കെ. വേണു

എഴുപതുകളിലെ അരാജകത്വ യുവതയും വിപ്ലവ രാഷ്ട്രീയത്തിൻ്റെ കാല്പനികതയും

“എം.എൽ മൂവ്മെൻ്റ് അന്ന് ഒരു തരത്തിൽ റൊമാൻ്റിക് ആയ വിപ്ലവ സങ്കല്പമാണ് മുന്നോട്ട് വെക്കുന്നത്. അതാണ്, ആ റൊമാൻറിസിസമാണ് അവർക്ക് സ്വീകാര്യമായത്. 70-കളുടെ ആദ്യഘട്ടങ്ങളിൽ അങ്ങനെ വലിയൊരു വിഭാഗം യുവതലമുറയാണ് വിപ്ലവ രാഷ്ട്രീയത്തിലേക്ക് വരുന്നത്” - കെ.വേണുവുമായുള്ള എം.ജി.ശശിയുടെ ദീർഘസംഭാഷണം തുടരുന്നു…

കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 14

ഗദ്ദികക്കാരൻ

എം.ജി.ശശി: 2024 സെപ്തംബർ ഒന്നിന് അന്തരിച്ച, കംപ്ലീറ്റ് ആർട്ടിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന കെ.ജെ.ബേബിയെക്കുറിച്ച്...

കെ.വേണു: അടിയന്തരാവസ്ഥയ്ക്കു ശേഷം, രാജൻ കേസും നക്സലുകളെ അമർച്ച ചെയ്യാനുണ്ടാക്കിയ മർദ്ദനക്യാമ്പുകളുടെ കഥകളുമെല്ലാം നക്സലേറ്റുകൾക്ക് വീരപരിവേഷം നല്കിയിരുന്ന കാലത്ത്, സാംസ്കാരിക വേദിയുടെ ബാനറിൽ അരങ്ങേറിയ തെരുവ് നാടകങ്ങൾ അതിവേഗം ജനപ്രീതി നേടുകയുണ്ടായി. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തെരുവുനാടകം കെ.ജെ. ബേബി എഴുതി അവതരിപ്പിച്ച ‘നാടുഗദ്ദിക’യാണ്. ബേബി അതിൽ അഭിനയിക്കുകയും ചെയ്തു. ആദിവാസികൾ നേരിടുന്ന യാതനകൾ അവതരിപ്പിക്കുന്ന ആ നാടകത്തിലെ രണ്ടോ മൂന്നോ പേരൊഴികെയുള്ള അഭിനേതാക്കളെല്ലാം ആദിവാസികൾ തന്നെയാണ്. സാംസ്കാരികവേദി സജീവമായി നിന്ന ഏതാനും വർഷങ്ങളിൽ കേരളത്തിൻ്റെ മുക്കിലും മൂലയിലും നൂറുകണക്കിന് ഇടങ്ങളിലാണ് ‘നാടുഗദ്ദിക’ അവതരിപ്പിക്കപ്പെട്ടത്. നേരത്തേ പറഞ്ഞപോലെ എൻ്റെ അമ്മയുണ്ടായിരുന്ന കാലത്ത് ബേബിയും നാടകസംഘവും ഞങ്ങളുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്.

കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ ‘നാടുഗദ്ദിക’ മായാത്ത മുദ്രയാണ് പതിപ്പിച്ചിട്ടുള്ളത്. ബേബി നല്ലൊരു എഴുത്തുകാരനാണ്. സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ പല മേഖലയിലും അദ്ദേഹം തൻ്റെ പങ്ക് തെളിയിച്ചിട്ടുണ്ട്. Photo : Unni R / fb
കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ ‘നാടുഗദ്ദിക’ മായാത്ത മുദ്രയാണ് പതിപ്പിച്ചിട്ടുള്ളത്. ബേബി നല്ലൊരു എഴുത്തുകാരനാണ്. സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ പല മേഖലയിലും അദ്ദേഹം തൻ്റെ പങ്ക് തെളിയിച്ചിട്ടുണ്ട്. Photo : Unni R / fb

കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ ‘നാടുഗദ്ദിക’ മായാത്ത മുദ്രയാണ് പതിപ്പിച്ചിട്ടുള്ളത്. ബേബി നല്ലൊരു എഴുത്തുകാരനാണ്. സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ പല മേഖലയിലും അദ്ദേഹം തൻ്റെ പങ്ക് തെളിയിച്ചിട്ടുണ്ട്. സവിശേഷമായ, തനതായ ഒരു വിദ്യാഭ്യാസ സമ്പ്രദായം വളർത്തിക്കൊണ്ടു വരാനുള്ള പരീക്ഷണങ്ങളിലാണ് ബേബി ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആദിവാസികൾക്കിടയിൽ നിന്നും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളിലേക്ക് അറിവിൻ്റെ വിശാലമായ ലോകം തുറന്നു കൊടുക്കുന്നതിനുള്ള വഴികളാണ് ബേബി തേടിക്കൊണ്ടിരുന്നത്. വയനാട്ടിൽ ബേബി വളർത്തിക്കൊണ്ടുവന്ന കനവ് ഈ അന്വേഷണങ്ങളുടെ പ്രയോഗരൂപങ്ങളിൽ ഒന്നാണെന്ന് കാണാം.

ബേബിയേട്ടൻ്റെ കനവിനെക്കുറിച്ച്… 'കനവുമലയിലേക്ക്' എന്ന ഒരു ഡോക്യുമെൻ്ററി ഞാൻ ചെയ്തിരുന്നു.

അതറിയാം. നാടുഗദ്ദികക്കാലത്തിനു ശേഷം ഒന്ന് രണ്ട് തവണ കൂടി ഞാൻ ബേബിയെ കണ്ടിട്ടുണ്ട്. ഒരു തവണ കനവിൽ പോവുകയും അതിൻ്റെ പ്രവർത്തന രീതികൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. താരതമ്യങ്ങളില്ലാത്ത ഒരു സവിശേഷ വ്യക്തിത്വമായി കെ.ജെ.ബേബി നമ്മുടെ ഓർമ്മയിൽ തലയുയർത്തി നിൽക്കുന്നു.

വഴി തെറ്റിക്കൽ...

നക്സലേറ്റുകളെക്കുറിച്ച് പൊതുവിൽ പറയുന്ന ഒരു കാര്യമുണ്ട്, ചെറുപ്പക്കാരെ മുഴുവൻ വഴി തെറ്റിക്കുന്ന ഒരു പ്രസ്ഥാനമായിരുന്നൂ അതെന്ന്. ലഹരി, മാനസിക വിഭ്രാന്തികൾ, ആത്മഹത്യ... കാഫ്ക, കാമു തുടങ്ങിയ വൈദേശിക എഴുത്തുകാരുടെ സ്വാധീനം... എം.മുകുന്ദൻ്റേതു പോലുള്ള കൃതികൾ... കേവിയാണെങ്കിൽ അപകടത്തിലേക്ക് പോകുമായിരുന്ന ചെറുപ്പക്കാരെ രക്ഷപ്പെടുത്തുകയാണ് പ്രസ്ഥാനം ചെയ്തതെന്ന് പറയാറുണ്ട്. ഈ 'വഴിതെറ്റിക്കൽ' ആരോപണത്തിന് എന്താണ് മറുപടി?

ടി.എൻ.ജോയി
ടി.എൻ.ജോയി

69-70 കാലത്തെ പൊതുവായ അവസ്ഥ - ഹിപ്പിയിസം സജീവമാകുന്ന കാലം, കഞ്ചാവും ചരസ്സും... അത്തരത്തിൽ സ്വാധീനിക്കുന്ന പല സാഹിത്യ കൃതികൾ. അങ്ങനെയൊരന്തരീക്ഷം കേരളത്തിൽ മാത്രമല്ല ലോകവ്യാപകമായിത്തന്നെ ഉണ്ടായിരുന്നു. നിലനിൽക്കുന്ന വ്യവസ്ഥാപിതമായ എല്ലാത്തിനേയും ചോദ്യം ചെയ്യുന്ന, അരാജകമായ പ്രവണത. അമിതമായി ലഹരി ഉപയോഗിക്കുന്ന, എല്ലാത്തിനേയും നിഷേധിക്കുന്ന, കലാപം ചെയ്യുന്ന ചെറുപ്പക്കാരുടെ തലമുറ. എനിക്കൊട്ടും താല്പര്യമുള്ള ഒരു മൂവ്മെൻ്റ് ആയിരുന്നില്ല അത്. ഞാനതിലേക്ക് പോയിട്ടില്ല. ആധുനിക സാഹിത്യം, മോഡേണിസം... എനിക്ക് ആ പ്രവണതയോടും താല്പര്യമുണ്ടായിരുന്നില്ല.

ഞാൻ പൊതുവിൽ മനസ്സിലാക്കിയതും എൻ്റെ അനുഭവങ്ങളിലുള്ളതുമായ ശാസ്ത്രീയ അടിസ്ഥാനമാണ് അതിലേക്കൊന്നും പോകാൻ സ്വയം പ്രേരണ തോന്നാത്തതിനു കാരണം. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ടി.എൻ.ജോയി, പി.ടി.തോമസ്, ദാമോദരൻ മാഷ്... അങ്ങനെ പ്രാധാന പ്രവർത്തകരായി മാറിയ പലരും ഈ പറഞ്ഞ അസ്തിത്വവാദത്തിൻ്റെ പിടിയിൽപ്പെട്ടവരായിരുന്നു. ജോയിയൊക്കെ വളരെ ശക്തമായ രീതിയിൽത്തന്നെ, ആത്മഹത്യയുടെ തലത്തിലേക്ക് വരെ നീങ്ങുന്ന ചിന്തകളിലായിരുന്നു. പക്ഷേ, പ്രസ്ഥാനവുമായുള്ള ബന്ധം കൊണ്ട് ഇപ്പറഞ്ഞ പലരും ആ പ്രവണതകളിൽ നിന്നു മാറി സജീവ വിപ്ലവ പാർട്ടി പ്രവർത്തകരായി. അവരൊക്കെ ഹിപ്പിയിസത്തിൽ നിന്നും അരാജകത്വത്തിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. അങ്ങനെ അവരെ രക്ഷിക്കുന്നത് വിപ്ലവ ആശയമാണ്. ഒരു റൊമാൻ്റിക് വീക്ഷണമാണ്, കല്പനിക വീക്ഷണമാണ് അവരെ നയിച്ചുകൊണ്ടിരുന്നത്.

അടിയന്തരാവസ്ഥയ്ക്കു ശേഷം, രാജൻ കേസും നക്സലുകളെ അമർച്ച ചെയ്യാനുണ്ടാക്കിയ മർദ്ദനക്യാമ്പുകളുടെ കഥകളുമെല്ലാം നക്സലേറ്റുകൾക്ക് വീരപരിവേഷം നല്കിയിരുന്ന കാലത്ത്, സാംസ്കാരിക വേദിയുടെ ബാനറിൽ അരങ്ങേറിയ തെരുവ് നാടകങ്ങൾ അതിവേഗം ജനപ്രീതി നേടുകയുണ്ടായി. അവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട തെരുവുനാടകം കെ.ജെ. ബേബി എഴുതി അവതരിപ്പിച്ച ‘നാടുഗദ്ദിക’യാണ്.

എം.എൽ മൂവ്മെൻ്റ് അന്ന് ഒരു തരത്തിൽ റൊമാൻ്റിക് ആയ വിപ്ലവ സങ്കല്പമാണ് മുന്നോട്ട് വെക്കുന്നത്. അതാണ്, ആ റൊമാൻറിസിസമാണ് അവർക്ക് സ്വീകാര്യമായത്. 70-കളുടെ ആദ്യഘട്ടങ്ങളിൽ അങ്ങനെ വലിയൊരു വിഭാഗം യുവതലമുറയാണ് വിപ്ലവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. പലർക്കും പിന്നീടും ഇത്തരം പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അപൂർവ്വം ചിലർ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും മറ്റും പോയി. പോലീസ് മർദ്ദനത്തിൻ്റെ ഭീകരത, കുടുംബത്തിൽ നിന്നും മറ്റു ബന്ധങ്ങളിൽ നിന്നുമുള്ള ഒറ്റപ്പെടൽ... അതൊക്കെ കാരണമായിട്ടുണ്ട്. പക്ഷേ, അത്തരത്തിൽ അപകടത്തിൽപ്പെട്ടുപോയ ഒരു തലമുറയെ യഥാർത്ഥത്തിൽ രക്ഷിക്കുകയാണ് പ്രസ്ഥാനം ചെയ്തത്.

രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തിരുന്നതെന്ന്… അരാജക പ്രവണതയിൽ നില്ക്കുന്നവരെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിലേക്ക് കൊണ്ടുവരുന്നു, അല്ലേ?

അതെ. കാല്പനിക രാഷ്ട്രീയം എന്ന് വേണമെങ്കിൽ പറയാം. ശരിയാണ്, അതുകൊണ്ടു തന്നെയാണ് അവരെ ആകർഷിക്കാൻ കഴിഞ്ഞത്. വിപ്ലവ രാഷ്ട്രീയത്തിൻ്റെ കാല്പനികതയിലേക്ക് അവരെ കൊണ്ടുവന്നു എന്നു പറയാം. ആ കാലഘട്ടത്തിലെ പലരെക്കുറിച്ചും വിലയിരുത്തുമ്പോൾ ഈ നിഗമനം ശരിയാണെന്ന് കാണാൻ സാധിക്കും.

എം.ജി ശശി
എം.ജി ശശി

എൻ്റെ മരണം, എൻ്റെ മരണമാകുന്നില്ല

നക്സലേറ്റുകൾക്ക് അതിഭീകരമായിട്ടുള്ള അവസ്ഥ നേരിടേണ്ടി വന്ന സാഹചര്യത്തിനു ശേഷമാണ് ഞാനൊക്കെ പ്രസ്ഥാനത്തിലെത്തുന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം പ്രസ്ഥാനം ജനകീയ പ്രവർത്തനങ്ങളും പരസ്യ പ്രവർത്തനങ്ങളും ആരംഭിക്കുന്ന സമയത്താണ് ഞങ്ങൾ പട്ടാമ്പി കോളേജിൽ സജീവമാകുന്നത്. നക്സലേറ്റ് പ്രസ്ഥാനത്തിൽ നിങ്ങളുടെ തലമുറയുടെ കാലത്ത് ഏത് സമയത്തും കൊല്ലപ്പെട്ടേക്കാം, ദീർഘകാലം ജയിലിലടച്ചേക്കാം. അങ്ങനെ എന്തപകടവും സംഭവിക്കാവുന്ന അവസ്ഥയായിരുന്നല്ലോ. സ്വന്തം മരണത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്. എങ്ങനെയാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്?

ആ കാലഘട്ടത്തില് ഞാൻ നേരത്തെ പറഞ്ഞ ഹിപ്പിയിസത്തിൻ്റെയൊക്കെ പ്രധാന സൈദ്ധാന്തിക നിലപാട് തന്നെ മരണത്തെക്കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു. മരണം ശരിക്ക് ഭീഷണി പോലെ ആളുകള് കൈകാര്യം ചെയ്യുന്ന, ശരിക്ക് പറഞ്ഞാൽ മരണത്തെ ഉപാസിക്കുന്ന രീതിയിലുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് മരണം ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം തന്നെ ആയിരുന്നു. അന്ന് ഞാൻ ബി.രാജീവനേയും ശങ്കരപ്പിള്ളയേയുമൊക്കെ പരിചയപ്പെടണ സമയത്ത് രാജീവനൊക്കെ അത്തരം ചിന്തകളിലാണ്. കാഫ്ക, കാമു തുടങ്ങിയവരുടെയൊക്കെ നിലപാടുകളിലാണ്. അപ്പൊ അവരടെ മുന്നില് ഞാൻ ഉന്നയിച്ചിരുന്ന ഒരു പ്രധാന കാര്യമുണ്ടായിരുന്നു. എൻ്റെ മരണം എൻ്റെ വിഷയമല്ല. ഞാൻ മരിക്കുന്നതോടു കൂടി ഞാനില്ലാതാകുന്നു.

ബി.രാജീവൻ
ബി.രാജീവൻ

മരണത്തിൻ്റേതായ നിർണായക ഘട്ടങ്ങളിൽ എത്തുന്നത് വരെ മാത്രമാണ് ഞാനുള്ളത്. അപ്പൊ ശരിക്കും മരണം ഞാൻ അനുഭവിക്കുന്നില്ല. എനിക്കെൻ്റെ ശരീരത്തിൽ ഒരു മുറിവ് പറ്റിയാൽ അതെൻ്റെ അനുഭവമാണ്. എനിക്ക് ആ വേദന അനുഭവിക്കാൻ പറ്റും. മരണമെന്ന പ്രക്രിയ യഥാർത്ഥത്തിൽ എന്നെ ബാധിച്ച് കഴിഞ്ഞാൽ പിന്നെ ഞാനില്ല. അതല്ല എൻ്റെ മരണം. ബാക്കിയുള്ളവർക്കാണ് പിന്നെ അത് പ്രശ്നമാകുന്നത്. അതുകൊണ്ടു തന്നെ എൻ്റെ മരണത്തെക്കുറിച്ച് ഞാൻ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. ഒരു തരം വലിച്ചു നീട്ടിയ യുക്തിയാണെന്ന് വേണമെങ്കിൽ വിമർശിക്കാം. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം ഞാനങ്ങനെയാണ് ആ പ്രശ്നത്തെ കാണുന്നത്. മരണം എപ്പൊ വേണമെങ്കിലും സംഭവിക്കാം. പക്ഷെ എൻ്റെ മരണം എന്നെ സംബന്ധിച്ചിടത്തോളം എൻെറ ഒരു വിഷയമേ അല്ല. എൻ്റെ മരണം എൻ്റെ മരണമാകുന്നില്ല എന്നതു കൊണ്ടാണത്!

ആ നിലപാടു കൊണ്ടു കൂടിയാണ് ഓരോരുത്തരും ജീവിക്കുന്ന സമൂഹത്തിൽ എന്ത് പ്രവർത്തിക്കണം എന്ന് തീരുമാനിക്കാനുള്ള ധൈര്യം കൂടുതലായി കിട്ടിയത് എന്ന് പറയാൻ പറ്റുമോ?

തീർച്ചയായിട്ടും. അതാണ് അന്ന് മരണത്തിനെക്കുറിച്ചുള്ള വാദമുഖമായി മുന്നോട്ടു വെക്കുന്നത്. ചെറുപ്പക്കാരിൽ മരണത്തെ ഭയപ്പെടാതെ പ്രവർത്തിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കുക. അതായിരുന്നു മരണത്തിനെക്കുറിച്ചുള്ള നിലപാട്.

ഉന്മൂലന സമരവും പോലീസ് സ്റ്റേഷൻ ആക്രമണവും

നക്സലേറ്റുകൾ പിന്നീട് രണ്ട് രീതിയിലുള്ള പ്രവർത്തന പദ്ധതികൾ ആവിഷ്ക്കരിക്കുകയുണ്ടായി. രണ്ട് ധാരകളായിട്ട്. ഒന്ന്, വർഗ്ഗ ശത്രുക്കൾക്കെതിരായ ഉന്മൂലന സമരം. രണ്ട്, ഭരണകൂട രൂപമായ പോലീസ് സ്റ്റേഷനുകളേയും മറ്റും ആക്രമിക്കുന്ന സമരം. ഈ രണ്ടു ധാരകളുടെ രാഷ്ട്രീയത്തിലുള്ള വ്യത്യാസം എന്തായിരുന്നു?

എം.എൽ മൂവ്മെൻ്റ് അന്ന് ഒരു തരത്തിൽ റൊമാൻ്റിക് ആയ വിപ്ലവ സങ്കല്പമാണ് മുന്നോട്ട് വെക്കുന്നത്. അതാണ്, ആ റൊമാൻറിസിസമാണ് അവർക്ക് സ്വീകാര്യമായത്. 70-കളുടെ ആദ്യഘട്ടങ്ങളിൽ അങ്ങനെ വലിയൊരു വിഭാഗം യുവതലമുറയാണ് വിപ്ലവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. പലർക്കും പിന്നീടും ഇത്തരം പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അപൂർവ്വം ചിലർ മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും മറ്റും പോയി.

ഇന്ത്യയിലെ മുഖ്യ വൈരുദ്ധ്യം ഫ്യൂഡൽ - കർഷക വൈരുദ്ധ്യം ആണെന്നും അതുകൊണ്ട് ഫ്യൂഡലിസത്തെ ഇല്ലായ്മ ചെയ്യാനുള്ള ജന്മിത്വത്തിനെതിരായുള്ള സമരങ്ങളാണ് വേണ്ടത് എന്നുമായിരുന്നു ചാരുമജുംദാറിൻ്റെയൊക്കെ നിലപാട്. നക്സൽബാരി സമരം നടക്കുന്നത് 67-ലാണ്. 68-ൽ അഖിലേന്ത്യാ തലത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്ന ഒരു സമ്മേളനം കൽക്കത്തയിൽ നടക്കുകയുണ്ടായി. അന്ന് കേരളത്തിൽ നിന്ന് കുന്നിക്കൽ നാരായണനും ഫിലിപ്പ് എം. പ്രസാദുമാണ് അതിൽ പങ്കെടുത്തത്. അവര് ചാരുമജുംദാറിൻ്റെ നിലപാടിനോട് അവിടെ വെച്ചു തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് തിരിച്ചു വരുന്നത്.

കുന്നിക്കലിൻ്റെ പോലീസ് സ്റ്റേഷൻ ആക്രമണം ശരിയല്ല എന്നും ഫ്യൂഡൽ വിരുദ്ധ സമരമാണ് വേണ്ടത് എന്നുമായിരുന്നു ചാരുമജുംദാറിൻ്റെയൊക്കെ നിലപാട്. Photo : wikipedia
കുന്നിക്കലിൻ്റെ പോലീസ് സ്റ്റേഷൻ ആക്രമണം ശരിയല്ല എന്നും ഫ്യൂഡൽ വിരുദ്ധ സമരമാണ് വേണ്ടത് എന്നുമായിരുന്നു ചാരുമജുംദാറിൻ്റെയൊക്കെ നിലപാട്. Photo : wikipedia

ഫ്യൂഡലിസമല്ല ഇന്ത്യയിലെ പ്രധാന പ്രശ്നം, സാമ്രാജ്യത്വമാണ് പ്രധാന വൈരുദ്ധ്യായിട്ട് കാണേണ്ടത് എന്നതാണ് അവര് പറഞ്ഞത്. നേരിട്ട് സാമ്രാജ്യത്വമില്ലെങ്കിലും പുത്തൻ കൊളോണിയലിസമാണ് ഇവിടെ നിലനിൽക്കുന്നത് എന്ന നിലപാടിൻ്റെ അടിസ്ഥാനത്തിൽ, ഇവിടെ പോലീസ് സ്റ്റേഷൻ ആകമണമാണ് വേണ്ടതെന്ന അഭിപ്രായം അവര് മുന്നോട്ടു വെക്കുന്നു. അങ്ങനെയാണ് ഇവിടത്തെ ആദ്യത്തെ സംഭവം... തലശ്ശേരി - പുൽപ്പള്ളി സംഭവം. തലശ്ശേരിയിൽ പോലീസ് സ്റ്റേഷനും പുൽപ്പള്ളിയിൽ വയർലസ് സ്റ്റേഷനുമാണ് ആക്രമിക്കുന്നത്. ഇവിടത്തെ ആളുകൾക്കൊന്നും അറിയില്ലായിരുന്നു യഥാർത്ഥത്തില് എന്താണ് കൽക്കത്തയിൽ പോയപ്പോ സംഭവിച്ചത് എന്ന്. ചാരുമജുംദാറിൻ്റെ നിലപാട് എന്താണെന്നും ആളുകൾക്കറിയില്ല. അപ്പൊ ഒരു വിഭാഗം ആളുകള്, അതിലെ ചെല പ്രവർത്തകര് കുന്നിക്കലിൻ്റെ ഈ നെലപാട് മാറ്റം മനസ്സിലാക്കി കൽക്കത്തയിൽ പോയി കാര്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് ഇവിടെ വരുന്നു. ആ നിലപാടുകൾ വർഗ്ഗീസൊക്കെ സ്വീകരിക്കുന്നു. കുന്നിക്കലിൻ്റെ കൂടെ നിന്നവരാണ് വർഗ്ഗീസും വെള്ളത്തൂവൽ സ്റ്റീഫനുമൊക്കെ. അങ്ങനെ ഒരു വിഭാഗം കുന്നിക്കലിൻ്റെ നിലപാടിൽ നിന്ന് മാറിക്കൊണ്ട് ജന്മിത്വത്തിനെതിരായ സമരം തന്നെയാണ് വേണ്ടത് എന്ന നിലപാടിൽ ഉറച്ചു നിന്നു. തൃശ്ശിലേരി, തിരുനെല്ലി സംഭവങ്ങള്... വർഗ്ഗീസ് കൊല്ലപ്പെടാൻ ഇടയാകുന്ന സംഭവങ്ങള് അങ്ങനെയാണ് ഉണ്ടാകുന്നത്. അതുണ്ടാകുന്നത് ഈ നിലപാട് മാറ്റത്തിൻ്റെ അടിസ്ഥാനത്തിലാണ്. കുന്നിക്കലിൻ്റെ പോലീസ് സ്റ്റേഷൻ ആക്രമണം ശരിയല്ല എന്നും ഫ്യൂഡൽ വിരുദ്ധ സമരമാണ് വേണ്ടത് എന്നുമുള്ള ചാരുമജുംദാറിൻ്റെയൊക്കെ നിലപാട് സ്വീകരിച്ചു കൊണ്ടാണ് വർഗീസും കൂട്ടരും ആ സമര രീതി സ്വീകരിക്കുന്നത്. അങ്ങനെയാണ് കേരളത്തിൽ രണ്ട് ചേരി എന്ന് പറയാവുന്ന നെലപാടുകള് രൂപപ്പെടുന്നത്. 1970 ഫെബ്രുവരി 18-ന് വർഗ്ഗീസ് കൊല്ലപ്പെട്ടു.

(തുടരും)


Summary: Marxist theoretician and writer K Venu recalls his Naxal movement journey in conversation with MG Sasi. Venu also talk about KJ Baby and Nadugadhika.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments