സമകാലികനായ വാഗ്ഭടാനന്ദൻ

മലയാളിയുടെ നവോത്ഥാനചരിത്രത്തെ ഉന്മേഷഭരിതമാക്കിയ വാഗ്ഭടാനന്ദ ഗുരുദേവന്റെ ഓർമദിനമാണിന്ന്. 1939 ഒക്ടോബർ 29നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നത്. യുക്തിയുടെയും മാനവികതയുടെയും സമസ്തമൂല്യങ്ങളെയും നിരാകരിക്കുന്ന പുനരുത്ഥാനത്തിന്റെ ശക്തികൾക്കെതിരായ പോരാട്ടങ്ങൾക്ക് വെളിച്ചം പകരുന്ന വാഗ്ഭടാനന്ദനെ വീണ്ടും വീണ്ടും വായിച്ചും കണ്ടെത്തിയും മാത്രമേ പ്രാചീനതയുടെ കുരിരുട്ടിനെ പ്രതിരോധിക്കാനാവൂ എന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ.

കേരളീയ നവോത്ഥാനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ചരിത്രത്തിലെ വിചാര വിപ്ലവകാരിയാണ് നാരായണ ഗുരുവിനെ പോലെ വാഗ്ഭടാനന്ദനും(Vagbhadananda). യുറോപ്യൻ നവോത്ഥാനത്തിന്റെയും ജനാധിപത്യവിപ്ലവങ്ങളുടെയും ചരിത്രത്തിൽ റൂസോ, വോൾട്ടയർ, മൊണ്ടെസ് ക്യൂ തുടങ്ങിയ വിചാര വിപ്ലവകാരികൾ അനുഷ്ഠിച്ച ധർമ്മമാണ് വാഗ്ഭടാനന്ദൻ നിർവഹിച്ചതെന്ന് പറയാം.

‘പ്രപഞ്ചസ്രഷ്ടാവായ ഈശ്വരനിൽ’ വിശ്വാസമർപ്പിച്ച യൂറോപ്പിലെ വിചാരവിപ്ലവകാരികളെ പോലെ വാഗ്ഭടാനന്ദനും, പ്രപഞ്ചത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാനോ, അത് നിർവഹിക്കാനോ ദൈവം തന്റെ പ്രതിനിധികളായി ആരെയും ചുമതല ഏല്പിച്ചിട്ടില്ലെന്ന ഉദ്ബോധനമാണ് ആദർശപ്രയോഗങ്ങളിലൂടെ നടത്തിയത്. വ്യവസ്ഥാപിത മതപൗരോഹിത്യത്തിന്റെ ന്യായയുക്തികളെയാണ് അതുവഴി നിരന്തരം വാഗ്ഭടാനന്ദൻ കടന്നാക്രമിച്ചത്.

വാഗ്ഭടാനന്ദൻ
വാഗ്ഭടാനന്ദൻ

ബ്രാഹ്മണപൗരോഹിത്യ പ്രോക്തമായ യാഗയജ്ഞ സംസ്കാരത്തെയും സംസ്കൃത യാഗവിധിയിലധിഷ്ഠിതമായ ദൈവാരാധനയെയും ചോദ്യം ചെയ്ത അദ്ദേഹം, ഒരു അമൂർത്ത ഈശ്വര സങ്കല്പത്തെയാണ് പിൻപറ്റിയിരുന്നത്. ഈ ലോകത്തെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കിലും പിന്നീട് ലോകം നിലനിൽക്കുന്നതും ലോകത്തിൽ മാറ്റങ്ങളുണ്ടാകുന്നതും അതിന്റെ സ്വന്തം നിയമങ്ങളനുസരിച്ചാണെന്ന മൊണ്ടസ് ക്യുവിനെ പോലുള്ളവരുടെ ഒരു വിചാരലോകമായിരുന്നു വാഗ്ഭടനാന്ദൻ്റേത്.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ശിവാനന്ദ പരമഹംസരും തുടങ്ങിയ നവോത്ഥാന നായകർ ഉഴുതുമറിച്ചിട്ട മലബാറിന്റെ മണ്ണിലാണ് ആധുനിക രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രസ്ഥാനങ്ങളും വളർന്നുവന്നത്. ഒരു പുതിയ മനുഷ്യനെയും പുതിയ കേരളത്തെയും സൃഷ്ടിച്ചെടുക്കാനുള്ള വീക്ഷണപരമായ ഇടപെടലുകളാണ് വാഗ്ഭടാനന്ദൻ നടത്തിയത്. ജാതിയധിഷ്ഠിതവും ക്ഷേത്ര കേന്ദ്രിതവുമായ ജന്മിത്വാധികാരത്തിനും കൊളോണിയൽ അധികാരം സൃഷ്ടിച്ച അടിമത്വത്തിനുമെതിരായ പോരാട്ടങ്ങളിലൂടെ മാനവികതയെ സാക്ഷാൽക്കരിച്ചെടുക്കാനുള്ള ജ്ഞാന- കർമ്മ പദ്ധതികളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

മൊണ്ടസ് ക്യു
മൊണ്ടസ് ക്യു

1921-ൽ ആത്മവിദ്യാസംഘത്തിന്റെ മുഖപത്രമായ അഭിനവ കേരളത്തിൽ വാഗ്ഭടാനന്ദൻ എഴുതി:

"കേരളത്തെ പുതുക്കുകയും പരിഷ്കരിക്കുകയും ചെയ്യുന്നതിനു് ഞങ്ങൾ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുള്ള ആദർശങ്ങളെ മാത്രമല്ല അപേക്ഷിക്കുന്നത്; അതിൽ കുറെ കൂടി വിശാലതയുള്ള, എന്നുവെച്ചാൽ, മുഷ്യരാൽ അറിഞ്ഞും അറിയാതെയും പ്രത്യാശിക്കപ്പെട്ടു പോരുന്ന പരിപൂർണ്ണതക്കും സർവ മൈത്രിയുടെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും പ്രാപ്തിക്കും വേണ്ടിടത്തോളം അനുകരിക്കത്തക്ക വിശാലതയുള്ള ഒരു ആദർശത്തോടു കൂടി ഞങ്ങൾ അഭിമുഖീകരിക്കുന്നു’’.

മനഷ്യർക്കിടയിലെ വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളാനുള്ള ആധുനിക ജനാധിപത്യത്തിന്റെയും മതനിരപേക്ഷ സംസ്കാരത്തിന്റെയും വിശാലഭൂമികയിലേക്ക് മലയാളിയെ നയിച്ച ധൈഷണിക ഇടപെടലുകളാണ് വാഗ്ഭടാനന്ദൻ നടത്തിയത്. മനുഷ്യർക്കിടയിലെ വിവേചനങ്ങളെ ധർമ്മശാസ്ത്രങ്ങളാക്കിയ ബ്രാഹ്മണ്യത്തെയും മനുവാദത്തെയും അടിസ്ഥാനമാക്കിയ ജാതിജന്മിത്വത്തെ മാറ്റാതെ അസ്പൃസ്യത അവസാനിപ്പിക്കാനാവില്ലെന്ന തിരിച്ചറിവ് അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലൂടെ പകർന്നുനൽകി. ചൂഷണവും മർദ്ദനവും വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തും ഭാഷണങ്ങളുമെല്ലാം. സ്വകാര്യ സ്വത്തുടമസ്ഥതയും സമ്പത്ത് സ്വന്തമാക്കി വെക്കുന്നവരും മറ്റ് ഒട്ടനവധി പേരെ പട്ടിണിക്കിടുകയാണെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. ജന്മി- മുതലാളിത്ത സ്വത്തുടമസ്ഥതക്ക് ബദലുകളന്വേഷിക്കാൻ അദ്ദേഹത്തിന്റെ അനുയായികളായ കാരക്കാട്ട് ദേശക്കാരെ പ്രേരിപ്പിച്ചതും കൂലിതൊഴിലാളികളുടെ സഹകരണ സംഘം രൂപീകരണത്തിലെത്തിച്ചതും ഈയൊരു ദർശന സ്വാധീനമാണ്.

ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ശിവാനന്ദ പരമഹംസരും
ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനും ശിവാനന്ദ പരമഹംസരും

സഹകരണരംഗത്തെ കൂലിതൊഴിലാളികളുടെ മഹാപ്രസ്ഥാനമായി വളർന്ന യു.എൽ.സി.സി വാഗ്ഭടാനന്ദ ദർശനങ്ങളുടെ വിജയകരമായ പ്രയോഗരൂപമാണ്. കൊളോണിയലിസവും ജാതിജന്മിത്വവും ചേർന്നുള്ള ഹിംസാത്മകമായ ബ്രാഹ്മണ്യ അധികാരശക്തിക്കെതിരായ ജ്ഞാനോത്സുകവും കർമ്മോന്മുഖവുമായ ഉത്ഥാനമായിരുന്നു വാഗ്ഭടാനന്ദന്റെ ആത്മവിദ്യാ പ്രസ്ഥാനം. സാമൂഹ്യ അനീതികളെ ചിന്തകൊണ്ടും കർമ്മം കൊണ്ടും വിട്ടുവീഴ്ചയില്ലാതെ എതിർക്കാനുള്ള ധർമ്മധീരതയുടെ ആദർശായങ്ങളായിരുന്നു വാഗ്ഭടാനന്ദൻ നിരന്തരം അനുയായികളിലേക്ക് പകർന്നുനൽകിയത്.

മനുഷ്യബന്ധ സംസ്ക്കരണത്തിന്റെ വിപ്ലവകരമായ ആശയങ്ങളുടെ അഗ്നിജ്വാലകളാക്കി വാക്കുകളെയും ഭാഷണങ്ങളെയും മാറ്റിയ കുഞ്ഞിക്കണ്ണൻ ഗുരുക്കളെ വാഗ്ഭടാനന്ദനാക്കി നാമമാറ്റം നടത്തിയത് ബ്രഹ്മാനന്ദ ശിവയോഗിയായിരുന്നു. വാഗ്ഭടാനന്ദന്റെ വാക്കും പ്രവർത്തിയും അർത്ഥപൂർണമായിരുന്നു. പ്രാചീനതയുടെ എല്ലാവിധ വിശ്വാസങ്ങളെയും ആചാരങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. യുക്തിക്കും മാനവികതക്കും നിരക്കാത്തതൊന്നും അനുസരിക്കാനും ആചാരമായി കൊണ്ടുനടക്കാനും പാടില്ലെന്നദ്ദേഹം നിരന്തരം ജനങ്ങളെ പഠിപ്പിച്ചു. യുക്തിരാഹിത്യം എങ്ങനെയാണ് ബ്രാഹ്മണ്യം തലമുറകളായി നമ്മുടെ ജനതയെ അടിമകളാക്കി അവശതയിൽ നിർത്തിയതെന്ന് നിരന്തരം ഓർമ്മിപ്പിച്ചു.

എല്ലാവിധ അന്ധവിശ്വാസങ്ങളും ആഢ്യസംസ്കൃതിയുടെ അതിജീവനത്തിനുള്ള അധികാരവർഗ്ഗ ഉല്പന്നങ്ങളാണെന്നും പണിയെടുക്കുന്നവരെ അവകാശബോധമില്ലാത്തവരാക്കി അടിമത്വത്തിൽ തളച്ചിടാനുള്ള പ്രത്യയശാസ്ത്രപദ്ധതികളിലാണ് അന്ധവിശ്വാസങ്ങളും ആചാരങ്ങളും ശാശ്വതീകരിക്കപ്പെട്ടതെന്നും ധർമ്മശാസ്ത്രങ്ങളായി ഉദ്ഘോഷിക്കപ്പെടുന്നതെന്നും വാഗ്ഭടാനന്ദ ചിന്തകൾ ഉണർത്തിക്കുന്നു.

 റൂസോ, വോൾട്ടയർ
റൂസോ, വോൾട്ടയർ

നവോത്ഥാനത്തിന്റെ ചരിത്രത്തെയും മൂല്യങ്ങളെയും കുഴിച്ചുമൂടുന്ന, യുക്തിയുടെയും മാനവികതയുടെയും സമസ്തമൂല്യങ്ങളെയും നിരാകരിക്കുന്ന പുനരുത്ഥാനത്തിന്റെ ശക്തികൾക്കെതിരായ പോരാട്ടങ്ങൾക്ക് വെളിച്ചം പകരുന്ന വാഗ്ഭടാനന്ദനെ വീണ്ടും വീണ്ടും വായിച്ചും കണ്ടെത്തിയും മാത്രമെ പ്രാചീനതയുടെ കുരിരുട്ടിനെ പ്രതിരോധിക്കാനാവൂ.

Comments