കമൽ കെ.എം.

റീ മെയ്​ക്ക്​ ചെയ്യേണ്ട ഒരു സ്​ക്രിപ്​റ്റ്​

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​

ഇൻസ്​റ്റിറ്റ്യൂട്ടിൽ തുടക്കം മുതലേ അക്കാദമികവും ഭരണപരവുമായ കുഴപ്പങ്ങളുണ്ട്​. വിദ്യാർഥികളുടെ മൂവ്‌മെൻറ്​ ഇല്ലാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. ഇപ്പോൾ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാൽ, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വർഷങ്ങളായി എന്നു പറയാം.

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് 2014 ലാണ് സ്ഥാപിതമാകുന്നതും പ്രവർത്തനം ആരംഭിക്കുന്നതും. ഐഡി എന്ന സിനിമ കഴിഞ്ഞ് അടുത്ത പടത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പിൽ ഞാൻ കേരളത്തിലേക്ക് തിരിച്ചുവരുന്ന സമയത്താണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റിയിൽ ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നാലു കൊല്ലം പണിയെടുത്തു. അവിടെ ചേർന്ന ശേഷമാണ് ആ സ്ഥാപനത്തെക്കുറിച്ച് പലകാര്യങ്ങളും മനസ്സിലാക്കിയത്.

തയാറെടുപ്പില്ലാത്ത തുടക്കം

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പായി, ഉമ്മൻചാണ്ടി അധികാരത്തിലിരിക്കെ 2014 ൽ തിരക്കിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കെ. ആർ. നാരായണൻ ഫൗണ്ടേഷനിൽ നിന്ന് അവരുടെ പദ്ധതിവിഹിതമായി സംസ്ഥാന സർക്കാറിന് 60 കോടി രൂപ നൽകിയത്. കെ.ആർ. നാരായണന്റെ നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണം എന്നതായിരുന്നു ഫൗണ്ടേഷനുമായി ഉണ്ടാക്കിയ കരാർ. ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന തെക്കുംതല ഗ്രാമത്തിൽ ഒരു എൽ.പി സ്‌കൂൾ പൂട്ടിപ്പോയിട്ടുണ്ടായിരുന്നു. സർക്കാറിന്റെ കീഴിലുള്ള, മൂന്നേക്കറോളം വരുന്ന ആ സ്ഥലം കെ.ആർ. നാരായണന്റെ ജന്മസ്ഥലമായ ഉഴവൂരിന് ഏതാണ്ട് അടുത്താണ്. ഭൂമിശാസ്ത്രപരമായി, കെ.ആർ. നാരായണന്റെ ജന്മസ്ഥലത്തിനടുത്താണ് എന്നത് പരിഗണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവിടെ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടായത് ഒരു കൂടിയാലോചനകളും ഇല്ലാതെ, ആരോ റാന്റം ആയി എടുത്ത തീരുമാനത്തെതുടർന്നാണ്.

സംവരണതത്വം കൃത്യമായി പാലിക്കുന്ന സെലക്ഷൻ പ്രോസസ് നിലവിലില്ലാത്തതുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോൾ ഉയർന്നുവന്നത്. ഇത്, നാലഞ്ചുവർഷം മുമ്പ് നടക്കേണ്ടിയിരുന്ന സമരമാണ്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനവിടെ നിന്നിറങ്ങിപ്പോന്നത്. വിദ്യാർത്ഥികൾ അത്രയ്ക്കും നിസ്സഹായരായിരുന്നു.

മുമ്പ് അവിടെ രജിസ്ട്രാർ ആയിരുന്ന വ്യക്തി കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന്റെ ‘ബ്രെയിൻ ചൈൽഡ്' ആണെന്ന അവകാശവാദം ഉന്നയിച്ചുകൊണ്ടിരുന്നിരുന്നു. പത്ത് ഏക്കറോളം വരുന്ന ആ സ്ഥലം അക്വയർ ചെയ്യാൻ നാട്ടുകാരുമായുള്ള മീറ്റിംഗ് കഴിഞ്ഞ് പോകുന്ന വഴി, തന്റെ മനസ്സിൽ ഇതൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആകട്ടേ എന്ന തീരുമാനം ഒരു വെളിപാട് പോലെ തോന്നി എന്നൊക്കെയാണ് ഫാക്കൽറ്റി മീറ്റിംഗിൽ പോലും അദ്ദേഹം ആവർത്തിക്കാറുണ്ടായിരുന്നത്. ഇങ്ങനെയൊരു തീരുമാനം എടുത്തുകഴിഞ്ഞ് ഷാജി എൻ. കരുൺ ചെയർമാനായി കമ്മിറ്റി വരുന്നു. സർക്കാറിന്റെ നേതൃത്വത്തിൽ ഒരു ഫിലിം സ്‌കൂൾ സ്ഥാപിക്കുന്നുവെങ്കിൽ അക്കാദമികമായ സാധ്യതകളെക്കുറിച്ച് ഒരു തീരുമാനത്തിലെത്താൻ ഒരു സെമിനാർ നടത്താം എന്ന് ഷാജി എൻ. കരുൺ നിർദ്ദേശിക്കുന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അക്കാദമീഷ്യന്മാരെയൊക്കെ പങ്കെടുപ്പിച്ചുള്ള ചർച്ചയിൽ നിന്ന് ഒരു വിഷൻ സ്വരൂപിക്കാം എന്ന രീതിയിൽ അദ്ദേഹം നിർദ്ദേശം മുന്നോട്ടുവച്ചു. അതിന്റെ ബജറ്റ് തയാറാക്കിയപ്പോൾ, ഒരു കോടി രൂപയോളം വരുമെന്നുകണ്ട് ആ പ്ലാൻ തള്ളി. ഇങ്ങനെ ഉണ്ടായിവന്ന കമ്മിറ്റികളെല്ലാം കൊഴിഞ്ഞുപോയി. അതുകൊണ്ടുതന്നെ, ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ഒരുതരം തയാറെടുപ്പുമുണ്ടായിട്ടില്ല എന്ന് വ്യക്തമാണ്.

ഇൻസ്​റ്റിറ്റ്യൂട്ടിന്​ ബേസിക്​ സ്​ട്രക്​ചർ

ഉമ്മൻചാണ്ടി പോയി വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ ഇതിന് ഫണ്ട് അനുവദിക്കുന്നത് നിന്നു. ഇൻസ്റ്റിറ്റ്യൂട്ടിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്, മതിൽ കെട്ടിയിട്ടുണ്ട് എന്നല്ലാതെ ഇൻഫ്രാസ്ട്രക്ചറിനുവേണ്ട ബജറ്റോ ലൊക്കേഷനോ ഒന്നുമുണ്ടായില്ല. ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിലായതിനാൽ, വി.എസ് സർക്കാർ വലിയ താൽപര്യം കാണിച്ചുമില്ല. 2010 ൽ വീണ്ടും ഉമ്മൻചാണ്ടി അധികാരത്തിൽ വന്നപ്പോഴാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫയലുകൾ പൊടിതട്ടിയെടുത്തത്. അങ്ങനെ, നാലു വർഷത്തിനുശേഷമാണ്, 2014 ൽ ബേസിക് സ്ട്രക്ചറുണ്ടാക്കുന്നത്. ആർക്കിടെക്റ്റ് ജി. ശങ്കറാണ് ഡിസൈൻ ചെയ്യുന്നത്. ഞങ്ങളെ നിയമിക്കുന്ന സമയത്ത് കെട്ടിടങ്ങളുടെ അവസാന പണി നടക്കുകയായിരുന്നു. അന്ന് ഒരു അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഒരു അക്കാദമിക്ക് ബ്ലോക്കും മാത്രമാണുണ്ടായിരുന്നത്. ആറ് ഡിപ്പാർട്ട്‌മെന്റുകളാണുള്ളത്- ഡയറക്ഷൻ, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ് ആൻഡ് സൗണ്ട് റെക്കോർഡിംഗ്, ആനിമേഷൻ ആൻറ്​ വിഷ്വൽ എഫക്ട്, ആക്ടിംഗ് തുടങ്ങിയവ. ഈ ഫാക്കൽറ്റികൾക്കുവേണ്ടി റൂമുകളൊന്നും തയ്യാറായിരുന്നില്ല. എല്ലാ സ്റ്റാഫിനും കൂടി അഡ്മിനിസ്‌ട്രേറ്റീവ് ബിൽഡിംഗിലെ ഒരു റൂമാണ് തരുന്നത്. ആറ് ഫാക്കൽറ്റികളിലേക്കും കൂടി രണ്ടു പേരെ വീതം 12 പേരെയാണ് തെരഞ്ഞെടുത്തത്. അന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ. എം. എബ്രഹാമാണ് സ്ഥാപക സെക്രട്ടറി. ഒരു എഫിഷ്യൻറ്​ ബ്യൂറോക്രാറ്റ് എന്ന നിലയിൽ അദ്ദേഹത്തെയാണ് ഉമ്മൻചാണ്ടി വിശ്വസ്തതയോടെ സ്ഥാപനം ഏൽപ്പിച്ചത്. അദ്ദേഹം കാര്യക്ഷമമായ നിലയിലാണ് പ്രവർത്തിച്ചത്. എല്ലാ വെള്ളിയാഴ്ചയും, അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ വന്ന് നിർമാണപ്രവർത്തനം നടക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തും. അദ്ദേഹം വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്തു. പിന്നീട് ആദ്യ ഡയറക്ടറേയും നിയമിച്ചു. തമിഴ് ഫിലിംമേക്കറും മുൻ തൃശ്ശൂർ കലക്ടറുമായ ജ്ഞാനരാജശേഖരൻ എന്ന റിട്ടയേർഡ് ഐ.എ.എസ് ഓഫീസർ. വിരമിച്ചെങ്കിലും, സർക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മൂന്നു വർഷത്തേക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭപ്രവർത്തനങ്ങളിൽ പങ്കുചേരാം എന്ന നിലയിലാണ് വരുന്നത്. അദ്ദേഹവും നല്ല പ്രയത്നം കാഴ്ചവച്ചു.

ജ്ഞാനരാജശേഖരൻ / Photo: Wikimedia

ആറു മാസത്തേക്കുള്ള ഒരു സെമസ്റ്ററിന്റെ സിലബസ് മാത്രമാണ് അപ്പോൾ ഞങ്ങൾക്കുണ്ടായിരുന്നത്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന പ്രൊഫ. ജോൺ ശങ്കരമംഗലം ആയിരുന്നു ഈ സിലബസ് തയ്യാറാക്കിയത്. ഡോ. കെ.എം. എബ്രഹാം മുമ്പ് ഷെയർ ചെയ്ത ഡോക്യുമെന്ററുകളിൽനിന്ന്, സ്ഥാപനത്തിന്റെ വിഷനെകുറിച്ച് മനസ്സിലാക്കാൻ സാധിച്ചത് വിഷ്വൽ ആട്‌സിനുവേണ്ടി ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്നതാണ്. ബാച്ചിലർ- മാസ്റ്റേഴ്‌സ് പ്രോഗ്രാമും റിസർച്ചും വരെ നടക്കുന്ന രീതിയിലുള്ള ഒരു കേന്ദ്രം. ആദ്യ ബാച്ചിലേഴ്സ്​ പ്രോഗ്രാമിന്റെ സിലബസാണ് ഞങ്ങളോട് തയ്യാറാക്കാൻ പറഞ്ഞിട്ടുള്ളത്. അതിനനുസരിച്ച് മൂന്നു വർഷത്തെ സിലബസ് തയാറാക്കി. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് എന്ന ഭേദമില്ലാതെ നല്ല രീതിയിലുള്ള സിലബസ് വേണം എന്നായിരുന്നു ആഗ്രഹം. പൂന ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലെ സിലബസാണ് ആദ്യം മാതൃകയാക്കിയത്. ഞാൻ അവിടെ പഠിച്ച ഒരാളാണ്. ഇവിടെ മാറ്റം വേണമെന്നാഗ്രഹിക്കുന്ന ഞാനടക്കമുള്ള കുറച്ചുപേർക്ക് പൂന ഇൻസ്​റ്റിറ്റ്യൂട്ടിനെ അന്ധമായി ഫോളോ ചെയ്യേണ്ടതില്ല എന്ന അഭിപ്രായമായിരുന്നു. ഓരോ സംസ്ഥാനത്തിനും, അവയുടെ പ്രാദേശികവും സാംസ്‌കാരികവും മറ്റുമായ സവിശേഷതകൾ ഉൾക്കൊണ്ടുവേണം സിലബസ് ഡിസൈൻ ചെയ്യേണ്ടത് എന്ന അഭിപ്രായമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. മുമ്പ് ഒരുതരം ലീനിയറായ അക്കാദമിക്ക് സ്ട്രക്ചറിലാണ് അധ്യയനം നടന്നിരുന്നത് എങ്കിൽ ഇന്നത് നോൺ ലീനിയറായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതായത്, മൂന്നുവർഷത്തെ കോഴ്സിൽ ഏതൊക്കെ വിഷയം എങ്ങനെയൊക്കെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാർഥിക്കുണ്ട്. ആ രീതിയിൽ വിദ്യാഭ്യാസമേഖല മാറുകയാണ്.

കെ.ആർ. നാരായണൻ ഫിലിം ഇന്‌‍സ്റ്റിറ്റ്യൂട്ട് നിർമാണത്തിലിരിക്കെ / Photo: krnnivsa.edu.in

അന്ന് ആ സിലബസുണ്ടാക്കാൻ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചിരുന്നു. അതിനുപിറകെ ഒരു അക്കാദമിക് കൗൺസിലും ഗവേണിംഗ് കൗൺസിലും രൂപീകരിച്ചു. ആദ്യ ഡയറക്ടറായ ഡോ. ജ്ഞാനരാജശേഖരന്റെ നേതൃത്വത്തിൽ ബോർഡ് ഓഫ് സ്റ്റഡീസ് മീറ്റിംഗുകൾ കൃത്യമായി നടക്കുകയും മൂന്ന് വർഷത്തെ സിലബസ് പാസാക്കുകയും ചെയ്തു. ഞങ്ങളെ നിയമിക്കുന്നതിനുമുമ്പുതന്നെ ആദ്യ ബാച്ച് വിദ്യാർഥികളെ തെരഞ്ഞെടുക്കാനുള്ള എൻട്രൻസ് എക്‌സാം എൽ.ബി.എസ് നടത്തിയിരുന്നു. ആറ് ഡിപ്പാർട്ടുമെന്റുകൾക്കും പത്ത് സീറ്റുവീതം 60 സീറ്റാണുണ്ടായിരുന്നത്. ആദ്യ ബാച്ചിൽ 60 വിദ്യാർഥികൾ തികഞ്ഞിട്ടില്ലായിരുന്നു. ഈ ബാച്ച് വരുമ്പോൾ ഇൻഫ്രാസ്ട്രക്ചർ തയാറായിരുന്നില്ല. ഒരു ഫാക്കൽറ്റിയെ സംബന്ധിച്ച്, അല്ലെങ്കിൽ ആ സ്ഥാപനത്തെ പ്രതിനിധീകരിക്കുന്ന ആളുകൾ എന്ന രീതിയിൽ, ഞങ്ങൾക്ക് അത് നാണക്കേടുണ്ടാക്കുന്ന അവസ്ഥയായിരുന്നു. അതിന്റെ നടപടി വേഗത്തിലാക്കാൻ ഡോ. ജ്ഞാനരാജശേഖരൻ പരമാവധി ശ്രമിക്കുന്നുണ്ട്. സർക്കാർകാര്യമായതുകൊണ്ടുതന്നെ എക്യുപ്‌മെന്റുകൾ വാങ്ങുന്നതിന് കാലതാമസമുണ്ടായി. നേരിട്ട് വാങ്ങുന്നതിനുപകരം ഏജൻസി വഴിയാണ് ഉപകരണങ്ങൾ വാങ്ങുന്നത്. ഫയലുകൾ തിരിച്ചുവരുന്നതും കറക്ഷൻ വരുത്തി തിരിച്ചുപോകുന്നതടക്കമുള്ള മാസങ്ങൾ നീണ്ട നടപടിക്രമങ്ങളാണുണ്ടായിരുന്നത്. ഏതൊരു വിദ്യാഭ്യാസസ്ഥാപനവും അടിസ്ഥാനപരമായി വിദ്യാർഥികൾക്കു വേണ്ടിയാണ്. അവരിൽ ആത്മവിശ്വാസമുണ്ടാക്കിയും അവരെ വിശ്വാസത്തിലെടുത്തും കൊണ്ടേ സ്ഥാപനം ഒന്നുമില്ലായ്മയിൽ നിന്നും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയൂള്ളൂ എന്ന നിലക്ക് വിദ്യാർഥികളോട് സംസാരിക്കുമ്പോൾ അവർ അതിനോട് പൂർണമായും സഹകരിക്കാറുണ്ടായിരുന്നു.

ഞാൻ 2017 അവസാനത്തിലാണ് അവിടെനിന്ന് പോന്നത്. വ്യക്തിപരമായി അപ്പോഴേക്കും എനിക്ക് ശ്വാസംമുട്ടിത്തുടങ്ങിയിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, അഡ്മിനിസ്‌ട്രേറ്റീവ് കാലതാമസങ്ങൾ. പിന്നെ, നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള റിഫോർമേറ്ററിയായ അക്കാദമിക് വിഷനൊന്നും നടപ്പാകില്ല എന്ന ആശയറ്റ അവസ്ഥയുണ്ടായി.

താളപ്പിഴകൾ

ഏതൊരു പുതിയ വിദ്യാഭ്യാസ സ്ഥാപനം വരുമ്പോഴും, ആദ്യത്തെ മൂന്ന് ബാച്ചുകൾ എങ്കിലും കുറേ സാക്രിഫൈസുകളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും കടന്നുപോകേണ്ടി വരും എന്നത് സ്വാഭാവികമാണ്. അധ്യയനപരമായി നഷ്ടം സംഭവിക്കാത്ത തരത്തിൽ കോംപൻസേറ്റ് ചെയ്യാം എന്ന വാഗ്ദാനത്തിലാണ് ഞങ്ങൾ മുന്നോട്ടുപോയത്. അങ്ങനെ ആദ്യത്തെ ബാച്ച് വന്നു, കല്ലുകടികളുണ്ടായിരുന്നെങ്കിലും ക്ലാസുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ബാച്ചിനെ കൃത്യമായ മുറക്ക് തെരഞ്ഞെടുത്തു. അതിനുശേഷം ഡോ. ജ്ഞാനരാജശേഖരൻ പോയി.

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു. ഇടതുസർക്കാരിനെ സംബന്ധിച്ച് കേട്ടുകേൾവിപോലുമില്ലാത്ത സ്ഥാപനമായിരുന്നു ഇത്. പുതിയ ഡയറക്ടറായി ഡോ. കെ. അമ്പാടി വന്നു. ഐ ഐ എസ് ഓഫീസറായ അദ്ദേഹം അന്ന് പി.ആർ.ഡി അടക്കം നാല് ഡിപ്പാർട്ട്‌മെന്റുകളുടെ എം.ഡിയാണ്. സിനിമയിലുള്ള താൽപര്യം കൊണ്ടുമാത്രമാണ് ഈ ചുമതല ഏറ്റെടുത്തത്. ആഴ്ചയിലൊരിക്കലാണ് അദ്ദേഹം വന്നിരുന്നത്. പിന്നീട്​ ഹരികുമാർ ചെയർമാനായി. മുൻപ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്‌മെന്റിനുവേണ്ടി പ്ലാൻ ചെയ്തിരുന്ന ബജറ്റ് വിഹിതം കണ്ടെത്തുക, പണി തീരാതെ കിടന്ന തിയേറ്ററും സൗണ്ട് സ്റ്റുഡിയോയും അടക്കമുള്ള സ്​ട്രക്​ചർ നിർമാണം പൂർത്തിയാക്കുക എന്നിവയൊന്നും കൃത്യമായി പൂർത്തിയാക്കാൻ ഇവരുടെ നേതൃത്വത്തിന് കഴിഞ്ഞില്ല.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണയുമായെത്തിയ കമൽ കെ.എം, ജിയോ ബേബി, ആഷിഖ് അബു എന്നിവർ

ഞാൻ 2017 അവസാനത്തിലാണ് അവിടെനിന്ന് പോന്നത്. വ്യക്തിപരമായി അപ്പോഴേക്കും എനിക്ക് ശ്വാസംമുട്ടിത്തുടങ്ങിയിരുന്നു. പല കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, അഡ്മിനിസ്‌ട്രേറ്റീവ് കാലതാമസങ്ങൾ. പിന്നെ, നമ്മൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള റിഫോർമേറ്ററിയായ അക്കാദമിക് വിഷനൊന്നും നടപ്പാകില്ല എന്ന ആശയറ്റ അവസ്ഥയുണ്ടായി. ഒരിക്കൽ കോട്ടയത്ത് വച്ച് ഉത്തരായനത്തിന്റെ കോ- ഡയറക്ടറും എന്നെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ച പ്രൊഫസറുമായ ജി.ആർ. മേനോൻ എന്നോട് പറഞ്ഞു, എത്ര സുഖകരമായ ജോലിയാണെങ്കിലും ശരി, അവിടെ ഇങ്ങനെ ഇരിക്കരുത്, സിനിമ ചെയ്യണം എന്ന്. ഒരു സ്ഥാപനം നിർമിച്ചെടുക്കുക എന്ന ഘട്ടത്തിലായതുകൊണ്ടാണ് ഞാൻ അവിടെ ജോലി ചെയ്യാൻ തീരുമാനിച്ചത്, അല്ലെങ്കിൽ തീർച്ചയായും സിനിമ എടുക്കാൻ പോകുമായിരുന്നു എന്നായിരുന്നു എന്റെ മറുപടി.

ആരും അടുക്കാതിരുന്ന, നിരവധിപേർ ഒഴിഞ്ഞുനിന്നിരുന്ന ഒരു സ്ഥാപനമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. വിദ്യാർഥികളുടെ മൂവ്‌മെൻറ്​ ഉണ്ടാകാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്.

അടൂർ വരുന്നു

രണ്ടാം പിണറായി സർക്കാർ വന്നപ്പോഴാണ്​, 2020 ൽ അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായത്. അവിടെ വർക്ക് ചെയ്തിരുന്ന സമയത്ത് അടൂരിനെപ്പോലുള്ളവർ വരണമെന്ന് ഞാനൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹം വന്നാൽ കുറച്ചുകൂടി മെച്ചപ്പെട്ടേനേ എന്നാണ് വിചാരിച്ചിരുന്നത്.

ആരും അടുക്കാതിരുന്ന, നിരവധിപേർ ഒഴിഞ്ഞുനിന്നിരുന്ന ഒരു സ്ഥാപനമായി അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. സ്റ്റേക്ക് ഹോൾഡേഴ്‌സിനുമാത്രമേ ചോദിക്കാനും പറയാനും അവകാശമൂള്ളൂ. അത് വിദ്യാർഥികളാണ്. വിദ്യാർഥികളുടെ മൂവ്‌മെൻറ്​ ഉണ്ടാകാതെ ഒന്നും ശരിയാകില്ല എന്ന അവസ്ഥ മുമ്പേ അവിടെയുണ്ട്. അതായത്, ഇപ്പോൾ അവസാനിച്ച ഈ സമരത്തിന്റെ ചരിത്രം നോക്കിയാൽ, ഇത് മൗണ്ട് ചെയ്ത് വന്നിട്ട് കുറേ വർഷങ്ങളായി എന്നു പറയാം.

സീറ്റുകൾ ഒഴിച്ചിടുന്നത്, ഫാക്കൽറ്റി മീറ്റിംഗുകളിൽ ഞാൻ എതിർത്തുവന്ന ഒരു കാര്യമാണ്. പത്ത് സീറ്റ് മാത്രമുള്ള ഒരു കോഴ്‌സിൽ നാല് സീറ്റ് ഒഴിച്ചിടുന്നത് ഒരു നാഷനൽ വേസ്റ്റ് തന്നെയാണ്. മൂന്നു ബാച്ചുകളായപ്പോഴും പല ഡിപ്പാർട്ട്‌മെന്റുകളിലും ഇങ്ങനെ സീറ്റുകൾ ഒഴിച്ചിട്ടിരുന്നു. കട്ട് ഓഫ് മാർക്ക് മൂലം ഒഴിവായിപ്പോകുന്നവയാണിവ. അതായത്, ഓരോ ഡിപ്പാർട്ടുമെന്റിനും സ്വന്തമായി ഇക്കാര്യം തീരുമാനിക്കാവുന്ന സ്ഥിതിയായിരുന്നു. കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ടായിരുന്നില്ല.

അടൂർ ഗോപാലകൃഷ്ണൻ / Photo: Wikimedia

ഇവിടെ മറ്റൊരു പ്രശ്‌നമുണ്ട്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടക്കം, ഗവേണൻസിന് ബോഡികളുണ്ടാക്കുന്ന സമയത്ത്, അവയിൽ എപ്പോഴും സർക്കാർ നോമിനേറ്റഡ് പോസ്റ്റുകളായിരിക്കും. സ്വാഭാവികമായും ഭരിക്കുന്ന പാർട്ടിക്ക് പരിചിതരായവരായിരിക്കും ഗവേണിംഗ് കൗൺസിലിൽ ഉൾപ്പെടുത്തുക. കൗൺസിലിൽ ഉൾപ്പെടുത്താൻ പോകുന്ന വിവരം മിനിസ്ട്രിയിൽ നിന്ന് വിളിക്കുമ്പോൾ മാത്രമായിരിക്കും അവരറിയുക. സർക്കാർതലത്തിൽ ഒരു നിയമനം വരുമ്പോൾ അവർ അതിന് ഓക്കേ പറയും. അക്കാദമിക് കൗൺസിലിലേക്കും ഇതുപോലൊരു വിളി പോകും. അപ്പോഴും, തിരക്കുള്ളവരാണെങ്കിലും, ഓക്കേ പറയും. വെറുതെ കമ്മിറ്റികൾ ഉണ്ടാക്കിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗൺസിലിലും തുടർച്ചയുള്ള മീറ്റിംഗ് ഉണ്ടാകേണ്ടതുണ്ട് എന്നും പലവട്ടം വ്യക്തിപരമായി തുറന്നുപറഞ്ഞിട്ടുണ്ട്. ഒരു സെമസ്റ്റർ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പെങ്കിലും അതിന്റെ ആറു മാസത്തെ അക്കാദമിക്ക് കലണ്ടർ ബോർഡ് ഓഫ് സ്റ്റഡീസിലെ എല്ലാ അംഗങ്ങളും അധ്യാപകരും ഇരുന്ന് തീരിമാനിക്കേണ്ടതുണ്ട്. അക്കാദമിക് കൗൺസിൽ അംഗമാണ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായി അന്നുണ്ടായിരുന്നത്.

അക്കാദമിക്ക് കൗൺസിലിലും ബോർഡ് ഓഫ് കൗൺസിലിലും വിദ്യാർത്ഥി പ്രാതിനിധ്യം ഉണ്ടാവണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഞാനാണ്. അന്ന് ഫാക്കൽറ്റി മീറ്റിംഗിൽ കൂട്ടച്ചിരിയാണ് കേട്ടത്.

പിന്നീട് ഹരികുമാർ വന്ന സമയത്ത് ആ സ്ട്രക്ച്ചർ മാറ്റി. അക്കാദമിക് കൗൺസിലിൽ മറ്റൊരു കൂട്ടം ആളുകൾ വരികയും ഗവേണിംഗ് കൗൺസിലിന്റെ മുകളിൽ എക്‌സിക്യൂട്ടീവ് കൗൺസിൽ എന്ന ബോഡി കൊണ്ടുവരികയും ചെയ്തു. ഡയറക്ടറെ പോലുള്ളവർ എന്തെങ്കിലും പരിപാടി അവതരിപ്പിച്ചാൽ ഓകെ പറഞ്ഞ് എഴുന്നേറ്റുപോകുകയാണ് നോമിനേറ്റഡ് അംഗങ്ങൾ ചെയ്യുക. മിക്കവാറും മീറ്റിംഗുകളിൽ ഇവർ പങ്കെടുക്കാറുമില്ല. വിധു വിൻസെൻറ്​ ഇത്തവണ ഗവേണിംഗ് കൗൺസിൽ അംഗമാണ്. വിധു പറഞ്ഞത്, അംഗമാക്കിയെന്നുപറഞ്ഞ് വിളിച്ചശേഷം പിന്നീട് ആരും വിളിച്ചിട്ടേയില്ല എന്നാണ്. അതായത്, പിന്നീട് യോഗം നടന്നിട്ടില്ല. ഒരു തരത്തിലുള്ള അക്കാദമിക്ക് അച്ചടക്കവും കോർഡിനേഷനും ഇല്ലാത്ത അവസ്ഥയിലേക്കാണ് സ്ഥാപനം ദിനംപ്രതി പോയിക്കൊണ്ടിരിക്കുന്നത് എന്ന് ഈ മാറ്റംമറിച്ചിലുകളിൽ നിന്ന്​ വ്യക്തമായി കാണാവുന്നതാണ്.

അടൂർ ഗോപാലകൃഷ്ണൻ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ജോൺ ശങ്കരമംഗലം ഡയരക്ടറുമായ കാലം. ഇവർ, 1996ൽ പുതിയൊരു കോഴ്സ് സ്ട്രക്ചർ തുടങ്ങുന്നു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ അക്കാദമി കൗൺസിൽ മെമ്പറായ ബി. അജിത് കുമാറും മധു നീലകണ്ഠനും ഫൗസിയ ഫാത്തിമ ഉൾപ്പടെയുള്ളവർ പഠിക്കുന്ന ബാച്ചായിരുന്നു അത്. രാജീവ് രവിയും അന്ന് ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. ആ ബാച്ചിലെ എല്ലാ കോഴ്സും രണ്ട് വർഷമായി വെട്ടിച്ചുരുക്കി. ഒപ്പം, സിനിമോറ്റോഗ്രഫിയിലോ സൗണ്ടിലോ എഡിറ്റിംഗിലോ രണ്ടുവർഷം പഠിച്ചശേഷം വേണമെങ്കിൽ ഡയറക്ഷനിൽ അപേക്ഷിച്ച് പോസ്റ്റ് ഡിപ്ലോമ പിന്നീട് ചെയ്യാം എന്നൊരു പരിഷ്‌കാരവും കൊണ്ടുവന്നു. വിദ്യാർത്ഥികൾ അതിനെ എതിർത്തു. പുതിയ പരിഷ്‌ക്കാരത്തിൽ തകരാറുണ്ടെന്ന് പറഞ്ഞ് വിദ്യാർത്ഥികൾ സമരം നടത്തുന്നു. സമരം ശക്തമാക്കിയതോടെ ജോൺ ശങ്കരമംഗലം രാജിവെച്ചു. അടൂർ സ്വമേയധാ ഇറങ്ങിപ്പോയി. അതിനുശേഷം പഴയ രീതിയിൽ മൂന്ന് വർഷത്തെ കോഴ്സ് കൊണ്ടുവരുന്നു. പിന്നെ, അത് വീണ്ടും മാറ്റുന്നു.

കമൽ കെ.എം.(ഇടത്) ചലച്ചിത്ര പഠന വിദ്യാർത്ഥിയായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം

2000- ലാണ് ഞാനവിടെ പഠിക്കാനെത്തിയത്. ഞാനുൾപ്പടെയുള്ള വിദ്യാർത്ഥികൾ അതിനെതിരെ സമരം ചെയ്യുന്നു. അത് പൊളിക്കുന്നു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമാണ് എല്ലാ കാലത്തുമുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് പിന്തുടരുന്ന അക്കാദമിക്ക് ഓറിയന്റേഷൻ അല്ലെങ്കിൽ ട്രെയിനിങ് എന്നു പറഞ്ഞാൽ, അത്, വിദ്യാർത്ഥിയെ പൂർണമായും ഒരു ഫിലിം മേക്കറായി വിടുക എന്നതാണ്. അതിനനുസരിച്ചാണ് അവിടെ സിലബസ് രൂപപ്പെടുത്തിയത്. അറുപതുകളിലും എഴുപതുകളിലും മോസ്‌ക്കോയിലുണ്ടായിരുന്ന റഷ്യൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് സിനിമാറ്റോഗ്രാഫിയിൽ നിന്നൊക്കെ ഡ്രാഫ്റ്റ് ചെയ്തുകൊണ്ടാണ് ഇത് രൂപപ്പെടുത്തിയത്. ഏറ്റവും മികച്ച സിനിമാപഠനം സാധ്യമാക്കണം എന്നായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ രണ്ട് വർഷത്തിൽ ഈ കോഴ്സ് പഠിക്കുമ്പോൾ അതൊരു കുറവായി തോന്നും. കാരണം, ഇതിൽ പകുതിയിലധികം ടെക്നിക്കൽ പരിശീലനമാണ്. സിനിമാപഠനം ഏറ്റവും സമഗ്രതയിൽ പഠിക്കാനാണ് മൂന്ന് വർഷമാക്കിയത്.

നേരത്തെ നടക്കേണ്ടിയിരുന്ന ഒരു സമരം

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈ പ്രശ്നങ്ങൾ ഇങ്ങനയൊക്കെയാണ് രൂപപ്പെട്ടുവന്നത്. സീറ്റുകൾ ഒഴിച്ചിടുന്നതിലൂടെ സംവരണതത്വം വരെ അട്ടിമറിക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. സംവരണതത്വം കൃത്യമായി പാലിക്കുന്ന സെലക്ഷൻ പ്രോസസ് നിലവിലില്ലാത്തതുകൊണ്ടാണ് ഈ പ്രശ്നം ഇപ്പോൾ ഉയർന്നുവന്നത്. ഇത്, നാലഞ്ചുവർഷം മുമ്പ് നടക്കേണ്ടിയിരുന്ന സമരമാണ്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനവിടെ നിന്നിറങ്ങിപ്പോന്നത്. വിദ്യാർത്ഥികൾ അത്രയ്ക്കും നിസ്സഹായരായിരുന്നു. ഇതുപോലുള്ള സ്ഥാപനങ്ങൾ കുത്തഴിയുമ്പോൾ അതിന്റെ പ്രാക്ക് തട്ടാതെ ഒഴിഞ്ഞുപോകുക എന്നതുമാത്രമേ അന്ന് ചെയ്യാനുണ്ടായിരുന്നുള്ളൂ.

അടൂരൊക്കെ വന്നശേഷം അക്കാദമിക്ക് കൗൺസിലിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഒഴിവാക്കിയ അവസ്ഥയാണ് പിന്നീട് നാം കണ്ടത്. ഇതെല്ലാം പുനർക്രമീകരിക്കേണ്ടതായുണ്ട്. അതിൽ പ്രധാനം, വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്​.

ഫാക്കൽറ്റി ഇവാലുവേഷനെ ഞാൻ അനുകൂലിച്ചിരുന്നു. കാരണം, അക്കാദമിക്ക് പരിസരത്തെ ജനാധിപത്യപരമാക്കി മാറ്റണമെങ്കിൽ നിലവിലുള്ള ഹൈറാർക്കികൾ പൊളിച്ചെഴുതപ്പെടേണ്ടതുണ്ട്. അവിടെ എല്ലാവർക്കും വോയ്സ് ഉണ്ടാവണം. ആ രീതിയിൽ വിദ്യാർത്ഥികളുമായി സഹകരിച്ചുകൊണ്ടുള്ള ജനാധിപത്യപരമായ അക്കാദമിക്ക് പരിസരം ഉണ്ടാവണം. അക്കാദമിക്ക് കൗൺസിലിലും ബോർഡ് ഓഫ് കൗൺസിലിലും വിദ്യാർത്ഥി പ്രാതിനിധ്യം ഉണ്ടാവണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഞാനാണ്. അന്ന് ഫാക്കൽറ്റി മീറ്റിംഗിൽ കൂട്ടച്ചിരിയാണ് കേട്ടത്. അപ്പോഴെല്ലാവരും പറഞ്ഞത്, വിദ്യാർത്ഥികളെ ആ തരത്തിൽ പരിഗണിച്ചതുകൊണ്ടാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ടും നശിച്ചുപോയത് എന്നാണ്. ഈ സ്വാതന്ത്ര്യമെല്ലാം വിപുലമായി ആസ്വദിച്ചനുഭവിച്ചവരാണ് വേറൊരു കാലത്ത് വേറൊരു റോളിലെത്തുമ്പോൾ വേറൊരു നിലപാട് സ്വീകരിക്കുന്നത്, അധികാരത്തിന്റെ ഭാഷ സംസാരിക്കുന്നത്. പിന്നീട് എത്രയോ കഴിഞ്ഞാണ് സ്റ്റുഡന്റ്സ് കൗൺസിൽ രൂപീകരിച്ചത്. പിന്നീട് അക്കാദമിക്ക് കൗൺസിലിലും വിദ്യാർത്ഥി പ്രാതിനിധ്യം ഉറപ്പായ കാലത്തിനുശേഷമാണ് ഞാൻ ഇറങ്ങുന്നത്.

അടൂരൊക്കെ വന്നശേഷം അക്കാദമിക്ക് കൗൺസിലിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഒഴിവാക്കിയ അവസ്ഥയാണ് പിന്നീട് നാം കണ്ടത്. ഇതെല്ലാം പുനർക്രമീകരിക്കേണ്ടതായുണ്ട്. അതിൽ പ്രധാനം, വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്​. അവരുടെ നിർദ്ദേശങ്ങളും ഫീഡ്ബാക്കുകളും ഉന്നയിക്കാനുള്ള പ്രാതിനിധ്യം ഉറപ്പാക്കലാണ്.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റം വരേണ്ടത്, അഡ്മിനിസ്‌ട്രേറ്റീവ് ഗവേണൻസിലാണ്. എക്‌സിക്യൂട്ടീവ് കൗൺസിലും ഗവേണിംഗ് കൗൺസിലും അക്കാദമിക് പ്രവർത്തനങ്ങൾക്ക് അക്കാദമിക് കൗൺസിലും ബോർഡ് ഓഫ് സ്റ്റഡീസും ഉടച്ചുവാർത്ത് കാര്യക്ഷമമാക്കണം. എല്ലാവരുടേയും ഭാഗത്തുനിന്ന് കുറച്ചുകൂടി ഇൻവോൾമെൻറ്​ ഉണ്ടാകേണ്ടതുണ്ട്. ഗവേണിങ് കൗൺസിൽ മെമ്പറും അക്കാദമിക് കൗൺസിൽ മെമ്പറും തുടങ്ങി അധ്യാപകർ വരെയുള്ളവർ വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ മുതലാണ് ഈ സ്ഥാപനം വളരുകയൂള്ളൂ. ▮


കമൽ കെ. എം

ഐഡി, പട എന്നീ സിനിമകൾ സംവിധാനം ചെയ്തു. കളക്ടീവ് ഫേസ് വൺ എന്ന ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാണ്. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥ, സംവിധാനം വിഭാഗത്തിൽ അധ്യാപകനായിരുന്നു.

Comments