കൗമാരത്തിന്റെ ലോകത്ത് ‘പുതിയത്’ എന്ന വാക്കിന് വലിയ ആകർഷണമുണ്ട്. പുതുതായി കാണുന്ന എന്തും ഒന്ന് പരീക്ഷിച്ചുനോക്കാനുള്ള കൗതുകം. അതൊരു പുതിയ ആശയമായാലും പുതിയ ആപ്പായാലും പുതിയ അനുഭവമായാലും. ഈ കൗതുകത്തിന്റെ അതിരുകൾ കടന്നുപോകുമ്പോഴാണ് ചിലപ്പോൾ പരീക്ഷണം ശീലമാകുന്നത്. ശീലം പിന്നീട് ആശ്രിതത്വത്തിലേക്കും. ലഹരിയുടെ ലോകത്തേക്കും പല കൗമാരക്കാരും എത്തുന്നത് ഇതേ ‘ഒന്ന് പരീക്ഷിച്ചുനോക്കാം’ എന്ന ചിന്തയിലൂടെയാണ്.
പുതിയ കാലത്ത് പുതിയ തലമുറയുടെ ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള ആശങ്കകളും വർദ്ധിച്ചു വരികയാണ്. കൗമാരപ്രായത്തിലുള്ള സ്വാഭാവികമായ ജിജ്ഞാസ, പുതിയ കാര്യങ്ങൾ പരീക്ഷിച്ചുനോക്കാനുള്ള പ്രവണത, കൂട്ടുകാരുടെ സമ്മർദ്ദം (Peer Pressure), കൂടാതെ കുടുംബത്തിലെയോ പഠനത്തിലെയോ പിരിമുറുക്കങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം എന്നിവയൊക്കെയാണ് പലപ്പോഴും കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നത്. കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുന്നു മനഃശാസ്ത്ര വിദഗ്ദൻ, ഡോ.രഘുനാഥ് പാറക്കൽ.
പിയർ ഗ്രൂപ്പിന്റെ സമ്മർദ്ദവും 'നോർമലൈസേഷൻ' പ്രവണതയും
ലഹരി ഉപയോഗിക്കുന്നവരാണ് കൂടുതൽ ‘കൂൾ’ എന്ന തരത്തിലുള്ള സോഷ്യൽ ഇമേജ് രൂപപ്പെടുമ്പോൾ, അതിനെ ചോദ്യം ചെയ്യാനുള്ള ധൈര്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്. ഇവിടെ കുടുംബവും അധ്യാപകരും നിർണായകമാണ്. കുട്ടിയുടെ സുഹൃത്തുക്കളെ നിയന്ത്രിക്കുന്നതിനേക്കാൾ, തെറ്റായ സമ്മർദ്ദത്തെ തിരിച്ചറിയാനും ‘വേണ്ട’ എന്ന് പറയാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. കൂട്ടുകാരുടെ അംഗീകാരത്തേക്കാൾ സ്വന്തം തീരുമാനങ്ങൾക്ക് വിലയുണ്ടെന്ന് കുട്ടി തിരിച്ചറിയണമെന്ന് പ്രൊഫ രഘുനാഥ് വിശദീകരിക്കുന്നു.
READ: TRADE to TREND,
ലഹരിയുടെ
അപകടവഴികൾ

"കൗമാരത്തിൽ കുടുംബത്തേക്കാൾ കൂടുതൽ പ്രാധാന്യം സുഹൃദ്‌വലയത്തിനാണ്. കൂട്ടുകാർ പറയുന്നതാണ് അവസാനവാക്കെന്ന തോന്നൽ ശക്തമാകുന്ന പ്രായം. ലഹരിവസ്തുക്കൾ ഉപയോഗിക്കാത്തവരും ഗേൾഫ്രണ്ടോ ബോയ്‌ഫ്രണ്ടോ ഇല്ലാത്തവരും ‘ഈ കാലഘട്ടത്തിന് യോജിച്ചവരല്ല’ എന്ന തരത്തിലുള്ള ധാരണകൾ കൗമാരക്കാർക്കിടയിൽ വളരുന്നുണ്ട്. അതോടെ ലഹരി ഉപയോഗം ഒരു ആരോഗ്യപ്രശ്നമെന്നതിലുപരി കൂട്ടത്തിൽ അംഗീകരിക്കപ്പെടാനുള്ള ഒരു അടയാളമായി മാറാനുള്ള സാധ്യതയുണ്ട്. ഇവിടെയാണ് ‘Peer Pressure’ അപകടകരമാകുന്നത്. കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കാൻ ഭയക്കുന്ന കുട്ടി സ്വന്തം നിലപാടുകൾ പോലും ഉപേക്ഷിച്ചേക്കാം. ‘എന്നെ അവർ ഒഴിവാക്കുമോ?’ എന്ന ഭയം ‘ഞാനും പരീക്ഷിക്കാം’ എന്ന തീരുമാനത്തിലേക്ക് നയിച്ചേക്കാം.ഇതിന് സോഷ്യൽ മീഡിയ മറ്റൊരു വേദി ഒരുക്കുന്നു. മറ്റുള്ളവരുടെ ജീവിതം, ആഘോഷങ്ങൾ, ബന്ധങ്ങൾ, പാർട്ടികൾ, സാഹസിക അനുഭവങ്ങൾ എന്നിവ നിരന്തരം മുന്നിലെത്തുന്ന ഡിജിറ്റൽ ലോകത്ത് Fear of Missing Out (FOMO) എന്ന മനോഭാവം കൗമാരക്കാരെ ശക്തമായി സ്വാധീനിക്കാം.”
READ:ലഹരിക്കെതിരായ പോരാട്ടം, നിയമനടപടികൾക്കൊപ്പം വേണം ചികിത്സാസൗകര്യങ്ങളും
ലഹരി തകർക്കുന്ന ജീവിതങ്ങൾ
ലഹരിയുടെ ആഘാതം ശരീരത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും തീരുമാനങ്ങളെയും ബന്ധങ്ങളെയും ക്രമേണ അത് ബാധിച്ചേക്കാം. പ്രത്യേകിച്ച് കൗമാരപ്രായത്തിൽ ലഹരി ഉപയോഗം ആരംഭിക്കുമ്പോൾ, വ്യക്തിത്വം രൂപപ്പെടുന്ന നിർണായക ഘട്ടത്തിൽ തന്നെ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാം.
ലഹരി ഉപയോഗിക്കുന്നവരാണ് കൂടുതൽ ‘കൂൾ’ എന്ന തരത്തിലുള്ള സോഷ്യൽ ഇമേജ് രൂപപ്പെടുമ്പോൾ, അതിനെ ചോദ്യം ചെയ്യാനുള്ള ധൈര്യം കുട്ടികളിൽ വളർത്തേണ്ടതുണ്ട്. ഇവിടെ കുടുംബവും അധ്യാപകരും നിർണായകമാണ്. കുട്ടിയുടെ സുഹൃത്തുക്കളെ നിയന്ത്രിക്കുന്നതിനേക്കാൾ, തെറ്റായ സമ്മർദ്ദത്തെ തിരിച്ചറിയാനും ‘വേണ്ട’ എന്ന് പറയാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്.
പഠനത്തിൽ നിന്ന് അകലം പാലിക്കുക, കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുക, സുഹൃത്തുക്കളിൽ നിന്ന് ഒറ്റപ്പെടുകയോ തെറ്റായ കൂട്ടുകെട്ടുകളിലേക്ക് കൂടുതൽ അടുക്കുകയോ ചെയ്യുക തുടങ്ങിയ മാറ്റങ്ങൾ അതിന്റെ ഭാഗമാകാം.
"ഒരു പ്രമുഖ സ്ഥാപനത്തിൽ പഠിക്കുന്ന, കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് കടക്കുന്ന കുട്ടി കൗൺസലിങ്ങിനായി ഒരിക്കൽ എന്റെയടുത്ത് വന്നു. കുറച്ചുകാലമായി ലഹരിക്ക് അടിമപ്പെട്ടിരുന്ന അവൻ അമ്മയോടൊപ്പമാണ് കൗൺസിലിങ്ങിന് എത്തിയത്. ഇത്തരത്തിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരിൽ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിന്റെ ഫലമായി, പരിസരം പോലും മറന്ന് സ്വന്തം അമ്മയെ കയറിപ്പിടിക്കാൻ വരെ അവൻ മുതിർന്നു. ഇത്തരം ലഹരി മരുന്നുകളുടെ ഉപയോഗം വ്യക്തികളുടെ വിവേകത്തെ തന്നെ ബാധിക്കുന്നു. കൃത്യമായ ട്രീറ്റ്മെന്റിലൂടെ അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു." രഘുനാഥ് പറഞ്ഞു.
ലഹരി മാത്രമല്ല; സ്ക്രീനും ഒരു വലയാകുമ്പോൾ
“സോഷ്യൽ മീഡിയയും നല്ലതിനും ചീത്തയ്ക്കും ഒരുപോലെ ഉത്തരവാദിയാണ്. ലഹരി എന്ന് പറയുമ്പോൾ പല തരത്തിലുള്ള ലഹരികളുണ്ട്. അത് കെമിക്കൽ ലഹരി മാത്രമല്ല. ഫോൺ ഉപയോഗവും ഒരുതരത്തിലുള്ള ലഹരിയായി മാറിയേക്കാം. ഇന്ത്യ ഗവൺമെന്റിന്റെ സൈബർ ഹൈജീൻ പ്രാക്ടീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനഃശാസ്ത്ര വിദഗ്ധൻ എന്ന നിലയിൽ, ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗത്തെയും ഇതേ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. സോഷ്യൽ മീഡിയ സ്വതവേ ഒരു ‘ലഹരി’യാണെന്ന് പറയുന്നത് ശാസ്ത്രീയമായി ലളിതവത്കരിക്കലായിരിക്കും. എന്നാൽ നിയന്ത്രണം നഷ്ടപ്പെടുന്ന തരത്തിലുള്ള അമിതമായ സ്ക്രീൻ ഉപയോഗം ഉറക്കം, പഠനം, കുടുംബബന്ധങ്ങൾ, ശ്രദ്ധ, മാനസികാരോഗ്യം തുടങ്ങിയ മേഖലകളെ ബാധിക്കാം. അതേസമയം സോഷ്യൽ മീഡിയയിലൂടെ ലഹരിയുടെ ഉപയോഗം സാധാരണയോ ആകർഷകമോ ആയി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ കൗമാര മനസ്സിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

ലഹരിയിലേക്ക് എത്തുന്ന എല്ലാ കുട്ടികളുടെയും കഥ ഒരുപോലെയല്ല. ചിലർ കൗതുകം കൊണ്ടാണ് തുടങ്ങുന്നത്. ചിലർ കൂട്ടുകാരുടെ സമ്മർദ്ദം കൊണ്ടും. എന്നാൽ മറ്റൊരു വിഭാഗം കുടുംബത്തിലെ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ലഹരിയെ ആശ്രയിക്കുന്നത്. പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ സുരക്ഷിതമായ ഇടം ഇല്ലാതാകുമ്പോൾ, അതിൽനിന്നുള്ള ‘എസ്കേപ്പ്’ ആയി ലഹരിയെ കാണുന്ന സാഹചര്യം ഉണ്ടാകാം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അധികം തുറന്ന് പറയപ്പെടാത്ത മറ്റൊരു വിഭാഗമാണ് പഠനവൈകല്യമുള്ള കുട്ടികൾ. ഇത്തരം കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സാമൂഹികമായ ഒറ്റപ്പെടലും ആത്മവിശ്വാസക്കുറവും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ അധിക പിന്തുണ ആവശ്യമായി വരാം. ഇത്തരം സാഹചര്യങ്ങളിൽ അവർ ആശ്രയം കണ്ടെത്തുന്നത് ലഹരി വസ്തുക്കളിലാകാമെന്നും രഘുനാഥ് വിശദീകരിക്കുന്നു.
സ്കൂളുകളിൽ Life Skill Education, മാനസികാരോഗ്യ ബോധവൽക്കരണം, ഡിജിറ്റൽ സാക്ഷരത, പിയർ പ്രഷർ കൈകാര്യം ചെയ്യാനുള്ള പരിശീലനം, കുടുംബ കൗൺസിലിങ് തുടങ്ങിയവ കൂടുതൽ ശക്തമാക്കണം. ലഹരി വിൽപ്പന തടയുന്നതിനൊപ്പം കുട്ടിയുടെ മാനസികാരോഗ്യം സംരക്ഷിക്കണം.
കുട്ടികളെ വാഹകരാക്കുന്ന ലഹരി മാഫിയകൾ
വിദ്യാർഥികൾക്ക് ആദ്യം ലഹരിവസ്തുക്കൾ സൗജന്യമായി നൽകുകയും പിന്നീട് പണം ഈടാക്കുകയും ചെയ്യുന്ന രീതികൾ ചില ഇടങ്ങളിൽ കാണപ്പെടുന്നുവെന്നാണ് അനുഭവം. പണം നൽകാൻ കഴിയാത്തവരെ പിന്നീട് ലഹരിവസ്തുക്കളുടെ വിതരണത്തിന് ഉപയോഗിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാം. ചിലപ്പോൾ പ്രതിഫലമായി നൽകുന്നതും ലഹരിവസ്തുക്കളായിരിക്കാം. ഇത് ഒരു വ്യക്തിയുടെ ‘തെറ്റായ തിരഞ്ഞെടുപ്പ്’ മാത്രമല്ലെന്ന് ഇവിടെ വ്യക്തമാണ്. കൗമാരക്കാരുടെ കൗതുകത്തെയും സാമൂഹിക ദൗർബല്യങ്ങളെയും ലക്ഷ്യമിടുന്ന ഒരു വിപണി സംവിധാനവും ഇതിന് പിന്നിലുണ്ട്.

ഡീ അഡിക്ഷൻ സെന്റർ മാത്രം പോരാ, മനസ്സിനെയും ചികിത്സിക്കണം
“ലഹരി എന്താണ്, അത് എങ്ങനെ ശരീരത്തെയും മനസ്സിനെയും ബാധിക്കുന്നു, സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാം, സഹായം എവിടെനിന്ന് തേടാം തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കും മനസ്സിലാക്കിക്കൊടുക്കണം. ലഹരി വിമുക്ത ചികിത്സയെ മരുന്നുകളിലേക്ക് മാത്രം ചുരുക്കരുത്. ഡീ-അഡിക്ഷൻ സെന്ററുകളിൽ ഡോക്ടർമാരോടൊപ്പം സൈക്കോളജിസ്റ്റുകളുടെ സേവനവും ഫലപ്രദമായി ഉപയോഗിക്കണം.കാരണം ലഹരി ഉപേക്ഷിക്കുന്നതോടെ പ്രശ്നം അവസാനിക്കുന്നില്ല. വീണ്ടും ലഹരിയിലേക്ക് പോകാതിരിക്കാനുള്ള മാനസിക ശേഷി, കുടുംബപിന്തുണ, സാമൂഹിക പിന്തുണ, ജീവിതനൈപുണ്യങ്ങൾ എന്നിവയും വികസിപ്പിക്കേണ്ടതുണ്ട്," രഘുനാഥ് പറഞ്ഞു.
READ: Reddit NSFW ഗ്രൂപ്പിലെയും സ്പായിലെയും പെൺകുട്ടി; ലഹരിമാഫിയയിൽ കുരുങ്ങുന്ന കണ്ണികൾ
പ്രശ്‍നം വന്നിട്ട് പരിഹരിക്കാം എന്ന രീതിയിൽ നിന്ന് മാറണം
"ഇന്നത്തെ ലഹരി പ്രതിരോധ പ്രവർത്തനങ്ങളുടെ വലിയൊരു പോരായ്മ ഒളിഞ്ഞിരിക്കുന്നത് പ്രശ്നങ്ങൾ വന്നതിനുശേഷമാണ് നമ്മൾ അതിനെ സമീപിക്കുന്നത് എന്നതുകൊണ്ടാണ്. കൊറോണയ്ക്ക് ശേഷമാണ് പലരും മാസ്കിന്റെ പ്രാധാന്യം ഗൗരവമായി മനസ്സിലാക്കിയത്. അതുപോലെ ഒരു കുട്ടി ലഹരിക്ക് അടിമയായതിന് ശേഷമല്ല, അതിന് മുമ്പ് തന്നെ ഇടപെടേണ്ടതുണ്ട്. സ്കൂളുകളിൽ Life Skill Education, മാനസികാരോഗ്യ ബോധവൽക്കരണം, ഡിജിറ്റൽ സാക്ഷരത, പിയർ പ്രഷർ കൈകാര്യം ചെയ്യാനുള്ള പരിശീലനം, കുടുംബ കൗൺസിലിങ് തുടങ്ങിയവ കൂടുതൽ ശക്തമാക്കണം. ലഹരി വിൽപ്പന തടയുന്നതിനൊപ്പം കുട്ടിയുടെ മാനസികാരോഗ്യം സംരക്ഷിക്കണം. കുടുംബത്തെ ബോധവൽക്കരിക്കണം. സ്കൂളുകളിൽ പ്രൊഫഷണൽ കൗൺസിലിങ് ഉറപ്പാക്കണം. സോഷ്യൽ മീഡിയയിലെ അപകടകരമായ ഉള്ളടക്കങ്ങളെക്കുറിച്ച് ഡിജിറ്റൽ സാക്ഷരത നൽകണം. പിയർ പ്രഷറിനെ നേരിടാനുള്ള കഴിവ് കുട്ടികളിൽ വളർത്തണം." രഘുനാഥ് വ്യക്തമാക്കി.
ലഹരിക്കെതിരായ പ്രതിരോധം റെയ്ഡുകളിലും ബോധവൽക്കരണ ക്യാമ്പെയിനുകളിലും മാത്രം ഒതുങ്ങേണ്ടതല്ല. അതിന്റെ തുടക്കം കുടുംബത്തിലെ തുറന്ന സംഭാഷണങ്ങളിൽ നിന്നാകണം. കുട്ടികളിലെ മാറ്റങ്ങൾ തിരിച്ചറിയുന്ന അധ്യാപകരുടെ ശ്രദ്ധയും, ആവശ്യമായ സമയത്ത് ലഭിക്കുന്ന സൈക്കോളജിക്കൽ ഇടപെടലുകളും, സുഹൃത്തുക്കളുടെ പിന്തുണയും ഈ പ്രതിരോധത്തിന്റെ നിർണായക ഘടകങ്ങളാണ്.

