കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 24
▮
വീണ്ടും പോലീസ് പിടിയിൽ
എം.ജി.ശശി: യു.പി.ജയരാജുമായിട്ട് വലിയ ബന്ധമായിരുന്നല്ലോ?
കെ.വേണു: തിരുവനന്തപുരത്തുനിന്ന് പോന്ന ശേഷം ഞാൻ വീണ്ടും മലബാർ ഭാഗത്തേക്ക് വരികയുണ്ടായി. ആ സമയത്ത് സോമശേഖരൻ എനിക്കൊരു അഡ്രസ്സ് തരുന്നു, ചെറുകഥാകൃത്ത് യു.പി.ജയരാജിൻ്റെ.
മലയാള സാഹിത്യത്തിലെ രാഷ്ട്രീയകഥകളെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ട രചനകളായിരുന്നു യു.പി. ജയരാജിൻ്റേത്. 'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്' പോലെയുള്ള കഥകൾ...
അതെ.
തലശ്ശേരി ഭാഗത്താണ് യു.പി.ജയരാജിൻ്റെ വീട്. അവിടന്നാണ് സോമശേഖരന് ജയരാജിൻ്റെ നിലവിലുള്ള വിലാസം കിട്ടുന്നത്. ട്രിച്ചിയിൽ കേന്ദ്ര ഗവൺമെൻറിന്റെ ആയുധ നിർമ്മാണശാലയിലാണ് (Ordnance Estate) ജയരാജിന് ജോലി. അവിടെ അയാൾ താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്സിൻ്റെ അഡ്രസാണ് എനിക്ക് തരുന്നത്.
പുലിമടയിലേക്ക് പോവുകയാണ് അല്ലേ?
സാധാരണ പുറത്തുനിന്ന് വരുന്ന പരിചയമില്ലാത്തവരെ അങ്ങോട്ട് കയറ്റിവിടില്ല. അവിടെ താമസിക്കുന്ന സ്റ്റാഫുമായി നേരിട്ട് സ്വന്ത-ബന്ധങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്നവർക്ക് മാത്രമേ അകത്തേക്ക് പ്രവേശനം നൽകൂ. വലിയ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളാണ്. ജയരാജിൻ്റെ വളരെ അടുത്ത ഒരു ബന്ധുവാണ്, പോയിട്ട് ഉടനേ തിരിച്ചുവരുമെന്ന് ഗേറ്റിൽ പറഞ്ഞപ്പൊൾ, എന്തോ, സത്യമാണെന്ന് തോന്നിക്കാണും, അവര് കയറ്റിവിട്ടു.
ഫസ്റ്റ് ഫ്ലോറിലാണ് ജയരാജിൻ്റെ ക്വാർട്ടേഴ്സ്. അന്നത്തെ നമ്മുടെ രീതിയനുസരിച്ച് സ്വന്തം പേരൊന്നും ചെല്ലുന്നിടത്ത് വെളിപ്പെടുത്തുകയില്ലല്ലോ. പക്ഷേ, ജയരാജിന് സ്വാഭാവികമായും എന്നെ മനസ്സിലായി. കായണ്ണ സ്റ്റേഷൻ ആക്രമണം കഴിഞ്ഞശേഷം കോഴിക്കോട്ടെ പ്രധാനപ്പെട്ട സഖാവായിരുന്ന ദാമോദരൻ മാഷുമായി ഒരു ബന്ധവും കിട്ടിയില്ല. ആള് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നറിയാം. ഒളിവിലാകുമ്പോൾ തമ്മിൽ കാണുക അത്ര എളുപ്പമല്ലല്ലോ. മാഷെക്കുറിച്ച് അറിയണമെന്നുണ്ട്. പക്ഷെ, മാഷ് ട്രിച്ചിയിൽ എത്തിയിട്ടുണ്ടാവുമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. പലതും സംസാരിച്ചുകൊണ്ടിരുന്ന കൂട്ടത്തിൽ ഒരു മാഷ് വന്നിരുന്നു എന്ന് ജയരാജ് പറഞ്ഞു. എന്നെ അറിയുന്ന ആളാണ് മാഷ് എന്നും പറഞ്ഞു. ആള് അടുത്ത മാസം -ജൂൺ ഇരുപതാം തിയതിക്ക് മുമ്പ്, വീണ്ടും വരും. അത് ദാമോദരൻ മാഷ് തന്നെയാണെന്ന് എനിക്ക് മനസ്സിലായി. ഒരു ദിവസം ജയരാജിൻ്റെ കൂടെ താമസിച്ച്, പലതും തമ്മിൽ സംസാരിച്ചിട്ടാണ് ഞാൻ തിരിച്ചു പോരണത്. 'അടുത്ത മാസം മാഷെ കാണാൻ ഞാൻ വരും. ഇരുപതാം തിയതിക്കുള്ളിൽ എത്തും.'
ജയരാജ് അകത്തുണ്ടായിരുന്നു. ഡോർ തുറന്ന് എന്നെ ഉള്ളിലാക്കിയിട്ട് അവർ ജയരാജിനെ വിളിച്ചു. ആകെ കരഞ്ഞ് മുഖമൊക്കെ വീർത്തിരിക്കുന്ന മട്ടിലാണ് വന്നത്.
പറഞ്ഞതു പോലെത്തന്നെ ഞാൻ എത്തി. ജയരാജിൻ്റെ ക്വാർട്ടേഴ്സിലേക്കുള്ള സ്റ്റെപ്പ് കയറുമ്പൊൾ കൈലി മുണ്ടും തോളിലൊരു തോർത്തുമൊക്കെയായി, അവിടെ പ്രതീക്ഷിക്കാൻ സാദ്ധ്യതയില്ലാത്തപോലൊരാൾ, താഴേക്ക് ഇറങ്ങിപ്പോയി. ചെറിയ സംശയം തോന്നി. റൂമിൻ്റെ മുന്നിലെത്തിയപ്പോൾ വാതിൽ അമ്പിച്ച് അടച്ചിട്ടില്ല. സാധാരണ ഉള്ളീന്ന് അടച്ച് കുറ്റിയിടാറുണ്ട്. ബെല്ലടിച്ചാലോ മുട്ടിയാലോ മാത്രമേ തുറക്കൂ. ചാരി ഇട്ടിരിക്കുന്ന കണ്ടപ്പൊൾ സംശയം കൂടി. എന്തുചെയ്യണം എന്നാലോചിച്ച് നിക്കുമ്പോൾ ഡോറ് തുറന്ന് പെട്ടെന്ന് ഒരാളെന്നെ വട്ടം പിടിച്ചു. എനിക്ക് പരിചയമുള്ള ഡി.വൈ.എസ്.പി രവീന്ദ്രനായിരുന്നു അത്. താഴേക്ക് പോയത് വേറൊരു പോലീസ് ഉദ്യോഗസ്ഥനാണ്. ഞാൻ ദൂരേന്ന് വരുന്നത് അവർ കണ്ടിരിക്കുന്നു. ഈ ദിവസങ്ങളിൽ ഞാനവിടെ എത്തുമെന്ന് പോലീസിനറിയാം.

ജയരാജ് ഉണ്ടായിരുന്നില്ലേ അവിടെ?
ജയരാജ് അകത്തുണ്ടായിരുന്നു. ഡോർ തുറന്ന് എന്നെ ഉള്ളിലാക്കിയിട്ട് അവർ ജയരാജിനെ വിളിച്ചു. ആകെ കരഞ്ഞ് മുഖമൊക്കെ വീർത്തിരിക്കുന്ന മട്ടിലാണ് വന്നത്. 'ഇതൊക്കെ സാധാരണ സംഭവിക്കുന്നതല്ലേ, താൻ വെഷമിക്കല്ലേ' എന്നൊക്കെ ഞാൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. 'ചായണ്ടാക്കിക്കൊടുക്കെടോ, തൻ്റെ സഖാവ് വന്നതല്ലേ...' എന്ന് ജയരാജിനോട് ഡി.വൈ.എസ്.പി രവീന്ദ്രൻ. അപ്പഴേക്കും മറ്റേ പോലീസുദ്യോഗസ്ഥനും കയറിവന്നു.
ജയരാജ് അനുഭവിക്കുന്ന വല്ലാത്തൊരു അവസ്ഥയുണ്ട് അപ്പോൾ. ഒരു ക്രിയേറ്റീവ് സന്ദർഭമാണത്.
ജയരാജ് ഇതിനെക്കുറിച്ച് നല്ലൊരു കഥ എഴുതിയിട്ടുണ്ട് -ക്ഷണിക്കപ്പെടാത്ത അതിഥി, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ.
എൻ്റെ കൈയിൽ ഒരു ചെറിയ ബാഗേ ഉള്ളൂ. തോക്കോ മറ്റോ ഉണ്ടാകുമെന്ന് കരുതി പോലീസുകാർ ബാഗ് വാങ്ങി തുറന്ന് പരിശോധിച്ചു. പക്ഷേ, ആകെ ഒരു പുസ്തകം മാത്രം. 'ഫിലോസഫിക്കൽ പ്രോബ്ലംസ് ഓഫ് പാർട്ടിക്കിൾ ഫിസിക്സ്' -ഒരു സോവിയറ്റ് പുസ്തകം. ക്വാണ്ടം മെക്കാനിക്സുമായി ബന്ധപ്പെട്ടത്.
എന്നെ രണ്ടു കാലും ചേർത്ത് വിലങ്ങിട്ട് ശാസ്തമംഗലം ക്യാമ്പിലെ ഒരു മേശക്കാലിൽ കെട്ടിയിട്ടു. കാലിലെ ചങ്ങലേന്ന് മേശയുടെ കാലിലിക്ക് വേറൊരു നീളൻ ചങ്ങല. കൈകളിലും വിലങ്ങ്. മൂന്നു മാസം കിടന്നു, അങ്ങനെ.
20-25 പോലീസുകാരുള്ള ഒരു വലിയ സംഘം തൊട്ടടുത്തുള്ള രണ്ടു ലോഡ്ജുകളിൽ ക്യാമ്പ് ചെയ്തിരിക്കയാണ്. സംഭവിച്ചത് എന്താണെന്നുവച്ചാൽ, ദാമോദരൻ മാഷ് ആ ദിവങ്ങളിൽ അവിടെ എത്തുമെന്ന് പറഞ്ഞിരുന്നുവല്ലോ. പക്ഷേ, മാഷ് പിന്നവിടെ ചെന്നതേയില്ല. നേരത്തേ വന്നപ്പോൾ ട്രിച്ചീന്ന് ബാംഗ്ലൂർക്കാണ് മാഷ് തിരിച്ചു പോയത്. വടകരയിൽ നിന്നുള്ള കുറേ ഹിന്ദി വിദ്യാർത്ഥികൾ ബാംഗ്ലൂരിൽ പഠിക്കുന്നുണ്ട്. ദാമോദരൻ മാഷ് പയ്യോളിക്കാരനാണല്ലോ. അപ്പോൾ നാട്ടുകാരനെന്ന നിലക്ക് പരിചയമുള്ള ഈ വിദ്യാർത്ഥികളുടെ കൂടെയാണ്, കായണ്ണക്കു ശേഷം മാഷ് താമസിച്ചിരുന്നത്. ആള് ട്രിച്ചിയിൽനിന്ന് തിരിച്ച് ബാംഗ്ലൂരെത്തീപ്പോൾ പോലീസവിടെ കാത്തു നിന്നിരുന്നു.
വടകരയിൽനിന്ന് പോലീസിന് വിവരം കിട്ടിയിരുന്നു, മാഷ് ബാംഗ്ലൂരാണുള്ളതെന്ന്. ട്രിച്ചീന്നുള്ള ടിക്കറ്റ് മാഷുടെ കയ്യിലുണ്ടായിരുന്നു. യാത്ര കഴിഞ്ഞാൽ ടിക്കറ്റ് നശിപ്പിക്കണം എന്ന് നേരത്തേ പാർട്ടി തീരുമാനമുള്ളതാണ്. പക്ഷേ, ചിലപ്പോൾ അത് നടക്കാതെ പോകും. ടിക്കറ്റ് പോലീസ് പിടിച്ചപ്പോൾ ജയരാജിനെ കണ്ടതും ട്രിച്ചിയിൽ എവിടെപ്പോയി എന്നതുമൊക്കെ മാഷിന് പറയേണ്ടിവന്നു. തിരിച്ച് ട്രിച്ചിയിൽ ജയരാജിനെ കാണാൻ പോകേണ്ട ദിവസത്തെപ്പറ്റിയും മാഷ് പറഞ്ഞുകാണും. അങ്ങനെയാണ് പോലീസുകാർ ട്രിച്ചിയിൽ എത്തിയത്.
അത്രയും പോലീസുകാരുടെ അകമ്പടിയിൽ എന്നെ തിരുവനന്തപുരത്തേക്ക്, ശാസ്തമംഗലം ക്യാമ്പിലേക്ക് കൊണ്ടുപോയി.

അങ്ങനെയാണല്ലേ വീണ്ടും പോലീസ് പിടിയിലാകുന്നത്...
അതെ. എന്നെ കൊണ്ടുപോയിട്ട് രണ്ടു കാലും ചേർത്ത് വിലങ്ങിട്ട് ശാസ്തമംഗലം ക്യാമ്പിലെ ഒരു മേശക്കാലിൽ കെട്ടിയിട്ടു. കാലിലെ ചങ്ങലേന്ന് മേശയുടെ കാലിലിക്ക് വേറൊരു നീളൻ ചങ്ങല. കൈകളിലും വിലങ്ങ്. മൂന്നു മാസം കിടന്നു, അങ്ങനെ. പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്, എന്നെപ്പോലെ വേറേം അഞ്ചു പേർ അവിടെ അപ്പുറത്തെ മുറിയിലുണ്ടെന്ന്. കെ.എൻ. രാമചന്ദ്രൻ, ടി.എൻ. ജോയ്, പത്തനംതിട്ടയിൽ നിന്നുള്ള രമേശൻ, കൊയിലാണ്ടീന്നുള്ള ഒരു കുട്ടികൃഷ്ണൻ. പിന്നെ കാനഡയിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള മോഹൻകുമാർ. കാനഡയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന, അവിടത്തെ എം.എൽ ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടായിരുന്ന, മോഹൻകുമാർ പിന്നീട് നാട്ടിലെത്തി നമ്മളുമായി സഹകരിച്ചിരുന്നു. അവർ അഞ്ചു പേരും പഴയൊരു വട്ടമേശയുടെ തടിച്ച കാലിൽ ബന്ധിച്ച അഞ്ചു ചങ്ങലകളിൽ കിടക്കുന്നുണ്ട്.
മൂന്നു മാസം കഴിഞ്ഞിട്ടാണ് ഞങ്ങളെ കോടതിയിൽ ഹാജരാക്കാൻ തീരുമാനിക്കുന്നത്. അപ്പഴേക്കും രാമചന്ദ്രനും മറ്റും അഞ്ചു മാസം കഴിഞ്ഞിരുന്നു, അറസ്റ്റ് ചെയ്യപ്പെട്ടിട്ട്. ദാമോദരൻ മാഷിനെ ഒരാഴ്ചയിലധികം ശാസ്തമംഗലം ക്യാമ്പിലിട്ട് ഭീകരമായി മർദ്ദിച്ചു. മരിക്കും എന്ന അവസ്ഥയിലെത്തി. വളരെ വിലകൂടിയ ഏതോ മരുന്ന് അമേരിക്കയിൽ നിന്ന് ഫ്ലൈറ്റിൽ കൊണ്ടുവന്നിട്ടാണ് ജയറാം പടിക്കൽ മാഷിനെ രക്ഷിക്കുന്നത്. അന്ന് വർക്കല വിജയൻ മരിച്ച സമയമാണ്, പിന്നെ രാജൻ്റെ മരണവും. അപ്പോൾ ദാമോദരൻ മാഷിൻ്റെ മരണം ഒഴിവാക്കണം എന്ന് കരുതിയാണ് അമേരിക്കയിൽനിന്ന് മരുന്ന് വരുത്തിയത്. പിന്നെ ഞാൻ കണ്ണൂർ സെൻട്രൽ ജയിലിലുള്ളപ്പോഴാണ് ദാമോദരൻ മാഷിനെ കാണുന്നത്. വളരെ ക്ഷീണിതനായി, മറ്റുള്ളവർ താങ്ങിപ്പിടിച്ചിട്ടാണ് കൊണ്ടുവരുന്നത്.
ജയറാം പടിക്കലിന്റെ ഉന്മൂലനം നടപ്പിലാക്കേണ്ട ദിവസം വന്നപ്പോൾ ഒരാൾ പിൻവാങ്ങി, മാനസിക സംഘർഷവും പേടിയും. മറ്റ് രണ്ടുപേർ അവിടെ കാത്തുനിന്നെങ്കിലും സഖാക്കൾക്കെന്തോ ആ സമയം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. അങ്ങനെ അത് നടക്കാതെ പോയി.
ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞുപോകും എന്ന അതിഭീകരമായ അവസ്ഥ ഉണ്ടല്ലോ... വൃത്തിഹീനമായ പോലീസ് ക്യാമ്പ്... മലവും മൂത്രവും ദുർഗന്ധവും... അത്ഭുതകരമാണ് രഹസ്യങ്ങളൊന്നും ആരും പറഞ്ഞില്ല എന്നത്.
മനസ്സാണ്. മനക്കരുത്ത് മാത്രമേയുള്ളൂ. സ്വന്തം രാഷ്ട്രീയത്തിലുള്ള വിശ്വാസവും. ഞങ്ങളെ കോടതിയിൽ ഹാജരാക്കുന്നതിന് രണ്ടാഴ്ച മുമ്പ് ഒരു ദിവസം പടിക്കൽ എന്നെ അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു. ഞാൻ ചെന്നശേഷം മറ്റ് അഞ്ചുപേരെയും കൊണ്ടുവരുന്നു. എന്നിട്ട് പടിക്കൽ പരിഹാസത്തോടെ പറഞ്ഞു, 'വേണൂ, നിങ്ങടെ സംസ്ഥാനക്കമ്മറ്റി കൂടിക്കോ' എന്ന്.
പിന്നീട് ജയറാം പടിക്കലിനെ ഉന്മൂലനം ചെയ്യാനൊരു പദ്ധതി ഉണ്ടായിരുന്നില്ലേ?
രാജൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് ജയറാം പടിക്കലിനെതിരായി കോടതിയിൽ കേസുവന്നു. എന്നാൽ, അവർ ആവശ്യപ്പെട്ടതു പ്രകാരം കേസ് കോയമ്പത്തൂർ കോടതിയിലേക്ക് മാറ്റി. ആറ് മാസമോ മറ്റോ വെറും തടവ് പോലുള്ള നിസ്സാര ശിക്ഷയാണ് കോടതി അവർക്ക് വിധിച്ചത്. അത് സഖാക്കൾക്ക് വലിയൊരു വിഷമമായി. ശിക്ഷകഴിഞ്ഞ് പടിക്കലും മറ്റും പുറത്തിറങ്ങിയതൊക്കെ വലിയ വാർത്തയായിരുന്നു. വിപ്ലവ പ്രസ്ഥാനത്തിനെതിരായി അതിഭീകരമായ അടിച്ചമർത്തൽ നടത്തിയ ജയറാം പടിക്കലിനെ വെറുതെ വിടാൻ പാടില്ല എന്നൊരു ചിന്ത ശക്തമായി ഉയർന്നു. പൊതുവിൽ ഉന്മൂലന സമരം നിർത്തിവെച്ചെങ്കിലും പടിക്കലിൻ്റെ കാര്യത്തിൽ അത് പ്രത്യകമായിത്തന്നെ നടപ്പിലാക്കേണ്ടതാണ് എന്ന അഭിപ്രായത്തിന് ഊന്നൽ കിട്ടി. അതിനുവേണ്ടി ഒരു സ്കോഡ് രൂപീകരിച്ചു.
എറണാകുളം സൗത്തിൽ ജയറാം പടിക്കൽ ഒരു ടെക്സ്റ്റൈൽ ഷോപ്പ് നടത്തുന്നുണ്ട്. സ്വന്തം പേരിലാണോ എന്നറിയില്ല. അയാളെന്നും കാറിൽ വന്നിറങ്ങി ഷോപ്പിലേക്ക് കയറിപ്പോകുന്നത് ദിവസങ്ങളോളം നിരീക്ഷിച്ച് ഉറപ്പുവരുത്തിയിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. മൂന്നുപേരുള്ള ടീമിനാണ് ചുമതല. നടപ്പിലാക്കേണ്ട ദിവസം വന്നപ്പോൾ ഒരാൾ പിൻവാങ്ങി, തനിക്ക് കഴിയില്ല എന്നു പറഞ്ഞിട്ട്. മാനസിക സംഘർഷവും പേടിയും. മറ്റ് രണ്ടുപേർ ഉന്മൂലനം നടത്താൻ തീരുമാനിച്ചതാണ്. പക്ഷേ, സാധിച്ചില്ല. അവരവിടെ കാത്തുനിന്നെങ്കിലും പടിക്കൽ വണ്ടിയിൽ വന്നിറങ്ങി പെട്ടെന്നങ്ങ് ഷോപ്പിലേക്ക് കയറിപ്പോയി. സഖാക്കൾക്കെന്തോ ആ സമയം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. അങ്ങനെ അത് നടക്കാതെ പോയി. പിന്നീട് അതിനു വേണ്ടി ശ്രമിച്ചില്ല. ഒരു തവണ പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കേണ്ടതാണ്. പക്ഷേ, അപ്പഴേക്കും ആ രാഷ്ട്രീയ ചിന്താഗതികളില് വലിയ മാറ്റം വന്നു കഴിഞ്ഞിരുന്നു.
(തുടരും)