ജി.ആർ. ഇന്ദുഗോപൻ

മനുഷ്യർ തമ്മിലുള്ള ഇടപെടലിനെ കുറിച്ച്
​എന്താ ആരും ഒന്നും പഠിപ്പിക്കാത്തത്?

സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുത്ത ഒരു ലേഡിയോട്, യാത്രാമധ്യേ, പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി, അപമര്യാദയോടെ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലുള്ള കുറിപ്പ്

15 കൊല്ലം മുമ്പാണ്.
പൂനയിലെ കരസേനാ ക്യാംപിൽ ഒരിക്കൽ പോകേണ്ടി വന്നു.
വിശാലമായ വാഷ് റൂം. നിരന്ന് വാഷ്‌ബേസിൻ.
അതിലൊന്നിനുമുന്നിൽ സ്ലീവ്‌ലെസ് ബ്ലൗസിട്ട, സാരിയുടുത്ത് നീളം കൂടിയ ഒരു ലേഡി നിന്ന് കക്ഷം ക്ഷൗരം ചെയ്യുന്നു.
കിറുകിറു ശബ്ദംകേട്ട് അങ്ങോട്ട് നോക്കിയതാണ്.
അപ്രതീക്ഷിതമായിരുന്നു ആ കാഴ്ച.
ആ ഭാഗത്തേക്ക് ഒരു കാരണവശാലും നോക്കാതിരിക്കാൻ ശ്രമിച്ച് പെട്ടെന്ന് പുറത്തുകടന്നു.
അതിനിടയിൽ, മറ്റൊരു പട്ടാള ഉദ്യോഗസ്ഥൻ കടന്നുവന്നു. മറ്റൊരു വാഷ്‌ബേസിൻ ഉപയോഗിക്കുമ്പോൾ തന്നെ അയാൾ ആ ലേഡിയുമായി ഉപചാരം പറഞ്ഞു. കുശലം പറഞ്ഞു; അവരുടെ മുഖത്തു നോക്കിത്തന്നെ.

ജി.ആർ. ഇന്ദുഗോപൻ കുടുംബത്തോ​ടൊപ്പം, പഴയ ചിത്രം

ആ രംഗം എന്തുകൊണ്ട് എന്റെ മനസ്സിന് അസ്വസ്ഥതയുണ്ടാക്കി എന്ന് ഞാൻ പിന്നീട് പലവട്ടം ആലോചിച്ചിട്ടുണ്ട്.
കൾച്ചറൾ ഷോക്കായിരുന്നു കാരണമെന്നു പറയാം. നമുക്ക് ആ കാഴ്ച ഒട്ടും പരിചിതമല്ല, അതിനാൽ ഉൾക്കൊള്ളാനായില്ല. ആ ഉദ്യോഗസ്ഥന് അങ്ങനെ അല്ല. ഈ ലേഡി പട്ടാളത്തിലെ ഒരു ഡോക്ടറാണ്. ബഹുമാന്യയായ വ്യക്തിത്വം. അവരെ അദ്ദേഹം അങ്ങനെയേ കണ്ടുള്ളൂ.
എന്റേത് വ്യക്തിപരമായ പ്രശ്‌നം മാത്രമാണെന്നു തോന്നുന്നില്ല. ഒരു സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. കേരളത്തിൽ നിന്നുള്ള ഒരു മാതിരിപെട്ടവരൊക്കെ, പെട്ടെന്ന് ഇത്തരം ഒരു കാഴ്ചയെ, സാധാരണ പോലെ ഉൾക്കൊള്ളുമെന്ന് തോന്നുന്നില്ല. അതിനർഥം, പുരുഷന്മാർ എതിർലിംഗത്തിൽ പെട്ടവരെ സമാനമായി അംഗീകരിക്കാൻ, തുല്യമായി പരിഗണിക്കാൻ മാനസികമായി പാകപ്പെട്ടില്ല എന്നതാണ്. ഇതുകൊണ്ട് ഞാൻ ന്യായം പറയുകയാണ്, കൾച്ചറൾ ഷോക്ക് എന്ന്. അല്ല. ഒരു ലേഡി, സമൂഹത്തിൽ താൻപോരിമ കാണിക്കുമ്പോഴുള്ള ഷോക്കാണിത്. നമ്മളിത്രയും സ്ത്രീ, സമൂഹത്തിലെ പൊതുധാരയിൽ നിന്ന് തലയുയർത്തി നിർത്തി, കേവലമൊരു ക്ഷൗരം ചെയ്തതിനെ ഉൾക്കൊള്ളാനാകുന്നില്ല. അതിന്റെ ഭാഗമായി, എന്റെയും നമ്മളിൽ പല പുരുഷന്മാരിലുമുള്ള ഭയമാണ് ഈ ഷോക്ക്. അതാണ് ഞാനിത് മറക്കാതിരിക്കുന്നത്.

യുക്തിവാദി, മഹാനായ എ. ടി. കോവൂർ ആത്മകഥയിൽ ഒരു അനുഭവം പറയുന്നു. അദ്ദേഹം ഒരു മീറ്റിങിൽ പങ്കെടുക്കാനെത്തി. കാർ, മറ്റനേകം വാഹനങ്ങൾക്കൊപ്പം പാർക്ക് ചെയ്തു. തിരിച്ചുവരാൻ രാത്രി വല്ലാതെ വൈകി. തിരിച്ചുവരുമ്പോൾ സ്ഥലകാലഭ്രമം സംഭവിച്ചു. ദൂരെ കിടക്കുന്ന കാർ കണ്ട്, "ആനമറുത' എന്ന് വിളിച്ച് ഭയപ്പെട്ടു. അടുത്ത സെക്കൻഡിൽ അദ്ദേഹം അബദ്ധം മനസ്സിലാക്കി. തന്റെ ഉള്ളിൽ ബാല്യകാലത്ത് കയറിക്കൂടിയ ഭയമാണത്. എന്നാൽ ഇതേ സങ്കൽപം അറിയാത്ത തന്റെ മകൻ ഒരിക്കലും ഇതേ ഭീതിയിൽ അടിപ്പെടില്ല എന്ന് അദ്ദേഹം പറയുന്നു.
മേൽപ്പറഞ്ഞ, സ്ത്രീയെ ഭയപ്പെടുക എന്ന നിലയിൽ നിന്ന് പുതിയ തലമുറ ഒരുപാട് മുന്നോട്ടുപോയെന്ന് ഞാൻ കരുതി. എങ്കിലും അടുത്ത നാളിലെ ഒരു സംഭവം ആശങ്കപ്പെടുത്തി.
സഹാനുഭൂതിയോടെ ലിഫ്റ്റ് കൊടുത്ത ഒരു ലേഡിയോട്, യാത്രാമധ്യേ, പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥി, മാറത്ത് പിടിച്ചോട്ടെ എന്ന് ചോദ്യം ചോദിച്ചതാണ് അത്.
ലിംഗവ്യത്യാസവുമായി ബന്ധപ്പെട്ട് ഒരുപാട് അപക്വതകൾ ബാക്കി കിടക്കുന്നു എന്ന് മനസ്സിലായി. വാഷ്‌റൂം ഉൾപ്പെടെയുള്ള പൊതുഇടങ്ങൾ പങ്കിടാനുള്ള സ്വാതന്ത്ര്യം എല്ലാ ലിംഗത്തിൽ പെട്ടവർക്കുമുണ്ട്. പൊതുവിൽ നാം മനുഷ്യരാണെന്ന ബോധം അങ്ങനെയുള്ള സമഭാവനയിൽ നിന്നാണ് ഉണ്ടാകേണ്ടത്. മനുഷ്യത്വവും അങ്ങനെയാണ് വളരുന്നത്. പക്ഷേ നമ്മുടെ വാഷ് റൂമുകൾ, ബസിലെ സീറ്റുകൾ ഒക്കെ യൂണിസെക്‌സ് ആകാത്തത് എന്തു കൊണ്ടാണ്? പുരുഷനാണ് അവനവനെ ഭയക്കുന്നത്. അവിശ്വസിക്കുന്നത്. അവനാണ് ഇത്തരത്തിലുള്ള പൊതുആർക്കിടെച്വർ ഇപ്പോഴും കൈയാളുന്നത്. ഇവയെ കുറിച്ച് ചർച്ച ചെയ്യാൻ പോലും സമൂഹവും മടിക്കുന്നു.

ഇത് കുഴപ്പം പിടിച്ച ബാല്യത്തിന്റെ പ്രശ്‌നമാണ്. സ്ത്രീ അദ്ഭുതമാണ്, അവരുടെ സാമീപ്യം കൾച്ചറൾ ഷോക്കാണ്, അവർ അന്യായമായ ചോദനകളുണ്ടാക്കുന്നു തുടങ്ങിയ അപകടചിന്തകൾ അവരിലുണ്ടെന്നതിന്റെ അടയാളമാണിത്. അതു കൊണ്ടാണ് ആ ലേഡിയോട്, ഈ ചോദ്യം ചോദിച്ച കുട്ടിയുടെ മാനസികാവസ്ഥ, പൊതുമാനനസികനിലയുമായി ചേർത്ത് പരിശോധിക്കേണ്ടി വരുന്നത്. അന്യവ്യക്തികളുടെ അന്തസ്സിനെ, അത് സ്ത്രീയായാലും പുരുഷനായാലും നമ്മൾ ആദരിക്കേണ്ടതാണെന്ന വിദ്യാഭ്യാസം ഈ കുട്ടിക്ക് കിട്ടാത്തതല്ലേ കുഴപ്പം. നല്ല സ്പർശം, ചീത്ത സ്പർശം എന്നീ വക കാര്യങ്ങളെ കുറിച്ച് നമ്മൾ പെൺമക്കളെ ബോധവൽക്കരിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചുനാളേ ആയുള്ളു. അതിനു മുൻപ് എത്ര ആയിരം തലമുറയിലെ കുഞ്ഞുങ്ങൾ ചീത്ത സ്പർശം സഹിച്ചു? എന്തേ ഇത്തരം വിഷയങ്ങളിൽ നമ്മുടെ വിദ്യാഭ്യാസം സമഗ്രമാകുന്നില്ല?
എന്തുകൊണ്ട് വിദ്യാഭ്യാസരീതികളിൽ വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല. ജനിക്കുമ്പോൾ തന്നെ നമ്മുടെ കുട്ടികൾ ഒറ്റയ്ക്കാണ്. അവർ ഒറ്റയ്ക്ക് ഉരുത്തിരിയണമെന്ന് നാം കരുതുന്നു. അഥവാ, നേരത്തേ പറഞ്ഞതു പോലെ നമ്മൾ കുട്ടികളെയും ഭയപ്പെടുന്നു.
അശിക്ഷിതമായ ബാല്യം, വിവേകമില്ലാത്ത കൗമാരകാല കൂട്ടുകാർ തുടങ്ങിയവ വലിയ അപകടമുണ്ടാക്കുമ്പോഴാണ് സമൂഹം ഇടപെടുന്നത്. ഇരട്ടത്താപ്പുകൾ കണ്ടാണ് കുട്ടികൾ വളരുന്നത്. ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ, ഒരു പുരുഷൻ ഒരു സ്ത്രീ മാത്രമിരിക്കുന്ന സീറ്റിയിൽ ചെന്നിരിക്കില്ല. എന്തോ ലിംഗപരമായ തൊട്ടുകൂടായ്മ അവർ കാണുന്നു.

സ്ത്രീപുരുഷബന്ധത്തെ കുറിച്ചും, അവർക്കിടയിൽ അന്തർധാരയായിരിക്കേണ്ട സ്‌നേഹത്തിന്റെ പല മാനങ്ങളെ കുറിച്ചും പാഠപുസ്തകങ്ങൾ മൗനം പാലിക്കുന്നതെന്തു കൊണ്ട്?

അതേസമയം തീവണ്ടിയിൽ കുഴപ്പമില്ല. കുറച്ചു കൂടി പൊതുഇടമാണ് ട്രെയിനിലേത്. മുഖാമുഖമിരിക്കുന്നതിന്റെ ധൈര്യം എന്നൊക്കെ ന്യായം പറയാം. അപ്പോഴും പൂർണമായ സുതാര്യത ഇല്ല. വലിയ അവിശ്വാസം നമ്മളിൽ കിടന്നലയ്ക്കുന്നു; ഒരു ജന്മത്തിലുടനീളം. ഇത്തരം കാഴ്ചകൾ മൂലം എതിർലിംഗത്തിലുള്ളവരോട് ന്യായമായി, വിവേകത്തോടെ സൗഹാർദപരമായി ഇടപെടാൻ കഴിയാതെ വരുന്നു, തുടർന്നു വരുന്ന തലമുറയ്ക്കും. ഫലമോ, മേൽപ്പറഞ്ഞ പോലെയുള്ള എതിർലിംഗത്തോടുള്ള അകൽച്ച, ഭയം. അടുക്കേണ്ട സന്ദർഭത്തിൽ അനുചിതമായി ഇടപെടുന്നതും അതു കൊണ്ടു തന്നെയാണ്.
സ്ത്രീപുരുഷബന്ധത്തെ കുറിച്ചും, അവർക്കിടയിൽ അന്തർധാരയായിരിക്കേണ്ട സ്‌നേഹത്തിന്റെ പല മാനങ്ങളെ കുറിച്ചും പാഠപുസ്തകങ്ങൾ മൗനം പാലിക്കുന്നതെന്തു കൊണ്ട്? പ്രത്യുപാദന വ്യവസ്ഥയെ കുറിച്ച് ഒഴുക്കൻ മട്ടിൽ ടീച്ചർ പറഞ്ഞു പോകുകയും, അടക്കിയ ഒരു ചിരിയും മാത്രമാണ് നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതേ സംബന്ധിച്ചുള്ള ഏക ഏട്.. ബാക്കിയെല്ലാം സ്വയം ആർജിക്കണമെന്നാണ് വയ്പ്.
ആ സ്ത്രീ തനിക്ക് ഒരു സഹായം ചെയ്തു തന്നതിന് തോന്നേണ്ട നന്ദി എന്ന കടപ്പാട് എന്തു കൊണ്ട്, ആ കുട്ടിക്ക് ഉണ്ടായില്ല? അസ്വസ്ഥത ഉണ്ടാക്കുന്ന ചോദ്യമാണത്. ലിഫ്റ്റ് തന്ന ആ ലേഡി, അന്തസ്സുള്ള ഒരു വ്യക്തിയാണെന്നും, തൊഴിൽപരമായോ അല്ലാതെയോ ഉള്ള അത്യാവശ്യങ്ങൾക്ക് പോവുകയാണെന്നും, അവരെ അസ്വസ്ഥപ്പെടുത്താനുള്ള അവിവേകം നമ്മൾ കാണിക്കരുതെന്നുമുള്ള ബോധം ഉണ്ടാകേണ്ടതല്ലേ? അങ്ങനെ ഒരുപാട് മാനകങ്ങളിലൂടെയായിരുന്നു, ഒരു ടീനേജർ എന്ന നിലയിൽ അവന്റെ വിദ്യാഭ്യാസം കടന്നുപോകേണ്ടിയിരുന്നത്. അങ്ങനെ സംഭവിക്കുന്നില്ല.
മനുഷ്യരുമായി, സഹപാഠികളുമായി, എതിർലിംഗത്തിലെ കുട്ടികളുമായി, മുതിർന്ന മനുഷ്യരുമായി നമ്മളെങ്ങനൊക്കെയാണ് സ്‌നേഹമായി സഹവർത്തിക്കേണ്ടത് എന്നതു സംബന്ധിച്ച പാഠങ്ങളൊന്നും നമ്മുടെ കുട്ടികളുടെ പാഠപുസ്തകങ്ങളില്ല. അത്തരം ചർച്ചകളില്ല. അതെല്ലാം നമുക്ക് രഹസ്യങ്ങളാണ്. അതു കൊണ്ടാണ് നമ്മുടെ സ്ത്രീകൾ ഇത്തരത്തിലുള്ള ഷോക്കുകൾ കുട്ടികളിൽ നിന്നു പോലും നേരിടേണ്ടി വരുന്നത്.

സ്‌നേഹമാണ് അടിസ്ഥാനപരമായി അന്തർധാരയാകുന്നത്; അതിലൂടെയാണ് ഇത്തരം ശാരീരികമായ വിനിമയത്തിലേയ്ക്ക് എത്തേണ്ടതെന്നുമുള്ള പഠനം അത്യാവശ്യമാണെന്നാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്. സ്‌നേഹം ചോദിച്ചു വാങ്ങേണ്ടതെങ്ങനെയെന്നും നമുക്കറിയില്ല.
നമ്മുടേത് ഒരു പരമ്പരാഗത സമൂഹമെന്ന നിലയിലും, ഒരുപാട് സാമൂഹികമായ ഉൾവലിയലുകൾ തങ്ങിത്തിങ്ങിവിങ്ങി നിൽക്കുന്നിടമായതിനാലും, ഇത്തരം കാര്യങ്ങളിൽ ശിക്ഷണം വേണമെന്ന പാഠം ഈ സംഭവം നൽകുന്നു. കുട്ടികൾ സ്വയം ഉരുത്തിരിഞ്ഞോളുമെന്ന ധാരണ മാറണം.
മുതിരുമ്പോൾ എങ്ങനെയായിരിക്കണം എതിർലിംഗത്തിലുള്ളവരോട് അവരുടെ ആശയവിമിനിമം? അവരുടെ ആത്മപ്രകാശനങ്ങൾ എത്ര കണ്ട് സുതാര്യവും, ലോകത്തെ ഒന്നായി, ഗാഢമായി ലിംഗഭേദമില്ലാതെ ഉൾക്കൊള്ളാനുമുള്ള ധാരണകൾ അവരിലുണ്ടാകേണ്ടതുണ്ട്. സ്‌നേഹം എങ്ങനെയാണ് ആവശ്യപ്പെടേണ്ടത് എന്നത് ഏറ്റവും മാന്യമായി പഠിപ്പിക്കാൻ നമുക്ക് കഴിയണം. അങ്ങനെ സംഭവിക്കട്ടെ.

മനുഷ്യരുമായി, സഹപാഠികളുമായി, എതിർലിംഗത്തിലെ കുട്ടികളുമായി, മുതിർന്ന മനുഷ്യരുമായി നമ്മളെങ്ങനൊക്കെയാണ് സ്‌നേഹമായി സഹവർത്തിക്കേണ്ടത് എന്നതു സംബന്ധിച്ച പാഠങ്ങളൊന്നും നമ്മുടെ കുട്ടികളുടെ പാഠപുസ്തകങ്ങളില്ല. അത്തരം ചർച്ചകളില്ല. അതെല്ലാം നമുക്ക് രഹസ്യങ്ങളാണ്

എൻബി: ഈ സാഹചര്യത്തിൽ ഓർക്കാൻ സന്തോഷമുള്ള ഒരു കാര്യം... ഇത്തരത്തിൽ ലിഫ്റ്റ് കൊടുത്തതുമായി ബന്ധപ്പെട്ട ഒരു കഥ, കുട്ടികൾക്കായി ഞാൻ എഴുതിയിട്ടുണ്ട് എന്നതാണ്.
ഇടത്തരം സമൂഹത്തിലെ ഒരു മകൻ, അമ്മയെ, അച്ഛന്റെ അഭാവത്തിൽ കഷ്ടപ്പെടുത്തുന്നതായിരുന്നു കഥ. വെളുപ്പിനെ മുതൽ പല ട്യൂഷനുകൾക്ക് അമ്മ സ്‌കൂട്ടറിൽ മകനെ കൊണ്ടു വിടുന്നു. ശേഷം ഉദ്യോഗത്തിനു പോകണം. അമ്മ തന്റെ ദുരിതത്തെ കുറിച്ച് സങ്കടപ്പെടുമ്പോൾ "ഇതൊക്കെ അമ്മയുടെ ഡ്യൂട്ടിയാണ്, വലിയ ആനക്കാര്യമൊന്നുമല്ല' എന്ന് നിസ്സാരമായി പറഞ്ഞ് ആക്രോശിക്കുകയാണ് മകൻ. ആ വേദനയോടെ സ്‌കൂട്ടറിൽ അമ്മ ഓഫിസിലേയ്ക്ക് പോകുമ്പോൾ തന്റെ മകന്റെ സമപ്രായത്തിലുള്ള ഒരു കുട്ടി ലിഫ്​റ്റ്​ ചോദിക്കുന്നു. അമ്മ വണ്ടി നിർത്തുന്നു. ഇടയ്ക്ക് മഴ പെയ്യുന്നു. സാധാരണ കുടുംബത്തിലുള്ള ഒരു കുട്ടിയാണ്. പറയാതെ തന്നെ, അവൻ ആ അമ്മയ്ക്ക് പിന്നിലിരുന്ന് കുട പിടിച്ചു കൊടുക്കുന്നു. സ്‌കൂട്ടറിൽ നിന്നിറങ്ങുമ്പോൾ, നനഞ്ഞു കുതിർന്ന കുട്ടിയെയാണ് അവർ കാണുന്നത്.
​ഒരു ലേഡി പറഞ്ഞ നല്ല അനുഭവമായിരുന്നു ഈ കഥ. നമ്മുടെ മിക്ക കുട്ടികളും അന്തസ്സു പാലിക്കുന്നവരാണ്. പാകമല്ലാത്തതും സ്വയം ഉരുത്തിരിയാത്തതും, കാലോചിതമല്ലാത്തതുമായ ഏതു വിദ്യാഭ്യാസപദ്ധതികൾക്കും മേൽ, പ്രകൃതി നന്മയെ പോറ്റുന്നു എന്നു പ്രത്യാശിക്കാൻ മാത്രമാണ് ഈ കഥയെ കുറിച്ച് പറഞ്ഞത്. മറ്റേ കുട്ടി, അവൻ സ്വയം തെറ്റു തിരുത്തി, നല്ല പാതയിലേയ്ക്ക് വരട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു ▮


ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

Comments