കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ - 8
വർഗ്ഗീയതയ്ക്കെതിരെ എം.ടി
എം.ജി.ശശി: എം.ടി.വാസുദേവൻ നായരുമായുള്ള ബന്ധം?
കെ.വേണു: എം.ടിയുമായങ്ങനെ വ്യക്തിപരമായി വലിയ സൗഹൃദമൊന്നുമില്ല. നേരിട്ടു കാണാനിടയായത് 1992 ഡിസംബർ ആറാം തിയതി ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന് മുമ്പ് ഒക്ടോബർ രണ്ടിന് കൊടുങ്ങല്ലൂരിൽ വെച്ച് വർഗ്ഗീയതയ്ക്കെതിരെ സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ പങ്കെടുപ്പിയ്ക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ക്ഷണിയ്ക്കാൻ പോയപ്പോഴാണ്. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന അദ്ദേഹത്തെ ഓഫീസിൽ ചെന്ന് കാണുകയായിരുന്നു. മസ്ജിദ് തകർക്കപ്പെടാനുള്ള സാദ്ധ്യതയാണ് മുന്നിട്ടു നിൽക്കുന്നതെന്നും തുടർന്ന് കേരളത്തിൽ വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും കണ്ടുകൊണ്ട് വിവിധ മേഖലകളിലുള്ളവരുടെ സാമൂഹ്യ ഇടപെടൽ ആവശ്യമാണെന്ന് ഞാൻ വിശദീകരിച്ചത് അദ്ദേഹം ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. കൊടുങ്ങല്ലൂർ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉടനെ തന്നെ അദ്ദേഹം സമ്മതിച്ചു. വാഹനമൊന്നും ഏർപ്പാട് ചെയ്യേണ്ടെന്നും താൻ നേരിട്ട് എത്തിക്കൊള്ളാമെന്നും തുടർന്ന് പറഞ്ഞു. ഈ പ്രതികരണം അത്ഭുതപ്പെടുത്തിയെങ്കിലും വിഷയത്തിൻ്റെ ഗൗരവം അദ്ദേഹം തിരിച്ചറിഞ്ഞതാണ് അങ്ങനെ തയ്യാറായതിന് കാരണമെന്ന് പെട്ടെന്നു തന്നെ എനിയ്ക്ക് മനസ്സിലായി.
എം.ജി.ശശി: വളരെ പ്രകടവും, പ്രത്യക്ഷവുമായ രാഷ്ട്രീയ നിലപാടുകളെടുക്കാറില്ലെങ്കിലും ബാബറി മസ്ജിദ് വിഷയത്തിൽ തുറന്ന, ശക്തമായ പ്രതികരണത്തിന് എം.ടിയ്ക്ക് ഒരു സംശയവും ഉണ്ടായില്ല അല്ലേ?
കെ.വേണു: അതെ. പരിപാടിയ്ക്ക് കൃത്യസമയത്തിന് അല്പം മുമ്പുതന്നെ ഹാഫിസ് മുഹമ്മദിനൊപ്പം ഒരു കാറിൽ അദ്ദേഹം കൊടുങ്ങല്ലൂരെത്തി. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം എല്ലാവർക്കും ഏറെ സന്തോഷം നൽകി. ബാബറി മസ്ജിദ് പ്രശ്നത്തിൻ്റെ ചരിത്രവും ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അപകടവും വിശദീകരിച്ചു കൊണ്ടുള്ള ഒരു ലഘുലേഖ ഞാൻ പ്രസിദ്ധീകരിച്ചിരുന്നു. അതിനെ അടിസ്ഥാനമാക്കി കേരളത്തിലുടനീളം നൂറുകണക്കിന് വേദികളിൽ ഞാൻ പ്രസംഗിയ്ക്കുകയും ചെയ്തിരുന്നു. ഓഫീസിൽ ചെന്ന് കണ്ടപ്പോൾ ആ ലഘുലേഖയുടെ ഒരു കോപ്പി എം.ടിയ്ക്ക് കൊടുക്കുകയും ചെയ്തു. ഒരു മാറ്റവും വരുത്താതെ ആഴ്ചപ്പതിപ്പിൽ മുഖലേഖനമായിത്തന്നെ അത് പ്രസിദ്ധീകരിച്ചൂ അദ്ദേഹം. പിന്നീടൊരിയ്ക്കൽ തുഞ്ചൻപറമ്പിൽ ഒരു പരിപാടിയ്ക്ക് ചെന്നപ്പോഴാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്. എം.ടിയുടെ സജീവ താല്പര്യവും മുൻകയ്യും നിമിത്തമാണ് തുഞ്ചൻപറമ്പ് ഇന്നത്തെ നിലയിൽ എത്തിയത്.
സാമൂഹ്യനീതിയുടെ രാഷ്ട്രീയം
എം.ജി.ശശി: ഒരു പക്ഷേ, കേരളത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആയേയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന ഗൗരിയമ്മയുമൊത്ത് കേവി കുറച്ചു കാലം പ്രവർത്തിച്ചിരുന്നല്ലോ…
കെ.വേണു: 1993 അവസാനത്തോടു കൂടിയാണ് ഗൗരിയമ്മ സി.പി.എമ്മിലെ ഒരു പ്രാദേശിക ഘടകത്തിലേയ്ക്ക് തരം താഴ്ത്തപ്പെടുന്നത്. ഗൗരിയമ്മയുമായി ഒരു അഭിമുഖം നടത്തിക്കൊണ്ട് അവരുടെ ആ അവസ്ഥ വലിയൊരു വാർത്തയാക്കുകയാണ് അജിത ചെയ്തത്. പാർട്ടിക്കാർ ഗൗരിയമ്മയെ അവരുടെ പ്രദേശത്ത് വല്ലാതെ ഒറ്റപ്പെടുത്തിയിരിയ്ക്കുകയാണെന്നും അത് അനുവദിച്ചു കൊടുക്കരുതെന്നും അജിത വിളിച്ചു പറഞ്ഞതനുസരിച്ചാണ് ഞാൻ ഗൗരിയമ്മയുടെ അടുത്തെത്തുന്നത്. 1994 ജനുവരി ആദ്യ ദിവസങ്ങളിൽ സി.പി.എം ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ അവർ പത്രസമ്മേളനം വിളിച്ച് വർഗസമരവും സാമൂഹ്യനീതിയും ഒരുമിപ്പിയ്ക്കുന്ന ഒരു മൂന്നാം ചേരി രാഷ്ട്രീയത്തിന് വേണ്ടി താൻ നിലകൊള്ളുമെന്ന പ്രസ്താവന നൽകി. ഞാനാണാ പ്രസ്താവന തയ്യാറാക്കിയത്. ഒരു വാക്ക് പോലും മാറ്റാതെ ഗൗരിയമ്മ പത്രക്കാർക്ക് അത് കൊടുക്കുകയാണ് ചെയ്തത്. ഗൗരിയമ്മയ്ക്ക് അനുകൂലമായി സമൂഹത്തിൽ വലിയൊരു ഒഴുക്ക് തന്നെ തുടർന്ന് മാസങ്ങളോളം ഉണ്ടായി.
പാർട്ടി പഠിപ്പിച്ച വർഗ്ഗസമര രാഷ്ട്രീയത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഗൗരിയമ്മയെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിലേയ്ക്ക് അടുപ്പിയ്ക്കാൻ രണ്ടു മാസത്തിലധികം അവരുമായി വ്യക്തിപരമായിത്തന്നെ നിരന്തരം സംസാരിയ്ക്കേണ്ടിവന്നു. പതുക്കെ ഗൗരിയമ്മയും ഞാനും തമ്മിൽ ഒരു മാനസിക ബന്ധം വളർന്നു. സാധാരണ ഗതിയിൽ സ്വന്തം സഖാക്കളോട് പോലും ഒരകലം നിലനിർത്തിയേ അവർ പെരുമാറുകയുള്ളു. പക്ഷേ, ഭക്ഷണം കഴിയ്ക്കുന്ന സമയത്ത് ഞാൻ അവരുടെ വീട്ടിൽ ഉണ്ടെങ്കിൽ എന്നെ വിളിച്ച് ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിയ്ക്കും. അവർ തന്നെ ഭക്ഷണം വിളമ്പിത്തരികയും ചെയ്യാറുണ്ട്. അവർക്ക് എന്നോട് ഒരു തരം വാത്സല്യം ഉള്ളതു പോലെ തോന്നിയിട്ടുണ്ട്. പിന്നീട്, ഒറ്റയാൾ നേതൃത്വങ്ങൾക്കെല്ലാം സംഭവിയ്ക്കാറുള്ളതുപോലെ ഗൗരിയമ്മയ്ക്കു ചുറ്റും ഒരു ഉപജാപസംഘം വളർന്നുവരാൻ തുടങ്ങി. അജിതയും ഞാനുമെല്ലാം ചേർന്ന് സംഘടന പിടിച്ചെടുക്കാൻ ശ്രമിയ്ക്കുന്നുണ്ടെന്ന് ഒരു കഥയുണ്ടാക്കി ഗൗരിയമ്മയെ ധരിപ്പിയ്ക്കാനുള്ള ശ്രമമാണ് ഉപജാപക്കാർ നടത്തിയത്. വർഗ്ഗസമരവും സാമൂഹ്യനീതിയും കൂട്ടിയിണക്കിക്കൊണ്ടുള്ള എൻ്റെ ക്ലാസുകൾക്കായി ആലപ്പുഴ, കൊല്ലം, എറണാകുളം തുടങ്ങിയ ജില്ലകളിൽ പഞ്ചായത്തു തലങ്ങളിൽ നിന്നു പോലും ആവശ്യങ്ങൾ ഉയർന്നുവരാൻ തുടങ്ങി. ഗൗരിയമ്മയെ തെറ്റിദ്ധരിപ്പിയ്ക്കാൻ ഇതെല്ലാം ഉപജാപസംഘത്തിന് ഗുണകരമായിത്തീരുകയും ചെയ്തു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു സ്ഥാനം ലഭിയ്ക്കുമായിരുന്ന ഗൗരിയമ്മയുടെ പ്രസ്ഥാനം മുരടിച്ചു പോവാൻ ഇത്തരം സാഹചര്യങ്ങളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ
എം.ജി.ശശി: ചില സന്ദർഭങ്ങളിൽ വി.എസ്സിൻ്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടല്ലോ...
കെ.വേണു: വി.എസ്.അച്യുതാനന്ദനെ ആദ്യമായി നേരിൽ കാണുന്നത് നക്സലേറ്റ് തടവുകാരുടെ മോചന പ്രശ്നം സംസാരിയ്ക്കാനാണ്. ഭൂരിപക്ഷം നക്സലേറ്റുകളും മോചിതരായിരുന്നെങ്കിലും രണ്ടു മൂന്നു പേരുടെ പ്രശ്നം അവശേഷിയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, അക്കാര്യത്തിൽ വി.എസ്സിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നേരത്തേ പറഞ്ഞ ലാലൂർ മാലിന്യ പ്രശ്നത്തിൽ എൻ്റെ നിരാഹാര സമരം 11-ാം ദിവസമായപ്പോൾ വി.എസ് എന്നെ നേരിട്ട് ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അന്നുതന്നെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ സമ്മർദ്ദം ചെലുത്തി എൻ്റെ നിരാഹാരം അവസാനിപ്പിയ്ക്കാൻ കഴിയും വിധം മാലിന്യ നീക്കത്തിനുള്ള നടപടികൾ എടുപ്പിയ്ക്കുകയാണുണ്ടായത്. ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത് വി.എസ് ഗൗരിയമ്മയ്ക്കനുകൂലമായി ഇടപെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പാർട്ടിയിൽ വി.എസ് നേരിട്ട പ്രശ്നങ്ങളെക്കുറിച്ചൊക്കെ പുറത്തു നിന്നുള്ള അറിവു മാത്രമേ എനിയ്ക്കുള്ളൂ.
എം.എ.ബേബിയും തോമസ് ഐസക്കും
എം.ജി.ശശി: ബേബിയും തോമസ് ഐസക്കും വ്യക്തിപരമായി കേവിയുടെ അടുത്ത സുഹൃത്തുക്കളാണല്ലോ...
കെ.വേണു: സി.പി.എമ്മിൽ എം.എ.ബേബിയുമായും തോമസ് ഐസക്കുമായും മാത്രമാണ് എനിയ്ക്ക് ബന്ധവും അടുപ്പവും ഉണ്ടായിരുന്നത്. സി.പി.ജോണും ആ കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും ജോൺ സി.പി.എം വിട്ടു പോയി. സെമിനാറുകളിലും ചർച്ചകളിലും മറ്റും പങ്കെടുത്തു കൊണ്ടാണ് ഈ രണ്ടു പേരുമായും ഞാൻ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തത്. സൈദ്ധാന്തിക വിഷയങ്ങളിൽ അവർക്കുള്ള താൽപര്യമാണ് എന്നെ ആകർഷിച്ചത്. ആശയപരമായി ഞങ്ങൾ വിരുദ്ധ ചേരിയിലായിരുന്നെങ്കിലും പരസ്പര ബഹുമാനത്തോടു കൂടിയാണ് രണ്ടു പക്ഷവും പെരുമാറിയിരുന്നത്. ഞാൻ 'സമീക്ഷ' എന്ന പ്രസിദ്ധീകരണം നടത്തിക്കൊണ്ടിരുന്നപ്പോൾ ബേബിയുമായുള്ള ദീർഘമായ ഒരു സംഭാഷണം അതിൽ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. ആ സംഭാഷണത്തിൻ്റെ ആവശ്യം ഞാൻ ഉന്നയിച്ചപ്പോൾ ഒരു മടിയും കൂടാതെയാണ് ബേബി തയ്യാറായത്.
ഉത്തരേന്ത്യയിൽ ജാതി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചൊക്കെ ചോദിച്ചപ്പോഴും പ്രകോപിതനാകാതെ പ്രതികരിയ്ക്കാൻ ബേബി ശ്രദ്ധിയ്ക്കുകയുണ്ടായി. മാളയിലെ ജൂത ശ്മശാനത്തിൻ്റെ പ്രശ്നം പരിഹരിയ്ക്കാൻ അവിടന്നുള്ള പ്രവർത്തകർക്ക്, വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്ന തോമസ് ഐസക്കുമായി കാണാൻ അവസരമുണ്ടാക്കാനായി ഞാൻ ബന്ധപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെയാണ് ഐസക്ക് തയ്യാറായത്. തൃശ്ശൂർ രാമനിലയത്തിൽ അവരോടൊപ്പം ഞാനും ചെന്നപ്പോൾ ഐസക്ക് നല്ല സ്വീകരണമാണ് നൽകിയത്. എൻ്റെ മൂത്ത മകൻ അനൂപിൻ്റെ വിവാഹത്തിന് ബേബിയേയും ഐസക്കിനേയും ഞാൻ ക്ഷണിച്ചിരുന്നു, സി.പി.ഐയിൽനിന്ന് ബിനോയ് വിശ്വത്തെയും. ഐസക്ക് ഏറെ സമയം വിവാഹ പാർട്ടിയിൽ പങ്കെടുത്താണ് പോയത്. ബേബി യാത്രയിലായിരുന്നതുകൊണ്ട് വൈകി രാത്രിയിലാണ് ബെറ്റിയോടൊപ്പം വീട്ടിൽ വന്ന് വധൂവരന്മാർക്ക് ആശംസ പങ്കുവെച്ചത്. സമീപകാലത്ത് അടുത്ത് ഇടപഴകാൻ അവസരങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും രണ്ടു പേരുമായിട്ടുള്ള ബന്ധത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല.
തുടരും...