കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 15
എം.ജി.ശശി: നമ്മുടെ ഈ സംഭാഷണം മുന്നോട്ട് പോകുമ്പോൾ; കെ.വേണു സംഘികൾക്ക് ക്ലാസെടുക്കുന്നു, വർഗ്ഗീയവാദികളുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
കെ.വേണു: അതുണ്ടാകും. ഫെയ്സ്ബുക്കിൽ സി.പി.എം സൈബർ സംഘം എന്നവകാശപ്പെടുന്ന ചിലർ ഞാനെന്തെങ്കിലും പറഞ്ഞാൽ തെറി വിളിക്കാൻ തയ്യാറായി ഉണ്ടായിരുന്നു. എൻ്റെ മറുപടിയില്ല എന്നു വന്നപ്പോൾ, അവർ മറ്റാരെങ്കിലും എന്നെക്കുറിച്ച് പറഞ്ഞതിൽ കയറിപ്പിടിക്കാൻ തുടങ്ങി. അപ്പോഴും ഞാൻ പ്രതികരിക്കാറില്ല. ഇപ്പോൾ സണ്ണി കപിക്കാടുമായുള്ള എൻ്റെ സംഭാഷണമാണ് വിഷയം.
ഒരു യുക്തിവാദി ഗ്രൂപ്പാണ് അത് സംഘടിപ്പിച്ചത്. മറ്റൊരു യുക്തിവാദി ഗ്രൂപ്പാണ് ഇത്തവണ ആക്രമണവുമായി രംഗത്തുള്ളത്. എതിർ നിലപാടുകാരുടെ മീറ്റിംഗുകളിൽ ഞാൻ പങ്കെടുക്കാറുണ്ട് എന്നത് ഒരു രഹസ്യമേയല്ല. ആർ.എസ്.എസ് വേദികളിലെ പല ചർച്ചകളിലും ഞാൻ പരസ്യമായി പങ്കെടുത്തിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് തൃശൂർ തേക്കിൻകാട് മൈതാനത്ത് അവരുടെ വേദിയിൽ പങ്കെടുത്തിട്ടുണ്ട്.
ഏത് വേദിയിലും പങ്കെടുക്കുകയും, എവിടെയും എനിക്ക് പറയാനുള്ളത് വിട്ടുവീഴ്ചയില്ലാതെ പറയുകയും ചെയ്യുക എന്നതാണ് എൻ്റെ സമീപനം. ഏതുതരം രാഷ്ട്രീയ-വർഗ്ഗീയ നിലപാടുകാരുടേയും വേദികളിൽ അവർക്കെതിരെത്തന്നെ സംസാരിക്കുക എന്നതു തന്നെയാണ്. ഇതിൽ പറയുന്ന RSS കാര്യാലയത്തിലെ പരിപാടിയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെക്കുറിച്ചുള്ള എൻ്റെ പ്രഭാഷണം തുടങ്ങിയതു തന്നെ ഇന്ത്യൻ സമൂഹം ഇന്ന് നേരിടുന്ന മുഖ്യ ഭീഷണി ഹിന്ദുത്വ രാഷട്രീയത്തിൻ്റെ മേധാവിത്തമാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള വർഗ്ഗീയ നിലപാടുമായി ഐക്യപ്പെടാനോ വർഗ്ഗീയ വാദിയാകാനോ എനിക്കാവില്ല. പക്ഷേ, പരിപാടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ അവഗണിക്കാറാണ് പതിവ്. ഇവിടെയും അതു തന്നെ. Ignore it.
അധികാര മോഹം...
എം.എൽ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലുണ്ടായിരുന്ന ചിലരൊക്കെ 1996-ൽ കെ.വേണുവിന് മന്ത്രിയാകാൻ മോഹമുണ്ടായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ...
മുരളി കണ്ണമ്പിള്ളിയാണ് അങ്ങനെ പറഞ്ഞിട്ടുള്ളത് എന്നാണ് അറിയുന്നത്. 1996-ൽ കൊടുങ്ങല്ലൂരിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ച സമയത്ത്, സി.പി.ഐ-യുടെ മീനാക്ഷി തമ്പാൻ സ്ഥിരം ജയിക്കുന്ന സീറ്റാണ് അതെന്നും, ആലപ്പുഴയിലോ മറ്റോ ഉറപ്പായും വിജയിക്കാൻ പറ്റിയ സീറ്റ് തരാമെന്നും ഗൗരിയമ്മ പറഞ്ഞപ്പോൾ, സ്വന്തം നാടായ കൊടുങ്ങല്ലൂരിൽത്തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ച് അവിടെത്തന്നെ മത്സരിക്കുകയായിരുന്നു. എം.എൽ.എ ആവാനുള്ള താല്പര്യം കൊണ്ടല്ല മത്സരിക്കുന്നത്.
എതിർ നിലപാടുകാരുടെ മീറ്റിംഗുകളിൽ ഞാൻ പങ്കെടുക്കാറുണ്ട് എന്നത് ഒരു രഹസ്യമേയല്ല. ആർ.എസ്.എസ് വേദികളിലെ പല ചർച്ചകളിലും ഞാൻ പരസ്യമായി പങ്കെടുത്തിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് തൃശൂർ തേക്കിൻകാട് മൈതാനത്ത് അവരുടെ വേദിയിൽ പങ്കെടുത്തിട്ടുണ്ട്.
നക്സലേറ്റ് രാഷ്ട്രീയം പൂർണ്ണമായി വിട്ടിട്ടും പത്രങ്ങളും ജനങ്ങളും നക്സലേറ്റ് എന്ന പ്രയോഗം എന്നെപ്പറ്റി തുടർന്നുകൊണ്ടിരുന്നു. തെരഞ്ഞെടുപ്പു രാഷ്ട്രീയക്കാരനായാൽ ആ നക്സലേറ്റ് മുദ്ര ഒഴിവായിക്കിട്ടുമല്ലോ എന്നാണ് വ്യക്തിപരമായി ഞാൻ ചിന്തിച്ചിരുന്നത്. സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൻ്റേയും പുതിയ ജനാധിപത്യ സമവാക്യങ്ങളുടേയും പ്രയോഗം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എത്രത്തോളം സാദ്ധ്യമാക്കാമെന്നത് പരീക്ഷിക്കുക കൂടി ആയിരുന്നു അന്ന്. എന്നാൽ, രാഷ്ട്രീയ എതിരാളികൾ ഇതൊന്നും അംഗീകരിക്കണമെന്നില്ലല്ലോ. അതുകൊണ്ടു തന്നെയാണ് ഞാൻ മന്ത്രിയാകാൻ മോഹിച്ചിരുന്നു എന്നെല്ലാം പ്രചരിപ്പിക്കുന്നത്.
ദാർശനിക ശൂന്യത
ദാർശനിക ശൂന്യതയുടെ ഒരു കാലമുണ്ടായിരുന്നു എന്ന് കേവി സ്വയം പറയാറുണ്ടല്ലോ...
1991-ൽ പാർട്ടി നേതൃത്വത്തിൽ നിന്ന് രാജി വെച്ചെങ്കിലും കുറച്ചു കാലം കൂടി ആ പ്രസ്ഥാനവുമായുള്ള ബന്ധം അനൗപചാരികമായി നിലനിർത്തിയിരുന്നു. മാർക്സിസം പോലുള്ള ഒരു സമഗ്ര ദാർശനിക പദ്ധതി തള്ളിക്കളയുന്നതോടുകൂടി പകരം സമാനമായ ഒരു ദാർശനിക ചട്ടക്കൂട് കണ്ടെത്തുക എളുപ്പമായിരുന്നില്ല. മാർക്സിസത്തിൻ്റെ രാഷ്ട്രീയ ചട്ടക്കൂട് പൂർണ്ണമായി തള്ളിക്കളഞ്ഞെങ്കിലും, ഭൗതികവാദ സമീപനവും വൈരുദ്ധ്യവാദവും പിന്നീടും ഞാനെൻ്റെ ചിന്തകളിൽ നിലനിർത്തിയിരുന്നു. എങ്കിലും അത് മാർക്സിസ്റ്റ് രാഷ്ട്രീയ ചട്ടക്കൂടിന് പൂർണ്ണമായും പകരം വെക്കാവുന്ന ദാർശനിക പദ്ധതി ആയിരുന്നില്ല. വ്യക്തിപരമായിപ്പോലും അതൊരു വലിയ ദാർശനിക ശൂന്യതയായി മാറി. ഗൗരിയമ്മ, ജെ.എസ്.എസ്, സമീക്ഷ... എന്നിങ്ങനെ പ്രവർത്തനമേഖലകൾ പലതുമുണ്ടാരുന്നെങ്കിലും മേൽപ്പറഞ്ഞ ദാർശനിക ശൂന്യതക്ക് അതൊന്നും പരിഹാരമായിരുന്നില്ല. 2010-നു ശേഷം ജനാധിപത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരു പുതിയ മാനം ലഭിച്ചതോടുകൂടിയാണ് ആ ശൂന്യതക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാവുന്നത്. ജനാധിപത്യ അന്വേഷണത്തിൻ്റെ ദർശനം ഇനിയും തീർച്ചയായും രൂപപ്പെട്ടു വരേണ്ടതായുണ്ട്.
RSS കാര്യാലയത്തിലെ പരിപാടിയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെക്കുറിച്ചുള്ള എൻ്റെ പ്രഭാഷണം തുടങ്ങിയതു തന്നെ ഇന്ത്യൻ സമൂഹം ഇന്ന് നേരിടുന്ന മുഖ്യ ഭീഷണി ഹിന്ദുത്വ രാഷട്രീയത്തിൻ്റെ മേധാവിത്തമാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു. ഏതെങ്കിലും തരത്തിലുള്ള വർഗ്ഗീയ നിലപാടുമായി ഐക്യപ്പെടാനോ വർഗ്ഗീയ വാദിയാകാനോ എനിക്കാവില്ല.
നഷ്ടബോധം
ശാസ്ത്രജ്ഞനായില്ല, പ്രൊഫസറായില്ല, അധികാര സ്ഥാനങ്ങളിലെത്തിയില്ല, ധനികനായില്ല, വിപ്ലവം നടന്നതുമില്ല... മുക്കാൽ നൂറ്റാണ്ടു പിന്നിട്ട, എട്ട് ദശകങ്ങളിലേക്കെത്തുന്ന ജീവിതത്തിൽ വ്യക്തിപരമായ നഷ്ടബോധങ്ങളുണ്ടോ?
ചെറുപ്പത്തിൽ ആഗ്രഹിച്ചിരുന്നെങ്കിലും ശാസ്ത്രജ്ഞനാകാത്തതിൽ ഇപ്പോൾ നിരാശയില്ല. തുടങ്ങി വെച്ച ഗവേഷണ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഏതെങ്കിലും ചെറിയൊരു ശാസ്ത്ര മേഖലയിൽ ഒതുങ്ങുമായിരുന്നു എന്നാണ് തോന്നുന്നത്. അധികാര സ്ഥാനങ്ങളിൽ ഒരിക്കലും താല്പര്യമുണ്ടായിരുന്നില്ല. നേതൃപദവികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിരന്തരം ശ്രമിച്ചു പോന്നിട്ടുണ്ട്. ആശയരംഗത്ത് എന്നും മുൻപന്തിയിലായിരുന്നതുകൊണ്ട് പല നേതൃത്വ പദവികളും അടിച്ചേല്പിക്കപ്പെടുകയായിരുന്നു. അച്ചടക്കം പാലിക്കാൻ ശീലിച്ചതുകൊണ്ടാണ് പലപ്പോഴും നേതൃപദവികൾ ഏറ്റെടുത്തത്. ആശയ വ്യതിയാനത്തിൻ്റെ സന്ദർഭം ഉണ്ടായപ്പോൾ നേതൃപദവിയിൽ നിന്ന് രാജിവെക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ധനികനാവാനും ആഗ്രഹിച്ചിട്ടില്ല. നിർമാണ മേഖലയിൽ ഏറ്റെടുത്ത ജോലികളിലൂടെ, കുട്ടികൾക്കു വേണ്ടി വീടും അത്യാവശ്യം സൗകര്യങ്ങളുമായപ്പോൾ ആ പണിയും അവസാനിപ്പിച്ചു. അത് തുടർന്നിരുന്നെങ്കിൽ സമ്പന്നനാകാമായിരുന്നു. താല്പര്യമുണ്ടായില്ല.
വിപ്ലവം നടക്കാതെ പോയത് നന്നായി എന്നാണ് കരുതുന്നത്. ഒരു സ്വേച്ഛാധിപത്യ ഭരണം കൂടി കാണേണ്ടി വന്നില്ലല്ലോ. രാഷ്ട്രീയ രംഗത്തേക്ക് യാദൃച്ഛികമായാണ് എത്തിയതെങ്കിലും അതിലൂടെ ഇന്നെത്തിച്ചേരാൻ കഴിഞ്ഞ ഏറ്റവും വികസിതമായ സാമൂഹ്യ-രാഷ്ട്രീയ ചിന്തയിൽ ഞാൻ സന്തുഷ്ടനാണ്. ഇന്നേവരെ എനിക്ക് ബോദ്ധ്യപ്പെടാത്ത ഒരു വാക്കു പോലും എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല എന്നതിലും ഏറെ സന്തുഷ്ടനാണ്. ഈ ജീവിതത്തിൽ നഷ്ടബോധം ഒട്ടുമില്ല. എൻ്റെ മനസ്സിൽ സന്യാസത്തോടടുത്തു നിൽക്കുന്ന ഒരു തലം ഏത് പ്രതിസന്ധി ഘട്ടത്തിലും മായാത്ത പുഞ്ചിരിയോടെ എന്നും നിലനിന്നു പോന്നിട്ടുണ്ട്. അതിന്നും തുടരുന്നു.
(തുടരും)