‘ഏതു തീവ്രവാദവും
ജനാധിപത്യ മുന്നേറ്റത്തിന്
സഹായകരമല്ല’

കമ്മ്യൂണിസത്തിൻ്റെ പേരിലോ അല്ലാതെയോ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ, മനുഷ്യസമൂഹത്തിൻ്റെ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് സഹായകരമല്ല എന്നു തന്നെയാണ് എൻ്റെ നിലപാട്. വിപ്ലവത്തിനു വേണ്ടിയുള്ള തീവ്രവാദമായാലും, സോഷ്യലിസ്റ്റ് തീവ്രവാദമായാലും, മതതീവ്രവാദമായാലും, അധികാരത്തിൻ്റെ സ്വേച്ഛാധിപത്യ തീവ്രവാദമായാലും; തീവ്രവാദം തീവ്രവാദം തന്നെയാണ്- കെ. വേണുവുമായി എം.ജി. ശശി നടത്തുന്ന ദീർഘസംഭാഷണം തുടരുന്നു.

കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 17

പരിമിത
ജനാധിപത്യം

എം.ജി.ശശി: ഇന്ത്യൻ ജനാധിപത്യത്തിലെ പോസിറ്റീവ് ആയ ചില വശങ്ങളെ അംഗീകരിക്കുന്ന കേവി, മുമ്പ് ഇവിടെയുള്ളത് കപട ജനാധിപത്യമാണ് എന്ന നിലപാടെടുത്തിരുന്നല്ലോ. പരിമിത ജനാധിപത്യത്തെ മനസ്സിലാക്കുന്നതിൽ വീഴ്ച്ച പറ്റിയോ?

കെ.വേണു: 1980-കളുടെ ആദ്യ പകുതിയിൽ മഹാരാഷ്ട്രയിൽ വെച്ച് അഖിലേന്ത്യാ തലത്തിൽ പത്തു ദിവസത്തിലധികം നീണ്ടുനിന്ന ഒരു പഠനക്യാമ്പ് നടത്തിയിരുന്നു. മൂന്നാം ലോകരാജ്യങ്ങൾ സാമ്രാജ്യത്വത്തിൻ്റെ പരോക്ഷ നിയന്ത്രണത്തിലുള്ള പുത്തൻ കൊളോണിയൽ രാജ്യങ്ങളായിരിക്കുന്നു എന്ന് സമർത്ഥിക്കുന്ന സമീർ അമീൻ പോലുള്ള മൂന്നാം ലോക ചിന്തകരുടെ സിദ്ധാന്തങ്ങളൊക്കെ അവിടെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. അപ്പോഴും 'പരിമിത ജനാധിപത്യം' എന്ന സങ്കല്പം പരിഗണിക്കപ്പെട്ടിരുന്നില്ല. ബൂർഷ്വാ ജനാധിപത്യത്തിൽ നിന്ന് സോഷ്യലിസ്റ്റ് ജനാധിപത്യത്തിലേക്കാണ് മുന്നേറുക എന്ന് ചിന്തിച്ചിരുന്നതുകൊണ്ട്, അതിനിടയിൽ ഒരു പരിമിത ജനാധിപത്യ സങ്കല്പത്തിന് പ്രസക്തിയുണ്ടായിരുന്നില്ല.

പരിമിത ജനാധിപത്യം ബാഹ്യ തലത്തിലെങ്കിലും നിലനിൽക്കുന്നില്ലേ? പത്രസ്വാതന്ത്ര്യവും മറ്റും സംരക്ഷിക്കാനായി നടത്തുന്ന സമരങ്ങൾ പ്രസക്തമല്ലേ?

ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരങ്ങൾ ആവശ്യമാണ് എന്നു തന്നെയാണ് ഇപ്പോൾ കാണുന്നത്. എന്നാൽ, നക്സലേറ്റ് പ്രസ്ഥാനം ആരംഭിച്ചത് മുതൽ, ഔപചാരികമായി സി.പി.ഐ (എം.എൽ) രൂപം കൊണ്ടതിനു ശേഷവും അതിൻ്റെ അടിസ്ഥാന നിലപാട് ഇന്ത്യയിൽ നിലനില്ക്കുന്നത് കപട ജനാധിപത്യമാണെന്നും വിപ്ലവം നടന്നാൽ മാത്രമേ യഥാർത്ഥ ജനാധിപത്യം സാദ്ധ്യമാകൂ എന്നുമാണ്. ഇന്ത്യ ഒരു അർദ്ധ-ഫ്യൂഡൽ അർദ്ധ-കൊളോണിയൽ രാജ്യമാണെന്ന അടിസ്ഥാന നിലപാടിൻ്റെ തുടർച്ചയായി സ്വീകരിക്കേണ്ടി വരുന്ന ഒരു രാഷ്ട്രീയ സങ്കല്പം തന്നെയാണിത്. അതേക്കുറിച്ചുള്ള പുനരാലോചനയൊന്നും ആദ്യകാലത്ത് നടന്നിരുന്നില്ല.

1980-കളുടെ രണ്ടാം പകുതിയിലാണ് പുനരാലോചനകൾ പലതും സംഭവിക്കുന്നത്. ഭാഷാ-ദേശീയതകൾ, ജാതി, സ്ത്രീ-പുരുഷ ബന്ധം തുടങ്ങി പല വിഷയങ്ങളും അന്ന് ചർച്ച ചെയ്യുകയുണ്ടായി. ഭാഷാ-ദേശീയതകളുടെ പ്രശ്നമാണ് ആശയപരമായ ചേരിതിരിവിലേക്ക് നയിച്ചത്. അതിനോടൊപ്പമാണ് ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പുനരാലോചനകൾ ആരംഭിക്കുന്നത്. ഞാനുൾപ്പെടുന്ന അഖിലേന്ത്യാ കമ്മിറ്റി പഴയ നിലപാടിൽത്തന്നെ തുടർന്നപ്പോൾ സോമശേഖരൻ, ജയകുമാർ തുടങ്ങിയവരുടെ നിയന്ത്രണത്തിലായിരുന്ന കേരള കമ്മിറ്റിയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് പരിമിത ജനാധിപത്യമാണെന്നും, അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണെന്നുമുള്ള പുതിയൊരു രാഷ്ട്രീയ ചർച്ച തുടങ്ങി വെച്ചത്. ആ ചർച്ച അധികം മുന്നോട്ടു പോകുന്നതിന് മുമ്പുതന്നെ ചേരിതിരിവ് പിളർപ്പിലേക്കെത്തുകയായിരുന്നു.

1980-കളിലെ സി.പി.ഐ (എം.എൽ) സമ്മേളനം.
1980-കളിലെ സി.പി.ഐ (എം.എൽ) സമ്മേളനം.

ഇന്ത്യൻ ജനാധിപത്യം ലോക നിലവാരത്തിലുള്ളതാണെന്ന് കേവി പിന്നീട് വിലയിരുത്തിയിട്ടുണ്ടല്ലോ...

അടിയന്തരാവസ്ഥക്ക് മുമ്പും അടിയന്തരാവസ്ഥക്കാലത്തും അടിയന്തരാവസ്ഥക്കു ശേഷവും ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യം കപടമെന്ന നിലക്ക് തള്ളിക്കളഞ്ഞപ്പോൾ പ്രായോഗിക തലത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരികയുണ്ടായി. പക്ഷേ, പരിമിത ജനാധിപത്യമാണ് ഇവിടെ നിലനിൽക്കുന്നതെന്ന വാദം സ്വീകാര്യമായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യത്തിൻ്റെ നിലവാരമില്ലാത്ത രണ്ടാംതരം ജനാധിപത്യമാണ് ഇന്ത്യ ഉൾപ്പടെയുള്ള മൂന്നാം ലോകരാജ്യങ്ങളിലേത് എന്ന ഒരു സങ്കല്പം അതിന് പിന്നിലുണ്ടായിരുന്നു എന്നാണ് ചിന്തിച്ചിരുന്നത്. സൈദ്ധാന്തികമായി ആ വാദം സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ, ഇന്ത്യയിൽ ഫ്യൂഡലിസം ശക്തമായി നിലനിന്ന സാഹചര്യത്തിൽ രൂപംകൊണ്ട ജനാധിപത്യം എന്ന നിലക്ക്, അതിൻ്റെ പരിമിത സ്വഭാവം മനസ്സിലാക്കേണ്ടതായിരുന്നു എന്ന്, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ സ്വയം വിമർശനപരമായി കാണുന്നുണ്ട്. പിൽക്കാലത്ത്; ഗാന്ധിയൻ കാലഘട്ടത്തിലെ ഇന്ത്യൻ മതേതര ജനാധിപത്യത്തിൻ്റെ വളർച്ചയെക്കുറിച്ച് പഠിച്ചു കൊണ്ട്, സമീപകാലത്ത് ലോക രാഷ്ട്രീയ സമൂഹം ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ഒന്നാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രകിയ എന്ന് ഞാൻ എഴുതിയിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യം ലോക നിലവാരത്തിലുള്ളതാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.

