റെ കൈയിൽ കൊടുത്താൽ മൊത്തം പത്രങ്ങൾ പൂട്ടേണ്ട അവസ്ഥയിലെത്തും.

അടിയന്തരാവസ്ഥയിലെ ഒരു ഗുണം എന്താണെന്നുവെച്ചാൽ, മിക്കവാറും വാർത്തകൾ പത്രങ്ങളിലായിരുന്നു. ഓൾ ഇന്ത്യ റേഡിയോയും ദൂരദർശനും സർക്കാറിന്റെ കൈയിലായിരുന്നു. അപ്പോൾ, പത്രങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞു. അവിടെത്തന്നെ നിൽക്കുമായിരുന്നു ഏറ്റക്കുറച്ചിലുകളോടെ. നമുക്ക് കുറച്ചുകൂടി ഡോക്യുമെ​േൻറഷൻ ഉണ്ടായിരുന്നുവെങ്കിൽ കുറച്ചുകൂടി ആധികാരികമായി സംസാരിക്കാൻ കഴിയുമായിരുന്നു. നമ്മുടെ മുന്നിൽ വിശദാംശങ്ങളില്ല. അബുവും ലക്ഷ്മണും മാത്രമേ സെൻസേഡ് കാർട്ടൂണുകൾ പിന്നീട് അടിയന്തരാവസ്ഥക്കുശേഷം പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഇതൊക്കെ പുറത്തുകൊണ്ടുവരികയും ഭാഷാ പത്രങ്ങളിലും മറ്റും കാർട്ടൂണുകളെക്കുറിച്ച് പഠനങ്ങളുണ്ടാകുകയും ചെയ്തിരുന്നുവെങ്കിൽ നമുക്ക് കുറച്ചുകൂടി വിശദാംശങ്ങളിലേക്ക് പോകാമായിരുന്നു. പഠിക്കേണ്ടതാണ് ആ കാലം ശരിക്കും.

ഇപ്പോൾ ഒരു കാര്യം നമുക്ക് പറയാൻ കഴിയും ഉറപ്പായിട്ട്, ഇപ്പോൾ സെൻസർഷിപ്പ് കൊണ്ടുവന്നാൽ അത് എസ്‌കലേറ്റ് ചെയ്യും. രോഗം മൂർച്ഛിക്കുന്നതുപോലെ അതിനകത്തെ എലമെന്റൽ റിപ്രഷൻ മൂർച്ചിക്കും. ഏതെങ്കിലും ഒരളവിൽ പിടിച്ചുനിർത്താൻ പറ്റിയാലല്ലേ ഭരണകൂടത്തിന് നിയന്ത്രിക്കാൻ പറ്റുകയുള്ളൂ. ഭരണകൂടത്തിന്റെ കൈയിൽനിന്ന് അത് പുറത്തുപോകും. കേരളത്തിൽ പിണറായി വിജയൻ സർക്കാർ കൊണ്ടുവന്ന ആ നിയമം, ഒരു പൊലീസുകാരൻ ദേശാഭിമാനിക്കെതിരെയും ഉപയോഗിക്കും.

കൂടുതൽ സ്വാതന്ത്ര്യം എന്നതുപോലെ തന്നെയായിരിക്കും അപരിമിതമായ അസ്വാതന്ത്ര്യങ്ങളുണ്ടാകുന്നത്.

ഇവർ ഉദ്ദേശിക്കുന്ന ദേശീയ സുരക്ഷക്കും ആഭ്യന്തര സുരക്ഷക്കും നേരെ എതിരായിട്ടായിരിക്കും ഇത് പ്രവർത്തിക്കുക. ജനം സംഘർഷങ്ങളുണ്ടാക്കും. എത്രപേരെ ജയിലിലിടും? പ്രതിഷേധം ഏതുതരത്തിലുള്ളതാണെന്ന് അളന്നുനോക്കാനുള്ള ഒരു മാധ്യമ ഉപകരണവും ഇല്ലാതാകും. എല്ലാവരും സ്തുതിപാഠകരായി മാറുമ്പോൾ, സത്യം എന്താണെന്ന്, സമൂഹത്തിൽ എന്താണ് നടക്കുന്നത് എന്ന് രഹസ്യപ്പൊലീസുകാർ പോലും നിങ്ങളോട് പറയാതാകില്ലേ? പത്രങ്ങൾ നിർവഹിക്കുന്ന ഒരു പ്രധാന കർത്തവ്യം, നാട്ടിൽ നടക്കുന്നത് എന്താണെന്നതിനെക്കുറിച്ച്​ ഒരു രാഷ്ട്രീയപ്രവർത്തകന് ബോധം ഉണ്ടാക്കിക്കൊടുക്കുകയല്ലേ. ഒരു ഫീഡ്ബാക്കാണ് പത്രത്തിൽനിന്ന് കിട്ടുക. ഒരു സ്വതന്ത്ര മാധ്യമം ഒരു നല്ല രാഷ്ട്രീയ പ്രവർത്തകന്റെ മൂലധനമാകുന്നത് അതുകൊണ്ടല്ലേ? തന്റെ കോൺസ്റ്റിറ്റ്യുവൻസിയിൽ എന്താണ് നടക്കുന്നത് എന്ന് അയാൾ അറിയുമല്ലോ. ആ അറിവുകളൊക്കെ പോകില്ലേ? മുമ്പ് 21 മാസം അടിയന്തരാവസ്ഥ നിലനിന്നു; ഇപ്പോൾ അങ്ങനെയൊരു അടിയന്തരാവസ്ഥ നിലനിന്നാൽ നമ്മുടെ ഭരണഘടന മൊത്തത്തിൽ സസ്‌പെൻറ്​ ചെയ്യപ്പെടേണ്ടിവരും. അല്ലാതെ, ഇങ്ങനെയൊരു ഭരണഘടനയിൽ അടിയന്തരാസ്ഥ കൊണ്ടുനടക്കാൻ പറ്റില്ല. നമ്മൾ അറിയുന്ന ഭരണഘടന, അംബേദ്കറും കൂട്ടരും നമുക്കുതന്ന ഭരണഘടന നിലവിലുള്ള സമയത്ത് ഇവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള അടിയന്തരാവസ്ഥ ആറുമാസം പോലും കൊണ്ടുനടക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.

ഇന്ദിരാഗാന്ധി
ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി ഭരിക്കുന്ന കാലത്തും ഭരണഘടനാ ഭേദഗതികളെ ആനുകാലികമായി ചിത്രീകരിച്ച ഒരു കാർട്ടൂൺ ഉണ്ടായി. പിരിയോഡിക്കൽസ് വെച്ച റാക്കിൽ ഭരണഘടന വെച്ച ഒരു കാർട്ടൂൺ. അത് ആരുടെയാണെന്ന് അറിയില്ല. ഒപ്പില്ലാത്ത ഒരു കാർട്ടൂണായിരുന്നു അത്. എങ്ങനെയോ സെൻസറുടെ കണ്ണുവെട്ടിച്ച് പുറത്തുവന്നതാണ്.
ഇന്ന് ഭരണഘടന പൂർണമായും സസ്‌പെൻറ്​ ചെയ്യേണ്ടിവരും. അടിയന്തരാവസ്ഥക്കാലത്ത്, citizen has no right to life under emergency എന്ന് സുപ്രീംകോടതി വിധിച്ചതാണ്, അതായത്, പൗരന് ജീവിക്കാനുളള അവകാശം നിഷേധിക്കേണ്ടിവന്നു, അടിയന്തരാവസ്ഥ നിലനിർത്താൻ. ഇന്ന് അതിലും ഭീകരമായ പ്രത്യാഘാതങ്ങളിലേക്കുനീങ്ങും. അതിന് ചില കാരണങ്ങളൊക്കെയുണ്ട്. നിത്യജീവിതത്തിൽ സ്വാതന്ത്ര്യം വഹിക്കുന്ന പങ്ക്, ക്രിയവിക്രയങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം വഹിക്കുന്ന പങ്ക്, ആധുനിക ജീവിതശൈലികൾ, കുടുംബത്തിലുണ്ടായിട്ടുള്ള മാറ്റങ്ങൾ...ഇതൊക്കെ വച്ചുനോക്കുമ്പോൾ സാമാന്യം സ്വതന്ത്രമല്ലാതെ ഇന്ത്യ പോലൊരു രാജ്യത്തിന് രാജ്യമായി നിലനിൽക്കാനാകില്ല.

ഡിജിറ്റൽ ടെക്‌നോളജി തന്നെ കാർട്ടൂണിനും സംഗീതത്തിനും കലാകാരന്മാർക്കും എതിരെ പ്രയോഗിക്കുന്നു, ഇതൊരു പുതിയ അപകടമാണ്, ഇതിനെക്കുറിച്ച് പൊതുജനം കൂറെക്കൂടി ബോധവാന്മാരാകണം, കോടതികൾ തീരുമാനമെടുക്കും എന്നതാണ് എന്റെയൊരു പ്രത്യാശ. കാർട്ടൂണിന്റെ കാര്യത്തിൽ മദ്രാസ് ഹൈകോടതി എടുത്തതുപോലെ- റൈറ്റ് ടു റിഡിക്യൂൾ എന്നാണ് കോടതി വിധിച്ചത്. കാർട്ടൂണുകളെക്കുറിച്ചുള്ള ഏറ്റവും വലിയ അംഗീകാരമാണ് ഈ വിധി. ഇതുപോലുള്ള വിധികൾ കോടതികളിൽനിന്നുണ്ടാകുമെന്ന പ്രത്യാശ നമുക്കുണ്ട്. അല്ലെങ്കിൽ ഇത് കൈവിട്ടുപോകും. കാരണം, ഒരു കാർട്ടൂണിസ്റ്റിനെ രാജ്യദ്രോഹിയായി മുദ്രകുത്തി പുറത്താക്കുന്ന അവസ്ഥ വരെ വരും. ഈ പുതിയ അപകടത്തെ കൈകാര്യം ചെയ്യാൻ നിയമം സജ്ജമാകണം.

ഈ പുതിയ അപകടങ്ങളെ നേരിടാൻ നിയമങ്ങളും കോടതികളും ബഹുജനങ്ങളും സജ്ജമാകും എന്ന പ്രത്യാശയിൽ നമുക്ക് ഈ ദിവസത്തെ ചർച്ച അവസാനിപ്പിക്കാം.

(‘ദില്ലി- ദാലി’യിൽ ഇന്ന്​ സംപ്രേഷണം ചെയ്​ത പോഡ്​കാസ്​റ്റിന്റെ പൂർണരൂപം)


Summary: സമകാലിക ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെ അർഥം എന്താണ്? സ്വാതന്ത്ര്യധ്വംസനങ്ങളുടെ പുതിയ അപകടാവസ്ഥകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയുള്ള സെൻസർഷിപ്പുകൾ എന്നിവയെക്കുറിച്ച് അടിയന്തരാവസ്ഥ വാർഷിക ദിനത്തിൽ പ്രമുഖ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയും ബ്രോഡ്​കാസ്​റ്ററും എഴുത്തുകാരനുമായി എസ്. ഗോപാലകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം


ഇ.പി. ഉണ്ണി

കാര്‍ട്ടൂണിസ്റ്റ്

എസ്​. ഗോപാലകൃഷ്​ണൻ

ബ്രോഡ്​കാസ്​റ്റർ, എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ, ​കോളമിസ്​റ്റ്. യു.എ.ഇ കേന്ദ്രമാക്കിയുള്ള റേഡിയോ മാംഗോയിൽ കണ്ടൻറ്​ ഹെഡ്​. ഡൽഹിയിൽ ആകാശവാണിയിലും സഹപീഡിയയിലും ദീർഘകാലം പ്രവർത്തിച്ചു. ജലരേഖകൾ, കഥ പോലെ ചിലതു സംഭവിക്കു​മ്പോൾ, മനുഷ്യനുമായുള്ള ഉടമ്പടികൾ, പാട്ടും കാലവും എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments