കെ. വേണുവിന്റെ
ജനാധിപത്യ അന്വേഷണങ്ങൾ - 22
▮
കായണ്ണ
എം.ജി.ശശി: കേവി നേരിട്ട് പങ്കെടുത്ത, നേതൃത്വം കൊടുത്ത കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ സോമശേഖരനും വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നല്ലോ. പിന്നീട് നാടകകൃത്ത് എന്ന നിലയിൽ പ്രസിദ്ധനായ വി.കെ. പ്രഭാകരനെപ്പോലുള്ളവരും ആ ആക്ഷനിൽ പങ്കെടുത്തിരുന്നു.
കെ.വേണു: അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു ശേഷം രാഷ്ട്രീയ നിലപാടുകളിൽ മാറ്റം സംഭവിക്കുന്നുണ്ട്. ഫ്യൂഡലിസമാണ് പ്രധാന പ്രശ്നമെന്നും അതുകൊണ്ട് ജന്മി- കർഷക വൈരുദ്ധ്യമാണ് മുഖ്യവൈരുദ്ധ്യം എന്നുമുള്ള നിലപാട് കേരളത്തിന് അനുയോജ്യമല്ലെന്ന ചർച്ച പാർട്ടിയിൽ സജീവമായിരുന്നു. ഇവിടെ ഭൂപരിഷ്കരണമൊക്കെ ഏറെക്കുറെ നടപ്പാക്കപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊക്കെ കാണുന്ന പോലുള്ള ജന്മിത്തവും ജന്മിമാരും ഇവിടെയില്ല എന്ന യാഥാർത്ഥ്യമുണ്ട്. അതുകൊണ്ട് ഉന്മൂലനസമരം പോലുള്ള രാഷ്ട്രീയ പരിപാടി നടപ്പിലാക്കുകയാണോ വേണ്ടതെന്ന ചോദ്യമുയർന്നു. അഖിലേന്ത്യാ തലത്തിൽ അങ്ങനെയൊരു പരിപാടി നിലനിൽക്കുന്നതുകൊണ്ട് കേരളത്തിൽ മാത്രമായി അത് വേണ്ടെന്നു വെക്കാൻ കഴിയില്ല എന്ന നിഗമനത്തിലാണ് അവസാനം എത്തിച്ചേർന്നത്.
ഉന്മൂലനസമരം നടപ്പിലാക്കേണ്ടതുണ്ട് എന്നതിനാൽ ജനശത്രുക്കളെ കണ്ടെത്തുക. ജനദ്രോഹികളായ ജനശത്രുക്കൾ എല്ലായിടത്തുമുണ്ടല്ലോ. ഫ്യൂഡലിസ്റ്റുകൾ അല്ലെങ്കിൽ ജന്മിമാർ എന്നൊന്നും പറയാനാകില്ലെങ്കിലും പ്രമാണിമാരായ ജനശത്രുക്കളെ കണ്ടെത്തി ഉന്മൂലനം ചെയ്യുക എന്നാണ് തീരുമാനിച്ചത്. ഇതിനോടൊപ്പം പുതിയൊരു സമീപനം കൂടി ഉയർന്നു വന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടു കൂടി ഭരണകൂടം മുഖ്യശത്രുവായി മാറി. ജന്മിത്വം മാത്രമല്ല പ്രധാനശത്രു എന്ന് വിലയിരുത്തപ്പെട്ടു. ഭരണകൂടത്തിൻ്റെ പ്രകടരൂപങ്ങളെ ആക്രമിക്കുക കൂടി വേണം. ഒരു വശത്ത് ജന്മിയെ അഥവാ ജനശത്രുവിനെ ഉന്മൂലനം ചെയ്യുക. മറുവശത്ത് ഭരണകൂട രൂപമായ പോലീസ് സ്റ്റേഷൻ ആക്രമിക്കുക. കേരളത്തിലെ പാർട്ടി സംസ്ഥാന കമ്മറ്റി അങ്ങനെയാണ് തീരുമാനമെടുത്തത്.
അങ്ങനെ ആദ്യത്തെ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് തീരുമാനിക്കുന്നത് കൊടുങ്ങല്ലൂരാണ് - മതിലകത്ത്. അതുപോലെ എറണാകുളം ജില്ലയിലെ കുമ്പളത്ത്. ആ ദ്വീപിലെ ഒരു ജന്മിയെ കണ്ടെത്തി അയാളെ ഉന്മൂലനം നടത്തുക എന്നതായിരുന്നു തീരുമാനം. കുമ്പളത്തെ ആക്ഷൻ നടന്നു. പക്ഷേ, മതിലകത്തേത് തകർന്നുപോയി. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പ്ലാനിട്ട് സഖാക്കൾ നല്ലൊരു സ്കോഡ് രൂപീകരിച്ചിരുന്നു. ആക്ഷന് തയ്യാറായി നിൽക്കുമ്പോൾ എസ്.ഐ ജീപ്പെടുത്ത് പുറത്തേക്ക് പോയി. ആ സമയത്ത് ആക്ഷൻ നടപ്പാക്കിയാൽ പെട്ടെന്ന് തന്നെ എസ്.ഐ തിരിച്ചുവന്നെങ്കിലോ? അത് കൂടുതൽ പ്രശ്നമുണ്ടാക്കും. അങ്ങനെ കാത്തുകാത്തുനിന്ന് നേരം വെളുത്തു. പദ്ധതി പൊളിഞ്ഞെന്നു മാത്രമല്ല, പുറത്തു നിന്ന് സഖാക്കൾ മുറിച്ചുമാറ്റിയിരുന്ന സ്റ്റേഷനിലേക്കുള്ള ടെലിഫോൺ കമ്പി പോലീസ് കണ്ടെത്തുകയും ചെയ്തു. നക്സലേറ്റുകൾ ആയിരിക്കും അത് ചെയ്തതെന്ന് ഏതാണ്ടുറപ്പിച്ച പോലീസ് എല്ലാ സഖാക്കളേയും അറസ്റ്റു ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ ആക്രമണം തകരുന്നു. അടിയന്തരാവസ്ഥ ഭീകരമായിത്തന്നെ മുന്നോട്ട് പോകുന്നു. വിജയകരമായി ഒരു പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയേ പറ്റൂ എന്ന ചിന്തയാണ് ഞാനുൾപ്പടെ പാർട്ടിയിൽ എല്ലാവർക്കും ഉണ്ടായിരുന്നത്. ഞാനന്ന് പ്രവർത്തിച്ചിരുന്നത് കോഴിക്കോടും വയനാടുമാണ്. കോഴിക്കോടാണെങ്കിൽ പാർട്ടി വളരെ ദുർബലമാണ്. എന്നാൽ, കോഴിക്കോട് ജില്ലയിൽത്തന്നെ ആക്ഷൻ നടത്താൻ ധൈര്യപൂർവ്വം ഞങ്ങൾ തീരുമാനിച്ചു. അങ്ങനെയാണ് സോമശേഖരൻ സംഘടിപ്പിച്ച സഖാക്കളും, മെഡിസിന് പഠിച്ചിരുന്ന വാസുവുമൊക്കെ തയ്യാറാകുന്നത്.
മുരളി കണ്ണമ്പിള്ളി കായണ്ണ ആക്ഷനിൽ പങ്കെടുത്തിരുന്നോ?
ആക്ഷനിൽ മുരളി നേരിട്ട് പങ്കെടുത്തിരുന്നില്ല. പക്ഷേ, പിന്നീട് അറസ്റ്റു ചെയ്യപ്പെട്ട് കക്കയം ക്യാമ്പിൽ എത്തുകയുണ്ടായി.
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ തീരുമാനിക്കുകയും ഞാൻ തന്നെ അതിൻ്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. മടപ്പള്ളി കോളേജിൽ പഠിച്ചിരുന്ന സോമശേഖരനെയാണ് ഞാൻ മുഖ്യമായി ആശ്രയിക്കുന്നത്. സോമനെക്കുറിച്ച് നേരത്തേ നമ്മൾ പറഞ്ഞിട്ടുണ്ട്. സോമനാണ് കൂരാച്ചുണ്ടിലെ കായണ്ണ പോലീസ് സ്റ്റേഷൻ കണ്ടെത്തുകയും പങ്കെടുക്കാൻ തയ്യാറുള്ളവരുടെ സ്കോഡുണ്ടാക്കുകയും ചെയ്യുന്നത്. രാത്രി കായണ്ണ സ്റ്റേഷനിൽ അധികം പോലീസുകാരൊന്നും ഉണ്ടാകില്ല. കറൻ്റില്ല. പെട്രോൾ മാക്സാണ് കത്തിച്ചു വെക്കുക. പറ്റിയ പോലീസ് സ്റ്റേഷനാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. പതിമൂന്ന് പേരാണ് ആക്ഷനിൽ പങ്കെടുത്തത്. മിക്കവാറും വടകര-പേരാമ്പ്ര ഭാഗത്തു നിന്നുള്ളവർ. സ്കോഡ് കമാൻ്ററായിട്ട് എന്നെ നിശ്ചയിച്ചു. ഫലപ്രദമായി ആക്ഷൻ നടപ്പാകണമെന്ന് ഞങ്ങൾ സഖാക്കൾക്ക് നല്ല വാശിയുണ്ടായിരുന്നു. വാളാട് കൃഷ്ണേട്ടനുണ്ട്. വടക്കാഞ്ചേരിക്കാരൻ ഭരതേട്ടനുണ്ട്. ആദ്യകാലത്ത് തലശ്ശേരി- പുല്പള്ളിയിൽ പങ്കെടുത്ത് കുന്നിക്കലിൻ്റെ കൂടെ ഉണ്ടായിരുന്ന ആളാണ് ഭരതേട്ടൻ. ആള് വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിൽ ഞങ്ങളെ കാണുകയും പിന്നീട് ഞങ്ങളുടെ കൂടെ വരികയും ചെയ്തതാണ്. ഞാൻ, സോമൻ, കൃഷ്ണേട്ടൻ, ഭരതേട്ടൻ… വി.കെ.പ്രഭാകരൻ ഉൾപ്പടെയുള്ള സംഘാംഗങ്ങൾ കൂടെയുമുണ്ട്.
ഞാനെന്നുമെടുക്കുന്ന ഒരു നിലപാടുണ്ട്. ദരിദ്ര- ഇടത്തരം വിഭാഗങ്ങളിൽ നിന്നു വരുന്ന സാധാരണക്കാരാണ് പോലീസുകാരിൽ ഭൂരിപക്ഷവും. അവരൊന്നും നമ്മുടെ വർഗ്ഗശത്രുക്കളല്ല. അവരെ ആക്രമിക്കാനോ ഉന്മൂലനം ചെയ്യാനോ പാടില്ല. പോലീസ് സ്റ്റേഷൻ ആക്രമണം കൊണ്ട് ഉദ്ദേശിക്കുന്നത് ഭരണകൂട സംവിധാനത്തെ വെല്ലുവിളിക്കുന്ന നേരിടുന്ന ഒരു രാഷ്ട്രീയപ്രതീതി സൃഷ്ടിക്കലാണ്. റൈഫിൾ പിടിച്ചെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. പോലീസുകാരെ ആക്രമിക്കുകയല്ല വേണ്ടത്. അത് അവരോട് പറയുകയും വേണം. രണ്ടോ മൂന്നോ പോലീസുകാരും ഒരു സെൻട്രിയും -അങ്ങനെ നാലു പേരാണ് സാധാരണയായി രാത്രിയിൽ കായണ്ണ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടാവുക. ഞങ്ങൾ പതിമൂന്നു പേരുണ്ടല്ലോ. പക്ഷേ ആയുധങ്ങളൊന്നും കയ്യിലില്ല എന്നു തന്നെ പറയാം. ഒരു പൊട്ട റിവോൾവറും ഇരുമ്പു കമ്പീം മരത്തിൻ്റെ പട്ടികയുമൊക്കെയാണ് ആകെയുള്ളത്. പക്ഷേ, അന്നവിടെ ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഞങ്ങളത് നേരത്തേ അറിഞ്ഞിരുന്നില്ല. സെക്കൻ്റ് ഷോ സിനിമക്കു ശേഷം പന്ത്രണ്ട് മണി കഴിഞ്ഞ് ആക്ഷൻ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് ഉത്സവം കാരണം മുന്നാമതൊരു ഷോ കൂടി വെച്ചിരുന്നു. അങ്ങനെ ആ പ്രദേശത്താകെ പതിവിൽക്കൂടുതൽ ആൾക്കാരുണ്ട്. ഞങ്ങളുടെ കണക്കുകൂട്ടലൊക്കെ തെറ്റി. പക്ഷേ, പരിപാടി നടപ്പിലാക്കാതിരിക്കാൻ പറ്റില്ല. അവിടെ ഒരു പാടവും പാറക്കൂട്ടവുമൊക്കെയുണ്ട്. അവിടെപ്പോയിരുന്ന് എല്ലാരും കൂടി കുറച്ചു നേരം സംസാരിച്ച് രണ്ടു മണിക്കു ശേഷം ആക്ഷൻ നടത്താനുള്ള തീരുമാനത്തിലെത്തി.
ആവേശമൊട്ടും ചോർന്നുപോകാതെ പാറക്കൂട്ടത്തിലിരുന്ന് ചർച്ചയൊക്കെ നടത്തീട്ട് അല്ലേ... എഴുപതുകൾ വിമോചനത്തിൻ്റെ ദശകമാണെന്ന് ഉറപ്പിച്ചുകൊണ്ട്...
അതെ. ഞങ്ങൾ നടന്നുചെല്ലുന്ന കാലടി ശബ്ദം കേട്ട് പോലീസുകാരുണർന്നു. അടുത്തെത്തിയപ്പോഴേക്കും അവർക്ക് നക്സലേറ്റുകളാന്ന് മനസ്സിലായി. അവർ അലറി വിളിക്കാൻ തുടങ്ങി, 'ഞങ്ങളെ, ദേ നക്സലേറ്റുകള് കൊല്ലാൻ വരുന്നേ'ന്ന് പറഞ്ഞിട്ട്. ഉത്സവം കാരണം സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സില് നാലഞ്ച് പോലീസുകാർ കൂടുതലുണ്ടായിരുന്നു. അന്ന് സ്റ്റേഷനില് മണ്ണെണ്ണ റാന്തലാണ് കത്തിച്ചു വെച്ചിരുന്നത്. ശബ്ദം കേട്ടപ്പൊൾ ഒരു പോലീസുകാരൻ ആ റാന്തലെടുത്ത് മുന്നോട്ട് വന്നു. പെട്ടെന്ന് ഞാനാ റാന്തൽ തട്ടി താഴെയിട്ടു. പക്ഷേ, അതിലെ മണ്ണെണ്ണ കൂടി പുറത്തേക്ക് തെറിച്ച് തീ ആളിക്കത്തുകയാണ് ഉണ്ടായത്. അപ്പൊ നല്ല വെളിച്ചം പരന്നു. അതു കെടുത്താൻ ശ്രമിച്ച് ഞാൻ കുനിഞ്ഞു നിന്നപ്പൊ ഒരു പോലീസുകാരൻ എൻ്റെ തലയിൽ ഇരുമ്പുകമ്പി കൊണ്ട് ഒറ്റയടി. നെറ്റിയുടെ രണ്ടു വശത്തുകൂടിയും ചോര ഒലിച്ചിറങ്ങി. അപ്പോഴേക്കും ബാക്കി സഖാക്കൾ മൂന്ന് റൈഫിളുകള് പിടിച്ചെടുത്തിരുന്നു. അവരോട് വേഗം സ്ഥലം വിട്ടോളാൻ പറഞ്ഞു. അവരാ റൈഫിളുകളും കൊണ്ട് പിൻവാങ്ങി. ഞാനും സോമനും കൂടി തിരികെപ്പോകാൻ നിൽക്കുമ്പഴുണ്ട് പെട്ടെന്ന് കൃഷ്ണേട്ടൻ്റെ വിളി കേൾക്കുന്നു. അന്നത്തെ പാർട്ടിപ്പേര് പറഞ്ഞിട്ടാണ് വിളിക്കുന്നത്.
അവടെ പൂന്തോട്ടം പോലെ ചെടികളൊക്കെ വെച്ചിട്ട്ള്ള ഒരു സ്ഥലം ഉണ്ടായിരുന്നു. അതിൻ്റുള്ളിൽ ഒരു പോലീസുകാരനും കൃഷ്ണേട്ടനും കെട്ടിമറിഞ്ഞ് ഉരുളുകയാണ്. പോലീസുകാർ കള്ളനെ പിടിക്കുന്ന ഒരു രീതിയുണ്ട്. കള്ളൻ്റെ വിരൽ കടിച്ചുപിടിച്ച് പല്ലില് കോർക്കും. പിന്നെ രക്ഷപ്പെടാൻ പറ്റില്ല. അങ്ങനെ കൃഷ്ണേട്ടൻ്റെ വിരൽ പോലീസുകാരൻ കടിച്ചു കോർത്തിരിയ്ക്കയാണ്. ഞാനും സോമനും കൂടി ചെന്ന് എൻ്റെ കയ്യിലെ കത്തി കാട്ടീട്ട് വിടടാന്ന് പറഞ്ഞു. അങ്ങനെ കൃഷ്ണേട്ടനെ രക്ഷിച്ചു. അപ്പോഴേക്കും വേറൊരു പോലീസുകാരൻ റൈഫിളെടുത്ത് വെടിവെയ്ക്കാൻ തുടങ്ങി. മൂന്നു നാല് വെടിയൊച്ചകൾ കേട്ടു. അതിനെടേക്കൂടിയാണ് ഞങ്ങൾ ഓടിയത്. അപ്പൊൾ വേറൊന്നിനും മാർഗ്ഗമില്ലല്ലോ. ബാക്കി സഖാക്കളൊക്കെ നേരത്തേ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. സ്റ്റേഷൻ പരിസരത്തു നിന്ന് ഓടി രക്ഷപ്പെട്ട ശേഷം, പിന്നെ, ഞാനും സോമശേഖരനും രണ്ടു രണ്ടര മണിക്കൂറെടുത്ത് കുറേ കിലോമീറ്ററുകൾ നടന്നു നടന്ന് അഞ്ചഞ്ചര മണിക്ക് ഒരു ചെറിയ ടൗണിലെത്തി. നേരം വെളുത്തു വരുന്നേയുള്ളൂ. പാർക്ക് ചെയ്ത ബസ്സുകളുടെ ബോർഡ് വായിച്ചു -കൂരാച്ചുണ്ട്! ശരിക്കും ഞെട്ടിപ്പോയി. പോലീസ് സ്റ്റേഷൻ ആക്രമണം നടന്ന അതേ സ്ഥലത്തു തന്നെയാണ് ഞങ്ങൾ ചുറ്റിവളഞ്ഞ് വീണ്ടും എത്തിയിരിക്കുന്നത്.
ജയറാം പടിക്കലൊക്കെ വിവരങ്ങൾ ഉടൻ അറിയും. ഒട്ടും വൈകാതെ വൻതോതിൽ പോലീസവിടെ ഇരച്ചെത്തും. നിമിഷനേരം കൊണ്ട് ഞങ്ങൾ ഓട്ടം തുടങ്ങി. റോഡിൽ കയറാതെ പാടത്തൂടേം തോട്ടുവരമ്പത്തൂടേം ഓടി, ആൾക്കാരെക്കണ്ടാല് അസ്വാഭാവികതയില്ലാതെ വേഗത്തിൽ നടന്നു. രാവിലെ എട്ടു മണിയോടെ സോമന് പരിചയമുള്ള ഒരു സഖാവിൻ്റെ വീട്ടിലെത്തി. അവിടന്നാണ് ശരീരത്തിലും ഷർട്ടിലുമൊക്കെയുള്ള ചോര കഴുകിക്കളയണത്. കഞ്ഞി കുടിച്ച് പിന്നേം നടന്നു. ബസ്സിലൊന്നും കേറാൻ പറ്റില്ലല്ലോ ആ ദിവസം. കോഴിക്കോട് വരെ നടന്നിട്ട്ണ്ട് അന്ന്.
(തുടരും)