ആഗോളതലത്തിലെ ജനാധിപത്യ പ്രക്രിയയെ ഇപ്പോൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഗോത്രകാലഘട്ടം മുതൽ മനുഷ്യസമൂഹത്തിൽ സംഭവിച്ചുകൊണ്ടിരുന്ന ജനാധിപത്യ പ്രക്രിയയുടെ വികസിത രൂപമാണ് ആധുനിക ജനാധിപത്യം. മത ഫാസിസം, സൈനിക ഫാസിസം, കമ്മ്യൂണിസ്റ്റ് ഫാസിസം എന്നിങ്ങനെ ശക്തമായ ജനാധിപത്യവിരുദ്ധ ശക്തികൾ ഇപ്പോഴും ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും ജനാധിപത്യ പ്രക്രിയ മുന്നോട്ടു തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾക്കിടയിലുമുള്ള ജനാധിപത്യ പ്രക്രിയ നാളിതുവരെയില്ലാത്ത ഒരു ജനാധിപത്യ അന്തരീക്ഷമാണ് ലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ് രാജ്യങ്ങൾക്കിടയിലെ ജനാധിപത്യം എന്ന പുതിയ ചരിത്രപ്രകിയ പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക യുദ്ധങ്ങൾ തുടരുന്നുണ്ടെങ്കിലും ഒരു മൂന്നാം ലോകയുദ്ധം ഒഴിവാക്കിയതും ഇനിയത് നടക്കാനുള്ള സാദ്ധ്യത ഏറെക്കുറെ ഇല്ലാതാക്കിയതും ഈ പുതിയ ചരിത്ര പ്രക്രിയയിലൂടെയാണ്. പൗരാവകാശ സംരക്ഷണം മുതൽ രാജ്യങ്ങൾക്കിടയിലെ ജനാധിപത്യം വരെ മനുഷ്യ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും ജനാധിപത്യ പ്രകിയ വ്യാപിച്ചു കിടക്കുകയാണ്. ജനാധിപത്യ വിരുദ്ധ ശക്തികൾ സർവ്വ വ്യാപികളായതു കൊണ്ടുതന്നെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യാപകമാണ്. പുതിയ തലമുറകളിൽ ഇത്തരം അന്വേഷണങ്ങൾ വെല്ലുവിളിയായി ഏറ്റെടുക്കുന്നവർ കുറവല്ലെന്ന് കാണാം.

മാർക്സിയൻ
ചരിത്രവിശകലനം

മാർക്സിയൻ ചരിത്രവിശകലന രീതിയിലെ പരിമിതികളെക്കുറിച്ച് കേവി പറയാറുണ്ടല്ലോ...

മാർക്സിസത്തിന് മുമ്പു തന്നെ ഭൗതികവാദം നിലനിന്നിരുന്നു. മാർക്സിയൻ ദർശനത്തിലെ ഭൗതികവാദവും വൈരുദ്ധ്യവാദവും എന്നെ സംബന്ധിച്ചിടത്തോളം സ്വീകാര്യം തന്നെയാണ്. എന്നാൽ, മനുഷ്യ ചരിത്രത്തെ അടിമത്തം ഫ്യൂഡലിസം മുതലാളിത്തം എന്നെല്ലാമുള്ള ഘട്ടങ്ങളായി തിരിച്ച്, ഒരോ ഘട്ടത്തിലും മേധാവിത്തത്തിലുള്ള വർഗ്ഗത്തിൻ്റെ മുൻകയ്യിൽ നടക്കുന്ന വർഗ്ഗാധിപത്യമാണ് മനുഷ്യ സമൂഹത്തിൻ്റെ ചലന പ്രക്രിയയെ നിയന്ത്രിക്കുന്നത് എന്ന മാർക്സിസ്റ്റ് ചരിത്ര വിശകലനം യാന്ത്രികമാണ്. സമൂഹത്തിൻ്റെ ചലനാത്മകമായ പരിണാമ പ്രക്രിയ മനസ്സിലാക്കാൻ ഈ രീതി സഹായകമല്ലെന്ന് പിൽക്കാല പഠനങ്ങളിലൂടെ എനിക്ക് ബോദ്ധ്യമായിട്ടുള്ളതാണ്. ജനാധിപത്യ പ്രക്രിയയെ മനസ്സിലാക്കാൻ ഈ വർഗ്ഗ ന്യൂനീകരണ രീതിയിലൂടെ സാദ്ധ്യമല്ലെന്നും തിരിച്ചറിയുകയുണ്ടായി.

മാർക്സിസ്റ്റു വീക്ഷണപ്രകാരം ഭാഷാ-ദേശീയതകൾ ബൂർഷ്വാ വർഗത്തിൻ്റെ വിപണി താല്പര്യം സംരക്ഷിക്കാൻ വേണ്ടി രൂപം കൊണ്ടതാണത്രെ. വർഗ താല്പര്യം മാത്രമാണ് അവിടെ പരിഗണിക്കുന്നത്. യഥാർത്ഥത്തിൽ ഒരു ഭാഷാ സമൂഹത്തിൻ്റെ ദേശീയ ബോധത്തിൽ വർഗ്ഗത്തിന് ഒരു പങ്കുമില്ല. തികച്ചും വർഗ്ഗാതീതമായ -വർഗ്ഗേതരമായ ദേശീയ ബോധമാണ് ഒരു ഭാഷാ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്നത്. മത-ജാതി-സാമൂഹ്യ പ്രക്രിയകൾ, സ്ത്രീ-പുരുഷ ബന്ധം പോലുള്ള വർഗ്ഗേതരമായ സാമൂഹ്യ പ്രക്രിയകൾ എന്നിവ മനസ്സിലാക്കാനും ഈ വർഗ്ഗമാത്ര സമീപനം സഹായകമല്ല. ജനാധിപത്യത്തിന്റെ ആരംഭ പ്രക്രിയയിലേക്കുള്ള അന്വേഷണം നമ്മെ എത്തിക്കുന്നത് ഗോത്ര കാലഘട്ടത്തിൽ ഭാഷയുടെ ഉൽഭവത്തിൻ്റെ സന്ദർഭത്തിലേക്കാണ്.

മാർക്സിസ്റ്റു വീക്ഷണപ്രകാരം ഭാഷാ-ദേശീയതകൾ ബൂർഷ്വാ വർഗത്തിൻ്റെ വിപണി താല്പര്യം സംരക്ഷിക്കാൻ വേണ്ടി രൂപം കൊണ്ടതാണത്രെ.
മാർക്സിസ്റ്റു വീക്ഷണപ്രകാരം ഭാഷാ-ദേശീയതകൾ ബൂർഷ്വാ വർഗത്തിൻ്റെ വിപണി താല്പര്യം സംരക്ഷിക്കാൻ വേണ്ടി രൂപം കൊണ്ടതാണത്രെ.

ഏതാണ്ട് അമ്പതിനായിരം- അറുപതിനായിരം വർഷങ്ങൾക്ക് മുമ്പ് മനുഷ്യ പൂർവിക മസ്തിഷ്കത്തിൽ നടന്ന ജനിതക മാറ്റമാണ് ഭാഷ ഉപയോഗിക്കാനുള്ള കഴിവ് ആധുനിക മനുഷ്യന് നൽകിയത് എന്ന് നമ്മൾ നേരത്തേ പറഞ്ഞിട്ടുണ്ട്. വാക്കുകളിലൂടെ ആശയ വിനിമയം സാദ്ധ്യമായതോടെയാണ് ജനാധിപത്യ പ്രകിയക്ക് തുടക്കം കുറിക്കുന്നത്. ഈ ജനാധിപത്യ പ്രക്രിയയുടെ പരിണാമവും തുടർച്ചയുമാണ് നാളിതുവരെയുള്ള മനുഷ്യ സമൂഹചരിത്രം. രണ്ടു കാലിൽ മനുഷ്യ പൂർവികർ നടക്കാൻ തുടങ്ങിയതോടെയാണ്, സ്വതന്ത്രമായ കൈകൾ കൊണ്ട് ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മനുഷ്യ സമൂഹചരിത്രം ആരംഭിച്ചതെന്ന മാർക്സിസ്റ്റ് ചരിത്ര വ്യാഖ്യാനം അംഗീകരിക്കുന്നവർ ഇന്ന് കുറവാണ്.

അപ്പോൾ നാളിതുവരെയുള്ള മനുഷ്യ സമൂഹത്തിൻ്റെ ചരിത്രം വർഗ്ഗസമരത്തിൽ അധിഷ്ഠിതമാണെന്ന നിലപാടിനെ തള്ളിക്കളയുകയാണോ?

മനുഷ്യ സമൂഹചരിത്രത്തിൽ വർഗ്ഗവിഭജനവും വർഗ്ഗസമരവും നിലനില്ക്കുന്നുണ്ട്, ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നത് ശരി തന്നെ. പക്ഷേ, എല്ലാ ചരിത്ര പ്രകിയകളിലും വർഗ്ഗസമരമാണ് നിർണ്ണായക പങ്കു വഹിക്കുന്നതെന്ന മാർക്സിസ്റ്റ് നിലപാട് വർഗ ന്യൂനീകരണം (Class Reductionism) ആണെന്ന വിമർശനം നിലവിലുണ്ട്. ആ വിമർശനം ശരിയാണെന്ന് ഞാൻ കരുതുന്നു. മുകളിൽ പറഞ്ഞതു പോലെ പല പ്രധാന സാമൂഹ്യ പ്രക്രിയകളിലും വർഗത്തിന് ഒരു പങ്കുമില്ല.

CRC CPI (ML) പിളരുന്നു

1987-ൽ പാർട്ടി പിളർന്നല്ലോ. രണ്ട് വിഭാഗങ്ങളായി മാറുന്നതിനു തൊട്ടുമുമ്പുള്ള സംസ്ഥാന പ്രവർത്തക സമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. അന്ന് കേവിയുടെ നിലപാടിനൊപ്പം നിന്ന നമ്മൾ ന്യൂനപക്ഷമായിരുന്നു. ആകെ 9 പേരോ മറ്റോ...

അതെ. മാവോക്ക് ശേഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം മുതലാളിത്ത പാതക്കാരുടെ നിയന്ത്രണത്തിലായി എന്ന് നിലപാടെടുക്കുന്ന മാവോയിസ്റ്റു സംഘടനകളുടെ ലോക സമ്മേളനം നടന്നത് 1984-ൽ ആണ്. അതിനു ശേഷമാണ് 1985-ൽ അഖിലേന്ത്യാ പ്ലീനം നടക്കുന്നത്. മൂന്ന് വ്യത്യസ്ത നിലപാടുകളാണ് അവിടെ ചർച്ച ചെയ്യപ്പെട്ടത്. ഭാഷാ-ദേശീയതകളുടെ മോചനത്തിന് ഊന്നൽ നൽകുന്ന അഖിലേന്ത്യാ കമ്മിറ്റിയുടെ രേഖ, അഖണ്ഡതയ്ക്ക് പ്രാധാന്യം നൽകുന്ന കേരള കമ്മിറ്റിയുടെ രേഖ, ഭാഷാ-ദേശീയ പ്രശ്നത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന ഒരു തമിഴ്നാട് രേഖ എന്നിവയായിരുന്നു അവ. അഖിലേന്ത്യാ കമ്മിറ്റി രേഖക്കാണ് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയതെങ്കിലും കേവല ഭൂരിപക്ഷം കിട്ടിയില്ല.

അതുകൊണ്ട് മൂന്നു നിലപാടുകളേയും പ്രതിനിധാനം ചെയ്യുന്ന ഒരു കമ്മിറ്റിക്ക് രൂപം നൽകി. ഒരു ഏകോപന സമിതി പോലെ. എന്നാൽ, ഈ കമ്മിറ്റിയുടെ പ്രവർത്തനം അസാദ്ധ്യമാക്കും വിധമുള്ള ഇടപെടലുകളാണ് കേരളാ കമ്മിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. എട്ട് സംസ്ഥാനങ്ങളിൽ സംഘടനക്ക് കമ്മിറ്റികൾ ഉണ്ടായിരുന്നെങ്കിലും സംഘടനാപരമായ കെട്ടുറപ്പും ശക്തിയുമെല്ലാം കൂടുതലുള്ളത് കേരളാ കമ്മിറ്റിക്കായിരുന്നു. അതുകൊണ്ട് അഖിലേന്ത്യാ കമ്മിറ്റിയുടെ തീരുമാനങ്ങൾ അവഗണിക്കുക, നടപ്പിലാക്കാതിരിക്കുക തുടങ്ങിയ രീതികളാണ് കേരളത്തിലെ കമ്മറ്റി സ്വീകരിച്ചത്. 1987 മദ്ധ്യത്തിൽ അഖിലേന്ത്യാ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. അതിന് വേണ്ടി അഖിലേന്ത്യാ കമ്മിറ്റി തയ്യാറാക്കിയ രേഖകളെക്കുറിച്ച് 1987 ജനുവരി മുതൽ സംഘടനക്കുള്ളിൽ ചർച്ചകൾ ആരംഭിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, കേരളാ കമ്മിറ്റി അത്തരം ചർച്ച ആരംഭിക്കാനോ മറ്റ് സംഘടനാ പ്രവർത്തനങ്ങൾ നടത്താനോ തയ്യാറായില്ല.

 പിളർപ്പിനെ തുടർന്ന് കുറച്ചു കാലത്തേക്കാണെങ്കിലും രണ്ടു വിഭാഗവും കൂടുതൽ സജീവമാവുകയാണുണ്ടായത്.
പിളർപ്പിനെ തുടർന്ന് കുറച്ചു കാലത്തേക്കാണെങ്കിലും രണ്ടു വിഭാഗവും കൂടുതൽ സജീവമാവുകയാണുണ്ടായത്.

ഇത്തരം അച്ചടക്കലംഘനം അനുവദിച്ചു കൊണ്ട് ഒരു സംഘടനക്കും പ്രവർത്തിക്കാനാവില്ലെന്നതുകൊണ്ട് അഖിലേന്ത്യാ കമ്മിറ്റി, കേരളത്തിലെ കമ്മിറ്റിയെ സസ്പെൻ്റ് ചെയ്തു കൊണ്ടുള്ള തീരുമാനമെടുത്തു. അതിനോടുള്ള പ്രതികരണമെന്ന നിലക്ക് 1987 ആഗസ്റ്റിൽ കേരളാ കമ്മിറ്റിയുടെ മുൻകയ്യിൽ കോഴിക്കോട് വെച്ച് ഒരു പ്രവർത്തക സമ്മേളനം നടത്തുകയും അത് തമ്മിൽത്തമ്മിലുള്ള ശക്തിപ്രകടനമാകുകയും ചെയ്തു. അപ്പോൾ പുതിയ പേരൊന്നും സ്വീകരിച്ചിരുന്നില്ലെങ്കിലും താമസിയാതെത്തന്നെ സി.പി.ഐ (എം. എൽ) റെഡ് ഫ്ലാഗ് എന്ന പേര്, കേരളാ കമ്മറ്റിയുടെ നിലപാടിൽ നിൽക്കുന്നവർ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ഒന്നര പതിറ്റാണ്ടു കാലമായി പിളർപ്പുകളോ ചേരിതിരിവുകളോ ഒന്നുമില്ലാതെ ചിട്ടയായി പ്രവർത്തിച്ചിരുന്ന കേരളത്തിലെ നക്സൽ പ്രസ്ഥാനം രണ്ടായി പിളർന്നു. അഖിലേന്ത്യാ തലത്തിലും അത് ബാധിച്ചു. മദ്ധ്യപ്രദേശ്, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ കമ്മിറ്റികൾ കേരളത്തിലെ കമ്മിറ്റിയോടൊപ്പമാണ് നിന്നത്. പിളർപ്പിനെ തുടർന്ന് കുറച്ചു കാലത്തേക്കാണെങ്കിലും രണ്ടു വിഭാഗവും കൂടുതൽ സജീവമാവുകയാണുണ്ടായത്.

തീവ്രവാദം

നക്സലേറ്റുകൾ ഉൾപ്പടെയുള്ള തീവ്രവാദികളെ 'മുമ്പേ പറക്കുന്ന പക്ഷികൾ' എന്ന് വിശേഷിപ്പിക്കാറുണ്ട്.

ആ പേരിൽ സി. രാധാകൃഷ്ണൻ്റെ ഒരു നോവലുണ്ടല്ലോ. ഏതൊരു സമൂഹത്തിലും നിലവിലുള്ള നിയമ സംവിധാനങ്ങളെയും സാമൂഹ്യ സാഹചര്യങ്ങളെയും ലംഘിച്ചു കൊണ്ട് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ തീവ്രവാദ പ്രവർത്തനമായി കണക്കാക്കാം. വിപ്ലവങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനമുന്നേറ്റങ്ങളിൽ സംഭവിക്കുന്ന അക്രമ പ്രവർത്തനങ്ങളെ തീവ്രവാദം എന്ന് പൊതുവിൽ വിശേഷിപ്പിക്കാറില്ല. എന്നാൽ, വിപ്ലവലക്ഷ്യം മുൻനിർത്തിയായാലും ചെറു സംഘങ്ങൾ നടത്തുന്ന ഒറ്റപ്പെട്ട അക്രമ പ്രവർത്തനങ്ങൾ തീവ്രവാദം തന്നെയാണ്. വിപ്ലവ ലക്ഷ്യങ്ങളില്ലാതെ; അന്യായത്തിനെതിരെയും, ന്യായമായ അവകാശങ്ങൾക്കുവേണ്ടിയും നടന്നു കൊണ്ടിരിക്കുന്ന സായുധപോരാട്ടങ്ങൾ പലതും, തീവ്രവാദ പ്രവർത്തനങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ദീർഘകാലമായി ഇസ്രായേൽ അധിനിവേശത്തിനെതിരായി പലസ്തീനികൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്തുനിൽപ്പ് പോരാട്ടങ്ങളും തീവ്രവാദമായിത്തന്നെയാണ് കണക്കാക്കപ്പെട്ടത്. അതിൻ്റെ തുടർച്ചയായി ഹമാസ് എന്ന പലസ്തീനിയൻ സംഘടന കഴിഞ്ഞ ഒരു കൊല്ലമായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളേയും തീവ്രവാദ വിഭാഗത്തിൽത്തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വടക്കു-കിഴക്കൻ മേഖലയിലെ നാഗ, മിസോ, മണിപ്പുരി ദേശീയവാദ പ്രസ്ഥാനങ്ങൾ ഏറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന സായുധപോരാട്ടങ്ങളും തീവ്രവാദമായി കണക്കാക്കപ്പെടുന്നു. നേപ്പാളിലെ രാജഭരണത്തിനെതിരായി വർഷങ്ങളോളം നടത്തിയ സായുധപോരാട്ടത്തിൻ്റെ ഫലമായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുകയുണ്ടായി. ഇന്ത്യയിൽ പഴയ നക്സലേറ്റ് പ്രസ്ഥാനത്തിൻ്റെ തുടർച്ചയായി അന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പും ബീഹാറിലെ മാവോയിസ്റ്റു സെൻ്ററും ചേർന്ന് 2004-ൽ മാവോയിസ്റ്റ് പാർട്ടി (ഇന്ത്യ) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിക്കുകയും, ഭരണകൂടത്തിന് ഭീഷണിയാകും വിധമുള്ള അക്രമപ്രവർത്തനങ്ങൾ ഏതാനും വർഷം തുടരുകയുമുണ്ടായി.

ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സർക്കാർ വർഷങ്ങൾ നീണ്ടുനിന്ന സംഘടിതമായ അടിച്ചമർത്തൽ നടപടികളിലൂടെ ആന്ധ്ര -മഹാരാഷ്ട്ര -ഛത്തീസ്ഘട്ട് സംസ്ഥാനങ്ങൾ ചേരുന്ന ദണ്ഡകാരണ്യ മേഖലയിലേക്ക് ഈ മാവോയിസ്റ്റു പ്രവർത്തനങ്ങളെ ഒതുക്കിയിട്ടുണ്ട്.
ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സർക്കാർ വർഷങ്ങൾ നീണ്ടുനിന്ന സംഘടിതമായ അടിച്ചമർത്തൽ നടപടികളിലൂടെ ആന്ധ്ര -മഹാരാഷ്ട്ര -ഛത്തീസ്ഘട്ട് സംസ്ഥാനങ്ങൾ ചേരുന്ന ദണ്ഡകാരണ്യ മേഖലയിലേക്ക് ഈ മാവോയിസ്റ്റു പ്രവർത്തനങ്ങളെ ഒതുക്കിയിട്ടുണ്ട്.

ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സർക്കാർ വർഷങ്ങൾ നീണ്ടുനിന്ന സംഘടിതമായ അടിച്ചമർത്തൽ നടപടികളിലൂടെ ആന്ധ്ര -മഹാരാഷ്ട്ര -ഛത്തീസ്ഘട്ട് സംസ്ഥാനങ്ങൾ ചേരുന്ന ദണ്ഡകാരണ്യ മേഖലയിലേക്ക് ഈ മാവോയിസ്റ്റു പ്രവർത്തനങ്ങളെ ഒതുക്കിയിട്ടുണ്ട്. തമിഴ്നാട് - കർണാടക - കേരള സംസ്ഥാനങ്ങൾ ചേരുന്ന ഗൂഡല്ലൂർ - നിലമ്പൂർ മേഖലയിൽ കുറച്ചു വർഷങ്ങളായി മാവോയിസ്റ്റു പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തമിഴരും മലയാളികളുമായ ഏഴെട്ടു പേർ കഴിഞ്ഞ അഞ്ചാറു വർഷത്തിനുള്ളിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടലല്ല പോലീസ് (തണ്ടർ ബോൾട്ട്) ഏകപക്ഷീയമായി വെടിവെച്ചുകൊന്നതാണെന്ന അഭിപ്രായവും ശക്തമായി ഉയർന്നിട്ടുണ്ട്. മുരളി കണ്ണമ്പിള്ളി ഈ മാവോയിസ്റ്റു സംഘടനയിൽ ചേർന്ന് കേരളത്തിൽ ഒരു പാർട്ടി ഘടകം ഉണ്ടാക്കിയിട്ടുണ്ടെന്ന് അറിയുന്നു. കുറച്ചു പ്രവർത്തകർ കേരളത്തിൽ സജീവമായി ഉണ്ടെന്നു പറയുന്നു. ആ പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് മുരളി മഹാരാഷ്ട്രയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും നാലു വർഷം യെർവാദ ജയിലിൽ തടവുകാരനാവുകയും ചെയ്തത്. എന്നാൽ, ആഗോള തലത്തിലും അഖിലേന്ത്യ തലത്തിലും കേരളത്തിലും, കമ്യൂണിസത്തിൻ്റെ പേരിലോ അല്ലാതെയോ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ, മനുഷ്യസമൂഹത്തിൻ്റെ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് സഹായകരമല്ല എന്നു തന്നെയാണ് എൻ്റെ നിലപാട്. വിപ്ലവത്തിനു വേണ്ടിയുള്ള തീവ്രവാദമായാലും, സോഷ്യലിസ്റ്റ് തീവ്രവാദമായാലും, മതതീവ്രവാദമായാലും, അധികാരത്തിൻ്റെ സ്വേച്ഛാധിപത്യ തീവ്രവാദമായാലും; തീവ്രവാദം തീവ്രവാദം തന്നെയാണ്.

(തുടരും)


Summary: K Venu in conversation with MG Sasi in Interview series. Venu talks about Kerala Naxal movement Indian democracy and difference about Communism.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments