“ചേട്ടനിലൂടെയാണ് കമ്മ്യൂണിസ്റ്റ് ബോധത്തിന്റെ തുടക്കം, അന്ന് കാർഡുള്ള കമ്മ്യൂണിസ്റ്റുകാരനാണ് ചേട്ടൻ”

കണ്ടശ്ശാങ്കടവിൽ വലിയൊരു തൊണ്ടു തൊഴിലാളി സമരം നടക്കുന്നുണ്ട്. പിക്കറ്റിംഗിന് പോകുന്നവരെയൊക്കെ ക്രൂരനായൊരു പോലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് ചവിട്ടിട്ടുന്ന ഭീകര അന്തരീക്ഷം ഉണ്ടായിരുന്നു. അത് അറിഞ്ഞിട്ടും വളണ്ടിയറായിട്ട് പോവുകയാണ് ചേട്ടൻ. അങ്ങനെ ചേട്ടനിലൂടെയാണ് കമ്മ്യൂണിസ്റ്റ് ബോധത്തിൻ്റെ തുടക്കം. കെ. വേണുവായുള്ള എം.ജി. ശശിയുടെ ദീർഘസംഭാഷണം തുടരുന്നു.

കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ പാർട്ട് 4

ജീസസ് ക്രൈസ്റ്റ്

എം.ജി.ശശി: 1966ൽ ക്രൈസ്റ്റ് കോളേജിൽ ഡിഗ്രി ഫൈനൽ ഇയറിൽ കേവി നടത്തിയ പ്രസംഗം, പിൽക്കാല രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണ്. അദ്ധ്യാപകനായിരുന്ന മാമ്പുഴ കുമാരൻ മാഷ് വർഷങ്ങൾ പിന്നിട്ട ശേഷവും ആ പ്രസംഗത്തെപ്പറ്റി പരാമർശിക്കുകയുണ്ടായി. ആ പ്രസംഗം കേവി എന്ന വ്യക്തിത്വത്തിനെ, സാമൂഹ്യ വ്യക്തിത്വത്തിനെ പുറത്തേയ്ക്ക് കൊണ്ടുവരുന്ന ഒരു സൂചനയായി മാറി. അത് ഓർക്കുന്നുണ്ടോ?

കെ.വേണു: ബി.എസ്.സി സുവോളജി ഫൈനൽ ഇയർ ആണ്. അപ്പൊ അവസാനത്തെ ഒരു വാലിഡക്റ്ററി മീറ്റിംഗ് ഉണ്ടല്ലോ. അതിൽ എന്നോട് പ്രസംഗിക്കാനാണ് ആവശ്യപ്പെടുന്നത്. ഞാൻ അത്ഭുതപ്പെട്ടു പോയി. ഞാനങ്ങനെ സജീവമായി നിൽക്കുന്ന വിദ്യാർത്ഥി ഒന്നുമല്ല. മുൻ ബഞ്ചിലിരിക്കുന്ന നല്ലോണം പഠിക്കുന്ന ഒരു കുട്ടി. അത്ര മാത്രം.

അന്തർമുഖനുമാണല്ലോ?

അതെ അന്തർമുഖനാണ്. അതാണ് അന്നത്തെ എൻ്റെ സ്വഭാവം. നല്ല കുട്ടി എന്നതാണ് അവര് പരിഗണിച്ചത്. അങ്ങനെ തീരുമാനിച്ച് കഴിഞ്ഞപ്പൊ ഞാനൊരു ചെറിയ പ്രസംഗം എഴുതിയുണ്ടാക്കുകയാണ് ചെയ്തത്. അമല ഹോസ്പിറ്റലിൻ്റെ സ്ഥാപകനായ പ്രിൻസിപ്പാൾ ഗബ്രിയേലച്ചനുമുണ്ടായിരുന്നു മീറ്റിംഗിന്. അദ്ദേഹം സുവോളജിക്കാരനാണ്. ഞാൻ പറഞ്ഞത് ഇങ്ങനെയാണ്: “അടിമകൾക്ക് വേണ്ടി പോരാടിയ, വിപ്ലവകാരിയായ ക്രിസ്തുവിനെക്കുറിച്ചുള്ള സങ്കല്പവുമായിട്ടാണ് ഞാൻ ക്രൈസ്റ്റ് കോളേജില് വരണത്. പക്ഷേ, ഞാനിവിടെ കണ്ടത് വലിയ മൊണാസ്റ്ററികളിൽ - പലേഷ്യൽ ബംഗ്ലാവുകളിൽ താമസിയ്ക്കുന്ന അച്ചന്മാരെയും ക്രിസ്തു ശിഷ്യന്മാരെയുമാണ്. വലിയ സമ്പന്നമായ അന്തരീക്ഷം. പുറംലോകം അതീന്ന് വളരെ വ്യത്യസ്തമാണെന്ന് അറിയുകയും ചെയ്യാം. വളരെയധികം പ്രശ്നങ്ങളും സംഘർഷങ്ങളും ദാരിദ്ര്യോം ഒക്കെയുള്ള ഒരു സമൂഹം. അപ്പൊ ക്രിസ്തുവിനെക്കുറിച്ച് ആദ്യം മനസ്സിലുണ്ടായിരുന്ന ചിന്തയും കൊണ്ടാണ് ഇവിടന്ന് പുറം ലോകത്തിലേയ്ക്ക് ഞാൻ ഇറങ്ങിപ്പോകുന്നത്.”

ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ മനസ്സിലാക്കലും അതിനോട് അപ്പോൾ കണ്ട വൈരുദ്ധ്യവും?

അതെ, എല്ലാരും അന്തം വിട്ടു പോയി. ഒരാൾക്കും ഒന്നും മിണ്ടാൻ പറ്റാതായി. കാരണം, ഞാൻ അത്തരമൊരു പ്രസംഗം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

കമ്മ്യൂണിസ്റ്റ്

കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യം, കെ.പി.എ.സി നാടകങ്ങൾ കണ്ടത്, അന്ന് കേവീടെ മൂത്ത ചേട്ടൻ വിശ്വനാഥമേനോൻ ഒരു പ്രകടനത്തിൻ്റെ മുന്നിൽ ചുകപ്പ് മാല കഴുത്തിലണിഞ്ഞ് പോകുന്നത്. അങ്ങനെ രാഷ്ട്രീയത്തിലേയ്ക്കെത്തുന്ന ഒരു പശ്ചാത്തലത്തെക്കുറിച്ച് പറയാമോ?

കൊടുങ്ങല്ലൂര് പുല്ലൂറ്റ് എന്ന സ്ഥലത്താണ് ഞങ്ങള്. അവിടെ തെക്കുഭാഗോം വടക്കുഭാഗോം ഉണ്ട്. തെക്കുഭാഗത്ത് അധികവും സവർണരാണ്. വടക്കുഭാഗത്ത് പിന്നോക്ക ദലിത് വിഭാഗങ്ങളും. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നല്ല സ്വാധീനമുള്ള വടക്കുഭാഗത്താണ് അമ്മയ്ക്ക് കിട്ടിയ പാട്ടഭൂമി. എൻ്റെ മൂത്ത ചേട്ടൻ 46-47 കാലത്ത് പഠിപ്പുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് ഇറങ്ങിയ ആളാണ്. പിന്നീട് ചേട്ടൻ കമ്മ്യൂണിസ്റ്റായി മാറുന്നു. 50-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കാർഡ് വളരെ അപൂർവ്വം ആളുകൾക്ക് മാത്രം കിട്ടുന്ന ഒന്നാണ്. അന്ന് കാർഡുള്ള കമ്മ്യൂണിസ്റ്റുകാരനാണ് ചേട്ടൻ. പുല്ലൂറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകത്തിലെ സജീവ പ്രർത്തകനായിരുന്നു. പിന്നീട് മന്ത്രിയായ വി.കെ.രാജനൊക്കെ ചേട്ടൻ്റെ ശിഷ്യനാണ്. ഞാൻ സ്കൂളിൽ പഠിയ്ക്കണ കാലത്ത് ഒരു ഇൻ്റർവെൽ സമയത്ത് കുട്ടികളാെക്കെക്കൂടി എന്നെ ഗെയ്റ്റിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അപ്പൊ ഒരു ജാഥ വരുന്നുണ്ട്. ജാഥേടെ മുന്നിൽ ചൊകപ്പ് മാലയൊക്കെ ഇട്ട് ചേട്ടനാണ് നടക്കുന്നത്. ആ സമയത്ത് അന്തിക്കാടിനടുത്തുള്ള കണ്ടശ്ശാങ്കടവിൽ വലിയൊരു തൊണ്ടു തൊഴിലാളി സമരം നടക്കുന്നുണ്ട്. അവിടെ പിക്കറ്റിംഗിന് പോകുന്നവരെയൊക്കെ ക്രൂരനായൊരു പോലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് ചവിട്ടി നശിപ്പിയ്ക്കുന്നൊരു ഭീകര അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. അത് അറിഞ്ഞുകൊണ്ടു തന്നെ വളണ്ടിയറായിട്ട് പോവുകയാണ് ചേട്ടൻ. അങ്ങനെ ചേട്ടനിലൂടെയാണ് കമ്മ്യൂണിസ്റ്റ് ബോധത്തിൻ്റെ തുടക്കം. വീട്ടിലും ആ അന്തരീക്ഷം ഉണ്ടാക്കിയത് ചേട്ടൻ തന്നെയാണ്.

ഞാനങ്ങനെ സജീവമായി നിൽക്കുന്ന വിദ്യാർത്ഥി ഒന്നുമല്ല. മുൻ ബഞ്ചിലിരിക്കുന്ന നല്ലോണം പഠിക്കുന്ന ഒരു കുട്ടി. അത്ര മാത്രം.
ഞാനങ്ങനെ സജീവമായി നിൽക്കുന്ന വിദ്യാർത്ഥി ഒന്നുമല്ല. മുൻ ബഞ്ചിലിരിക്കുന്ന നല്ലോണം പഠിക്കുന്ന ഒരു കുട്ടി. അത്ര മാത്രം.


കെ.പി.എ.സി നാടകങ്ങളൊക്കെ കാണാൻ പോകുന്നത് ഈ പശ്ചാത്തലത്തിലാണ്. അമ്മയ്ക്ക് പൊതുവിൽ അത്തരം രാഷ്ട്രീയ താല്പര്യങ്ങളൊന്നും ഇല്ലെങ്കിലും നാടകം കാണാനായിട്ട് വരും. നാല് കിലോമീറ്ററോളം നടന്ന് പോണം നാടകം കാണാൻ. ബസ്സൊന്നും ഇല്ല. പൊഴ കടന്ന് ഞങ്ങളെല്ലാവരും കൂടി കുടുംബസമേതം പോയി കെ.പി.എ.സി നാടകങ്ങളെല്ലാം കാണാറുണ്ട്. ചെറുപ്പം മുതൽ തന്നെ ചേട്ടനിലൂടെയും ഈ ഒരു പൊതു അന്തരീക്ഷത്തിലൂടെയും ഒക്കെയാണ് രാഷ്ട്രീയ താല്പര്യം ഉണ്ടാകുന്നത്. ദൈവവിശ്വാസിയൊക്കെ ആണെങ്കിലും അമ്മ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് ചെയ്യണ ആളാണ്. ഇ.ഗോപാലകൃഷ്ണമേനോൻ എന്ന ആദ്യത്തെ എം.എൽ.എ കൊടുങ്ങല്ലൂരിൽ നിന്നാണ്, 48- ൽ. കമ്മ്യൂണിസ്റ്റായ ഗോപാലകൃഷ്ണ മേനോന് വോട്ട് ചെയ്യുന്നുണ്ട് അമ്മ. അങ്ങനത്തെ ഒരു പാരമ്പര്യോം പശ്ചാത്തലോം നേരത്തേ തന്നെ വീട്ടിലുണ്ടായിരുന്നു. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, അനുഭാവം ഉണ്ടെങ്കിലും സൈദ്ധാന്തികമായി കമ്മ്യൂണിസ്റ്റ് ആശയത്തിലെത്തുന്നത് പി.ഗോവിന്ദപ്പിള്ള വിളിച്ചിട്ട് തിരുവനന്തപുരത്ത് ചെല്ലുമ്പഴാണ്.
പുസ്തകങ്ങൾ തർജ്ജമ ചെയ്യാൻ വേണ്ടീട്ടാണ് പീജി എന്നെ വിളിയ്ക്കണത്. ആദ്യം തരണത് മോറീസ് കോൺഫോർത്ത് എന്ന ബ്രിട്ടീഷ് മാർക്സിസ്റ്റിൻ്റെ മൂന്ന് വാള്യങ്ങളുള്ള ഒരു മാർക്സിസ്റ്റ് ടെക്സ്റ്റ് ബുക്കാണ്. ഫസ്റ്റ് വാള്യം ഫിലോസഫി. സെക്കൻ്റ് ഹിസ്റ്ററി. മൂന്നാമത്തേത് പൊളിറ്റിക്സ്. ഈ മൂന്ന് വാള്യങ്ങളും 69-70 വർഷങ്ങളിൽ ഞാൻ തർജ്ജമ ചെയ്യുന്നുണ്ട്. അതിലൂടെയാണ് ഞാൻ മാർക്സിസം പഠിയ്ക്കുന്നത്. മാർക്സിൻ്റെ ബെയ്സിക്സ് മുഴുവൻ അതിലുണ്ട്. പാഠപുസ്തകം പോലെ വളരെ വിശദമായിട്ട്. ആറ് മാസം സമയമെടുത്തൂ തർജ്ജമ തീരാൻ. വലിയ മൂന്ന് പുസ്തകങ്ങളാണ്. പിന്നെ തിരുവനന്തപുരത്തെ നാല് വർഷം നീണ്ട ജയിൽ ജീവിതത്തിലെ അനുഭവങ്ങളും വായനയും.

പൊഴ കടന്ന് ഞങ്ങളെല്ലാവരും കൂടി കുടുംബസമേതം പോയി കെ.പി.എ.സി നാടകങ്ങളെല്ലാം കാണാറുണ്ട്.
പൊഴ കടന്ന് ഞങ്ങളെല്ലാവരും കൂടി കുടുംബസമേതം പോയി കെ.പി.എ.സി നാടകങ്ങളെല്ലാം കാണാറുണ്ട്.

അതിനു മുമ്പാണ് 57-ലെ ഇ.എം.എസ്സിൻ്റെ മന്ത്രിസഭയെ പിരിച്ചുവിടണത്. അത് എങ്ങന്യാ ഫീൽ ചെയ്തത്?

അന്ന് ഞാൻ പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള ഹൈസ്കൂൾ വിദ്യാർത്ഥി ആയിരുന്നു. കൃത്യമായ രാഷ്ട്രീയം മനസ്സിലായിട്ടല്ല, പക്ഷേ ആ അന്തരീക്ഷം നല്ല ഓർമ്മയുണ്ട്. മന്ത്രിസഭയുടെ ആ വീഴ്ചയിൽ മുഴുവൻ കാരണം പറയാൻ പറ്റാത്തൊരു ദു:ഖമുണ്ടായീ അന്ന്. ആ ദു:ഖം മനസ്സിൽ കിടന്നിരുന്നു.

ഇ.എം.എസ്സ്
ഇ.എം.എസ്സ്

നക്സലേറ്റ്

ചോര കണ്ടാൽ തല കറങ്ങുന്ന ആള്... ഒരു ഉറുമ്പിനെപ്പോലും കൊല്ലാൻ കഴിയാത്ത ആള്... ടീവിയിലോ സിനിമയിലോ നാടകത്തിലോ മറ്റോ സങ്കടകരമായ ദൃശ്യങ്ങൾ കണ്ടാൽ കരയുന്ന ആള്... അങ്ങനെയുള്ള കേവി എങ്ങനെയാണ് 'നക്സലേറ്റ് കൊടുംഭീകരൻ' ആയി മാറിയത്?

ആശയപരമായ നിലപാടിനെക്കുറിച്ചാണ് പറയേണ്ടത്. മാർക്സിസ്റ്റ് വീക്ഷണത്തിലേയ്ക്ക് ഞാൻ എത്തിച്ചേരുന്നത് ഒരു ശാസ്ത്രീയ അന്വേഷണം എന്ന നിലയ്ക്കാണ്. അതിൻ്റെ തന്നെ വികസിത രൂപമായിട്ടുള്ള മാവോയിസത്തിലേയ്ക്കും. ആശയപരമായിട്ടുള്ള അന്വേഷണത്തിലൂടെ ശാസ്ത്രീയമായ ശരി എന്ത് എന്ന് ബോദ്ധ്യപ്പെടുക. എൻ്റെ ചിന്തയുടെ അടിസ്ഥാനം തന്നെ ശാസ്ത്രബോധമായിരുന്നു. സാമൂഹ്യരംഗത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ സമീപനത്തിലൂടെ എത്തിച്ചേരുന്ന ഒരു നിഗമനമാണ് വിപ്ലവം. സായുധവിപ്ലവം തന്നെ വേണം എന്നായിരുന്നു. ആ അർത്ഥത്തിലാണ് അത് അംഗീകരിയ്ക്കുകയും ചെയ്യുന്നത്. വ്യക്തിപരമായ മറ്റ് സ്വഭാവങ്ങളോ രീതികളോ ഒന്നും തന്നെ അവിടെ പ്രശ്നമാകാൻ പാടില്ല എന്നുള്ളതാണ്. ഇപ്പൊ ശശി ഉന്നയിച്ച വിഷയത്തിലെ ചില അനുഭവങ്ങള് എനിയ്ക്ക് ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ഇടയിൽ വ്യാപകമായി നിലനില്ക്കുന്ന ഒന്നായിരുന്നു ഞാനൊരു ഭീകരനാണ് എന്ന ധാരണ. ഒരിയ്ക്കൽ കണ്ണൂർ ജില്ലയില് ഒരു ക്ലാസെടുക്കാൻ പോയപ്പൊ ആ ഭാഗത്തുള്ള ചില ചട്ടമ്പികൾ -ഗുണ്ടകൾ എന്നൊക്കെ പറയുന്ന കുറച്ച് ആളുകൾ എന്നെ കാണണമെന്ന് പ്രാദേശിക സഖാക്കൾ വഴി ആവശ്യപ്പെട്ടു.

പോലീസ് സ്റ്റേഷൻ ആക്രമണം നടത്തുന്ന ആളുകൾഎന്ന രീതിയിലാണ് അവര് നമ്മളെ കാണുന്നത്. അവർക്കൊന്നും അത് ചിന്തിയ്ക്കാൻ പോലും പറ്റില്ല.

അവര് വലിയ ഗുണ്ടകളൊക്കെ ആണെങ്കിലും അവര് പേടിയ്ക്കണ പോലീസുകാരെപ്പോലും ആക്രമിയ്ക്കണ ഭീകരരാണ് നമ്മളെന്നാണ് ആരാധനയോടെ അവര് മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ, (ചിരി) അവരെന്നെ കണ്ടതോടു കൂടി.

എം.ജി.ശശി: ഭീകരനാണെന്ന ധാരണ മാറീ അല്ലേ? ഇതില് അതിലോലമായ മനസ്സിൻ്റെ ഒരു തലവും, അങ്ങേ എക്സ്ട്രീമിലുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുന്ന ധൈര്യവും തയ്യാറും ഒക്കെത്തമ്മിലുള്ള ഒരു ഡയലക്റ്റിക്കൽ ബന്ധം ഇല്ലേ ?

കെ.വേണു: അങ്ങനെത്തന്നെയാണ് ചരിത്രത്തിൽ പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കർക്കശമായ, ശക്തമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള പല പ്രധാനപ്പെട്ട ആളുകൾക്കും അതിലോലമായ ഒരു മറുവശം കൂടി ഉണ്ടാകാം എന്നതാണ്. പൊതുവിൽ അങ്ങനെ ഉണ്ട്. രണ്ടു വശങ്ങൾ, രണ്ട് എക്സ്ട്രീംസ്.

സച്ചിദാനന്ദൻ എന്ന സച്ചു

കവി കെ.സച്ചിദാനന്ദൻ 'മാർച്ച് 30-1976. കെ.വേണുവിന്' എന്ന കേവിയെക്കുറിച്ചുള്ള കവിത എഴുതിയിരുന്നല്ലോ. അതുപോലെ ഡൗട്ടിംഗ് തോമസ് എന്ന് (സംശയാലുവായ ശിഷ്യനെ ക്രിസ്തു വിളിച്ചത്) അദ്ദേഹം ഒരിയ്ക്കൽ കേവിയെ വിശേഷിപ്പിച്ചിരുന്നു. സച്ചിദാനന്ദനുമായുള്ള ബന്ധം. നിങ്ങൾ തമ്മിലുള്ള ഇണക്കങ്ങൾ, പിണക്കങ്ങൾ?

കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം കൊടുങ്ങല്ലൂരിലുള്ള സഖാവ് ടി.എൻ.ജോയിയുടെ ഒരു വിവരവും കിട്ടാതെയായി. കൊടുങ്ങല്ലൂർ സഖാക്കളുമായി ബന്ധപ്പെട്ട് ജോയിയെക്കുറിച്ച് അറിയാനാകുമോ എന്നാവശ്യപ്പെട്ട് അടിയന്തരാവസ്ഥക്കാലത്ത്, 1976 മാർച്ച് 30-ന് സച്ചിദാനന്ദനെ ഞാൻ കാണുന്നുണ്ട്. അന്ന് ഞാൻ കണ്ടു പോന്നതിനു ശേഷമാണ് ശശി പരാമർശിച്ച ആ കവിത സച്ചു എഴുതുന്നത്. സച്ചിദാനന്ദൻ എൻ്റെ ഫസ്റ്റ് കസിനാണ്. അമ്മേടെ ചേച്ചീടെ മകൻ. പുല്ലൂറ്റ് തെക്കുഭാഗത്താണ് അവര്. കൊടുങ്ങല്ലൂര് ഒരു ഉത്സവത്തിന് ഞങ്ങൾ രണ്ടു പേരും ഒളിച്ചു കളിച്ച് നടന്നിരുന്ന ഒരു ബാല്യവും ഉണ്ട്. ക്രൈസ്റ്റ് കോളേജിൽ എൻ്റെ ഒരു വർഷം സീനിയർ ആയിരുന്നു സച്ചിദാനന്ദൻ. ആളും ബി.എസ്.സി സുവോളജി ആയിരുന്നു, പക്ഷേ പിന്നെ എം.എയ്ക്ക് എറണാകുളത്ത് മഹാരാജാസിലേയ്ക്ക് പോയി. ഞാൻ എം.എസ്.സിയ്ക്ക് കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജിൽ ചേർന്നു.

കെ.സച്ചിദാനന്ദൻ
കെ.സച്ചിദാനന്ദൻ


ആ സമയത്താണ് ചൈനയിലെ സാംസ്ക്കാരിക വിപ്ലവത്തിൻ്റെ തുടക്കം, 66-67 കാലത്ത്. ലിയു ഷാവോ ചി ആയിരുന്നു ചൈനയിലെ പ്രസിഡൻ്റ്. മാവോ പാർട്ടി നേതാവും. ലിയു ഷാവോ ചിയുടെ എങ്ങനെ നല്ല കമ്മ്യൂണിസ്റ്റ് ആകാം (How to be a good communist?) എന്ന പുസ്തകം ഞാൻ നന്നായി വായിച്ചിരുന്നു. അതെന്നെ വല്ലാതെ ആകർഷിയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ സാംസ്കാരിക വിപ്ലവകാലഘട്ടത്തിൽ ആദ്യമായി ജനകീയ വിചാരണ ചെയ്യപ്പെട്ടവരിൽ ഒരാള് ഈ ലിയു ഷാവോ ചി ആണ്.
എന്താണ് സാംസ്കാരിക വിപ്ലവം എന്ന് കൃത്യമായി മനസ്സിലാക്കാത്ത സമയമായിരുന്നതുകൊണ്ട് ഈ നടപടി എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഇക്കാര്യം ഞാൻ സച്ചിദാനന്ദന് എഴുതി. അന്ന് അന്വേഷണം മാസികയിൽ വന്ന സച്ചിദാനന്ദൻ്റെ ഒരു ലേഖനത്തിന് ഞാനൊരു പ്രതികരണം എഴുതിയിരുന്നു.
ഒരു കത്ത് പോലെ എഴുതിയതാണെങ്കിലും പത്രാധിപർ ടി.വി.കുഞ്ഞികൃഷ്ണൻ വലിയ പ്രാധാന്യത്തിൽ അത് പ്രസിദ്ധീകരിച്ചു.
കലാസൃഷ്ടികളാക്കെ കലാകാരൻ്റെ ആത്മാവിഷ്കാരത്തിൻ്റെ ഫലമാണ് എന്നതിൽ ഊന്നുന്ന ഒരു സമീപനമാണ് സച്ചിദാനന്ദൻ സ്വീകരിച്ചത്. ഞാനതിനെ വിമർശിച്ചു കൊണ്ട് സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ സാഹചര്യങ്ങളുമാണ് ആവിഷ്കാരത്തിൻ്റെ അടിസ്ഥാനം എന്ന നിലപാടാണ് എടുത്തത്. അപ്പൊ അതിനു ശേഷം ഞങ്ങൽ തമ്മിൽ തുടർച്ചയായി കത്തുകളെഴുതാൻ തുടങ്ങി. അങ്ങനെ ഒരു കത്തിലാണ് ലിയു ഷാവോ ചിയുടെ വിചാരണയെപ്പറ്റി സച്ചുവിനോട് ഞാൻ സംശയം ചോദിയ്ക്കുന്നത്. ആള് കെ.എസ്.എഫിൻ്റെ (അന്ന് എസ്.എഫ്.ഐ ആയിട്ടില്ല.) സ്ഥാനാർത്ഥിയായി മഹാരാജാസിൽ മത്സരിയ്ക്കണ സമയമാണ്. മാർക്സിസമൊക്കെ നന്നായി പഠിയ്ക്കുന്നുണ്ട് സച്ചിദാനന്ദൻ. അപ്പൊ ലിയു ഷാവോ ചി പ്രശ്നത്തില് എനിയ്ക്കയച്ച നീണ്ട മറുപടിയിലാണ് എന്നെപ്പറ്റി നീയൊരു 'ഡൗട്ടിംഗ് തോമസ്' ആണെന്ന് ആള് വിശേഷിപ്പിച്ചത്. നമ്മള് പഠിപ്പ് കഴിഞ്ഞ് വന്നിട്ട് പുല്ലൂറ്റ് തൊഴിലാളികളേയും കർഷകത്തൊഴിലാളികളേയുമൊക്കെ സംഘടിപ്പിയ്ക്കണം എന്ന് ഞാൻ പറയാറുണ്ട്. സച്ചിദാനന്ദൻ അത് സമ്മതിയ്ക്കുന്നുമുണ്ട്. പക്ഷേ, അത് നടന്നില്ല. പഠിത്തം കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേയ്ക്ക് പോയി. സച്ചിദാനന്ദൻ കെ.കെ.ടി.എം കോളേജില് അദ്ധ്യാപകനായി ചേരുകയും ചെയ്തു. അസ്തിത്വവാദത്തിൻ്റെ കാലമാണ് അത്. ആത്മഹത്യയുടെ ഗീതങ്ങൾ എന്ന കവിതയൊക്കെ സച്ചു അന്ന് എഴുതുന്നുണ്ട്. ആ നിലപാടിനെ എനിയ്ക്കൊട്ടും അംഗീകരിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പില് കെ.സി.നാരായണൻ പത്രാധിപരായിരുന്ന സമയത്ത് ഞാനും സച്ചിദാനന്ദനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിമർശിച്ചു കൊണ്ടുള്ള ലേഖനങ്ങൾ എഴുതിയിരുന്നു.

 1976 മാർച്ച് 30-ന് സച്ചിദാനന്ദനെ ഞാൻ കാണുന്നുണ്ട്.
1976 മാർച്ച് 30-ന് സച്ചിദാനന്ദനെ ഞാൻ കാണുന്നുണ്ട്.

തീർച്ചയായും കവിതയിലെ സച്ചി മാഷിൻ്റെ കോൺട്രിബ്യൂഷനും ജനകീയ സാംസ്കാരികവേദി കാലത്തെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുമൊക്കെ വളരെ ശ്രദ്ധേയമാണ്. നിങ്ങൾ തമ്മിലുണ്ടായിരുന്ന വൈരുദ്ധ്യം കലാകാരനും രാഷ്ട്രീയക്കാരനും രണ്ടു പൊസിഷനിൽ നില്ക്കുന്നതു കൊണ്ടായിരുന്നു എന്ന് തോന്നാറുണ്ട്.
അങ്ങനെ ഉണ്ടാകാം.
“ഉണരുവിൻ
ഉയരുവിൻ
പട്ടിണിയുടെ
തടവുകാരെ
നിങ്ങളുണരുവിൻ...
ഭൂമിയിലെ
പീഡിതരെ
നിങ്ങളുണരുവിൻ...”
എന്നു തുടങ്ങുന്ന സാർവ്വദേശീയ വിപ്ലവഗാനം സാംസ്കാരികവേദി കാലത്ത് തർജ്ജമ ചെയ്ത് കേരളത്തിലെ തെരുവുകൾക്ക് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. അക്കാലത്ത് സച്ചുവിനും എനിയ്ക്കും നല്ല മുഖഛായ ഉണ്ടായിരുന്നു. അത് അറിയാവുന്ന, ഞങ്ങൾ കസിൻസ് ആണെന്നു മനസ്സിലാക്കിയ പലരും ഉണ്ട്. ഞാനന്ന് സത്യൻ, മധു തുടങ്ങിയ പാർട്ടിപ്പേരുകളിൽ, മിക്കവാറും ഒളിവിൽ സഞ്ചരിയ്ക്കുന്ന കാലമാണല്ലോ. അന്ന് സച്ചിദാനന്ദൻ്റെ ഫോട്ടോകളൊക്കെ ധാരാളം പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. അപ്പൊ എന്നെ പലരും കെ.വേണുവാണെന്ന് തിരിച്ചറിയുന്നത് ഞങ്ങൾ തമ്മിലുള്ള ഈ മുഖസാദൃശ്യം കൊണ്ടാണ്.
അടുത്ത കാലത്ത് ഞങ്ങളുടെ കോയമ്പറമ്പത്ത് കുടുംബങ്ങളുടെ ഒരു കുടുംബയോഗത്തിൽ ഞാനും സച്ചുവും വേറെ രണ്ട് കസിൻസും കൂടിയുള്ള ഒരു ഫോട്ടോ എടുത്തത് സോഷ്യൽ മീഡിയയിലൊക്കെ വന്നിരുന്നു.

തുടരും...

'കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ' - പരമ്പരയിലെ മുൻ ലേഖനങ്ങൾ വായിക്കാം


Summary: M.G. Sasi interviews K. Venu, a communist theoretician, writer, and one of the founders of the Naxal movement in Kerala.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments