കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 19
▮
കസ്റ്റഡി, മർദ്ദനം, ജയിൽവാസം
എം.ജി.ശശി: കേവി അറസ്റ്റ് ചെയ്യപ്പെടുകയും പോലീസ് ക്യാമ്പിലെത്തുകയും ചെയ്ത സമയം, കിളിമാനൂർ പോലീസ് ക്യാമ്പ് ആയിരുന്നല്ലോ അല്ലേ? ജയറാം പടിക്കൽ നേരിട്ട് നേതൃത്വം നൽകിയ ആ പോലീസ് ക്യാമ്പിലെ അനുഭവങ്ങൾ.
കെ.വേണു: ഞാൻ പറഞ്ഞ നഗരൂർ മീറ്റിംഗിനു ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പഴാണ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ആക്ഷൻ നടക്കുന്നത്. രാവിലെ പത്രം കണ്ടപ്പൊ ഞെട്ടിപ്പോയി. സംഭവം അപകടാന്ന് എനിക്കറിയാം. പക്ഷേ, ഞാനന്ന് പതിവുപോലെ വിശ്വവിജ്ഞാനകോശം ഓഫീസിലേക്ക് പോയി. മിക്കവാറും അന്ന് പോലീസ് വരുമെന്നത് തീർച്ചയാണ്. ആദ്യത്തെ അറസ്റ്റും, പോലീസ് കസ്റ്റഡിയും, തുടർന്നുള്ള ആറ്റിങ്ങൽ ജയിൽവാസവുമൊക്കെ തുടങ്ങിയത് അവിടന്നാണ്. പോലീസ് വന്ന് എന്നെ കിളിമാനൂർക്കാണ് കൊണ്ടുപോയത്. പോലീസ് സ്റ്റേഷൻ ഒരു ക്യാമ്പാക്കി മാറ്റിയിരിക്കുന്നു. കണ്ടമാനം ആളുകളെ കൊണ്ടുവന്ന് ചോദ്യം ചെയ്യല് തൊടങ്ങീട്ട്ണ്ട്. മാർക്സിസ്റ്റ് അനുഭാവികളായ നൂറുകണക്കിനു പേരെ കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നു, മർദ്ദിക്കുന്നു. ആദ്യത്തെ രണ്ടു മൂന്നു ദിവസം പോലീസിനൊരു പിടീം കിട്ടീല്ല. പക്ഷേ, അവിടത്തെ ഒരു പ്രധാന മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന ഒരാള് ഈ ആക്ഷനില് പങ്കെടുത്തിരുന്നു. അയാളെ ചോദ്യം ചെയ്തപ്പൊ അയാളെല്ലാം പറഞ്ഞു. അയാളാണ് സംഭവത്തിന് ഏറെക്കുറെ നേതൃത്വം നൽകിയിരുന്നത്. അയാള് പറഞ്ഞതോടു കൂടി അതില് പങ്കെടുത്തവരെ മുഴുവൻ രണ്ടു ദിവസം കൊണ്ട് അറസ്റ്റ് ചെയ്തു. ഗോപിനാഥ ഗുരുക്കളേയും കൊണ്ടുവന്നിട്ടുണ്ട്. എന്നെ ഒരു മുറിയില് ഇരുത്തിയേ ഉള്ളൂ. ഒന്നും ചെയ്തില്ല. ചില ചോദ്യങ്ങള് ചോദിച്ചു എന്നു മാത്രം. പക്ഷേ, അടുത്ത മുറീല് ഗോപിനാഥ ഗുരുക്കള് പറയുന്ന കാര്യങ്ങള് ഞാൻ കേൾക്കുന്നുണ്ട്. ആൾക്കറിയാം ഞാൻ കൽക്കത്തേല് പോയ കാര്യം.
രണ്ടു ദിവസം ഞാനൊന്നും പറയില്ല എന്ന നിലപാടെടുത്തിരുന്നു. കാരണം ഞാനെങ്ങാനും പറഞ്ഞുപോയാല്, അതുവഴി ചാരുമജുംദാർ അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലാന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. മിണ്ടാതിരിക്കാം എന്ന നിലപാടെടുത്തു. അപ്പൊ അവര് ശരിക്കും മർദ്ദനം തുടങ്ങി. മൂന്നാല് പേര് നിന്നിട്ട് ബൂട്ടുകൊണ്ട് ബോള് തട്ടണ പോലെ കൊറേ നേരം അങ്ങോട്ടും ഇങ്ങോട്ടും തട്ടി. ശരിക്കും ഒരു ഫുട്ബാൾ കളി. നെഞ്ചത്ത് ചവിട്ട് കൊള്ളാതിരിക്കാൻ കൈ രണ്ടും ക്രോസ് ചെയ്ത് നെഞ്ചിൽ ചേർത്തുപിടിക്കും. പുറമേക്ക് കുറച്ച് നീരുവന്നു എന്നേ തോന്നീള്ളൂ. എന്തൊക്ക്യാ ശരിക്ക് പറ്റീത് എന്ന് അപ്പൊ അറിഞ്ഞില്ല. പിന്നീട് പലപ്പോഴായി പല കാലങ്ങളിലായി കിട്ടിയ മർദ്ദനങ്ങളുടെ ബാക്കിയായിട്ട് ശരീരത്തിന് ഇപ്പോഴും കൊറേ പ്രശ്നങ്ങളുണ്ട്. ക്യാമ്പില്, ഞാനീ മിണ്ടാതിരിക്കണ കണ്ടിട്ട് ഒരു സി.ഐ രാത്രി പതുങ്ങിപ്പതുങ്ങി വന്ന് ആരും കാണാതെ എന്നോട് പറഞ്ഞു. 'വേണു എന്തബദ്ധാണീ കാണിക്കണത്? താൻ കൽക്കത്തേല് പോയീന്ന് എന്തെങ്കിലും ഒരു കഥ പറഞ്ഞ് കൊടുക്ക്. ചാരുമജുംദാറിനെ പിടിക്കാനുള്ളതൊന്നും നേരിട്ട് കൊടുക്കണ്ടാലോ, നിങ്ങള് അവടെ പോയിരുന്നൂ എന്നൊരു കഥ പറയ്.' അപ്പഴാണ് എനിക്കും ബോധം വരണത്. കഥ പറയാലോ. എന്ത് കഥ വേണെങ്കില് പറയാം. കാരണം ഇവർക്കാർക്കും യാഥാർത്ഥ്യം അറിയില്ലല്ലോ. അങ്ങനെ മജുംദാറെ കണ്ടൂന്ന് പറഞ്ഞു. അപ്പൊ ഒരു ഫോട്ടോ കാണിച്ചിട്ട് മജുംദാറിന്റെ കൂടെയുള്ള ഇയാളെ അറിയോന്ന് ചോദിച്ചു. അറിയാംന്ന് പറഞ്ഞു. ചാരുമജുംദാറിന്റെ വലംകയ്യായിരുന്ന പിന്നീട് 'ഇന്ത്യൻ ബിഗ് ബൂർഷ്വാസി' എന്ന പുസ്തകമൊക്കെ എഴുതിയ പ്രൊഫ പാർത്ഥാ ചാറ്റർജിയായിരുന്നു അത്. ഇത്രയുമായപ്പൊ എന്തോ, മർദ്ദനം അവസാനിപ്പിച്ചു.
കിളിമാനൂർ പോലീസ് ക്യാമ്പിൽ നിന്ന് ആറ്റിങ്ങൽ ജയിലിലേക്കല്ലേ കൊണ്ടു പോയത്?
അതെ. ആറ്റിങ്ങലിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് ജയറാം പടിക്കൽ വേറെയൊരു വേല വെച്ച് നോക്കി. അന്ന് വെള്ളത്തൂവൽ സ്റ്റീഫനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. സ്റ്റീഫനാണ് ഈ ആക്ഷന്റെ നേതാവെന്ന് പോലീസിന് വ്യക്തമാണ്. അതുകൊണ്ട് സ്റ്റീഫനെ പിടിക്കുക എന്നതാണ് അവരടെ കൃത്യമായ ലക്ഷ്യം. അന്ന് ഏജീസ് ഓഫീസിലെ സഖാവ് പി.ടി. തോമസ് എന്റെ കൂടെ താമസിച്ചിരുന്നു. സ്റ്റീഫൻ പി.ടിയുടെ അടുത്തെത്തിയിരുന്നു എന്ന് പോലീസിന് വിവരം കിട്ടി. പിന്നെ അവര് വിടുമോ? പി.ടി.തോമസിനെ ചോദ്യം ചെയ്തു. ഭീകരമായി മർദ്ദിച്ചു. എന്നിട്ടും പി.ടി പറഞ്ഞില്ല. എല്ലാർക്കും അത് വലിയ അത്ഭുതമായിരുന്നു.
രഹസ്യങ്ങളൊക്കെ പറഞ്ഞു പോകും എന്ന് തോന്നുന്ന സാഹചര്യങ്ങളെപ്പറ്റി കേവി പറയാറുണ്ട്. എങ്ങനെയാണ് അതിജീവിച്ചത്?
എനിക്ക് അത്രത്തോളമൊന്നും മർദ്ദനം ഏൽക്കേണ്ടിവന്നിട്ടില്ല. അതിഭീകരമായ പ്രയോഗം ഉരുട്ടലാണ്. ഒരു ബെഞ്ചിൽ കിടത്തി, രണ്ടു പോലീസുകാർ അപ്പുവും ഇപ്പുറവും നിന്ന്, ഉലക്കകൊണ്ട് മുട്ടുമുതൽ അരവരെയും തിരികെ താഴോട്ടും ശക്തിയായി, തുടയിലെ മാംസത്തിലൂടെ ഉരുട്ടും. രണ്ടു ദിവസം ഉരുട്ടിക്കഴിഞ്ഞാ കാലിന്റെ തുടകൾ മുഴുവൻ ചുകന്ന നിറത്തിലാവും, ആരുടെ കാലാണെങ്കിലും. കൈ തൊട്ടാ പ്രാണൻ പോകും. ഒരു മാസമൊക്കെ തുടർച്ചയായി ഉരുട്ടൽ അനുഭവിച്ച ആൾക്കാരുണ്ട്. കാലിലെ തുടയിലെ മാംസം മുഴുവൻ പോയവരുണ്ട്.
പി.ടി. തോമസിനൊക്കെ അത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്... അല്ലേ?
ഭയങ്കരായിട്ട്. പി.ടി. തോമസ് എന്നോട് പറഞ്ഞിട്ടുണ്ട്, ചുമരിൽ അള്ളിപ്പിടിക്കേണ്ടി വന്ന സന്ദർഭങ്ങളെപ്പറ്റീട്ട്... പല സമയത്തും പി.ടിക്ക് സ്വയം കൈവിട്ടു പോകും എന്ന തോന്നല് ഉണ്ടായി. പക്ഷേ, ഭയങ്കര മനക്കരുത്തുള്ള കക്ഷ്യാ പി.ടി. തോമസ്. പി.ടിയുടെ ഈ അനുഭവത്തെപ്പറ്റി പോലീസുകാരും രഹസ്യമായി എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ എഴുതിയിട്ടുണ്ട്, എനിക്കൊന്നും അങ്ങനെ പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നൂ എന്ന്.
▮
തിരുവനന്തപുരം
സെൻട്രൽ ജയിൽ
▮
പിന്നീട് ആറ്റിങ്ങൽ ജയിലിൽ നിന്ന് പെട്ടെന്നു തന്നെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാനുണ്ടായ സാഹചര്യം എന്തായിരുന്നു?
നഗരൂർ- കുമ്മിൾ കേസിന്റെ ആദ്യഘട്ടം. ആറ്റിങ്ങൽ കോടതിയിലാണ് കേസ് ഉള്ളത്. ജില്ലാ കോടതിയിലേക്ക് പോകുന്നതിനു മുമ്പുള്ള സമയമാണ്. കൊലപാതകക്കേസാണല്ലോ. പക്ഷേ, അതിനു മുമ്പുതന്നെ വിയ്യൂർ സെൻട്രൽ ജയിലീന്ന് രാവുണ്ണിയും മാണിക്കേട്ടനും ഉൾപ്പെടെ ആറ് തടവുകാർ ജയിൽ ചാടി. ഉടനെ ഞങ്ങളെ ആറ്റിങ്ങൽ ജയിലിൽനിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ക്ലോസ്ഡ് പ്രിസണിലേക്ക്. ജയിലില് തടവുകാരുടെ ഇടയിൽ പിന്നെയും കുറ്റങ്ങൾ ചെയ്യുന്ന കൊടുംകുറ്റവാളികളെ കൊണ്ടിടുന്ന സ്ഥലമാണ് ക്ലോസ്ഡ് പ്രിസൺ. തടവു മുറികളുടെ ഒരു നിര. സ്കൂൾ കെട്ടിടം പോലെ. ഒരാൾ ഒരു മുറീല്. അതുതന്നെ വലിയൊരു ശിക്ഷയാണ്. അമ്പതോ അറുപതോ ആളുകളുള്ള ഒരു വലിയ ഹാളിലാണ് സാധാരണ തടവുകാരൊക്കെ കിടക്കുക. എല്ലാവരും കൂടിയുള്ള ഒരു കൂട്ടായ്മേം അന്തരീക്ഷോം ഒക്കെ അവിടെയുണ്ടാകും. വിയ്യൂരിൽ ജയിൽ ചാട്ടം നടന്നതു കാരണം ഞങ്ങളെ എല്ലാവരേയും ഒറ്റക്കൊയ്ക്കൊറ്റക്കാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് ഇട്ടത്.
ജയിലിൽ രണ്ടു ഘട്ടങ്ങളായിട്ട് കേവി 37 ദിവസം നിരാഹാരസമരം നടത്തിയിരുന്നു അല്ലേ?
അതെ. ഞങ്ങളെ തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കി എട്ടുപത്തു മാസം കഴിഞ്ഞിട്ടാണ് അത് നടക്കണത്. വായിക്കാനും എഴുതാനും ഒന്നും കിട്ടിയിരുന്നില്ല. പുസ്തകങ്ങളൊന്നും തരില്ല. ഭക്ഷണത്തിനേക്കാളും പ്രധാനമായിരുന്നു പുസ്തകങ്ങൾ. അതിനൊക്കെ വേണ്ടിയായിരുന്നു നിരാഹാരസമരം നടത്തിയത്.
വിപ്ലവപരിപാടികൾ ആവിഷ്കരിക്കുന്നതിനിടയിൽ ജയിലിനകത്ത് നടത്തുന്ന നിരാഹാര സമരമാർഗ്ഗം സ്വയം സ്വീകാര്യമായിരുന്നോ?
സ്വയമുള്ള സ്വീകാര്യതയല്ല വിഷയം. നമുക്കെന്തെങ്കിലും ന്യായമായ കാര്യങ്ങൾ നേടിയെടുക്കാനുണ്ടൈങ്കിൽ മറ്റൊരു സമരമാർഗ്ഗവുമില്ല, ജയിലിനകത്ത്.
അന്ന് സി. അച്യുതമേനോനല്ലേ മുഖ്യമന്ത്രി?
അവർക്കെന്താ ചെയ്യാൻ കഴിയുക എന്നാണ് അച്യുതമേനോൻ ചോദിച്ചത്. ഞങ്ങള് നേരിട്ട് ജയിൽ ചാടിയിട്ടില്ലെങ്കിലും, ജയിൽ ചാടുന്നവർക്കെതിരായ ശിക്ഷയല്ലേ ഇത് എന്നാണ് ന്യായീകരണം.
പക്ഷേ, ഇവിടെ തടവുകാരുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുകയല്ലേ?
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഭരണമല്ലേ. ലെനിൻ കൃത്യമായി പറയുന്നുണ്ട്, കമ്മ്യൂണിസ്റ്റുകാര് ബൂർഷാ ഭരണകൂടത്തിൽ പങ്കാളികളായിക്കഴിഞ്ഞാൽ പിന്നീടവർ ഏറ്റവും വലിയ കുഴപ്പക്കാരായി മാറും എന്നത്.
(തുടരും)