കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 31
എം.ജി.ശശി: കേവിയുടെ മുൻകയ്യിൽ നടന്ന പല രീതിയിലുള്ള ജനകീയ ഇടപെടലുകളുടെ ഭാഗമായി, തൊഴിലാളി-മുതലാളി വർഗ്ഗീകരണത്തിനപ്പുറത്ത്, വർഗ്ഗേതരമായ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമം ഉണ്ടായല്ലോ. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീകളുടെ മേഖലയിലെ -ജെൻ്റർ ഇഷ്യൂ ഉന്നയിക്കുന്ന മുന്നേറ്റം. അക്കൂട്ടത്തിൽ രൂപമെടുത്ത ആദ്യ സംഘടന മാനുഷി ആയിരുന്നു. അതിൻ്റെ സൈദ്ധാന്തിക അടിത്തറ -തിയററ്റിക്കൽ ബെയ്സ് ഉണ്ടാക്കുന്നതിന് നിരന്തരമായ ചർച്ചകളിൽ പങ്കെടുത്തു കൊണ്ട് കേവി വലിയ രീതിയിൽ സഹകരിക്കുകയുണ്ടായി. അതിനോട് ചേർന്നു കൊണ്ട് മാനുഷി പ്രവർത്തകരുമായി സംവദിക്കാൻ എനിക്കും അക്കാലത്ത് അവസരമുണ്ടായി. മാനുഷി രൂപീകരിക്കപ്പെടുന്നത് പട്ടാമ്പിയിലെ സവിശേഷ സാഹചര്യത്തിലും കൂടിയാണ്. വി.ടി.ഭട്ടതിരിപ്പാടിൻ്റെ നാടാണത്. എം.ആർ.ബിടേയും പ്രേംജിയുടേയുമൊക്കെ നാടക പ്രവർത്തനങ്ങൾ നടന്ന സ്ഥലമാണത്. തൊഴിൽകേന്ദ്രത്തിലേക്ക് എന്ന നാടകം പിറന്ന പ്രദേശമാണ്. പട്ടാമ്പിക്കടുത്ത് എൻ്റെ നാട്ടിൽ - ആറങ്ങോട്ടുകരയിലാണ് സ്വന്തം ലൈംഗികത കൊണ്ട് പൗരോഹിത്യത്തെയും രാജാധികാരത്തെയും വെല്ലുവിളിച്ച, സ്മാർത്ത വിചാരത്തിന് വിധേയയാക്കപ്പെട്ട, പടിയടച്ച് പിണ്ഡം വെയ്ക്കപ്പെട്ട കുറിയേടത്ത് താത്രി ജനിച്ചത്. താത്രിയുടെ പറമ്പിന് തൊട്ടടുത്താണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്.
കെ.വേണു: കേരളത്തിൽ പൊതുവിൽ പുരുഷമേധാവിത്തം വളരെ ശക്തമാണ്. മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് സ്ത്രീ-പുരുഷ വിഭജനം വളരെ തീവ്രമാണിവിടെ. സ്ത്രീ-പുരുഷ സ്പർശനം പോലും ലൈംഗികമായി മാത്രം കാണക്കാക്കപ്പെടുന്ന ഒരു അവസ്ഥയാണ്. അഖിലേന്ത്യാ തലത്തിലൊക്കെ യാത്ര ചെയ്യുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, കേരളത്തിലെ സ്ത്രീ-പുരുഷ ബന്ധം വളരെ പിന്നോക്കാവസ്ഥയിലാണെന്ന്. ഉത്തരേന്ത്യയിലും മറ്റും ഗ്രാമപ്രദേശങ്ങളിൽ പോകാനായിട്ട് സാധാരണ പാസഞ്ചർ ട്രെയിനിലൊക്കെ ഞാൻ യാത്ര ചെയ്യാറുണ്ട്. അല്പം സ്ഥലമുണ്ടെങ്കിൽ ബുർഖ ധരിച്ചിട്ടുള്ള -മൂടുപടമണിഞ്ഞ ചെറുപ്പക്കാരികൾ പോലും പുരുഷന്മാർക്കിടയിൽ തിങ്ങിഞെരുങ്ങി ഇരിക്കാൻ യാതൊരു മടിയും കാണിക്കാറില്ല. കേരളത്തിൽ അത് നടക്കില്ല. പുരുഷന്മാർ ഇരിക്കുന്ന സീറ്റിൽ ഒരു സ്ത്രീ ഇരിക്കില്ല. സാംസ്ക്കാരിക വേദി പ്രവർത്തനത്തിന് ബോംബേയിൽ നിന്നു വന്ന ജയശ്രീ ഇവിടന്ന് തിരിച്ചു പോകുമ്പോൾ നേരിട്ട ഒരു അനുഭവം പറയാറുണ്ട്. പിന്നീട് ഞാൻ ബോംബേയിൽ ചെല്ലുമ്പൊ എന്നെ ഭയങ്കരമായി കളിയാക്കി ജയശ്രീ ചോദിക്കും, “നിങ്ങൾ മലയാളികൾ ഇത്ര മോശം അവസ്ഥയിലാണോ” എന്ന്. വടകരയിൽ ഒരു ക്യാമ്പ് കഴിഞ്ഞ് ബസ്സിൽ മംഗലാപുരത്തേക്ക് പോകുമ്പൊ ഒരു പുരുഷനരികിൽ ഒഴിഞ്ഞ സീറ്റിൽ ജയശ്രീ ഇരുന്നു. ആ പുരുഷൻ ഞെട്ടി ചാടിയെണീറ്റു. ഒരു സ്ത്രീ തൊട്ടുരുമ്മി ഇരിക്കുക എന്നത് മലയാളി പുരുഷന് ഉൾക്കൊള്ളാനാകില്ല. “ഇതാണോ നിങ്ങടെ പുരോഗമന കേരളം” എന്ന് ജയശ്രീ എന്നെ കളിയാക്കി.

എൻ്റെ മറ്റൊരു അനുഭവവുമുണ്ട്. മഴ പെയ്തപ്പൊ മുന്നിലൊരു പെൺകുട്ടി കുടചൂടി പോകുന്നുണ്ടായിരുന്നു. മഴ നനയാതിരിക്കാൻ ഞാനാ കുടയിലേക്ക് കയറാൻ അടുത്തത്തി. പക്ഷേ, ആ പെൺകുട്ടി വല്ലാതെ പേടിച്ചു പോയി. അത്രമാത്രമുണ്ട് നമ്മുടെ സ്ത്രീ-പുരുഷ അകൽച്ച. കേരളത്തിൽ മാത്രമല്ല മനുഷ്യസമൂഹത്തിൽ മൊത്തത്തിൽത്തന്നെ പുരുഷമേധാവിത്തമാണ് നിലനിൽക്കുന്നത്. പുറമേയ്ക്ക് വലിയ സമത്വവും സ്വാതന്ത്ര്യവുമൊക്കെ ഉണ്ടെന്ന് പറയുമെങ്കിലും -വളരെയധികം വിദ്യാഭ്യാസമുള്ള സ്ത്രീകളുണ്ട്, ജോലി നോക്കുന്ന സ്ത്രീകളുണ്ട് എന്നൊക്കെ മേനി നടിയ്ക്കുമെങ്കിലും കുടുംബത്തിലെത്തുമ്പൊ പുരുഷൻ്റെ ആധിപത്യം വളരെയധികം ശക്തമാണ്. തുല്യതയുടെ കപടമായ ആവരണം അഴിച്ചു വെച്ചിട്ടാണ് മിക്കവാറും എല്ലാവരും വീടിനകത്തേക്ക് കയറുന്നത്. ഈ അവസ്ഥയെക്കുറിച്ച് ബോദ്ധ്യമുള്ളതുകൊണ്ട് സ്ത്രീകളുടെ ഒരു വിമോചന പ്രസ്ഥാനം ഉണ്ടാകണം എന്ന രീതിയിൽ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.
പാർട്ടിയുടെ പോഷക സംഘടനയല്ലാതെ തന്നെ... അല്ലേ?
അതെ. ഡൽഹിയിൽ മാനുഷി എന്നൊരു സംഘടനയും അതേ പേരിലുള്ള പ്രസിദ്ധീകരണവുമുണ്ടായിരുന്നു. അവിടെ പോകുമ്പോൾ ഞാനാ പ്രസിദ്ധീകരണം വാങ്ങാറുണ്ട്. ആറങ്ങോട്ടുകരയിൽ നിങ്ങളുടെ ഒരു പരിപാടിയിൽ പങ്കെടുത്ത ദിവസം സാറാ ജോസഫ് വന്നപ്പൊ ഞാനാ മാനുഷിയുടെ ഒന്നു രണ്ടു കോപ്പികൾ ടീച്ചർക്ക് കൊടുത്തിട്ട് ഇതുപോലൊരു സംഘടന നിങ്ങൾക്കും ഇവിടെ ഉണ്ടാക്കിക്കൂടേ എന്ന് ചോദിക്കുകയുണ്ടായി.
കേട്ടും വായിച്ചും ഏറെ ശ്രദ്ധിച്ച കെ.വേണുവിനെ കാണാൻ ഒരു കൗതുകവും സന്തോഷവുമുണ്ട് സാറ ടീച്ചർക്ക്. അന്ന് അങ്ങനെയാണവർ വന്നത്. പട്ടാമ്പിയിൽ നിന്ന് എൻ്റെ കൂടെയാണ് ടീച്ചർ ആറങ്ങോട്ടുകരയിൽ എത്തിയത്.
സാറാ ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്, 'ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിൽ വലിയ പ്രശ്നമുണ്ടായപ്പോൾ -സ്ത്രീ സംഘടന ഉണ്ടാക്കാൻ ഞങ്ങൾ സ്വയം നിർബന്ധിതരാവുകയായിരുന്നു, അങ്ങനെയാണ് മാനുഷി ഉണ്ടായത്' എന്ന്. ആഗോളതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റുകാർ സ്ത്രീ സംഘടനകളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ബൂർഷ്വാ സംഘടനയാണ്, ബൂർഷ്വാ പരിപാടിയാണ് എന്നു പറഞ്ഞു കൊണ്ട് ഫെമിനിസ്റ്റ് നിലപാടുകളെയൊക്കെ അവർ തള്ളിക്കളയുകയായിരുന്നു.

ഇവിടത്തെ കമ്മ്യൂണിസ്റ്റുകാരും അങ്ങനെത്തന്നെയാണ്. അതിനെ ലംഘിക്കേണ്ടതുണ്ട്. സ്ത്രീകളുടെ സ്വതന്ത്രമായ പ്രസ്ഥാനം തീർച്ചയായും ആവശ്യമുണ്ടല്ലോ. അതുകൊണ്ടാണ് നമ്മളൊക്കെ ആ മുന്നേറ്റത്തിനൊപ്പം നിന്നത്.
മാത്രവുമല്ല ആ പ്രസ്ഥാനം നമ്മളിലെ പുരുഷമേധാവിത്തത്തെ കറക്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നുമുണ്ട്. സ്ത്രീകളുടെ പ്രശ്നം വർഗ്ഗേതരമാണെന്ന കാഴ്ചപ്പാടാണല്ലോ അന്ന് മുന്നോട്ട് വെച്ചത്.
സ്ത്രീവിമോചന പ്രസ്ഥാനത്തിന് ഒരു അടിസ്ഥാന കാഴ്ചപ്പാട് രൂപീകരിക്കുമ്പോഴാണ് ആ നിലപാട് ഉന്നയിച്ചത്. അതായത്, തൊഴിലാളി കുടുംബമായാലും ജന്മി കുടുംബമായാലും ബൂർഷ്വാ കുടുംബമായാലും സ്ത്രീ അടിമയാകുന്നു. പുരുഷൻ ഉടമയാകുന്നു. ഒരു തൊഴിലാളി-സ്ത്രീ ആയതുകൊണ്ട് സ്ത്രീ-പുരുഷ ബന്ധത്തിൻ്റെ കാര്യത്തിൽ, പുരുഷാധിപത്യത്തിൽ നിന്ന് അവർ രക്ഷപ്പെടുന്നില്ല. സ്വയം തൊഴിലെടുക്കുന്നതു കൊണ്ട് തൊഴിലാളിസ്ത്രീക്ക് അല്പം സ്വാതന്ത്ര്യം കൂടുതലുണ്ടെന്ന് തോന്നാം. എങ്കിൽത്തന്നെയും അടിസ്ഥാനപരമായ പുരുഷമേധാവിത്തത്തിനു മാറ്റമുണ്ടാകുന്നില്ല.
പുരുഷനനുഭവിക്കുന്നതിനേക്കാൾ അധികമായൊരു സാമൂഹ്യ അടിമത്തം സ്ത്രീ അനുഭവിക്കുന്നുണ്ട്. അത് പുരുഷമേധാവിത്തമാണെന്ന് ഏംഗൽസ് പറഞ്ഞിട്ടുണ്ടല്ലോ. അടിമ-ഉടമ ബന്ധമാണ് സ്ത്രീ-പുരുഷ ബന്ധത്തിൻ്റെ കാര്യത്തിൽ കുടുംബത്തിലും സമൂഹത്തിലുമുള്ളത്.
അതെ. പഠനങ്ങൾ തുടങ്ങി. ധീരമായ ചിന്തകൾ തുറന്നുവിടുന്ന പല പുസ്തകങ്ങളും അക്കാലത്ത് ആഴത്തിൽ വായിക്കപ്പെട്ടു. ഏംഗൽസിൻ്റെ 'കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം', റോസാ ലക്സംബർഗിൻ്റെ രചനകൾ, സിമോൺ ദി ബുവയുടെ 'സെക്കൻ്റ് സെക്സ്'...
കേരളത്തിൽ ജാതീയമായി പുരുഷമേധാവിത്തം ഏറ്റവും കൂടുതലുള്ളത് സവർണ്ണ വിഭാഗങ്ങളിലാണെന്ന് തോന്നുന്നു.
ശരിയാണ്. പ്രത്യേകിച്ചും നമ്പൂതിരി വിഭാഗങ്ങളിലൊക്കെ. വി.ടിയൊക്കെ അതിനെതിരായിട്ടാണല്ലോ കലാപം ചെയ്തത്.

വി.ടിയുടെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’, എം.ആർ.ബിയുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’, പ്രേംജിയുടെ ‘ഋതുമതി’ എന്നീ നമ്പുതിരി നാടകത്രയത്തിനൊപ്പം ലളിതാംബിക അന്തർജ്ജനത്തിൻ്റെ ‘സാവിത്രി’ എന്ന നാടകവും ഉണ്ടായി. പിന്നീട്, സ്ത്രീ ജീവിതത്തിൻ്റെ പ്രശ്നങ്ങളെ രാഷ്ട്രീയമായും സാമൂഹ്യമായും ഏറെ ശക്തമായി അവതരിപ്പിച്ച, മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സ്ത്രീ നാടകം - ‘തൊഴിൽകേന്ദ്രത്തിലേയ്ക്ക്’ പിറന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടവരൊക്കെ ഒരർത്ഥത്തിൽ അതിനൊപ്പം ഉണ്ടായിരുന്നു. പക്ഷേ, അതിനുശേഷം സ്ത്രീ നാടകത്തിൻ്റേയും സ്ത്രീ മുന്നേറ്റത്തിൻ്റേയും സ്വാഭാവികമായ തുടർച്ച ഉണ്ടായില്ല.
കമ്മ്യൂണിസ്റ്റുകാർ അതിനു വേണ്ടി മുൻകൈ എടുത്തിട്ടില്ല. അവർക്കതിൻ്റെ പ്രാധാന്യം മനസ്സിലായിട്ടില്ല. എന്നു പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പുരുഷമേധാവിത്തമാണ് അവരുടെ നിലപാടുകളിൽ കാണുന്നത്.
മാർക്സിസ്റ്റ് എന്ന വാക്ക് പുരോഗമനപരവും ഫെമിനിസ്റ്റ് എന്നത് മോശവുമായാണ് കാണാറുള്ളത്. യഥാർത്ഥത്തിൽ ഇതു രണ്ടും ഒരുമിച്ച് പോകേണ്ടതല്ലേ?
അതെ. സ്ത്രീകളുടേയും ലൈംഗിക ന്യൂനപക്ഷങ്ങളുടേയും സവിശേഷ പ്രശ്നങ്ങളിൽ അവർക്കു തന്നെ സ്വയം നിർണ്ണായകമായ പങ്കു വഹിക്കാവുന്ന അവസ്ഥ ഉണ്ടാകണം. പകുതിയിലധികം വരുന്ന ജനതയുടെ ജനാധിപത്യ-സാംസ്കാരിക പ്രശ്നമാണത്. പക്ഷേ, ഫെമിനിസത്തെ ഒരു ബൂർഷ്വാ ആശയമായിട്ടാണ് കമ്മ്യൂണിസ്റ്റുകാർ എന്നും കണ്ടിട്ടുള്ളത്.
മാനുഷി ഒരു സ്വതന്ത്ര സ്ത്രീവിമോചന പ്രസ്ഥാനം എന്ന നിലയിൽ അതിൻ്റെ പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്യുന്നതിലും ആദ്യത്തെ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിലുമൊക്കെ കേവിയുടെ വലിയ സംഭാവനകൾ ഉണ്ടായിട്ടുണ്ട്.
ഇങ്ങനെയുള്ള കാര്യങ്ങളിൽ സ്വതന്ത്രമായി ചിന്തിച്ച് താത്വികമായ - സൈദ്ധാന്തികമായ എന്തെങ്കിലും രൂപീകരണത്തിലേക്കെത്തുന്നവർ പാർട്ടിയിലും സ്ത്രീ വിമോചന പ്രസ്ഥാനത്തിലുമൊക്കെ വളരെ കുറവാണ്. അതിനൊന്നും തങ്ങൾക്ക് കഴിയില്ല എന്ന ധാരണയിൽ ശ്രമിക്കാതിരിക്കുകയാണ് ചെയ്യുന്നത്. അപ്പൊ സൈദ്ധാന്തിക അന്വേഷണങ്ങളൊക്കെ നടത്തുന്ന ആളെന്ന നിലയ്ക്ക് എൻ്റെ തലയിലാണ് ഇത്തരം ഉത്തരവാദിത്തങ്ങളൊക്കെ വന്നു വീഴാറുള്ളത്. മാനുഷിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ഞാനന്ന് ആ മാനിഫെസ്റ്റോ എഴുതിയത് ശശിയുടെ വീട്ടിൽ വെച്ചാണല്ലോ.

എനിയ്ക്കാ ദിവസം നല്ല ഓർമ്മയുണ്ട്. ഒരു രാത്രി കൊണ്ട് വെട്ടിത്തിരുത്തലുകൾ ഇല്ലാതെ മുഴുവൻ എഴുതുന്നു. ഞാനത് അത്ഭുതത്തോടെയാണ് കണ്ടത്. പിറ്റേന്നുള്ള പരിപാടി മാറ്റി വെച്ചിട്ടാണ് അതെഴുതാൻ വേണ്ടി കേവി അന്നു രാത്രി എൻ്റെ വീട്ടിൽ തങ്ങുന്നത്. ടീച്ചർമാരും വിദ്യാർത്ഥിനികളുമടങ്ങുന്നവരുടെ, നമ്മളുമൊത്തുള്ള മീറ്റിംഗ് അന്ന് പകൽ വീട്ടിൽത്തന്നെ നടന്നിരുന്നു. അന്ന് മാനുഷിയുടെ ഒരു മാനിഫെസ്റ്റോ എഴുതിക്കൂടേ എന്ന് സാറ ടീച്ചറോട് കേവി ചോദിക്കുന്നുണ്ട്. അത്തരം കാര്യങ്ങൾ ഫ്രെയിം ചെയ്ത് എഴുതാനുള്ള പരിചയത്തിലേക്ക്, ധാരണയിലേക്ക് എത്തിയിട്ടില്ല, അതുകൊണ്ട് കേവി തന്നെ എഴുതി തയ്യാറാക്കിത്തരണം എന്നാണ് ടീച്ചർ അന്ന് ആവശ്യപ്പെട്ടത്.
അതെ.
അന്ന് രാത്രി എഴുതിത്തയ്യാറാക്കിയ ആ രേഖ പിറ്റേന്ന് കാലത്തു തന്നെ ഞാൻ കോളേജിൽ എത്തിച്ചു. അത് അന്നു തന്നെ ഒട്ടും വൈകാതെ പ്രിൻറ് ചെയ്യാനയച്ചു. അങ്ങനെയാണ് 'മാനുഷി-ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടന'യുടെ ആദ്യ നയപ്രഖ്യാപനം ഉണ്ടാകുന്നത്.
ഏറെ ചർച്ച ചെയ്യപ്പെട്ട മാനുഷിയുടെ നയപ്രഖ്യാപനത്തിനു ശേഷം കേരളത്തിലെമ്പാടും സ്ത്രീകളുടെ നിരവധി ചെറുഗ്രൂപ്പുകൾ രൂപപ്പെട്ടു.
അതിനെത്തുടർന്ന് വിപ്ലവ പ്രസ്ഥാനവും ഇത്തരം മുന്നേറ്റങ്ങളുമായിട്ട് എങ്ങനെ ശരിയായ ബന്ധം ഉറപ്പിക്കാമെന്ന ഡയലക്റ്റിക്കൽ നിലപാടിൽ, പ്രവർത്തനങ്ങൾ വളരെ നന്നായി മുന്നോട്ടു പോയ ഒരു കാലമുണ്ടായിരുന്നു. വാവനൂർ സ്കൂളിൽ മാനുഷിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടന്ന സ്ത്രീ വിമോചന പ്രവർത്തകരുടെ ആദ്യത്തെ ക്യാമ്പിൽ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള നൂറോളം സ്ത്രീകൾ പങ്കെടുത്തു. അത് സമൂഹത്തിൽ വലിയ ചലനമുണ്ടാക്കിയല്ലോ...
അതെ. മറ്റെവിടെയും സ്ഥലം കിട്ടാതെ വന്നപ്പൊ ശശിയുടെ അച്ഛൻ്റെ സ്കൂളിലാണല്ലോ ആ ക്യാമ്പ് നടന്നത്. മാനുഷിയിലൂടെ കടന്നുവന്ന സ്ത്രീകൾ സ്വന്തം കുടുംബങ്ങളിൽത്തന്നെ ഭർത്താക്കന്മാരുടെ മേധാവിത്തത്തിനെതിരായി ചോദ്യം ഉയർത്താൻ ശ്രമങ്ങളാരംഭിച്ചു. എന്നാലത് വേണ്ടത്ര ഫലപ്രദമായി നടന്നില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത്തരം ചോദ്യം ചെയ്യലുകൾ പുരുഷന്മാരിൽ ചെറുതല്ലാത്ത പ്രശ്നങ്ങളും തിരിച്ചറിവുകളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സ്ത്രീകളുടെ പ്രശ്നങ്ങൾ സാമൂഹ്യ പ്രശ്നങ്ങളായിത്തന്നെ മനസ്സിലാക്കപ്പെടേണ്ടതുണ്ട് എന്ന പൊതുബോധം വളർന്നു വന്നിട്ടുണ്ടല്ലോ. വളരെ Specific ആയ ചില പ്രശ്നങ്ങൾ വന്നപ്പൊ മാനുഷി നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്.
കുറേ ഉദാഹരണങ്ങളുണ്ട്. ഒരിക്കൽ അന്തിക്കാട് ഒരു സ്ത്രീയുടെ ഭർത്താവ് അവരേയും മകളേയും ദ്രോഹിക്കുന്നു എന്ന പ്രശ്നവുമായി മണിയുടേയും സഹപ്രവർത്തകരുടേയും മുന്നിലെത്തി. മണിയുടെ നേതൃത്വത്തിൽ മൂന്നാല് സ്ത്രീകൾ ആ വീട്ടിലെത്തി. അയാൾ തെങ്ങുകയറ്റത്തൊഴിലാളിയാണ്. വലിയൊരു കപ്പടാമീശക്കാരൻ, ആജാന ബാഹു. കൊടുവാള് കയ്യിലുണ്ടാകും. ഉച്ചയോടെ അയാൾ തിരിച്ചെത്തും വരെ കാത്തിരുന്നു. അയാൾ എത്താൻ സമയമായപ്പോൾ മാനുഷി പ്രവർത്തകർ റോഡിലേക്കിറങ്ങി നിന്നു. അയാളെ തടഞ്ഞു നിർത്തിയിട്ട് പറഞ്ഞു. “താൻ തൻ്റെ ഭാര്യയേയും മകളേയുമൊക്കെ മർദ്ദിക്കുന്നതായി ഞങ്ങളറിഞ്ഞു. ഞങ്ങൾ മനുഷി എന്ന സ്ത്രീ സംഘടനയുടെ പ്രവർത്തകരാണ്. ഇനി മേലാൽ താനവരുടെ ശരീരത്തിൽ തൊട്ടാൽ, ഈ റോട്ടിൽ നാട്ടുകാരടെ മുന്നിൽ വെച്ച് തൻ്റെ മീശ ഞങ്ങള് പിഴുതെടുക്കും. എന്നിട്ട് ചെവിട്ടത്ത് രണ്ടെണ്ണം പൊട്ടിയ്ക്കും,” പിന്നെ അയാൾ ഒരു മാസം പുറത്തിറങ്ങീട്ടില്ല. ഭാര്യക്കും മകൾക്കും ഒരുതരത്തിലുള്ള ഉപദ്രവവും സഹിക്കേണ്ടി വന്നിട്ടുമില്ല.
പൗരുഷം തകർന്നു വീണ് നിലത്തടിയുന്നു അല്ലേ...
അതാണ്. അതിൻ്റെ അപമാനം താങ്ങാനാവുകയില്ല. പുരുഷമേധാവിത്തത്തിൻ്റെ ഏറ്റവും വലിയ ദൗർബല്യവും അതുതന്നെയാണ്. പെണ്ണിനു മുന്നിൽ കീഴടങ്ങേണ്ടി വരിക എന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല ആണിന്.
തുടരും...