കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിലൊന്ന് ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയുക, ആശുപത്രികളിൽ അഡ്മിറ്റാക്കപ്പെട്ട രോഗികൾക്ക് രാത്രി കാവലിരിക്കുന്ന ലക്ഷക്കണക്കായ രോഗീ ബന്ധുമനുഷ്യരോട് ആശുപത്രി അധികൃതർ ചെയ്യുന്നത് എന്നാണ്. വളരെ നിശ്ശബ്ദമായി നടക്കുന്ന തിന്മയാണിത്. ഒരു പത്രാധിപർക്കുള്ള കത്തിൽ പോലും ആരും പ്രതികരിച്ചുകണ്ടിട്ടില്ല. ‘ബൈസ്റ്റാൻ്റേഴ്സ്’ എന്നാണ് ഇവരെ വിളിക്കുന്നത്. അഡ്മിറ്റ് ചെയ്യപ്പെട്ട രോഗിയ്ക്ക് 24 മണിക്കൂർ കൂട്ട് കിടക്കാൻ വിധിക്കപ്പെട്ട അടുത്ത ബന്ധുക്കളാണിവർ. ഐ.സി.യുവിലും വെൻ്റിലേറ്ററിലും പുറത്തുമുള്ള അനന്തമായ കാത്തിരിപ്പിന് ഒരിക്കലെങ്കിലും വിധേയരായവർക്ക് ഞാനിത് പറയുമ്പോൾ മനസ്സിലാകും.
ബൈസ്റ്റാൻ്റർ സമൂഹത്തിൽ പാവപ്പെട്ടവരും ഇടത്തരക്കാരും ഉയർന്ന ഇടത്തരക്കാരുമൊക്കെ ഉണ്ട്. രാത്രിയിൽ ദിവസങ്ങളോളം ഇവർ സ്റ്റീൽ ബെഞ്ചിലോ കസേരയിലോ ഇരുന്നുറങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങളോളം, ചിലപ്പോൾ ആഴ്ചകളോളം.
രാത്രിയിലാണ് ബൈസ്റ്റാൻ്റേഴ്സ് ഏറ്റവും വലിയ പ്രതിസന്ധിയിലാവുന്നത്. രോഗിയുടെ ബന്ധുക്കൾ വരാന്തയിലോ കോണിയുടെ ചുവട്ടിലോ ഇരുന്ന് നേരം വെളിപ്പിച്ചുകൊള്ളണം എന്നാണ് ബഹുഭൂരിഭാഗം ആശുപത്രിക്കാരുടെയും മനോഭാവം. ഈ മനോഭാവത്തിനുപിന്നിൽ തികഞ്ഞ അപരിഷ്കൃത മനസ്സാണുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചാരിറ്റിയിൽ ഫോക്കസ് ചെയ്യുന്നു എന്നു പറയുന്ന ഹോസ്പിറ്റലുകളില്‍പോലും ഇതാണവസ്ഥ. സാധാരണക്കാർക്ക് അപ്രാപ്യമായ അപൂർവ്വം 'ഫൈവ്സ്റ്റാർ ' ഹോസ്പിറ്റലുകളിൽ ബൈസ്റ്റാൻ്റേഴ്സിന് ഈ സൗകര്യം ലഭ്യമാണ്. ഐ.സു.യുവിനും വെൻ്റിലേറ്ററിനും മുന്നിൽ കാത്തിരിക്കുന്ന ബൈസ്റ്റാൻ്റർ സമൂഹത്തിൽ പാവപ്പെട്ടവരും ഇടത്തരക്കാരും ഉയർന്ന ഇടത്തരക്കാരുമൊക്കെ ഉണ്ട്. രാത്രിയിൽ ദിവസങ്ങളോളം ഇവർ സ്റ്റീൽ ബെഞ്ചിലോ കസേരയിലോ ഇരുന്നുറങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങളോളം, ചിലപ്പോൾ ആഴ്ചകളോളം.
ഇങ്ങനെ ഇരുന്നുറങ്ങി നേരം പുലർത്തേണ്ടിവരുന്ന ഈ മനുഷ്യവിഭാഗം താമസിയാതെ രോഗികളോ അർധ രോഗികളോ ആയിത്തീരുന്നു. ഇരുന്നുള്ള ഈ ഉറക്കം വഴി എത്ര ആരോഗ്യമുള്ള ശരീരവും എന്തായിത്തീരും എന്ന് ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും അറിയാത്തതല്ല. സത്യത്തിൽ ഈ ബൈസ്റ്റാൻ്റർക്ക് രാത്രി ഒന്ന് ഉറങ്ങാനും, ആവശ്യം വന്നാൽ ആശുപത്രിയധികൃതർക്ക് മൊബൈൽ ഫോണിൽ ഒന്ന് വിളിച്ചുണർത്താനുമുള്ള സൗകര്യം ഒരുക്കാൻ ആശുപത്രി അധികൃതരുടെ ഹൃദയത്തിൽ ചെറിയൊരു നന്മമനസ്സ് മാത്രം മതി. ഇതിനൊന്നും വലിയ ചെലവു വേണ്ട എന്നതാണ് വാസ്തവം. പക്ഷേ, ചെയ്യില്ല, ശ്രദ്ധിക്കില്ല. മനുഷ്യരായിട്ട് പരിഗണിക്കാതിരിക്കുകയും ഇക്കൂട്ടർ അങ്ങനെ സുഖിക്കേണ്ട എന്നും ഒരു മട്ട്. കണ്ടിട്ടും കാണാതെ പോകുന്നതിലും ഒരു മനസ്സുഖം ഉണ്ടല്ലോ, നമുക്കൊക്കെ, എവിടെ വെച്ചൊക്കെയോ തോറ്റതിൻ്റെ പകയാലോ സാമൂഹ്യപരമായ കടമയെപ്പറ്റി രക്ഷകർത്താക്കൾ പഠിപ്പിച്ച് കൊടുക്കാത്തത് കൊണ്ടോ ആവാം, ഈ മനോഭാവം.
പൊതുവെ എന്തെങ്കിലും ചികിത്സയുമായി വരുന്നവരോടുള്ള ആശുപത്രി അധികൃതരുടെ പെരുമാറ്റശൈലി മിക്കപ്പോഴും താഴ്ന്ന നിലവാരത്തിലുള്ളതാണെന്നു കാണാം. മനുഷ്യൻ ഏറ്റവും നിസ്സഹായനായിരിക്കുന്നിടത്ത് പോലും ഉയരാത്ത മനസ്സ് എത്ര ആഴത്തിലുള്ള കുഴിയിലായിരിക്കും. തങ്ങളൊക്കെ വലിയ ഏതോ ആളുകളും അവിടെ ചികിത്സാർത്ഥം വരുന്നവരൊക്കെ ഏതോ 'കീഴാള വിഭാഗ'ത്തിൽപ്പെടുന്നവരുമാണെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. എല്ലാ ആശുപത്രി നടത്തിപ്പുകാരും അങ്ങനെയാണെന്നല്ല പറഞ്ഞു വരുന്നത്. മനഃസാക്ഷി നശിച്ചിട്ടില്ലാത്ത എത്രയോ നല്ല മനുഷ്യർ അവിടെയുണ്ട്. പക്ഷേ ഇങ്ങനെയുള്ളവരുടെ ശതമാനക്കണക്ക് വളരെ ചെറുതാണെന്ന് ആശുപത്രി അനുഭവമുള്ള ആർക്കും അറിയാനാവുന്നതാണ്. ഇവർക്ക് യാതൊരു ട്രെയിനിങ്ങും ബോധവൽക്കരണവും ഈ വ്യവസായശാലയിൽ ലഭ്യമല്ല. പൊതുവെ എന്തെങ്കിലും ചെറിയ അധികാരം കിട്ടുന്നതോടെ തങ്ങൾ മറ്റുള്ളവരെക്കാൾ രണ്ടടി മുകളിലുള്ളവരാണ് എന്ന ചിന്താഗതിയാൽ അപകർഷതാബോധമുള്ളവരാണ് മലയാളി സമൂഹം. ഈ വരുന്ന രോഗികളും അവർ ആശ്രയിക്കുന്നവരുമാണ് തങ്ങൾക്കും കുടുംബത്തിനും ആഹാരം തരുന്നതെന്ന് ചിന്തിക്കാൻ പോലും ഇക്കൂട്ടർ മറന്നുപോകുന്നു. എന്ത് വിദ്യാഭ്യാസം! സമഭാവന എന്ന അടിസ്ഥാന മാനവികതയെപ്പറ്റിപ്പോലും വീട്ടിൽ നിന്നോ വിദ്യാലയങ്ങളിൽ നിന്നോ ഒന്ന് ഓർമ്മിപ്പിച്ച് വിടേണ്ടതുണ്ടെന്ന കാര്യം പോലും നമ്മളോർക്കുന്നില്ല. അതിനാൽ എന്തെങ്കിലും തരത്തിലുള്ള നിർണയാധികാരം വന്നുചേരുന്നതോടെ നമ്മളൊക്കെ എത്ര വേഗമാണ് സാറാകുന്നത്. എന്തൊരു അധികാര ഭാവത്തോടെയാണ് യാതൊരു നാണവുമില്ലാതെ സാറിസം എന്ന ഈ അല്പത്തരം ആർഭാഢമായി കൊണ്ടുനടക്കുന്നത്.
സത്യത്തിൽ, രോഗിക്ക് കിടക്കാനുള്ള സ്ഥലം മാത്രമല്ല, ബൈസ്റ്റാൻ്റർക്ക് കാത്തിരിക്കാനും വിശ്രമിക്കാനുമുള്ള സ്ഥലം കൂടിയാവേണ്ടതല്ലേ ആശുപത്രി?
സത്യത്തിൽ, രോഗിക്ക് കിടക്കാനുള്ള സ്ഥലം മാത്രമല്ല, ബൈസ്റ്റാൻ്റർക്ക് കാത്തിരിക്കാനും വിശ്രമിക്കാനുമുള്ള സ്ഥലം കൂടിയാവേണ്ടതല്ലേ ആശുപത്രി? ആ ബൈസ്റ്റാൻ്റർ ഒരു മനുഷ്യനാണ്, ദുഃഖിതനായ മനുഷ്യൻ. പരിഭ്രാന്തനായ മനുഷ്യൻ. ജിജ്ഞാസ കൊണ്ടും അനിശ്ചിതാവസ്ഥ കൊണ്ടും ക്ഷീണിച്ച ഒരാൾ. അയാൾക്കും രാത്രിയുറക്കമുണ്ട്. വിശ്രമിക്കേണ്ടതുണ്ട്. അവരിൽ നിരവധി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരുണ്ട്. കടുത്ത മാനസിക സംഘർഷങ്ങളുടെ തടവിലാണ് ഭൂരിഭാഗം പേരും. രോഗം മാറുമോ, രോഗി മരിച്ചുപോകുമോ എന്ന സംഘർഷഭൂമിയിലുമാണിവർ. ഇരച്ചുകയറുന്ന ബില്ലിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയുണ്ട്. ആശുപത്രി ഇടപാട് കഴിഞ്ഞ് പോകുന്ന മനുഷ്യരിലേക്ക് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഓർമ്മയെങ്കിലും അവശേഷിപ്പിക്കാൻ ആശുപത്രി സംവിധാനങ്ങൾക്ക് കഴിയണം. അതിൽ ജീവിത സൗന്ദര്യമുണ്ട്. അതെന്താണെന്ന് തിരിച്ചു ചോദിക്കുന്ന ബുദ്ധിഹീനർക്ക് നല്ല നമസ്ക്കാരം. താങ്ങാനാവാത്ത ഉറക്കക്ഷീണം കൊണ്ട് കഴുത്തൊടിഞ്ഞ നിലയിൽ ഉറങ്ങുന്ന ആ നിസ്സഹായ സമൂഹത്തിലേക്ക് ആരും ഏത് നിമിഷവും വന്നു ചേരാം; ഇന്നു ഞാൻ നാളെ നീ.
കേരളത്തിലെ വൻകിട സ്വകാര്യ ആശുപത്രികളിൽപ്പോലും നേരം വെളുക്കുവോളം ഇരുന്നുറങ്ങേണ്ടിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഈ പീഡനം താങ്ങാനാവാതെ, അമ്മയെ അഡ്മിറ്റ് ചെയ്ത ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി പോലും ചിന്തിച്ച് പോയ എഴുത്തുകാരനും വലിയ ഉദ്യോഗസ്ഥനുമായ ഒരു സുഹൃത്തിനെ എനിക്കറിയാം.
ബൈസ്റ്റാൻറർ സമൂഹം ഇന്ന് അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ് എന്ന വിഷയം പൊതുസമൂഹം ചർച്ച ചെയ്യണം. ബൈസ്റ്റാൻ്റേഴ്സിനെ രോഗിയാക്കുന്ന ഈ ഇടപാട് സാംസ്ക്കാരിക നാണക്കേടാണ്. നിയമസംവിധാനം ഇതേക്കുറിച്ച് ആലോചിക്കണം-
വരൂ, പൗരരുടെ രോഗം സുഖപ്പെടുത്താം എന്ന വാഗ്ദാനത്തിൻ്റെ പേരാണ് ആശുപത്രി, അത് അനാരോഗ്യത്തിൻ്റെ ഉല്പാദനകേന്ദ്രമാവുന്നത് വൈദ്യ സങ്കല്പത്തിന് തന്നെ അപമാനകരമാണ്. ഇതേപ്പറ്റി അശ്രദ്ധ കാണിക്കുകയും രോഗമില്ലാത്തവരെക്കൂടി രോഗിയാക്കുകയും ചെയ്യുന്ന പ്ലാൻ വരച്ചുണ്ടാക്കുന്ന മനുഷ്യവിരുദ്ധമായ ഒരു ആശുപത്രിയ്ക്കും കെട്ടിട ലൈസൻസ് കൊടുക്കരുത്. നീതിയുടെ കാവലാളായ കോടതി ഇതിലിടപെടണം.
രോഗമില്ലാത്തവരെക്കൂടി രോഗിയാക്കുന്ന പ്ലാൻ വരച്ചുണ്ടാക്കുന്ന മനുഷ്യവിരുദ്ധമായ ഒരു ആശുപത്രിയ്ക്കും കെട്ടിട ലൈസൻസ് കൊടുക്കരുത്. നീതിയുടെ കാവലാളായ കോടതി ഇതിലിടപെടണം.
സ്വകാര്യ ആശുപത്രികളിലെ ലാഭക്കൊതിയെപ്പറ്റിയുള്ള ചർച്ച ഇപ്പോൾത്തന്നെ വിസ്പയറിങ്ങ് ക്യാമ്പ് ആയി മനുഷ്യർക്കിടയിൽ സാധാരണമാണ്. അതിലൊന്നാണ് നമ്മുടെ ഐ സി യു സംവിധാനം. കിഴക്കൻ രാജ്യങ്ങളിലെ തണുപ്പിനനുസൃതമായി രൂപകല്പന ചെയ്ത ഈ സംവിധാനം കേരളത്തിലെ രോഗികൾക്ക് ഫ്രീസറിൽ കിടക്കുന്ന യാതന ഉളവാകുന്നു. ഐ.സി.യുവിൽ അകപ്പെട്ട രോഗിക്ക് മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു . അയാൾ /അവൾ എനിക്കറിയാത്ത ഏതോ രാജ്യത്തേക്ക് നാട് കടത്തപ്പെടുന്നു. യാന്ത്രികതയും കൊടും ശൈത്യവുമാണ് അതിൻ്റെ കൂട്ട്. ആശുപത്രിയിലേക്ക് പോകും വഴി പത്രക്കാരോടുള്ള സംസാരവും കഴിഞ്ഞ് നേരെ ഐ സി യു വാർഡിലേക്ക് പോയ മഹനീയനായ ഒരു അഖിലേന്ത്യാ നേതാവ് മരിച്ചു കഴിഞ്ഞാണ് ഐ സി യുവിൽനിന്ന് പുറത്തേക്ക് വന്നതെന്ന സമീപകാല വാർത്ത ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. ഐ. സി. യുവിലെ സെൻസിറ്റീവായ യന്ത്രങ്ങളെ അത്രയും താഴ്ന്ന ഡിഗ്രി തണുപ്പിലാണ് സൂക്ഷിക്കേണ്ടത് എന്നതൊക്കെ ന്യായം തന്നെ. ഒരു ചോദ്യമേ ഉള്ളിൽ നിന്ന് വരുന്നുള്ളൂ. രോഗിയാണോ യന്ത്രത്തിൻ്റെ കാവലാൾ, അതോ യന്ത്രമാണോ രോഗിയുടെ കാവലാൾ?
MBBS, MD, MRCP എന്നിവയൊന്നും പാസാകാത്ത, ഒരു സാധാരണക്കാരൻ്റെ ബൈസ്റ്റാൻ്റർ അനുഭവത്തിൽ നിന്നാണ് ഈ ചോദ്യം. ഇതിൽ അനുഭവയുക്തി മാത്രമേ ഉള്ളൂ എന്ന് സമ്മതിക്കട്ടെ. മറുപടികളാൽ ഈ ചോദ്യങ്ങളെ അപമാനവിധേയമാക്കുമെന്ന് എനിക്കറിയാം. എന്ത് ചെയ്യാം, ഞാൻ സാധാരണക്കാരുടെ എഴുത്തുകാരനാണ്.
ഒരു ‘മുല്ലാക്കഥ’ കൂടി ഓർമിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:
മുല്ല അസുഖബാധിതനായി കിടപ്പിലായി. രോഗം മൂർച്ഛിച്ച് മുല്ലയ്ക്ക് സംസാരശേഷിയും ശരീരം അനക്കാനുമുള്ള കഴിവും നഷ്ടപ്പെട്ടു. ഭാര്യ ഡോക്ടറെ വിളിച്ചു.
മുല്ലയെ വിശദമായി പരിശോധിച്ച് ഡോക്ടർ പറഞ്ഞു: മുല്ല മരിച്ചു. ഖബറടക്കത്തിനുള്ള ഏർപ്പാടുകൾ ചെയ്തോളൂ.
ഇത് മുല്ല കേൾക്കുന്നുണ്ടായിരുന്നു. ഡോക്ടർ പടിയിറങ്ങിയതും മുല്ല എങ്ങനെയെല്ലാമോ കണ്ണ് തുറന്നു കൊണ്ട് ഭാര്യയോട് പറഞ്ഞു: എടീ, ഞാൻ മരിച്ചിട്ടില്ല.
ഭാര്യ ദേഷ്യത്തോടെ പറഞ്ഞു: നിങ്ങളൊന്ന് മിണ്ടാതിരിക്ക്. മരിച്ചു എന്ന് പറഞ്ഞത് ചില്ലറക്കാരനല്ല. MBBS MRCP യാണ്.
ലോകം മുഴുവൻ ഈ കഥ സഞ്ചരിക്കുന്നുണ്ട് - അത് യാദൃച്ഛികമാവാൻ തരമില്ല. മുല്ലയുടെത് ഒരു തമാശക്കഥ മാത്രമല്ല, ലോകം മുഴുവനുമുള്ള രോഗികൾക്ക് വേണ്ടിയുള്ള ഒരു മനുഷ്യാവകാശകഥ കൂടിയാണ്. നമ്മെയെല്ലാം ഏത് നിമിഷവും ഒരു ആശുപത്രി കാത്തിരിക്കുന്നുണ്ട് എന്ന വിധിവസ്തുതയും ഈയവസരത്തിൽ ഓർക്കേണ്ടതാണ്.