കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 26
ഒറ്റക്കിരുന്നു കരഞ്ഞുപോയി
എം.ജി. ശശി: പാർട്ടിയിൽ നിന്ന് ലീവെടുത്ത ശേഷം പഠനങ്ങൾ എങ്ങനെയാണ് മുന്നോട്ടു പോയത്?
കെ. വേണു: ലെനിൻ്റെ ആദ്യകാലം മുതൽ മരണം വരെയുള്ള രചനകൾ -45 വാള്യം മുഴുവൻ ശേഖരിച്ചു വെച്ചിരുന്നു. അതിൽ ഏറെ പ്രധാനപ്പെട്ട ഘട്ടം 1915-16-17 വർഷങ്ങളാണ്. അതുതന്നെ കുറേയധികം വാള്യങ്ങളുണ്ട്. ആ കാലഘട്ടത്തിലെ ലെനിൻ്റെ കൃതികൾ മുഴുവൻ സൂക്ഷ്മമായിട്ട് വായിക്കുകയും പഠിക്കുകയും ചെയ്തു. അങ്ങനെയാണ് മാർക്സിസത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ട് എന്ന നിർണായകമായ നിലപാടിൽ എത്തുന്നത്. എന്നെ വളരെയധികം ആകർഷിച്ച ലെനിൻ്റെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു -'All power to the Soviets'. എല്ലാ അധികാരവും സോവിയറ്റുകൾക്ക്. 'സോവിയറ്റുകൾ' എന്നതിന് റഷ്യൻ ഭാഷയിൽ 'ജനകീയ സമിതികൾ' എന്നാണർത്ഥം. സാർ ചക്രവർത്തിക്കെതിരായി 1905-ൽ ഒരു വലിയ കലാപം നടക്കുന്നുണ്ട് -മോസ്കോ കലാപം. ആ കലാപ സമയത്താണ് സോവിയറ്റുകൾ (ജനകീയ സമിതികൾ) എന്ന പ്രയോഗം വ്യാപകമാകാൻ തുടങ്ങിയത്. കർഷകരുടേയും തൊഴിലാളികളുടേയും സൈനികരുടേയുമൊക്കെ ജനകീയ സമിതികൾ രൂപീകരിക്കാൻ തുടങ്ങി. ആ കലാപത്തിൽ സ്വാഭാവികമായി രൂപപ്പെട്ട സോവിയറ്റുകളെ പിൽക്കാലത്ത് ലെനിനും മറ്റും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. 1917-ൽ സാർ ചക്രവർത്തിക്കെതിരായിട്ട് റഷ്യയിൽ ബൂർഷ്വാ വിപ്ലവം നടക്കുന്നുണ്ട്. അങ്ങനെയാണൊരു പാർലമെൻ്ററി അന്തരീക്ഷം വരുന്നത്. ആ സാഹചര്യത്തിൽ നാടുകടത്തപ്പെട്ടിരുന്ന ലെനിൻ തിരിച്ചു വരുന്നു -1917 ഏപ്രിലിൽ. സെൻ്റ് പീറ്റേഴ്‌സ് ബെർഗ് റെയിൽവേ സ്റ്റേഷനിൽ ജനങ്ങൾ ലെനിനെ സ്വീകരിച്ചു. കാറിനു മുകളിൽ കയറി നിന്നുകൊണ്ടുള്ള ലെനിൻ്റെ അപ്പോഴത്തെ പ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. അതിലാണ് ‘All power to the Soviets’ എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുന്നത്. അത് ജനങ്ങളെ വലിയ രീതിയിൽ ആകർഷിച്ചു. അന്ന് ബോൾഷെവിക്കുകളും മെൻഷേവിക്കുകളും പിന്നെ സോഷ്യൽ റെവല്യൂഷണറി ഗ്രൂപ്പുകളായ നാലഞ്ചു രാഷ്ട്രീയ ചേരികളുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രധാനമായിട്ട് ഉണ്ടായിരുന്നത്. മെൻഷേവിക്കുകൾക്കാണ് സോവിയറ്റുകളിൽ ആധിപത്യം. ലെനിൻ്റെ ബോൾഷേവിക്കുകൾക്കൊപ്പം സോവിയറ്റുകൾ കുറവാണ്. പക്ഷേ, ‘All power to the Soviets’ എന്ന മുദ്രാവാക്യത്തോടു കൂടി സോവിയറ്റുകളിൽ ഏറെയും ലെനിൻ്റെ പക്ഷത്തേക്ക് ചേരി മാറുന്നു. അങ്ങനെയാണ് റഷ്യയിൽ വിപ്ലവ അന്തരീക്ഷം വരികയും നിയന്ത്രണം ബോൾഷേവിക്കുകൾക്ക് ലഭിക്കുകയും ചെയ്യുന്നത്. സോവിയറ്റുകളുടെ സമ്മേളനം വിളിച്ചുകൂട്ടിയപ്പോൾ ബോൾഷേവിക്കുകൾക്ക് പൂർണമായ ആധിപത്യം ലഭിക്കുകയും ചെയ്തു. റഷ്യൻ വിപ്ലവത്തിനു ശേഷം 1919-ൽ മോസ്കോയിൽ ലെനിൻ വിളിച്ചുകൂട്ടിയ സാർവദേശീയ സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.

എം.എൻ.റോയിയും മറ്റുമല്ലേ മോസ്കോ സമ്മേളനത്തിൽ പങ്കെടുക്കുന്നത്?
അതെ. അവിടെ വെച്ച് നിലവിലുള്ള All power to the Soviets എന്ന മുദ്രാവാക്യം ലെനിൻ ഭേദഗതി ചെയ്യുന്നു. സോവിയറ്റുകൾ ഭരണകൂടയന്ത്രത്തിലെ ചക്രപ്പല്ലുകളാണ് -Coax in the Wheels of State Machinery -എന്നാക്കി മാറ്റുന്നു. എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്നിടത്തു നിന്ന്, ഭരണകൂടയന്ത്രത്തിലെ ചെറിയൊരു അംശം മാത്രമായി -ചക്രപ്പല്ലുകൾ മാത്രമായി ജനകീയ അധികാരത്തെ മാറ്റുന്നു. അതോടു കൂടി നിയന്ത്രണം പൂർണമായും പാർട്ടിയിലേക്ക് വരികയാണ്. കാരണം വിശദീകരിക്കപ്പെടുന്നുണ്ട്. റഷ്യൻ വിപ്ലവത്തിനു ശേഷം ഒന്നുരണ്ടു വർഷങ്ങൾ ശക്തമായ അഭ്യന്തര കലാപങ്ങൾ നിമിത്തം വിപ്ലവ ഭരണകൂടത്തിന് പിടിച്ചു നിൽക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. കൊസാക്കുകളും മറ്റും -ജന്മിമാരും വൻകിടക്കാരുമൊക്കെ സംഘടിതരായി മാറുകയും ജർമ്മനി പോലുള്ള വിദേശരാജ്യങ്ങൾ അവർക്ക് സഹായം നൽകുകയും ചെയ്തിരുന്നു. അന്ന് ട്രോട്സ്കിയുടെ നേതൃത്വത്തിലാണ് ജനകീയ വിമോചന സേന -PLA. ആ സേനയാണ് കലാപത്തെ അടിച്ചമർത്തുന്നത്, നിയന്ത്രണത്തിൽ കൊണ്ടുവരുന്നത്.
മുതലാളിത്ത കലാപത്തിനെ PLA അടിച്ചമർത്തുന്നു അല്ലേ...
അതെ. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ലെനിൻ 'ചക്രപ്പല്ലുകൾ' എന്ന നിലപാടു മാറ്റത്തിലേക്ക് എത്തുന്നത്. കാരണം പാർട്ടിയുടെ കയ്യിൽ പൂർണമായ അധികാരമുണ്ടെങ്കിലേ ശത്രുപക്ഷത്തെ തകർക്കാനാകൂ. അപ്പൊ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കണമെങ്കിൽ പാർട്ടി തന്നെയായിരിക്കണം കേന്ദ്ര അധികാരഘടകം എന്നു വരുന്നു.
ജനങ്ങളുടേതിനു പകരം പാർട്ടിയുടെ അധികാരമായി മാറുന്നു.
അതെ. അതോടുകൂടി സോവിയറ്റുകൾ ഒന്നുമല്ലാതായി. അതാണ് എന്നെ വിഷമിപ്പിച്ച കാര്യം. സോവിയറ്റുകളെയാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനമായി നമ്മൾ കണ്ടിരുന്നത്. എന്നാൽ ജനാധിപത്യത്തിനു പകരം പാർട്ടിയുടെ സമഗ്രാധിപത്യമാണ് സംഭവിക്കുന്നത്. പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കും കാരണം അതുതന്നെയാണ്. മാവോയുടെ സാംസ്കാരിക വിപ്ലവത്തിലെ ജനകീയ വിചാരണയും രണ്ടു ലൈൻ സമരവുമെല്ലാം, ലെനിൻ ഇല്ലാതാക്കിയ സോവിയറ്റുകളുടെ ജനാധിപത്യ ഉള്ളടക്കത്തിൻ്റെ പുനരുജ്ജീവനമാണ് എന്ന അർത്ഥത്തിലാണ് ഞാനന്ന് വിലയിരുത്തിയിരുന്നത്. തുടർന്ന് അത്തരം ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു. എന്നാൽ, ഷാങ്ങ്ഹായിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു വലിയ ജനകീയ വിചാരണയുടെ അനുഭവമുണ്ട്. അതിന് നേതൃത്വം നൽകിയിരുന്നത് നാൽവർ സംഘമാണ്. ഷാങ്ങ്ഹായ് കമ്മ്യൂൺ എന്നു പേരിട്ട ആ മാതൃക ചൈനയിൽ മുഴുവൻ വ്യാപകമായി നടപ്പാക്കുന്നതിന് അനുമതി നൽകണം എന്ന് നാൽവർ സംഘം 1969-ൽ മാവോയോട് ആവശ്യപ്പെടുന്നുണ്ട്. അപ്പോൾ മാവോ അത് സാദ്ധ്യമല്ല എന്ന നിലപാടെടുക്കുന്നു. സെൻട്രൽ കമ്മറ്റിയുടെ അധികാരം കൈവിടാൻ മാവോ തയ്യാറായില്ല. അപ്പൊ സാംസ്കാരിക വിപ്ലവത്തിനെ മാവോ കണ്ടിരുന്നത് ഒരു താൽക്കാലിക നാടകമായിട്ടു മാത്രമാണ് എന്നു വരുന്നു. അതുകൊണ്ട് കൂടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനാധിപത്യത്തെ ഉൾക്കൊള്ളാനാവില്ല എന്ന നിലപാടിൽ ഞാനെത്തുന്നത്.

എനിക്ക് ബോദ്ധ്യപ്പെട്ട മറ്റൊരു പ്രധാനകാര്യം -സോഷ്യലിസത്തിലെ സമ്പത്തിൻ്റെ പൊതുവത്കരണം യഥാർത്ഥത്തിൽ സാമൂഹ്യവത്കരണമല്ല, കേന്ദ്രീകരണമാണ് എന്നതാണ്. പൊതുവത്കരിക്കുമ്പോൾ സമ്പത്തു മുഴുവൻ ഒരൊറ്റ സമ്പത്തായി മാറുന്നു, കേന്ദ്രീകരിക്കപ്പെടുന്നു. അങ്ങനെ കേന്ദ്രീകരിക്കപ്പെട്ട സമ്പത്തിൻ്റെ നിയന്ത്രണം ആർക്കാ? രാഷ്ട്രീയാധികാരത്തിൻ്റെ തലപ്പത്തുള്ളവർക്ക്. എതിർശബ്ദങ്ങളെ, പ്രതിപക്ഷത്തെ തല പൊക്കാൻ അനുവദിക്കാതെ അധികാരം മുഴുവൻ കേന്ദ്രീകരിക്കാൻ കഴിയുന്ന ഫാസിസ്റ്റ് സംഘടനയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറുന്നു. മറ്റു പാർട്ടികളെ നിരോധിച്ചു കൊണ്ട് ശരിക്കും സോഷ്യൽ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഏകപാർട്ടി സ്വേഛാധിപത്യ ഭരണകൂടം ഉടലെടുക്കുന്നു. അങ്ങനെ അധികാരത്തിൻ്റേയും സമ്പത്തിൻ്റേയും കേന്ദ്രീകരണമാണ് സോഷ്യലിസത്തിൽ സംഭവിക്കുന്നത്. ഘടനാപരമായിത്തന്നെ ആ വ്യവസ്ഥയിൽ ജനാധിപത്യം സാദ്ധ്യമേയല്ല. ജനാധിപത്യ സോഷ്യലിസം എന്നു പറയുന്നത് ഒരിക്കലും സാദ്ധ്യമല്ലാത്ത കപട സങ്കല്പം മാത്രമാണ്. എൻ്റെ മൊത്തം വീക്ഷണം മാറിമറയുന്നത് ഈ കണ്ടെത്തലോടു കൂടിയാണ്. ജനാധിപത്യത്തെക്കുറിച്ച് മാർക്സിസം മുന്നോട്ടു വെക്കുന്ന ഒരു വലിയ സങ്കല്പമുണ്ടല്ലോ. അത് മിഥ്യയാണെന്നും അസാദ്ധ്യമാണെന്നും ഞാൻ തിരിച്ചറിഞ്ഞു.
ഈ തിരിച്ചറിവ് തീർച്ചയായും ഞെട്ടലുണ്ടാക്കും. വിശ്വാസ പ്രമാണത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നത് അസഹനീയമാണ്. പക്ഷേ, ഇത്തരമൊരു സാഹചര്യത്തിൽ മറ്റെന്താണ് മാർഗം?
വിശ്വാസമെന്നത് അന്ധവിശ്വാസമായി മാറുകയാണ്. പ്രതീക്ഷകൾ അസ്തമിക്കേണ്ട കാര്യമില്ല. സമ്പത്തിൻ്റെ വികേന്ദ്രീകരണമാണ് മുതലാളിത്തത്തിൽ സംഭവിക്കുന്നത്. സ്വകാര്യസ്വത്ത് നിലനിൽക്കുമ്പോൾ സമ്പത്ത് വികേന്ദ്രീകരിക്കപ്പെടുകയാണ്. സ്വകാര്യസ്വത്തിനോട് ബന്ധപ്പെട്ട് മത്സരവും ഉയർന്നു വരും. മത്സരാധിഷ്ഠിതമായ സ്വതന്ത്ര വിപണിയും സ്വകാര്യ സ്വത്തും -ഇതു രണ്ടുമാണ് യഥാർത്ഥത്തിൽ മുതലാളിത്തത്തിൻ്റെ അടിസ്ഥാനം. സമ്പത്തിൻ്റെ വികേന്ദ്രീകരണവും മത്സരവും തന്നെയാണ് ജനാധിപത്യത്തിൻ്റേയും അടിസ്ഥാനം.
ജനാധിപത്യ പ്രക്രിയയിലൂടെ മുതലാളിത്തത്തിൽ നടക്കുന്ന കഴുത്തറപ്പൻ മത്സരത്തെ എങ്ങനെ നിയന്ത്രിക്കാനാകും?
ജനാധിപത്യത്തിലെ ഭാവി സാദ്ധ്യതകൾ എന്തൊക്കെയാണെന്ന് ഇപ്പോൾ പ്രവചിക്കാൻ പറ്റില്ല. അതിൻ്റെ തന്നെ രൂപാന്തരങ്ങൾ -modifications എന്നു പറയാവുന്ന രീതിയിൽ പുതിയ പ്രക്രിയയിലേക്ക് നീങ്ങിയേക്കാം. ഇപ്പോൾ പരമാവധി സാദ്ധ്യതയുള്ളത് ജനാധിപത്യപരമായ നിയമനിർമ്മാണങ്ങളിലൂടെ മുതലാളിത്തത്തിൻ്റെ ഏറ്റവും ദൂഷ്യവശമായി ഉന്നയിക്കപ്പെടുന്ന കഴുത്തറപ്പൻ മത്സരം പോലുള്ളതിന് തടയിടുക എന്നതാണ്. അങ്ങനെ തടഞ്ഞു കൊണ്ട് ജനാധിപത്യത്തെ കൂടുതൽ ജൈവികമാക്കുക എന്നതാണ്. അതുമാത്രമാണ് ഇപ്പോൾ സമൂഹത്തിനു മുന്നിലുള്ള സാദ്ധ്യതയും പ്രതീക്ഷയും.
ഭാഷയാണ് ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാനമെന്ന് കേവി പറയാറുണ്ടല്ലോ...
ഭാഷയുടെ ഉത്ഭവത്തോടുകൂടിയാണ് ജനാധിപത്യ പ്രക്രിയ ആരംഭിക്കുന്നത്. മനുഷ്യചരിത്രത്തിൻ്റെ ചാലകശക്തിയാകുന്നത് ഈ പറഞ്ഞ ജനാധിപത്യ പ്രക്രിയയാണ്. ഭാഷയിലൂടെ രൂപം കൊള്ളുന്ന വ്യക്തികൾ തമ്മിൽ തമ്മിലുള്ള ആശയ വിനിമയം... മനുഷ്യസമൂഹം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ഭാഷയുണ്ട്. ഭാഷയാണ് മനുഷ്യസമൂഹത്തെ മറ്റു ജീവികളിൽ നിന്നും മൃഗങ്ങളിൽ നിന്നുമൊക്കെ വേർതിരിച്ച് നിർത്തുന്നത്. ഭാഷയിലൂടെ രൂപം കൊള്ളുന്ന സാമൂഹ്യ പ്രക്രിയയുടെ രൂപാന്തരങ്ങളാണ് ഇപ്പോൾ കാണുന്നത്. ജനാധിപത്യം അതിൻ്റെയൊരു തുടർച്ചയാണ്. മനുഷ്യസമൂഹത്തിൻ്റെ ആരംഭം മുതൽ തന്നെ നിലനിൽക്കുന്ന ജനാധിപത്യം തന്നെയാണ് ചരിത്രത്തിൻ്റെ അന്തർധാരയായി വർത്തിക്കുന്നത് എന്നാണ് എൻ്റെ വിലയിരുത്തൽ. ആ ജനാധിപത്യത്തിൻ്റെ വികസിത രൂപങ്ങൾ തന്നെയായിരിക്കും ഇനിയും തുടരുക. ബൂർഷ്വാ ജനാധിപത്യം എന്ന് വിവക്ഷിക്കപ്പെടുന്ന പാർലമെൻ്ററി ജനാധിപത്യമല്ല യഥാർത്ഥ ജനാധിപത്യം. അതൊരു ഭാഗം മാത്രമാണ്, ഒരു ഘട്ടം മാത്രമാണ്. ഫ്യൂഡൽ കാലഘട്ടത്തിലും ജനാധിപത്യമുണ്ട്. അന്നും ഗ്രാമങ്ങളൊക്കെ ജനാധിപത്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത് -ഗ്രാമീണ ജനാധിപത്യം. രാജാക്കന്മാരും നാടുവാഴികളും മാത്രമേ മുകൾത്തട്ടിലുള്ളൂ. അടിത്തട്ടിലുള്ളവരുടെ കൂട്ടായ്മയാണ് ജനാധിപത്യം. മനുഷ്യരുടെ കൂട്ടായ്മ സാദ്ധ്യമാകുന്നത് ഭാഷയിലൂടെയാണ്. ഓരോ ചരിത്ര ഘട്ടങ്ങളിലും അത് വ്യത്യസ്ത രൂപ-ഭാവങ്ങൾ സ്വീകരിക്കും. എങ്കിലും മനുഷ്യജീവിതത്തിൻ്റെ അന്തർധാര ഭാഷയും അത് രൂപപ്പെടുത്തിയ ജനാധിപത്യവുമായിരിക്കും.

ലെനിനെ വീണ്ടും പൂർണമായി പഠിച്ചു കഴിഞ്ഞപ്പൊ, കേവിക്ക് വ്യക്തിപരമായിട്ടു പോലും ഉണ്ടായ വിഷമമുണ്ടല്ലോ...
ശരിക്കും കുറ്റവാളി ലെനിനാണെന്നാണ് പഠനത്തിൽ നിന്ന് മനസ്സിലാകുന്നത്. എന്നു പറഞ്ഞാൽ സോവിയറ്റുകളുടെ ജനാധിപത്യ പ്രക്രിയയെ പാർട്ടി കേന്ദ്രീകരണത്തിലേക്ക് കൊണ്ടെത്തിക്കുന്നത് ലെനിനാണ്. ലെനിൻ എനിക്ക് ആരാദ്ധ്യപുരുഷനായിരുന്നു. അതാണ് പൊളിയുന്നത്. സ്റ്റാലിൻ്റെ കാലത്ത് പൂർണമായും പിൻതള്ളപ്പെട്ടു പോയ, ലെനിൻ്റെ സോവിയറ്റുകളും ജനാധിപത്യ പ്രക്രിയയും, മാവോയുടെ സാംസ്കാരിക വിപ്ലവകാലത്ത് പുനരുജ്ജീകരിക്കപ്പെടുന്നു എന്ന സങ്കല്പമാണ് അന്ന് ഉണ്ടായിരുന്നത്. അങ്ങനെയാണ് സാംസ്കാരിക വിപ്ലവത്തെ സപ്പോർട്ട് ചെയ്യുകയും അതൊരു വലിയ മുന്നേറ്റമാണെന്ന് കണക്കാക്കുകയും ചെയ്തത്.
മാവോയേയും ലെനിനേയും അതുവഴി മാർക്സിസത്തെക്കുറിച്ചു തന്നെയുയുള്ള ധാരണകളൊക്കെ അട്ടിമറിഞ്ഞു പോയി അല്ലേ?
അതെ. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. എൻ്റെ ഇരുപതു കൊല്ലത്തോളം വരുന്ന നക്സലേറ്റ് രാഷ്ടീയ ജീവിതത്ത അവസാന ഭാഗത്താണ് ഇത് സംഭവിക്കുന്നത്. സൂക്ഷ്മായ പഠനത്തിനു ശേഷം ലെനിൻ്റെ നിലപാടുകൾ തെറ്റാണെന്ന് തെളിഞ്ഞതോടു കൂടിയാണ് ഞാൻ ഒറ്റക്കിരുന്നു കരഞ്ഞത്. പക്ഷേ, പൊതുവിൽ ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ഉൾക്കരുത്ത് ഉണ്ടായിരുന്നതുകൊണ് ഇതൊരു താൽക്കാലികാവസ്ഥ മാത്രമായിരുന്നു.
തുടരും...