കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 13
ബിനോയ് വിശ്വം
എം.ജി.ശശി: അടിയന്തരാവസ്ഥയിലെ നക്സൽ വേട്ടയിൽ അച്ച്യുതമേനോനു പോലും നിശ്ശബ്ദനാകേണ്ടി വന്നെങ്കിലും, പൊതുവിൽ സി.പി.ഐ പല കാര്യങ്ങളിലും ജനാധിപത്യപരമായ സമീപനമാണ് സ്വീകരിക്കാറുള്ളത് അല്ലേ?
കെ.വേണു: എം.എൽ പ്രസ്ഥാനം ആരംഭിച്ച കാലം മുതൽക്കേ സി.പി.ഐ ഒരു മൃദുസമീപനമാണ് നക്സലേറ്റുകളോട് സ്വീകരിച്ചു പോന്നിട്ടുള്ളത്. വഴിതെറ്റിയവരാണെങ്കിലും സത്യസന്ധരും ആത്മാർത്ഥതയുള്ളവരും വിപ്ലവ ലക്ഷ്യം നിലനിർത്തുന്നവരുമെന്ന നിലയ്ക്ക് നക്സലേറ്റുകളോട് അനുഭാവമുള്ള സമീപനമാണ് സി.പി.ഐ നിലനിർത്തിയത്. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാൻ വേണ്ടിയുള്ള സമരങ്ങളിൽ അവർ സഹകരിച്ചിരുന്നു. 'മാവോയിസ്റ്റ് ഏറ്റുമുട്ടൽ' കൊലപാതകങ്ങളിലും സി.പി.എമ്മിൽ നിന്ന് വ്യത്യസ്തമായി അവർ ഇരകൾക്കൊപ്പം നിൽക്കാറുണ്ട്. സി.പി.എമ്മിൻ്റെ ശത്രുതാപരമായ സമീപനം അവർക്കൊട്ടുമില്ല. സി.പി.എം സംഘടിപ്പിക്കുന്നതോ പങ്കെടുക്കുന്നതോ ആയ പരിപാടികളിൽ നക്സലേറ്റുകളെ അടുപ്പിക്കുകയില്ല. സി.പി.ഐ പക്ഷേ, നേരെ തിരിച്ചാണ്. അവർ സംഘടിപ്പിക്കുന്നതോ പങ്കെടുക്കുന്നതോ ആയ പരിപാടികളിൽ നക്സലേറ്റുകളെ പങ്കെടുപ്പിക്കാൻ ബോധപൂർവ്വം തന്നെ ശ്രമിക്കാറുണ്ട്. പലപ്പോഴും ബിനോയ് വിശ്വവുമായി വേദി പങ്കിടാൻ അവസരം ലഭിച്ചിട്ടുണ്ട്. പരസ്പരം രാഷ്ട്രീയ വിമർശനം നടത്തുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ലെങ്കിലും വ്യക്തിതലത്തിൽ സൗഹൃദം നിലനിർത്തുക തന്നെ ചെയ്തിരുന്നു. ഞാൻ നക്സലേറ്റ് രാഷ്ട്രീയം ഉപേക്ഷിച്ച് സ്വതന്ത്രനായി നിൽക്കുന്ന കാലത്ത് ബിനോയ് വിശ്വം എന്നെ കാണാൻ മുൻകയ്യെടുക്കുകയും അവരുടെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ഉണ്ടായി. വ്യക്തിപരമായിട്ടല്ല, പാർട്ടി നിർദ്ദേശ പ്രകാരമാണ് ക്ഷണിക്കുന്നതെന്നും പറയുകയുണ്ടായി. ആ ക്ഷണം സ്വീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി. സൗഹൃദം തുടരുകയും ചെയ്തു. മൂത്ത മകൻ അനൂപിൻ്റെ വിവാഹത്തിന് ബിനോയ് വിശ്വത്തെ ക്ഷണിച്ചിരുന്നു. അദ്ദേഹം പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടാണ് പോയത്.
സി.പി.ജോൺ - എം.വി.ആർ
സി.എം.പിയിലേക്കും കേവിയെ ക്ഷണിച്ചിരുന്നല്ലോ, അല്ലേ?
സി.പി.ജോൺ സി.പി.എം പ്രവർത്തകനായിരിക്കുമ്പോൾ തന്നെ വേദികളിൽ പരിചയപ്പെട്ടിട്ടുണ്ട്. സി.പി.എം വിട്ട് സി.എം.പി രുപീകരിച്ചതിന് ശേഷം ചർച്ചകളിലും സെമിനാറുകളിലും പങ്കെടുക്കാൻ മാത്രമല്ല അവരുടെ പ്രവർത്തകർക്ക് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ചരിത്രത്തെക്കുറിച്ച് ക്ലാസെടുക്കാനും മറ്റും വിളിക്കാറുണ്ട്. മാർക്സിസത്തെ തള്ളിക്കളയുന്ന എൻ്റെ നിലപാടുകളെ അംഗീകരിക്കുന്നില്ലെങ്കിലും, മാർക്സിസത്തെക്കുറിച്ച് ഞാൻ ഉന്നയിക്കുന്ന പല വിമർശനങ്ങളോടും അവർക്ക് യോജിപ്പുണ്ട്. ജനാധിപത്യത്തെക്കുറിച്ചുള്ള എൻ്റെ നിലപാടുകളും അവർ ചർച്ച ചെയ്യാറുണ്ട്. മകൻ്റെ വിവാഹത്തിന് ജോണിനെയാണ് ഞാൻ ക്ഷണിച്ചത്.
രാഷ്ട്രീയപ്പാർട്ടികളിലെ ഏറ്റവും മുതിർന്ന നേതാക്കളെയല്ല വിളിച്ചിരുത്. കോൺഗ്രസിൽ നിന്ന് ആൻ്റണിയെ അല്ല ഉമ്മൻ ചാണ്ടിയെയാണ് ക്ഷണിച്ചത്. അദ്ദേഹം വധുവിൻ്റെ വീട്ടിലെത്തി വധൂവരന്മാർക്കൊപ്പം ഫോട്ടോ എടുത്ത് തിരിച്ചു പോയി. ബിനോയ് വിശ്വത്തെ വിളിച്ചതും അങ്ങനെയാണ്. സി.എം.പിയിൽ നിന്ന് സി.പി.ജോണിനെ ഒളരിയിലെ ഞങ്ങളുടെ വീട്ടിൽ ചായ സൽക്കാരത്തിനാണ് വിളിച്ചിരുന്നത്. സി.പി.ജോണിനൊപ്പം തീരെ പ്രതീക്ഷിക്കാതെ എം.വി.രാഘവനും വന്ന് ഏറെ നേരം സംസാരിച്ചിരുന്നാണ് പോയത്. എം.വി.ആറിനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സി.എം.പിയിലേക്ക് ക്ഷണിക്കാനുള്ള ഒരുക്കമായിരുന്നു അത്. ഞാൻ നിലപാട് വ്യക്തമാക്കിയപ്പോൾ അവർ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.
അമ്പത്തൊന്ന് വെട്ടുകൾ
കമ്മ്യൂണിസ്റ്റുകൾക്കുണ്ടെന്ന് അവകാശപ്പെടുന്ന മാനുഷികതയേയും നൈതികതയേയും എക്കാലത്തും ചോദ്യം ചെയ്യുന്ന ഒന്നായിരുന്നു ടി.പി.ചന്ദ്രശേഖരൻ്റെ കൊലപാതകം...
ചന്ദ്രശേഖരൻ വധത്തിൻ്റെ റിപ്പോർട്ടുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. കമ്മ്യൂണിസമെന്ന മോഹന സ്വപ്നത്തേയും, ആ ലക്ഷ്യം നേടാൻ കെല്പുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പറ്റി പുലർത്തിപ്പോന്നിരുന്ന സങ്കല്പങ്ങൾക്ക് കാര്യമായി മങ്ങലേറ്റിരുന്നുവെങ്കിലും, അതിന് ഇത്രയും ഭീകരമായ ഒരു രൂപം പ്രയോഗതലത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, സ്വന്തം പാർട്ടിക്കാർ തന്നെ ഒരു സഖാവിനെ അമ്പത്തൊന്നു വെട്ടു വെട്ടി ക്രൂരമായി കൊല്ലുമെന്ന് സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. താരതമ്യേന നിസ്സാരമായ പാർട്ടിക്കുള്ളിലെ വൈരുദ്ധ്യങ്ങളാണ് ഈ അക്രമത്തിലേക്ക് നയിച്ചത്. പക്ഷേ, നേതൃതലത്തിൽ അറിഞ്ഞു കൊണ്ടും അവരുടെ പിന്തുണയോടും കൂടിയാണത് അത് നടന്നതെന്നും വ്യക്തമായ സംഗതിയാണ്. ഇത്തരമൊരു ക്രൂരനടപടി തെറ്റായിപ്പോയെന്നോ തിരുത്തപ്പെടേണ്ടതാണെന്നോ പതിറ്റാണ്ടു കഴിഞ്ഞിട്ടും നേതൃത്വത്തിലെ ഒരാളും പറഞ്ഞിട്ടില്ല. അതായത് കൊലപാതക രാഷ്ട്രീയം കയ്യൊഴിയാൻ തയ്യാറല്ലെന്നു തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ലേബലൊട്ടിച്ച ഇവർ പറയുന്നത്.
ഉത്തരവാദിത്തം ഏറ്റെടുക്കാൻ താഴ്ന്ന ഘടകത്തിലെ ഒരാളെ കണ്ടെത്തുകയും വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലുണ്ടായ കൊലപാതകമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് അടുത്തൊരു ദിവസം തന്നെ ഒഞ്ചിയത്തെ വീട്ടിൽ പോയി അമ്മയെയും രമയെയും ഞാൻ കാണുകയുണ്ടായി. അങ്ങിനെയൊരു ധാർമിക പിന്തുണ നൽകുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടിക്കൊണ്ട് ആ സമയത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനൊരു ലേഖനമെഴുതുകയും ചെയ്തു.
മതിയഴകൻ
ഡൽഹിയിലെ പഠനത്തിനു ശേഷം ഉയർന്ന ജോലി കിട്ടി, വീട്ടുകാരെയെല്ലാം മറന്ന്, സുഖലോലുപതയിൽ മുഴുകിയിരിക്കയാകും മതിയഴകൻ എന്നാണ് അയാളുടെ നാട്ടുകാർ കരുതിയത്. എന്നാൽ, മതിയഴകനും ഒരു കുരുതിയായിരുന്നല്ലോ...
ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന മതിയഴകൻ, പാർട്ടിയുടെ ഇംഗ്ലീഷ് മുഖപത്രമായിരുന്ന മാസ് ലൈനിൻ്റെ പത്രാധിപരായ ടി.ജി.ജേക്കബ് വഴിയാണ് വിപ്ലവ രാഷ്ട്രീയത്തിലേക്ക് അടുത്തത്. പഠിത്തം കഴിഞ്ഞ് മതിയഴകൻ തമിഴ്നാട്ടിൽ നോർത്ത് ആർക്കാട് ജില്ലയിലെ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. 1982 ജനുവരിയിൽ മഹാരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് പാർട്ടിയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുമ്പോൾ, തമിഴ്നാട്ടിൽ നിന്ന് പ്രതിനിധികളൊന്നുമില്ലാത്ത സാഹചര്യത്തിൽ മതിയഴകനെ വോട്ടവകാശമില്ലാത്ത നിരീക്ഷകനായി പങ്കെടുപ്പിക്കാമെന്ന് പറഞ്ഞു കൊണ്ട് ജേക്കബാണ് എത്തിച്ചത്.
സമ്മേളനം ഏതാനും ദിവസം പിന്നിട്ടപ്പോൾ അടുത്തൊരു ഗ്രാമത്തിൽ പോലീസ് എത്തിയിട്ടുണ്ടെന്ന വാർത്തയറിഞ്ഞു. സമ്മേളനത്തിൽ നിരീക്ഷകരായെത്തിയ സഖാക്കളെ അത് പരിഭ്രമിപ്പിക്കുന്നത് സ്വഭാവികമായിരുന്നു. പോലീസ് എത്തിയെന്ന വാർത്ത ശരിയായിരുന്നില്ലെന്ന വിവരം കിട്ടിയെങ്കിലും മതിയഴകൻ്റെ ഭയം മാറിയില്ല. അമേരിക്കയിലെ മാവോയിസ്റ്റ് പാർട്ടിയിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധി ഒരു വനിതാ സഖാവായിരുന്നു. അവരുടെ കയ്യിലുണ്ടായിരുന്ന, മാനസിക സമ്മർദ്ദം കുറക്കാനുള്ള ഗുളികകൾ കൊടുത്ത്, നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സഖാവ് ബഹളം വെക്കാൻ തുടങ്ങി. സുരക്ഷാ സഖാക്കളുടെ നിയന്ത്രണത്തിൽ ഓഫീസ് മുറിയിലായിരുന്നു സഖാവ്. സമ്മേളനത്തിൽ സജീവ ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ അന്ന് സെക്രട്ടറിയായിരുന്ന കെ.എൻ. രാമചന്ദ്രൻ സ്വകാര്യമായി എന്നെ വിളിച്ചു. ഓഫീസ് മുറിയിൽ ചെന്നപ്പോൾ മതിയഴകൻ മരിച്ചിരിക്കുന്നു. ഗുളികകൾ അധികം കഴിച്ചതും സഖാക്കളുടെ ബലപ്രയോഗവും ചേർന്ന് സംഭവിച്ചതായിരിക്കും എന്ന് കരുതാനേ കഴിയുന്നുള്ളൂ. സീനിയർ സഖാക്കളിൽ ചിലരോട് കൂടിയാലോചിച്ച് അടുത്തുള്ള പുഴയുടെ തീരത്ത് മതിയഴകനെ സംസ്കരിച്ചു. സമ്മളേനത്തിന് തടസ്സമൊന്നും ഉണ്ടാകാതിരിക്കാനാണ് കൂടുതലും ശ്രദ്ധിച്ചത്.
കുറച്ചു കാലത്തിനു ശേഷം, തൃശൂർ വടക്കേ സ്റ്റാൻഡിൽ ബസ്സു കാത്തിരിക്കുമ്പോഴാണ്, സ്വന്തം മനസ്സിൻ്റെ സ്വാസ്ഥ്യത്തിനു വേണ്ടിയെന്നോണം മുണ്ടൂർ രാവുണ്ണിയേട്ടൻ മതിയഴകനെക്കുറിച്ച് എന്നോട് പറയുന്നത്…
മൂന്നു വർഷത്തിന് ശേഷം കൽക്കത്തയിൽ വെച്ച് അഖിലേന്ത്യാ പ്ലീനം നടന്നപ്പോൾ ചില സഖാക്കൾ മതിയഴകൻ സംഭവം സംഘടനക്കുള്ളിൽ അറിയിക്കാതിരുന്നതിനെ വിമർശിക്കുകയുണ്ടായി. അന്ന് സെക്രട്ടറിയായിരുന്ന ഞാൻ പ്രധാന സഖാക്കളുമായി ആലോചിച്ച് നടന്ന സംഭവങ്ങളെല്ലാം വിശദമായി റിപ്പോർട്ട് ചെയ്തു. സംഘടനയുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്ന് വിശദീകരിച്ചപ്പോൾ മുഴുവൻ സഖാക്കളും അത് അംഗീകരിച്ചു. ഞാനിതെല്ലാം മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച എൻ്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിരുന്നു.
തുടർന്ന് ഒരു പത്രലേഖകൻ മതിയഴകൻ്റെ ഗ്രാമത്തിൽ പോയപ്പോൾ, ആ സഖാവ് മരിച്ച കാര്യം ബന്ധുക്കളടക്കം ആരും അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. പാർട്ടിക്കാർ അത് വീട്ടുകാരെ അറിയിക്കേണ്ടതായിരുന്നു എന്ന വിമർശനം പത്രക്കാർ ഉന്നയിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ ആ വിമർശനം ശരിയായിരുന്നു. സമ്മേളന സമയത്ത് അക്കാര്യം പറഞ്ഞിരുന്നുവെങ്കിൽ പോലീസ് ഇടപെടലിലൂടെ ആ സമ്മേളനത്തിനും പാർട്ടിക്കു തന്നെയും ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുമായിരുന്നു. ആ സമയത്ത് പാർട്ടിയെ സംരക്ഷിക്കുക എന്ന നിലപാട് തെറ്റായിരുന്നു എന്ന് പറയാനാവില്ല. പക്ഷേ, ഏറ്റവുമടുത്ത ഉചിതമായ സമയത്ത് വിവരം വേണ്ടപ്പെട്ടവരെ അറിയിക്കാമായിരുന്നു. അത് ചെയ്തില്ലെന്നത് ഗുരുതരമായൊരു വീഴ്ച തന്നെയായിരുന്നു. പാർട്ടി പ്രവർത്തകർ ഒരു തരം പാർട്ടി മനുഷ്യരായി, പാർട്ടി യന്ത്രങ്ങളായി മാറുമെന്ന് പറയാറുണ്ട്. മാനുഷിക പരിഗണനകൾക്ക് പ്രാധാന്യം നൽകാത്ത ഒരു മാനസികാവസ്ഥയിലേക്ക് പാർട്ടി പ്രവർത്തകർ എത്തുന്നതു കാണാം. ഞാനും അതിലൂടെ ഒക്കെ കടന്നുപോയിട്ടുള്ള ഒരാൾ തന്നെയാണ് എന്ന ഏറ്റുപറച്ചിലേ ഇന്ന് സാധിക്കുകയുള്ളൂ.
അടിയോരുടെ പെരുമൻ
വർഗ്ഗീസ് എന്ന അടിയോരുടെ പെരുമനെക്കുറിച്ച്...
സി.പി.എമ്മിൻ്റെ കണ്ണൂരിലെ പ്രവർത്തകനായിരുന്ന വർഗ്ഗീസ് നക്സൽബാരിക്ക് ശേഷം കുന്നിക്കൽ നാരായണനും മറ്റും സംഘടിപ്പിച്ച തലശ്ശേരി-പുൽപ്പള്ളി ആക്രമണങ്ങളിൽ പങ്കെടുക്കുകയുണ്ടായി. പിന്നീട്, നക്സൽബാരി സമരത്തിൻ്റെ രീതി പോലീസ് സ്റ്റേഷൻ ആക്രമണമല്ലെന്നും ജന്മിമാർക്കെതിരായ ആക്രമണങ്ങളിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും നിലപാടെടുത്ത വർഗ്ഗീസ് വയനാട്ടിലെ മാനന്തവാടിക്ക് സമീപമുള്ള ആദിവാസി ഊരുകളിൽ പോയി അവർക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. അടിയോരുടെ പെരുമൻ ആവുകയും ചെയ്തു.
ആദിവാസികളെയും പാവപ്പെട്ട കർഷകരെയും ചൂഷണം ചെയ്യുന്ന ജന്മിമാരെ നിലക്ക് നിർത്തണം എന്ന ഉദ്ദേശത്തോടെ, തൃശ്ശിലേരി തിരുനെല്ലി ഗ്രാമങ്ങളിലെ ഒരു ജന്മിയെയും ഒരു പോലീസ് ഏജൻ്റിനെയും ആക്രമിക്കുകയും രണ്ടു പേരെയും വധിക്കുകയും ചെയ്തു. ജന്മിയുടെ നെല്ലും മറ്റു വസ്തുക്കളും പാവപെട്ടവർക്ക് വിതരണം ചെയ്തു. ആഭ്യന്തര മന്ത്രി സി.എച്ച്.മുഹമ്മദ് കോയ പ്രത്യേകം ഏർപ്പാട് ചെയ്ത പോലീസിന്, ഒരു ജന്മിയുടെ കാര്യസ്ഥൻ വർഗ്ഗീസിനെ ഒറ്റു കൊടുക്കുകയായിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടതാണ് എല്ലാവരും വിശ്വസിച്ചത്. വെടികൊണ്ട് മരിച്ചു കിടക്കുന്ന വർഗ്ഗീസിൻ്റെ ഫോട്ടോ ആണ് പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. അറസ്റ്റ് ചെയ്തതിനു ശേഷം ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം രണ്ടു പോലീസുകാർ വർഗ്ഗീസിനെ വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന്, ആ വെടിവെച്ച പോലീസുകാർ തന്നെ വാസുവേട്ടനോട് തുറന്നു പറയുകയും അത് കോടതിയിലെത്തുകയും ചെയ്തതാണ്. വർഗ്ഗീസിൻ്റെ രക്തസാക്ഷിത്വം നക്സലേറ്റ് പ്രസ്ഥാനത്തിലേക്ക് പലരെയും ആകർഷിക്കാൻ ഇടയാക്കി എന്നത് ഒരു യാഥാർത്ഥ്യമാണ്. ഗവേഷണത്തിലേക്ക് തിരിയണോ വിപ്ലവപ്രസ്ഥാനത്തിലേക്കിറങ്ങണോ എന്ന് ശങ്കിച്ചു നിന്ന ഞാൻ, നക്സലേറ്റ് പ്രസ്ഥാനത്തിലേക്ക് തന്നെ എത്താൻ ഇടയാക്കിയതിൽ വർഗ്ഗീസിൻ്റെ രക്തസാക്ഷിത്വം പ്രേരകമായി എന്നത് ഒരു വസ്തുതയാണ്.