കോടികൾ കിലുങ്ങുന്ന സാംസ്കാരിക കേന്ദ്രങ്ങളും അട്ടിമറിക്കപ്പെടുന്ന ചെറു പദ്ധതികളും

കൊല്ലത്ത് ആശ്രാമം മൈതാനത്തിലും കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടുനിന്ന് ഏഴു കിലോമീറ്റർ ദൂരമാറി മടിക്കൈ അമ്പലത്തുകരയിലെ പാറപ്പുറത്തും വൻ സൗകര്യങ്ങളുമായി സാംസ്കാരിക സമുച്ചയങ്ങൾ ഉയർന്നുകഴിഞ്ഞു. കൊല്ലത്ത് ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സ് എന്നു പേരിട്ട സാംസ്കാരിക കേന്ദ്രം കഴിഞ്ഞവർഷം മെയ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

56 കോടി രൂപയാണ് കൊല്ലത്തെ സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണ ചെലവ്. കാസർകോട് സാംസ്കാരിക സമുച്ചയം സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ പേരിലാണ്. 42 കോടി രൂപയാണ് ഇവിടുത്തെ ചെലവ്. പണിപൂർത്തിയാവുമ്പോൾ 56 കോടി രൂപ കടക്കുമായിരിക്കും.

വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിൽ പാലക്കാട് യാക്കരയിൽ ഉയരുന്ന സാംസ്കാരിക കേന്ദ്രവും നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കുന്ന ഈ പദ്ധതിക്ക് ഓരോ ജില്ലയ്ക്കും 50 കോടി രൂപ വീതം 700 കോടിയാണ് ആകെ ചെലവ്. 3.50 ഏക്കർ മുതൽ 5 ഏക്കർ വരെ വിസ്തൃതിയുള്ള സ്ഥലത്ത് ബൃഹത്തായ കെട്ടിടസമുച്ചയങ്ങൾ കിഫ്ബി സഹായത്തോടെയാണ് നിർമിക്കുന്നത്. നിർമാണച്ചുമതല കെ എസ് എഫ് ഡി സി ക്കാണ്.

കൊല്ലത്തെ നഗരകേന്ദ്രമായ ആശ്രാമം മൈതാനത്ത് നാലേക്കറോളം സ്ഥലത്ത് 91000 ചതുര അടി വിസ്തീർണത്തിൽ കേരളീയ വാസ്തുശില്പ മാതൃകയിൽ നിർമിച്ച ഈ സാംസ്കാരിക സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് വർഷമൊന്നായിട്ടും കാര്യമായ പരിപാടികളൊന്നും നടന്നിട്ടില്ല. കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നിന്നും നീലേശ്വരത്തുനിന്നും ഇരുപത് മിനുട്ട് യാത്രചെയ്താൽ എത്തിച്ചേരാവുന്ന സ്ഥലമാണ് മടിക്കൈ. ഹൈവേയിലേതുപോലെ വാഹന സൗകര്യം കുറവാണ്. സന്ധ്യ കഴിഞ്ഞാൽ പൊതുവാഹനങ്ങൾക്ക് സാധ്യത കുറവാണ്. അവിടെ വലിയ തരത്തിലുള്ള കലാസാംസ്കാരിക പരിപാടികൾ നടത്തുക പലനിലകളിൽ പ്രയാസമുള്ള കാര്യമാണ്. കല്യാണമണ്ഡപമാവാതെ ഗംഭീരമായ പരിപാടികൾ അവിടെ നടക്കട്ടെ എന്നാശംസിക്കുന്നു.

കൊല്ലത്ത് ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സ് എന്ന് പേരിട്ട സാംസ്കാരിക കേന്ദ്രം കഴിഞ്ഞവർഷം മെയ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 56 കോടി രൂപയാണ് കൊല്ലത്തെ സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണ ചെലവ്.
കൊല്ലത്ത് ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സ് എന്ന് പേരിട്ട സാംസ്കാരിക കേന്ദ്രം കഴിഞ്ഞവർഷം മെയ് നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 56 കോടി രൂപയാണ് കൊല്ലത്തെ സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണ ചെലവ്.

സർക്കാരിന് വലിയ നിലയിലുള്ള സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും സാംസ്കാരിക രംഗത്തെ സജീവമായും സർഗാത്മകമായും നിലനിർത്താൻ മുടക്കുന്ന തുകകൾ വ്യർത്ഥമല്ല തന്നെ. എന്നിരുന്നാലും ആയിരക്കണക്കിന് ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളും പ്രദർശനശാലകളും കൊട്ടിപ്പൊക്കുകയാണോ ഈയൊരു കാലത്ത് സാംസ്കാരികരംഗത്തെ മുടക്കുമുതലാവേണ്ടത് എന്നത് ഗൗരവത്തിൽ ചർച്ചചെയ്യേണ്ടതുണ്ട്. ചില കേന്ദ്രങ്ങളിൽ ചിലരുടെ സ്വപ്നപദ്ധതിയായി ഒടുങ്ങേണ്ടതാണോ സാംസ്കാരിക പ്രവർത്തനത്തിനുള്ള ആകെത്തുകയും?

ഇതിനോട് ചേർത്തുവായിക്കേണ്ടുന്ന മറ്റൊരു കാര്യം കൂടി പറയാം.

കേരളത്തിൽ 100 ചെറുപട്ടണങ്ങളിൽ 100 സിനിമാ തിയേറ്ററുകൾ എന്ന ആശയം നേരത്തെ സാംസ്കാരിക കേരളത്തിൽ ഉയർന്നുവന്നിരുന്നു. നിയമസഭ ആ പദ്ധതിക്ക് അനുമതി നൽകി, ബജറ്റിൽ തുക അനുവദിക്കുകയും ചെയ്തു. അതിന്റെയും നിർമാണവും നടത്തിപ്പും കെ എസ് എഫ് ഡി സി ക്ക് തന്നെയാണ്.

ലെനിൻ രാജേന്ദ്രൻ കെ എസ് എഫ് ഡി സി ചെയർമാനായിരിക്കുമ്പോഴാണ് പദ്ധതിക്ക് തുടക്കമിട്ടത്. അതിന്റെ ഭാഗമായി ആദ്യം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലങ്ങളിൽ ഒന്ന് പയ്യന്നൂരാണ്. തിരുവനന്തപുരം പുതിയ ബസ് സ്റ്റാൻഡിൽ സ്ഥലം കിട്ടിയപ്പോൾ അവിടെ ഒന്നോ രണ്ടോ സ്ക്രീനുകൾ ഈ പദ്ധതി പ്രകാരം ആരംഭിച്ചുകഴിഞ്ഞു. പയ്യന്നൂരിൽ ഡോൾബി അറ്റ്മോസ് സൗണ്ടും 4 k പ്രൊജക്ഷനുമൊക്കെയായി മൂന്നോ നാലോ നിലകളിൽ 250 പേർക്കിരിക്കാവുന്ന രണ്ട് തിയറ്ററുകളാണ് ഒരുങ്ങുന്നത്.

കെട്ടിട നിർമാണത്തിനുതന്നെ 15 കോടിയാണ് അഞ്ചുവർഷം മുൻപ് പറഞ്ഞു കേട്ട ചെലവ്. ഉപകരണങ്ങൾ അടക്കം വരുമ്പോൾ ചിലപ്പോൾ 20 കോടിയിലധികം ചെലവ് വരും. യഥാർത്ഥത്തിൽ ഈ ആശയം രൂപീകരിക്കപ്പെട്ടത് കേരളത്തിലുണ്ടാകുന്ന നല്ല സിനിമകളെ, മറ്റ് തിയേറ്ററുകളിൽ പ്രവേശനം ലഭിക്കാത്ത, ലാഭകരമായി ഓടാത്ത ആർട്ട് ഹൗസ് സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു. എന്നാൽ അത് ഉടൻ കോടാനുകോടികളുടെ പദ്ധതിയായി മാറുകയും കരാറുകളും വൻനിർമാണങ്ങളും അതിന്റെ ഭാഗമാവുകയും ചെയ്തതോടെ പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം തന്നെ വിസ്മരിക്കപ്പെട്ടു.

നിലവിൽ കെ എസ് എഫ് ഡി സി യുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ തിയറ്ററുകളിൽ മെയിൻസ്ട്രീമിന് പുറത്തുള്ള ഒരു കലാമൂല്യമുള്ള സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള അവരുടെ വിമുഖത കുപ്രസിദ്ധമാണ്. കേരളത്തിൽ പുതിയ ഒരു ചലച്ചിത്ര ഭാഷ പരീക്ഷിക്കുന്ന / പ്രസക്തമായ പ്രമേയങ്ങൾ ഉന്നയിക്കുന്ന സിനിമകൾ സാമ്പത്തിക ലാഭനഷ്ടങ്ങൾ പരിഗണിക്കാതെ ഒരാഴ്ചയെങ്കിലും സർക്കാർ തിയേറ്ററിൽ പോലും പ്രദർശിപ്പിക്കുക ഇന്ന് അചിന്ത്യമാണ്.

ഒരു അനുഭവം പറയാം. മനോജ് കാന എന്ന സംവിധായകൻ തന്റെ ആദ്യചിത്രം 'ചായില്യം' വളരെ പ്രയാസപ്പെട്ട് ക്രൌഡ് ഫണ്ടിങ്ങിലൂടെ നിർമിക്കുകയും അതിന് ദേശീയപുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. അത് തിയറ്റർ റിലീസിനായി മനോജും സുഹൃത്തുക്കളും കഠിനമായി പരിശ്രമിക്കുന്നു. കേരളത്തിലെ ഏതാനും സ്വകാര്യ തിയേറ്ററുകളിലും സർക്കാർ തിയേറ്ററുകളിലും പ്രദർശിപ്പിക്കാൻ തീരുമാനമാകുന്നു. പരമാവധി സൗഹൃദങ്ങൾ ഉപയോഗിച്ച് റിലീസിംഗ് അറിയിപ്പുകൾ പൊതുജനങ്ങളിൽ എത്തിക്കുന്നു.

റിലീസിംഗ് ദിവസം ഒട്ടേറെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ ആരംഭിച്ചപ്പോൾ കോഴിക്കോടുള്ള കെ എസ് എഫ് ഡി സി യുടെ തിയേറ്ററിൽ ആൾക്കാർ വന്നെങ്കിലും പ്രദർശനം അനുവദിച്ചില്ല. സംവിധായകൻ നേരിട്ട് തിയറ്ററിലെത്തി ബഹളമുണ്ടാക്കുകയും താൻ ഈക്കാര്യം പറഞ്ഞ് ഇവിടെ സത്യഗ്രഹമിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഉദ്യോഗസ്ഥർ പ്രദർശിപ്പിക്കാൻ തയ്യാറായി. ഉന്നതങ്ങളിൽനിന്നുള്ള സമ്മർദ്ദങ്ങൾ വരെ അതിന് വേണ്ടിവന്നു. 'പുലിമുരുകൻ' പോലുള്ള സിനിമകൾ പ്രദർശിപ്പിച്ചാൽ മാത്രമേ ആളുകളുണ്ടാവൂ എന്നും എങ്കിൽ മാത്രമേ ലാഭകരമായി പ്രവർത്തിക്കാൻ കെ എസ് എഫ് ഡി സി ക്ക് കഴിയൂ എന്നും ആയിരുന്നു അധികൃതരുടെ വാദം.

വൻമുതൽ മുതൽമുടക്കിൽ നിർമിക്കപ്പെടുന്ന ഇത്തരത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളായാലും സിനിമ തിയേറ്ററുകൾ ആയാലും ലാഭകരമായ ആവശ്യങ്ങൾക്ക് മാത്രമേ അവ തുറന്നുകിട്ടുകയുള്ളൂ. അത് പകൽപോലെ വ്യക്തമായ ഒരു കാര്യമാണ്. യഥാർത്ഥത്തിൽ വളരെ ചെലവ് കുറഞ്ഞ, അതേസമയം സാങ്കേതികമായി സാമാന്യം തരക്കേടില്ലാത്ത ഒരു തിയേറ്റർ എന്നതായിരുന്നു ആ പദ്ധതിയുടെ അന്തഃസത്തയാവേണ്ടിയിരുന്നത്.

വൃത്തിയായ പരിസരങ്ങളിൽ, സാങ്കേതികമായി നല്ല ശബ്ദവും ദൃശ്യവും ഉള്ള, ശീതീകരണ സംവിധാനങ്ങളുള്ള 100 പേർക്കിരിക്കാവുന്ന ചെറു തിയേറ്ററുകൾ. കേരളത്തിൽ സ്വകാര്യമേഖലയിൽ ഇത്തരം ഒരു സംവിധാനം ഉണ്ടാക്കുവാൻ ഒരു കോടി രൂപ മതിയാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യമായി നൽകുന്ന സ്ഥലത്താണല്ലോ തിയേറ്റർ നിർമാണം. ആ പദ്ധതി അട്ടിമറിക്കപ്പെടുകയും കോടികൾ മുതൽമുടക്കിയുള്ള വൻ തിയേറ്റർ കോംപ്ലക്സുകളായി ഇത് മാറുകയും ചെയ്തു. ഈ കോംപ്ലക്സുകളിലേക്ക് കച്ചവട സിനിമകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ എന്നത് ആർക്കാണ് അറിയാത്തത്?

കെ.എസ്.എഫ്.ഡി.സി പയ്യനൂരിൽ നിർമ്മാണം ആരംഭിച്ച തിയേറ്റർ കോംപ്ലക്സ് / Photo: T. Bharathan
കെ.എസ്.എഫ്.ഡി.സി പയ്യനൂരിൽ നിർമ്മാണം ആരംഭിച്ച തിയേറ്റർ കോംപ്ലക്സ് / Photo: T. Bharathan

നല്ല സിനിമകൾ പ്രദർശിപ്പിക്കാൻ ഇടംതേടിയുള്ള വ്യക്തിപരമായ ചില ഉദ്യമങ്ങൾ ഓർമയിൽ വരികയാണ്. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ തന്നെ അതിൽ ആവേശംപൂണ്ട പ്രദേശമാണ് പയ്യന്നൂർ. ആ അർത്ഥത്തിൽ വലിയൊരു ചലച്ചിത്ര പാരമ്പര്യമുള്ള പ്രദേശം. 1970- കൾ മുതൽ ലോകോത്തര സിനിമകൾ ഫിലിം സൊസൈറ്റി പ്രവർത്തകർ വളരെ പ്രയാസപ്പെട്ട് പയ്യന്നൂരിൽ നിരന്തരം പ്രദർശിപ്പിച്ചു വരുന്നുണ്ട്. മഹാരഥന്മാരായ ചലച്ചിത്രസംവിധായകർ അവിടെ വന്നും പോയുമിരിക്കുന്നുണ്ട്.

20 വർഷം മുമ്പ് ആ തുടർച്ചയിലാണ് ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയും രൂപീകരിക്കപ്പെടുന്നത്. പയ്യന്നൂരിൽ സാങ്കേതികത്തികവോടെയുള്ള ഒരു നല്ല പ്രദർശനം എന്നത് അന്നുമുതലേ ഓപ്പൺ ഫ്രെയിമിന്റെ സ്വപ്നമാണ്. ആദ്യകാലത്ത് പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിന്റെ ഓടിട്ട നീളത്തിലുള്ള ഒരു ഹാളിലാണ് സിനിമ പ്രദർശിപ്പിച്ചിരുന്നത്. ഓടിന്റെ വിള്ളലുകൾക്കിടയിൽ കൂടി വീഴുന്ന വെളിച്ചം മറക്കുന്നതിനായി, വലിയ ഉയരമുള്ള സ്കൂൾ കെട്ടിടത്തിന് മുകളിൽ ജീവൻ പണയം വെച്ച് വലിഞ്ഞു കയറിയ സുഹൃത്തുക്കളെ ഇപ്പോഴും ഓർമ്മയുണ്ട്. രാത്രികാലങ്ങളിലെ പ്രദർശനത്തിന് പഴയ ഗാന്ധിമൈതാനം (ഇപ്പോൾ ഗാന്ധിപാർക്ക്) ആണ് ഉപയോഗിച്ചിരുന്നത്. സ്ക്രീനിനു ചുറ്റും ടാർപോളിൻ കൊണ്ട് മറ്റൊരു വലയും കൂടി തീർക്കണം. അല്ലെങ്കിൽ നിരത്തിലെ പോകുന്ന വാഹനങ്ങളിലെ വെളിച്ചം നേരിട്ട് സ്ക്രീനിലാണ് പതിക്കുക. വലിയ അധ്വാനം പിടിച്ചപണിയാണത്. പിന്നീട് പയ്യന്നൂരിലെ വിവിധ സ്കൂളുകളിലെ ക്ലാസ് മുറികളിലേക്ക് പ്രദർശനം മാറിമാറി പോയി.

ഒരു മിനി തിയേറ്ററിന്റെ ആവശ്യം നഗരസഭ അധികാരികളെ കണ്ട് പലപ്പോഴും ഓർമിപ്പിച്ചു. ഒരിക്കൽ നഗരസഭ 40 ലക്ഷം രൂപ പാസാക്കിയിരുന്നു. നിർദിഷ്ട സ്ഥലത്ത് പണിയേണ്ടുന്ന മിനി തിയേറ്ററിന്റെ രൂപരേഖയും എസ്റ്റിമേറ്റും സ്കെച്ചുകളും ഒരു മാതൃക എന്ന നിലയിൽ ഓപ്പൺ ഫ്രെയിമിന്റെ ഉത്സാഹത്തിൽ തയ്യാറാക്കി മുൻസിപ്പാലിറ്റിയിൽ സമർപ്പിക്കുകയുമുണ്ടായി. ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് പയ്യന്നൂരിലെ ഗാന്ധി മൈതാനം നവീകരിക്കുമ്പോൾ അവിടെയുണ്ടായിരുന്നു പഴയ സ്റ്റേജ് പുതുക്കി ഒരു ചെറിയ ഹാൾ ഉണ്ടാക്കിയിരുന്നു. അത് അല്പംകൂടി വലുതാക്കി, അല്ലെങ്കിൽ ഒരു നിലകൂടി പണിത് സിനിമകൾ കൂടി പ്രദർശിപ്പിക്കാൻ പറ്റുന്ന ഹാൾ ഉണ്ടാക്കുന്നതിനു വേണ്ടി പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചു. പയ്യന്നൂരിലെ പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം ഉണ്ടാക്കുമ്പോൾ അതിന്റെ ഒന്നാം നിലയിലെ പ്ലാനിൽ ഉണ്ടായിരുന്ന ഹാൾ സിനിമകൾ കൂടി പ്രദർശിപ്പിക്കാൻ തക്ക രീതിയിൽ സംവിധാനം ചെയ്യുന്നതിനായി നിരന്തരം ഇടപെട്ടിരുന്നു. ഇതൊന്നും നടന്നില്ല. ഇപ്പോഴും പകൽസമയത്ത് നിറയെ വെളിച്ചം വീഴുന്ന 'കൈരളി'യുടെ മിനി ഹാളിൽ ആണ് മിക്കപ്പോഴും പ്രദർശനം നടക്കുന്നത്.

ആളുകൾ വന്നിരുന്നാലും പകൽവെളിച്ചം മറയാൻ കാത്തുനിന്ന്, ഒടുവിൽ ആ വെളിച്ചത്തിൽ തന്നെ മങ്ങിയ രീതിയിൽ സ്വയം ശപിച്ചുകൊണ്ട് ഇപ്പോഴും പയ്യന്നൂരിൽ ഓപ്പൺ ഫ്രെയിം തുടർച്ചയായി സിനിമകൾ പ്രദർശിപ്പിക്കുന്നു. ഭാരമുള്ള സാധനങ്ങൾ ചുമന്ന് ഹാൾ നിൽക്കുന്ന രണ്ടാം നിലയിലോ മൂന്നാം നിലയിലോ കയറുന്നു. കസേരകൾ അട്ടിവെച്ച് മുകളിൽ കേറി ഏതൊക്കെയോ കൊളുത്തുകൾ കണ്ടുപിടിച്ച് സ്ക്രീൻ വലിച്ചുകെട്ടുന്നു. ഒരു സുഖവുമില്ലാത്ത ശബ്ദസംവിധാനങ്ങൾ കൃത്യമാക്കാൻ സിനിമ പ്രദർശിപ്പിക്കുമ്പോൾ തന്നെ നൂറുവട്ടം ഉപകരണങ്ങളിൽ പിടിച്ച് തിരിച്ചുകൊണ്ടിരിക്കുന്നു.

ഏതൊക്കെയോ ഭാരമുള്ള മേശകൾ താങ്ങികൊണ്ടുവന്നു പ്രോജക്ടറും ലാപ്ടോപ്പും സെറ്റ് ചെയ്യുന്നു. അവിടെ പവർ എത്തിക്കാൻ ചുമരിൽ നിന്നും ഇരുപതും മുപ്പതും മീറ്റർ നീളമുള്ള വയറുകൾ വലിച്ചുകൊണ്ടുവരുന്നു. ഫാനുകൾ കറങ്ങിക്കൊണ്ടിരിക്കുന്ന ശബ്ദത്തിൽ സിനിമയിലെ സൂക്ഷ്മശബ്ദങ്ങൾ ആകാശത്തേക്ക് പറന്നുപോവും. അഥവാ കറന്റ് പോയാൽ ഉഷ്ണിച്ചും വിയർത്തും അത് വരുന്നതുവരെ ക്ഷമിച്ചുനിൽക്കണം. ഇതാണ് എല്ലാമാസവും അനുഭവിക്കുന്നത്. എന്നിട്ടും ആർക്കുവേണ്ടി എന്തിനുവേണ്ടി ഇതൊക്കെ ചെയ്യുന്നു എന്ന ഒരു ചോദ്യമുണ്ട്. ഒരർത്ഥത്തിൽ അത് ശരിയാണ്. പിന്നെ ഇവ കൂടി ചേർന്നാണല്ലോ ഒരു നാട് ചരിത്രത്തിലും സംസ്കാരത്തിലും അടയാളപ്പെടുത്തപ്പെടുക എന്ന് വിചാരിക്കും.

വി.ടി. ഭട്ടതിരിപ്പാട് സ്മാരകം, പാലക്കാട്
വി.ടി. ഭട്ടതിരിപ്പാട് സ്മാരകം, പാലക്കാട്

കോടികളുടെ സംവിധാനങ്ങളൊന്നും വേണ്ട. ഓരോ ചെറുപട്ടണങ്ങളിലും സിനിമയും നാടകവും സംഗീതവും നൃത്തവും മറ്റു കലാപരിപാടികളും അവതരിപ്പിക്കാൻ പറ്റുന്ന, ആളുകൾക്ക് സുഗമമായി എത്തിച്ചേരാനും കൂടിയിരിക്കാനും കഴിയുന്ന ഇടങ്ങൾ ഉണ്ടാവണം. അവിടുത്തെ ഹാളുകളിൽ നല്ല ദൃശ്യം, ശബ്ദം ഇവ വേണം. പകലും വാതിലുകൾ അടച്ചാൽ ഇരുട്ടാവണം. ചൂടില്ലാതെയും പവർ പോകാതെയും ഇരിക്കണം. അപ്രകാരമുള്ള ഒരു മൾട്ടിപർപ്പസ് ചെറു ഹാൾ. നൂറുപേർക്കെങ്കിലും വൃത്തിയിൽ ഇരുന്ന് നല്ല ശബ്ദ- ദൃശ്യ സംവിധാനത്തോടെ സിനിമകൾ കാണാൻ, ഒരു പ്രസംഗം കേൾക്കാൻ, കുറച്ചു കവിതകളോ സംഗീതമോ കേൾക്കാൻ ഒരു ഹാൾ. കഴിയുമെങ്കിൽ അവിടങ്ങളിൽ തന്നെ ദേശത്തെ എല്ലാ കലാസാംസ്കാരിക സമിതികൾക്കും കയോസ്കുകൾ പോലെ ഓഫീസ് സൗകര്യം വാടക നിശ്ചയിച്ചാണെങ്കിലും അനുവദിക്കണം.

അതിനുപകരമാണ് 50 കോടിയുടെ സമുച്ചയങ്ങൾ. ഇത്രയും വലിയ സ്ഥാപനം അത് ആര് നോക്കിനടത്തും, ആർക്കാണ് അതിന്റെ നടത്തിപ്പു ചുമതല എന്നീ തർക്കങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ട ഉടൻ ഇവിടങ്ങളിൽ എല്ലായിടത്തും ഉണ്ടാകും. അതിന്റെ ഡയറക്ടർമാരാകാൻ കുപ്പായം തുന്നിയ ഭാവനാദരിദ്രരായ സാംസ്കാരിക നായകന്മാരെയും ഇനി കേരളത്തിന് പോറ്റേണ്ടിവരും. അത്തരം തർക്കങ്ങളാലാണ് ഉദ്ഘാടനം ചെയ്യപ്പെട്ട് വർഷമൊന്നു കഴിഞ്ഞും കൊല്ലത്തെ 56 കോടിയുടെ ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സ് പ്രവർത്തനം തുടങ്ങാത്തതെന്നാണ് പത്രവാർത്തകൾ.

സംസ്കാരം ദുഷിക്കാൻ തുടങ്ങിയാൽ മറ്റെന്തിനെക്കാളും ചീഞ്ഞുനാറും. ആ നാറ്റത്തിന്റെ പേരിലാവരുത് ഭാവിയിൽ കേരളത്തിലെ നവോത്ഥാനനായകരെ പുതിയ തലമുറ ഓർക്കുന്നത്. ധർമം കിട്ടിയില്ലെങ്കിലും അവരെ നായ കടിക്കാതിരുന്നാൽ മതിയായിരുന്നു.

Comments