മനുഷ്യർ തമ്മിലുള്ള ഇടപെടലുകൾ ജൈവികമാകാനുള്ള
ഒരു സ്വപ്നത്തെക്കുറിച്ച്…

‘‘ജോലിസ്ഥലം ഉന്മേഷകരവും സർഗാത്മകവുമാകുന്നതിനുപകരം സുദീർഘമായ സമ്മർദ്ദം ഏൽപ്പിക്കുന്ന ഇടമായി മാറുമ്പോഴാണ് ജോലി ചെയ്യുന്നവർ അനാരോഗ്യത്തിലേക്കും മരണത്തിലേക്കും എത്തുന്നത്. രോഗചികിത്സകരായ ഡോക്ടർമാർക്കും ഇത് നിയന്ത്രിക്കാനാകാത്ത ഒരവസ്ഥയിലാണ് ഇന്ന് ലോകം എത്തിനിൽക്കുന്നത്’’- ജോലിസംബന്ധമായ മാനസിക സമ്മർദ്ദം ജീവനെടുക്കുന്ന അത്ര ഗുരുതരമായ സാഹചര്യത്തിൽ, അതിനിടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ഒരു വിചാരം, ഡോ. എ.കെ. ജയശ്രീ എഴുതുന്നു.

പുനെയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ (Anna Sebastian) എന്ന പ്രൊഫഷണലിന്റെ അകാലത്തിലുണ്ടായ മരണം ജോലിസംബന്ധമായ മാനസിക സമ്മർദ്ദത്തെ (Mental Stress) കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. പൊതുവെ, കോർപ്പറേറ്റുകളിലും ഐ.ടി മേഖലയിലും (IT Sector) ഫൈനാൻസ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ് ഇത്തരം സമ്മർദത്തെക്കുറിച്ച് അധികമായി പറയാറുള്ളത്.

ഡോക്ടർമാരിലും, പ്രത്യേകിച്ച് അടുത്ത കാലത്ത്, മാനസികസമ്മർദ്ദവും അതെ തുടർന്നു​ള്ള മരണങ്ങളും വർദ്ധിച്ചതായി കാണുന്നു. കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങൾക്കിടയിൽ നമ്മുടെ സംസ്ഥാനത്തും അയൽ സംസ്ഥാനമായ തമിഴ് നാട്ടിലും ചുറുചുറുക്കോടെ ജോലി ചെയ്തിരുന്ന യുവാക്കളായ പല ഡോക്ടർമാരും പെട്ടെന്ന് മരിക്കുന്ന സാഹചര്യമുണ്ടായി. ഹൃദയസ്തംഭനം പെട്ടെന്നുള്ള കാരണമാണെങ്കിലും ദീർഘകാലത്തെ മാനസിക സമ്മർദ്ദമാകാം ഇതിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഡോക്ടർമാർക്കിടയിൽ ആത്മഹത്യകളും വർദ്ധിച്ചതായി കാണുന്നു. വളരെ ഉത്സാഹത്തോടെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ പെട്ടെന്നുള്ള വേർപാടിൽ സഹപ്രവർത്തകർ അമ്പരക്കുകയാണ്.

പുനെയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ
പുനെയിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ

മാനസിക സമ്മർദ്ദം ഒരു ആധുനിക ജീവിത പ്രതിഭാസമായാണ് വിലയിരുത്തിയിട്ടുള്ളത്. തിരക്കിട്ട ജീവിതവും മത്സരവും റിസ്ക് എടുക്കുന്നതിനുള്ള പ്രോത്സാഹനവും നാഗരികതയിൽ ജീവിത വിജയത്തിനുള്ള ഉപാധികൾ കൂടിയാണ്. അതിജീവനത്തിനുവേണ്ടി പ്രതികൂല സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലക്ക് ഇതിനെ വ്യാഖ്യാനിക്കാനാവും. ആ നിലക്ക് പ്രകൃതി ദുരന്തങ്ങളുണ്ടായിരുന്ന ആധുനിക പൂർവ്വ കാലത്തു തന്നെ ശരീരം ഇതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടാവാം. എന്നാൽ, ആധുനിക കാലത്തെ സമ്മർദത്തിന്റെ സ്വഭാവം വ്യത്യസ്തവും തീവ്രത അധികവുമാകാനിടയുണ്ട്. ഇക്കാലത്ത് ഇത് പ്രധാനമായും ക്ലിനിക്കൽ പ്രശ്നമായാണ് തിരിച്ചറിയുന്നത്. ഫിസിയോളജിക്കലായ തിരിച്ചറിവ്, അധിക സമ്മർദ്ദം എങ്ങനെയാണ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ രോഗാതുരമാക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. സമ്മർദ്ദകാരികളായ ഘടകങ്ങൾ എപ്പോഴും പുറമെ നിന്നാകണമെന്നില്ല. ഉള്ളിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളോ ഭാവനകൾ പോലുമോ ഇതുണ്ടാക്കാം എന്ന കാര്യവും ഓർക്കേണ്ടതുണ്ട്. എന്നാൽ, ജോലിസ്ഥലത്തെ സമ്മർദ്ദം പുറമെ നിന്നുള്ള ഘടകമാണ്. ഈ സാഹചര്യത്തിൽ അതു മാത്രമാണ് ഇവിടെ പരിശോധിക്കുന്നത്.

2017- ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടത്, 82 ശതമാനം ഡോക്ടർമാരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ്. രക്താതിമർദ്ദം, പ്രമേഹം, അമിതോത്കണ്ഠ എന്നിവയും ഡോക്ടർമാരിൽ അധികമായി കണ്ടു.

തലച്ചോറിലെ ഹൈപ്പോ തലാമസ് (Hypothalamus) എന്ന ഭാഗവും പിറ്റ്യുട്ടറി ഗ്രന്ഥിയും (Pituitary gland) ഹോർമോണുകളും ഒട്ടോണോമസ് നാഡികളുമാണ് സമ്മർദ്ദങ്ങളോടുള്ള പ്രതികരണമുണ്ടാക്കുന്നത്. ഇതുമൂലം നാഡിമിടിപ്പ്, ശ്വാസഗതി എന്നിവ വേഗത്തിലാകും. ഈ അനുഭവം എല്ലാവർക്കും ഉണ്ടാകുന്നതാണ്. ഇത് ആവേശകരമായ സന്തോഷമുണ്ടാകുമ്പോഴോ പ്രതിസന്ധികളിലോ ഉണ്ടാകാം. പ്രതിസന്ധികളിൽ ആദ്യത്തെ സ്റ്റേജിൽ അതുമായി പൊരുത്തപ്പെടാനോ ആവശ്യമായ മാറ്റങ്ങൾ വരുത്താനോ ആണ് അമിതമായി ഉത്പാദിപ്പിക്കുന്ന കോർട്ടിസോൾ പോലെയുള്ള ഹോർമോണുകൾ സഹായിക്കുന്നത്. എന്നാൽ, പൊരുത്തപ്പെടൽ നടക്കാതെ ദീർഘകാലം ഇവ നിലനിന്നാൽ അത് ഹൃദയത്തേയും രക്തക്കുഴലുകളേയും മറ്റു അവയവങ്ങളേയും എല്ലാം ബാധിക്കും. അത്തരം അവസ്ഥയിലെത്തുമ്പോഴാണ് ഗുരുതരരോഗമോ പെട്ടെന്നുള്ള മരണമോ ആത്മഹത്യയിലേക്കുവരെ എത്താവുന്ന തരത്തിലുള്ള മാനസികപ്രശ്നങ്ങളോ ഒക്കെ ഉണ്ടാവുന്നത്.

തലച്ചോറിലെ ഹൈപ്പോ തലാമസ് എന്ന ഭാഗവും പിറ്റ്യുട്ടറി ഗ്രന്ഥിയും  ഹോർമോണുകളും ഒട്ടോണോമസ് നാഡികളുമാണ് സമ്മർദ്ദങ്ങളോടുള്ള പ്രതികരണമുണ്ടാക്കുന്നത്.
തലച്ചോറിലെ ഹൈപ്പോ തലാമസ് എന്ന ഭാഗവും പിറ്റ്യുട്ടറി ഗ്രന്ഥിയും ഹോർമോണുകളും ഒട്ടോണോമസ് നാഡികളുമാണ് സമ്മർദ്ദങ്ങളോടുള്ള പ്രതികരണമുണ്ടാക്കുന്നത്.

ജോലിസ്ഥലം ഉന്മേഷകരവും സർഗാത്മകവുമാകുന്നതിനുപകരം സുദീർഘമായ സമ്മർദ്ദം ഏൽപ്പിക്കുന്ന ഇടമായി മാറുമ്പോഴാണ് ജോലി ചെയ്യുന്നവർ അനാരോഗ്യത്തിലേക്കും മരണത്തിലേക്കും എത്തുന്നത്. രോഗചികിത്സകരായ ഡോക്ടർമാർക്കും ഇത് നിയന്ത്രിക്കാനാകാത്ത ഒരവസ്ഥയിലാണ് ഇന്ന് ലോകം എത്തി നിൽക്കുന്നത്. ഇന്ത്യയിലെ ഡോക്ടർ സമൂഹം ഇപ്പോൾ ഈ അവസ്ഥയെ പറ്റി ജാഗരൂകരാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയിട്ടുണ്ട്. 2017- ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടത് 82 ശതമാനം ഡോക്ടർമാരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ്. രക്താതിമർദ്ദം, പ്രമേഹം, അമിതോത്കണ്ഠ എന്നിവയും ഡോക്ടർമാരിൽ അധികമായി കണ്ടു. 56 ശതമാനം പേർക്കും ഏഴ് മണിക്കൂർ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നില്ല. ഉറക്കമില്ലായ്‌മ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. ഈ അവസ്ഥക്ക് കാരണമായി ഈ പഠനത്തിൽ പറയുന്നത് അക്രമത്തെ കുറിച്ചുള്ള ഭയം, കേസിൽ പെടുമോ എന്നും ക്രിമിനൽ വിചാരണ നേരിടുമോ എന്ന ആശങ്കയും മറ്റുമാണ്. ഡോക്ടർമാർക്കുനേരെയുള്ള അക്രമങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചികിത്സാപിഴവുകൾ എന്ന പേരിൽ ധാരാളം കേസുകൾ നേരിടേണ്ടിവരികയും ചെയ്ത സാഹചര്യത്തിലായിരിക്കും ഇത്തരം കാര്യങ്ങൾ ഉയർന്നുവന്നത്. ഈ പ്രശ്നങ്ങളൊക്കെ നില നിൽക്കെ തന്നെ, സമൂഹഘടനയിലും ആരോഗ്യപരിപാലനക്രമത്തിലുമുണ്ടായ സാമ്പത്തിക സ്വാധീനങ്ങളടക്കം പല ഘടകങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇപ്പോഴത്തെ ആരോഗ്യ സംവിധാനത്തിൽ, പ്രത്യേകിച്ച് വൻകിട സ്വകാര്യ ആശുപത്രികളിൽ നൈതികതക്ക് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്നതും സ്വേച്‌ഛാപരമായ തീരുമാനങ്ങളെടുക്കാൻ കഴിയാത്തതും പല ഡോക്ടർമാർക്കും നിരാശയുണ്ടാക്കുന്നുണ്ട്.

ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നതും വ്യക്തിയുടെ സ്വഭാവവിശേഷതകളുടേതുമായ ഘടകങ്ങൾ സമ്മർദ്ദമുണ്ടാകുന്നതിന് കാരണമാകുന്നു. ഡോക്ടർമാരുടെ ജോലിയുടെ സ്വഭാവം മറ്റുള്ളതിൽനിന്ന് വ്യത്യസ്തമാണ്. എപ്പോഴും ആതുരമായ അന്തരീക്ഷം, വേദനിക്കുന്നവരുമായുള്ള നിരന്തര ഇടപെടൽ, രോഗിയോടുള്ള അനുകമ്പ എന്നിവയൊക്കെ ചേർന്ന് ഉത്കണ്ഠക്കും അദ്ധ്വാനത്തിനും ഒഴിവില്ലാത്ത ഒരവസ്ഥയിലേക്ക് ഡോക്ടർമാരെ എത്തിക്കാം. ഡോക്ടർമാരിൽ ജൂനിയർ ആയിട്ടുള്ളവരിലും സ്ത്രീകളിലുമാണ് കൂടുതൽ സമ്മർദ്ദം കാണുന്നതെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. പ്രായം കൂടിയവരിൽ ഭരണപരമായ ജോലിഭാരവും അതോടൊപ്പം രോഗികളോടുള്ള ഉത്തരവാദിത്വവും പിന്തുണയില്ലാത്ത സ്ഥാപനങ്ങളും നിയമനടപടികളും ഒക്കെ ചേർന്നാണ് സമ്മർദ്ദം കൂടുന്നത്. ഹൗസ് സർജ്ജന്മാർ, റസിഡന്റുമാർ തുടങ്ങിയ ജൂനിയർ ഡോക്ടർമാർക്കാണ് ഏറ്റവും ജോലിഭാരമുണ്ടാകുന്നത്. പലപ്പോഴും അവർക്ക് തുടർച്ചയായി 18 മണിക്കൂറൊക്കെ ജോലി എടുക്കേണ്ടിവരാറുണ്ട്. ഇത് ഒരു പഴയ വർക്ക് കൾച്ചറിന്റെ ഭാഗമാണ്. ഊണും ഉറക്കവുമില്ലാതെ സേവനം നടത്തേണ്ടവരാണ് ഡോക്ടർമാർ എന്ന തരത്തിൽ ഒരു സങ്കൽപ്പം ഇവിടെ നിലനിന്നു പോന്നിട്ടുണ്ട്. അതിനുള്ള പരിശീലനം എന്ന തരത്തിലാണ് ജൂനിയർ ഡോക്ടർമാർക്ക് ദീർഘമായ സമയം ജോലി നൽകുന്നത് ന്യായീകരിക്കപ്പെടുന്നത്. അതേസമയം പണ്ടുണ്ടായിരുന്ന പല അനുകൂല ഘടകങ്ങളും ഇപ്പോഴില്ല. ചികിത്സകർക്ക് നൽകിയിരുന്ന ദൈവിക പരിവേഷം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. രോഗീപരിചരണത്തിൽ ആകൃഷ്ടരായി വരുന്നതിനേക്കാൾ പദവി നില നിർത്താനായി കുടുംബത്തിന്റെ പ്രേരണ കൊണ്ട് വരുന്നവരാണ് കുറെയധികം ഡോക്ടർമാർ. അഞ്ചു വർഷത്തിനിടയിൽ ഇന്ത്യയിൽ 119 മെഡിക്കൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി നാഷണൽ മെഡിക്കൽ കമീഷൻ റിപ്പോർട്ട് ചെയ്യുന്നു.

കുട്ടിക്കാലം മുതൽ തുടങ്ങുന്ന മെഡിക്കൽ പ്രവേശനത്തിനായുള്ള തയാറെടുപ്പും മത്സരവും വളർച്ചയുടെ സമയത്ത് ഭാവി ഡോക്ടർമാരെ സമൂഹത്തിൽ നിന്നകറ്റുകയും വ്യത്യസ്ത സാഹചര്യങ്ങളിൽ വേണ്ട അനുകൂലന വൈദഗ്ദ്ധ്യത്തിന് പ്രാപ്തി കുറഞ്ഞവരാക്കുകയും ചെയ്യുന്നുണ്ട്. പ്രവേശനത്തിൽ പലപ്പോഴും അഴിമതി നടക്കുകയും താല്പര്യമോ മെറിറ്റോ ഇല്ലാത്തവർ കടന്നുകൂടുകയും ചെയ്യുന്നുമുണ്ട്. പൊതു സമൂഹത്തിനും ഡോക്ടർമാർക്കും ഇടയിലുണ്ടായ വിടവ് ഒരുവശത്ത് അക്രമങ്ങൾക്കും മറുവശത്ത് ഭീതിക്കും കാരണമാകുന്നു. രോഗികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള ആദരവ് കുറഞ്ഞതായി ഡോക്ടർമാർ കരുതുന്നു.

2022 മാർച്ചിൽ മാത്രം റിപ്പോർട്ട് ചെയ്ത മെഡിക്കൽ വിദ്യാർഥികളുടെ ആത്മഹത്യകൾ
2022 മാർച്ചിൽ മാത്രം റിപ്പോർട്ട് ചെയ്ത മെഡിക്കൽ വിദ്യാർഥികളുടെ ആത്മഹത്യകൾ

ഇതെല്ലാം പൊതുവേ സാമൂഹ്യ- സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങളുടെ ഫലമാണെങ്കിലും അത് ഉൾക്കൊണ്ട് ആവശ്യമായ മാറ്റങ്ങൾ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ ഉണ്ടാകുന്നില്ല. സ്വയം പ്രചോദിതരായി, സേവനതല്പരരായി വരുന്നവരും വ്യവസ്ഥയുടെ ഭാഗമാകാൻ നിർബ്ബന്ധിതരാകുന്നു. ഇപ്പോഴത്തെ ആരോഗ്യ സംവിധാനത്തിൽ, പ്രത്യേകിച്ച് വൻകിട സ്വകാര്യ ആശുപത്രികളിൽ നൈതികതക്ക് വിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്നതും സ്വേച്‌ഛാപരമായ തീരുമാനങ്ങളെടുക്കാൻ കഴിയാത്തതും പല ഡോക്ടർമാർക്കും നിരാശയുണ്ടാക്കുന്നുണ്ട്. തങ്ങൾ സങ്കൽപ്പിച്ച തരത്തിലുള്ള ആത്മസംതൃപ്തി ഒരിക്കലും ഈ ജോലിയിൽ നിന്ന് ലഭിക്കില്ല എന്ന തിരിച്ചറിവും അവർക്ക് വൈകാരിക സംഘർഷമുണ്ടാക്കുന്നു. ആവശ്യമുള്ള ഉപകരണങ്ങളുടെയും മരുന്നിന്റേയും ദൗർല്ലഭ്യവും അസിസ്റ്റന്റുമാരുടെ അഭാവവും സമ്മർദ്ദം കൂട്ടുന്നതായും പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥകൾ ചിലപ്പോൾ പുകവലി, മദ്യപാനം തുടങ്ങിയ സ്വഭാവങ്ങളിലേക്കും ആത്മഹത്യയിലേക്കും ഒക്കെ നയിക്കാം.

സ്ത്രീകളുടെ ഇപ്പോഴത്തെ സാമൂഹിക ചുറ്റുപാടിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുന്നതിൽ അതിശയിക്കാനില്ല. ഡോക്ടറായാലും കലക്ടറായാലും കുടുംബത്തിലെ വൈകാരികമായ ഭാരം ഏറ്റെടുക്കേണ്ടത് സ്ത്രീകളാണ്. വളരെയധികം ഉത്തരവാദിത്വവും ധാർമ്മികതയും ആവശ്യമുള്ള രണ്ട് കാര്യങ്ങളാണ് യുവതികളായ ഡോക്ടർമാർക്ക് ഏറ്റെടുക്കേണ്ടിവരുന്നത്. ഉന്നത വിദ്യാഭ്യാസവും കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തലും ഒരേസമയം ഏറ്റെടുക്കേണ്ടി വരുന്ന സാംസ്കാരികാന്തരീക്ഷമാണ് ഇന്നും നമ്മുടെ നാട്ടിലുള്ളത്. മറ്റുള്ളവരുടെ പിന്തുണയില്ലാതെ ഇത് ചെയ്തുകൊണ്ടുപോവുക വളരെ പ്രയാസമാണ്. രണ്ടിടത്തും വേണ്ട രീതിയിൽ സേവനം നടത്താൻ കഴിയാത്തത് കുറ്റബോധവും മരവിപ്പുമെല്ലാം (burn out) ചേർന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കുന്നു.

സമ്മർദ്ദഫലമായുള്ള രോഗം വ്യക്തിയിലാണ് പ്രകടമാകുന്നതെങ്കിലും അതിന്റെ വേരുകൾ കിടക്കുന്നത് വ്യവസ്ഥയിലാണ്. അത് വ്യക്തിതലത്തിൽ എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമായി തോന്നുന്നില്ല.

ഇപ്പോൾ 70 ശതമാനവും സ്ത്രീകളാണ് ഈ പ്രൊഫഷനിൽ എത്തുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. നൈറ്റ് ഡ്യൂട്ടിക്കും ദൂരസ്ഥലത്തെ ജോലിക്കും മറ്റും കുടുംബത്തിൽ നിന്നകന്നുകഴിയേണ്ടിവരുന്നത് എല്ലാവർക്കും ടെൻഷൻ ഉണ്ടാക്കുന്നതായാണ് കാണുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവിടാനും വിനോദങ്ങളിൽ പങ്കെടുക്കാനും കഴിയാത്തത് പൊതുവെ എല്ലായിടത്തും ഡോക്ടർമാരിൽ സമ്മർദ്ദമുണ്ടാക്കുന്നു. ജോലിയിൽ മുഴുകുന്നതിനാൽ ഇങ്ങനെ സംഭവിക്കുന്നത് അവർ അറിയുന്നതുപോലുമില്ല. സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കുന്നത് നിശ്ശബ്ദമായിട്ടാണ്.

ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പല പരിഹാരമാർഗ്ഗങ്ങളും ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടുവരുന്നുണ്ട്. അക്രമം ഒരു പ്രധാന കാരണമാണെന്ന ധാരണ നില നിൽക്കുന്നതിനാൽ സംരക്ഷണത്തിനായി പോലീസ്, സെക്യൂരിറ്റി എന്നീ സംവിധാനങ്ങളും നിയമനടപടികളുമാണ് ഇതിലൊന്ന്. ജൂനിയർ ഡോക്ടർമാരുടെ സമയപരിധി നിർണ്ണയിക്കാനുള്ള നിർദ്ദേശങ്ങളും ഉണ്ടായിട്ടുണ്ട്. വിശ്രമത്തിനും വിനോദത്തിനുമായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് മറ്റൊരു പരിഹാരമായി കാണുന്നത്. സ്ഥാപനങ്ങൾക്കുള്ളിൽ ഇത് പ്രായോഗികമായി നടന്നു കാണാറില്ല. ഡ്യൂട്ടി സമയത്ത് വിശ്രമിക്കാനുള്ള സുരക്ഷിതമായ മുറികൾ പോലും ലഭ്യമല്ല എന്നതാണ് കൊൽക്കത്തയിലെ ആർ. ജി. കർ മെഡിക്കൽ കോളേജിൽ നടന്ന സംഭവമൊക്ക സൂചിപ്പിക്കുന്നത്. ഡോക്ടർമാരുടെ സംഘടനകൾ പലവിധ വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നത് കാണാറുണ്ട്. കൗൺസിലിംഗ്, യോഗ, മെഡിറ്റേഷൻ എന്നിവയൊക്കെയാണ് സാധാരണ പരിഹാരത്തിനായി നൽകുന്ന നിർദ്ദേശങ്ങൾ. ഇവ ഫലപ്രദമല്ലെന്ന് പല പഠനങ്ങളും കാണിക്കുന്നു.

കൊൽക്കത്ത ആർ. ജി. കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധ സമരം.
കൊൽക്കത്ത ആർ. ജി. കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധ സമരം.

സമ്മർദ്ദഫലമായുള്ള രോഗം വ്യക്തിയിലാണ് പ്രകടമാകുന്നതെങ്കിലും അതിന്റെ വേരുകൾ കിടക്കുന്നത് വ്യവസ്ഥയിലാണ്. അത് വ്യക്തിതലത്തിൽ എളുപ്പം പരിഹരിക്കാവുന്ന ഒരു പ്രശ്നമായി തോന്നുന്നില്ല. ഇന്ന് കാണുന്ന യോഗ പരിശീലനവും മറ്റും കോർപ്പറേറ്റ് വ്യവസായത്തിൽ ജോലി ചെയ്യുന്നവരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളതാണ്. കൗൺസിലിംഗായാലും മെഡിറ്റേഷനായാലും മാനസിക സ്വാസ്ഥ്യമുണ്ടാക്കുന്നത് അതിന് അനുകൂലമായ അന്തരീക്ഷം കൂടി ഉണ്ടാകുമ്പോഴാണ്. ഒരു പാക്കേജായി എളുപ്പവഴി എന്ന തരത്തിൽ അത് നൽകുന്നത് കമ്പോളത്തിന്റെയും അതിന്റെ മത്സരയുക്തിയുടെയും ഫോർമാറ്റിനുള്ളിൽ നിന്നു കൊണ്ടാണ്. അതുകൊണ്ടാണ് ഈ പരിഹാരമാർഗ്ഗങ്ങൾ വിഫലമാകുന്നത്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്ന ഔദാര്യത്തിനപ്പുറത്തേക്ക് സാമൂഹ്യ പ്രതിബദ്ധതയിലേക്ക് നീങ്ങാൻ നമ്മുടെ വ്യവസ്ഥക്ക് കഴിയുമോ അത് ഉട്ടോപ്പിയ ആണോ എന്ന വലിയ ചോദ്യമുയരുന്നു.

വൻ ബിസിനസ്സുകളുടെ മാന്ത്രികവലയത്തിലേക്ക് നമ്മളെല്ലാവരും ആകർഷിക്കപ്പെടും. മറ്റു തെരഞ്ഞെടുപ്പുകൾ അസാദ്ധ്യമാക്കുന്ന തരത്തിൽ ലോകം മാറിയെന്നതും നമ്മൾ തിരിച്ചറിയാറില്ല. മത്സരവും ഉത്പന്നോന്മുഖമായ അദ്ധ്വാന സംസ്കാരവും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഐ.ടിയിലും ഫൈനാൻസിലും ആരോഗ്യസേവനത്തിലും മാത്രമല്ല, ഒരുവിധം എല്ലാ മേഖലകളിലും വ്യാപിച്ചുകഴിഞ്ഞ സംസ്കാരമാണിത്. ഈ അന്തരീക്ഷത്തിൽ ചിലർ വർക്ക് ഹോളിക്കായി മാറുന്നു. ചിലപ്പോൾ മുകളിൽനിന്നുള്ള സമ്മർദ്ദവുമാകാം. രണ്ടായാലും സ്വയം അറിയാതെയാണ് ശരീരത്തിൽ മാറ്റങ്ങളുണ്ടാവുക.

ആരോഗ്യ സേവനത്തിലെ കോർപ്പറേറ്റുവൽക്കരണം മറ്റു മേഖലകളെ അപേക്ഷിച്ച് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. ഡോക്ടർമാർ വലിയ തരത്തിൽ ധാർമ്മിക പ്രതിസന്ധിയിൽ പെടാറുണ്ട്. സംവേദനക്ഷമത നഷ്ടപ്പെട്ട വിഭാഗവുമുണ്ട്. സർവ്വവ്യാപിയായ വാണിജ്യസംസ്കാരത്തിൽ നിന്ന് ആരോഗ്യത്തെ വേർപ്പെടുത്തേണ്ടതില്ലേ എന്ന ചോദ്യം ഉയർന്നുവരാറുണ്ട്. അത് സാദ്ധ്യമാണോ എന്ന ചോദ്യവുമുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്ന ഔദാര്യത്തിനപ്പുറത്തേക്ക് സാമൂഹ്യ പ്രതിബദ്ധതയിലേക്ക് നീങ്ങാൻ നമ്മുടെ വ്യവസ്ഥക്ക് കഴിയുമോ അത് ഉട്ടോപ്പിയ ആണോ എന്ന വലിയ ചോദ്യമുയരുന്നു. മനുഷ്യർ തമ്മിലുള്ള ഇടപെടലുകൾ ജൈവികമാകാനുള്ള സ്വപ്നം നമ്മൾ ഉള്ളിൽ പേറുന്നുണ്ട്. ഈ കാലത്ത് നടക്കാനിടയില്ലാത്തതാണെങ്കിലും ആരോഗ്യ നികേതനത്തിലെ ജീവൻ മശായ് നമ്മുടെ ഭാവനകളിൽ കൂടി നടന്നുനീങ്ങുന്നത് ഇതു കൊണ്ടാണ്.

അന്നയുടെയും മറ്റനേകം സുഹൃത്തുക്കളുടെയും ആകസ്മിക വേർപാടുകളും അവ ശേഷിപ്പിക്കുന്ന വേദനയും ജോലിസ്ഥലത്ത് മെച്ചപ്പെട്ട വ്യവസ്ഥകളുണ്ടാക്കുമെങ്കിൽ അത്രയും നല്ലത്. .
അന്നയുടെയും മറ്റനേകം സുഹൃത്തുക്കളുടെയും ആകസ്മിക വേർപാടുകളും അവ ശേഷിപ്പിക്കുന്ന വേദനയും ജോലിസ്ഥലത്ത് മെച്ചപ്പെട്ട വ്യവസ്ഥകളുണ്ടാക്കുമെങ്കിൽ അത്രയും നല്ലത്. .

അന്നയുടെയും മറ്റനേകം സുഹൃത്തുക്കളുടെയും ആകസ്മിക വേർപാടുകളും അവ ശേഷിപ്പിക്കുന്ന വേദനയും ജോലിസ്ഥലത്ത് മെച്ചപ്പെട്ട വ്യവസ്ഥകളുണ്ടാക്കുമെങ്കിൽ അത്രയും നല്ലത്. ജോലിസമയം പരിമിതപ്പെടുത്തുക, അന്തരീക്ഷം കൂടുതൽ മനുഷ്യത്വപരവും സുരക്ഷിതവുമാക്കുക, എന്നിവയൊക്കെ നിയമപരമായി തന്നെ സ്ഥാപനവൽക്കരിക്കപ്പെടേണ്ടതുണ്ട്. അതിനപ്പുറം ഈ അവസ്ഥ നമുക്ക് പ്രശ്നമായി അനുഭവപ്പെടുമ്പോഴും അതിന് ‘റെഡിമെയ്ഡ് പാക്കേജ്’ ഉത്തരങ്ങളില്ല. നമ്മളെ ഇത് ഗാഢമായി സ്പർശിക്കുന്നു എങ്കിൽ ആ ഓർമ കാത്തു സൂക്ഷിക്കുക. ഒരുപക്ഷേ, എപ്പോഴെങ്കിലും വ്യവസ്ഥകൾ മാറുന്നതിലേക്ക് ആ ആലോചനകളും ഒരു ഓഹരി നല്കുന്നുണ്ടാവും.


Summary: Ernst and Young IT Company employee Anna Sebastian's death an alarm bell to job stress concerns in India. Dr AK Jayasree writes about stress management.


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ‘എഴുകോൺ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments