നിത്യചൈതന്യയതിയെ കുഴപ്പിച്ച ചോദ്യം; രാഷ്ട്രീയം വേണുവിന് പറ്റിയതല്ലെന്ന് പറഞ്ഞ കുറ്റിപ്പുഴ

''ചിന്തിയ്ക്കാൻ പോലും വയ്യ വേണൂ." യതി പറഞ്ഞു. 'ആത്മീയത' എന്ന് പറയുന്നതിൻ്റെ പരിമിതി ശരിയ്ക്ക് മനസ്സിലായ ഒരു സന്ദർഭാണത്. മനസ്സിൻ്റെ കരുത്തും ആത്മീയതയും എങ്ങനെ ബന്ധിപ്പിയ്ക്കാമെന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. അതിന് സന്യാസിമാർക്ക് കൃത്യമായ ഉത്തരമില്ല - കെ.വേണുവായുള്ള എം.ജി. ശശിയുടെ ദീർഘസംഭാഷണം തുടരുന്നു...

കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ - പാർട്ട് 6

കുഞ്ഞുണ്ണി മാഷ്

എം.ജി.ശശി: കുഞ്ഞുവരികളിലൂടെ വലിയ കാര്യങ്ങൾ പറയുന്ന കുഞ്ഞുണ്ണി. കുഞ്ഞുണ്ണി മാഷെ കണ്ട അനുഭവം പറയാമോ?

കെ.വേണു: നേരത്തെ ഞാൻ 'ഭഗവത്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എഴുതിയതിനെക്കുറിച്ച് പറഞ്ഞു. എഴുതിക്കഴിഞ്ഞിട്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചെങ്കിലോ എന്ന പ്രതീക്ഷയിൽ എൻ.വി.കൃഷ്ണവാരിയർക്കാണ് ആദ്യം അത് കൊടുക്കുന്നത്. മലബാർ ക്രിസ്ത്യൻ കോളേജിലേയ്ക്ക് ഞാൻ നടന്നു പോകാറുള്ള വഴിയിലാണ് എൻ.വിയുടെ വീട്. കൃഷ്ണവാരിയർക്ക് കയ്യെഴുത്തു പ്രതി കൊടുത്തപ്പോൾ ഒരാഴ്ച കഴിഞ്ഞ് ചെല്ലാൻ പറഞ്ഞു. അങ്ങനെ വീണ്ടും കണ്ടപ്പൊ എൻ.വി പറഞ്ഞു. ''നല്ലവണ്ണം പണിയെടുത്തിട്ടാണ് വേണു ഇത് ചെയ്തിട്ട്ള്ളത്. പക്ഷേ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലിടാൻ ബുദ്ധിമുട്ടാണ്." ചെറിയ വെഷമൊക്കെ തോന്നി. പക്ഷേ, ഞാനത് അന്നു തന്നെ ജനയുഗത്തിലേയ്ക്ക് അയച്ചു കൊടുത്തു.

അന്ന് ധാരാളം ആളുകള് വായിയ്ക്കണ വാരികയാണ് എന്നല്ലാതെ ജനയുഗവുമായിട്ട് എനിയ്ക്ക് വേറെ ബന്ധമൊന്നുമില്ല. അയച്ചു കിട്ടിയ ഉടനെത്തന്നെ പത്രാധിപർ കാമ്പിശ്ശേരി കരുണാകരൻ്റെ മറുപടി വന്നു, 'അടുത്താഴ്ച മുതൽ തന്നെ പ്രസിദ്ധീകരിച്ച് തുടങ്ങുന്നു' എന്ന്. എൻ്റെ രണ്ടാമത്തെ ചേട്ടൻ രാജൻ മാവൂർ റോഡിൽ ഒരു ഓട്ടോമൊബൈൽ ഷോപ്പ് നടത്തുകയാണ് അന്ന്. ചേട്ടൻ്റെ കൂടെയാണ് ആ സമയത്ത് ഞാൻ താമസിയ്ക്കുന്നത്. ചേട്ടൻ്റെ ഷോപ്പിൻ്റെ അഡ്രസ്സാണ് ജനയുഗത്തില് കൊടുത്തിരുന്നത്. ഒരു ദിവസം ചേട്ടൻ വീട്ടില് വന്നപ്പൊ പറഞ്ഞു. ''ഇന്ന് ഷോപ്പില് ഒരാള് വന്നിരുന്നു, നിന്നെ അന്വേഷിച്ചിട്ട്. കോളറില്ലാത്ത ഒരു ജുബ്ബേം ഇട്ട് മുട്ടിന് താഴെ വരെള്ള ഒറ്റമുണ്ടും ഉടുത്തിട്ട് പൊക്കം കുറഞ്ഞ ഒരാള്. മീഞ്ചന്തേലെ രാമകൃഷ്ണാശ്രമം സ്കൂളിലെ മാഷാണ്. കുഞ്ഞുണ്ണീന്നാ പേര്. നിന്നോട് അങ്ങോരെ ചെന്ന് കാണാൻ പറഞ്ഞിട്ട്ണ്ട്." അങ്ങനെ ഞാൻ രാമകൃഷ്ണാശ്രമത്തില് ചെന്നപ്പഴാണ് അത് കുഞ്ഞുണ്ണി മാഷാണെന്ന് മനസ്സിലായത്.

 കുഞ്ഞുണ്ണിമാഷ്
കുഞ്ഞുണ്ണിമാഷ്

മലയാളിയുടെ സാക്ഷാൽ കുഞ്ഞുണ്ണിമാഷ്?

ആൾക്കാരൊക്കെ അറിയും ന്ന് വെച്ചാലും ഇന്നത്തെപ്പോലെ അത്ര പ്രസിദ്ധനല്ല മാഷന്ന്. അന്ന് ഒരുപാട് നേരം വർത്തമാനം പറഞ്ഞിരുന്നു. കോഴിക്കോട് മാഷ് കാണേണ്ട വേണു എന്നൊരാള്ണ്ടെന്ന് പറഞ്ഞിട്ട് ചേട്ടൻ്റെ ഷോപ്പിലെ അഡ്രസ്സ് കുഞ്ഞുണ്ണി മാഷ്ക്ക് കൊടുത്തത് കാമ്പിശ്ശേരിയാണ്. ഭഗവത് ഗീതയെ വിമർശിയ്ക്കുന്ന എൻ്റെ ലേഖന പരമ്പരയെക്കുറിച്ചൊക്കെ ഞങ്ങള് സംസാരിച്ചു. മാഷ്ക്കത് വല്യേ താല്പര്യള്ള വിഷയായിരുന്നില്ല. മുട്ടിപ്പലകേടെ മുകളിലിരുന്ന് മാഷ്ടെ കൂടെ കഞ്ഞികുടിച്ചു.

ആ സൗഹൃദം പിന്നെ തുടർന്നോ?

ഒരുപാട് കാലം തുടർന്നു. കുഞ്ഞുണ്ണി മാഷും കുട്ടികൃഷ്ണമാരാരും തമ്മില് നല്ല അടുപ്പമാണ്. അന്വേഷണത്തില് ഞാനെഴുതിയ ലേഖനം അവര് തമ്മിൽ ചർച്ച ചെയ്തിട്ട്ണ്ട്. ഈ വേണൂന്ന് പറയണ മനുഷ്യൻ ഭൗതികവാദിയല്ല, അയാളടെ ഉള്ളില് ആത്മീയതയുണ്ട് എന്നൊരു കമെൻറും ലേഖനം വായിച്ച ശേഷം മാരാര് നടത്തീന്ന്. കുട്ടികൃഷ്ണമാരാരെ പോയി കാണണംന്ന് ഞാനും മാഷും തീരുമാനിയ്ക്കുകയും ചെയ്തു. എനിയ്ക്ക് മാരാരെ കാണാൻ വല്യേ താല്പര്യം ണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല. അത് പിന്നെ വല്യേ സങ്കടായി.

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള

കേവീടെ ഉള്ളില് ആത്മീയത ഉണ്ടെന്ന് കുട്ടികൃഷ്ണമാരാര് പറഞ്ഞ പോലെ 'രാഷ്ട്രീയം വേണുവിന് പറ്റിയതല്ല' എന്ന് കുറ്റിപ്പുഴ കൃഷ്ണപ്പിള്ള പറഞ്ഞിരുന്നല്ലോ. കുറ്റിപ്പുഴയുമായുണ്ടായിരുന്ന ബന്ധം?

67-ലെ യുക്തിവാദികളുടെ സമ്മേളനത്തിൽ വെച്ചാണ് കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയെ പരിചയപ്പെടണത്. അന്ന് തന്നെ കുറ്റിപ്പുഴയുടെ പ്രത്യേക സ്നേഹൊക്കെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. പിതൃതുല്യം എന്നൊക്കെ പറയാവുന്ന വല്യേ ബഹുമാനം തോന്നിയ ആളാണ് മാഷ്. തിരുവനന്തപുരത്ത് തമ്പാനൂര് ഒരു അരിസ്റ്റോ ലോഡ്ജ് ഉണ്ട്. കുറ്റിപ്പുഴ വന്നാല് അവട്യാണ് താമസിയ്ക്കുക. ഞാൻ തിരുവനന്തപുരത്ത് എത്തിയപ്പൊ ഈ ലോഡ്ജില് മാഷ്ക്കൊരു കത്തെഴുതി വെച്ചു. അന്ന് മൊബൈലൊന്നും ഇല്ലല്ലോ. മാഷ് വന്നപ്പൊ തിരിച്ചെനിയ്ക്കൊരു കത്തെഴുതി, അരിസ്റ്റോ ലോഡ്ജില് ചെല്ലാൻ പറഞ്ഞ്ട്ട്. പിന്നെ പലപ്പഴും അവിടെപ്പോയി മാഷെ കാണാറ്ണ്ട്. ഞാൻ 'പ്രപഞ്ചവും മനുഷ്യനും' പ്രസിദ്ധീകരിയ്ക്കാൻ തയ്യാറായി നിക്കണ സമയാണ്. തിരുവനന്തപുരത്ത് ഒരു ലോക്കൽ പ്രസ്സില് പ്രിൻ്റിംഗ് നടക്കുന്നു.

'പ്രപഞ്ചവും മനുഷ്യനും' എത്രാമത്തെ വയസ്സിലാ എഴുതണത്?

23-24 വയസ്സായിട്ട്ണ്ടാവും. പ്രിൻറ് ചെയ്ത് വന്നപ്പൊ 25 വയസ്സ്ന്ന് പറയാം. 1945-ൽ ആണ് ഞാൻ ജനിയ്ക്കണത്. എൻ്റെ പുസ്തകത്തിന് ഒരു മുഖവുര എഴുതിത്തരണംന്ന് ഞാൻ കുറ്റിപ്പുഴയോട് അഭ്യർത്ഥിച്ചു. എൻ്റെ പൊതു വീക്ഷണങ്ങളും നിലപാടുകളുമൊക്കെ അറിയുന്നതു കൊണ്ടാവാം 'ഇങ്ങനെ ഗൗരവള്ള ഒരു പുസ്തകത്തിന് മുഖവുര എഴുതാനൊന്നും എനിയ്ക്ക് അർഹത ഇല്ല' എന്നാണ് കുറ്റിപ്പുഴ എളിമയോടെ പറഞ്ഞത്. എനിക്ക് വല്ലാതെ വെഷമായി. അന്ന് ഞാൻ നക്സലേറ്റ് നിലപാടുകളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കയാണെന്ന് മാഷ് മനസ്സിലാക്കീട്ട്ണ്ട്. പുസ്തകത്തിൻ്റെ അവസാന ഭാഗങ്ങളില് അത് പരാമർശിയ്ക്കുന്നുമുണ്ട്. ഞാനാ വിഷയങ്ങള് മാഷോട് നേരത്തേ സംസാരിയ്ക്കുകയും ചെയ്തിരുന്നു.

കുറ്റിപ്പുഴ കൃഷ്ണപ്പിള്ള
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള

“തീവ്രവാദ രാഷ്ട്രീയം - അതിന് ഒരു തരത്തിലുള്ള സാദ്ധ്യതേം ഇല്ല. പിന്നെ, രാഷ്ട്രീയം തന്നെ വേണുവിന് പറ്റിയ മേഖലയല്ല” - കുറ്റിപ്പുഴ അങ്ങനെയാണ് പറഞ്ഞത്. പഴയ കൽക്കത്ത തീസീസിൻ്റെ കാലമുണ്ടല്ലോ - നാല്പത്തെട്ടില്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടൻ വിപ്ലവം എന്ന സിദ്ധാന്തം ബി.ടി.രണദിവെയുടെ നേതൃത്വത്തിൽ മുന്നോട്ട് വെച്ച കാലം. അതിനെത്തുടർന്ന് കേരളത്തിൽ കൊയിലാണ്ടിയ്ക്കടുത്ത് കീഴരിയൂരിൽ റെയിൽവേ ലെയിനിൽ ബോംബ് വെയ്ക്കലൊക്കെ ഉണ്ടായി. കണ്ണൂരും മറ്റു പലയിടത്തും ഇതുപോലെ ചിലതൊക്കെ നടന്നിരുന്നു. ഇടപ്പള്ളിയിൽ ഒരു പോലീസ് സ്റ്റേഷൻ ആക്രമിയ്ക്കുകയുണ്ടായി. അതില് കുറ്റിപ്പുഴ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷേ, ആശയപരമായി യോജിച്ച് നിന്നിരുന്നതുകൊണ്ട് കേസിൽ പ്രതിയാക്കപ്പെട്ടു. അങ്ങനെ തീവ്രവാദ രാഷ്ട്രീയവുമായുള്ള ഒരു ബന്ധം കുറ്റിപ്പുഴയ്ക്കുണ്ടായിരുന്നു. ആ അനുഭവം കൂടി വെച്ചിട്ടാണ് വേണുവിന് രാഷ്ട്രീയം പറ്റിയതല്ലാന്ന് അദ്ദേഹം പറഞ്ഞത്. പ്രത്യേകിച്ചും തീവ്രവാദ രാഷ്ട്രീയം. കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയെ നിഷേധിയ്ക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല. ഞാനെൻ്റെ വഴി തുടരുകയും ചെയ്തു.

അദ്ധ്യാത്മം

കേവി നിത്യചൈതന്യയതിയെ കണ്ടിരുന്നല്ലോ?

'അദ്ധ്യാത്മം' എന്നൊരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ യതി എഴുതിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിയ്ക്കുന്നത്. ഞാൻ കോളേജിൽ പഠിയ്ക്കണ കാലമാണ്. 'ഒരു വാനശാസ്ത്രജ്ഞൻ തൻ്റെ ദൂരദർശിനിയിലൂടെ ഒരു പുതിയ നക്ഷത്രത്തെ കണ്ടെത്തുമ്പോൾ, ഒരു ജീവശാസ്ത്രജ്ഞൻ തൻ്റെ സൂക്ഷ്മദർശിനിയിലൂടെ ഒരു പുതിയ ജീവാണുവിനെ കണ്ടെത്തുമ്പോൾ, ഒരു കാമുകി കാമുകൻ്റെ വക്ഷത്തിൽ ചേർന്ന് നിർവൃതി കൊള്ളുമ്പോൾ, ഒരു ഭക്തൻ ശ്രീകോവിലിനു മുന്നിൽ നിന്ന് ആരാധിയ്ക്കുമ്പോൾ... അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവരനുഭവിയ്ക്കുന്ന മാനസിക അവസ്ഥയാണ് അദ്ധ്യാത്മം.' ഇതായിരുന്നു യതിയുടെ നിർവചനം. അതെന്നെ വല്ലാതെ ആകർഷിയ്ക്കുകയുണ്ടായി. അത് അന്ന് ഞാൻ ഹൃദിസ്ഥമാക്കി വെച്ചതാണ്. വലിയ ബഹുമാനം തോന്നീ ആ സന്യാസിയോട്. പക്ഷേ, നേരിട്ട് പോയി കാണാനൊന്നും ഉദ്ദേശിച്ചിരുന്നില്ല.

79-ലാണ് 'വിപ്ലവത്തിൻ്റെ ദാർശനിക പ്രശ്നങ്ങൾ' എന്ന എൻ്റെ പുസ്തകം ഇറങ്ങുന്നത്, അടിയന്തരാവസ്ഥ കഴിഞ്ഞിട്ട് ജയിലിൽ നിന്ന് പുറത്തു വന്ന കാലത്ത്. യതിയുടെ ശിഷ്യനായി മാറിയ ഒരു പഴയ നക്സലേറ്റ് എൻ്റെ ഈ പുസ്തകം യതിയ്ക്ക് കൊടുത്തു. വായിച്ചു കഴിഞ്ഞ ശേഷം എന്നെ കാണാൻ യതി ആഗ്രഹം പ്രകടിപ്പിച്ചു. കാണണമെന്ന് ആവശ്യപ്പെടുകയല്ല; കണ്ടാൽ കൊള്ളാമെന്നുണ്ട്, വരാൻ പറ്റ്വോന്ന് അന്വേഷിയ്ക്കാണ് ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പൊ ഞാൻ സഖാവ് പി.ടി.തോമസിനേയും കൂട്ടി ഊട്ടിയിൽ യതീടെ ഫേൺ ഹില്ലിലെത്തി. അന്ന് നമ്മുടെ മൈത്രേയൻ യതിയുടെ ശിഷ്യനാണ്, വെള്ള ജുബ്ബയൊക്കെയിട്ട് ഒരു പയ്യൻ. അന്ന് ഉച്ചയ്ക്കവിടെ എത്തി പിറ്റേന്ന് ഉച്ചയ്ക്കാണ് തിരിച്ചു പോരണത്. ഒരു ദിവസം മുഴുവൻ യതിയുടെ കൂടെ താമസിച്ചു. പക്ഷേ, അവസാനം പോരുന്നതിന് മുമ്പ് ഞാൻ ചോദിച്ച ഒരു ചോദ്യം യതിയെ വല്ലാതെ വിഷമിപ്പിയ്ക്കുകയും ചെയ്തു.

നിത്യചൈതന്യയതി
നിത്യചൈതന്യയതി

ഞങ്ങളൊക്കെ പോലീസിൻ്റേന്ന് നേരിട്ട ശാരീരിക മർദ്ദനങ്ങള് - പി.ടി.തോമസ് മരണത്തിൻ്റെ അടുത്തെത്തിയ ആളാണ് - അറിയാലോ... അത്തരം അവസ്ഥേല് പോലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഞങ്ങള് പിടിച്ച് നിന്നിട്ട്ണ്ട്. അപ്പൊ അതിലടങ്ങീട്ട്ള്ള ആത്മീയത എന്താണ്? ശരീരം മുഴുവൻതന്നെ ഭീകരമായി മർദ്ദിയ്ക്കപ്പെടുന്നു. ചതഞ്ഞരഞ്ഞു പോകുന്നു. എന്നിട്ടും മനസ്സ് പിടിച്ചു നില്ക്കുന്നു. ഈ ആത്മീയതയാണോ നിങ്ങളുടേത്? ഉടനെ യതി പറഞ്ഞു. ''ചിന്തിയ്ക്കാൻ പോലും വയ്യ വേണൂ." 'ആത്മീയത' എന്ന് പറയുന്നതിൻ്റെ പരിമിതി ശരിയ്ക്ക് മനസ്സിലായ ഒരു സന്ദർഭാണത്. മനസ്സിൻ്റെ കരുത്തും ആത്മീയതയും എങ്ങനെ ബന്ധിപ്പിയ്ക്കാമെന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. അതിന് സന്യാസിമാർക്ക് കൃത്യമായ ഉത്തരമില്ല.

വി.ടി.ഭട്ടതിരിപ്പാട്

വി.ടിയെക്കുറിച്ച് സൂചിപ്പിച്ചു. നമ്പൂതിരി നവോത്ഥാന മുന്നേറ്റങ്ങളിൽ ഒരുമിച്ചുണ്ടായിരുന്ന ഇ.എം.എസ് പൂർണ്ണമായും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിലേയ്ക്ക് പോയി. നവോത്ഥാന പ്രവർത്തനങ്ങൾ വി.ടി തുടർന്നു. അങ്ങനെ രണ്ടു ധാരകൾ ഉണ്ടായി. ഇപ്പൊ സമൂഹത്തിൽ പ്രധാനായിട്ട് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് വി.ടിയുടെ നിലപാടുകൾ എന്ന് തോന്നാറുണ്ട്?

69-ലാണെന്ന് തോന്നുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു പ്രചരണജാഥ കാസർകോട്ടു നിന്ന് തിരുവനന്തപുരം വരെ സംഘടിപ്പിച്ചിരുന്നു.വി.ടിയുടെ നേതൃത്വത്തിലാണ് അതെന്ന് പത്രത്തില് വായിച്ചപ്പൊ എനിയ്ക്ക് വലിയ താല്പര്യം തോന്നി, പ്രത്യേകിച്ചും അന്ധവിശ്വാസങ്ങൾക്കെതിരായിട്ടാണല്ലോ. തൃശൂര് ഈ ജാഥ എത്തിയപ്പൊ ഞാൻ വി.ടിയെ കണ്ട് പരിചയപ്പെട്ടു. ഇടവിട്ട് ചില സ്ഥലങ്ങളിലൊക്കെ ജാഥയ്ക്കൊപ്പം ഞാനെത്തിയിരുന്നു. എറണാകുളത്തൊക്കെ പങ്കെടുക്കുന്നുണ്ട്. ജാഥാസംഘം മിക്കവാറും നടന്നാണ് പോകുന്നത്. ചെലപ്പൊ ചെറിയൊരു വാഹനത്തില്... ചെലപ്പൊ വഞ്ചീല്... പിന്നെ ഞാൻ ആലപ്പുഴേല് ജാഥയ്ക്കൊപ്പമുണ്ടായി. അങ്ങനെ മൂന്നോ നാലോ ദിവസം ജാഥേല് പങ്കെടുത്തു എന്നേയുള്ളൂ. അന്ന് ആലപ്പുഴേല് വെച്ചെടുത്ത ഞാനുൾപ്പടെയുള്ള ഒരു ഫോട്ടോ പിന്നീട് പ്രസിദ്ധീകരിച്ച് വന്നിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ പൊരുതുന്ന സാമൂഹ്യ പ്രവർത്തകൻ എന്ന രീതിലാണ് വി.ടിയെ അന്ന് മനസ്സിലാക്കിയത്. മറ്റ് ചരിത്രങ്ങളും പശ്ചാത്തങ്ങളുമൊന്നും എനിയ്ക്ക് അറിയുമായിരുന്നില്ല. ഇന്നറിയുന്ന പോലെ വി.ടിയെ അന്നെനിയ്ക്ക് മനസ്സിലായിരുന്നില്ല. അന്ന് മനസ്സിലായിരുന്നെങ്കിൽ വേറൊരു രീതിയിൽ ആ പരിചയവും ബന്ധവും വളരുമായിരുന്നു.

വി.ടി.ഭട്ടതിരിപ്പാട്
വി.ടി.ഭട്ടതിരിപ്പാട്

ഇപ്പൊ വി.ടിയെക്കുറിച്ചുള്ള വിലയിരുത്തൽ? ഈ കാലഘട്ടത്തിൽ വി.ടിയുടെ പ്രസക്തി?

നവോത്ഥാന രംഗത്തും സാമൂഹ്യ പരിഷ്കരണ രംഗത്തുമാണ് വി.ടിയുടെ പ്രവർത്തനത്തിൻ്റെ പ്രാധാന്യം. സവർണ്ണമേഖലയിലാണ് മിക്കവാറും അദ്ദേഹത്തിൻ്റെ നേരിട്ടുള്ള പ്രവർത്തനം. കേരളത്തിലെ മറ്റെല്ലാ സാമൂഹ്യ സാമുദായിക മേഖലകളിലും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. സവർണ്ണ വിഭാഗത്തിലായിരുന്നെങ്കിൽത്തന്നെയും അദ്ദേഹത്തിൻ്റെ ഇടപെടലുകൾ സമൂഹത്തിൽ വലിയ സ്വാധീനവും ചലനവും ഉണ്ടാക്കി. നവോത്ഥാന മുന്നേറ്റം വലിയ രീതിയിൽ തുടരേണ്ടതായ ഇക്കാലത്ത് വി.ടി കൂടുതൽ പ്രസക്തനാവുകയാണ്.

തുടരും...

'കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ' - പരമ്പരയിലെ മുൻ ലേഖനങ്ങൾ വായിക്കാം


Summary: M.G. Sasi interviews K. Venu, a communist theoretician, writer, and one of the founders of the Naxal movement in Kerala.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments