വിമർശനത്തിന് മറുപടി പറഞ്ഞ ഇ.എം.എസ്, സുകുമാർ അഴീക്കോടിൻെറ ജനാധിപത്യ മനസ്സ്

“വി.ജെ.ടി ഹാളില് പ്രധാനപ്പെട്ട നേതാക്കൾ മുഴുവനുണ്ട്. വൃത്താകൃതീല് കസേരകൾ... നടുവിലൊരു സ്റ്റേജ്... വലിയ ജനക്കൂട്ടം. ഇ.എം.എസ് സംസാരിച്ചു കഴിഞ്ഞിട്ട് പത്തു മിനിട്ട് സംസാരിയ്ക്കാൻ എനിയ്ക്ക് അവസരം കിട്ടി. ഗാന്ധിയുടെ അവസാന കാലത്ത് തൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാവാതെ നിരാശനായിട്ടാണ് അദ്ദേഹം മരിയ്ക്കുന്നത്' എന്നതാണ് പ്രത്യേക ഊന്നൽ നൽകി ഇ.എം.എസ് പറഞ്ഞത്” - കെ.വേണുവായുള്ള എം.ജി. ശശിയുടെ ദീർഘസംഭാഷണം തുടരുന്നു...

കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ - 7

സാഗരഗർജ്ജനം

എം.ജി.ശശി: സാഗരഗർജ്ജനം എന്ന് വൈക്കം മുഹമ്മദ് ബഷീർ വിശേഷിപ്പിച്ച സുകുമാർ അഴീക്കോടിനെക്കുറിച്ച്...

കെ.വേണു: 'ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ ജനാധിപത്യ സങ്കല്പം' എന്ന എൻ്റെ പുസ്തകം പ്രകാശനം ചെയ്തത് അഴീക്കോട് മാഷാണ്. എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായി നിഷ്പക്ഷമായി ധീരമായി അഭിപ്രായം പറയുന്ന ഒരാള്. ഏത് കൊള്ളരുതായ്മയേയും തുറന്ന് എതിർക്കുന്ന ഒരാള്. അങ്ങനത്തെ ഒരു ശബ്ദം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹത്തിൽ നിന്ന് ലഭിയ്ക്കുകയും ചെയ്തിരുന്നു. തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടിൽ നിന്നുകൊണ്ട് ഒരു ഗാന്ധിയൻ എന്ന രീതിയിലാണ് ആദ്യകാലത്ത് അദ്ദേഹത്തെ ഞാൻ നോക്കിക്കണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്നൊക്കെ പറയാവുന്ന വളരെ ശക്തമായ ഗാന്ധിയൻ നിലപാട്. പക്ഷേ, സമൂഹത്തിലെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും അദ്ദേഹം ഇടപെടുന്നു എന്നതിൽ അന്നേ ബഹുമാനം തോന്നിയിരുന്നു. ഇങ്ങനെയൊരു ജനാധിപത്യ നിലപാടിൽ നിൽക്കുന്ന ഒരാള് അവസാനകാലത്ത് ഇടതുപക്ഷത്തോടെടുത്ത മൃദുസമീപനം ഒരു അവ്യക്തത ഉണ്ടാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ പഴയ നിലപാടുകളിൽ നിന്ന് മാറിയതാണോ അതോ രണ്ടു നിലപാടുകളും തമ്മിൽ ഒന്നിപ്പിച്ചതാണോ, എന്ന്. ഇന്ത്യയിൽ ഫാസിസ്റ്റ് രൂപാന്തരീകരണത്തിൻ്റെ അപകടമെന്തെന്ന് ബോദ്ധ്യപ്പെടുത്താൻ അദ്ദേഹം നിരന്തരം ശ്രമിയ്ക്കുകയുണ്ടായി. സുകുമാർ അഴീക്കോടിനെപ്പോലുള്ള ജനാധിപത്യ മനസ്സുകളുടെ സാന്നിദ്ധ്യം സമൂഹത്തിന് എന്നും ആവശ്യമുണ്ട്.

ഇന്ത്യയിൽ ഫാസിസ്റ്റ് രൂപാന്തരീകരണത്തിൻ്റെ അപകടമെന്തെന്ന് ബോദ്ധ്യപ്പെടുത്താൻ സുകുമാർ അഴീക്കോട്  നിരന്തരം ശ്രമിയ്ക്കുകയുണ്ടായി. അദ്ദേഹത്തെപ്പോലുള്ള  ജനാധിപത്യ മനസ്സുകളുടെ സാന്നിദ്ധ്യം സമൂഹത്തിന് എന്നും ആവശ്യമുണ്ട്.
ഇന്ത്യയിൽ ഫാസിസ്റ്റ് രൂപാന്തരീകരണത്തിൻ്റെ അപകടമെന്തെന്ന് ബോദ്ധ്യപ്പെടുത്താൻ സുകുമാർ അഴീക്കോട് നിരന്തരം ശ്രമിയ്ക്കുകയുണ്ടായി. അദ്ദേഹത്തെപ്പോലുള്ള ജനാധിപത്യ മനസ്സുകളുടെ സാന്നിദ്ധ്യം സമൂഹത്തിന് എന്നും ആവശ്യമുണ്ട്.

ഇ.എം.എസ്

ഒരിയ്ക്കൽ വിപ്ലവകരവും പുരോഗമനപരവും ആണെന്ന് കരുതിയിരുന്ന കാര്യങ്ങൾ പിന്നീട് പിന്തിരിപ്പനും പ്രതിലോമകരവുമായി മാറുന്നു, നേരെ എതിർദിശയിലേയ്ക്ക് എതിർവശത്തേയ്ക്ക് പോകുന്നു എന്ന് കേവി പറയാറുണ്ടല്ലോ. ഈ.എം.എസ്സുമൊരുമിച്ച് പങ്കെടുത്ത ഒരു മീറ്റിംഗിൽ അദ്ദേഹത്തിനെതിരായ നിലപാടെടുത്ത് അതിനിശിതമായി വിമർശിച്ചു. കേവിയുടെ വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ട ആ പ്രസംഗം...

നക്സലേറ്റ് രാഷ്ടീയത്തിലേയ്ക്ക് ക്രമേണ നീങ്ങിക്കൊണ്ടിരുന്നപ്പൊ ദേശാഭിമാനി വിടുകയാണെന്ന് ഞാൻ ഗോവിന്ദപ്പിള്ളയോട് പറയുകയുണ്ടായി. അദ്ദേഹവുമായുള്ള വ്യക്തിബന്ധത്തിന് ഒട്ടുംതന്നെ ഉലച്ചിൽ തട്ടിയില്ലെങ്കിലും ആ രാഷ്ട്രീയബന്ധം അവസാനിപ്പിച്ച സ്ഥിതിയിലായിരുന്നു. സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ പ്രൊഫസർ മാത്യു കുര്യൻ്റെ നേതൃത്വത്തിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് നടത്തിയ ഒരു അഖിലേന്ത്യാ സെമിനാറുണ്ടായിരുന്നു. മാർക്സിസ്റ്റ് പാർട്ടി തന്നെയാണ് യഥാർത്ഥത്തിൽ അതിന് ചുക്കാൻ പിടിച്ചിരുന്നത്. പി.ജി പറഞ്ഞതനുസരിച്ച് അതിന് ഞാൻ കുറെ ജോലികൾ ചെയ്തു കൊടുത്തിരുന്നു. പ്രബന്ധങ്ങൾ തർജ്ജമ ചെയ്യൽ, ചെക്ക് ചെയ്യൽ, ഡെലിഗേറ്റ്സിന് വിതരണം ചെയ്യൽ. അങ്ങനെ ഒന്നുരണ്ടാഴ്ച്ച. പിന്നെ ഞാനത് വിടുകയും ചെയ്തു. അതിനുശേഷം ലെനിൻ ശതാബ്ദി ആഘോഷം നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ട് വി.ജെ.ടി ഹാളില് ഒരു പ്രോഗ്രാം സംഘടിപ്പിയ്ക്കുന്നു. ഇ.എം.എസ്സാണ് മുഖ്യ പ്രബന്ധ അവതാരകൻ.

ഗാന്ധിയുടെ അവസാന കാലത്ത് തൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാവാതെ നിരാശനായിട്ടാണ് അദ്ദേഹം മരിയ്ക്കുന്നത്' എന്നതാണ് പ്രത്യേക ഊന്നൽ നൽകി ഇ.എം.എസ് പറഞ്ഞത്.
ഗാന്ധിയുടെ അവസാന കാലത്ത് തൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാവാതെ നിരാശനായിട്ടാണ് അദ്ദേഹം മരിയ്ക്കുന്നത്' എന്നതാണ് പ്രത്യേക ഊന്നൽ നൽകി ഇ.എം.എസ് പറഞ്ഞത്.

തിരുവനന്തപുരത്ത് സ്റ്റാച്യൂവില് ഞാൻ ബസ്സ് കാത്തു നിക്കുമ്പൊ കാറിൽ പോയ മാത്യു കുര്യൻ വണ്ടി നിർത്തീട്ട് എനിയ്ക്കൊരു ലീഫ് ലെറ്റ് തന്നു, ഈ പരിപാടിയെക്കുറിച്ച്. 'വേണു ഈ പരിപാടീല് പങ്കെടുക്കണം'ന്ന് പറഞ്ഞു. 'ഞാൻ പങ്കെടുത്താൽ ശെരിയാകുമോ'ന്നായിരുന്നു എൻ്റെ ചോദ്യം. 'വേണു വരണം. ഞാൻ വിളിയ്ക്കാണ്.' 'വരാം'ന്ന് ഞാൻ പറഞ്ഞു. വി.ജെ.ടി ഹാളില് പ്രധാനപ്പെട്ട നേതാക്കൾ മുഴുവനുണ്ട്. വൃത്താകൃതീല് കസേരകൾ... നടുവിലൊരു സ്റ്റേജ്... വലിയ ജനക്കൂട്ടം. ഇ.എം.എസ് സംസാരിച്ചു കഴിഞ്ഞിട്ട് പത്തു മിനിട്ട് സംസാരിയ്ക്കാൻ എനിയ്ക്ക് അവസരം കിട്ടി. ഗാന്ധിയുടെ അവസാന കാലത്ത് തൻ്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാവാതെ നിരാശനായിട്ടാണ് അദ്ദേഹം മരിയ്ക്കുന്നത്' എന്നതാണ് പ്രത്യേക ഊന്നൽ നൽകി ഇ.എം.എസ് പറഞ്ഞത്.

'ഇ.എം.എസ്സും അദ്ദേഹത്തിൻ്റെ പാർട്ടിയുമൊക്കെ പറയുന്ന രാഷ്ട്രീയം പരാജയപ്പെടുകയേ ഉള്ളൂ. അതിന് മുന്നോട്ട് പോകാനാകില്ല. ഇ.എം.എസ്സിനും ഗാന്ധിയുടെ അനുഭവം തന്നെയാണ് ഉണ്ടാവുക,' എന്നാണ് ഞാൻ പറഞ്ഞവസാനിപ്പിച്ചത്.

ആ സമയത്ത് മദ്രാസിൽ നിന്ന് ഇറങ്ങിയിരുന്ന, ഇ.എം.എസ്സിൻ്റെ ഇൻ്റർവ്യൂ അച്ചടിച്ചു വന്ന ഒരു ഇംഗ്ലീഷ് മാഗസിനും കയ്യിൽ വെച്ചാണ് ഞാൻ സംസാരിച്ചത്. അദ്ദേഹം ഇൻ്റർവ്യൂവിൽ പറഞ്ഞ ഭാഗം ഞാൻ വായിച്ചു. അത് ഇ.എം.എസ്സിൻ്റെ പ്രസംഗത്തിലെ ഗാന്ധിയെക്കുറിച്ചുള്ള അഭിപ്രായം തന്നെ ആയിരുന്നു. 'ഇ.എം.എസ്സും അദ്ദേഹത്തിൻ്റെ പാർട്ടിയുമൊക്കെ പറയുന്ന രാഷ്ട്രീയം പരാജയപ്പെടുകയേ ഉള്ളൂ. അതിന് മുന്നോട്ട് പോകാനാകില്ല. ഇ.എം.എസ്സിനും ഗാന്ധിയുടെ അനുഭവം തന്നെയാണ് ഉണ്ടാവുക,' എന്നാണ് ഞാൻ പറഞ്ഞവസാനിപ്പിച്ചത്. ഇ.എം.എസ്സിൻ്റെ മറുപടി മുഴുവൻ എനിയ്ക്കായിരുന്നു. 'ചെറുപ്പക്കാര് വിപ്ലവത്തിന് വേണ്ടി നടന്നിട്ട് ആളെക്കിട്ടാതെ പോകും' എന്ന രീതിയില്...

മൂന്ന് വിപ്ലവ പരിപാടികൾ...

ഇന്ത്യയിലെ മൂന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മൂന്ന് വിപ്ലവ പരിപാടികൾ… ഒന്നാമതായി സി.പി.ഐ-യുടെ 'ദേശീയ ജനാധിപത്യ വിപ്ലവം', രണ്ടാമത്തേത് സി.പി.ഐ (എം)-ൻ്റെ 'ജനകീയ ജനാധിപത്യ വിപ്ലവം', മൂന്നാമത് സി.പി.ഐ (എം.എൽ)-ൻ്റെ 'പുത്തൻ ജനാധിപത്യ വിപ്ലവം'. ഈ മൂന്ന് ധാരകളിൽ കേവി എങ്ങനെയാണ് മറ്റ് കമ്യൂണിസ്റ്റ് പാർട്ടികളൊക്കെ തിരുത്തൽവാദ പാർട്ടികൾ ആണെന്നറിയുകയും സി.പി.ഐ (എം.എൽ)-ൻ്റെ പുത്തൻ ജനാധിപത്യ വിപ്ലവ പരിപാടിയിലേയ്ക്ക് എത്തുകയും ചെയ്യുന്നത്?

പ്രധാനമായി ആശയപരമായിട്ടുള്ള വ്യത്യാസങ്ങൾ എന്ന രീതിയിലല്ല, അവരുടെ രാഷ്ട്രീയ പരിപാടി എന്ന നിലയ്ക്കാണ് ആ വിലയിരുത്തൽ വരുന്നത്. സി.പി.ഐ-യുടെ ദേശീയ ജനാധിപത്യ മുന്നണിയിൽ കോൺഗ്രസ്സിന് പങ്കാളിത്തം നൽകുന്നു എന്നതാണ് പ്രധാനമായിട്ട് സി.പി.എം നിലപാടിൽ നിൽക്കുന്നവർ വിമർശനം ഉന്നയിച്ചത്. അന്ന് ഞങ്ങൾ, പിന്നീട് എം.എൽ ഗ്രൂപ്പുകാരായി മാറിയവരും ആ വിമർശനം തന്നെയാണ് പൊതുവിൽ ഉന്നയിച്ചിരുന്നത്. പിന്നീട്, റഷ്യൻ-ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ചേരി തിരിവാണ് സി.പി.എം രൂപം കൊള്ളുന്നതിന് ഇടയാക്കിയത് എന്നറിയാമല്ലോ. സി.പി.എം നിലപാടുകാർ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലേയ്ക്ക് മാറുന്നു എന്ന് പറഞ്ഞാണ് സി.പി.ഐ എതിർക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ട് സി.പി.എം കാഴ്ചപ്പാട് രൂപപ്പെട്ടു. കോൺഗ്രസ്സുമായിട്ടുള്ള മുന്നണി പാടില്ല എന്നും, തൊഴിലാളി-കർഷക കൂട്ടുകെട്ടിൻ്റെ അടിസ്ഥാനത്തിലുള്ള വിപ്ലവ മുന്നണി ആയിരിക്കണമെന്നുമാണ് സി.പി.എം-ൻ്റെ പരിപാടിയുടെ അന്തസ്സത്ത. സോവിയറ്റ് പാർട്ടിയും ചൈനീസ് പാർട്ടിയും തമ്മിലുള്ള ആശയപരമായ ഭിന്നതയുടെ അടിസ്ഥാനത്തിൽ സി.പി.എം പക്ഷക്കാർ ചൈനീസ് അനുകൂല നിലപാടെടുക്കുന്നു. അങ്ങനെയാണ് 64-ലെ പിളർപ്പിലേയ്ക്ക് എത്തുന്നത്. ജനകീയ ജനാധിപത്യ മുന്നണി എന്നാണ് അവര് പേരിട്ടത്. കോൺഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു മുന്നണി. അത്രയേ അവര് ഉദ്ദേശിച്ചിരുന്നുള്ളൂ, അതിനപ്പുറത്ത് ഒന്നുമില്ല. വിപ്ലവ ലൈൻ ആയിരിയ്ക്കണം, തെരഞ്ഞെടുപ്പില് നിൽക്കാൻ പാടില്ല എന്നൊക്കെയാണ് ചർച്ച ചെയ്തിരുന്നത്. പക്ഷേ, സി.പി.എം 64-ൽ രൂപം കൊണ്ട് 65-ൽ തന്നെ അവര് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു. അപ്പൊ, വിപ്ലവ നിലപാടിൽ നിന്നുള്ള പുറകോട്ടു പോക്കാണ് അത് എന്ന വിമർശനം ഒരു വിഭാഗത്തിൽ നിന്നുയർന്നു.

പി.ടി.ഭാസ്കരപ്പണിക്കർ
പി.ടി.ഭാസ്കരപ്പണിക്കർ

വിപ്ലവ നിലപാട് കൈവിട്ട് പാർലിമെൻ്ററി മാർഗത്തിലേയ്ക്ക്, പിന്തിരിപ്പൻ മാർഗത്തിലേയ്ക്ക് പോകുന്നു എന്ന വിമർശനം അല്ലേ?

അതെ, അങ്ങനെ ഒരു വിമർശനം ബംഗാളിൽ നിന്നും, പഞ്ചാബിൽ നിന്നും, കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു. ആ വിമർശനം ഉന്നയിച്ചവരാണ് പിന്നീട് പുത്തൻ ജനാധിപത്യ വിപ്ലവം എന്ന മാവോയിസ്റ്റ് നിലപാടിൽ നക്സലേറ്റ് വിഭാഗത്തിലേയ്ക്ക് മാറുന്നത്. ഇന്ത്യയിലെ അന്നത്തെ സാഹചര്യം ചൈനയിലെ വിപ്ലവത്തിനു മുമ്പുള്ള സാഹചര്യം തന്നെയാണ് എന്ന വിലയിരുത്തലാണ് ഉണ്ടായത്. ഈ മൂന്ന് പരിപാടികളിൽ പുത്തൻ ജനാധിപത്യ വിപ്ലവ പരിപാടിയാണ് ശരിയെന്ന അടിസ്ഥാനത്തിലാണ്, അർദ്ധ-ഫ്യൂഡൽ അർദ്ധ-കൊളോണിയൽ ആയിരുന്ന ചൈനീസ് അവസ്ഥയാണ് ഇന്ത്യയിലും ഉണ്ടായിരുന്നത് എന്ന നിലയിലാണ് ചാരുമജുംദാറൊക്കെ ആ നിലപാടെടുക്കുന്നത്. അങ്ങനെയാണ് എം.എൽ രാഷ്ട്രീയം ഉയർന്നു വരുന്നത്. അന്ന് ഞാൻ ഈ മൂന്ന് നിലപാടുകളും തമ്മിലുള്ള ഒരു പഠനമൊക്കെ നടത്തീട്ട് ഇങ്ക്വിലാബിൽ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. സി.പി.ഐ നിലപാട് പി.ടി.ഭാസ്കരപ്പണിക്കർ എഴുതി, സി.പി.എം നിലപാട് പി.ഗോവിന്ദപ്പിള്ളയും എം.എൽ നിലപാട് ഞാനുമെഴുതി. ഇത് മൂന്നും ഒരുമിച്ച് പ്രസിദ്ധീകിച്ചു. അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇതിൽ പുത്തൻ ജനാധിപത്യ വിപ്ലവ പരിപാടിയാണ് ശരി എന്ന നിലപാടാണ് ഞാൻ എടുക്കുന്നത്. 69-ലാണ് സി.പി.ഐ (എം.എൽ) രൂപം കൊള്ളുന്നത്. പിന്നീട് ലാറ്റിനമേരിക്കൻ - മൂന്നാം ലോകരാജ്യങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പഠനം നടത്തുകയാണ് ഞാൻ ചെയ്യുന്നത്. ഒരു പുത്തൻ കൊളോണിയൽ അവസ്ഥയാണ് മൂന്നാം ലോകരാജ്യങ്ങളിൽ നില നിൽക്കുന്നത് എന്ന വിലയിരുത്തൽ മുന്നോട്ട് വെയ്ക്കുകയും ചർച്ചകൾ ഉയർത്തിക്കൊണ്ട് വരികയും ചെയ്തു. ഈ നിലപാടിനെ മറ്റുള്ളവരൊന്നും അംഗീകരിച്ചില്ല ആദ്യം. നക്സലേറ്റ് വിഭാഗങ്ങൾക്കിടയിൽ വലിയ തരത്തിലുള്ള ചർച്ചകളൊക്കെ ഉയർത്തിക്കൊണ്ടു വന്ന ശേഷമാണ് പല സഖാക്കളും പിന്നീട് നിലപാടിലേയ്ക്കെത്തുന്നത്.

പിന്നീട്, സി.പി.ഐയും സി.പി.എമ്മും കോൺഗ്രസ്സുമെല്ലാം ചേർന്ന് ഇന്ത്യാ മുന്നണി ഉണ്ടാക്കിയ ഇപ്പഴത്തെ സാഹചര്യത്തിൽ ദേശീയ ജനാധിപത്യ വിപ്ലവ പരിപാടിയും ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയും തമ്മിൽ സത്യത്തിൽ എന്തെങ്കിലും അന്തരമുണ്ടോ?

ഇല്ല. തീർച്ചയായിട്ടും ഇല്ല. അതാണ് സി.പി.ഐക്കാര് പറയുന്നത്, തമ്മില് യോജിയ്ക്കണമെന്ന്. അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങളില്ല ഇപ്പൊ നിലപാടുകളില്. സി.പി.എം പക്ഷേ, അത് പുറമേയ്ക്ക് അംഗീകരിയ്ക്കുന്നില്ല. അംഗീകരിയ്ക്കാതെ മാറി നില്ക്കുന്നത് വേറെ കുറേ കാരണങ്ങൾ പറഞ്ഞിട്ടാണ്. അന്നത്തെ പിളർപ്പിൻ്റെ സാഹചര്യം, പിന്നീട് യോജിയ്ക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ടാക്കി എന്ന് പറഞ്ഞാണ് സി.പി.എമ്മുകാര് ഒഴിഞ്ഞു മാറുന്നത്. സി.പി.ഐ ഈ വിഷയം കൃത്യമായി ഉന്നയിയ്ക്കുന്നുണ്ട്. ശരിയ്ക്കും, ഇപ്പൊ എന്താ വ്യത്യാസം?

കെ.പി.കുമാരൻ

കേവി എം.എൽ നിലപാടിലേയ്ക്ക് മാറുന്ന സാഹചര്യത്തിൽ മുതിർന്ന സിനിമാ സംവിധായകൻ കെ.പി.കുമാരനുമായി ഒരുമിച്ച് പ്രവർത്തിച്ചിരുന്നല്ലോ...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില് പാർട്ട് ടൈമായി റഷ്യൻ ഭാഷ പഠിപ്പിയ്ക്കുന്ന ഒരു കോഴ്സിന് ഞാൻ ചേരുകയുണ്ടായി. അവിടെ വെച്ച് പരിചയപ്പെട്ട ഒരാള്, ഞാനിങ്ങനെ അന്വേഷണത്തിലൊക്കെ എഴുതണ വേണുവാണെന്ന് അറിഞ്ഞപ്പൊ 'നിങ്ങൾക്ക് പറ്റിയ ഒരു ടീമിനെ ഞാൻ പരിചയപ്പെടുത്തിത്തരാം' എന്നു പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിന് നേരെ മുന്നില് ഒരു ലോഡ്ജ് ഉണ്ട്. അവിടെ എൽ.ഐ.സിയിലും ഏജീസ് ഓഫീസിലുമൊക്കെ ഇടതു സംഘടനാ നേതൃത്വത്തില് പ്രവർത്തിയ്ക്കുന്ന കുറച്ച് പേര് സ്ഥിരം വന്നുകൂടുന്ന ഒരു റൂമുണ്ട്. കെ.പി.കുമാരൻ, പിന്നീട് തടവറയിൽ ഭീകര മർദ്ദനം നേരിടേണ്ടി വന്ന പി.ടി.തോമസ്... തുടങ്ങിയവരൊക്കെ. കഥാകൃത്ത് എം.സുകുമാരൻ റൂമില് വരാറില്ല, അവരൊക്കെ ഒരു ടീമാണെന്നുമാത്രം. കുമാരൻ അന്ന് എൽ.ഐ.സീല് സംഘടനാ നേതാവാണ്. അവടെ വെച്ചാണ് കുമാരനെ ഞാൻ പരിചയപ്പെടുന്നത്.

യൂണിവേഴ്സിറ്റി കോളേജിന് നേരെ മുന്നില് ഒരു ലോഡ്ജ് ഉണ്ട്. അവിടെ എൽ.ഐ.സിയിലും ഏജീസ് ഓഫീസിലുമൊക്കെ ഇടതു സംഘടനാ നേതൃത്വത്തില് പ്രവർത്തിയ്ക്കുന്ന കുറച്ച് പേര് സ്ഥിരം വന്നുകൂടുന്ന ഒരു റൂമുണ്ട്. കെ.പി.കുമാരൻ, പിന്നീട് തടവറയിൽ ഭീകര മർദ്ദനം നേരിടേണ്ടി വന്ന പി.ടി.തോമസ്... തുടങ്ങിയവരൊക്കെ.
യൂണിവേഴ്സിറ്റി കോളേജിന് നേരെ മുന്നില് ഒരു ലോഡ്ജ് ഉണ്ട്. അവിടെ എൽ.ഐ.സിയിലും ഏജീസ് ഓഫീസിലുമൊക്കെ ഇടതു സംഘടനാ നേതൃത്വത്തില് പ്രവർത്തിയ്ക്കുന്ന കുറച്ച് പേര് സ്ഥിരം വന്നുകൂടുന്ന ഒരു റൂമുണ്ട്. കെ.പി.കുമാരൻ, പിന്നീട് തടവറയിൽ ഭീകര മർദ്ദനം നേരിടേണ്ടി വന്ന പി.ടി.തോമസ്... തുടങ്ങിയവരൊക്കെ.

അന്ന് സി.പി.ഐ (എം.എൽ)-ൻ്റെ ലിബറേഷൻ എന്ന ഔദ്യോഗിക പത്രം കൽക്കട്ടയിൽ നിന്ന് ഇറങ്ങുന്നുണ്ട്. അതൊരു അണ്ടർ ഗ്രൗണ്ട് പത്രമൊന്നുമല്ലെങ്കിലും പുറത്ത് മാർക്കറ്റിലൊന്നും കിട്ടില്ല. കുമാരൻ സംഘടനാ പ്രവർത്തനങ്ങൾക്കായി ഡൽഹിയിലും കൽക്കട്ടയിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. കുമാരനാണ് എനിയ്ക്ക് ലിബറേഷൻ കൊണ്ടു തരുന്നത്. അന്ന് കൽക്കട്ടയിൽ നിന്ന് ഫ്രണ്ടിയർ എന്ന പത്രവും ഇറങ്ങുന്നുണ്ട്. ഒരു വൈക്കോൽ കടലാസില് പ്രിൻ്റ് ചെയ്ത ലെഫ്റ്റ് ഓഫ് സി.പി.എം പത്രം. ഇപ്പോഴും ഇറങ്ങുന്നുണ്ട് അത്. എം.എൽ അല്ല, എന്നാൽ പൊതുവിൽ നക്സലേറ്റുകളെ അനുകൂലിയ്ക്കുന്നത്. സി.പി.എം -നേക്കാൾ ഇടത്തോട്ട് നില്ക്കുന്ന പത്രം. ഇങ്ക്വിലാബിനെപ്പറ്റി ഫ്രണ്ടിയർ പോലൊരു പത്രം എന്ന സങ്കല്പമാണ് കുമാരനൊക്കെ ഉണ്ടായിരുന്നത്. ഞാനും ഒരു ഘട്ടത്തിൽ അങ്ങനെയാണ് ചിന്തിച്ചിരുന്നത്. അതിനിടയിൽ ചാരുമജുംദാർ കേരളത്തിൽ വന്നു പോയിരുന്നു. അത് ഞാനറിഞ്ഞിരുന്നില്ല.

ഇങ്ക്വിലാബിൻ്റെ പത്രാധിപരെന്ന നിലയ്ക്ക്, കണ്ണൂരിൽ നിന്ന് എം.എൽ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചിലര് തിരുവനന്തപുരത്ത് വന്നെന്നെ കാണുന്നു. അവരിൽ നിന്നാണ് ചാരുമജുംദാർ വന്ന വിവരവും ഒരു സംഘടനാ സംവിധാനം ഇവിടെയുണ്ടെന്ന കാര്യവും ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെ കണ്ണൂർ സഖാക്കളുമായി ഞാൻ കൂടുതൽ അടുക്കാൻ ഇടയായി. പതുക്കെ സ്വതന്ത്ര നിലപാടിൽ നിന്ന് എം.എൽ നിലപാടാണ് ശരിയെന്ന നിഗമനത്തിലയ്ക്ക് എത്തിച്ചേർന്നു. ഇങ്ക്വിലാബ് പ്രസിദ്ധീകരിച്ച് തൊടങ്ങ്യപ്പൊ അങ്ങനെ ഔദ്യോഗികായിട്ട് എം.എൽ നിലപാടൊന്നും അതില് കൊണ്ടുവന്നില്ലെങ്കിലും പൊതുവിൽ നക്സലേറ്റുകളോട് യോജിയ്ക്കുന്ന പൊസിഷൻ എടുത്തിരുന്നു. അതിനോട് കുമാരനും മറ്റും വലിയ യോജിപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അവരിൽ പലരും പിൻവാങ്ങുകയാണ് ചെയ്യുന്നത്. വലിയൊരു അഭിപ്രായ വ്യത്യാസോ വഴക്കിട്ട് പോകലോ ഒന്ന്വല്ല... പക്ഷേ, ഞങ്ങള് തമ്മില് അകന്നുപോയി. ഞാൻ കൂടുതൽ എം.എൽ നിലപാടിലേയ്ക്ക് പോവുകയും കുമാരനും മറ്റു ചിലരും ഇങ്ക്വിലാബിൻ്റെ കാര്യങ്ങളിൽ നിന്ന് ഒഴിവാകുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായി. കുമാരനുമായിട്ടുള്ള ബന്ധം അങ്ങനെയാണ്.

തുടരും...

'കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ' - പരമ്പരയിലെ മുൻ ലേഖനങ്ങൾ വായിക്കാം


Summary: M.G. Sasi interviews K. Venu, a communist theoretician, writer, and one of the founders of the Naxal movement in Kerala.


എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments