കേരള പോലീസിന്റെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ലഹരിക്കെതിരായ ഈ ശക്തമായ നടപടിയുടെ ഭാഗമായി ഇതിനോടകം പതിനായിരത്തിലധികം അറസ്റ്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനകളിലും കേസുകളിലും കേരള പോലീസിനൊപ്പം നിർണായക പങ്കുവഹിക്കുന്ന മറ്റൊരു വിഭാഗമാണ് എക്സൈസ് വകുപ്പ്. ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും നേരിട്ട് നിരീക്ഷിക്കുകയും കേസുകൾ രജിസ്റ്റർ ചെയ്ത് നിയമനടപടികളിലേക്ക് പോവുകയും ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ ജീവിതാനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്. പോലീസിന്റെ ഓപ്പറേഷൻ തൂഫാനൊപ്പം, ലഹരിക്കെതിരെ എക്സൈസ് വകുപ്പ് ‘ഓപ്പറേഷൻ തണ്ടർ’ എന്ന പേരിൽ നടത്തുന്ന നടപടികളും സജീവമാണ്.
ലഹരിക്കടത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും നടക്കുന്ന പ്രവർത്തനങ്ങളെയും കുറിച്ച് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിൽ സർക്കിൾ ഇൻസ്പെക്ടർ ആയ ഷാജി. കെ ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു.
"ഞാൻ കണ്ണൂർ ജില്ലയിലെ ഒരു പ്രദേശത്ത് റേഞ്ച് ഓഫീസറായി ജോലി ചെയ്തിരുന്ന കാലത്ത് ലഹരിമരുന്ന് ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചു. വീട്ടിൽ പ്രവേശിക്കുന്നതിനുള്ള എല്ലാ നിയമപരമായ നടപടികളും പൂർത്തിയാക്കി, വനിതാ ഉദ്യോഗസ്ഥയുൾപ്പെടെ അഞ്ച് പേർ മഫ്തിയിൽ പരിശോധനയ്ക്കായി വീട്ടിലെത്തി. വീട്ടിൽ ഒരു കേസിലെ മുൻ പ്രതിയും നിലവിലെ കേസിലെ പ്രതിയും ഉണ്ടായിരുന്നു. മുൻപ്രതി ഞങ്ങളെ തിരിച്ചറിഞ്ഞതോടെ, നിലവിലെ പ്രതി അകത്തുനിന്ന് വാതിൽ അടച്ചു. ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഞങ്ങൾ അകത്ത് പ്രവേശിക്കുന്നത് തടഞ്ഞത്. തുടർന്ന് കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ എത്തി. വാതിൽ തുറക്കണമെങ്കിൽ പോലീസുകാർ കൂടി എത്തണമെന്നായിരുന്നു അയാളുടെ അടുത്ത ഡിമാൻഡ്. ഒടുവിൽ പോലീസ് എത്തിയതിന് ശേഷമാണ് വാതിൽ തുറന്നത്. അതിനിടെ, പ്രതിയുടെ ബന്ധുക്കൾ ഞങ്ങൾ തിരിച്ചുപോയില്ലെങ്കിൽ വാഹനം കത്തിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇയാൾ വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പരിസരത്തുള്ള പലർക്കും അറിയാമായിരുന്നിട്ടും, ആ സമയത്ത് ഞങ്ങൾക്ക് പിന്തുണയുമായി ഒരാൾ പോലും മുന്നോട്ടുവന്നില്ല എന്നതാണ്.
READ: തുടക്കം കൗതുകത്തിൽ, പിന്നാലെ Peer Pressure; കുട്ടികളിലെ ലഹരി ഉപയോഗവും പ്രതിസന്ധികളും
കണ്ണൂർ ജില്ലയിലെ തന്നെ തലശ്ശേരി താലൂക്കിൽപ്പെട്ട മറ്റൊരു പ്രദേശത്തും സമാനമായ അനുഭവമുണ്ടായി. പ്രതിയുടെ വീട്ടിൽ പരിശോധനയ്ക്കായി ഞങ്ങൾ കയറുന്നതിനിടെ, തൊട്ടടുത്ത വീട്ടിലെ ഒരു ബന്ധു വടിയെടുത്ത് ഞങ്ങളുടെ ജീവനക്കാരനെ ഓടിച്ചു. ഒടുവിൽ അവിടുത്തെ പള്ളി കമ്മിറ്റി സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് പരിശോധന പൂർത്തിയാക്കിയത്.”
പ്രതികളുടെയും പരിസരവാസികളുടെയും ഭാഗത്തുനിന്നുള്ള ഇത്തരം ആക്രമണങ്ങൾക്കു പുറമെ, തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങളും എക്സൈസ് ഉദ്യോഗസ്ഥരെ തന്നെ പ്രതികളാക്കുന്ന തരത്തിലുള്ള സംഭവങ്ങളും ഉണ്ടാകാറുണ്ട്.
“ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് പരിശോധനയ്ക്കിടെ ലഹരി ഉൽപ്പന്നങ്ങൾ നശിപ്പിക്കുന്നതാണ്. ക്ലോസറ്റിലിട്ടോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ അവ നശിപ്പിക്കും. തെളിവുകൾ ഇല്ലാതാക്കിയ ശേഷം ഇവർ ഞങ്ങൾക്കെതിരെ തിരിയും. ആളുകളെ വിളിച്ചുകൂട്ടി ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കാനും പ്രതിരോധത്തിലാക്കാനും ശ്രമിക്കും. ലഹരി ഉൽപ്പന്നങ്ങളുടെ ഇടപാടിൽ ഏർപ്പെട്ടിരിക്കുന്ന പലരും സമാനമായ രീതിയാണ് പിന്തുടരുന്നത്. ആദ്യം അവർ പ്രതിരോധിക്കും, ഞങ്ങൾ നടപടിയെടുക്കും. എന്നാൽ ലഹരി ഉൽപ്പന്നങ്ങൾ നശിപ്പിച്ചുകഴിഞ്ഞാൽ സ്ഥിതി മാറും, അവർ ആക്രമണത്തിലേക്ക് നീങ്ങും, നമ്മൾ പ്രതിരോധത്തിലാകും. ഇതിനൊപ്പം പലതരത്തിലുള്ള വ്യാജ ആരോപണങ്ങളും നേരിടേണ്ടിവരാറുണ്ട്. സ്ത്രീകളെ ഉപദ്രവിച്ചെന്നും ബാത്ത്റൂമിലും ബെഡ്റൂമിലും കയറിയെന്നും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉയരും. വാഹനത്തിൽ നിറയെ ആളുകളുമായി പോയി അവരെ അറസ്റ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞങ്ങളുടെ വാഹനം കണ്ടാൽ തന്നെ പലപ്പോഴും അവർ രക്ഷപ്പെടും. അവർക്ക് ശക്തമായ ഒരു ഇൻഫർമേഷൻ നെറ്റ്‌വർക്ക് ഉണ്ട്. ഒരുപക്ഷേ ഞങ്ങളേക്കാൾ ശക്തമായത്. മാത്രമല്ല, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നവരുമുണ്ട്,” ഷാജി പറഞ്ഞു.

കേസുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും ലഹരിക്കെതിരെ പ്രതികരിക്കാനും നിരവധി പേർ മുന്നോട്ടുവരുന്നുണ്ടെങ്കിലും, മറുവശത്ത് ഭാവിയിൽ നേരിടേണ്ടിവരാവുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം പലരും സഹകരിക്കാൻ മടിക്കുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
“ഒരു കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, BNSS പ്രകാരം മയക്കുമരുന്ന് കേസുകളിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം. ഒരു സ്ഥലത്തുനിന്ന് മയക്കുമരുന്ന് കണ്ടെത്തിയാൽ ദേഹപരിശോധന നടത്തുകയും പിടിച്ചെടുത്ത വസ്തു അളക്കുകയും ചെയ്യണം. ഇതെല്ലാം നടപടിക്രമത്തിന്റെ ഭാഗമായി സ്ഥലത്തുവെച്ചുതന്നെ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തരം നടപടികളിൽ നിർബന്ധമായും രണ്ട് പൊതുസാക്ഷികൾ (Public Witness) ആവശ്യമാണ്. പലപ്പോഴും നാട്ടുകാർ സംഭവങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുമെങ്കിലും, ‘ഞാൻ ഒപ്പിടാം, സാക്ഷിയായി നിൽക്കാം’ എന്ന് പറയാൻ ആരും തയ്യാറാകാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്. അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സാക്ഷികളാക്കേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. അതേസമയം, പ്രതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നാട്ടുകാർ ചേർന്ന് മർദ്ദിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ പ്രതിയെ സംരക്ഷിക്കുന്നതിനൊപ്പം നാട്ടുകാരെയും നിയന്ത്രിക്കേണ്ട അധിക ബാധ്യതയും ഉദ്യോഗസ്ഥർക്ക് ഏറ്റെടുക്കേണ്ടിവരുന്നു,” ഷാജി പറയുന്നു.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്. ലഹരി മാഫിയകൾ ശക്തമായ വേരോട്ടം നേടിയ എറണാകുളം പോലുള്ള ജില്ലകളെ അപേക്ഷിച്ച് കണ്ണൂർ പിന്നിലാണെങ്കിലും, ജില്ലയിലെ ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ച് വലിയ ലഹരി ശൃംഖലകൾ വളർന്നുവരുന്നുണ്ട്. എങ്ങനെയാണ് ലഹരി മാഫിയകൾ ഗ്രാമങ്ങളിലേക്ക് വേരൂന്നുന്നത് എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഷാജി കെ.
ലൊക്കേഷൻ ഉപയോഗിച്ച് തങ്ങളെ കണ്ടെത്തുന്നത് തടയാൻ യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഫോൺ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്.
“കണ്ണൂർ ജില്ലയിലേക്ക് എത്തുന്ന ലഹരി വസ്തുക്കളിൽ ഏകദേശം 70 ശതമാനവും ബംഗളൂരുവിൽ നിന്നാണ് എത്തുന്നത്. ബ്രൗൺ ഷുഗർ പ്രധാനമായും മുംബൈയിൽ നിന്നാണ് എത്തുന്നത്. മറ്റ് പല ലഹരി വസ്തുക്കളും ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ് എത്തുന്നത്. ഗ്രാമപ്രദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരിൽ പലരും ബെംഗളൂരുവിൽ പഠിച്ചവരോ കുറച്ചുകാലം അവിടെ ജോലി ചെയ്തവരോ പ്രൊഫഷണൽ കോഴ്‌സുകൾ പഠിച്ചവരോ ആയിരിക്കാം. അവിടെവെച്ച് തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ തുടർച്ചയായാണ് പിന്നീട് ചിലർ ലഹരി വസ്തുക്കളുടെ കാരിയർമാരായി മാറുന്നത്. സ്വന്തം ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനായാണ് ആദ്യം പലരും ഇതിന് തയ്യാറാകുന്നത്. പിന്നീട് ഇതിൽ വലിയ ലാഭമുണ്ടെന്ന് മനസ്സിലാകുന്നതോടെ ലഹരി കടത്തിന്റെ ഭാഗമാകുന്നു.
ലഹരി വസ്തുക്കൾ ഇവർ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരുന്നു. സ്വിഫ്റ്റ് കാറിന്റെ ഹോൺ അഴിച്ച് പരിശോധിച്ചപ്പോൾ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പും കണ്ടെത്തിയ സംഭവം പോലുമുണ്ട്. ഗിയർ ലിവറിനുള്ളിൽ കൈയിട്ട് എടുക്കാവുന്ന തരത്തിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചെരുപ്പിനുള്ളിൽ ഒട്ടിച്ചും തുടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചും ലഹരി കടത്തിയ സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ഏജന്റുമാർക്ക് സാധനങ്ങൾ കൈമാറി, പിന്നീട് പിടിക്കപ്പെടാതിരിക്കാൻ രക്ഷപ്പെടുന്ന രീതികളും ഉണ്ടായിട്ടുണ്ട്. ഫെസ്റ്റിവെൽ സീസണുകളിൽ എക്സൈസ്, പോലീസ്, ആർപിഎഫ്, ഫോറസ്റ്റ്, എംവിഡി തുടങ്ങിയ വകുപ്പുകൾ സംയുക്തമായി വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കാറുണ്ട്. എന്നാൽ പരിശോധന ശക്തമാകുന്നതിനനുസരിച്ച് അതിനെ മറികടക്കാൻ മാഫിയകളും പുതിയ വഴികൾ കണ്ടെത്തുകയാണ്.
വിൽപ്പനക്കാർ സ്വീകരിക്കുന്ന പുതിയ രീതികളിലൊന്ന് ലഹരി വസ്തുക്കൾ നേരിട്ട് കൈമാറാതെ പ്രത്യേക സ്ഥലങ്ങളിൽ ‘ഡ്രോപ്പ്’ ചെയ്ത് പോകുന്നതാണ്. പണം നേരിട്ട് പ്രതികളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാതെയും ഇടപാടുകൾ നടത്തുന്നു. പകരം അകന്ന ബന്ധുക്കളുടെയോ മറ്റ് പരിചയക്കാരുടെയോ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറുന്നത്. ഒരു കേസിൽ ഉൾപ്പെട്ടുകഴിഞ്ഞാൽ ഇവർ പിന്നീട് നിയമവശങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ട്. ലൊക്കേഷൻ ഉപയോഗിച്ച് തങ്ങളെ കണ്ടെത്തുന്നത് തടയാൻ യാത്ര തുടങ്ങുന്നതിന് മുമ്പുതന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഫോൺ മറ്റൊരാൾക്ക് കൈമാറുകയോ ചെയ്യുന്ന സംഭവങ്ങളുമുണ്ട്. പ്രതി പർദ്ദ ധരിച്ച് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുകളഞ്ഞ സംഭവം പോലും ഞങ്ങൾ നേരിട്ടിട്ടുണ്ട്,” ഷാജി കെ. പറഞ്ഞു.

പുരുഷന്മാരാണ് പൊതുവെ ലഹരി വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുകയും ലഹരി ശൃംഖലകളിലെ കണ്ണികളായി പ്രവർത്തിക്കുകയും ചെയ്യുന്നത്. എന്നാൽ സമീപകാലത്ത് സ്ത്രീകളും ലഹരി മാഫിയയുടെ ഭാഗമായും കാരിയർമാരായും പ്രവർത്തിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. കഴിഞ്ഞ മാസം കാസർഗോഡ് മൂന്ന് അധ്യാപികമാർ അറസ്റ്റിലായതും ഇതിന്റെ ഉദാഹരണമാണ്. അതേസമയം, കുട്ടികളും കൗമാരക്കാരും ലഹരി ഉപയോഗത്തിലേക്ക് വഴുതിവീഴുന്ന പ്രവണതയും ആശങ്കാജനകമായി വർധിക്കുകയാണ്. തൊടുപുഴയിൽ ഒരു വിദ്യാർത്ഥി ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകനെ അറിയിച്ചതിനെ തുടർന്ന് സഹപാഠികൾ വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം പുറത്തുവന്നത് ഈയടുത്താണ്. കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് അവർ ലഹരി ശൃംഖലകളുടെ ഭാഗമായിത്തീരുന്നത്? ഇതിലേക്ക് കുട്ടികളെ എത്തിക്കുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ്?
“ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ, കുട്ടികൾ പല തരത്തിലുള്ള ചൂഷണങ്ങൾക്കും (abuse) ഇരയാകുന്നുണ്ട്. പ്രത്യേകിച്ച് ശാരീരികമായി ചൂഷണം ചെയ്യപ്പെട്ട കുട്ടികളാണ് പിന്നീട് ഇത്തരം ലഹരി ശൃംഖലകളുടെ വലയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലായി കാണുന്നത്. ഇതിൽ ലിംഗ വ്യത്യാസമില്ല. മറ്റുചിലർ ലഹരിയിലേക്ക് എത്തിപ്പെടുന്നത് ഒഴിവാക്കാനാകാത്ത ചില സൗഹൃദങ്ങളിലൂടെയാണ്. സമപ്രായക്കാരുമായുള്ള സൗഹൃദം വലിയ അപകടസാധ്യതയുള്ളതാകണമെന്നില്ല. എന്നാൽ 14 വയസ്സുള്ള ഒരു കുട്ടി 18-19 വയസ്സുള്ള ഒരാളുമായി വളരെ അടുത്ത ബന്ധം പുലർത്തുമ്പോൾ, അതിനിടയിലൂടെയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ കടന്നുവരുന്നത്. സൗഹൃദം നഷ്ടപ്പെടുമെന്ന ഭയത്താൽ ലഹരി ഒന്ന് ഉപയോഗിച്ചുനോക്കാൻ തയ്യാറാകുന്ന കുട്ടികളും ഉണ്ട്.
സൗഹൃദം പോലെതന്നെ മറ്റൊരു പ്രധാന ഘടകമാണ് കുടുംബാന്തരീക്ഷം. വീട്ടിൽ സമാധാനവും സുരക്ഷിതത്വവും ലഭിക്കാത്ത കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്. സിംഗിൾ പാരന്റിംഗ് മാത്രമല്ല, കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക, പരസ്പരം സംസാരിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളും കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തും. ഇത്തരം കുടുംബാന്തരീക്ഷങ്ങളിൽ ലഹരിയിലേക്ക് കുട്ടികൾ വഴുതിവീഴാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ, രക്ഷിതാക്കളുടെ അമിതമായ പ്രതീക്ഷകളും കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദങ്ങളും മറ്റൊരു കാരണമാണ്. എന്റെ അനുഭവത്തിൽത്തന്നെ അത്തരത്തിലുള്ള ഒരു കേസുണ്ടായിരുന്നു. 25,000 രൂപ നൽകിയില്ലെങ്കിൽ സ്വന്തം മകൻ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഒരു അച്ഛൻ നേരിട്ട് വന്ന് പറഞ്ഞ സംഭവമുണ്ടായിട്ടുണ്ട്. അനുകരണവും മറ്റൊരു പ്രധാന കാരണമാണ്. മറ്റുള്ളവർ ചെയ്യുന്നത് കണ്ട്, ‘ഇതെന്താണെന്ന് ഒന്ന് അറിയണം’ എന്ന കൗതുകത്തിന്റെ പേരിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്ന കുട്ടികളും ഉണ്ട്,” ഷാജി കെ. പറഞ്ഞു.
തൂഫാന് മുമ്പ് വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ കടമുറികൾക്ക് സമീപവും ക്ലബ്ബുകളിലുമൊക്കെ കൂട്ടമായി ലഹരി ഉപയോഗിക്കുന്ന സാഹചര്യം കൂടുതലായിരുന്നു. ഇപ്പോൾ എവിടെനിന്നും എപ്പോൾ വേണമെങ്കിലും പരിശോധനയുണ്ടാകുമെന്ന ഭയം അവർക്കുണ്ട്.
മയക്കുമരുന്ന് കേസുകളിൽ അകപ്പെടുന്ന കുട്ടികളുടെ ഭാവി വലിയൊരു ചോദ്യമാണ്. കേസിൽപ്പെട്ടതിന്റെ പേരിൽ സമൂഹം അവരെ പൂർണമായും ഒറ്റപ്പെടുത്തുകയും ‘ലഹരി അടിമ’ എന്ന മുദ്രകുത്തുകയും ചെയ്യുന്നത് പലപ്പോഴും അവരുടെ തിരിച്ചുവരവിന് വലിയ തടസ്സമാകുന്നു. നാട്ടുകാരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പരിഗണന ലഭിക്കാതെ വരുന്നതോടെ കുട്ടികൾ കൂടുതൽ ഒറ്റപ്പെടാനുള്ള സാധ്യതയുമുണ്ട്.
“കുട്ടികളെ കുറ്റക്കാരായി മാത്രം കാണാതെ, അവർക്ക് തിരുത്താനുള്ള അവസരം നൽകുക എന്നത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. ഞങ്ങൾ ഇടപെട്ട കേസുകളിൽ കുട്ടികളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി, ആവശ്യമായ നിർദേശങ്ങൾ നൽകി നേരിട്ട് രക്ഷിതാക്കളെ ഏൽപ്പിച്ചിട്ടുള്ള സംഭവങ്ങളുണ്ട്,” ഷാജി കെ. പറഞ്ഞു.
“കഞ്ചാവ് ഉപഭോഗം ചെയ്യുന്നതായി കാണുന്ന കേസ്സുകൾ സാധാരണയായി സെക്ഷൻ 27(ബി)യുടെ പരിധിയിലാണ് വരുന്നത്. ഈ വകുപ്പിന്റെ പരിധിയിൽ ഒരു കുട്ടി ഉൾപ്പെട്ടാൽ, ആദ്യം കുട്ടിയോട് ഡീ-അഡിക്ഷൻ സെന്ററിൽ പോകാൻ തയ്യാറാണോ എന്നാണ് ചോദിക്കുക. പോകാൻ തയ്യാറാണെന്ന് അറിയിച്ചാൽ, അടുത്ത ദിവസം തന്നെ കൗൺസിലിംഗിന് വിധേയമാക്കും. മൂന്നോ നാലോ കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം, പിഴ ഈടാക്കാത്ത രീതിയിൽ കുട്ടിക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഇത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ്. എല്ലാ ജില്ലകളിലും ഡീ-അഡിക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെയെല്ലാം യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണനയും പ്രാധാന്യവും നൽകുന്നുണ്ട്,” ഷാജി കെ. കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാനിലൂടെ പോലീസിന്റെ ഇടപെടൽ ശക്തമായതോടെ പരസ്യമായും കൂട്ടമായുമുള്ള ലഹരി ഉപയോഗത്തിൽ കുറവുണ്ടായെങ്കിലും, പിടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ കൂടുതൽ സ്വകാര്യവും സുരക്ഷിതവുമായ ഇടങ്ങളിലേക്ക് ഉപയോഗം മാറിയത് അന്വേഷണ സംഘത്തിന് പുതിയ വെല്ലുവിളിയായി തുടരുകയാണ്.
“ഓപ്പറേഷൻ തൂഫാന് മുമ്പും ശേഷവും കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. എക്സൈസിന്റെ പ്രധാന ദൗത്യം തന്നെ ലഹരിക്കെതിരായ നിയമനടപടികളാണ്. എന്നാൽ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതോടെ കേരള പോലീസും കൂടുതൽ സജീവമായി രംഗത്തിറങ്ങി. ഇതോടെ ലഹരിക്കടത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തൂഫാന് മുമ്പ് വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ കടമുറികൾക്ക് സമീപവും ക്ലബ്ബുകളിലുമൊക്കെ കൂട്ടമായി ലഹരി ഉപയോഗിക്കുന്ന സാഹചര്യം കൂടുതലായിരുന്നു. ഇപ്പോൾ എവിടെനിന്നും എപ്പോൾ വേണമെങ്കിലും പരിശോധനയുണ്ടാകുമെന്ന ഭയം അവർക്കുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗത്തിന്റെ രീതിയിലും മാറ്റം വന്നിട്ടുണ്ട്. ലോഡ്ജുകളിൽ മുറിയെടുക്കുകയോ സുഹൃത്തുക്കളുടെ വീടുകൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്ന രീതിയിലേക്ക് ഉപയോഗം മാറിയിട്ടുണ്ട്. വീടുകളിൽ പ്രവേശിച്ച് പരിശോധന നടത്തുന്നതിന് ഞങ്ങൾക്ക് നിയമപരമായ ചില പരിധികളുണ്ട്. ഈ പരിമിതികൾ തന്നെയാണ് പലപ്പോഴും ലഹരി ഉപയോഗിക്കുന്നവർ മുതലെടുക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പ്രധാന വെല്ലുവിളിയാണ്,” ഷാജി കെ. കൂട്ടിച്ചേർക്കുന്നു.

