കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 25
ചൈനയിലെ മുതലാളിത്ത പുന:സ്ഥാപനം
എം.ജി.ശശി: മാവോയുടെ മരണം. ആഗോളതലത്തിൽ നേതാവായിരുന്ന, ശരിക്കുമൊരു ആശ്രയമായിരുന്ന ഒരാൾ -മാവോ. പക്ഷേ, ചൈനയിലും അമിതാധികാരത്തിൻ്റെ പ്രശ്നങ്ങൾ പിൽക്കാലത്ത് ഉയർന്നു വന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ നിന്ന് തികച്ചും പിന്തിരിപ്പനായ മറ്റൊരു സ്ഥിതിയിലേക്ക് തിരികെ പോകുന്ന സാഹചര്യം. മാവോയ്ക്കു ശേഷം ചൈനയിൽ മുതലാളിത്ത പുനസ്ഥാപനം നടന്നിരിക്കുന്നു എന്ന് നക്സലേറ്റുകൾ ജയിലിൽ വെച്ച് പഠിക്കുകയും തിരിച്ചറിയുകയുമൊക്കെ ചെയ്തതാണ്. മുതലാളിത്തവത്കരണത്തെ അനുകൂലിക്കുന്നവർ 'ചരിത്രത്തിന് തിരിച്ചു നടക്കാനാവില്ല' എന്ന ന്യായീകരണമാണ്, എതിർ നിലപാടായി ഇവിടെ ഉയർത്തിയത്. പിന്നീട് ചൈനയിൽ ടിയാനൻമെൻ സ്ക്വയറിലെ വിദ്യാർത്ഥി കലാപവും കൂട്ടക്കൊലയും...
കെ.വേണു: മാവോ മരിക്കുന്ന സമയത്ത് ഞാനും ടി.എൻ. ജോയിയുമൊക്കെ കണ്ണൂർ ജയിലിലെത്തിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. കണ്ണൂർ ജയിലിൽ പകൽ സമയത്ത് എല്ലാവരേയും കോമ്പൗണ്ടിനകത്ത് തുറന്നു വിടാറുണ്ട്. അപ്പൊ മീറ്റിംഗ് നടത്താനും തമ്മിൽ സംസാരിക്കാനുമൊക്കെയുള്ള സാഹചര്യം ലഭിക്കും. പക്ഷേ, വൈകുന്നേരമായാൽ എല്ലാരേം പൂട്ടിയിടും. ഞാനും ജോയിയും ഒരു മുറിയിലായിരുന്നു. അങ്ങനെ ഒരു വൈകുന്നേരത്തെ പ്രാദേശിക വാർത്തയിലാണ് മാവോയുടെ മരണം അറിയുന്നത്, 1976-ൽ. അത് തീരെ അപ്രതീക്ഷിതമൊന്നും ആയിരുന്നില്ല. രോഗാവസ്ഥയിലായിരുന്നു എന്ന റിപ്പോർട്ട് അറിഞ്ഞിരുന്നു. പക്ഷേ, സജീവമായ ചർച്ച അതായിരുന്നില്ല. മാവോക്കു ശേഷം എന്ത് എന്നതായിരുന്നു. മാവോയുടെ കാലത്ത് ആരംഭിച്ചിരുന്ന രണ്ടു ലൈൻ സമരം എന്ന ഒരു പ്രക്രിയയുണ്ട്. മുതലാളിത്ത പാതക്കാരും സോഷ്യലിസ്റ്റ് പാതക്കാരും തമ്മിലുള്ള, രണ്ട് ചേരികൾ തമ്മിലുള്ള -രണ്ടു വർഗ വീക്ഷണങ്ങൾ തമ്മിലുള്ള ആശയസമരമാണത്.

പാർട്ടിക്കുള്ളിൽത്തന്നെ മുതലാളിത്ത നിലപാടെടുക്കുന്നവരും തൊഴിലാളിവർഗ നിലപാടെടുക്കുന്നവരും ഉണ്ട് എന്ന തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലുള്ള രണ്ടു ലൈൻ സമരം അല്ലേ?
കെ.വേണു: അതെ. ഉദാഹരണത്തിന്, മുതലാളിത്ത പാതക്കാരനാണെന്ന് വിലയിരുത്തപ്പെട്ട പാർട്ടിയുടെ പ്രധാന നേതാവ് ഡെങ്ങ് സിയാവോ പിങ്ങ് സാംസ്കാരിക വിപ്ലവകാലത്ത് വിചാരണ ചെയ്യപ്പെടുന്നുണ്ട്. മുതലാളിത്ത പാതക്കാരൻ എന്ന നിലയിൽ സ്റ്റേജിലിരുത്തിയിട്ട് മറ്റുള്ളവര് -സാധാരണക്കാര് ചോദ്യം ചെയ്യുകയും കുറ്റം ചാർത്തുകയും ചെയ്യുന്ന ജനകീയ വിചാരണ.
ഒരു പരീക്ഷണം എന്ന നിലക്ക് ഇത്തരം ജനകീയ വിചാരണകൾ നല്ല മാതൃക ആയിരുന്നില്ലേ?
അതെ. സാംസ്കാരിക വിപ്ലവത്തിൻ്റെ തുടക്കം 1966-ലാണ്. രണ്ടു ലൈൻ സമരം അതിനു മുമ്പുതന്നെ പാർട്ടിക്കുള്ളിൽ ആരംഭിച്ചിരുന്നു. ആ പദ്ധതി മാവോ തന്നെയാണ് മുന്നോട്ട് വെച്ചിരുന്നത്. പാർട്ടിക്കുള്ളിലുള്ള വ്യത്യസ്ത നിലപാടുകൾ പുറത്തേക്ക് കൊണ്ടുവന്ന് തമ്മിൽ സമരം ചെയ്യുക വഴി മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളിലൊന്നും കാണാത്ത പുതിയൊരു രീതിക്ക് തുടക്കം കുറിക്കുകയാണ് മാവോ ചെയ്യുന്നത്.
ജനാധിപത്യ പ്രക്രിയ തന്നെയാണത്. സമൂഹത്തിലുള്ള വൈരുദ്ധ്യങ്ങൾ, വ്യത്യസ്ത ആശയങ്ങൾ പാർട്ടിയിലും റിഫ്ലക്റ്റ് ചെയ്യുമല്ലോ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സ്ഥലങ്ങളിൽ പൊതുവിൽ ജനാധിപത്യം ഇല്ല. എന്നാൽ, ചൈനീസ് പാർട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയ എന്ന രീതിയിൽ ആരംഭിച്ചതാണ് രണ്ടു ലൈൻ സമരം. പാർട്ടിയിൽ ഉണ്ടെന്ന് പറയപ്പെടുന്ന ജനാധിപത്യം ഫലത്തിൽ കേന്ദ്രീകരണം തന്നെയായി മാറുമ്പോൾ, അതിനു പുറത്ത് ഇത്തരം ഒരു ജനാധിപത്യ അന്തരീക്ഷം ക്രമേണ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരുന്നു. ആശയസമരം സജീവമായതോടുകൂടി 66-ൽ സെൻട്രൽ കമ്മറ്റി അതിന് ഔദ്യോഗികമായ അംഗീകാരം നൽകുകയാണ് ചെയ്യുന്നത്. ലോകം മുഴുവൻ ശ്രദ്ധിച്ച അത്തരമൊരു ആശയസമരം സാംസ്കാരിക വിപ്ലവത്തിൻ്റെ പ്രധാന ഭാഗമായിരുന്നു. 'എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം' എന്ന പുസ്തകമെഴുതിയ അന്നത്തെ പ്രസിഡൻ്റ് ലിയു ഷാവോ ചി പോലും മുതലാളിത്ത പാതക്കാരനാണെന്നന്ന് വിലയിരുത്തപ്പെടുകയും ആ പുസ്തകം നിരോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

‘Bombard The Head Quarters' എന്ന മുദ്രാവാക്യം ഉയരുന്നുണ്ടല്ലോ.
പാർട്ടി നേതൃത്വത്തിനെ ആക്രമിക്കുക, ചോദ്യം ചെയ്യുക എന്നുള്ളതാണ് ആ മുദ്രാവാക്യം. അത് ജനങ്ങൾക്ക് നൽകിയത് വലിയൊരു ആവേശമായിരുന്നു. പക്ഷേ, ആ സ്വാതന്ത്ര്യം പലപ്പോഴും അരാജകത്വത്തിലേക്ക് പോയി. കോളേജ് പ്രൊഫസർമാരേയും ശാസ്ത്രജ്ഞന്മാരേയുമൊക്കെ ഗ്രാമങ്ങളിൽ കൊണ്ടുപോയി, തെരുവ് വൃത്തിയാക്കുക മുറ്റമടിക്കുക തുടങ്ങിയ പണികൾക്കൊക്കെ നിയോഗിച്ചു. ചെറിയ ചെറിയ സ്വതന്ത്ര ഗ്രൂപ്പുകളായി മാറി വിദ്യാർത്ഥികളും യുവാക്കളുമൊക്കെ പാർട്ടിക്ക് നിയന്ത്രിക്കാനാകാത്ത വിധം ശരിക്കും വല്ലാത്തൊരു അരാജക അന്തരീക്ഷമാണ് ആ സമയത്ത് സൃഷ്ടിച്ചത്. ജനാധിപത്യം എന്ന് ഒരു വശത്ത് പറയുമെങ്കിലും ജനാധിപത്യമല്ല അത്. ലിൻ പിയാവോ എന്ന അന്നത്തെ ഡിഫൻസ് മിനിസ്റ്ററായിരുന്ന മാവോ പക്ഷക്കാരൻ മുൻകയ്യെടുത്ത് സൈന്യത്തെ ഇറക്കിയിട്ടാണ് സാംസ്കാരിക വിപ്ലവത്തിൻ്റെ കലാപ അന്തരീക്ഷത്തെ നിയന്ത്രിച്ചത്. അറുപത്തി ഒമ്പതോടു കൂടി മൊത്തം അച്ചടക്കം പുനസ്ഥാപിക്കുകയും സാംസ്കാരിക വിപ്ലവം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പാർട്ടിക്കുള്ളിലെ രണ്ടു ലൈൻ സമരം തുടർന്നു പോരുന്നുണ്ടായിരുന്നു. സാംസ്കാരിക വിപ്ലവകാലത്ത് പൊന്തിവന്നൊരു ടീമാണ് നാൽവർ സംഘം -Gang of four. മാവോയുടെ ഭാര്യ ചിയാങ്ങ് ചിങ്ങും പ്രധാനപ്പെട്ട മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങളും... അങ്ങനെ നാലുപേർ. അവർ മാവോയുടെ ലൈൻ തുടരുന്നു എന്ന രീതിയിൽ മുതലാളിത്ത പാതക്കാരെ തുറന്നു കാണിക്കാൻ വേണ്ടിയുള്ള സമരങ്ങൾ തുടരുന്നു. ചിയാങ്ങ് ചിങ്ങിന് മാവോയുടെ ഭാര്യ എന്ന നിലയിലുള്ള അധികാര നിയന്ത്രണം ഉണ്ടായിരുന്നു. അങ്ങനെയാണ് ഡെങ്ങ് സിയാവോ പിങ്ങൊക്കെ പിൻതള്ളപ്പെടുന്നത്. പക്ഷേ, മാവോയുടെ മരണത്തിന് മുമ്പുതന്നെ, മാവോ ഏറെക്കുറെ നിഷ്ക്രിയനാവുകയും മാവോക്കൊന്നും ചെയ്യാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ മറ്റു വിഭാഗങ്ങളും പൊന്തി വരാൻ തുടങ്ങി. 76-ൽ മാവോ മരിക്കുന്ന സമയമായപ്പോഴേക്കും രണ്ടു ചേരിയിലുമല്ലാത്ത ഒരു മദ്ധ്യവർത്തി വിഭാഗം ഉയർന്നു വന്നു. പക്ഷേ, അവരങ്ങനെ പാർട്ടിയിൽ കൃത്യമായ ഹോൾഡ് ഉള്ളവരല്ല. 1978 ആയപ്പഴേക്കും മുതലാളിത്ത പാതക്കാരനായിരുന്ന ഡെങ്ങ് സിയാവോ പിങ്ങ് ഏറെക്കുറെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് ചൈന മുതലാളിത്തത്തിലേക്ക് നീങ്ങി. സ്വകാര്യ സ്വത്തിന് പ്രാധാന്യം നൽകുകയും വിപണിവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും മത്സരാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിലേക്ക് പടിപടിയായി മാറുകയും ചെയ്തു.

സമൂഹത്തിൽ സാംസ്കാരിക വിപ്ലവത്തിൻ്റെ ഭാഗമായി ഉയർന്നു വന്ന എനർജി നിലനിൽക്കുകയും ചെയ്തിരുന്നു അല്ലേ...
അതെ. പുതിയ സാഹചര്യത്തിൽ അത് കുറച്ചുകൂടി ഔപചാരികമായിത്തന്നെ ജനാധിപത്യപരമാവുകയുണ്ടായി. അവിടെ പോസ്റ്റർ പതിക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. ടിയാനൻമെൻ സ്ക്വയറിൽ വലിയ പോസ്റ്ററിൽ മുദ്രാവാക്യങ്ങളെഴുതി ഒട്ടിക്കും.
എതിർപ്പുകളും പ്രതിഷേധങ്ങളുമൊക്കെ അല്ലേ...
അതെ. എല്ലാ അഭിപ്രായങ്ങളും അവിടെ പോസ്റ്ററായി എഴുതി വെക്കാം. അത് വലിയ വാർത്തയാവുകയും ചെയ്യും. അതാണ് പുതിയൊരു ജനാധിപത്യ പ്രക്രിയയുടെ മറ്റൊരിടത്തും കാണാത്ത പ്രധാനപ്പെട്ട സവിശേഷമായ ഒരു പ്രത്യേകതയായി ഉയർന്നു വന്നത്. അതിൻ്റെ ഭാഗമായിട്ട് പതുക്കെപ്പതുക്കെ മാറ്റങ്ങൾ ഉണ്ടാകുന്നു. ഭരണഘടനയിൽത്തന്നെ മാറ്റങ്ങൾ വരുത്തുന്നു. 1986-89 ആകുമ്പഴേക്കും വിദ്യാർത്ഥികൾ ഒരു വലിയ ശക്തിയായി മാറുകയാണ്. അവർക്കു മേൽ വലിയ നിയന്ത്രണങ്ങളൊന്നും ഇല്ലാത്ത സ്ഥിതി ഉണ്ടാകുന്നു. അങ്ങനെയാണ് 89-ലെ വിദ്യാർത്ഥികലാപം എന്ന് അറിയപ്പെടുന്ന മുന്നേറ്റമായിട്ടത് മാറുന്നത്. ജനാധിപത്യ അന്തരീക്ഷം വീണ്ടെടുക്കുക എന്ന ആവശ്യം തന്നെയാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെച്ചത്. ആ കലാപ അന്തരീക്ഷം മൊത്തത്തിൽ ഭരണകൂടത്തിന് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഡെങ്ങ് സിയാവോ പിങ്ങ് തന്നെ മുൻകയ്യെടുത്ത് സൈന്യത്തെ നിയോഗിക്കുന്നത്. എത്ര പേർ കൊല്ലപ്പെട്ടു എന്നതിന് കണക്കൊന്നുമില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ വെടിയേറ്റു മരിച്ചു. ആ മുന്നേറ്റത്തിലെ പ്രധാനപ്പെട്ട നേതാക്കളായി മാറിയ പലരും യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും രക്ഷപ്പെടുകയും വിദ്യാർത്ഥി കലാപകാലത്തെപ്പറ്റി നിരവധി പുസ്തകങ്ങൾ എഴുതുകയും ചെയ്തു. എന്നെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചതിൽ ടിയാനൻമെൻ വിദ്യാർത്ഥി കലാപത്തിന് വലിയ പങ്കുണ്ട്.
സോഷ്യലിസ്റ്റെന്നും കമ്മ്യൂണിസ്റ്റെന്നും പറയപ്പെടുന്ന ചൈനയിൽ പുതിയ ജനാധിപത്യം അന്വേഷിക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം കഷ്ടം തന്നെയാണ്.
കെ.വേണു: അതുതന്നെയാണ്. ഞാനന്ന് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്. പഞ്ചാബിൽ നിന്ന് അന്നു ഞാൻ ചൈനയിലെ വിദ്യാർത്ഥികൾക്ക് അനുകൂലമായ പ്രസ്താവന ഇറക്കുകയും അഖിലേന്ത്യാ തലത്തിൽത്തന്നെ അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. പക്ഷേ, മാർക്സിസത്തെക്കുറിച്ചുള്ള പുനർവിചിന്തനം ആവശ്യമാണെന്ന രീതിയിലൊന്നും അന്നതിനെ കണ്ടില്ല. അവിടെ ഒരു ജനാധിപത്യ അന്വേഷണമാണ് നടക്കുന്നതെന്നും, അത് ശരിയാണെന്നും ശക്തമായ ചിന്ത ഉണ്ടായിരുന്നു. പക്ഷേ, വൈകാതെ മറ്റു ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. ഒരു സോഷ്യലിസ്റ്റ് രാജ്യത്ത് ഇത്രയും വർഷങ്ങൾക്ക് ശേഷവും വിദ്വാർത്ഥികൾക്ക് എന്തിനാണ് ഇങ്ങനെയൊരു കലാപം ചെയ്യേണ്ടിവരുന്നത്? സോഷ്യലിസ്റ്റ് രാജ്യം എന്നു പറഞ്ഞാൽ ശരിക്കും ഒരു ജനാധിപത്യ സമൂഹം ആയിരിക്കണം എന്നതാണല്ലോ. സ്വകാര്യസ്വത്ത് ഇല്ലാതെ വരുമ്പൊ എല്ലാവർക്കും സമ്പത്തിൽ തുല്യ അവകാശം ഉണ്ടാവുകയും, അങ്ങനെ സ്വാഭാവികമായും അതൊരു ജനാധിപത്യ സമൂഹമായി മാറുകയും ചെയ്യും എന്നൊക്കെയാണ് പഴയ കമ്മ്യൂണിസ്റ്റ് സങ്കല്പം. ആ ധാരണകളാണ് ചോദ്യം ചെയ്യപ്പെടുന്നത്. അപ്പൊ ചില അടിസ്ഥാന പ്രശ്നങ്ങൾ അതിൻ്റെ പിന്നിലുണ്ടല്ലോ എന്ന് ചിന്തിക്കുന്നു. ആഴത്തിലുള്ള പഠനങ്ങൾ നടത്തിയേ പറ്റൂ എന്നെനിക്ക് ബോദ്ധ്യപ്പെട്ടു. അങ്ങനെയാണ് അധികം വൈകാതെ ആറു മാസത്തെ ലീവ് അനുവദിക്കണമെന്ന്, ഉത്തരവാദിത്തങ്ങളിൽ നിന്ന് താല്ക്കാലികമായി മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ഞാൻ കേന്ദ്ര കമ്മിറ്റിക്ക് കത്തു കൊടുക്കുന്നത്. കേന്ദ്ര കമ്മറ്റി അത് അംഗീകരിക്കുകയും ചെയ്തു.
തുടരും...
'കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ' - പരമ്പരയിലെ മുൻ ലേഖനങ്ങൾ വായിക്കാം