കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 16
മാർക്കറ്റ് ഫെറ്റിഷിസം
എം.ജി.ശശി: CRC, CPI (ML) സംഘടനയിൽ പിളർപ്പുണ്ടാകാൻ ഒരു പ്രധാന കാരണമായ, ദേശീയതകളുടെ സ്വയം നിർണ്ണയാവകാശ നിലപാടിനോടുള്ള വിമർശനമായ 'മാർക്കറ്റ് ഫെറ്റിഷിസം' എന്ന മാർക്സിസ്റ്റ് വിരുദ്ധമായ നിലപാടിലാണ് കേവി നിൽക്കുന്നത് എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.
കെ.വേണു: എൻ്റെ സൈദ്ധാന്തിക നിലപാടുകളിൽ വിപണിക്ക് അമിത പ്രാധാന്യം നൽകുന്നു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ മാർക്കറ്റ് ഫെറ്റിഷിസത്തിൻ്റെ വക്താവാണ്, എനിക്ക് വിപണിയോടുള്ള പ്രണയമാണ് -ആസക്തിയാണ് (Market Fetichism) എന്ന വിമർശനം ഉന്നയിക്കപ്പെട്ടത്. സോവിയറ്റ് യൂണിയൻ്റെയും മറ്റ് മുൻ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും സാമ്പത്തിക ഘടന പരിശോധിക്കുമ്പോൾ, സ്വകാര്യ സ്വത്ത് നിരോധിച്ചു കൊണ്ട് സാമ്പത്തികോപാധികളെല്ലാം പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുന്നത്, സമ്പത്തിൻ്റെയും അതുവഴി അധികാരത്തിൻ്റെയും അമിത കേന്ദ്രീകരണത്തിലേക്കും, തുടർന്ന് പാർട്ടിയിലേക്കും പാർട്ടി നേതാക്കളിലേക്കുമുള്ള പരിപൂർണ്ണമായ കേന്ദ്രീകരണത്തിലേക്കും എത്തിക്കുമെന്ന് കാണാനാകും. അത് ഏക പാർട്ടി സ്വേഛാധിപത്യത്തിലേക്ക് നയിക്കും. സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്ന ആ വ്യവസ്ഥകളുടെ ആന്തരികമായ തകർച്ചക്ക് കാരണമതാണെന്ന് വ്യക്തമാണ്. മുതലാളിത്തത്തിൽ സ്വകാര്യസ്വത്തിലൂടെ സമ്പത്തിൻ്റെ വികേന്ദ്രീകരണവും, വിപണിയിലൂടെ മത്സരവും നടക്കുന്നു. ഈ മത്സരം സമ്പദ്ഘടനയെ സജീവമാക്കുന്നു. ഇങ്ങനെയുള്ള വികേന്ദ്രീകരണവും മത്സരവും ജനാധിപത്യ പ്രക്രിയക്ക് അടിസ്ഥാനമാവുകയും ആക്കം കൂട്ടുകയും ചെയ്യുന്നു. സോഷ്യലിസത്തിലെ കേന്ദ്രീകരണം സോഷ്യൽ ഫാസിസത്തിലേക്ക് നയിക്കുമ്പോൾ, മുതലാളിത്തത്തിലെ മത്സരം ജനാധിപത്യത്തിന് കളമൊരുക്കുന്നു. മുതലാളിത്തത്തിലെ കഴുത്തറപ്പൻ മത്സരം വലിയ ഉച്ചനീചത്വങ്ങളിലേക്ക് നയിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.
ജനാധിപത്യപരമായ നിയമ നിർമ്മാണങ്ങളിലൂടെയും, ജനകീയ ഇടപെടലുകളിലൂടെയും ഈ കഴുത്തറപ്പൻ മത്സരത്തെ നിയന്ത്രിക്കാനായേക്കാം. പക്ഷേ, അതിൽ എത്രത്തോളം വിജയിക്കാനാകും എന്നതാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജനാധിപത്യത്തിൻ്റെ പ്രയോഗത്തിൽ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട് എന്നത് തീർച്ചയാണ്.
അഖണ്ഡതയും വിഘടനവാദവും
ഭാഷാ-ദേശീയതകളുടെ വേറിട്ടു പോകാനുൾപ്പടെയുള്ള സ്വയം നിർണ്ണയാവകാശത്തെപ്പറ്റി കൂടുതൽ പറയേണ്ടതുണ്ട്...
റഷ്യൻ വിപ്ലവത്തിന് തൊട്ടു മുമ്പുള്ള സാഹചര്യത്തിൽ സാറിസ്റ്റ് റഷ്യയിൽ ഭാഷാ-ദേശീയതകളുടെ സ്വയം നിർണ്ണയാവകാശം സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുകയുണ്ടായി. ഭാഷാ-ദേശീയതകൾക്ക് വേറിട്ടു പോകാൻ ഉൾപ്പെടെയുള്ള സ്വയം നിർണ്ണയാവകാശം അനുവദിക്കപ്പെടണം എന്ന നിലപാടായിരുന്നു മുഖ്യവിഷയം.
ലെനിൻ അക്കാലത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ എഴുതുകയുമുണ്ടായി. 'രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം' പോലെ. അതെല്ലാം പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഈ വിഷയത്തിലെ ആധികാരിക രേഖകളാവുകയും ചെയ്തു. ഇന്ത്യയിൽ സ്വാതന്ത്ര്യ സമര കാലത്ത് പാക്കിസ്ഥാൻ പ്രശ്നം ഉയർന്നു വന്നപ്പോൾ മതാടിസ്ഥാനത്തിൽ വിഭജനത്തെ അനുകൂലിക്കാൻ കഴിയാത്തതുകൊണ്ട്, ഇന്ത്യയിലെ ഭാഷാ-ദേശീയ സമൂഹങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മ്യുണിസ്റ്റു പാർട്ടിയിലെ പ്രമുഖ സൈദ്ധാന്തികനായിരുന്ന ജി. അധികാരിയെ ചുമതലപ്പെടുത്തി. ലെനിൻ്റെ ദേശീയ സ്വയം നിർണ്ണയാവകാശ നിലപാടുകൾ അടിസ്ഥാനമാക്കി ജി.അധികാരി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ 17 ഭാഷാ-ദേശീയ സമൂഹങ്ങൾക്ക് വേറിട്ടു പോകാൻ ഉൾപ്പെടെയുള്ള സ്വയം നിർണ്ണയാവകാശത്തിന് അർഹതയുണ്ടെന്ന് സ്ഥാപിക്കുകയുണ്ടായി. 1942-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ ഈ നിലപാടിൻ്റെ അടിസ്ഥാനത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. പാക്കിസ്ഥാൻ മേഖലയിലുള്ള അഞ്ച് ഭാഷാ-ദേശീയ സമൂഹങ്ങൾക്കെല്ലാം വേറിട്ടു പോകാനുൾപ്പടെയുള്ള അവകാശമുണ്ടെന്ന നിലപാടെടുക്കുകയും ചെയ്തു. അന്ന് പാർട്ടിക്ക് അടിസ്ഥാനമുണ്ടായിരുന്ന ബംഗാളിലും ആന്ധ്രയിലും കേരളത്തിലും അതാത് ഭാഷാ-ദേശീയ സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇ.എം.എസ്സ് ആദ്യമെഴുതിയ 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ചെറുപുസ്തകം താമസിയാതെ 1940-കളിൽത്തന്നെ 'കേരളം മലയാളികളുടെ മാതൃഭൂമി'യായി വികസിച്ചു. പക്ഷേ, 1950-കളുടെ ആരംഭത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സജീവമായതോടെ, ദേശീയ സ്വയം നിർണ്ണയാവകാശം വിഘടനവാദമായി വിമർശിക്കപ്പെടുമെന്നുള്ളതുകൊണ്ട് പിന്നീട് അതേക്കുറിച്ചു മിണ്ടാതായി. കമ്മൂണിസ്റ്റുകാർ ഇന്ത്യൻ അഖണ്ഡതയുടെ വക്താക്കളായി മാറുകയും ചെയ്തു.
ഉപദേശീയതകൾ
ഭാഷാ-ദേശീയതകളുടെ സ്വയംനിർണ്ണയാവകാശം ഏറെ ചർച്ച ചെയ്യുമ്പോഴും, ചെറു ഭാഷകൾ സംസാരിക്കുന്ന ഉപദേശീയതകളുടെ സ്വത്വം വളരെ പ്രധാനപ്പെട്ടതല്ലേ?
ആഗോള തലത്തിലും ഇന്ത്യയിലും ഭാഷാ-ദേശീയതകളുടെ രൂപവൽക്കരണവും പരിണാമവും കുറച്ചൊക്കെ ചർച്ച ചെയ്തതാണ്. ഒരു പ്രദേശത്തെ പ്രധാന ഭാഷ സംസാരിക്കുന്നവർ ഭാഷാ-ദേശീയസമൂഹമായി മാറുമ്പോൾ അവർക്കിടയിൽ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ചെറു ഭാഷാസമൂഹങ്ങൾ പലപ്പോഴും തുടച്ചുനീക്കപ്പെടുന്നത് കാണാം.
മുഖ്യഭാഷക്കാരുടെ ആധിപത്യത്തിന് മുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിയാറില്ല. എങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നവരും ചിലയിടത്തുണ്ട്. ഇന്ത്യയിൽത്തന്നെ പരിശോധിക്കുകയാണെങ്കിൽ പ്രധാന ഭാഷാസമൂഹങ്ങൾക്കിടയിൽ അവയോട് ചേർന്ന് പല ചെറു ഭാഷാസമൂഹങ്ങളും തുടർന്നു പോന്നിട്ടുള്ളതു കാണാം. പ്രധാന ഭാഷാസമൂഹങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംസ്ഥാനപദവി ചെറു ഭാഷക്കാർക്ക് ലഭിക്കാറില്ലെങ്കിലും നിലനിന്നു പോകാൻ കഴിയാറുണ്ട്. എന്നാൽ ചില ആദിവാസി-ഗോത്ര സമൂഹങ്ങൾ സംസ്ഥാന പദവി നേടിയെടുത്ത ചരിത്രവും ഇവിടെയുണ്ട്. ഛത്തീസ്ഗഢ്, ജാർക്കണ്ഠ് തുടങ്ങിയ സംസ്ഥാനങ്ങൾ അങ്ങനെ രൂപം കൊണ്ടതാണല്ലോ. മുഖ്യഭാഷ എഴുത്തുഭാഷയും അംഗീകൃത ഭാഷയുമാവുമ്പോഴും അത് സംസാരിക്കുന്നവർക്കിടയിൽത്തന്നെ അനവധി സംസാര ഭാഷകൾ നിലനിന്നു പോരുന്നതു കാണാം. അത്തരം ചെറു ഭാഷകൾക്ക് പലപ്പോഴും ലിപി പോലും ഉണ്ടാകാറില്ല. ഔദ്യോഗിക അതിർത്തികൾക്ക് വഴങ്ങാത്ത ഉപസമൂഹങ്ങളാണ് അങ്ങനെ രൂപം കൊള്ളുന്നത്. അങ്ങേയറ്റം വൈവിദ്ധ്യമാർന്ന രീതിയിലുള്ള ഇത്തരം ഉപസമൂഹങ്ങൾ ലോകമെമ്പാടും നിലനിന്നു പോന്നിട്ടുള്ളത് ചരിത്രമാണ്. ഉപദേശീയ സമൂഹങ്ങളുടെ സ്വത്വ പ്രശ്നം തീർച്ചയായും വലിയ പ്രാധാന്യമുള്ളതുതന്നെയാണ്.
(തുടരും)