സാമ്പത്തികം എന്ന ലേബലൊട്ടിച്ച മുന്നാക്ക പ്രാതിനിധ്യ സംവരണം

സർക്കാർ ഉദ്യോഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമായ പ്രാതിനിധ്യം നികത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംവരണത്തെ റൊട്ടേഷൻ സംവിധാനത്തിലൂടെ പി.എസ്.സി കാലങ്ങളായി അട്ടിമറിക്കുന്നത് എല്ലാവർക്കുമറിയാം. അതേ റോട്ടേഷൻ സംവിധാനം ഉപയോഗിച്ച് പിന്നാക്കക്കാർക്ക് കിട്ടുന്നതിലേറെയോ അതിനൊപ്പമൊ പ്രാതിനിധ്യം മുന്നാക്കക്കാർക്ക് നൽകാനുളള തന്ത്രമാണ് സാമ്പത്തിക സംവരണം. സംവരണത്തിലൂടെ ഉയർത്തിക്കൊണ്ടുവന്നിരുന്ന പിന്നാക്കക്കാരുടെ പ്രാതിനിധ്യം കുറക്കാനും മുന്നാക്കക്കാരുടെ അധിക-പ്രാതിനിധ്യം ഉയർത്താനും കൂടി ഇത് വഴിയൊരുക്കും- സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സവർണ സംവരണത്തിന്റെ ഒരു ഗൂഢലക്ഷ്യം വെളിപ്പെടുത്തുകയാണ് ലേഖകൻ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണമേർപ്പെടുത്തി എന്നാണ് സർക്കാരും മാധ്യമങ്ങളുമൊക്കെ പറയുന്നത്. സാമ്പത്തിക സംവരണമാണ് നടപ്പിലാക്കിയത് എന്ന് പറയുന്നത് വസ്തുതാപരമായി ശരിയാണോ?

ഇപ്പോൾ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്റെ മാനദണ്ഡങ്ങളും നടപ്പിലാക്കിയ രീതിയും പരിശോധിച്ചാൽ മുന്നാക്ക ജാതിക്കാർക്കുളള പ്രാതിനിധ്യ സംവരണമാണിതെന്ന് മനസ്സിലാകും. സർക്കാർ ഉദ്യോഗങ്ങളിലും മറ്റും മുന്നാക്കക്കാർക്ക് ആവശ്യത്തിലേറെ പ്രാതിനിധ്യമുളളതിനാൽ അവർക്ക് സംവരണമേർപ്പെടുത്തിയെന്ന് കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലും ചോദ്യങ്ങളുയരും.

സാമ്പത്തിക സംവരണമെന്ന ലേബലൊട്ടിച്ചതോടെ ആശയക്കുഴപ്പമുണ്ടാക്കാൻ മാത്രമല്ല എതിർപ്പ് കുറയ്ക്കാനും കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. സർക്കാർ ഉദ്യോഗങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമായ പ്രാതിനിധ്യം പതുക്കെയാണെങ്കിലും നികത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംവരണത്തെ റൊട്ടേഷൻ സംവിധാനത്തിലൂടെ പി.എസ്.സി കാലങ്ങളായി അട്ടിമറിക്കുന്നത് എല്ലാവർക്കുമറിയാം. അതേ റോട്ടേഷൻ സംവിധാനം ഉപയോഗിച്ച് പിന്നാക്കക്കാർക്ക് കിട്ടുന്നതിലേറെയോ അതിനൊപ്പമൊ പ്രാതിനിധ്യം മുന്നാക്കക്കാർക്ക് നൽകാനുളള തന്ത്രമാണ് സാമ്പത്തിക സംവരണം.

കേരള പബ്ലിക് സർവീസ് കമീഷൻ (പി.എസ്.സി) ഒഴിവുകളെ 20 ന്റെ യൂണിറ്റുകളാക്കിയാണ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നത്. ഇനി മുതൽ പി.എസ്​.സി റൊട്ടേഷൻ സംവിധാനത്തിലൂടെ ഇരുപത് പേരെ വീതം നിയമിക്കുമ്പോൾ പട്ടിക വിഭാഗക്കാർക്ക് കിട്ടുന്ന അതേ പ്രാതിനിധ്യം തന്നെ മുന്നാക്കവിഭാഗക്കാർക്കും കിട്ടും.

ഉദാഹരണമായി, ഒഴിവുകൾ 20 എണ്ണമാണെങ്കിൽ 4-ാമത്തെയും 12-ാമത്തെയും ഒഴിവിലേക്ക് പട്ടിക വിഭാഗക്കാരെ പരിഗണിക്കുമ്പോൾ 9-ാമത്തെയും 19-ാമത്തെയും ഒഴിവിലേക്ക് മുന്നാക്ക വിഭാഗക്കാരന് നിയമനം കിട്ടും. അതായത് വിവേചനത്താൽ വേണ്ടത്ര പ്രാതിനിധ്യം കിട്ടാതെ പോയ പട്ടിക വിഭാഗക്കാരുൾപ്പെടെയുളളവർക്ക് കിട്ടുന്ന പ്രത്യേക പരിഗണന ജാതീയമായ വിവേചനം നേരിടാത്ത വേണ്ടതിലധികം പ്രാതിനിധ്യമുളള മുന്നാക്കക്കാർക്കും ഇനി മുതൽ ലഭിക്കും.

നിയമനത്തിന്റെ രീതി അറിയാൻ ഇതോടൊപ്പമുളള റൊട്ടേഷൻ ചാർട്ട് സഹായകമാകും.

റാങ്ക് ലിസ്റ്റിൽ നിന്ന് ഈ റൊട്ടേഷൻ ചാർട്ട് പ്രകാരമായിരിക്കും ഒഴിവുകളിലേക്ക് നിയമനം നടത്തുക. ജനസംഖ്യയിൽ 23 ശതമാനത്തോളമുളള ഈഴവർക്കും 27 ശതമാനമുളള മുസ്ലിംകൾക്കും സംവരണത്തിലൂടെ കിട്ടുന്ന നിയമനങ്ങളുടെ അത്ര തന്നെ എണ്ണം 14 ശതമാനം മാത്രമുളള നായർ ഉൾപ്പെടെയുളള മുന്നാക്ക വിഭാഗക്കാർക്കും കിട്ടും.

നിലവിൽ ഉദ്യോഗങ്ങളിൽ 40 ശതമാനത്തിലധികം അധിക-പ്രാതിനിധ്യമുളള മുന്നാക്ക ജാതിക്കാർക്ക് സംവരണം നൽകുന്നതിലൂടെ പിന്നാക്കക്കാർക്കു കൂടി കിട്ടേണ്ട പൊതുഒഴിവുകളുടെ എണ്ണം കുറയുക മാത്രമല്ല ചെയ്യുന്നത്. സംവരണത്തിലൂടെ ഉയർത്തിക്കൊണ്ടുവന്നിരുന്ന പിന്നാക്കക്കാരുടെ പ്രാതിനിധ്യം കുറക്കാനും മുന്നാക്കക്കാരുടെ അധിക-പ്രാതിനിധ്യം ഉയർത്താനും കൂടി ഇത് വഴിയൊരുക്കും.

പ്രത്യക്ഷ ജാതി വിവേചനം ഇല്ലെങ്കിലും സവർണതയുടെ അദൃശ്യ സ്വാധീനവും ആധിപത്യവും ഇന്നും തുടരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സംവരണ അട്ടിമറി. കാലങ്ങളായി സംവരണത്തെ അട്ടിമറിക്കാൻ ഉപയോഗപ്പെടുത്തുന്ന റൊട്ടേഷൻ സംവിധാനം ഉപയോഗിച്ച് തന്നെ മുന്നാക്കക്കാരുടെ അധിക-പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ‘സാമ്പത്തിക സംവരണ'മെന്ന ലേബലൊട്ടിച്ച മുന്നാക്ക സംവരണത്തിലൂടെ ചെയ്യുന്നത്.

ഇതും ജാതി സംവരണം തന്നെ

അതാത് വിഭാഗങ്ങളിലെ ക്രീമിലെയറിനെ (ഉയർന്ന സാമ്പത്തിക ശേഷിയുളളവരെ) ഒഴിവാക്കി പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം നൽകുന്നതുപോലെ തന്നെയാണ് മുന്നാക്കക്കാർക്കുളള സംവരണവും നടപ്പിലാക്കുന്നത്.

ഗ്രാമപ്രദേശങ്ങളിൽ രണ്ടര ഏക്കറും മുനിസിപ്പിൽ കോർപറേഷൻ പരിധിയിൽ 50 സെന്റും ഭൂസ്വത്തുളളവർക്കുവരെ മുന്നാക്ക സംവരണം കിട്ടും. കുടുംബവാർഷിക വരുമാനം നാല് ലക്ഷത്തിൽ കൂടാൻ പാടില്ല. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയറിനെ ഒഴിവാക്കുന്നതും ഇതുപോലെ സാമ്പത്തിക മാനദണ്ഡങ്ങൾ ഉപയോഗിച്ചാണല്ലോ?

ക്രീമിലെയറിനെ ഒഴിവാക്കിയുളള ജാതിസംവരണം തന്നെയാണ് ഫലത്തിൽ നായർ, ബ്രാഹ്മണ സമൂഹങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തിൽ ചെയ്യാറുളളതു പോലെ ജാതിയുടെ പേരുപോലും പരാമർശിക്കാതെ സാമ്പത്തിക പിന്നാക്കാവസ്ഥയുളള വിഭാഗം (Economically Weaker Section-EWS) എന്ന വിശാലർത്ഥമുളള ടേം ഉപയോഗിച്ച് സംവരണത്തിൽ പോലും സവർണരുടെ പ്രിവിലേജ് ഉയർത്തിപ്പിടിക്കുകയാണ് ഭരണകൂടവും സർക്കാർ സംവിധാനങ്ങളും.

ലക്ഷ്യമെന്തെന്ന് മുന്നാക്കക്കാർ പറയും

ദാരിദ്ര്യത്തെ സംവരണത്തിലൂടെ ഇല്ലാതാക്കാനാകുമെന്ന് ഇത് നടപ്പിലാക്കുന്നവർ പോലും വിശ്വസിക്കുന്നുണ്ടാവില്ല. ഇനി അങ്ങനെ വിശ്വിസിക്കുന്നവരുണ്ടെങ്കിൽ ദാരിദ്ര്യം മുന്നാക്കക്കാരുടെ മാത്രം പ്രശ്നമാണെന്ന വാദമുണ്ടോ?

മുന്നാക്ക ജാതി വിഭാഗങ്ങളിലുളളതിനേക്കാൾ സാമ്പത്തിക പിന്നാക്കവസ്ഥയിലുളളവർ പിന്നാക്ക വിഭാഗങ്ങളിലുണ്ടെന്നതല്ലേ വസ്തുത? ഗ്രാമപ്രദേശങ്ങളിൽ രണ്ടര ഏക്കറും മുനിസിപ്പിൽ കോർപറേഷൻ പരിധിയിൽ 50 സെന്റും ഭൂസ്വത്തുമുളള മുന്നാക്കക്കാർക്ക് വരെ സംവരണമേർപ്പെടുത്തിയിലൂടെ ദാരിദ്യം കുറക്കലല്ല അധികമുളള പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കലാണ് ഈ സംവരണത്തിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. നടപ്പിലാക്കുന്ന സർക്കാർ അങ്ങനെയല്ലെന്ന് ന്യായീകരിച്ചാലും മുന്നാക്ക വിഭാഗക്കാർക്ക് അതിൽ സംശയമൊന്നുമില്ല.

മുന്നാക്ക സംവരണം നടപ്പിലാക്കിയ ശേഷം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഇറക്കിയ വാർത്താ കുറിപ്പിൽ ഈ ലക്ഷ്യം മറനീക്കി പുറത്തു വരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർ റാങ്ക് ലിസ്റ്റിൽ ഇല്ലാതെ വന്നാൽ ആ ഒഴിവ് ജനറൽ കാറ്റഗറിക്ക് കൊടുക്കാതെ മുന്നാക്കക്കാർക്ക് മാത്രമായി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തമെന്നാണ്​ അദ്ദേഹത്തിന്റെആവശ്യം.

മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക വിഭാഗങ്ങൾക്കായി സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന ആവശ്യത്തെ നഖശിഖാന്തം എതിർത്തിരുന്ന സുകുമാരൻ നായരാണ് ആവശ്യമുളളതിനേക്കാൾ 40- 50 ശതമാനം അധികം പ്രാതിനിധ്യമുളള നായന്മാർക്കും ബ്രാഹ്മ​ണർക്കും സ്പെഷൽ റിക്രൂട്ട്മെന്റ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

രണ്ടുതവണ സ്പെഷൽ റിക്രൂട്ടമെന്റ് നടത്തിയിട്ടും മേൽ സൂചിപ്പിച്ച സാമ്പത്തികാവസ്ഥയിലുളള മുന്നാക്ക വിഭാഗക്കാരനെ കിട്ടിയില്ലെങ്കിൽ പൊതു വിഭാഗത്തിലുളള മുന്നാക്കക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

നേരത്തെ തന്നെ സംവരണം കിട്ടിക്കൊണ്ടിരിക്കുന്ന വെളുത്തേടത്ത് നായർ, വിളക്കിത്തല നായർ തുടങ്ങിയവരുൾപ്പെടുന്ന ഒ.ബി.സി വിഭാഗത്തിന്റെ ടേണായ 10 ന് തൊട്ടുമുമ്പാണ് സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മുന്നാക്കക്കാർക്ക് ആദ്യ റൊട്ടേഷനിൽ നിയമനം ലഭിക്കുക. പി.എസി.സി റൊട്ടേഷനിൽ മുന്നാക്കക്കാർക്ക് നിശ്ചയിച്ച 9, 19, 29 തുടങ്ങിയ ടേണുകൾക്കുപകരം 3, 11, 23 ടേണുകളാക്കണമെന്നും എൻ.എസ്. എസ് ആവശ്യപ്പെടുന്നു.

സാമ്പത്തിക പിന്നാക്കവസ്ഥയിലുളള മുന്നാക്കക്കാർക്ക് അവസരം ലഭ്യമാക്കൽ മാത്രമാണ് ലക്ഷ്യമെങ്കിൽ ഇത്തരം ആവശ്യങ്ങളുന്നയിക്കേണ്ട ആവശ്യമില്ലല്ലോ. മുന്നാക്ക വിഭാഗക്കാരുടെ അധിക-പ്രാതിനിധ്യം നിലനിർത്തുന്നതിന് മാത്രമല്ല അത് വർദ്ധിപ്പിക്കുന്നതിനുമുളള അവസരം കൂടിയാണ് തുറന്നു കിട്ടിയിരിക്കുന്നതെന്ന ബോദ്ധ്യത്തിലാണ് സുകുമാരൻ നായർ സംസാരിക്കുന്നത്.

തട്ടിപ്പറിക്കുന്നത് പിന്നാക്കക്കാരുടെ അവസരം തന്നെ

സംവരണ വിഭാഗങ്ങളുടെ അവസരമൊന്നും നഷ്ടപ്പെടില്ലെന്ന പ്രഖ്യാപനം മുന്നാക്ക സംവരണത്തിന്റെ ആദ്യ പ്രയോഗത്തിൽ തന്നെ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഓപ്പൺ ക്വാട്ടയിലെ 10 ശതമാനം എന്നത് പ്രയോഗത്തിൽ മൊത്തം ഒഴിവുകളുടെ 10 ശതമാനമായി. അതായത് ഉദ്യോഗ നിയമനങ്ങളിൽ ആദ്യ റൊട്ടേഷനിൽ തന്നെ ഒന്നിന് പകരം രണ്ട് മുന്നാക്കക്കാർക്ക് അവസരം ലഭിക്കും.

പ്രാതിനിധ്യത്തിൽ പിന്നിലായ പിന്നാക്കക്കാരുടേതു കൂടിയായ രണ്ട് അവസരങ്ങളാണ് ഓരോ റൊട്ടേഷനിലും മുന്നാക്കക്കാർക്ക് മാത്രമായി നീക്കിവെയ്ക്കപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന ലിസ്റ്റിലെ സംവരണത്തിന്റെ അവസ്ഥയും ഇങ്ങനെ തന്നെ. ഇതുവരെ നടപ്പിലാക്കിയ സംവരണത്തിലൂടെ പോലും പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം സർക്കാർ ഉദ്യോഗങ്ങളിൽ ഉറപ്പാക്കാനായിട്ടില്ല.

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടും വ്യക്തമാക്കുന്നത് പിന്നാക്ക വിഭാഗങ്ങളിൽ ഈഴവ വിഭാഗത്തിന് മാത്രമാണ് ഉദ്യോഗങ്ങളിൽ ആവശ്യമായതിനുമുകളിൽ നേരിയ ശതമാനം അധിക പ്രാതിനിധ്യമുളളത്. മറ്റുളള പിന്നാക്ക വിഭാഗങ്ങളുടെയൊക്കെ പ്രാതിനിധ്യം ആവശ്യമുളളതിനേക്കാൾ എത്രയോ താഴെയാണ്.

ഇതുവരെ നടപ്പാക്കിയ സംവരണത്തിലൂടെ ഏതെങ്കിലും വിഭാഗം ആവശ്യമായ പ്രാതിനിധ്യം കരസ്ഥമാക്കിയിട്ടുണ്ടെങ്കിൽ ആ വിഭാഗങ്ങളുടെ സംവരണ ശതമാനം പുനഃപരിശോധിക്കുകയാണ് ഇച്ഛാശക്തിയുളള സർക്കാർ ചെയ്യേണ്ടത്. അതല്ലാതെ അധിക പ്രാതിനിധ്യമുളള സമുദായങ്ങളെ ലിസ്റ്റിൽ തിരുകിക്കയറ്റി സംവരണത്തെ അട്ടിമറിച്ച് പിന്നാക്കമായവരെ വീണ്ടും പിന്നോട്ട് തളളിവിടുകയല്ല വേണ്ടത്.

Comments