അശ്ലീല ശബ്ദതാരാവലി

കുടുംബം, വിവാഹം, ലിംഗം എന്നിവയ്ക്കതീതമായി സാർവ്വദേശീയമായി മനുഷ്യരെ നിശ്ശബ്ദമാക്കാൻ കഴിയുന്ന മാരകായുധമാണ് തെറി എന്നു നമ്മൾ അറിയണം.

തെറിയും ജീവിതവും:
ദ്വന്ദ്വമനുഷ്യര്‍ എന്ന വിചിത്രത

രിക്കല്‍ ഫേസ്ബുക്കിലെ ഒരു ചര്‍ച്ചയുടെ ഇടയില്‍ മിസ്​റ്റർ എസ്. എന്നോട്, നിങ്ങള്‍ എന്തു ബോറാണ്, നിങ്ങളെ ഞാന്‍ മൈ* മൈ* മൈ* എന്ന്​ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞു.

ആ തെറിവിളി കേള്‍ക്കേ, തല​ക്കൊരു കുടം കൊണ്ട് അടിച്ചതുപോലെയുള്ള അനുഭവമാണ് എനിക്ക് തോന്നിയത്. ഇക്കാലമത്രയും ഒരു സുഹൃത്ത് എന്ന നിലയില്‍ എത്രയോ മാന്യമായാണ് ഞങ്ങള്‍ പരസ്പരം ഇടപെട്ടിട്ടുള്ളത്. അയല്‍വാസി എന്ന നിലയിലും അധ്യാപകന്‍ എന്ന നിലയിലും കവി എന്ന നിലയിലും പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും അല്ലാതെ സംസാരിച്ചിട്ടുമില്ല. എന്നിട്ടും ഒരു സന്ദര്‍ഭം വന്നപ്പോള്‍ മിസ്​റ്റർ എസ്. എന്നെ തെറി വിളിച്ചുവല്ലോ എന്നത്​ എന്നെ കുപിതയാക്കി.

അശ്ലീലകരമായ തെറി എന്നെ സംബന്ധിച്ച്​ വളരെ കൗതുകത്തോടെയും തമാശയോടെയും ഒഴിവാക്കിക്കളയേണ്ട ഒന്നല്ല. 33 വര്‍ഷങ്ങളായി എന്റെ വീട്ടിലെ എല്ലാ സ്ത്രീകള്‍ക്കും വന്നുകൊണ്ടിരുന്ന തെറിയും അശ്ലീലവും എഴുതിയ ഊമക്കത്തുകളുടെ കൂമ്പാരം എന്റെ തലയില്‍ ചടപടേയെന്ന് ആരോ കൊട്ടിയിട്ടു. തറവാട്ടിലെ എല്ലാ സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാര്‍ക്കും ഈ കത്തുകള്‍ വരുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള എല്ലാ ഗ്രാമീണ ഭാഷകളിലുമുള്ള തെറികള്‍ മാത്രം അരിച്ചെടുത്തു കോര്‍ത്തെടുത്ത തെറിയുടെ കറാമത്ത് മാലയായിരുന്നുവത്. അജ്ഞാത കര്‍ത്തൃകം.

33 വര്‍ഷങ്ങളായി എന്റെ വീട്ടിലെ എല്ലാ സ്ത്രീകള്‍ക്കും വന്നുകൊണ്ടിരുന്ന തെറിയും അശ്ലീലവും എഴുതിയ ഊമക്കത്തുകളുടെ കൂമ്പാരം എന്റെ തലയില്‍ ചടപടേയെന്ന് ആരോ കൊട്ടിയിട്ടു.

അതിനേക്കാളുപരി, ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് ട്രോമയുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. ഈ അജ്ഞാതനായ കത്തെഴുത്തുകാരന്‍ മറ്റാരുമല്ല, എന്റെ അച്ഛനാണ് എന്ന് അമ്മയോട്​ ബന്ധുക്കളിലാരോ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും ദാമ്പത്യത്തെ വരെ തകരാറിലാക്കുന്ന തരം ആരോപണമായിരുന്നു അത്. ഞങ്ങള്‍ കുട്ടികളിലേക്കടക്കം ആരോപണത്തിന്റെ മുനകള്‍ നീണ്ടുവന്നു. സാത്വികനായ എന്റെ അച്ഛന്‍ തെറി പറയുകയില്ല, എഴുതുകയില്ല എന്ന് വാദിക്കുന്നതിനോടൊപ്പം തന്നെ, ആരാണ് എഴുതുന്നത് എന്നന്വേഷിച്ച് ഞങ്ങള്‍ മാനസികമായും വൈകാരികമായും അവശരായി.

വ്യക്തിജീവിതത്തില്‍ മുഖത്തേക്കുപോലും നോക്കാന്‍ കഴിയാത്ത മനുഷ്യര്‍ ഓണ്‍ലൈനില്‍ അവരുടെ മുറിയുടെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഇരുന്ന്​ തെറി വിളിച്ചു, ആക്രോശിച്ചു, വെല്ലുവിളിച്ചു.

ചെറുപ്പകാലത്ത് അതികഠിനമായ സംഘര്‍ഷവും ട്രോമയും ഉണ്ടാക്കിയ ഈ തെറിക്കത്തുകള്‍ കാരണം തെറിയോടും തെറി പറയുന്നവരോടുമുള്ള കടുത്ത വെറുപ്പ് എന്റെയുള്ളില്‍ രൂപപ്പെട്ടു. ഒരു ചെറിയ പദം കൊണ്ട് ഈ വലിയ വ്യവഹാരം മുഴുവന്‍ ഓര്‍മ്മ വരുന്ന രീതിയിലേക്ക് എന്റെ മനോനില മാറി. തെറി പ്രയോഗിക്കുന്നവർ ചീത്ത ആളുകളായി, അവരുമായി പിന്നീടൊരിക്കലും യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ അകന്നു.

മിസ്​റ്റർ എസ്​.- നെതിരെ ഞാന്‍ പരാതി കൊടുക്കുകയും ആ വഴക്ക് അതിന്റെ പാരമ്യതയില്‍ എത്തുകയും ചെയ്തു. പിന്നീട് അത്ഭുതകരമായ ഒരു സംഭവം അതിനുള്ളില്‍ നടന്നു. മിസ്​റ്റർ എസ്​. ചീത്തപറഞ്ഞോ എന്ന് അവരുടെ പ്രിന്‍സിപ്പല്‍ അത്ഭുതം കൂറി. സ്‌കൂളിലോ നാട്ടിലോ ഒന്നും അയാള്‍ക്ക് തെറി പറയുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. നിത്യജീവിതത്തില്‍ വളരെ മര്യാദയ്ക്ക് പെരുമാറുകയും കുട്ടികളോടും സഹജീവികളോടും കൃത്യമായി പെരുമാറുകയും ചെയ്യുന്ന ഒരു വ്യക്തി സോഷ്യല്‍ മീഡിയലോകത്ത് ആളുകളെ പച്ചത്തെറി വിളിയ്ക്കുന്ന വ്യക്തിയായി മാറുന്നത് അത്ഭുതത്തോടെ ഞാന്‍ കണ്ടുനിന്നു. ഓണ്‍ലൈനില്‍ ഭീകരമായി തെറിപറയുകയും ആക്രമണോത്സുകതയോടെ പെരുമാറുകയും ചെയ്യുന്ന പല മനുഷ്യരും ദ്വന്ദസ്വഭാവികളാണെന്ന് കാണാന്‍ കഴിഞ്ഞു.

നിത്യജീവിതത്തില്‍ വളരെ മര്യാദയ്ക്ക് പെരുമാറുകയും കുട്ടികളോടും സഹജീവികളോടും കൃത്യമായി പെരുമാറുകയും ചെയ്യുന്ന ഒരു വ്യക്തി സോഷ്യല്‍ മീഡിയലോകത്ത് ആളുകളെ പച്ചത്തെറി വിളിയ്ക്കുന്ന വ്യക്തിയായി മാറുന്നത് അത്ഭുതത്തോടെ ഞാന്‍ കണ്ടുനിന്നു.

വ്യക്തിജീവിതത്തില്‍ മുഖത്തേക്കുപോലും നോക്കാന്‍ കഴിയാത്ത മനുഷ്യര്‍ ഓണ്‍ലൈനില്‍ അവരുടെ മുറിയുടെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഇരുന്ന്​ തെറി വിളിച്ചു, ആക്രോശിച്ചു, വെല്ലുവിളിച്ചു. സി.ജെ. തോമസ് പറയുന്നതുപോലെ, അശക്തന്റെ ആയുധമാണ് തെറിയെന്നുറപ്പിയ്ക്കും പോലെ. മനുഷ്യരെ തലയുയര്‍ത്തി നോക്കാനാവാതെ, മുറിയ്ക്കു പുറത്തിറങ്ങി ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യാനാകാത്ത, ദുര്‍ബലരും അശക്തരുമായ മനുഷ്യര്‍ സുശക്തരായി ലാപ്‌ടോപ്പിന്റെയും ഫോണിന്റെയും ക്യാമറക്കണ്ണില്‍ നാവലച്ചു. ഒരു ലോകത്തോടു മുഴുവനുള്ള പ്രതിഷേധങ്ങള്‍ തെറിവിളിച്ചു തന്നെ തീര്‍ത്തു. ഏകാകികളുടെ മാര്‍ച്ച് പാസ്റ്റിലെ ബ്രിഗേഡിയര്‍മാരെപ്പോലെ അവര്‍ ഇരുളില്‍ മുറിയില്‍ ക്യാമറയ്ക്കു പിറകില്‍ ദുര്‍ബലതയുടെയും അപകര്‍ഷതയുടെയും തൊലികളഴിച്ചുവെച്ചു തിളങ്ങിനിന്നു. ജാഗ്രതായറിയിപ്പുപോലെ തലയോട്ടിയുടെ അപകടകരമായ റേഡിയോ ആക്റ്റീവ് ചിഹ്നം നീലവെളിച്ചത്തില്‍ പച്ചതെളിച്ചു.

തൊപ്പി ആള്‍ക്കൂട്ടത്തിനു മുമ്പില്‍ തലയുയര്‍ത്തി നിന്നു, ഗര്‍വ്വമായി. ഇതിനു മുമ്പ്​ അവന്‍ ആള്‍ക്കൂട്ടത്തെ കണ്ടിട്ടുണ്ടോ? ഇങ്ങനെ മുഖാമുഖം നിന്നിട്ടുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്.

ഒരിടത്തൊരിടത്ത് തൊപ്പി വെച്ച ഒരു കുഞ്ഞുണ്ടായിരുന്നു

തെറിയെന്ന വിഷയം വീണ്ടും നമ്മളോര്‍ക്കാന്‍ കാരണം, തൊപ്പി വെച്ച ഒരു കുട്ടിയാണ്. മനുഷ്യര്‍ക്കുമുമ്പില്‍ നിന്ന് അവന്‍ ചക്കവളികളെക്കുറിച്ചു വിളിച്ചു പറഞ്ഞു. ആള്‍ക്കൂട്ടത്തിനു മുമ്പില്‍ തലയുയര്‍ത്തി നിന്നു, ഗര്‍വ്വമായി. ഇതിനു മുമ്പ്​ അവന്‍ ആള്‍ക്കൂട്ടത്തെ കണ്ടിട്ടുണ്ടോ? ഇങ്ങനെ മുഖാമുഖം നിന്നിട്ടുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. മുറിയ്ക്കുള്ളിലെ ഇരുട്ടില്‍ നിന്ന്​ അവന്‍ പതുക്കെ പുറത്തേയ്ക്കുവന്നു. വെളിച്ചത്തില്‍ ആത്മവിശ്വാസത്തോടെ തലയുയര്‍ത്തിപ്പിടിച്ചു നിന്നു. അവനറിയാവുന്ന ഭാഷയില്‍ അവനവരോട് സംവദിച്ചു.

തൊപ്പിയുടെ പല അഭിമുഖങ്ങളില്‍ നിന്നും തൊപ്പിയെക്കുറിച്ച് വന്നിട്ടുള്ള ലേഖനങ്ങളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നുമെല്ലാം തൊപ്പിയുടെ ജീവിതത്തിന്റെ ഏകദേശചിത്രം മനസ്സിലാകും. ഒരു അധ്യാപക ദമ്പതികളുടെ ഓമന മകനായിരുന്നുവെത്രെ തൊപ്പി. കര്‍ക്കശക്കാരനായ അധ്യാപക പിതാവിന്റെ കണിശതകള്‍ ഒരു ചെറിയ കുട്ടിയ്ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തൊട്ട് പലതരം കാര്യങ്ങളില്‍ വളരെയധികം ചിട്ടകളും നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു തൊപ്പിയുടെ പിതാവ്. കളിക്കാന്‍ പോകുന്നത്, പാട്ട് കേള്‍ക്കുന്നത്, സിനിമ കാണുന്നത്, മറ്റു കുട്ടികളുമായി ഇടപഴകുന്നത് തുടങ്ങിയ എല്ലാ സംഗതികളും പല രീതിയിലും മോണിറ്റര്‍ ചെയ്യപ്പെട്ടു, വിലക്കപ്പെട്ടു. ഇതെല്ലാം തൊപ്പിയെ തന്റെ വീടിന്റെ ഉള്ളിലേക്കുതന്നെ കൊണ്ടുചെന്ന് നിര്‍ത്തുന്നതിലേക്ക് നയിച്ചു.

വീട്ടിനകത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതു കുട്ടിയെ പോലെയും ഓണ്‍ലൈനില്‍ അത്ഭുതകരമായ ലോകത്തിലേക്കാണ് തൊപ്പി പിന്നീട് കണ്ണു തുറന്നത്. അതിമനോഹരമായ ഓണ്‍ലൈന്‍ ഗെയിമുകളുടെ ലോകത്തേക്ക് കുതിച്ചുചാടി വീഴാന്‍ അവനേറെ സമയമൊന്നും ആവശ്യമായിരുന്നില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ ഗെയിംമുകളുടെ ചതിക്കുഴികളില്‍ ചെന്ന് പെട്ട അശരണനായ ഒരു കുട്ടി. പതിയെ അവന്​ പണമാവശ്യമായിവന്നു. അതിനായി അവന്‍ പല മാര്‍ഗങ്ങള്‍ തിരഞ്ഞു. ഓണ്‍ലൈനിലെ കളികള്‍ക്കാവശ്യമായ പണം സമ്പാദിക്കാൻ അവന്‍ കണ്ടെത്തിയ മാര്‍ഗം അല്പം വളഞ്ഞതായിരുന്നു, മോഷണമായിരുന്നു അത്.

മോഷ്ടിച്ചത് ശരിയെന്നോ മോഷണത്തെ ന്യായീകരിക്കുകയോ അല്ല. പക്ഷേ, കൊച്ചുകുട്ടിയെ കൈകാര്യം ചെയ്യേണ്ടുന്ന രീതിയിലല്ല സമൂഹം അവനെ അന്ന് കൈകാര്യം ചെയ്തത്.

തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ കൗണ്ടറില്‍ ചെന്ന് അവിടുത്തെ പണം മുഴുവന്‍ വാരിയെടുത്ത് ഓടിപ്പോകുന്നതിനിടയില്‍ കുറച്ചു പണം വീണു പോവുകയും ആളുകള്‍ പിടികൂടി ഉപദ്രവിക്കുകയും ചെയ്തു. എവിടെയോ കെട്ടിയിട്ടശേഷം വീട്ടില്‍ അറിയിച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ചെറിയ കുട്ടിയാണ് എന്ന പരിഗണന പോലുമില്ലാതെയാണ് നാട്ടുകാര്‍ ഇത് മുഴുവന്‍ ചെയ്തതെന്ന് ഓര്‍ക്കണം. മോഷ്ടിച്ചത് ശരിയെന്നോ മോഷണത്തെ ന്യായീകരിക്കുകയോ അല്ല. പക്ഷേ, കൊച്ചുകുട്ടിയെ കൈകാര്യം ചെയ്യേണ്ടുന്ന രീതിയിലല്ല സമൂഹം അവനെ അന്ന് കൈകാര്യം ചെയ്തത്. അവന്റെ ഉമ്മ അവിടെ വന്നപ്പോള്‍ കണ്ട കാഴ്ച കെട്ടിയിട്ട് അടി കൊള്ളുന്ന മകനെയാണ്. ആ ഉമ്മ നടുറോട്ടില്‍ബോധം കെട്ടു വീണു.

പിതാവിന്റെ ശിക്ഷാവിധികളുടെ കാഠിന്യം അതിഭീകരമായിരുന്നു. അതോടുകൂടി തൊപ്പി എന്ന കുട്ടിയുടെ പ്രതിസന്ധികള്‍ ഇരട്ടിയായി. പഠിക്കുന്ന സ്‌കൂളില്‍ നിന്ന്​ അവന്‍ നീക്കം ചെയ്യപ്പെട്ടു. പിതാവുമായുള്ള അകല്‍ച്ച പരിപൂര്‍ണ്ണതയിലായി. പിന്നീട് ഇങ്ങോട്ട് പത്തുവര്‍ഷത്തേക്ക് അവനോട് അവന്റെ പിതാവ് സംസാരിച്ചിട്ടില്ല.

ആത്മമിത്രത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ആഘാതവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലുകളും എല്ലാം ചേര്‍ന്ന് വിഷാദത്തിന്റെയും മാനസിക പ്രതിസന്ധികളുടെയും ലോകത്ത് തൊപ്പി എത്തിപ്പെട്ടുവെന്നുവേണം അനുമാനിക്കാന്‍. വീഡിയോകളില്‍ പലതിലും അവന്റെ ചേഷ്ടകള്‍ മനോരോഗം വന്നു മരിച്ചുപോയ എന്റെ അമ്മാവന്റെ ചേഷ്ടകള്‍ തന്നെയായിരുന്നു. വീട്ടുകാരോട് പൊരുത്തപ്പെടാന്‍ കഴിയാതിരിക്കയും വീട്ടില്‍നിന്ന് എന്തുചെയ്യുമ്പോഴും അത് അധികാരത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഭാഗമാണെന്ന് വിശ്വസിക്കുകയും അതില്‍നിന്ന് കുതറി വെമ്പി ഓടുവാനുള്ള ഒരു ചോദനയുണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികമായിരുന്നു. തൊപ്പിയും വീടുമായുള്ള അകലമേറി.

തെറി വിളിക്കുന്ന തൊപ്പി എന്ന കുട്ടി വിഷാദ രോഗത്തിനും മറ്റു പല തരം മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കപ്പെട്ട ആളാണ് എന്ന് അയാളുടെ പല ഇന്റര്‍വ്യൂവില്‍ നിന്ന്​ കൃത്യമായി മനസ്സിലാകും.

ഒരു വീട്ടിനുള്ളില്‍ ഒറ്റക്കിരിക്കുന്ന തൊപ്പി തന്റെ കമ്പ്യൂട്ടറിലും ഓണ്‍ലൈന്‍ ലോകത്തും അഭയം തേടിയതില്‍ ഒരു കുറ്റവും പറയാനില്ല. എന്തെങ്കിലും അറിവോ കഴിവോ നൈപുണ്യമുള്ളവനോ അല്ല അവന്‍. ഗായകനോ അഭിനേതാവോ ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രത്യേക വിജ്ഞാനം ഉള്ളവനോ അല്ല. മനുഷ്യരെ ആകര്‍ഷിക്കുവാന്‍ അവന്റെ കയ്യിലുള്ളത് വിഷാദത്തിന്റെയും മനോരോഗത്തിന്റെയും വക്കില്‍ വന്ന് നില്‍ക്കുന്ന ഒരു വ്യക്തിയുടെ വികലമായ പെരുമാറ്റം മാത്രമാണ്. തെറിയും അശ്ലീലതയും പെരുങ്കൊട്ടുന്ന ജീവിതത്തിന്റെ കയ്പ്പാണ്. അവനത് യു ട്യൂബിലൂടെ പ്രദര്‍ശിപ്പിച്ചു. അവന്​ ജീവിക്കാനാവശ്യമുള്ള വരുമാനമായി മാറ്റി, അത്രതന്നെ.

പുതിയ തലമുറയെ, അവരുടെ തെറിവ്യവഹാരത്തിലധിഷ്ഠിതമായി വിശകലനം ചെയ്യുമ്പോള്‍, തൊപ്പി എന്ന വ്യക്തി തന്റെ യു ട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നു, വ്യക്തികളെ തേജോവധം ചെയ്യുന്നു, സ്ത്രീകളെയും ഭിന്നശേഷിക്കാരെയും കുറിച്ച് മോശം രീതിയില്‍ സംസാരിക്കുന്നു, ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നു, ശരീരപ്രദര്‍ശനം നടത്തുന്നു തുടങ്ങിയ സംഗതികളാണ് അറിഞ്ഞത്, കണ്ടത്. തെറി വിളിക്കുന്ന തൊപ്പി എന്ന കുട്ടി വിഷാദ രോഗത്തിനും മറ്റു പല തരം മാനസിക സമ്മര്‍ദ്ദത്തിനും ഇടയാക്കപ്പെട്ട ആളാണ് എന്ന് അയാളുടെ പല ഇന്റര്‍വ്യൂവില്‍ നിന്ന്​ കൃത്യമായി മനസ്സിലാകും.

ദൈവീകം, മതപരം എന്നീ പേരിട്ടുവിളിച്ച്​ അടിച്ചമര്‍ത്തിയും പവര്‍ പൊളിറ്റിക്‌സ് നടത്തിയും കുട്ടികളെ രണ്ടാംതരം പൗരന്മാരായി കണ്ട്​ പഴയ തലമുറ നടത്തിയ അടിച്ചമര്‍ത്തലുകളുടെ യഥാര്‍ത്ഥ ഇരയാണ് തൊപ്പി, ടോക്‌സിക് പാരന്റിങ്ങിന്റെയും. മനോവൈകല്യമുള്ളവർ പ്രകടിപ്പിക്കുന്ന പല സംഗതികളും ചേഷ്​ഠകളും അയാളുടെ വീഡിയോകളില്‍ ദൃശ്യമാണ്. സൈക്യാട്രിസ്റ്റിന്റെ കൗണ്‍സിലിംഗ് കൊണ്ടുപോലും തീരാത്ത അത്രയും പ്രശ്‌നങ്ങള്‍ ആ കുട്ടിക്കുണ്ട് എന്നത് വ്യക്തവുമാണ്. മരുന്നും തെറാപ്പിയും അനവധി സെക്ഷനുകളും കൊണ്ടുമാത്രമേ തൊപ്പി എന്ന കുട്ടിയെ നമുക്ക് ശരിയായ വിധം സഹായിക്കാനാവൂ.

അവന്റെ വീഡിയോയെ കുറിച്ച്, അതിലെ കണ്ടെന്റുകളെക്കുറിച്ച് ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്. എന്തിനാണ് തൊപ്പിയെ മാത്രം നിങ്ങള്‍ ഇങ്ങനെ വേട്ടയാടുന്നത്? വെയിലത്ത് നിര്‍ത്തുന്നത് എന്ന് ആയിരം വട്ടം ഞാന്‍ ചോദിക്കുകയുണ്ടായി? ഇസ്​ലാം വിശ്വാസികളായ വീട്ടുകാരില്‍ നിന്നുപോലും പിന്തുണയില്ലാത്ത തൊപ്പിയെ ആര്‍ക്കാണ് എന്തെങ്കിലും ചെയ്തു കൂട്ടാത്തത്- ഞാന്‍ പിറുപിറുത്തു.

പുതിയകാല തലമുറയിലെ കുട്ടികള്‍ എപ്പോഴും കേള്‍ക്കുന്ന ദുരുപദിഷ്​ഠമായ ആരോപണമാണിത്: തെറി പറയുന്ന, തല തെറിച്ച, മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഒരു തലമുറ എന്ന്​, അതും വഴി തെറ്റിയത്. എന്നാല്‍ യാഥാര്‍ത്ഥ്യമോ?

പെണ്മൊഴിത്തെറിമൂര്‍ച്ഛകള്‍

പെണ്ണുങ്ങളാണ് ഇന്നിന്റെ തെറിയരങ്ങിന്റെ റാണിമാര്‍. തെറിയോട് തെറിയാണവരില്‍ പലരും. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ സുജാ രാജേഷിന്റെ വീഡിയോകളെക്കുറിച്ച് ചിലത് പറയാതെ വയ്യ. എന്റെ പരിമിതി കൊണ്ടായിരിയ്ക്കും, പൊതുവിടത്തില്‍ തെറിയും അശ്ലീലതയും ഉപയോഗിക്കുന്ന പെണ്ണായി ഞാനാദ്യം ഈ 21 കാരിയെ ഓര്‍മ്മിയ്ക്കുന്നത്. കാണാന്‍ അതിസുന്ദരിയായ, കൗതുകവും ഭംഗിയുമുള്ള ഒരോമന പെണ്‍കുട്ടി. ടിക് ​ടോക്കിലെ റാണി.
തെറിക്കുത്തരം തെറിപ്പത്തല്‍ എന്നതാണ് ധന്യയുടെ പ്രമാണം.
ധാരാളം ടിക്ക്​ ​ടോക്ക്​ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ ഈ കുട്ടിയുടെ തെറി മാത്രം ചേര്‍ത്ത വീഡിയോ കണ്ട് കിറുങ്ങിപ്പോയി. ലൈവ് വീഡിയോയില്‍ വന്ന് ആരാധകരോട് സംസാരിക്കുന്ന സമയത്താണ് ധന്യ തെറി പറയുന്നത്. യാതൊരു ഭാവഭേദവുമില്ലാതെ ഗംഭീര തെറി. അറപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് അതിലുമധികം അറപ്പിക്കുന്ന മറുപടി നല്‍കുന്നു. വീട്ടിലെ സാധാരണ രീതിയിലിരുന്ന്, മുടി നന്നാക്കുന്നതും ഭക്ഷണം കഴിക്കുന്നതും തേട്ടുന്നതും പോലുള്ള പല കാര്യങ്ങളും ചെയ്തുകൊണ്ടാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ലൈവിന്റെ അടിയില്‍ കമന്റ് ചെയ്യുന്നവരെ, അവരുടെ ഭാഷയില്‍ തിരിച്ചുപറയാന്‍മടിക്കുന്നില്ല. പ്രായം, ലിംഗം… ഒന്നുമവള്‍ക്ക് പ്രശ്ന​മല്ല. യാതൊരു മുഖഭാവഭേദവുമില്ലാതെ, നിർമമമായി, താടിയ്ക്ക് കൈകൊടുത്ത് സാവകാശമാണ്​ തെറി പറച്ചില്‍.

ധന്യ സുജാ രാജേഷ്

ചോദ്യകാരന്‍ 3: നീ വല്ല വളിയും പോയി ഇട്ടോ?
ധന്യ: രാവിലെ കക്കൂസ്സില്‍ പോകുമ്പോള്‍ ഇട്ടതാണ്. ഇപ്പോ എനിയ്ക്ക് വളിയിടാന്‍ തോന്നുന്നില്ല, അതോണ്ട് വളിയിടുന്നില്ല. ഇനി നെക്സ്റ്റ് വളിയിടാന്‍ തോന്നുംമ്പ നിന്നെയറിയിക്കം.
ചോദ്യകാരന്‍ 4: നിന്റെയച്ഛനു തന്നെയാണോ നീയുണ്ടായത്?
ധന്യ: ഇതന്നെ എനക്കും നിന്നോട് ചോദിക്കാനുള്ളത്. അമ്മാന്റെ നമ്പര്‍ കൊണ്ടാ,
ഇറങ്ങിപ്പോട്.
''എടാ നിച്ഛൂസ്സെ, നീ ആണാണോ പെണ്ണാണോ എന്നറിയില്ല. എടാ തന്തയില്ലാത്തവനെ / വളെ. രണ്ടു പിള്ളടെ ഫോട്ടോ പ്രൊഫൈല്‍ വച്ചിട്ടാണോ ഡാ, ഇതുമാതിരി… ഔ, ലൈവ് ആയിപ്പോയി. നിന്നെയൊക്കെ ഉണ്ടാക്കിയ സമയത്ത് വാഴയും വെക്കാന്‍ പറ്റിയില്ല.’’
ചോദ്യം: കുണ്ടിമോളെ…
ധന്യ: ഈ കുണ്ടീന്നു പറയുന്ന സാധനം നിന്റെ അമ്മയ്ക്കും അച്ഛനും ഒക്കെ ഉള്ളതു തന്നെ.
കുണ്ടിയോളീ, നിന്നെക്കാളും നല്ല കുണ്ടിയാണ് എനിക്കുള്ളത്​.

രാഷ്ട്രീയ കൃത്യതയിലും നിലപാടിലും അതുപോലുള്ള പല സംഗതികളിലും വളരെ വികാസം നേടിയ ജനതയാണ് പുതിയ തലമുറ എന്നു പറയാന്‍ കഴിയും.

കുണ്ടി, വളി, തീട്ടം തുടങ്ങിയ വിസര്‍ജ്യ വസ്തുക്കളോടും അത് പുറത്തുവിടുന്ന അവയവങ്ങളോടും ലൈവില്‍ സംസാരിക്കുന്നവര്‍ക്കും അതിന് മറുപടി പറയുന്ന ധന്യക്കും വളരെ ആത്മാര്‍ത്ഥമായ ബന്ധമുണ്ട് എന്ന് നമുക്ക് കാണാന്‍ സാധിക്കും. തന്തക്കും തള്ളക്കുമുള്ള വിളിയുള്‍പ്പെടെ നല്ല മുന്തിയ തരം ഗ്രേഡ് തെറിയാണ് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. തെറിയെ ഗര്‍വ്വിന്റെയും അഹന്തയുടെയും താന്‍ പോരിമയുടെയും ആയുധമാക്കുകയാണ് ധന്യ. ഗ്രെയ്​സ്​ഫുള്ളി തെറി വിളിയ്ക്കുന്ന അപൂര്‍വ്വ വ്യക്തികളുടെ ഗണത്തില്‍ പെടുത്താം ഇവളെ. ആണ്‍കോയ്മയാകട്ടെ മറ്റെന്തെങ്കിലുമാകട്ടെ, തെറി പറഞ്ഞാല്‍ അതില്‍ പിന്നെ അപ്പീലില്ല. ആ തെറിയില്‍ ക്രോധമോ ദ്വേഷമോ കൂട്ടുവരുന്നില്ല. മുത്തേ, മോനെ എന്നൊക്കെ ചിരിച്ചുകൊണ്ടുള്ള അപൂര്‍വ്വതരം തെറി ശൈലിയാണ്.

തെറിയുടെ പെണ്‍ദൈവം

നാഗ സൈരന്ധ്രീ ദേവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദിവ്യാരാജ് ഒരു സന്യാസിനിയാണ്. ഒരു പൊട്ടന്‍ഷ്യല്‍ ആള്‍ദൈവമാണ്. നാഗച്ചേച്ചിയെന്ന്​ ​വ്ലേഗര്‍മാരും യു ട്യൂബർമാരും വിളിയ്ക്കുന്ന ഇവര്‍ക്ക് ആത്മാവിന്റെ പ്രണയം തിരിച്ചറിഞ്ഞപ്പോള്‍ കിട്ടിയ ദിവ്യതയാണെത്രെയിത്. ഒരുതരം ഓഞ്ഞ സാഹിത്യമലയാളം ഭാഷാവൈഭവമാണിവരുടെ പ്രത്യേകത. പിന്നെ നല്ല അസ്സല്​ പൂരപ്പാട്ട്​ തോല്‍ക്കുന്ന തെറിയും.

ദിവ്യാരാജ്


‘നിന്നെ ഞാന്‍ തുപ്പും, നിന്നെ ഞാന്‍ തൂറിയെറിയും മോനേ, പൊലയാടി മോനേ, പുണ്ടച്ചി മോനേ തുടങ്ങിയ പുലയാട്ടുകളുടെ ഒരു മാല കോര്‍ത്തുകൊണ്ടാണ് ഇവര്‍ ലൈവില്‍ വരുന്നത്. ഇവരുടെ പലതരം വീഡിയോകള്‍ കണ്ടാല്‍ നമുക്കത് മനസ്സിലാകും. ജുഗുപ്‌സയും വെറുപ്പും പ്രാക്കും നിറഞ്ഞ മുഖഭാവവും ഭാഷയും നമ്മളെ അത്ഭുതപ്പെടുത്തും.

ബി. എ പൊളിറ്റിക്​സ്​ പഠിച്ചുവെങ്കിലും ജയിച്ചോയെന്ന്​ തനിക്കറിയാന്‍ കഴിയുന്നില്ല എന്നാണിവര്‍ പറയുന്നത്. കണ്ണാ, ചക്കരക്കുടമേ മുത്തേ, മോനേ, കുണ്ണുവാവ, പ്രാണനാഥാ, എന്റെ ഹൃദയേശ്വരാ തുടങ്ങിയ അഭിസംബോധനകള്‍ക്കൊപ്പം ലൈംഗിക വിഷയങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഇവര്‍ നല്‍കും. ‘പൂഞ്ഞാണി കഴുകുന്നതെങ്ങനെ’ ലൈനിലുള്ള അനവധി വീഡിയോകള്‍ ചെയ്യുന്ന അല്‍ട്രാ മോഡേണ്‍ ദേവി. ഒരേസമയം പാര്‍വ്വതി, സരസ്വതി, ലക്ഷ്മി, ഐശ്വര്യ എന്നീ ദൈവങ്ങളാണ്​ താന്‍ എന്നും ഇവര്‍ പറയുന്നു. തെറിയും അശ്ലീലവും മാത്രം പറഞ്ഞ്​ യു ട്യൂബിലെ തങ്ങളുടെ വീഡിയോയുടെ റീച്ച് കൂട്ടാനാണ്​ ഇവര്‍ ശ്രമിക്കുന്നത്.

ഏറ്റവും കൂടുതല്‍, ഒരു സ്ത്രീയെന്ന നിലയില്‍, ലൈംഗികമായ ആക്രമണങ്ങളും ചേഷ്ടകളും അനുഭവിക്കുന്നത് 40 വയസ്സിനു മുകളിലുള്ളവരില്‍ നിന്നാണ്

ഇതൊക്കെ സാമ്പിള്‍ മാത്രമാണ്. ‘തെറി കേരള’ എന്നെഴുതി ഗൂഗിള്‍ ചെയ്താൽ, അസംഖ്യം വീഡിയോകള്‍ പൊന്തിവരും.

തെറിയന്മാരുടെ തലതെറിച്ച തലമുറ

പുതിയകാല തലമുറയിലെ കുട്ടികള്‍ എപ്പോഴും കേള്‍ക്കുന്ന ദുരുപദിഷ്​ഠമായ ആരോപണമാണിത്: തെറി പറയുന്ന, തല തെറിച്ച, മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന ഒരു തലമുറ എന്ന്​, അതും വഴി തെറ്റിയത്.
എന്നാല്‍ യാഥാര്‍ത്ഥ്യമോ?
നവയുഗ സാംസ്‌കാരിക നവീകരണത്തിന്റെ ഭാഗമായി പുതിയ കാലത്ത് മനുഷ്യര്‍ അത്യധികം സാമൂഹികമായി പരുവപ്പെടുകയും സാംസ്‌കാരികമായി ഗുണവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ കൃത്യതയിലും നിലപാടിലും അതുപോലുള്ള പല സംഗതികളിലും വളരെ വികാസം നേടിയ ജനതയാണ് പുതിയ തലമുറ എന്നു പറയാന്‍ കഴിയും.

ഹരി മാഫിയക്കും സാംസ്‌കാരിക മൂല്യച്യുതിയ്ക്കും കാരണമായ തലമുറ എന്ന് പുതിയ തലമുറയെ വിശേഷിപ്പിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. പണ്ടുകാലത്തെ മനുഷ്യരെക്കാളും കൂടുതല്‍ റിഫൈന്‍ഡ് ആണ് പുതിയ തലമുറ. പല കാര്യങ്ങളിലും അവര്‍ക്ക് നിലപാടും സത്യസന്ധതയും തുറവും ഉണ്ട്. ബന്ധങ്ങളെ ആരോഗ്യകരമായി കാണുന്ന, കൂടെയുള്ള സ്ത്രീയെ ഹൃദയപൂര്‍വ്വം സുഹൃത്തായി കാണുന്ന, ആണ്‍- പെണ്‍ ശരീരത്തിനുപരി സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സാമൂഹിക പരിസരം പുതിയ തലമുറക്കുണ്ട്. ഇത്രമേല്‍ സാംസ്‌കാരിക മൂല്യമൊന്നും പഴയകാലത്തെ തലമുറയ്ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടാണെങ്കിലും വിവിധ ലൈംഗികത സൂക്ഷിക്കുന്ന വ്യക്തികളോടാണെങ്കിലും പുതിയ കാലത്തെ കുട്ടികള്‍ തുറന്നു മനസ്സോടെ അവരെ ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നു എന്നത്​ വലിയ കാര്യമാണ്.

‘ജനറേഷന്‍ എക്‌സ്’ എന്ന് വിളിക്കപ്പെടുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാന്‍. 1984- ല്‍ ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചിരുന്ന ആണ്‍കുട്ടികള്‍ ബാഡ്മിന്റണ്‍ കളിക്കുന്ന പെണ്‍കുട്ടികളെ നോക്കി ആല്‍ച്ചുവട്ടിലിരിക്കുന്നത് കണ്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ ചാടുമ്പോള്‍ അവരുടെ ചെറിയ പാവാട ഉയരുകയും ഉള്‍വസ്ത്രം കാണുകയും അതിന്റെ നിറം ആദ്യം പറയുകയും ചെയ്യുന്നവന് ലൈം ജ്യൂസ് വാങ്ങിക്കൊടുക്കുമായിരുന്നു. അന്നത്തെ യൗവനയുക്തരായ പുരുഷന്മാരുടെ തലമുറയായിരുന്നു അത്. ഇത്രമേല്‍ അധഃപതിച്ച ഒരു തലമുറയായിരുന്ന് അത്.

ഇന്നത്തെ കാലത്ത് പുതിയ കുട്ടികള്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിക്കും മുതിരുക പതിവില്ല. ഇന്റര്‍നെറ്റിലൂടെയും മറ്റു പല മാര്‍ഗങ്ങളിലൂടെയും സ്ത്രീശരീരം കാണാനുള്ള അനന്തസാധ്യത കൊണ്ടാണ് അത് എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. പക്ഷേ, ഏറ്റവും കൂടുതല്‍, ഒരു സ്ത്രീയെന്ന നിലയില്‍, ലൈംഗികമായ ആക്രമണങ്ങളും ചേഷ്ടകളും അനുഭവിക്കുന്നത് 40 വയസ്സിനു മുകളിലുള്ളവരില്‍ നിന്നാണ് എന്നത് ഈ തോന്നലിനെ ഉറപ്പിക്കുന്നു. അവരും ഇൻറർനെറ്റ് പ്രയോക്താക്കള്‍ തന്നെ. അവര്‍ക്കെന്തു കൊണ്ടാണീ അച്ചടക്കമില്ലാതെ പോകുന്നത്.

പണ്ടത്തെ മനുഷ്യര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയി മാറിയ മനുഷ്യരെക്കുറിച്ച് എത്ര മോശം രീതിയിലാണ് സംസാരിക്കുകയും ഇടപഴകുകയും ചെയ്തിട്ടുള്ളത്. രാത്രി ലൈംഗികതക്കുള്ള സാധനമായി മാത്രമാണ് അക്കാലങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കണ്ടിരുന്നത്. നമ്മളെപ്പോലെ തന്നെ മനുഷ്യരാണ് എന്നത്​ മറന്ന്, ഗര്‍ഭപാത്രം സൂക്ഷിക്കുന്നതോ ലിംഗം തൂക്കിയിടുന്നതോ അല്ല മനുഷ്യന്‍ ആകുന്നതിന്റെ അന്തഃസത്ത എന്നു മനസ്സിലാക്കാതെ, എത്രയും നീചമായി പെരുമാറിയിരുന്ന ഒരു പഴയ കാലഘട്ടത്തില്‍ നിന്ന്​ ഇപ്പോള്‍ എത്രയോ വ്യത്യസ്തമാണ് കാര്യങ്ങള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടാണെങ്കിലും വിവിധ ലൈംഗികത സൂക്ഷിക്കുന്ന വ്യക്തികളോടാണെങ്കിലും പുതിയ കാലത്തെ കുട്ടികള്‍ തുറന്നു മനസ്സോടെ അവരെ ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്തുന്നു എന്നത്​ വലിയ കാര്യമാണ്.
മനോഭാവത്തിലുള്ള ഈ വ്യത്യാസം തലമുറകളുടെ അന്തരം കൊണ്ട് സ്വായത്തമാക്കിത്തന്നെ എടുത്തതാണ്. പുതിയ തലമുറ തെറി പറയുന്നു, ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു എന്നെല്ലാം ആക്രോശിക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്, സ്ത്രീയോടും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോടും എല്‍ ജി ബി ടി ക്യു വിഷയങ്ങളിലും വളരെ പോസിറ്റീവായ മനോഭാവമാണ്​ പുതിയ തലമുറയുടേത്​ എന്നാണ്​. വര്‍ഗീയത, റേസിസം, ജാതീയത എന്നിവയെ പുതിയ തലമുറയിലെ കുട്ടികള്‍ എതിര്‍ക്കുന്നുണ്ട്. അവരുടെ പല നിലപാടുകളിലും രാഷ്ട്രീയ കൃത്യത കാണാം.

അയ്യോ, കുട്ടികൾ അധഃപതിച്ചേ, സാംസ്കാരിക മൂല്യച്യുതി വന്നേ എന്ന അസംഖ്യം മാമന്നിലവിളികൾ കേട്ടു നോക്കുമ്പോൾ മനസ്സിലാവുന്ന സത്യമാണ്, ഈ അമ്മാവന്മാരെക്കാളുമൊക്കെ എത്രയോ മികച്ചതാണ് പുതിയ കാല കുട്ടികൾ എന്ന്.

പഴയകാല തലമുറയെ പോലെ, സദാചാര പോലീസിംഗോ ഒളിനോട്ടമോ മനുഷ്യരെ ജഡ്ജ് ചെയ്യുന്ന സ്വഭാവമോ പുതിയ കാല തലമുറയ്ക്ക് കുറവാണ്. ലഹരി മാഫിയക്കാരായും എം ഡി എം എ പിള്ളേരായും ന്യൂജന്‍ പിള്ളേരായും ഒരു തലമുറയെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍, ഈ കുട്ടികള്‍ പുലര്‍ത്തുന്ന നിലപാടുകളിലെ രാഷ്ട്രീയശരികളോ അവരുടെ തെളിഞ്ഞ മനോഭാവങ്ങളോ കാണാറില്ല, കണ്ടാലോ, കണ്ടെന്ന്​ നടിക്കാറുമില്ല. തൊപ്പി എന്ന കുട്ടി വെറുക്കപ്പെട്ടവനായി, പുറത്തുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും പറയേണ്ടിവരുന്നത്. അയ്യോ കുട്ടികൾ അധഃപതിച്ചേ, സാംസ്കാരിക മൂല്യച്യുതി വന്നേ എന്ന അസംഖ്യം മാമന്നിലവിളികൾ കേട്ടു നോക്കുമ്പോൾ മനസ്സിലാവുന്ന സത്യമാണ്, ഈ അമ്മാവന്മാരെക്കാളുമൊക്കെ എത്രയോ മികച്ചതാണ് പുതിയ കാല കുട്ടികൾ എന്ന്.

തിയറിയും തെറിയും
അശ്ലീല ശബ്ദതാരാവലിയും

മനുഷ്യർ തിയറികൾ പറയുന്ന ആളുകളെ അത്ഭുതത്തോടെ കാണുകയും അവരെ അക്കാദമിക്ക് എന്നോ പണ്ഡിതൻ എന്നോ വിശേഷിപ്പിക്കുകയും അവരുടെ പ്രസംഗങ്ങൾ കേൾക്കുകയും ചെയ്യുന്നു. തിയറി മനസ്സിലാകാത്ത അനേക മനുഷ്യരുള്ള ലോകമാണിത്. അല്ലെങ്കിൽ തിയറി പറയുവാനുള്ള മനുഷ്യപാണ്ഡിത്യം ഇല്ലാത്ത മനുഷ്യരുള്ള ഒരു വലിയ ലോകമാണിത്. അത്തരം മനുഷ്യർക്കുവേണ്ടിയുള്ള ഒന്നാണ് തെറി. തിയറി തന്നെ പറയണം എന്നില്ല, തെറി കേൾക്കാനും ആളുകളെ ലഭിക്കും. തെറി പറഞ്ഞാലും മതി. തിയറിയും തെറിയും സമം ചേർത്ത് പറയുന്ന മനുഷ്യന്മാരും ഉണ്ട്.
തെറികളുടെ വ്യൂവേഴ്​സ്​ കൂടുന്നത്, അത് പറയുന്ന വ്യക്തികളുടെ പ്രായം, ലിംഗം, സൗന്ദര്യം, അവരുടെ പശ്ചാത്തലം എന്നിവയെയെല്ലാം ആശ്രയിച്ചാണ്. തങ്ങളുടെ ആരാധകരെ മാത്രമല്ല ഹേറ്റർസിനെയും തങ്ങളോട് സംവദിക്കാനിട നൽകുന്ന ഒന്നാണ് തെറി എന്ന് തെറിയന്മാരും തെറിച്ചികളും കണ്ടെത്തിക്കഴിഞ്ഞു.

ദുർബലരും അശക്തരുമായവരുടെ ആയുധമായിരുന്നു തെറിയെങ്കിൽ അതിപ്പോൾ എല്ലാ മനുഷ്യരുടെയും ആയുധസഞ്ചിയിൽ കിടപ്പുണ്ട്. ‘ആർക്കുമുപയോഗിക്കാം എന്നെ’ എന്ന്​ തെറി സ്വയം പ്രഖ്യാപിച്ച വിപ്ലവം വന്നുകഴിഞ്ഞു.

കയ്യിൽ ഒന്നുമില്ലാത്ത മനുഷ്യർക്കും സെലിബ്രിറ്റികളാകാൻ കഴിയും എന്നതാണ് പുതിയ കാലത്തിന്റെ രീതി. കല, സാഹിത്യം, വിജ്ഞാനം തുടങ്ങി പല മണ്ഡലങ്ങളിലുമുള്ള അറിവുകളും പാണ്ഡിത്യവും കഴിവുമാണ് മുൻകാലങ്ങളിൽ മനുഷ്യർ സമൂഹത്തിൽ മുന്നോട്ടുവച്ചിരുന്നത് എങ്കിൽ, ഇപ്പോൾ കയ്യിലുള്ളത് എന്തും മുന്നോട്ടുവെച്ച്​ പ്രശസ്തരാവുക എന്നതാണ്. തെറി പറഞ്ഞ്​ പ്രശസ്തരാവുക, വൃത്തികേടുകൾ കാണിച്ച്​ പ്രശസ്തരാവുക, കയ്യിലുള്ളതെന്താണോ അത് ലോകത്തേക്ക് പ്രദർശിപ്പിച്ചുകൊണ്ട് മികച്ച ഇൻഫ്ലൂവെൻസർ ആവുക എന്നതാണ് ഇപ്പോഴത്തെ യു ട്യൂബ് തന്ത്രം. പുതിയ തലമുറക്കാർ മാത്രമല്ല പ്രായമുള്ളവരും, പലതരത്തിലുള്ള മനുഷ്യരും പലതും ചെയ്ത്​ തങ്ങളുടെ പൊതു സമൂഹത്തിൽ ഇടം ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ദുർബലരും അശക്തരുമായവരുടെ ആയുധമായിരുന്നു തെറിയെങ്കിൽ അതിപ്പോൾ എല്ലാ മനുഷ്യരുടെയും ആയുധസഞ്ചിയിൽ കിടപ്പുണ്ട്. ‘ആർക്കുമുപയോഗിക്കാം എന്നെ’ എന്ന്​ തെറി സ്വയം പ്രഖ്യാപിച്ച വിപ്ലവം വന്നുകഴിഞ്ഞു. സംസ്കാരം, ഔന്നിത്യം, ലിംഗപദവി, ക്ലാസ്​ ഇതൊന്നും തെറിയ്ക്കു വിഷയമല്ല. ആളുകളെല്ലാം സൗകര്യപൂർവ്വം ഈ ആയുധം ഉപയോഗിക്കുന്നു. അവരവരുടെ പൂട്ടിവെച്ച അശ്ലീല ശബ്ദതാരാവലി തുറന്ന്​ ആവശ്യാനുസരണം വാക്കുകളെ പരതുന്നു. കുടുംബം, വിവാഹം, ലിംഗം എന്നിവയ്ക്കതീതമായി സാർവ്വദേശീയമായി മനുഷ്യരെ നിശ്ശബ്ദമാക്കാൻ കഴിയുന്ന മാരകായുധമാണ് തെറി എന്നു നമ്മൾ അറിയണം.


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments