കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 12
▮
എം.ജി. ശശി: എം.എൻ.രാവുണ്ണിയേയും രാഷ്ടീയത്തടവുകാരെയും വിട്ടയക്കാനുള്ള സമരത്തിൽ പട്ടാമ്പി കോളേജിൽ നിന്നുള്ള ഞങ്ങൾ വിദ്യാർത്ഥികളുടെ സംഘവും സജീവമായി രംഗത്തിറങ്ങിയിരുന്നു. ജയിൽ മോചിതനായ ശേഷം രാവുണ്ണിയേട്ടനുമായുള്ള ഞങ്ങളുടെ ബന്ധവും വളരെ ശക്തമായിരുന്നു.
എം.എൻ. എന്ന മുണ്ടൂർ രാവുണ്ണിയെക്കുറിച്ച്...
കെ. വേണു: തലശ്ശേരി-പുൽപ്പള്ളിയിൽ പങ്കെടുത്തവരിൽ പ്രധാനികളായ കുറേ പേരുടെ ആലോചനായോഗം പാലക്കാട്- തൃശൂർ അതിർത്തിയിലെ മായന്നൂരിൽ വിളിച്ചുകൂട്ടിയത് എം.എൻ. രാവുണ്ണി മുൻകയ്യെടുത്തിട്ടായിരുന്നു. ആ യോഗത്തിൻ്റെ തീരുമാനപ്രകാരം കോങ്ങാട്ട് ഒരു ജന്മിക്കെതിരായി നടത്തിയ ആക്രമണം ജനങ്ങൾ പിന്തുണക്കാനിടയായ സംഭവമായിരുന്നു.
ഒരു ഉയർന്ന പോലീസ് ഓഫീസറുടെ അടുത്ത ബന്ധുവായിരുന്ന, ജനദ്രോഹിയായ ജന്മിയുടെ തല വെട്ടിയെടുത്ത് ഗേറ്റിൽ കൊണ്ടുവെക്കുകയാണ് ഉണ്ടായത്. മാണിക്കൻ നായർ എന്ന മാണിക്കേട്ടനും രാവുണ്ണിയുടെ സംഘത്തിലുണ്ടായിരുന്നു. സംഭവം ഞെട്ടിക്കുന്നതായിരുന്നെങ്കിലും, ജന്മി അത് അർഹിച്ചിരുന്നു എന്നാണ് ആ പ്രദേശത്തെ ജനങ്ങൾ പൊതുവിൽ വിലയിരുത്തിയത്. ആ വിലയിരുത്തൽ കേരളം മുഴുവനും ഏറ്റെടുക്കുകയും ചെയ്തു.
ആക്രമണത്തിൽ പങ്കെടുത്ത രാവുണ്ണി ഉൾപ്പടെയുള്ള പ്രവർത്തകരെല്ലാം താമസിയാതെ തന്നെ അറസ്റ്റു ചെയ്യപ്പെട്ടു. തൃശൂരിലെ വിയ്യൂർ സെൻട്രർ ജയിലിലാണ് അവരെല്ലാം ഉണ്ടായിരുന്നത്. ഒരു കൊല്ലത്തിനുള്ളിൽ രാവുണ്ണി ഉൾപ്പടെയുള്ള ആറു തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. തടവു മുറിക്കുള്ളിൽ നിന്ന് വാർഡന്മാരുടെ ശ്രദ്ധയിൽ പെടാതെ ഒരാൾക്ക് കിടന്ന് ഇഴഞ്ഞുപോകാവുന്ന വിധം പുറത്തേക്ക് തുരങ്കം ഉണ്ടാക്കിയാണ് അവർ തടവുചാട്ടം നടത്തിയത്.
അത് വലിയ കോളിളക്കം സൃഷ്ടിച്ച വാർത്തയായി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്തെങ്കിലും അതുണ്ടാക്കിയ അന്തരീക്ഷം വർഷങ്ങൾ തുടർന്നു. നീണ്ട ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയവരിൽ രാവുണ്ണിയും മാണിക്കേട്ടനും മാത്രമാണ് തുടർന്ന് രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറായത്.
ഞാൻ അഖിലേന്ത്യാ തലത്തിൽ നേതൃത്വം നൽകിയിരുന്ന പ്രസ്ഥാനത്തിൻ്റെ സംസ്ഥാന നേതൃത്വത്തിൽ രാവുണ്ണി പ്രവർത്തിക്കുകയുണ്ടായി. സംഘടനയിലുണ്ടായ ആശയപരമായ ചേരിതിരിവിൽ രാവുണ്ണി ഒപ്പം നിന്നു. പക്ഷേ, മാണിക്കൻ നായർ പിന്നീട് സായി ഭക്തനും ബൈബിൾ പ്രചാരകനും മറ്റുമായി മാറി.
1991-ൽ ഞാൻ നക്സലൈറ്റ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയതിന് ശേഷമുള്ള കാലത്ത്, രാവുണ്ണി ഇപ്പോഴത്തെ മാവോയിസ്റ്റു രാഷ്ട്രീയത്തിലേക്ക് നീങ്ങി. മാവോയിസ്റ്റ് രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനായി ഉണ്ടാക്കിയ 'പോരാട്ടം' എന്ന വേദിക്കും പ്രസിദ്ധീകരണത്തിനും നേതൃത്വം നൽകിയത് രാവുണ്ണിയായിരുന്നു.
▮
മുരളി കണ്ണമ്പിള്ളി
എം.ജി. ശശി: സണ്ണി എന്നായിരുന്നു മുരളിയുടെ പാർട്ടിപ്പേര്. എൻ്റെ പേര് ജോസ്. അതിദീർഘകാലം ഒളിവിൽ പ്രവർത്തിച്ച മുരളി കണ്ണമ്പിള്ളിയുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. മുരളിയെക്കുറിച്ച്...
കെ. വേണു: ചൈനീസ് അംബാസഡറായിരുന്ന കെ.എം. കണ്ണമ്പിള്ളിയുടെ മകനാണ് മുരളി. അടിയന്തരാവസ്ഥക്കുമുമ്പ് ഞാൻ കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ എത്തിയപ്പോൾ ദാമോദരൻ മാഷ് പരിചയപ്പെടുത്തിയവരിൽ ഒരാൾ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്ന മുരളിയായിരുന്നു. മുരളിയുടെ സഹപാഠി ജോസഫ് ചാലി കോളേജിനടുത്ത് ഒരു പീടിക കെട്ടിടത്തിനുമുകളിൽ മുറി വാടകക്കെടുത്തിരുന്നു. സുഹൃത്തുക്കൾ ഉപയോഗിച്ചിരുന്ന ആ മുറി ഞങ്ങളെപ്പോലുള്ളവർക്കു തങ്ങാനും സഹായകമായിരുന്നു. മുരളി അവിടെ പരിചയപ്പെടുത്തിത്തന്ന വിദ്യാർത്ഥികളിലൊരാളായിരുന്നു രാജൻ. പ്രൊഫ. ഈച്ചരവാരിയരുടെ മകൻ കെ. രാജൻ.
കോളേജിലെ മെസ് തൊഴിലാളികളുടെ ഒരു യൂണിറ്റ് മുരളി ഉണ്ടാക്കിയിരുന്നു. അതിൻ്റെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഞാൻ പോയപ്പോൾ ചാലിയോടൊപ്പം രാജനുമുണ്ടായിരുന്നു. കക്കയം ക്യാമ്പിൽ പോലീസ് മർദ്ദനത്തിനു ശേഷം കാണാതായ രാജൻ തന്നെ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പാർട്ടിയോട് ബന്ധപ്പെട്ടു നില്ക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗങ്ങളിലുള്ളവരുമെല്ലാം ഒളിവിൽ പോകണമെന്ന് തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് പ്രവർത്തനത്തിനിറങ്ങിയ വിദ്യാർത്ഥിയായിരുന്നു മുരളി. അടിയന്തിരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ മുരളി പങ്കെടുത്തില്ലെങ്കിലും, തുടർന്നുണ്ടായ പോലീസ് നായാട്ടിൽ അറസ്റ്റ് ചെയ്യപ്പെടുകയും കക്കയം ക്യാമ്പിൽ കിടക്കേണ്ടിവരികയും ചെയ്തു.
അടിയന്തരാവസ്ഥക്കു ശേഷം കായണ്ണ കേസ് വിചാരണ നടക്കുകയും എല്ലാവരെയും വെറുതെ വിടുകയും ചെയ്തപ്പോൾ സോമശേഖരനും മറ്റു സഖാക്കൾക്കുമൊപ്പം മുരളിയും പുറത്തെത്തി പാർട്ടി പ്രവർത്തനം തുടരുകയും ചെയ്തു.
കുറച്ചു കാലം രഹസ്യവാദപരമായ ശൈലിക്കാരുടെ കൂടെ കൂടിയെങ്കിലും 1979-ൽ ഞാനുൾപ്പെടെ പഴയ പ്രവർത്തകരെല്ലാം പുറത്തെത്തിയപ്പോൾ മുരളി ഞങ്ങളോടൊപ്പം തന്നെ നിന്നു. ഭാഷാ-ദേശീയതകളുടെ പ്രശ്നത്തിലും മറ്റും പാർട്ടിക്കുള്ളിൽ ചേരിതിരിവുണ്ടായപ്പോൾ, മുരളി ദേശീയതകളുടെ സ്വയം നിർണ്ണയാവകാശം ഉയർത്തിപ്പിടിക്കുന്ന അഖിലേന്ത്യാ നേതൃത്വത്തോടൊപ്പം തന്നെയാണ് നിന്നത്.
രാവുണ്ണി ഉൾപ്പടെയുള്ള പ്രവർത്തകരെല്ലാം അറസ്റ്റു ചെയ്യപ്പെട്ടു. വിയ്യൂർ ജയിലിലാണ് അവരെല്ലാം ഉണ്ടായിരുന്നത്. പക്ഷേ ഒരു കൊല്ലത്തിനുള്ളിൽ രാവുണ്ണി ഉൾപ്പടെ ആറു തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. തടവു മുറിക്കുള്ളിൽ നിന്ന് വാർഡന്മാരുടെ ശ്രദ്ധയിൽ പെടാതെ ഒരാൾക്ക് കിടന്ന് ഇഴഞ്ഞുപോകാവുന്ന വിധം പുറത്തേക്ക് തുരങ്കം ഉണ്ടാക്കിയാണ് അവർ തടവുചാട്ടം നടത്തിയത്.
അതിനിടയിൽ അമേരിക്കയിൽ നിന്നുള്ള മാവോയിസ്റ്റു സംഘടനയായിരുന്ന RCP (US)-ൻ്റെ മുൻകയ്യിൽ ലോകത്തെമ്പാടുമുള്ള മാവോയിസ്റ്റു സംഘടനകളുടെ ഒരു ആഗോളവേദി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നു. മാവോയുടെ നിര്യാണത്തിനു ശേഷം ചൈനീസ് പാർട്ടി മുതലാളിത്ത പാതയിലാണെന്ന് അംഗീകരിക്കുന്ന പാർട്ടികളെ മാത്രമാണ് ഈ ഏകോപനത്തിൽ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് നമ്മുടെ സംഘടന മാത്രമാണ് അതിൽ ഉൾപെട്ടിരുന്നത്. ആഗോള തലത്തിലെ ഏകോപന പ്രവർത്തനങ്ങൾക്കായി ഒരു സഖാവിനെ യൂറോപ്പിലേക്ക് അയക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. മുരളിയെയാണ് ആറ് മാസക്കാലത്തേക്ക് യൂറോപ്പിലേക്ക് അയച്ചത്. 1984-ൽ നടന്ന ആഗോള സമ്മേളനത്തിൽ ഞാനും മുരളിയുമാണ് പങ്കെടുത്തത്. വിപ്ലവ സാർവദേശീയ പ്രസ്ഥാനം (RIM) രൂപം കൊണ്ടത് ആ സമ്മേളനത്തിൽ വെച്ചാണ്.
1989-ൽ നടന്ന ചൈനീസ് വിദ്യാർത്ഥി കലാപത്തിൻ്റെ കാലത്താണ് മാർക്സിസത്തെക്കുറിച്ചു തന്നെയുള്ള പുനരാലോചനകൾ ഞാൻ ആരംഭിക്കുന്നത്. 'തൊഴിലാളിവർഗ്ഗ ജനാധിപത്യത്തിന് വേണ്ടി' എന്ന പേരിൽ ഞാൻ ഒരു രേഖ തയ്യാറാക്കിയപ്പോൾ മുരളി അതിനോട് യോജിക്കുകയും അതിനെ ബലപ്പെടുത്താൻ സഹായിക്കുകയുമാണ് ചെയ്തത്. പക്ഷേ, 1991-ൽ ഞാൻ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ മുരളിക്ക് അത് ഉൾക്കൊള്ളാനായില്ല. തുടർന്ന് അവശേഷിക്കുന്ന അംഗങ്ങൾ കേന്ദ്ര കമ്മിറ്റി പിരിച്ചുവിട്ട് ഏകോപന സമിതി രൂപീകരിച്ചപ്പോൾ മുരളി അതിനോടൊപ്പം നിന്നെങ്കിലും, പിന്നീട് പഴയ നിലപാടുകളെ അടിസ്ഥാനമാക്കിയുള്ള പുനഃസംഘടനക്കാണ് ശ്രമിച്ചത്.
പിൽകാലത്ത് ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പ് മുൻകയ്യെടുത്ത് മാവോയിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ, കേരളത്തിലും അതിൻ്റെ ഭാഗമായി ഒരു മാവോയിസ്റ്റ് ഘടകം രൂപീകരിച്ച് പ്രവർത്തിക്കുകയാണ് മുരളി ചെയ്തത്. അതിൻ്റെ ഭാഗമായിട്ടാണ് മഹാരാഷ്ട്രയിൽ വെച്ച് മുരളി അറസ്റ്റു ചെയ്യപ്പെട്ടുകയും യെർവാദ ജെയിലിൽ മൂന്നാലു വർഷം കിടക്കുകയും ചെയ്തത്. കേരളത്തിൽ പ്രവർത്തിക്കുന്ന കാലത്ത് ദലിത് പശ്ചാത്തലത്തിൽ നിന്നുള്ള ഒരു സഖാവുമായി മുരളിയുടെ വിവാഹം നടക്കുകയും ഒരു മകൻ ജനിക്കുകയും ചെയ്തു. പിൽക്കാലത്ത് ആ ബന്ധം പിരിയാനിടയാവുകയും ചെയ്തു.
▮
കെ.എം. സലിം കുമാർ
എം.ജി. ശശി: 'അധഃസ്ഥിത നവോത്ഥാന മുന്നണി'യുടെ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന സലിം കുമാറിനെക്കുറിച്ച്...
കെ. വേണു: ആദിവാസി പശ്ചാത്തലത്തിൽ നിന്ന് വന്ന സലിം കുമാർ അടിയന്തരാവസ്ഥക്കു മുമ്പുതന്നെ നക്സലൈറ്റ് രാഷ്ട്രീയത്തിൽ എത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം ജയിലിൽ മിസ തടവുകാരനായിരുന്നു. പുറത്തുവന്നതിനു ശേഷം ഒരു പ്രസിദ്ധീകരണം തുടങ്ങാൻ ശ്രമിച്ചെങ്കിലും പാർട്ടി നിർദ്ദേശപ്രകാരം അതിൽ നിന്ന് പിൻമാറി.
1980-കളുടെ രണ്ടാം പകുതിയിൽ പാർട്ടി ജാതി രാഷ്ട്രീയത്തെക്കുറിച്ചും ഡോ. അംബേദ്ക്കറെക്കുറിച്ചും പഠിച്ച് പുതിയ നിലപാടുകളിലെത്തിയതിൻ്റെ ഫലമായി ആദിവാസി- ദലിത് വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ഒരു ബഹുജന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 'അധഃസ്ഥിത നവോത്ഥാന മുന്നണി' എന്ന പേരിൽ ഒരു സംഘടന ഉണ്ടാക്കുകയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സലിം കുമാറിന് അതിൻ്റെ ഉത്തരവാദിത്വം നൽകുകയും ചെയ്തു. പ്രസ്തുത മുന്നണിയുടെ നേതൃത്വത്തിലാണ് 1989-ൽ തിരുവനന്തപുരത്തു നിന്നും കാസർകോടു നിന്നും പുറപ്പെട്ട കാൽനട ജാഥകൾ വൈക്കത്ത് എത്തിച്ചേരുകയും സ്ത്രീപ്രവർത്തകരുടെ മുൻകയ്യിൽ മനുസ്മൃതി കത്തിക്കുകയും ചെയ്തത്.
എം.ജി. ശശി: സ്ത്രീവിമോചനവും ജാതിവിരുദ്ധ പ്രവർത്തനവും ഐക്യപ്പെടേണ്ടതാണ് എന്ന നിലപാടിൻ്റെ അടിസ്ഥാനത്തിൽ, മണിച്ചേച്ചിയും ‘മാനുഷി’യിലെ കുറേയധികം സ്ത്രീകളും വളരെ വലിയ പ്രവർത്തനമാണ് ഏറ്റെടുത്തത്.
കെ. വേണു: മണിയുടെ നേതൃത്വത്തിലുള്ള സ്ത്രീസംഘം അതിൽ വളരെയേറെ സജീവമായിരുന്നു. ആ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് സലിം കുമാറായിരുന്നു. അതൊരു ലാത്തിച്ചാർജ്ജിലേക്കും വലിയൊരു പോലീസ് കേസിലേക്കും എത്തി. 'അധ‘സ്ഥിത നവോത്ഥാന മുന്നണി'യെ പാർട്ടി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര സംഘടനയാക്കി മാറ്റാൻ സലിം കുമാർ ശ്രമികയുണ്ടായി. വലിയൊരു പരിധിവരെ സലിം കുമാർ അതിൽ വിജയിക്കുകയും ചെയ്തു. ചിതറിക്കിടക്കുന്ന ദലിത് സംഘടനകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു 'ദലിത് ഐക്യവേദി' രൂപീകരിക്കാനും സലിം കുമാർ മുൻകയ്യെടുക്കുകയുണ്ടായി.
ആദിവാസി പശ്ചാത്തലത്തിൽ നിന്ന് വന്ന സലിം കുമാർ അടിയന്തരാവസ്ഥക്കു മുമ്പുതന്നെ നക്സലൈറ്റ് രാഷ്ട്രീയത്തിൽ എത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം ജയിലിൽ മിസ തടവുകാരനായിരുന്നു. പുറത്തുവന്നതിനു ശേഷം ഒരു പ്രസിദ്ധീകരണം തുടങ്ങാൻ ശ്രമിച്ചെങ്കിലും പാർട്ടി നിർദ്ദേശപ്രകാരം അതിൽ നിന്ന് പിൻമാറി.
ഡോ.അംബേദ്ക്കറെക്കുറിച്ചും ദലിത് സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തനതായ രീതിയിൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള സലിം കുമാർ തൻ്റെ കണ്ടെത്തലുകൾക്ക് സൈദ്ധാന്തിക രൂപം നൽകുന്നതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ദലിത് പഠനങ്ങളുടെ തലത്തിൽ സലിം കുമാർ തനതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സലിം കുമാറിൻ്റെ സൈദ്ധാന്തിക അന്വേഷണങ്ങളുടെയെല്ലാം അന്തർധാരയായി കാണാവുന്നത് ഒരു യഥാർത്ഥ ജാതിരഹിതസമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്.
▮
എം. ഗീതാനന്ദൻ
എം.ജി. ശശി: ഗീതാനന്ദനും സലിം കുമാറുമൊക്കെയുള്ള സംസ്ഥാന കമ്മറ്റിയിൽ ഞാനും കുറച്ചുകാലം ഉണ്ടായിരുന്നല്ലോ. പിന്നീട്, ആദിവാസി സമരത്തിൻ്റെ സൈദ്ധാന്തിക നേതൃത്വം തന്നെയായി മാറിയ ഗീതാനന്ദനെക്കുറിച്ച്...
കെ. വേണു: 1980-കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ പല രീതിയിലുള്ള നക്സൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്താണ്, തിരുവനന്തപുരം ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന ഗീതാനന്ദൻ ജോലി ഉപേക്ഷിച്ച് പാർട്ടി പ്രവവർത്തനത്തിന് ഇറങ്ങുന്നത്. അക്കാലത്ത് പ്രസ്ഥാനത്തിനുള്ളിൽ നിലനിന്നിരുന്ന രാഷ്ട്രീയ നിലപാടുകളെക്കുറിച്ചെല്ലാം ഗിതാനന്ദന് വ്യക്തമായ ധാരണയുണ്ടായിരുന്നു.
ഓഫീസ് ജോലി ചെയ്തിരുന്ന കാലത്ത് ട്രേഡ് യൂണിയൻ രംഗത്ത് ഗീതാനന്ദൻ സജീവമായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന 'പരമ്പരാഗത ട്രേഡ് യൂണിയൻ ശൈലി' പൂർണ്ണമായും ഉപേക്ഷിച്ച്, തൊഴിലാളികൾ പല രീതിയിൽ നേരിട്ടു കൊണ്ടിരുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കാനായി 'മെയ് ദിന തൊഴിലാളി കേന്ദ്രം' എന്ന പേരിൽ ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങിയിരുന്നു. ഗീതാനന്ദൻ ആ ട്രേഡ് യൂണിയൻ രംഗത്തു കേന്ദ്രീകരിക്കുകയാണ് ചെയ്തത്.
വനമേഖലയിൽ ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിന് സി.കെ. ജാനു നടത്തിക്കൊണ്ടിരുന്ന സമരത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളിലും ഗീതാനന്ദൻ സജീവമായി. ആദിവാസി ഭൂസമരത്തിന് യഥാർത്ഥത്തിൽ സൈദ്ധാന്തികമായി നേതൃത്വം നല്കിയത് ഗീതാനന്ദനായിരുന്നു.
ഗീതാനന്ദൻ പാർട്ടി പ്രവർത്തനം തുടങ്ങി മൂന്നാലു വർഷം കഴിയുമ്പോഴേക്കും, ഞാൻ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും കേന്ദ്ര കമ്മിറ്റി പുനഃസംഘടന നടക്കുകയും ചെയ്ത സാഹചര്യം, ഗീതാനന്ദനെ സംബന്ധിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുതന്നെയായിരുന്നു. ആദിവാസി സമരങ്ങളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് ഗീതാനന്ദൻ ആ അവസ്ഥയെ മറികടന്നത്.
ഞാൻ പ്രസ്ഥാനത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറെടുത്തിരുന്നതിൻ്റെ ഭാഗമായി തയ്യാറാക്കിയ 'തൊഴിലാളി വർഗ ജനാധിപത്യത്തിന് വേണ്ടി' എന്ന രേഖയെ ഗീതാനന്ദൻ അനുകൂലിക്കുകയാണ് ചെയ്തത്.
(തുടരും)