മനഃസ്സാക്ഷിയെ നടുക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തിലെ വിദ്യാലയങ്ങളിൽ സാധാരണമാകുകയാണ്. കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും (അ)രാഷ്ട്രീയ പ്രവർത്തനങ്ങളുമാണ് ഇവയ്ക്കു കാരണമെന്ന് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും കാണാറുണ്ട്. ഇവ രണ്ടും വിദ്യാർത്ഥികളെ സാരമായി സ്വാധീനിക്കുന്നുവെങ്കിലും ഇവയെ മാത്രം കുറ്റപ്പെടുത്തുന്നത് സങ്കീർണമായ ഒരു സാമൂഹികപ്രശ്നത്തെ ലഘൂകരിക്കാനും മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്താനും മാത്രമേ സഹായിക്കൂ. ഇത്തരം സംഭവങ്ങൾ തടയണമെങ്കിൽ അതിൻ്റെ സങ്കീർണ്ണത മനസ്സിലാക്കാനും ഫലവത്തായ ഇടപെടൽ നടത്താനും നമ്മൾ ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്.
ഓരോ ജീവിതഘട്ടത്തിലും നമ്മൾ വ്യത്യസ്ത വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. ചുറ്റുമുള്ളവരുമായി പ്രശ്നങ്ങൾ പങ്കുവച്ചും പരിഹാരങ്ങൾ കണ്ടെത്തിയുമാണ് നാം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. നമ്മുടെ പ്രശ്നങ്ങൾ സാധാരണമാണെന്നും, ഇവ ചർച്ചചെയ്യാൻ നമ്മെ മനസ്സിലാക്കുന്ന ചിലരെങ്കിലും ഉണ്ടെന്നുമുള്ള അറിവ് സാമൂഹ്യജീവികളായ നമുക്ക് അത്യാവശ്യമാണ്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്. എന്നാൽ ചിലരുടെ സാഹചര്യങ്ങൾ ഇത്തരം ബന്ധങ്ങൾ ഉണ്ടാകുന്നതിനും വളരുന്നതിനും പ്രതികൂലമാണ്. സ്കൂളിൽനിന്നും മാതാപിതാക്കളിൽനിന്നും മാനസികമായി അകലുന്ന കുട്ടികൾക്ക് സ്വന്തം പ്രശ്നങ്ങൾ ആരോഗ്യപരമായി പരിഹരിക്കാൻ കഴിയാതെ വന്നേക്കാം. തങ്ങളെ ആർക്കും വേണ്ടെന്നും, തങ്ങളുടെ പ്രശ്നങ്ങൾ ആർക്കും മനസിലാകില്ലെന്നും തോന്നാം. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഹാരി സള്ളിവൻ ഈ അവസ്ഥയെ delusion of uniqueness എന്ന് വിളിക്കുന്നു. ഇത്തരം ഭ്രമത്തിന് അടിമപ്പെടുന്ന കുട്ടികളാണ് സ്കൂളുകളിൽ അക്രമം അഴിച്ചുവിടുന്നത് എന്നദ്ദേഹം പറയുന്നു. സുഹൃത്തുക്കളുടെയും മാധ്യമങ്ങളിലൂടെ ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിത്.

സാമൂഹിക മാദ്ധ്യമങ്ങൾ പ്രചാരത്തിൽ വന്നതോടെ നമ്മുടെ ശ്രദ്ധയുടെ വില നന്നേ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ പ്രമുഖ കമ്പനികൾ അവരുടെ ഉല്പന്നങ്ങൾ ഇവയിലൂടെ പരസ്യം ചെയ്യുന്നത്. ആധുനിക സമൂഹത്തിന് ബോറടി അസഹനീയമാണ്; യൂട്യൂബ് പോലുള്ളവ സാധാരണവും. വാർത്തകൾ വായിക്കാനും വീഡിയോകൾ കാണാനും ഇത്രയേറെ വഴികൾ ഉള്ളപ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് ഏറ്റവും പുതിയതും ഞെട്ടിപ്പിക്കുന്നതുമായ വാർത്തകളാണ്. ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വീഡിയോകൾ ഇത്തരത്തിലുള്ളവയാണ്.
സ്കൂളുകളിലും ഇതുതന്നെയല്ലേ സ്ഥിതി? ടീച്ചറെ അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുന്ന വാർത്തകൾക്ക് വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളിലും മാധ്യമങ്ങളിലും പ്രഥമ സ്ഥാനമുണ്ട്. എന്നാൽ, അധ്വാനിച്ചു പഠിച്ച വിദ്യാർത്ഥികൾക്കോ? അവരുടെ നേട്ടങ്ങൾ മാധ്യമങ്ങളോ മറ്റ് വിദ്യാർത്ഥികളോ ശ്രദ്ധിക്കാറില്ല, മറിച്ച്, അവരെ 'പഠിപ്പിസ്റ്റ്', 'പുസ്തകപ്പുഴു' എന്നൊക്കെ വിളിച്ചു കളിയാക്കാറുമുണ്ട്. സ്കൂളുകളിൽ അക്രമത്തിന് ശ്രദ്ധയും പഠനമികവിന് അശ്രദ്ധയും ഉണ്ടാകുമ്പോൾ വിദ്യാർഥികൾ അക്രമത്തിലേക്ക് തിരിയുന്നതിൽ ആശ്ചര്യമില്ല.
സാമൂഹിക മാദ്ധ്യമങ്ങൾ പ്രചാരത്തിൽ വന്നതോടെ നമ്മുടെ ശ്രദ്ധയുടെ വില നന്നേ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ പ്രമുഖ കമ്പനികൾ അവരുടെ ഉല്പന്നങ്ങൾ ഇവയിലൂടെ പരസ്യം ചെയ്യുന്നത്.
ഇതിന്റെ മറ്റൊരുദാഹരണമാണ് സിനിമയിൽ കാണുന്ന അക്രമം. ആക്ഷൻ ഹീറോ രംഗങ്ങളിൽ രക്തം, ദേഹോപദ്രവം, ലഹരിയുടെ ഉപയോഗം, സ്ത്രീകളോട് ലൈംഗികചുവയുള്ള ഡയലോഗുകൾ എന്നിവ എല്ലാ ഭാഷാസിനിമകളിലും വർദ്ധിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെന്ന പോലെ നമ്മെ ഞെട്ടിക്കാനും ശ്രദ്ധ പിടിച്ചുപറ്റാനുമായി ചെയ്യുന്നതാണിത്. ഇത്തരം സിനിമകൾ കാണുന്ന വിദ്യാർത്ഥികൾക്ക് സിനിമയും ജീവിതവും തമ്മിലുള്ള അന്തരം മനസിലാകണമെന്നില്ല; ബുദ്ധിവികാസം പൂർണമാകാത്തതു കൊണ്ടാവാം അത്. ഹീറോയുടെ പെരുമാറ്റം ജീവിതത്തിൽ അനുകരിക്കുന്നത് സ്കൂളിൽ അക്രമം വർദ്ധിക്കാൻ മറ്റൊരു കാരണമാകുന്നു.
ശരീരത്തിന്റേയും മനസ്സിന്റെയും ആരോഗ്യത്തിൽ നാം നൽകുന്ന ശ്രദ്ധ നമ്മുടെ ലോകവീക്ഷണത്തെയും ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. സൗന്ദര്യം എന്ന് പൊതുവായി വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയുടെ മാനദണ്ഡങ്ങൾ ലോകമെമ്പാടും ഉയരുന്നതിനോടൊപ്പം, പൊണ്ണത്തടിയുടെ നിരക്കും കൂടുന്നുണ്ട്. 2021- ലെ ദേശീയ ആരോഗ്യ സർവ്വേ പ്രകാരം കേരളത്തിൽ 28.5% പുരുഷന്മാർക്കും 32.5% സ്ത്രീകൾക്കും അമിതഭാരമുണ്ട്. ഇതിലേറെയും പോഷകാഹാരത്തിന്റെയും വ്യായാമത്തിന്റെയും കുറവ് മൂലമാണ്. ആരോഗ്യത്തിൽ ശ്രദ്ധിക്കാതെ വളരുന്ന കുട്ടികൾക്ക് അമിതഭാരവും ‘സൗന്ദര്യ’ക്കുറവും മൂലം അരക്ഷിതാവസ്ഥയുണ്ടായേക്കാം. ‘സൗന്ദര്യ’ത്തിന്റെ പൊതുമാനദണ്ഡമുള്ളവർക്ക് നവമാധ്യമങ്ങളിൽ ലഭിക്കുന്ന ആരാധനയും തങ്ങളുടെ വീട്ടുകാരും കൂട്ടുകാരും സ്ഥിരമാക്കുന്ന പരിഹാസവും കൂടിയാകുമ്പോൾ വിദ്യാർത്ഥികൾ അക്രമമനോഭാവത്തോടെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്.

ക്ലാസിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടുമ്പോൾ അദ്ധ്യാപകർക്ക് ഓരോ വിദ്യാർത്ഥിയേയും ശ്രദ്ധിക്കാനും അവർക്കാവശ്യമായ ഉപദേശം നൽകാനും കഴിയാതെ വരാം. ആരോഗ്യകരമായ അധ്യാപക- വിദ്യാർത്ഥി ബന്ധങ്ങൾക്ക് ആത്മാർത്ഥത, സഹാനുഭൂതി, പരിഗണന എന്നിവ ആവശ്യമാണെന്ന് പ്രശസ്‌ത മനഃശാസ്ത്രജ്ഞൻ കാൾ റോജർസ് പറയുന്നു. ഇത് അസാദ്ധ്യമായ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ആത്മാഭിമാനം കുറഞ്ഞുപോകാം. ചിലർക്ക് വീട്ടിൽ ശ്രദ്ധാലുക്കളായ മാതാപിതാക്കളുണ്ടാകാം, മറ്റു ചിലർക്ക് വീട്ടിലും ശ്രദ്ധ കിട്ടാതെ വരാം. അർത്ഥവത്തായ ബന്ധങ്ങൾ സ്കൂളിലും വീട്ടിലും ലഭിക്കാത്ത വിദ്യാർഥികൾ അക്രമാസക്തരാകാൻ സാധ്യത കൂടുതലാണ്.
ഇത്തരം പാരിസ്ഥിതിക ഘടകങ്ങൾ കൊണ്ട് ഇന്നത്തെ വിദ്യാർഥികൾക്ക് സമപ്രായക്കാരോട് അനുകമ്പയോടെ പെരുമാറാൻ കഴിയാതെ വരുന്നു. ജാതി, മതം, ഭാഷ എന്നിങ്ങനെ നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്ന ഒന്നിനോടും സഹിഷ്ണുതയില്ലാതെ പെരുമാറുന്ന സാഹചര്യം നിത്യവും മാധ്യമങ്ങളിൽ കാണുന്നതാണ്. ഇത് നേരിടാൻ വിദ്യാർത്ഥികൾക്ക് അത്യാവശ്യം സഹാനുഭൂതി, അഭിനന്ദനം, സ്ഥിരത എന്നിവയുള്ള ശക്തമായ ബന്ധങ്ങളാണ്. അത് തുടങ്ങേണ്ടത് മാതാപിതാക്കളിൽ നിന്നുമാണ്.
ഒരു രക്ഷാകർത്താവ് നൽകാത്ത കരുതൽ മറ്റൊരു രക്ഷാകർത്താവിൽ നിന്ന് നേടുന്നത് സാധാരണവും ആരോഗ്യകരവുമാണ്. എന്നാൽ, രക്ഷാകർത്താവിന്റെ സ്ഥാനം ഏറ്റെടുക്കാൻ സുഹൃത്തുക്കൾ പ്രാപ്‌തരല്ല.
വിദ്യാർത്ഥികൾ വളർത്തിയെടുക്കുന്ന ബന്ധങ്ങൾ സമ്പ്രദായികത അനുസരിച്ച് രണ്ടായി തരംതിരിക്കാമെന്ന് ടെക്സസ് സർവകലാശാലയിലെ ഡോ. മൈക്കിൾ കർച്ചർ പറയുന്നു. വീട്, ചുറ്റുമുള്ള സമൂഹം, ആരാധനാലയം, സ്കൂൾ എന്നിവയോടുള്ള അടുപ്പം പരമ്പരാഗതമാണ്. ഇവയ്ക്ക് ഘടന, അതിരുകൾ, മുതിർന്നവരുടെ മേൽനോട്ടം, ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണം എന്നിവയുണ്ട്. അതുകൊണ്ടുതന്നെ ഇവയിൽ സമയം ചെലവഴിക്കുന്ന വിദ്യാർത്ഥികൾ മുതിർന്നവരുടെ മൂല്യങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയും അതുവഴി പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കുകയും ചെയ്യും. മുതിർന്നവരുടെ മേൽനോട്ടമുണ്ടെങ്കിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശരിയായ മൂല്യങ്ങളുള്ളവരെമാത്രം സ്വീകരിക്കാനുള്ള വിവേകം വിദ്യാർത്ഥികൾക്കുണ്ടാകും. മേൽനോട്ടമില്ലാതെ അധികസമയം സുഹൃത്തുക്കൾ, സമപ്രായക്കാർ, പ്രണയ പങ്കാളികൾ എന്നിവരുമായി ചെലവഴിക്കുന്നത് പാരമ്പര്യേതര ബന്ധങ്ങൾ ഉറപ്പിക്കുകയും അക്രമത്തിലേക്കുള്ള വഴിതുറക്കുകയും ചെയ്യുന്നു. ഇത്തരം എല്ലാ ബന്ധങ്ങളും ഒഴിവാക്കണമെന്നല്ല; ഇവ രണ്ടും തുല്യപ്രാധാന്യത്തോടെ വളർത്തണമെന്നു മാത്രം. പരമ്പരാഗതമായ ബന്ധങ്ങളുടെ അഭാവം പാരമ്പര്യേതര ബന്ധങ്ങൾകൊണ്ട് നികത്താൻ ശ്രമിക്കുന്നിടത്താണ് പ്രശ്നങ്ങൾ തുടങ്ങുന്നതെന്ന് കർച്ചർ പറയുന്നു. ഒരുകൂട്ടം വിദ്യാർത്ഥികൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ദിവസങ്ങളോളം അക്രമത്തിന് പദ്ധതിയിട്ടത് ആരുടെയും മാതാപിതാക്കൾ അറിഞ്ഞില്ലെന്നത് മേൽനോട്ടക്കുറവിന് ഉദാഹരണമാണ്. ഒരു രക്ഷാകർത്താവ് നൽകാത്ത കരുതൽ മറ്റൊരു രക്ഷാകർത്താവിൽ നിന്ന് നേടുന്നത് സാധാരണവും ആരോഗ്യകരവുമാണ്. എന്നാൽ, രക്ഷാകർത്താവിന്റെ സ്ഥാനം ഏറ്റെടുക്കാൻ സുഹൃത്തുക്കൾ പ്രാപ്‌തരല്ല.

സ്കൂളിൽ ചേർക്കുന്നതിന് ഏറെ മുമ്പുതന്നെ കുട്ടികളുമായി ശക്തമായ ആത്മബന്ധം വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അവരുമായി സമയം പങ്കുവെച്ചും അവരുടെ പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തിയുമാണ് ഈ ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടത്. നവമാധ്യമങ്ങളോട് നമ്മിൽ പലർക്കുമുള്ള ആസക്തി കുറയ്ക്കാൻ ഈ സംഭാഷണങ്ങൾക്ക് കഴിഞ്ഞേക്കാം. കുട്ടികളുടെ സ്വഭാവവികാസത്തിന് മൂന്നു ഘടകങ്ങൾ അനിവാര്യമാണ്: സഹാനുഭൂതി, അഭിനന്ദനം, ശ്രദ്ധ. ഇവ സ്ഥിരമായി നല്കുന്ന മുതിർന്നവരെ കുട്ടികൾ ബഹുമാനിക്കുകയും അവരുടെ സാമീപ്യം ഇഷ്ടപ്പെടുകയും ചെയ്യുമെന്നു പഠനങ്ങൾ സൂചിപ്പിയ്ക്കുന്നു. തങ്ങൾക്കൊരു പ്രശ്നമുണ്ടായാൽ മുതിർന്നവർ ഉണ്ടാകുമെന്നും അവർക്കത് മനസിലാകുമെന്നുമുള്ള വിശ്വാസം, സ്വന്തം പ്രവൃത്തികൾ കൊണ്ട് അവരുടെ പ്രശംസ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളിലേക്ക് മാറുന്നു. തങ്ങൾ പ്രാപ്‌തരാണ്, കുടുംബത്തിന് വേണ്ടപ്പെട്ടവരാണ് എന്നൊക്കെയുള്ള ബോധ്യം ക്രമേണ ഉണ്ടാകുമ്പോൾ അക്രമത്തിന് പ്രസക്‌തിയില്ല.
വിദ്യാർത്ഥികൾ വളർന്നുവരുമ്പോൾ അവരുടെ താല്പര്യങ്ങളും അവർ ഇടപെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. ഓരോ സാമൂഹികവലയത്തിലും അവരുടെ പങ്ക് എന്തെന്ന് മനസിലാക്കാനും അതിലെ അംഗങ്ങളുടെ മൂല്യങ്ങൾ തങ്ങളുമായി ചേർന്നതാണോ എന്ന് തീരുമാനിക്കാനും രക്ഷാകർത്താക്കളുമായുള്ള ശക്തമായ ബന്ധത്തിന് കഴിയും.
എന്നാൽ ഇന്നത്തെ സ്ഥിതി ഇതാണോ? ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന കുഞ്ഞുങ്ങൾക്കു മുമ്പിൽ ഫോണിൽ വീഡിയോ കാണിച്ച് ഊട്ടുന്ന എത്രയോ അമ്മമാർ നമുക്കിടയിലുണ്ട്. വീട്ടിലെ ജോലികൾക്കിടയിൽ കുട്ടികൾ സംസാരിക്കാൻ വന്നാൽ ഉടൻ ഫോൺ നല്കി അവരെ ഒഴിവാക്കുന്ന അച്ഛന്മാരും കുറവല്ല. രക്ഷാകർത്താക്കളിൽ നിന്ന് കിട്ടാതെ പോകുന്ന ശ്രദ്ധ ഫോണിലൂടെ എപ്പോഴും കിട്ടുമ്പോൾ അതിനോടും അതിലൂടെ പരിചയപ്പെടുന്നവരോടും കുട്ടികൾക്ക് അടുപ്പം തോന്നുന്നത് സ്വാഭാവികം. ഈ 'സുഹൃത്തുകൾ' മേല്പറഞ്ഞ മൂന്നു ഘടകങ്ങൾ സ്ഥിരമായി നല്കുമ്പോൾ കുട്ടികൾ അവരുടെ സാമീപ്യം കാംക്ഷിക്കുകയും അവർ നല്കുന്ന ലഹരിയോടും രാഷ്ട്രീയാഹ്വാനങ്ങളോടും താല്പര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനു കൂട്ടുനിൽക്കാത്ത രക്ഷിതാക്കളിൽനിന്ന് ക്രമേണ കുട്ടികൾ അകന്നുപോകുന്നു. ഈ അകൽച്ച ഇവർ സ്കൂളിൽ ചെല്ലുമ്പോൾ ടീച്ചർമാരോടും ഉണ്ടാകുന്നു. പഠനത്തിൽ താല്പര്യക്കുറവും ടീച്ചറോടുള്ള അനാദരവും പ്രകടിപ്പിക്കുന്നവരെ സ്കൂൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.

മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു മാർഗമാണ് അക്രമം. സ്വന്തം ആവശ്യങ്ങൾക്ക് മറ്റുള്ളവരുടെ ആവശ്യങ്ങളേക്കാൾ പ്രാധാന്യം കല്പിക്കുമ്പോൾ ഇതുണ്ടാകുന്നു. ക്ലാസിലും വീട്ടിലും സമൂഹത്തിലും ലോകത്തും സ്വന്തം സ്ഥാനം എന്തെന്ന് മനസിലാക്കാനും, ഒരു പ്രശ്‍നം മറ്റുള്ളവരുടെ കാഴ്ചപ്പാടിൽനിന്ന് മനസ്സിലാക്കാനും കഴിയാത്തതാണ് ഇതിന്റെ കാരണം. കുട്ടികൾ ചോദിക്കുന്നതെന്തും അപ്പോൾ തന്നെ വാങ്ങിച്ചുനല്കുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ വസ്തുക്കളുടെ വിലയെന്തെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാതെ സാധനങ്ങൾ കൊടുത്തു മാത്രം കിട്ടുന്ന സ്നേഹം വ്യർത്ഥമാണ്. കുട്ടികളിൽ ഇത് അഹംഭാവമുണ്ടാക്കുന്നു. ചോദിച്ചതു കിട്ടാതെ വരുമ്പോൾ രോഷം, പട്ടിണികിടക്കൽ, ഭയപ്പെടുത്തുന്ന പെരുമാറ്റം, അക്രമം എന്നിവ ഉണ്ടായേക്കാം. അതുകൊണ്ട് ഓരോ അവസരത്തിലും വീട്ടിലെ സാഹചര്യവും സാധനങ്ങൾ വേണമെങ്കിൽ ചെയ്യേണ്ട പ്രായാനുസൃതമായ ജോലികളും അവർക്ക് രക്ഷിതാക്കൾ മനസിലാക്കിക്കൊടുക്കേണ്ടതാണ്. വിദ്യാർത്ഥികൾ വളർന്നുവരുമ്പോൾ അവരുടെ താല്പര്യങ്ങളും അവർ ഇടപെടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നു. ഓരോ സാമൂഹികവലയത്തിലും അവരുടെ പങ്ക് എന്തെന്ന് മനസിലാക്കാനും അതിലെ അംഗങ്ങളുടെ മൂല്യങ്ങൾ തങ്ങളുമായി ചേർന്നതാണോ എന്ന് തീരുമാനിക്കാനും രക്ഷാകർത്താക്കളുമായുള്ള ശക്തമായ ബന്ധത്തിന് കഴിയും. അക്രമകാരികളുമായുള്ള കൂട്ടുകെട്ട് ഒഴിവാക്കാൻ ഇതേറെ സഹായിക്കുന്നു.
നാം അറിയപ്പെടുന്നത് നമ്മുടെ കൂട്ടുകെട്ടുകൊണ്ടാണ് എന്ന എസോപിന്റെ ആപ്തവാക്യം ഇവിടെ ഓർക്കുന്നു. ഈ കൂട്ടുകെട്ടുകൾ ആരോഗ്യപരമാണെന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളും അദ്ധ്യാപകരുമാണ്. സമൂഹത്തിന് നന്മ ചെയ്യുന്ന കൂട്ടുകെട്ടുകൾ ഉത്തമമാണ്. ഉദാഹരണത്തിന് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികളെ പഠനത്തിലും കളിയിലും സഹായിക്കുക, വൃദ്ധസദനത്തിൽ ഞായറാഴ്ചകൾ ചെലവഴിക്കുക, എല്ലാരും ചേർന്ന് പരിസരം വൃത്തിയാക്കുക, സമൂഹപ്രാർത്ഥനയിൽ ചേരുക തുടങ്ങിയവ. ഇവ ചെയ്യുമ്പോൾ കുട്ടികളെ മറക്കാതെ അഭിനന്ദിക്കുക. എന്നാൽ എല്ലാ കൂട്ടുകെട്ടുകളും ഇങ്ങനെയാകണമെന്നില്ല: ഗെയിം കളിക്കുന്നതും നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമെല്ലാം വിദ്യാർത്ഥികളുടെ വളർച്ചക്ക് ആവശ്യം തന്നെ. എന്നാൽ, സ്കൂളിൽ പോകുന്നതിനുമുമ്പുതന്നെ ഇത്തരം പ്രവർത്തികൾക്ക് സമയപരിധിയും രക്ഷിതാക്കളുടെ മേൽനോട്ടവും അത്യാവശ്യമാണ്. കരുതൽ തുടർച്ചയായി ലഭിക്കേണ്ടത് വീട്ടിൽനിന്നാണ്, സുഹൃത്തുക്കളിൽ നിന്നല്ല.