വേണു ജനാധിപത്യത്തിൻെറ വഴിയിലെത്തുമെന്ന് അന്നേ പ്രവചിച്ച ഒ.വി. വിജയൻ

അടിയന്തരാവസ്ഥക്കാലത്ത് ജയറാം പടിക്കലിൻ്റെ നിയമവിരുദ്ധ കസ്റ്റഡിയിൽ കയ്യിലും കാലിലും വിലങ്ങും ചങ്ങലയുമായി മൂന്നു മാസക്കാലം കിടന്ന സമയത്ത് ഒരു പോലീസ് ഓഫീസർ കൊണ്ടു തന്ന കലാകൗമുദി വാരികയിൽ അടിയന്തരാവസ്ഥയ്ക്കെതിരായി ശക്തമായ ഭാഷയിൽ ഒ.വി.വിജയൻ എഴുതിയത് വായിച്ചപ്പോൾ വലിയ ആവേശമാണ് തോന്നിയത് - കെ.വേണുവായുള്ള എം.ജി. ശശിയുടെ ദീർഘസംഭാഷണം തുടരുന്നു...

കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ - 9

അജിത

എം.ജി.ശശി: ഗൗരിയമ്മയുടെ പ്രസ്ഥാനത്തിൽ അജിതയുമൊത്ത് കുറച്ചു കാലം കേവി പ്രവർത്തിച്ചിരുന്നല്ലോ...

കെ.വേണു: അജിത പങ്കെടുക്കുന്ന തലശ്ശേരി പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൻ്റെ കാലത്ത് എനിക്ക് നക്സൽ രാഷ്ട്രീയത്തോട് താല്പര്യമുണ്ടായിരുന്നില്ല. പിന്നീട് എം.എൽ രാഷ്ട്രീയത്തോട് അടുത്തപ്പോൾ അജിതയുടെ പിതാവ് കുന്നിക്കൽ നാരായണനും കൂട്ടരും ചാരു മജൂംദാറിൻ്റെ നിലപാടുകൾ അംഗീകരിക്കാതെയാണ് പ്രവർത്തിയ്ക്കുന്നതെന്ന് അറിഞ്ഞ് അവരെ എതിർ ചേരിയിലാണ് ഞാൻ കണ്ടത്. പിൽക്കാലത്ത് ആ അകൽച്ച കുറഞ്ഞെങ്കിലും നക്സൽബാരി രാഷ്ട്രീയം ഉപേക്ഷിയ്ക്കുന്നതു വരെ എനിയ്ക്ക് അജിതയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല.

1991-ൽ ഞാൻ തീവ്രവാദ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായി വിട്ട സമയത്ത് പഴയ സഖാവായിരുന്ന ഭാസുരേന്ദ്ര ബാബു കലാകൗമുദി വാരികയിൽ ആറ് ലക്കങ്ങളിലായി എൻ്റെ ജീവിത പശ്ചാത്തലത്തെക്കുറിച്ച് എഴുതുകയുണ്ടായി. തെങ്ങോല കൊണ്ട് മറച്ച ഒരു ചെറ്റക്കുടിലിലാണ് ആ സമയത്ത് ഞാൻ താമസിച്ചിരുന്നതെന്നും മറ്റും ബാബു എഴുതിയത് കണ്ടിട്ട് അജിതയുടെ പങ്കാളിയായ യാക്കൂബ് വീടുണ്ടാക്കുന്നതിനായി ഇരുപതിനായിരം രൂപ എനിയ്ക്ക് കൊടുത്തയച്ചു. ഒരു നിർമ്മിതി മോഡൽ വീടുണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന എനിയ്ക്ക് ആ സഹായം ഏറെ ഉപകാരപ്പെട്ടു.

കെ. അജിത മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ സെല്ലില്‍. 1968 ഡിസംബറിലാണ് പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തെതുടര്‍ന്ന് അറസ്റ്റിലായ അജിതയെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റു ചെയ്തത്. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ടി. നാരായണന്‍ എടുത്തതാണ് ഈ ഫോട്ടോ.
കെ. അജിത മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ സെല്ലില്‍. 1968 ഡിസംബറിലാണ് പുല്‍പ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തെതുടര്‍ന്ന് അറസ്റ്റിലായ അജിതയെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റു ചെയ്തത്. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ടി. നാരായണന്‍ എടുത്തതാണ് ഈ ഫോട്ടോ.

1993 അവസാനം ഗൗരിയമ്മ പാർട്ടിയിൽ തരം താഴ്ത്തപ്പെട്ട സാഹചര്യത്തിൽ അജിത അവരുമായി നടത്തിയ സംഭാഷണം ഏറെ വാർത്താ പ്രാധാന്യം നേടി. ഗൗരിയമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യത്തിൽ വമ്പിച്ച ജനപിന്തുണയാണ് അവർക്ക് ലഭിച്ചത്. അനവധി പൊതുയോഗങ്ങളും സംഘടിപ്പിയ്ക്കപ്പെട്ടു. ഞാനും അവരോടൊപ്പം സജീവമായി ഉണ്ടായിരുന്നത് നേരത്തേ പറഞ്ഞല്ലോ. പല യോഗങ്ങളിലും ഗൗരിയമ്മയോടൊപ്പം അജിതയും പങ്കെടുക്കാറുണ്ട്. പലയിടത്തും ജനങ്ങൾ ഗൗരിയമ്മയേക്കാൾ കൂടുതലായി അജിതയെ കാണാൻ തിരക്കു കൂട്ടുന്നുണ്ടായിരുന്നു. സ്വാഭാവികമായും അത് ഗൗരിയമ്മയെ അലോസരപ്പെടുത്തി. അത് മനസ്സിലാക്കിയ അജിത അത്തരം പരിപാടികളിൽ നിന്നും തുടർന്ന് ആ പ്രസ്ഥാനത്തിൽ നിന്നു തന്നെയും പിൻവാങ്ങുകയാണ് ചെയ്തത്. പിന്നീട്, സ്ത്രീകൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്ന 'അന്വേഷി' എന്ന സംഘടനയുണ്ടാക്കി കോഴിക്കോട് കേന്ദ്രമാക്കി സജീവമായി രംഗത്തുണ്ട് അജിത.

ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമ്മയ്ക്ക്...

ഒ.വി.വിജയൻ കേവിയെക്കുറിച്ച് 'ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമ്മയ്ക്ക്...' എന്നൊരു കുറിപ്പ് എഴുതിയിരുന്നല്ലോ. ഭയത്തോടെയാണ് വിജയേട്ടൻ കേവിയെ കണ്ടിരുന്നത് അല്ലേ?

ഒ.വി.വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നപ്പോൾ ഞാൻ അത് വായിച്ചിരുന്നു. എനിയ്ക്ക് ഒട്ടും താല്പര്യം തോന്നിയിരുന്നില്ല. പക്ഷേ, അടിയന്തരാവസ്ഥക്കാലത്ത് ജയറാം പടിക്കലിൻ്റെ നിയമവിരുദ്ധ കസ്റ്റഡിയിൽ കയ്യിലും കാലിലും വിലങ്ങും ചങ്ങലയുമായി മൂന്നു മാസക്കാലം കിടന്ന സമയത്ത് ഒരു പോലീസ് ഓഫീസർ കൊണ്ടു തന്ന കലാകൗമുദി വാരികയിൽ അടിയന്തരാവസ്ഥയ്ക്കെതിരായി ശക്തമായ ഭാഷയിൽ ഒ.വി.വിജയൻ എഴുതിയത് വായിച്ചപ്പോൾ വലിയ ആവേശമാണ് തോന്നിയത്. വിജയനോട് ഏറെ ബഹുമാനവും. അടിയന്തരാവസ്ഥയും ജയിൽ വാസവും ഒളിവു ജീവിതവുമെല്ലാം കഴിഞ്ഞ് 1984-ൽ പൊതുവേദികളിൽ പങ്കെടുക്കാൻ ഞാൻ തുടങ്ങിയ സമയത്ത് ഡൽഹിയിലെ സഖാക്കൾ ഒരു പൊതുവേദിയിൽ പങ്കെടുക്കാനായി എന്നെ വിളിയ്ക്കുകയുണ്ടായി. ഡൽഹിയിൽ ഉള്ള പ്രധാനപ്പെട്ട മലയാളി എഴുത്തുകാരൊക്കെ അവിടെ ഉണ്ടായിരുന്നു. ഒ.വി.വിജയൻ, ആനന്ദ്, സക്കറിയ, എം.മുകുന്ദൻ... തുടങ്ങി ഒരു വലിയ നിര. അവരാരും സംസാരിയ്ക്കയില്ലെന്നും ഞാൻ പറയുന്നത് കേൾക്കാൻ മാത്രമാണ് അവർ വന്നിട്ടുളളതെന്നും ആദ്യമേ സംഘാടകർ വ്യക്തമാക്കുകയും ചെയ്തു.

ഞാൻ അക്കാലത്ത് ഇന്ത്യയിലെ ഭാഷാദേശീയതകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ചാണ് ചർച്ച ചെയ്യാറുള്ളത്. അസം, പഞ്ചാബ്, ഛത്തീസ്ഗഢ് തുടങ്ങിയ മേഖലകളിൽ പ്രക്ഷോഭങ്ങൾ സജീവമായി നില്ക്കുന്ന കാലമായിരുന്നു. ചെറിയൊരു ചർച്ചയ്ക്ക് ശേഷം പരിപാടി അവസാനിച്ചപ്പോൾ ഞങ്ങളുടെ പാർട്ടിയുടെ ഇംഗ്ലീഷ് മുഖപത്രമായിരുന്ന മാസ് ലൈനിൻ്റെ പത്രാധിപരായിരുന്ന ടി.ജി.ജേക്കബിൻ്റെ കൂടെ അദ്ദേഹത്തിൻ്റെ താമസസ്ഥലത്തേയ്ക്ക് പോകാൻ ഞാൻ തയ്യാറായി. അപ്പോൾ ഒ.വി.വിജയൻ അടുത്ത് വന്ന് അദ്ദേഹത്തിൻ്റെ കൂടെ വീട്ടിലേയ്ക്ക് ചെല്ലണമെന്ന് നിർബ്ബന്ധിച്ചു. ഞാൻ അതിന് വഴങ്ങുകയും ചെയ്തു. അന്ന് വിജയൻ്റെ വീട്ടിലേയ്ക്ക് സക്കറിയയും കൂടെ വന്നിരുന്നു. ഒരു ദിവസം പൂർണ്ണമായും ഞാനവിടെ തങ്ങി. ഞങ്ങൾ സംസാരിച്ചത് അധികവും രാഷ്ട്രീയമായിരുന്നു. മുഖ്യമായും ഇന്ത്യൻ രാഷ്ട്രീയം.

വിജയൻ കമ്മ്യൂണിസ്റ്റു വിരുദ്ധനായിരുന്നെങ്കിലും കരുത്തനായ ജനാധിപത്യവാദിയായിരുന്നു എന്നത് എന്നെ ആകർഷിച്ച കാര്യമായിരുന്നു. ഞാൻ ഡൽഹിയിൽ ഉണ്ടെന്നറിഞ്ഞ് ടൈംസ് ഓഫ് ഇന്ത്യയുടേയും ഇന്ത്യൻ എക്സ്പ്രസ്സിൻ്റേയും ലേഖകന്മാർ ഞാനുമായി നീണ്ട സംസാരത്തിന് തയ്യാറായി വന്നിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങൾ കൗതുകപൂർവം വിജയൻ വീക്ഷിച്ചു കൊണ്ടിരുന്നു. അവരെല്ലാം പോയപ്പോൾ വിജയൻ പറഞ്ഞു, “വേണുവിന് ഈ രാഷ്ട്രീയം തുടരാനാവില്ല, ജനാധിപത്യത്തിൻ്റെ വഴിയിലേയ്ക്ക് വേണു എത്തും.” ഞാൻ അന്നത് ഗൗരവത്തിലെടുത്തില്ല. വിജയൻ്റെ വിലയിരുത്തലും പ്രവചനവുമാണ് ശരിയായതെന്ന് ഇന്ന് നമുക്കറിയാം. പിറ്റേദിവസം ഞാൻ അവിടന്ന് ഇറങ്ങുമ്പോൾ ഡൽഹിയിൽ ചെല്ലുമ്പോഴെല്ലാം തന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാനത് കൃത്യമായി പാലിയ്ക്കുകയും ചെയ്തു. 1991-ൽ ഞാൻ നക്സലേറ്റ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതുവര ഡൽഹിയിൽ എത്തുമ്പോഴെല്ലാം വിജയനെ മുടക്കമില്ലാതെ കാണാറുമുണ്ട്.

ഒ.വി. വിജയന്‍
ഒ.വി. വിജയന്‍

സംശുദ്ധ രാഷ്ട്രീയം

സംശുദ്ധ രാഷ്ടീയത്തിൻ്റെ വക്താവായി വിവക്ഷിയ്ക്കപ്പെടുന്ന വി.എം. സുധീരനെക്കുറിച്ച്...

അന്തിക്കാട് മണിയുടെ വീടിൻ്റെ അയൽപക്കത്തായിരുന്നു സുധീരൻ്റെ വീട്. അവർ തമ്മിൽ ചെറുപ്പം മുതലേ പരിചയമുണ്ടായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ ഒരു അപൂർവ പ്രതിനിധി എന്ന നിലയ്ക്കാണ് ഞാൻ സുധീരനെ നോക്കിക്കണ്ടിരുന്നത്. അപൂർവമായി ചില ചർച്ചാവേദികളിലും സെമിനാറുകളിലും പങ്കെടുത്തതിലൂടെയുള്ള പരിചയം മാത്രമേ സുധീരനുമായി ഉണ്ടായിരുന്നുള്ളൂ. കോൺസ് പാർട്ടി പ്രസിഡൻ്റായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും സത്യസന്ധവും സുതാര്യവുമായ ഇടപെടലുകൾ അദ്ദേഹത്തിനുണ്ടാക്കിയ പ്രതിസന്ധികൾ കേരള രാഷ്ട്രീയ ചരിത്രത്തിൻ്റെ ഭാഗമാണല്ലോ. പദവികൾ ഉപേക്ഷിക്കാൻ ഒരു മടിയും സുധീരന് ഉണ്ടായില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ്. എൻ്റെ തീവ്രവാദ രാഷ്ട്രീയത്തോട് ശക്തമായി വിയോജിച്ചിരുന്നപ്പോഴും വ്യക്തിപരമായി നല്ല ബന്ധമാണ് എന്നോട് പുലർത്തിയിരുന്നത്. പരസ്പര ബഹുമാനം നിലനിർത്തുന്ന ബന്ധമാണ് ഞങ്ങൾ തമ്മിലുണ്ടായിരുന്നത്. ഞാൻ ജനാധിപത്യത്തിൻ്റെ വഴിയിൽ എത്തിയപ്പോൾ ആ ബന്ധം ഊഷ്മളമാവുക സ്വാഭാവികമാണ്. പക്ഷേ, പിന്നീട് അടുത്തിടപഴകാൻ അധികം അവസരം ലഭിച്ചിട്ടില്ല.

ആനന്ദിൻ്റെ നിലപാടുകൾ...

ഭാഷാദേശീയതകളേയും പ്രകൃതിസംരക്ഷണത്തെപ്പറ്റിയുമൊക്കെയുള്ള എഴുത്തുകാരൻ ആനന്ദിൻ്റെ നിലപാടുകൾ പരിശോധിയ്ക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ട്.

1984-ൽ ഡൽഹിയിൽ സംഘടിപ്പിച്ച ഒരു മീറ്റിങ്ങിനെക്കുറിച്ച് പറഞ്ഞല്ലോ. അവിടെ വെച്ചാണ് ഒ.വി.വിജയൻ തുടങ്ങിയവരോടൊപ്പം ആനന്ദിനേയും പരിചയപ്പെടുന്നത്. അന്ന് ഞാൻ ഇന്ത്യയിലെ ഭാഷാദേശീയതകളെക്കുറിച്ച് സംസാരിച്ചത് കേട്ടിട്ട് തനിക്ക് ഒന്നും മനസ്സിലായില്ലെന്നാണ് ആനന്ദ് പറഞ്ഞത്. അദ്ദേഹം ഇപ്പോഴും അങ്ങിനെയാണ് ചിന്തിയ്ക്കുന്നത്. കാശ്മീർ പ്രശ്നത്തിന് പിന്നിലുള്ള കാശ്മീരി ജനതയുടെ ദേശീയ ബോധം തിരിച്ചറിയാൻ അദ്ദേഹം വിസമ്മതിയ്ക്കുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. കാശ്മീർ പ്രശ്നം ഒരു മുസ്ലിം പ്രശ്നമായി മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിയ്ക്കുന്നതെന്ന് തോന്നാറുണ്ട്.

ഞാൻ നക്സലേറ്റ് രാഷ്ട്രീയം ഉപേക്ഷിച്ചതിന് ശേഷം ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കാനിടയായി. ഇരിഞ്ഞാലക്കുടയിലെ തറവാടുവീട്ടിൽ അമ്മ ഉണ്ടായിരുന്നപ്പോൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ആനന്ദ് എത്താറുണ്ട്. ഒരു തവണ അങ്ങനെ വന്നപ്പോൾ എന്നെ ഫോണിൽ വിളിച്ച് എത്തിയ കാര്യം പറഞ്ഞുകൊണ്ട് സമയമുണ്ടെങ്കിൽ അങ്ങോട്ട് ചെല്ലാമോ എന്ന് ചോദിച്ചു. വഴിയും പറഞ്ഞു തന്നു. ഞാൻ ഉടൻ തന്നെ ചെല്ലുകയും ചെയ്തു. ഏറെ നേരം വർത്തമാനം പറഞ്ഞിരുന്ന് ഊണൊക്കെ കഴിഞ്ഞാണ് തിരിച്ചു പോന്നത്. പിന്നീട് ആ പതിവ് വർഷങ്ങളോളം തുടർന്ന് പോരുകയും ചെയ്തു. ഞങ്ങൾക്കിടയിലെ സംഭാഷണ വിഷയങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങളോ പരിധികളോ ഒന്നുമുണ്ടായിരുന്നില്ല.

ഒരിയ്ക്കൽ സംഭാഷണം ഭാരതപ്പുഴയിലെ മണൽ വാരൽ നിയന്ത്രണത്തെക്കുറിച്ചായി. മണലെടുപ്പ് പൂർണ്ണമായും നിയന്ത്രിയ്ക്കുമ്പോൾ ഭാരതപ്പുഴയിൽ പലയിടത്തും ചെറു ദ്വീപുകളും കൊച്ചു കാടുകളും രൂപം കൊള്ളുന്നത് നദിയെ നശിപ്പിയ്ക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ ആനന്ദ് അതിനോട് യോജിയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സർക്കാരിന് കീഴിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ആനന്ദ് കോസി നദിയിൽ അടിഞ്ഞു കൂടിയ മണൽ ഡ്രഡ്ജറും മറ്റും ഉപയോഗിച്ച് നീക്കം ചെയ്ത അനുഭവം വിശദീകരിക്കുകയുമുണ്ടായി. പിന്നീടൊരിയ്ക്കൽ ഞങ്ങൾ ഭാരതപ്പുഴയിലേയ്ക്ക് പുറപ്പെട്ടു.

വി.എം. സുധീരന്‍
വി.എം. സുധീരന്‍

അന്ന് ഭാരതപ്പുഴയുടെ കടവുകൾ കാണിച്ചു തരാൻ ഞാനുമുണ്ടായിരുന്നു കൂടെ.

അതെ. ആ യാത്രയിൽ ആനന്ദിനേയും കൂട്ടി ശശിയുടെ വീട്ടിലും വന്നല്ലോ. അന്ന് വെള്ളത്തിലിറങ്ങി, മണൽ തിട്ടകളിൽ കയറി ഭാരതപ്പുഴയുടെ അവസ്ഥ ശരിയ്ക്കും മനസ്സിലാക്കി. മണൽ വാരൽ പൂർണ്ണമായും നിരോധിയ്ക്കുന്നത് അശാസ്ത്രീയമാകുന്നത് എങ്ങിനെയാണെന്ന് വിശദീകരിച്ചു കൊണ്ട് അടുത്ത ദിവസം തന്നെ മാതൃഭൂമി പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിൽ ആനന്ദ് ലേഖനം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു.

പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഇനിയുമേറെ പഠിയ്ക്കേണ്ടതുണ്ട് എന്നാണ് നിങ്ങളുടെ ചർച്ചകളിൽ നിന്ന് മനസ്സിലായത്.

എൻ്റെ 'പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം' എന്ന പുസ്തകം (2017) പ്രസിദ്ധീകരിച്ച കാലത്ത് പ്രകൃതി സംബന്ധമായ വിഷയത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആനന്ദ് എഴുതിയപ്പോൾ മേൽപ്പറഞ്ഞ പുസ്തകം വായിച്ചിരിയ്ക്കേണ്ട ഒന്നാണെന്ന് പരാമർശിയ്ക്കുകയുണ്ടായി. അമ്മ മരിച്ചതിനു ശേഷം ആനന്ദ് ഇരിഞ്ഞാലക്കുടയിലേയ്ക്കുള്ള വരവ് ഏറെക്കുറെ നിർത്തിയെന്ന് പറയാം. ഡൽഹിയിൽ നിന്നും ബോംബെയിൽ നിന്നും ചിലപ്പോൾ വിളിയ്ക്കാറുണ്ട്.

സ്ത്രീപക്ഷ രചന

ഏകദേശം നാലു പതിറ്റാണ്ടായി സാറാ ജോസഫുമായി വളരെ അടുത്ത സൗഹൃദം ഉണ്ടല്ലോ...

1984-ലോ 85-ലോ മറ്റോ ആണ് സാറാ ടീച്ചറെ കണുന്നത്. ഞാൻ നക്സലേറ്റ് പ്രസ്ഥാനത്തിൻ്റെ നേതൃതലത്തിൽ സജീവമായിരുന്ന കാലത്ത് ആറങ്ങോട്ടുകരയിൽ അനുഭാവികളായ യുവാക്കളുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ ശശി എന്നെ വിളിക്കുകയുണ്ടായല്ലോ. ആ യോഗ സ്ഥലത്ത് സാറാ ജോസഫ് വരികയും ഞാനുമായി പരിചയപ്പെടുകയും ചെയ്തു. എന്നെ കാണാനായി ശശി ടീച്ചറെ വിളിച്ചതായിരുന്നു. പിന്നീട് ശശിയുടെ മദർ ഇൻ ലോ ആയ സാറാ ജോസഫ് അന്ന് പട്ടാമ്പി കോളേജിലെ അദ്ധ്യാപികയായിരുന്നു. നക്സലേറ്റ് തടവുകാരുടെ മോചനത്തിനായി ടീച്ചറെക്കൊണ്ട് ശശി ഒരു നാടകം എഴുതിച്ചിരുന്നു. അതിൽപരം രാഷ്ടീയബന്ധമോ ധാരണയോ ടീച്ചർക്കുണ്ടായിരുന്നില്ല.

ഒരു കൗതുകം കൊണ്ട് എന്നെ കാണാൻ തയ്യാറായതാണ്. ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു ഫെമിനിസ്റ്റ് പ്രസിദ്ധീകരണമായ 'മാനുഷി'യുടെ ഏതാനും കോപ്പികൾ എൻ്റെ സഞ്ചിയിൽ ഉണ്ടായിരുന്നു. മാനുഷിയുടെ ഒന്നുരണ്ടു കോപ്പികളെടുത്ത് ടീച്ചർക്ക് ഞാൻ കൊടുത്തു. അതൊന്നു നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ടീച്ചറുടെ കോളേജിൽ ഒരു അധ്യാപകനും വിദ്യാർത്ഥിനിയും തമ്മിലുണ്ടായ പ്രശ്നത്തിൽ വിദ്യാർത്ഥിനിയ്ക്കു വേണ്ടി മൊത്തം വിദ്യാർത്ഥികൾ രംഗത്തിറങ്ങി. ഒരു സംഘടന തന്നെ രൂപം കൊണ്ടു. സംഘടനയ്ക്ക് ഒരു പേര് തേടിയപ്പോൾ ഞാൻ ടീച്ചർക്ക് കൊടുത്തിരുന്ന പ്രസിദ്ധീകരണം ഉത്തരമായി - മാനുഷി. പിന്നീട് പട്ടാമ്പി കോളേജിൽ അതൊരു ശക്തമായ സംഘടനയായി മാറി.

സാറാ ജോസഫ് മറ്റു ചില കോളേജുകളിലെ അദ്ധ്യാപികമാരെക്കൊണ്ട് അവിടങ്ങളിലൊക്കെയും മാനുഷിയ്ക്ക് രൂപം നൽകി. കോളേജുകൾക്ക് പുറത്ത് സമൂഹത്തിലും പുരുഷ മേധാവിത്തത്തിനെതിരായ പ്രസ്ഥാനമായി മാനുഷി വളരാൻ തുടങ്ങി. ഈ വ്യാപനത്തിന് പിന്നിൽ നക്സലേറ്റ് പാർട്ടിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടും അദൃശ്യ സാന്നിദ്ധ്യവുമുണ്ടായിരുന്നു. അത് പിന്നീട് ഒരു പ്രശ്നമായി. പാർട്ടി സാന്നിദ്ധ്യം പല നിലയ്ക്കും അംഗീകരിയ്ക്കാനാവാതെ സാറാ ജോസഫും മറ്റു ടീച്ചർമാരും മാനുഷി വിട്ട് 'മാനവി' എന്ന മറ്റൊരു സംഘം രൂപീകരിച്ചു. പിൽക്കാലത്ത് ആം ആദ്മി പാർട്ടി രൂപം കൊള്ളുകയും ഒരു തരംഗമായി മാറുകയും ചെയ്തപ്പോൾ കേരളത്തിലും വലിയൊരു പിന്തുണ പ്രകടമായി. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലും ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തു. തൃശ്ശൂർ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി സാറാ ജോസഫ് മത്സരിച്ചു. നാൽപതിനായിരത്തിലധികം വോട്ടു ലഭിക്കുകയും ചെയ്തു. ഒരു പാർലമെൻറ് മണ്ഡലത്തിൽ ഇത് കുറഞ്ഞ വോട്ടാണെങ്കിലും നിലവിലില്ലാതിരുന്ന ഒരു പാർട്ടിയ്ക്ക് ഇത് അത്ര ചെറുതായിരുന്നില്ല. ഒരു എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമെന്ന നിലയിൽ ടീച്ചർക്കുള്ള അംഗീകാരവും അതിൽ കാണാമായിരുന്നു. ഒരു സ്ത്രീപക്ഷ എഴുത്തുകാരിയായി സർഗ്ഗാത്മക സാഹിത്യ രംഗത്ത് ടീച്ചർ സജീവമായി തുടരുന്നു.

(തുടരും)


Summary: How OV Vijayan, Ajitha, VM Sudheeran and Anand influences life, K Venu recalls in conversation with MG Sasi series


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments