കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ - പാർട്ട് 5
ബി.രാജീവനും കെ.ജി.എസും
എം.ജി.ശശി: കേവിയ്ക്ക് ബി.രാജീവനും കെ.ജി.എസുമായി വലിയ സൗഹൃദം ഉണ്ടായിരുന്നല്ലോ ?
കെ.വേണു: ദേശാഭിമാനിയ്ക്കു വേണ്ടിയുള്ള എഴുത്തുപണികൾക്കായി തിരുവനന്തപുരത്തെത്തി ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞ്, ഒരു ദിവസം റോഡിലൂടെ നടക്കുമ്പോൾ മേഘനാദൻ എന്ന ഒരു ഹൈസ്കൂൾ സഹപാഠി എന്നെ കാണുകയും അടുത്തു വന്ന് സംശയത്തോടെ എൻ്റെ പേര് ചോദിയ്ക്കുകയും ചെയ്തു. പേര് പറഞ്ഞപ്പോൾ ഉടനെ അടുത്ത ചോദ്യം. അന്വേഷണം മാസികയിൽ എഴുതുന്ന കെ.വേണുവാണോ ? എന്ന്. അങ്ങനെ ഞങ്ങൾ സഹപാഠികൾ വർഷങ്ങൾക്കു ശേഷം തമ്മിൽ കണ്ടുമുട്ടി. മേഘനാദന് വളരെ സന്തോഷമായി. അയാളുടെ സുഹൃത്തുക്കൾക്ക് എന്നെ പരിചയപ്പെടുത്താനായി അവരുടെ ലോഡ്ജിലേയ്ക്ക് എന്നെ കുട്ടിക്കൊണ്ടു പോയി. അവിടെ മേഘനാദൻ എനിക്ക് പരിചയപ്പെടുത്തിയത് ബി. രാജീവനെയും കെ.ജി. ശങ്കരപ്പിള്ളയേയുമാണ്. മലയാളം ഗവേഷണ വിദ്യാർത്ഥികളായിരുന്നു അവർ. സി.പി.എം പശ്ചാത്തലമുണ്ടായിരുന്നെങ്കിലും രാജീവൻ അന്ന് അസ്തിത്വവാദത്തിൻ്റെ സ്വാധീനത്തിലായിരുന്നു. ഞാൻ ശക്തമായി അതിനെ എതിർക്കുന്ന നിലപാടിലുമായിരുന്നു. ഞങ്ങൾ തമ്മിൽ ആഴ്ചകൾ നീണ്ടുനില്ക്കുന്ന ചർച്ചകൾ നടത്തുകയും ചെയ്തു. ശങ്കരപ്പിള്ള അധികവും കേൾവിക്കാരനായിരുന്നു. ആ സമയത്ത് എൻ്റെ 'പ്രപഞ്ചവും മനുഷ്യനും' പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്നു. രാജീവൻ അതേക്കുറിച്ച് ഒരു നിരൂപണം 'യുഗരശ്മി' മാസികയിൽ പ്രസിദ്ധീകരിയ്ക്കുകയുമുണ്ടായി. അധികം താമസിയാതെ ഞാൻ ജയിലിലായി. രാജീവനും ശങ്കരപ്പിള്ളയും കോളേജ് അദ്ധ്യാപകരാവുകയും ചെയ്തു.
പട്ടാമ്പി കോളേജ് കേന്ദ്രമാക്കി കവിതയ്ക്കും സാഹിത്യത്തിനും സാംസ്കാരിക രാഷ്ട്രീയത്തിനും പ്രാധാന്യം നൽകി, ഗൗരവസ്വഭാവത്തിലുള്ള പ്രസക്തി എന്ന പ്രസിദ്ധീകരണം അക്കാലത്ത് ആരംഭിച്ചത്, ഏറെ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു.
നാലു വർഷത്തിലധികം ജയിലിൽ കഴിഞ്ഞ് പുറത്തുവന്ന ഞാൻ പ്രവർത്തന രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. രാജീവൻ അപ്പോൾ മലപ്പുറം ഗവ. കോളേജിലും കെ.ജി.എസ് തൃശൂരിലുമായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം കഴിഞ്ഞതിനു ശേഷമുള്ള നാളുകളിൽ മലപ്പുറത്ത് രാജീവൻ താമസിയ്ക്കുന്ന വീട് കണ്ടുപിടിച്ച് ഞാൻ അവിടെയെത്തി. രാജീവൻ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്. എൻ്റെ കൂടെ ഉണ്ടായിരുന്ന ഒരു സഖാവിനെ അപകടം പിടിച്ച ഒരു ദൗത്യത്തിന് അയയ്ക്കേണ്ടിവന്നു. ആശങ്കപ്പെട്ടതുപോലെ അയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വരാനുള്ള സാദ്ധ്യതയും അങ്ങനെ വന്നാൽ എന്തു ചെയ്യണമെന്നുള്ളതും ചർച്ച ചെയ്തിട്ടാണ് ഞാൻ അവിടെ നിന്ന് മാറിയത്. ഞാൻ അവിടെ എത്താൻ സാദ്ധ്യതയുണ്ടെന്ന് കരുതി ഒരു ചെറുസംഘം പോലീസുകാർ ഒരാഴ്ചക്കാലമാണ് രാജീവൻ്റെ വീട്ടിൽ തങ്ങിയത്. രാജീവനും സാവിത്രിയും തൻ്റേടത്തോടു കൂടിയാണ് ആ സാഹചര്യത്തെ നേരിട്ടത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 80കളുടെ തുടക്കത്തിൽ സാംസ്കാരികവേദി ജനകീയ വിചാരണകൾ സംഘടിപ്പിച്ചു കൊണ്ട് കേരളത്തിൽ സജീവമായിരുന്ന സമയത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്ന രാജീവൻ ലീവെടുത്ത് സാംസ്കാരികവേദിയിൽ പ്രവർത്തിയ്ക്കുകയുണ്ടായി. എറണാകുളം ജില്ലയിലെ ഒരു സ്കൂളിൽ നടന്ന സംസ്കാരികവേദിയുടെ ഒരു പൊതുപരിപാടിയിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പല പ്രവർത്തകരോടുമൊപ്പം രാജീവനും അറസ്റ്റുചെയ്യപ്പെട്ടു. അതൊന്നും രാജീവൻ്റെ പ്രവർത്തനത്തെ ബാധിയ്ക്കുകയുണ്ടായില്ല. പിൽക്കാലത്ത് പ്രസ്ഥാനം ഭീകരവാദത്തിൽ നിന്ന് പൂർണമായും വിടുതൽ നേടുന്നില്ലെന്ന വിമർശനത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു ചേരിതിരിവ് ഉയർന്നുവന്ന സാഹചര്യത്തിലാണ് മറ്റ് പലരോടുമൊപ്പം രാജീവനും പ്രവർത്തനരംഗത്തു നിന്ന് പിൻവാങ്ങുന്നത്.
കെ.ജി.എസ് ആശയപരമായി സാംസ്കാരികവേദിയോടൊപ്പം നില്ക്കുകയും എല്ലാവിധ പിന്തുണയും നൽകുകയും ചെയ്തിരുന്നെങ്കിലും രാജീവനെപ്പോലെ പ്രവർത്തനരംഗത്തേയ്ക്ക് സജീവമായി ഇറങ്ങിയിരുന്നില്ല. എന്നാൽ ആദ്യഘട്ടത്തിൽ തന്നെ കെ.ജി.എസ് എഴുതി പ്രസിദ്ധീകരിച്ച ബംഗാൾ എന്ന കവിത (പ്രസക്തിയിലാണ് അത് വന്നത് എന്നാണ് ഓർമ്മ) അമ്പതു വർഷത്തിനു ശേഷം ഇപ്പോഴും സജീവമായി ചർച്ച ചെയ്യപ്പെടുന്നതിൽ നിന്നുതന്നെ കെ.ജി.എസ് നടത്തിയ ഇടപെടലുകളുടെ പ്രാധാന്യം പ്രകടമാണ്.
സയൻസും ഫിലോസഫിയും യുക്തിവാദവും
സയൻ്റിഫിക്കായിട്ടുള്ള അനാലിസിസുകള്, ഫിലോസഫിക്കലായ അന്വേഷണങ്ങള്, അതിൻ്റെയൊക്കെ ഭാഗമായിട്ടാണ് ഉറച്ച നിലപാടുകൾ രൂപപ്പെട്ടതെന്ന് നേരത്തേ പറഞ്ഞു ? പക്ഷേ, കേവിയുടെ നിലപാടുകൾ യുക്തിവാദപരമാണെന്ന് പറയുന്നവരുമുണ്ട്.
ശാസ്ത്രത്തോടുള്ള ആഭിമുഖ്യം സ്വതസിദ്ധമായിട്ട് നേരത്തേ തന്നെ ഉണ്ടായിരുന്നതാണ്. ശാസ്ത്രവും ഫിലോസഫിയും ആണ് എൻ്റെ മേഖലകൾ. ഈ രണ്ടു രംഗത്തും കുറേ അടിസ്ഥാന ധാരണകൾ സൃഷ്ടിയ്‌ക്കുകയുണ്ടായി. മുമ്പ് പറഞ്ഞ പോലെ 'ഭഗവത് ഗീത ഇരുപതാം നൂറ്റാണ്ടിൽ' എഴുതുന്ന സമയത്ത് തന്നെ യുക്തിവാദി മീറ്റിംഗുകളിൽ ഞാൻ പ്രസംഗിയ്ക്കാറുണ്ട്. അവർക്ക് ഭൗതികവാദപരമായ വിശദീകരണങ്ങൾ കിട്ടാൻ വേണ്ടീട്ടാണ് എന്നെ വിളിയ്ക്കുന്നത്. ഒരു യുക്തിവാദിയായിട്ട് ഞാനെന്നെ സ്വയം കണക്കാക്കായിട്ടില്ല. യുക്തിവാദം എന്ന് പറഞ്ഞാൽ അത് ചെറിയൊരു സെക്ഷൻ ആണ്. അതിനേക്കാൾ വലിയ ഫിലോസഫിക്കൽ മേഖലയാണ് എനിയ്ക്ക് താല്പര്യം. ഫിലോസഫിയിൽ കാര്യമായ പഠനം നടത്തുകയും ചെയ്തിരുന്നു. ഭഗവത് ഗീതയിലെ ബ്രഹ്മസങ്കല്പത്തിനെ ഫിലോസഫിക്കലായി, യുക്തിപരമായി ഖണ്ഡിച്ചിട്ട് മോഡേൺ സയൻസിൻ്റെ ഉത്തരങ്ങള് കൊടുക്കുന്നു. ആസ്ട്രോണമി എന്താണ്, എങ്ങനെയാണ് എന്നതൊക്കെ. അന്ന് DNAയും RNAയുമൊക്കെ കണ്ടു പിടിച്ചിരിയ്ക്കണ കാലഘട്ടമാണ്. അപ്പൊ ജീവനെക്കുറിച്ചുള്ള ഗീതയിലെ വ്യാഖ്യാനങ്ങൾക്ക് ശാസ്ത്രീയമായി മറുപടി നല്കുന്നു. DNA, RNA പോലുള്ള ശാസ്ത്രീയ കാര്യങ്ങൾ വിശദീകരിയ്ക്കുന്നു. അങ്ങനെ പതിനഞ്ച് അദ്ധ്യായങ്ങളുള്ള പരമ്പരയായിട്ടാണ് MSc ഫസ്റ്റ് ഇയർ കഴിഞ്ഞ സമയത്ത് 'ഭഗവത്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എഴുതുന്നത്. പ്രധാനപ്പെട്ട പതിനൊന്ന് ഉപനിഷത്തുകളിൽ നിന്നൊക്കെ ഉദ്ധരിച്ചു കൊണ്ട് ഗീതയിലെ വ്യാഖ്യാനങ്ങളെ ശാസ്ത്രീയമായി ഖണ്ഡിയ്ക്കുകയാണ് ചെയ്യുന്നത്. യുക്തിവാദികള് അത് വായിച്ചിട്ട് വലിയ അഭിപ്രായം പറഞ്ഞിരുന്നു.
തൃശൂർ റീജണൽ തിയ്യേറ്ററില് 67-ല് യുക്തിവാദികളുടെ ആദ്യത്തെ സംസ്ഥാന സമ്മേളനം നടക്കുന്നു. എനിയ്ക്ക് വലിയ ബഹുമാനമുള്ള പണ്ഡിതനായ കുറ്റിപ്പുഴ കൃഷ്ണപിള്ള പങ്കെടുക്കുന്നുണ്ട്. ക്രിസ്തുമസ് വെക്കേഷന് നാട്ടിലേയ്ക്ക് വരുമ്പൊ ഈ റിപ്പോർട്ട് കണ്ടിട്ട് ഞാൻ തൃശൂരിൽ ഇറങ്ങി. പ്രധാന പ്രസംഗങ്ങളൊക്കെ കഴിഞ്ഞിട്ട് ശ്രോതാക്കളിൽ നിന്ന് ആളുകളെ വിളിച്ചപ്പൊ ഞാനും പേരു കൊടുത്തു.
സംസാരിച്ച പത്തു മിനിട്ടു കൊണ്ട് പ്രപഞ്ച വീക്ഷണം ആകുംവിധം സംക്ഷിപ്തമായി, സമഗ്രമായി അവതരിപ്പിച്ചു. ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പൊ കുറ്റിപ്പുഴ കൃഷ്ണപ്പിള്ള അടുത്തേയ്ക്ക് വിളിച്ച് ജനയുഗത്തില് 'ഭഗവത് ഗീത ഇരുപതാം നൂറ്റാണ്ടിൽ' എഴുതണത് വേണുവാണോന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോൾ ആകെ ഒച്ചപ്പാടായി. കാരണം ആരും പ്രതീക്ഷിയ്ക്കിണില്ല ഇങ്ങനൊരു മീശ മൊളയ്ക്കാത്ത പയ്യനെ. പിന്നീട് യുക്തിവാദി മീറ്റിംഗുകളിലേയ്ക്ക് നിരന്തരമായി വിളിയ്ക്കാൻ തുടങ്ങി.
ഭഗവത് ഗീത ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രഭാഗങ്ങളേയും ബെയ്സിക് കാഴ്ചപ്പാടുകളേയും കൂടുതൽ വിപുലീകരിച്ച ഒരു പുസ്തകമാക്കണം എന്ന ആവശ്യമുയർന്നു. അങ്ങനെയാണ് 'പ്രപഞ്ചവും മനുഷ്യനും' എഴുതുന്നത്. അന്ന് അതിനെന്നെ സഹായിയ്ക്കുന്നത് തിരുവനന്തപുരത്തെ ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങളാണ്. ശരിയ്ക്കും ഒരു വലിയ മോഡേൺ ലൈബ്രറി. അവിടെ മെമ്പർഷിപ്പ് എടുത്തു. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങൾ ഒരാഴ്ച്ചയ്ക്കുള്ളിൽ ഈ ലൈബ്രറിയിൽ എത്തും. അങ്ങനെ ആധുനികമായ പുസ്തകങ്ങളൊക്കെ പെട്ടെന്ന് തന്നെ വായിയ്ക്കാൻ കഴിഞ്ഞു.
'പ്രപഞ്ചവും മനുഷ്യനും' എന്ന എൻ്റെ പുസ്തകത്തിലേയ്ക്കു വേണ്ടതായ കാര്യങ്ങൾ മിക്കവാറും സമാഹരിയ്ക്കുന്നത്, ശേഖരിയ്ക്കുന്നത് അങ്ങനെയാണ്. അതുപോലെ രാഹുൽ സാംകൃത്യായൻ്റെ 'വിശ്വദർശനങ്ങൾ' എന്ന പുസ്തകം. അതിൻ്റെ മലയാളം തർജ്ജമയുണ്ട്. ആയിരത്തി ഒരുനൂറോളം പേജുകളുള്ള ഒരു വലിയ പുസ്തകം. പ്രീ യൂണിവേഴ്സിറ്റിയ്ക്ക് പഠിയ്ക്കുമ്പൊ, അന്ന് പ്രീ ഡിഗ്രി ആയിട്ടില്ല. എന്നു വെച്ചാ പതിനൊന്നാം ക്ലാസില് പഠിയ്ക്കുമ്പൊ ഞാനത് നല്ലവണ്ണം വായിയ്ക്കുന്നുണ്ട്. വെസ്റ്റേൺ-ഈസ്റ്റേൺ ഫിലോസഫി മുഴുവൻ അതിലുണ്ട്. പ്രത്യേകിച്ചും ബുദ്ധിസ്റ്റ് ഫിലോസഫിയൊക്കെ. ധർമ്മകീർത്തിയെപ്പോലുള്ള ബുദ്ധിസ്റ്റ് ചിന്തകന്മാരുടെയൊക്കെ ഫിലോസഫികൾ അടങ്ങിയ പുസ്തകമാണത്. അങ്ങനെ ചെറിയ പ്രായത്തില് തന്നെ വലിയൊരു വിജ്ഞാന സമ്പത്ത് ലഭിയ്ക്കുന്നുണ്ട്. ശാസ്ത്രത്തിൽ അടിസ്ഥാനം ഉണ്ടാകണം. എൻ്റെ വിഷയം സുവോളജി ആണെങ്കിലും മിക്കവാറും എല്ലാ ശാസ്ത്ര ശാഖകളും ഞാൻ പഠിച്ചു. ഫിസിക്സും കെമിസ്ട്രിയും ഉൾപ്പടെയെല്ലാം.
യാന്ത്രിക ഭൗതികവാദം
യാന്ത്രിക ഭൗതികവാദത്തിനെ ഇപ്പോൾ എങ്ങനെയാണ് നോക്കിക്കാണുന്നത്?
18,19 നൂറ്റാണ്ടുകളിലെ യാന്ത്രിക ഭൗതികവാദം എന്ന് കൃത്യമായി വിശേഷിപ്പിയ്ക്കാവുന്ന ഒരു ഭൗതികവാദമാണ് സയൻസിൻ്റെയൊക്കെ അടിസ്ഥാനമായി ഇപ്പോഴും നില്ക്കുന്നത്. പ്രത്യേകിച്ചും മെഡിക്കൽ സയൻസിൻ്റെയൊക്കെ രംഗത്ത്. ശരീരത്തിനെ ഒരു യന്ത്രമായി കാണുന്ന സമീപനമുണ്ടല്ലോ. മെഡിക്കൽ സയൻസിൻ്റെ ഒരു ദൗർബല്യമായിട്ടാണ് ഞാനതിനെ കാണുന്നത്. മോഡേൺ മെഡിസിനെക്കാളും ആയുർവേദമാണ് കുറച്ചുകൂടി ഭേദം എന്ന് പറയുന്നതിൻ്റെ കാരണം അതാണ്. 18,19 നൂറ്റാണ്ടുകളിലെ ശാസ്ത്രബോധത്തിൽ നിന്ന് , യാന്ത്രികമായി ശാസ്ത്രത്തെ കാണുന്നതിൽ നിന്നൊരു മാറ്റമുണ്ടാക്കുന്നത് മാർക്സിസ്റ്റ് ഫിലോസഫിയാണ്. വൈരുദ്ധ്യാത്മകം എന്ന രീതിയിൽ. പക്ഷേ, അതും പ്രശ്നം പരിഹരിയ്ക്കുന്നില്ല. ഭൗതികം ഭൗതികേതരം എന്ന രീതിയില് രണ്ട് തലങ്ങള് കൊണ്ടുവരാൻ മാർക്സ് ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ, അപ്പോഴും ആത്മീയം എന്നു പറയുന്നതിനെ -പൂർണമായും ഭൗതികമല്ലാത്തതു കൊണ്ടുതന്നെ തള്ളിക്കളയുന്ന ഒരു രീതിയാണ് മാർക്സിനൊക്കെ ഉള്ളത്. എല്ലാ സാമൂഹ്യ പരിവർത്തനങ്ങളുടേയും അടിസ്ഥാനം ഭൗതിക അടിത്തറയിൽ വരുന്ന മാറ്റങ്ങളാണ് എന്നാണ് വിലയിരുത്തൽ. അടിത്തറ-ഉപരിഘടന എന്നുണ്ടല്ലോ. ഉപരിഘടനയിലാണ് ആശയങ്ങളൊക്കെ വരുന്നന്നത്. അത് മുഴുവനായും അടിത്തറയെ ആശ്രയിച്ചു നില്ക്കുന്നു എന്നതാണ് മാർക്സിൻ്റെ നിലപാട്.
വാക്കും ഭാഷയും
ഭാഷയുടെ പ്രസക്തി സാമൂഹ്യ പരിവർത്തനത്തിൽ?
മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് ശരിയ്ക്കും വേർതിരിയ്ക്കുന്നത് ഭാഷയാണ്. രണ്ടു കാലിൽ മനുഷ്യ പൂർവികർ നടക്കാൻ തുടങ്ങിയപ്പൊ സ്വതന്ത്രമായ കൈകൾ കൊണ്ട് ആയുധങ്ങൾ ഉപയോഗിച്ചതിലൂടെയാണ് സാമൂഹ്യ പരിവർത്തനങ്ങൾ ഉണ്ടായത് എന്നാണ് മാർക്സിസ്റ്റുകൾ പൊതുവിൽ പറയാറുള്ളത്. ആയുധങ്ങൾ പോലുള്ള ഭൗതിക അടിസ്ഥാനത്തിനാണ് മാർക്സ് ഊന്നൽ നല്കുന്നത്. അത് വളരെ അശാസ്ത്രീയമായ ഒരു വിലയിരുത്തലാണ്. ഇപ്പൊ ശാസ്ത്രജ്ഞന്മാര് പറയണത് ഏകദേശം അമ്പതിനായിരം അറുപതിനായിരം വർഷങ്ങൾക്കു മുമ്പ് മനുഷ്യ മസ്തിഷ്കത്തിലുണ്ടായ ജനിതക മാറ്റമാണ് ഭാഷ ഉപയോഗിയ്ക്കാൻ മനഷ്യരെ പ്രാപ്തരാക്കിയത് എന്നാണ്. ഭാഷ എന്നു പറയുമ്പൊ പഞ്ചേന്ദ്രിയങ്ങളിലൂടെ വരുന്ന ഇംപ്രഷൻസ്, മുദ്രകള്, എല്ലാ സസ്തനികളിലും പഞ്ചേന്ദ്രിയങ്ങളിലൂടെ വരുന്ന ഇംപ്രഷൻസ് -മുദ്രകൾ ഉണ്ട്.
പൂച്ചയും പട്ടിയും പശുവുമൊക്കെ ഈ ഇംപ്രഷൻസ് ഉപയോഗിച്ചിട്ട് തന്നെയാണ് പ്രാഥമികമായി ആശയ വിനിമയം നടത്തുന്നത്. പക്ഷേ, മനുഷ്യന് ഈ മുദ്രകളെ വാക്കുകളാക്കി മാറ്റാൻ കഴിയുന്നു. അമ്മ ഒരു കുട്ടിയ്ക്ക് കാക്കയെ കാണിച്ച് കാക്ക എന്നു പറഞ്ഞു കൊടുക്കുമ്പൊ കുട്ടിയുടെ മനസ്സിൽ കാക്കയുടെ ചിത്രവും കാക്ക എന്ന ശബ്ദവും പതിയുന്നു. പിന്നീട് കാക്ക എന്ന ശബ്ദം കേൾക്കുമ്പൊ കാക്കയുടെ ചിത്രം മനസ്സിൽ വരുന്നു, കാക്കയെ കാണുമ്പോൾ കാക്ക എന്ന വാക്കും. പിന്നെ കുട്ടി കാക്ക എന്നുച്ചരിയ്ക്കുന്നു. ഇതാണ് ഭാഷ. അപ്പൊ നമുക്കീ മുദ്രകളെ വാക്കുകളാക്കി -ഭാഷയാക്കി കൺവെർട്ട് ചെയ്യാനും വാക്കുകൾ തമ്മിലുള്ള വിനിമയം സാദ്ധ്യമാക്കാനും കഴിയുന്നു.
മനുഷ്യർ ഭാഷ കണ്ടെത്തുന്നതോടുകൂടി ആ ഭാഷയിലൂടെ ആശയവിനിമയം നടത്താനാകുന്നു. അതാണ് മനഷ്യരെ മറ്റു ജീവികളിൽ നിന്നെല്ലാം വ്യത്യസ്തരാക്കുന്നത്. ഭാഷയുടെ ഈ പ്രാധാന്യം ആശയപരമെന്നു പറഞ്ഞ്, അപ്രധാനമെന്നു പറഞ്ഞ് മാർക്സിസ്റ്റുകൾ തള്ളിക്കളയുന്നു. പക്ഷേ, ശരിയ്ക്കും ഭാഷയാണ് സാമൂഹ്യമായ മാറ്റങ്ങൾക്ക് അടിസ്ഥാനമാകുന്നത്.
അനിവാര്യതയും യാദൃച്ഛികതയും
അനിവാര്യതയെക്കുറിച്ചും യാദൃച്ഛികതയെക്കുറിച്ചു മുള്ള കേവിയുടെ നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട് ?
ഫിലോസഫിയില് 'Necessity & Chance' (അനിവാര്യതയും യാദൃച്ഛികതയും) എന്നൊരു പ്രയോഗമുണ്ടല്ലോ. യാദൃച്ഛികതയെ നിർവചിച്ചിരുന്നത് 'Synonym Of Ignorance' 'അജ്ഞതയുടെ പര്യായം' എന്നാണ്. എന്നു പറഞ്ഞാല് ഒരു കാര്യത്തിനെ നിങ്ങൾക്കറിയാത്തതുകൊണ്ട് നിങ്ങളതിനെ Chance (യാദൃച്ഛികത) എന്നു പറയുന്നു. അറിഞ്ഞു കഴിയുമ്പൊ അത് Chance അല്ലാതായി മാറുന്നു. പക്ഷേ, പ്രകൃതീല് അടിസ്ഥാനപരമായി ഈ രണ്ടു പ്രവണതകളും നിലനില്ക്കുന്നുണ്ട്. Necessity & Chance.
നോക്കൂ, നക്ഷത്ര സമൂഹങ്ങള്, ഗാലക്സികള്... എല്ലാത്തിനും അതാതിൻ്റെ ഭ്രമണപഥമൊക്കെ ഉള്ളപ്പൊത്തന്നെ അതിനെടേല് യാദൃച്ഛികം എന്നു പറയാവുന്ന വഴി തെറ്റലുകൾ സംഭവിയ്ക്കുന്നു.
അതാണ് മാറ്റങ്ങളായി വരുന്നത്. അല്ലെങ്കിൽ എല്ലാമിങ്ങനെ ആവർത്തിച്ചുകൊണ്ടിരിയ്ക്കയല്ലേ ഉള്ളൂ. 46 ക്രോമസോമുകൾ എല്ലാ മനുഷ്യരിലുമുണ്ട്. പക്ഷേ, അവിടവിടെ ഉണ്ടാകുന്ന ചെറിയ ചില മാറ്റങ്ങള് മൊത്തത്തിൽ മാറ്റം ഉണ്ടാക്കുന്നു. ഒരു ജീനിൻ്റെ ഒരു ന്യൂക്ലോടൈഡിൽ ഒരു മാറ്റമുണ്ടായാൽ മതി ആ ജീൻ ആകെ മാറുകയാണ് ചെയ്യുന്നത്. ആ ആളിൻ്റെ സ്വഭാവം തന്നെ മാറുന്നു. അപ്പൊ യാദൃച്ഛികം എന്ന് പറയാവുന്നതാണ് ആ മാറ്റത്തെ. പക്ഷേ, ആ യാദൃച്ഛികത ആ അനിവാര്യ ഘടനയെ മാറ്റിമറിയ്ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ യാദൃച്ഛികതയും അനിവാര്യതയുമെന്ന് പറയണത് വളരെ അടിസ്ഥാനപരമായ ഒന്നാണെന്ന് വരുന്നു. മനുഷ്യ മസ്തിഷ്കത്തിൽ, ഭാഷയിലൂടെ വാക്കുകൾ സമാഹരിയ്ക്കാൻ കഴിയുന്നതോടു കൂടി, വാക്കുകൾ തമ്മിലുള്ള കൂടിച്ചേരലിനുള്ളിൽ വലിയ യാദൃച്ഛിക സാദ്ധ്യതകൾ രൂപപ്പെടുന്നു.
സർഗ്ഗാത്മകത
സർഗ്ഗാത്മകത സമൂഹവുമായി ബന്ധമില്ലാത്ത ആത്മീയമായ തലത്തിലുള്ളതാണെന്ന് ചിലർ പറയാറുണ്ട്?
യാദൃച്ഛികമായ കഴിവുകൾ കൂടുതലുള്ള ഒരാൾക്ക് സർഗ്ഗാത്മകമായ കഴിവുകൾ കൂടുതലായിരിയ്ക്കും. അതായത് വാക്കുകൾ മിക്സ് ചെയ്യാനുള്ള കഴിവ് ഓരോ മസ്തിഷ്കത്തിനും സവിശേഷമായ ജനിതക ഘടനയിലൂടെയാണ് ഉണ്ടാകുന്നത്. ബേസിക് ആയിട്ട് ആ ജനിതക ഘടന ഉണ്ടെങ്കിലേ ആ പ്രത്യേക മേഖലയിലുള്ള കഴിവ് വികസിപ്പിയ്ക്കാനാകൂ. പാട്ടുകാരനായാലും കലാകാരനായാലും ചിത്രകാരനായാലും സാഹിത്യകാരനായാലും അത്തരം കഴിവുകളെല്ലാം മസ്തിഷ്കത്തിൻ്റെ സവിശേഷ മേഖലകളും സ്വഭാവങ്ങളുമായി ബന്ധപ്പെട്ടതാണ്. സർഗ്ഗാത്മകമായ ഇടപെടലുകളിലെല്ലാം ഭൗതികമായ ഒരു വ്യാഖ്യാനമുണ്ട്. എന്നാൽ അതൊട്ട് പൂർണമായും ആരുടേയും നിയന്ത്രണത്തിൽ നില്ക്കുന്നുമില്ല. ആർക്കും പൂർണമായിട്ട് പ്രവചിയ്ക്കാൻ ആകുകയും ഇല്ല. യാദൃച്ഛികതയാണ് അതിലൊരു പ്രധാന പങ്കുവഹിയ്ക്കുന്നത്. സർഗ്ഗാത്മകയുടെ ബെയ്സ് തന്നെ യാദൃച്ഛികതയായി മാറുന്നു എന്നതാണ്. പൂർണമായും ഭൗതികത്തിന് അപ്പുറത്തുള്ള ഒന്നെന്ന രീതിയിലാണ് ആത്മീയത എന്ന സങ്കല്പം പൊതുവിൽ ആത്മീയവാദികൾ ഉന്നയിയ്ക്കുന്നത്. അങ്ങനെ ഒരു യാഥാർത്ഥ്യം നിലനില്ക്കുന്നില്ല. ഭൗതികേതരം എന്ന് വേണമെങ്കിൽ പറയാം. അപ്പോൾപ്പോലും ഭൗതികതയുമായി അതിന് ബന്ധമുണ്ട്. അത് പൂർണമായും ഭൗതികത്തിന് അതീതമല്ല. അപ്പൊ ആത്മീയത എന്ന സങ്കല്പം യാഥാർത്ഥ്യത്തിന് നിരക്കാത്ത ഒന്നാണ് എന്ന് മാത്രമല്ല ശാസ്ത്രീയമായ ഒരു അടിസ്ഥാനമില്ലാത്തതുമാണ്. പക്ഷേ, സർഗ്ഗാത്മകത ആത്മീയതയല്ല, മസ്തിഷ്ക പ്രവർത്തനം തന്നെയാണ്. അവിടെ യാദൃച്ഛികതയുടെ പങ്ക് വളരെ വർദ്ധിയ്ക്കുന്നതു കൊണ്ടാണ് സർഗ്ഗാത്മകത സജീവമാകുന്നത്.
മറുവശത്ത് കല സമൂഹത്തിനു വേണ്ടി മാത്രമാകണം എന്ന നിലപാടുള്ളവരുണ്ട്. കലാപരമായുള്ള പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം ആവിഷ്കാര ത്വര മാത്രമാണോ അതോ സാമൂഹ്യ പ്രതിബദ്ധതയാണോ?. ഈ രണ്ടു വാദഗതികളേയും എങ്ങനെയാണ് കാണുന്നത്?
കല സമൂഹത്തിനു വേണ്ടി എന്നു പറയുന്നതിൽ വലിയ അർത്ഥമില്ലെന്നാണ് എനിയ്ക്ക് തോന്നുന്നത്. ഓരോ കലാകാരൻ്റേയും തനതായ, സവിശേഷമായ ചില ആവിഷ്കാരങ്ങൾ തന്നെയാണ് ഏതു കലാസൃഷ്ടിയുടേയും അടിസ്ഥാനമായി മാറുന്നത്. പക്ഷേ, തീർച്ചയായും ആ കലാകാരൻ്റെ ചിന്തകൾ സാമൂഹ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു തന്നെയായിരിയ്ക്കും നില്ക്കുന്നത്. അതിൽ നിന്ന് വേറിട്ടൊരു സർഗ്ഗാത്മകത അയാൾക്ക് സാദ്ധ്യമല്ല. ഭാഷയുടെ രൂപീകരണം സാമൂഹ്യമാണ്. ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്കൊരു ഭാഷ ഉണ്ടാക്കാൻ സാദ്ധ്യമേയല്ല. വാക്കുകളിലൂടെ ആശയ വിനിമയം ചെയ്യുമ്പോഴാണ് ഭാഷ സാദ്ധ്യമാകുന്നത്. ആ അർത്ഥത്തിൽ ഏതൊരു വ്യക്തിയുടേയും സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾ അയാളുടെ ചുറ്റുമുള്ള സമൂഹവുമായി ബന്ധപ്പെട്ടു തന്നെയായിരിയ്ക്കും. പക്ഷേ, അത് സമൂഹത്തിന് വേണ്ടിയാണോ അല്ലയോ എന്ന ചോദ്യത്തിന് അർത്ഥമില്ല. സാമൂഹ്യമായി ബന്ധപ്പെട്ടുകൊണ്ട്, സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ച് കലാകാരൻ അയാളുടെ തനതായ സർഗ്ഗാത്മക രീതീല് തന്നെയാണ് പ്രവർത്തിയ്ക്കുന്നത്. കലാകാരൻ്റെ സ്വന്തം സർഗ്ഗാത്മകതയ്ക്ക് അവിടെ കൃത്യമായ പങ്കുണ്ട്. അത് അയാളുടേത് മാത്രമാണ്. ഒരു വ്യക്തി എന്ന രീതിയില് അയാൾക്ക് മാത്രമായി ലഭിയ്ക്കുന്ന ഒരു ഭാഷയുണ്ട്.
തുടരും...