ഭരണഘടന, പുതുതലമുറ; ജനാധിപത്യ അന്വേഷണ തുടർച്ചകൾ

“കക്ഷി രാഷ്ട്രീയ തലത്തിൽ അധികാരം പങ്കിടാനുള്ള പ്രവർത്തനങ്ങൾ എന്നതിന് അപ്പുറത്തേക്കുള്ള വീക്ഷണത്തോടു കൂടി വിവിധ രാഷ്ട്രീയ പാർട്ടികളെ ജനാധിപത്യ മുന്നണിയിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതാണ്. അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ജനാധിപത്യ വിശ്വാസികളായിട്ടുള്ള എല്ലാവർക്കും - നമുക്കൊക്കെയും ചെയ്യാനാവുക,” കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ, എം.ജി. ശശിയുമായുള്ള ദീർഘസംഭാഷണം അവസാനിക്കുന്നു.

കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 35

എം.ജി.ശശി: ബാബറി മസ്ജിദ് പൊളിച്ചുനീക്കി മാറ്റി സ്ഥാപിച്ചു. ഭരണഘടന മാറ്റി എഴുതപ്പെടണമെന്ന ആലോചന സജീവമാണ്. ജാതി-മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിലനിർത്താനായി, ഭരണഘടന സംരക്ഷിക്കാനായി നിലകൊള്ളുന്ന വലിയൊരു ജനകീയ മുന്നേറ്റത്തിൻ്റെ ആവശ്യം ഇപ്പോഴുമില്ലേ?

കെ.വേണു: തീർച്ചയായും ഉണ്ട്. മതമേധാവിത്തത്തിൻ്റേതായ ഒരു രാഷട്രീയ അന്തരീക്ഷം കുറച്ചു നാളായി ഇവിടെ വളർന്നു വന്നിട്ടുണ്ട്. വളരെ അപകടകരമായ അവസ്ഥയിൽ എത്തി നിൽക്കുന്ന ഹിന്ദു മതമേധാവിത്തം - ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണത്. ആരംഭത്തിൽ നമ്മൾ സൂചിപ്പിച്ച പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ്, തെരഞ്ഞെടുപ്പിന് ആരംഭം കുറിക്കുന്ന സമയത്ത്, ഇന്ത്യയിൽ ജനാധിപത്യം തകർച്ചയിലാണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, വിശാലമായ അർത്ഥത്തിൽ ജനാധിപത്യ ശക്തി എന്ന നിലയിൽ അതിജീവിക്കാൻ ഇന്ത്യക്ക് ആകുന്നുണ്ട് എന്നു കാണാനാകും.

അപകടം നീട്ടിവെക്കുക മാത്രമാണോ ഉണ്ടായിട്ടുള്ളത്?

മുഴുവനായും അങ്ങനെ പറയാനാകില്ല. ഇന്ത്യ സ്വന്തം ജനാധിപത്യത്തിൻ്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനുള്ള ശ്രമങ്ങൾ മതേതര ജനാധിപത്യ പാർട്ടികളുടെ ഭാഗത്തുനിന്ന് ഇനിയും സജീവമായി ഉണ്ടാകണം. ഇപ്പോൾ കുറേ ചെറിയ പാർട്ടികളെ കൂടെ നിർത്താൻ ഹിന്ദുത്വ ശക്തികൾക്ക് കഴിയുന്നുണ്ട്. അവരെയൊക്കെ ജനാധിപത്യത്തിൻ്റെ വഴിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുക. ജനാധിപത്യത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുക. കക്ഷി രാഷ്ട്രീയ തലത്തിൽ അധികാരം പങ്കിടാനുള്ള പ്രവർത്തനങ്ങൾ എന്നതിന് അപ്പുറത്തേക്കുള്ള വീക്ഷണത്തോടു കൂടി വിവിധ രാഷ്ട്രീയ പാർട്ടികളെ ജനാധിപത്യ മുന്നണിയിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരേണ്ടതാണ്. അതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ജനാധിപത്യ വിശ്വാസികളായിട്ടുള്ള എല്ലാവർക്കും - നമുക്കൊക്കെയും ചെയ്യാനാവുക. അത്തരത്തിലുള്ള സാമൂഹ്യ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുക തന്നെ വേണം. ഭരണഘടന സംരക്ഷിക്കുക എന്നത് ജനാധിപത്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനമാണ്. വളരെ ശക്തമായ, ജനാധിപത്യ സ്വഭാവമുളള ഒരു ഭരണഘടന ഇവിടെയുണ്ട് എന്നതാണ് ഏറ്റവും ഗുണകരമായിട്ടുള്ളത്. അതിന് പോറലേൽക്കാതെ നോക്കുക എന്നതാണ് അത്യാവശ്യമായിട്ടുള്ളത്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി നമുക്കതിനു കഴിയും എന്ന ബോദ്ധ്യം വന്നിരിക്കുന്നു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഒരു ഹിന്ദുത്വ രാഷ്ട്രമായി മാറ്റാനുള്ള ശ്രമങ്ങളാണിവിടെ നടക്കുന്നത് എന്ന ആശങ്ക തീർച്ചയായും ഉണ്ടായിരുന്നു. പക്ഷേ, അതിനുള്ള ഭൂരിപക്ഷം അവർക്കില്ലല്ലോ. കേവല ഭൂരിപക്ഷം പോലും സ്വന്തമായിട്ടില്ലാത്ത പാർട്ടിയാണല്ലോ നേതൃത്വത്തിൽ. തൽക്കാലം ഭരിക്കാനുള്ള ഭൂരിപക്ഷം മറ്റുള്ളവരെക്കൂട്ടി - തട്ടിക്കൂട്ടി ഉണ്ടാക്കിയെടുത്തു എന്നു മാത്രം. അപ്പോൾ, ഭരണഘടനാ ഭേദഗതി എന്ന അപകടത്തെ മറികടന്നു എന്നു കരുതാം. കുറേക്കൂടി കരുത്താർജ്ജിക്കുക, കുറേക്കൂടി ഫലപ്രദമായ ഇടപെടൽ നടത്തുക എന്നതാണ് ജനാധിപത്യ ശക്തികൾ അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് ചെയ്യേണ്ടത്.

പക്ഷേ നോക്കൂ, 2025 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വലിയ പരാജയം സംഭവിച്ചല്ലോ.

വീണ്ടും മതപരമായ ഫാസിസത്തിൻ്റെ മേധാവിത്തത്തിലേക്ക് തിരികെപ്പോകാതിരിക്കാൻ ജനാധിപത്യത്തിനൊപ്പം നില്ക്കുന്നവർ വളരെയേറെ കരുതലോടെയിരിക്കണം, ജാഗരൂകരായിരിക്കണം എന്നതിൻ്റെ പ്രകടമായ സൂചന കൂടിയാണത്.

കക്ഷി രാഷ്ട്രീയ തലത്തിൽ അധികാരം പങ്കിടാനുള്ള പ്രവർത്തനങ്ങൾ എന്നതിന് അപ്പുറത്തേക്കുള്ള വീക്ഷണത്തോടു കൂടി വിവിധ രാഷ്ട്രീയ പാർട്ടികളെ ജനാധിപത്യ മുന്നണിയിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരേണ്ടതാണ്.
കക്ഷി രാഷ്ട്രീയ തലത്തിൽ അധികാരം പങ്കിടാനുള്ള പ്രവർത്തനങ്ങൾ എന്നതിന് അപ്പുറത്തേക്കുള്ള വീക്ഷണത്തോടു കൂടി വിവിധ രാഷ്ട്രീയ പാർട്ടികളെ ജനാധിപത്യ മുന്നണിയിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരേണ്ടതാണ്.

പുതു യുവത്വത്തിനോട്...

എല്ലാക്കാലത്തും പുതിയ ചെറുപ്പക്കാരെക്കുറിച്ച് പുതിയ തലമുറ നശിച്ചുപോയി, പൊളിറ്റിക്കൽ ആകുന്നില്ല, സാമൂഹ്യ വിരുദ്ധരായി മാറുന്നു എന്നൊക്കെ പറയാറുണ്ട്. പുത്തൻ യുവതയോട് എന്താണ് പറയാനുള്ളത്?

പുതിയ തലമുറയെക്കുറിച്ചുള്ള ഈ ആക്ഷേപത്തിനോട് എനിക്ക് ഒട്ടുംതന്നെ യോജിപ്പില്ല. എക്കാലത്തും ഒരു ചെറിയ വിഭാഗം മാത്രമേ സാധാരണയായിട്ട് സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാറുള്ളൂ. 15 ശതമാനം മുതൽ 20 ശതമാനം വരെയുള്ളവർ. അതിൽത്തന്നെ 5 ശതമാനം വരെയൊക്കെയേ സജീവമായി രംഗത്തുണ്ടാകാറുള്ളൂ. ബാക്കിയുള്ള 80-85 ശതമാനവും നിഷ്ക്രിയമായി ജീവിത വ്യാപാരങ്ങളിൽ മാത്രം മുഴുകുന്നവരായിരിക്കും. എല്ലാ കാലഘട്ടത്തിലും അങ്ങനെയാണ്. പക്ഷേ, ന്യൂനപക്ഷമായ 5 ശതമാനം എല്ലാ കാലത്തുമുണ്ട്. ചില പ്രത്യേക ചരിത്ര ഘട്ടങ്ങളിലൊക്കെ ഈ 5 ശതമാനത്തിൻ്റെ കരുത്ത് കുറേ കൂടിവരികയും പ്രത്യകിച്ച് ശ്രദ്ധിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ട്. നക്സലേറ്റ് പ്രസ്ഥാനം സജീവമായ കാലത്ത് വിദ്യാർത്ഥി രംഗത്തൊക്കെ പ്രവർത്തനങ്ങൾ നടന്നപ്പൊ വളരെ ചെറിയൊരു സംഘമേ കോളേജുകളിൽ ഉള്ളൂ എങ്കിൽത്തന്നെയും അവർ അങ്ങേയറ്റം ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. അത് ഓരോ കാലഘട്ടത്തിൻ്റേയും സന്ദർഭവും സാഹചര്യവുമനുസരിച്ച് ഉണ്ടാകുന്നതാണ്. അതുപോലെ ഇപ്പോൾ കുറച്ച് മങ്ങിപ്പോയി എന്നതുകൊണ്ട് നേരത്തേ പറഞ്ഞ ന്യൂനപക്ഷമായ 5 ശതമാനം ആളുകൾ ഇല്ലാതാവുന്നില്ല. അവർ അവരെത്തിനിൽക്കുന്ന അവരുടേതായ മേഖലകളിലാണ്. ഐ.ടി മേഖലയൊക്കെ സജീവമായതുകൊണ്ട് കുട്ടികളൊക്കെ അതിൽ മാത്രമാണ് എന്നതാണ് വിമർശനം. പക്ഷേ, ആ മേഖലയിൽ വളരേയധികം പുതിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കയാണ് അവർ. നിരന്തരം പുതിയ കാര്യങ്ങൾ കണ്ടെത്തുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടവർ.

പുതിയ സ്റ്റാർട്ട് അപ്പ്-കളും പുതിയ രീതിയിലുള്ള സംരംഭങ്ങളും ഇതിനു മുമ്പില്ലാത്ത രീതിയിൽ മുന്നോട്ടു വരുന്ന ഒരു കാലമാണിത്, ലോക വ്യാപകമായും ഇന്ത്യയിലും കേരളത്തിലുമൊക്കെത്തന്നെ. ഇനിയിപ്പൊ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേഖല കൂടുതൽ സജീവമായിക്കഴിയുമ്പൊ തുടർന്നും വലിയ മാറ്റങ്ങൾ വരും. പുതിയ തലമുറ നിഷ്ക്രിയരായി ഇരിക്കുകയല്ല ചെയ്യുന്നത്. കാലഘട്ടത്തിനനുസരിച്ച് അവർ വളരെ സജീവമാണ്, ചലനാത്മകമാണ്. അതിനെ ഒരിക്കലും നിഷേധ രൂപത്തിൽ കാണാനാകില്ല. നിങ്ങളുടെ മുന്നിലുള്ള പ്രശ്നങ്ങളെ തുറന്ന രീതിയിൽ ഗൗരവപൂർവ്വം ധീരമായി നേരിടുക എന്നതാണ് എൻ്റെ അനുഭവത്തിൽ നിന്ന് പുത്തൻ യുവതയോട് പറയാനുള്ളത്.

ഇനിയിപ്പൊ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേഖല കൂടുതൽ സജീവമായിക്കഴിയുമ്പൊ തുടർന്നും വലിയ മാറ്റങ്ങൾ വരും. പുതിയ തലമുറ നിഷ്ക്രിയരായി ഇരിക്കുകയല്ല ചെയ്യുന്നത്. കാലഘട്ടത്തിനനുസരിച്ച് അവർ വളരെ സജീവമാണ്, ചലനാത്മകമാണ്. അതിനെ ഒരിക്കലും നിഷേധ രൂപത്തിൽ കാണാനാകില്ല.
ഇനിയിപ്പൊ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേഖല കൂടുതൽ സജീവമായിക്കഴിയുമ്പൊ തുടർന്നും വലിയ മാറ്റങ്ങൾ വരും. പുതിയ തലമുറ നിഷ്ക്രിയരായി ഇരിക്കുകയല്ല ചെയ്യുന്നത്. കാലഘട്ടത്തിനനുസരിച്ച് അവർ വളരെ സജീവമാണ്, ചലനാത്മകമാണ്. അതിനെ ഒരിക്കലും നിഷേധ രൂപത്തിൽ കാണാനാകില്ല.

ഭൂമിയുടെ അവകാശികൾ

'ജനാധിപത്യം എന്നത് Man Centric ആണ്. മനുഷ്യകേന്ദ്രീകൃതമാണ്. പക്ഷേ, മനുഷ്യർ മാത്രമല്ല ഭൂമിയിലുള്ളത്, ഭൂമിയുടെ അവകാശികൾ എന്ന് വൈക്കം മുഹമ്മദ് ബഷീറൊക്കെ പറയുന്നതുപോലെ. അപ്പൊ എന്തുകൊണ്ടാണ് 'ജനാധിപത്യം' എന്നു മാത്രം പറയുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്നത്?

ആരംഭത്തിൽ നമ്മൾ സൂചിപ്പിച്ച പോലെ ജനാധിപത്യം എന്നത് ശരിക്കും മനുഷ്യൻ്റെ സൃഷ്ടിയാണ്. മനുഷ്യനു മാത്രമാണ് ഭാഷ ഉപയോഗിക്കാനുള്ള കഴിവുള്ളത്. ഭാഷ ഉപയോഗിക്കാനുള്ള കഴിവുണ്ടാകുന്നതു കൊണ്ടാണ് ഇന്നു നമ്മൾ മനസ്സിലാക്കുന്ന ജനാധിപത്യ പ്രക്രിയ ഉണ്ടാകുന്നത്. മറ്റു ജീവികൾക്ക് അത് സാദ്ധ്യമാവുകയില്ല. അവരെല്ലാം ജന്മവാസന കൊണ്ട് പ്രവർത്തിക്കുന്നവരാണ്. ഓരോ ജീവികൾക്കും അവരുടേതായ രീതികളുണ്ട്. സഹകരിക്കുകയും അതേ സമയം പരസ്പരം ഭക്ഷണമാവുകയുമൊക്കെ ചെയ്യുമ്പോൾത്തന്നെ അവരെ നയിക്കുന്നത്, നിയന്ത്രിക്കുന്നത് ജന്മവാസനയാണ് -ജനിതക സ്വഭാവമാണ്. മനുഷ്യരിലും അടിസ്ഥാനപരമായി ജനിതക സ്വഭാവമുണ്ട്. പക്ഷേ, ഈ ജനിതക സ്വഭാവത്തെ മറികടക്കുന്ന ഭാഷ ഉപയോഗിക്കാനുള്ള കഴിവ് മനുഷ്യന് ലഭിച്ചു എന്നതാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്.

അതുകൊണ്ടാണ് നമ്മുടെ സാമൂഹ്യ പ്രവർത്തനങ്ങളെല്ലാം മനുഷ്യകേന്ദ്രീകൃതമാകുന്നത്. അതേ സമയം മനുഷ്യരിലെ ജനാധിപത്യം പോലെത്തന്നെ പ്രകൃതിയിൽ മൊത്തത്തിൽ എല്ലാ ജീവജാലങ്ങൾക്കും അവരുടേതായ അവകാശങ്ങൾ അനുവദിക്കേണ്ടതല്ലേ, ലഭ്യമാക്കേണ്ടതല്ലേ എന്ന ചോദ്യമുണ്ട്. ശരിക്കും മനുഷ്യരെപ്പോലെ ഇക്കാര്യത്തിൽ മുൻകയ്യെടുക്കാൻ കഴിയുന്ന ഒരു സമൂഹത്തിന് പ്രകൃതിയെക്കുറിച്ചുള്ള കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്. പക്ഷേ, അത് വേണ്ട രീതിയിൽ ഏറ്റെടുക്കപ്പെടുന്നില്ല എന്ന യാഥാർത്ഥ്യവുമുണ്ട്. എങ്കിൽത്തന്നെയും പരിസ്ഥിതി പ്രസ്ഥാനങ്ങളൊക്കെ ഉയർന്നു വരുന്നത് നല്ലൊരു തുടക്കം തന്നെയാണ്. മറ്റു ജീവജാലങ്ങളോടും പ്രകൃതിയോട് മൊത്തത്തിലും എടുക്കേണ്ടതായ നിലപാട് വലിയ രീതിയിൽത്തന്നെ പൊളിച്ചെഴുതേണ്ടതുണ്ട്. ഇപ്പോൾ വ്യക്തികളും സാമൂഹ്യ പ്രസ്ഥാനങ്ങളും രാഷ്ട്രീയ അധികാരവുമെല്ലാം പ്രകൃതി-വികസന നയങ്ങളിൽ, പ്രകൃതി വിരുദ്ധ -മനുഷ്യ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പറയാതെ വയ്യ. മനുഷ്യരും പ്രകൃതിയും ഇണങ്ങിയും സഹകരിച്ചും മുന്നോട്ടു പോകുന്ന ഒരു ജീവിതക്രമം നമ്മൾ ഉണ്ടാക്കിയെടുത്തേ പറ്റൂ. അത് തീർച്ചയായും നമ്മളിപ്പോൾ ചർച്ച ചെയ്യുന്ന ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ്.

തോറ്റുപോയവരാണോ?

ഇന്ത്യയിലെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനത്തെ തോറ്റുപോയതെന്ന് വിശേഷിപ്പിക്കണോ എന്നറിയില്ല. പക്ഷേ, ഇനിയത് അതേ രൂപത്തിൽ ആവർത്തിക്കാൻ സാദ്ധ്യതയില്ലാത്ത ഒന്നാണ്. അതിനോടു ബന്ധപ്പെട്ട വ്യക്തി ജീവിതങ്ങൾ... ആത്മഹത്യാപരമായ, ആത്മത്യാഗപരമായ, സത്യസന്ധമായ, സ്വയം സമർപ്പണത്തിൻ്റേതായ ആ കാലം... അതിൽ വലിയൊരു മൂല്യമുണ്ട്. ഇപ്പൊ തിരിഞ്ഞു നോക്കുമ്പൊ സ്വന്തം ജീവിതത്തെക്കുറിച്ച് എന്താണ് തോന്നന്നത്?

കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ നിന്നെല്ലാം മാറി ഞാൻ വേറൊരു പ്രവർത്തനത്തിലേക്ക് എത്തിയതുകൊണ്ട് പഴയ പ്രവർത്തനങ്ങളെല്ലാം തെറ്റായിപ്പോയി എന്നു തോന്നുന്നുണ്ടോ എന്ന് ചിലർ ചോദിക്കാറുണ്ട്. എനിക്ക് പക്ഷേ, അങ്ങനെ തോന്നിയിട്ടേയില്ല. ഓരോ കാലഘട്ടത്തിലും എൻ്റെ മുന്നിലുണ്ടായിരുന്ന പ്രശ്നങ്ങളോട് സത്യസന്ധമായിട്ട് പ്രതികരിക്കുക എന്നതാണ് എൻ്റെ സമീപനം. ഓരോ സന്ദർഭത്തിലും ഞാനൊരു വാക്ക് പറയുകയോ എഴുതുകയോ ചെയ്തിട്ടുണ്ടെങ്കിൽ എനിക്കത് ബോദ്ധ്യപ്പെട്ടതുകൊണ്ട് മാത്രമാണ്. മറ്റെന്തെങ്കിലും പ്രേരണ കൊണ്ടോ സമ്മർദ്ദം കൊണ്ടോ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. അതാത് സമയത്ത് ശരി എന്നു തോന്നിയത് ചെയ്തു എന്ന് ബോദ്ധ്യമുള്ളതുകൊണ്ട് അതിലൊരു പശ്ചാത്താപം തോന്നിയിട്ടേയില്ല. നിലപാടുകളിൽ അതാത് സന്ദർഭത്തിനനുസൃതമായ തിരുത്തലുകൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് തിരുത്തുന്നു എന്ന് തുറന്ന മനസ്സോടെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

നഷ്ടബോധമുണ്ടോ?

നഷ്ടബോധം ഒട്ടും തന്നെയില്ല.

ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനെൻ്റെ അന്വേഷണം തുടരും. പിന്നെയും, ജനാധിപത്യ അന്വേഷണവും ജനാധിപത്യ പ്രക്രിയയും തുടർന്നുകൊണ്ടേയിരിക്കും.
ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനെൻ്റെ അന്വേഷണം തുടരും. പിന്നെയും, ജനാധിപത്യ അന്വേഷണവും ജനാധിപത്യ പ്രക്രിയയും തുടർന്നുകൊണ്ടേയിരിക്കും.

പുതിയ പ്രതീക്ഷകൾ...

ഒരു ജീവിതം മുഴുവൻ ജനാധിപത്യ അന്വേഷണം നടത്തിയ കേവി. പക്ഷേ, കേവിയുടെ നിലപാടുകൾ ജനങ്ങൾ വേണ്ടത്ര ഏറ്റെടുത്തില്ല, ജനകീയമായില്ല എന്നുള്ളത് അത്യന്തം വേദനാജനകമാണ്. ഇപ്പോൾ ജനാധിപത്യ അന്വേഷണം അവസാനിപ്പിക്കാറായോ?

ഇതങ്ങനെ അവസാനിപ്പിക്കേണ്ടതായ അന്വേഷണമല്ല. ഇനിയും പുതിയ രൂപഭാവങ്ങളിലേക്ക് അത് മാറേണ്ടതുണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനെൻ്റെ അന്വേഷണം തുടരും. പിന്നെയും, ജനാധിപത്യ അന്വേഷണവും ജനാധിപത്യ പ്രക്രിയയും തുടർന്നുകൊണ്ടേയിരിക്കും. അതിൻ്റെ ഭാഗമായി എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യുന്നു, ചെയ്തു എന്നു മാത്രമേ ഉള്ളൂ. അതിനപ്പുറത്തേക്കുള്ള ഉത്കണ്ഠ എനിക്കില്ല. ജനാധിപത്യം എന്നത് മനുഷ്യ സമൂഹത്തിൻ്റെ ആന്തരിക ചോദനയാണ്, പ്രക്രിയയാണ്. ഞാൻ സൂചിപ്പിക്കാറുള്ളതുപോലെ അതൊരു ചലന നിയമമാണ്. അത് അതിൻ്റേതായ രീതിയിൽ മുന്നോട്ടു പോകും. ഞാനതിൽ പങ്കാളിയായി, എൻ്റെ ബോദ്ധ്യങ്ങൾ തുറന്നു പറഞ്ഞു എന്നേയുള്ളൂ.

എം.ജി.ശശി: ചൈനയിലെ ജനജീവിതത്തേയും സാമൂഹ്യ മാറ്റങ്ങളേയും ആഴത്തിൽ സ്വാധീനിച്ച 'പർവ്വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധൻ്റെ കഥ' ഓർക്കുകയാണിപ്പോൾ. പർവ്വതങ്ങളെ നീക്കം ചെയ്യുക എന്ന പ്രയോഗം ഈ പുതിയ കാലത്ത് പ്രകൃതി വിരുദ്ധമാണ്. എന്നാൽ മനുഷ്യകുലത്തിനുണ്ടാകേണ്ട പ്രതീക്ഷയായി -തടസ്സങ്ങളെ മറികടക്കാനുള്ള ഊർജ്ജമായി ആ കഥയെ ഇപ്പോഴും മനസ്സിലാക്കാം.

സൂര്യോദയത്തെ മറച്ചു പിടിച്ച പർവ്വതങ്ങളെ കിളച്ചു മാറ്റാൻ ശ്രമിക്കുകയാണ് - വിഡ്ഢിയായ വൃദ്ധൻ. 'പർവ്വതങ്ങൾ എങ്ങനെ മാറാനാണ്, താങ്കളൊരു വിഡ്ഢിയായ വൃദ്ധനാണല്ലോ' എന്ന് മറ്റുള്ളവർ അദ്ദേഹത്തെ കളിയാക്കി. 'ഓരോ തൂമ്പാ മണ്ണ് പുറകോട്ട് മാറുമ്പോഴും പർവ്വതം ചെറുതാവുകയാണ്. എനിക്കു ശേഷം അടുത്ത തലമുറ വരും. അതിനു ശേഷം അടുത്തത്. അങ്ങനെ പർവ്വതങ്ങൾ മാറുക തന്നെ ചെയ്യും. നമ്മുടെ വരും തലമുറകൾ തീർച്ചയായും സൂര്യോദയത്തിലേക്ക് ഉണരും'. വൃദ്ധൻ്റെ മറുപടി അങ്ങനെയായിരുന്നു. വരുംകാല ജീവിതത്തിലേക്കുള്ള മനുഷ്യകുലത്തിൻ്റെ പ്രയാണത്തെപ്പറ്റിയും, മനുഷ്യരും പ്രകൃതിയുമായുണ്ടാകേണ്ട ബന്ധത്തെപ്പറ്റിയും വളരെ ആഴത്തിലുള്ള ചിന്തകൾ പങ്കുവെച്ചതിന് - അതിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കാത്ത രാഷ്ട്രീയജീവിതവും വ്യക്തിജീവിതവും ഉൾക്കൊള്ളുന്ന ജീവചരിത്രം തന്നെയും നമുക്കു മുന്നിൽ തുറന്നു വെച്ചതിന്... കുറച്ചു കാലം ഒപ്പം സഞ്ചരിച്ച ഒരാളെന്ന നിലയിൽ വായനക്കാർക്കും സമൂഹത്തിനും വേണ്ടി കേവിയ്ക്ക് ആശംസകൾ അർപ്പിക്കുന്നു.

അഭിവാദ്യങ്ങൾ...


Summary: Marxist theoretician and thinker K Venu in conversation with MG Sasi. Venu talks about democracy, secularism and new generation in this final part.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments