ആർത്തവലഹള ആരുണ്ടാക്കി?

ശബരിമല സ്ത്രീപ്രവേശനവിധി വന്ന് അഞ്ചു വർഷം പൂർത്തിയായി. സുപ്രീംകോടതി വിധിയെ മുൻനിർത്തി കേരളത്തെ പ്രതിലോമകരമായ അനവധി ​പ്രവണതകളിലേക്കു നയിക്കുന്നതിൽ മാധ്യമങ്ങൾ നിർവഹിച്ച പങ്കിനെക്കുറിച്ച് അന്വേഷണം.  

ബരിമല സ്ത്രീപ്രവേശനവിധി വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞെങ്കിലും അതിനോടനുബന്ധിച്ച് കേരളത്തിലുണ്ടായ സംഭവവികാസങ്ങൾ മറക്കാറായിട്ടില്ല. സാക്ഷരരെന്നും അഭ്യസ്തവിദ്യരെന്നും പുരോഗമനരെന്നും പൊതുവിൽ വാദിച്ചും ഭാവിച്ചും പുലരുന്ന ഒരു സമൂഹമായിട്ടും ലജ്ജാകരമായ പിൻനടത്തത്തിന്റെ ദിവസങ്ങളായാണ് അക്കാലം കേരളചരിത്രത്തിൽ അടയാളപ്പെട്ടത്. സംഘപരിവാറിന്റെ സുവർണാവസരവിനിയോഗവും കോൺഗ്രസിന്റെ ദയനീയമായ പാപ്പരത്തവും തമ്മാമ്മിൽ കൂടിക്കുഴഞ്ഞ് മലീമസമായ കേരളിയാന്തരീക്ഷം രാജ്യത്തിനകത്തും പുറത്തും നാണംകെട്ട ദിവസങ്ങളായിരുന്നു അവ. എന്നാൽ സൂക്ഷ്മമായി ചിന്തിക്കുമ്പോൾ പാർട്ടിരാഷ്ട്രീയത്തിന്റെ വിഷപ്പുക മാത്രമല്ല അവയ്ക്കുപുറകിലെന്ന് മനസ്സിലാവും. പുനരുദ്ധാരണവ്യഗ്രരും സവർണഹൈന്ദവ സംരക്ഷകരും മത, ജാതി, പുരുഷ, ദൈവ്വി‍ശ്വാസികളും ആയ ഒരു ജനക്കൂട്ടത്തെ നിർമ്മിക്കുന്നതിൽ ഭാഷയ്ക്കും സംസ്കാരത്തിനും അതിന്റെ മാനക, പ്രബലരൂപങ്ങൾക്കുമെന്നപോലെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്.  

2018 സെപ്റ്റംബർ 28 നാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വരുന്നത്. ശബരിമലയിൽ പ്രത്യേക പ്രായത്തിനിടയിലുള്ള സ്ത്രീകൾക്ക് പ്രവേശനവിലക്കുണ്ടായിരുന്നത് മൗലികാവകാശലംഘനമായതിനാലും സമത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനാലും നിലനില്‍ക്കുന്നതല്ല എന്നും അതിനാൽ എല്ലാ സ്ത്രീകൾക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുമെന്നും ആയിരുന്നു കോടതിവിധിയുടെ കാതൽ.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നടന്ന നാമജപ ഘോഷയാത്ര

ഇത് കേരളത്തിൽ വലിയ തോതിലുള്ള സംഭവവികാസങ്ങൾക്കാണ് വഴിവെച്ചത്. വിശ്വാസികൾക്ക് എതിരാണ് കോടതിവിധി എന്നും സ്ത്രീപ്രവേശമുണ്ടായാൽ ശബരിമലയുടെ ശുദ്ധി നഷ്ടപ്പെടുമെന്നും ഉള്ള വാദം ഉന്നയിക്കപ്പെട്ടു. ആർത്തവത്തെ സ്ത്രീകളുടെ ജൈവികമായ സവിശേഷത എന്ന നിലയിൽനിന്ന് അശുദ്ധിയുടെ സന്ദർഭമായി വ്യാഖ്യാനിച്ചാണ് ഈ വാദത്തെ ഉറപ്പിച്ചെടുത്തത്. എന്നാൽ കോടതിവിധി സമത്വത്തെ മുൻനിർത്തുന്നതിനാലും മൗലികാവകാശവുമായി ബന്ധപ്പെട്ടതിനാലും പുരോഗമനപരമാണെന്നും എല്ലാത്തിനുമുപരി ഇന്ത്യയിലെ പരമോന്നത കോടതിയുടെ ഭരണഘടനാബെഞ്ചെടുത്ത തീരുമാനമാണെന്നുമുള്ള സർക്കാരിന്റേതടക്കമുള്ള വാദവും ഉന്നയിക്കപ്പെട്ടു.

ഇവ പരസ്പരം സമവായത്തിലെത്തിയില്ല എന്നതിനാലാണ് വലിയ പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയത് എന്ന് സാമാന്യമായി നിരീക്ഷിക്കാം. എന്നാൽ ഇവിടെ മാധ്യമങ്ങളുടെ പങ്കെന്തായിരുന്നു എന്നത് ഗൗരവമുള്ള വിഷയമാണ്. മാധ്യമങ്ങൾ ഭാഷയടക്കമുള്ള ചിഹ്നങ്ങൾ ഉപയോഗിച്ച് ഈ സന്ദർഭത്തിൽ എന്ത് വിനിമയമാണ് നടത്തിയത് എന്ന അന്വേഷണം പ്രസക്തമാണ്. മുഴുവൻസമയ വാർത്താ ചാനലുകളുടെ കൊയ്ത്തുകാലമായിരുന്നു അക്കാലമെന്ന് തിരിച്ചറിയുമ്പോൾ അവരുടെ കർതൃത്വപരതയും സംശയത്തോടെ അന്വേഷിക്കേണ്ടിവരും.

ശബരിമല സ്ത്രീപ്രവേശനവിധിക്കെതിരെ ബി.ജെ.പി നടത്തിയ സമരം

‘വിധി മറികടക്കാൻ വഴി തേടുമോ’

ടെലിവിഷനിൽ മുഴുവൻസമയ വാർത്താചാനലുകൾ വന്നതോടെ വാർത്തയും വിനോദവും തമ്മിലുള്ള അന്തരം പൂർണ്ണമായും ഇല്ലാതായതായി കാണാം. വാർത്തകളുടെ വാർത്താമൂല്യത്തേക്കാൾ അതുണ്ടാക്കുന്ന തുടർവാർത്തകളിലാണ് മുഴുവൻസമയ വാർത്താചാനലുകൾക്ക് പ്രിയം. അവർക്ക് തുടർച്ചയായി വാർത്തകൾ ഉണ്ടാകേണ്ടതുണ്ട്. ഈയൊരു സാഹചര്യം മുൻനിർത്തി ആലോചിച്ചാൽ ഏതു വാർത്തയിലും ഒരു തുടർച്ചയ്ക്ക് വഴിയിടുക എന്ന സാധ്യത അവർ തുറന്നിടുന്നുണ്ട് എന്നത് മനസ്സിലാക്കാം. വൈകുന്നേര ചർച്ചകൾ ഏതെങ്കിലും വിഷയങ്ങളിൽ വിശദമായ അന്വേഷണമോ തീർപ്പോ ഉണ്ടാക്കുകയല്ല, മറിച്ച് മറ്റൊരു വാർത്തയ്ക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. സുപ്രീംകോടതിയുടെ വിധി വന്ന ദിവസം ഭൂരിപക്ഷം പേരും വിധിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്നാൽ അന്നേദിവസം വൈകിട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ 'ന്യൂസ് അവർ' എന്ന വാർത്താധിഷ്ഠിത ചർച്ചയുടെ തലക്കെട്ട് തന്നെ അത്ഭുതകരമാംവിധം 'വിധി മറികടക്കാൻ വഴി തേടുമോ' എന്നാണ് (https://youtu.be/xCLZWd7N_EM).

തത്വത്തിൽ നവോത്ഥാനമൂല്യങ്ങളേയും ജനായത്ത വ്യവവസ്ഥയേയും തുടർന്നും ബലപ്പെടുത്തിയും നിലകൊള്ളേണ്ടതാണ് മാധ്യമങ്ങൾ. പ്രത്യേകിച്ച് ടെലിവിഷൻ പോലെ ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള മാധ്യമങ്ങൾ. സ്ത്രീസമത്വം ഉറപ്പുവരുത്തുന്ന ഒരു വിധിപ്രസ്താവം എന്ന നിലയിൽ വിധിയ്ക്കനുകൂലമായ ആശയങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കേണ്ട മാധ്യമം ഇവിടെ വിപരീതധർമ്മം സ്വീകരിക്കുന്നു. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നിരിക്കെ അത് പാലിക്കാനും ശരിയായി തന്നെ വിനിമയിക്കാനും ബാധ്യതപ്പെട്ടവരുമാണ് മാധ്യമങ്ങൾ. ഇതിലുമപ്പുറം വാണിജ്യ താല്പര്യങ്ങൾ ഇവയ്ക്കുണ്ടെന്നു സമ്മതിച്ചാൽ തന്നെ, അതിൽമാത്രം ഒതുക്കാവുന്നതല്ല കാര്യങ്ങൾ എന്നതാണ് വസ്തുത. ന്യൂസ് അവർ തുടങ്ങുന്നത് ഇങ്ങനെ: ‘നമസ്കാരം. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനമനുവദിക്കണമെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. ആർത്തവസമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിൽ കടക്കുന്നത് തടയുന്ന കേരള ഹിന്ദു പൊതു ആരാധനസ്ഥല പ്രവേശനച്ചട്ടം മൂന്ന് ബി കോടതി റദ്ദാക്കി. വിശ്വാസത്തിൽ തുല്യത വേണം. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ല. മതത്തിലെ പുരുഷമേധാവിത്തം വിശ്വാസത്തിനുമേൽ അധീശത്വം സ്ഥാപിക്കാൻ അനുവദിക്കരുത്. സുപ്രീം കോടതി അംഗീകരിച്ച ക്ഷേത്രപ്രവേശന അവകാശം അങ്ങനെ ശബരിമലയ്ക്ക് മാത്രം ബാധകമാവുന്നതല്ല. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ഇത് ബാധകമാണ്. സ്ത്രീകളെ അകറ്റിനിർത്തുന്ന മറ്റ് ആരാധനാലയങ്ങളിലേക്കും വഴികൾ തുറക്കുന്നതാണ് ഈ വിധി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങൾ ലംഘിക്കുന്ന വ്യക്തിനിയമങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നും വ്യക്തമാവുകയാണ്. പല ആചാരങ്ങളും കോടതി കയറും. പൂജാകർമ്മങ്ങളിലെ സ്ത്രീപങ്കാളിത്തവും പുതിയ ആവശ്യമായി ഉന്നയിക്കപ്പെടാം. മറ്റ് മതങ്ങളിലെ പല കീഴ്വ ഴക്കങ്ങളും ചോദ്യം ചെയ്യപ്പെടാം. ആദ്യത്തെ പരീക്ഷണശാല ശബരിമലയാണ്. സുപ്രീംകോടതി വിധി എങ്ങനെ, എപ്പോൾ നടപ്പാവും? പ്രതിഷേധം ഇനിയുമുയരുമോ? എതിർപ്പിന്റെ മറവിൽ സ്ത്രീപ്രവേശനം വൈകുമോ? വിധിയ്ക്കുമപ്പുറം വെല്ലുവിളികൾ ഉയർത്തുന്നുണ്ടോ ഈ പ്രശ്നം?’

ഇതൊരു ദൃശ്യമാധ്യമവ്യവഹാരമാകയാൽ ആമുഖത്തിലെ ഭാഷയിലേക്കു വരുംമുമ്പ് ദൃശ്യങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.

ദൃശ്യവിനിമയങ്ങൾ

സ്ത്രീപ്രവേശത്തെ സാധ്യമാക്കുന്ന കോടതിവിധി എന്ന നിലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട ശബരിമലദൃശ്യങ്ങൾ, കോടതിവിധിയോട് പ്രതികരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ എന്നിങ്ങനെയുള്ളവ കാണിക്കുകയോ ചർച്ചയിൽ സ്ത്രീപ്രതിനിധികൾ മാത്രമോ കൂടുതലോ ഉണ്ടാവുകയോ ആണ് സാധാരണയായി പ്രതീക്ഷിക്കുക. ചർച്ചയിൽ നാലിൽ മൂന്നുപേർ സ്ത്രീകളാണ് എന്നത് ആ നിലയിൽ പ്രസക്തവുമാണ്. എന്നാൽ ചർച്ചയിലേക്ക് പ്രവേശിക്കുമ്പോൾ മുതൽ അവതാരകന് അനുബന്ധമായി സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ശബരിമലയിലെ പുരുഷാരത്തിന്റെ, ആചാരാനുഷ്ഠാനപരമായ ദൃശ്യങ്ങളാണ്. ശബരിമലയിലെ ഉത്സവദൃശ്യങ്ങൾ, മകരവിളക്കുമായി ബന്ധപ്പെട്ട ചടങ്ങുകൾ, നിറഞ്ഞുകത്തുന്ന കൽവിളക്കിന്റെ മൂവിങ്ങ് ക്ലോസപ്പ്, കത്തിച്ച മകരവിളക്ക് പശ്ചാത്തലത്തിൽ കാണുന്ന വിധത്തിൽ കൽവിളക്കും വിശ്വാസികളും, ദേവസ്വംമന്ത്രിയും ദേവസ്വം പ്രസിഡന്റും നടയിൽ നിൽക്കുന്നത്, എന്തിലോ തൊട്ട് നിറുകിൽ വെയ്ക്കുന്ന ദേവസ്വം പ്രസിഡന്റ്, ആവർത്തിച്ചു കാണിക്കുന്ന പുരുഷവിശ്വാസിക്കൂട്ടത്തിന്റെ ഏരിയൽ, മൂവിങ്ങ്, ക്ലോസപ്പ് ദൃശ്യങ്ങൾ, മകരവിളക്ക് കാണാൻ മുകളിലേക്ക് നോക്കിനിൽക്കുന്ന ആൾക്കൂട്ടം, പത്തുവയസ്സിൽ താഴെ പ്രായമുള്ളതെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ക്ലോസപ്പ് ദൃശ്യങ്ങൾ എന്നിങ്ങനെ നീളുന്നു അവ. ദൃശ്യങ്ങളെല്ലാം ആചാരാനുഷ്ഠാനപരമായ പ്രതിനിധാനങ്ങളായി പ്രവർത്തിക്കുന്നു. പെൺകുട്ടിയുടെ ക്ലോസപ്പ് ദൃശ്യം പ്രത്യേക പ്രായക്കാരെ മാത്രമേ വിലക്കുന്നുള്ളൂ എന്ന പൗരോഹിത്യന്യായത്തെ ന്യായീകരിക്കുന്നു. അടിമുടി ഒരു പൗരുഷവ്യവഹാരമാണ് ശബരിമല എന്ന അർഥമാണ് ദൃശ്യങ്ങളെല്ലാം നൽകുന്നത് എന്നത് പ്രസക്തമാണ്. മുമ്പ് സ്ത്രീകൾ പ്രവേശിച്ചിട്ടുള്ളതിന്റെ ചിത്രങ്ങളോ വാർത്തകളോ കാണിക്കാതിരിക്കുന്നു എന്നതും ഇതിനോട് ചേർത്ത് വിലയിരുത്തേണ്ടതുണ്ട്. ഇവിടെ കാണിക്കുന്നവ ഏതൊക്കെ, അവയുടെ ആംഗിളുകൾ, കാണിക്കാത്തത് ഏതൊക്കെ എന്നിങ്ങനെയുള്ളതൊക്കെയും വിനിമയത്തിൽ പ്രധാനമാണ്. ആമുഖം തീരുമ്പോൾ ശബരിമല ക്ഷേത്രത്തിന്റെ ക്ലോസപ്പ് ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ചയുടെ തലവാചകം കാണിക്കുന്നത്. പ്രേക്ഷകന് വളരെ അടുത്തെത്തുന്നു ശബരിമല എന്ന സൂചന ഇതിലുണ്ട്. തുടർന്ന് തലവാചകത്തോടൊപ്പം ചർച്ചയിലുടനീളം സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾ ഇവയാണ്:
‘എല്ലാവർക്കും പ്രവേശനം വൈകുമോ?’, ‘മണ്ഡലകാലത്ത് തന്നെ പ്രവേശനമോ?’, ‘അട്ടിമറിക്കാൻ നീക്കം നടക്കുമോ?’,
‘ശബരിമല വിധി ഉടൻ നടപ്പാക്കുമോ?’.

ചർച്ചയിലേക്ക് പ്രവേശിക്കുമ്പോൾ മുതൽ അവതാരകന് അനുബന്ധമായി സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ശബരിമലയിലെ പുരുഷാരത്തിന്റെ, ആചാരാനുഷ്ഠാനപരമായ ദൃശ്യങ്ങളാണ്.

തലക്കെട്ടിലെ സൂചന  

അവതാരകൻ അഥവാ ചാനൽ തലക്കെട്ടിലൂടെ സൂചിപ്പിച്ച ആശയങ്ങൾക്ക് അനുസൃതമായ വാക്കുകളാണ് തുടക്കത്തിൽ പറഞ്ഞുവെച്ചത്. സംവാദത്തിന്റെ മുഴുവൻ വശങ്ങളിലേക്കും ചാനൽ ലക്ഷ്യം വെയ്ക്കുന്നതെന്ത് എന്ന് ഈ തുടക്കത്തിലുണ്ട്. അതായത് ആമുഖംതന്നെ സംവാദത്തിന്റെ പൂർണ്ണരൂപത്തെ വെളിപ്പെടുത്തുന്നു. പ്രധാനരാഷ്ട്രീയ കക്ഷികളോ പ്രസ്ഥാനങ്ങളോ വിധിയെ തള്ളിപ്പറഞ്ഞിട്ടില്ലാത്ത സന്ദർഭത്തിലാണ്, ഈ വിഷയത്തിലുള്ള ആദ്യ സംവാദംതന്നെ ‘വിധിയെ മറികടക്കാൻ’ ശ്രമിക്കുന്നത്. ഇവിടെ ആമുഖത്തിലെ പ്രയോഗങ്ങൾ ഓരോന്നും പശ്ചാത്തലങ്ങളോടെ പ്രത്യേകമായി പഠനവിധേയമാക്കേണ്ടത് ആവശ്യമാണ്. പിന്നീട് ഏറെക്കാലത്തേക്ക് നീതിന്യായവ്യവസ്ഥയ്ക്ക്, ജനായത്തത്തിന്, നവോത്ഥാനമൂല്യങ്ങൾക്ക് ഭീഷണിയാകുംവിധം സംഘടിതമായി തെരുവിലിറങ്ങാനും പ്രക്ഷോഭങ്ങളുണ്ടാക്കാനും ഒരു വിഭാഗം ജനങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞ ഏഷ്യാനെറ്റിന്റെകൂടി ബുദ്ധിയാണെന്ന് തോന്നാം. അതല്ലെങ്കിൽ ചാനൽ ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് ചർച്ച സംഘടിപ്പിച്ചു എന്നും. തെരുവിലിറങ്ങിയവർക്ക് അതത് വിഭാഗത്തിലുള്ളവർ മാത്രമല്ല ആവേശമായത് എന്നും ആലോചിക്കണം. ഇതര മതവിശ്വാസികൾ, അവർക്ക് മേൽക്കൈ ഉള്ള രാഷ്ട്രീയകക്ഷികൾ ഒക്കെയും കോടതിവിധിയെ എതിർക്കുന്ന നിലപാടാണ് പിന്നീട് കൈകൊണ്ടത്. ഇങ്ങനെ ഭൂരിപക്ഷം ജനങ്ങളും വിധിയെ എതിർക്കുന്നവരാണ് എന്ന തോന്നൽ ഉണ്ടാക്കുവാൻ മാധ്യമങ്ങളടക്കമുള്ള ഒരു വിഭാഗത്തിന് കഴിഞ്ഞതാണ് കാര്യങ്ങളെ വലിയ രൂക്ഷതയിലേക്ക് എത്തിച്ചത്. വിധിവന്ന ദിവസംതന്നെ വരാനിരിക്കുന്ന മുഴുവൻ പ്രക്ഷോഭങ്ങളേയും മുൻകൂട്ടി കണ്ടുകൊണ്ട്, അതിന് അനുഗുണമായി സംവാദം സംഘടിപ്പിച്ച ടെലിവിഷൻ ചാനലിന്റെ കച്ചവട, രാഷ്ട്രീയലക്ഷ്യങ്ങൾ മറ്റൊരു പഠനവിഷയമാക്കാവു ന്നതാണ്. ഇവിടെ ഭാഷയിലേക്ക് തിരിച്ചെത്താം.

പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസോ ബി.ജെ.പി.യോ പോലും വിധി വന്ന ദിവസം എതിർപ്പുമായി രംഗത്തില്ലായിരുന്നു.

വാക്കുകൾ, വിവക്ഷകൾ

ഭാഷാപ്രയോഗങ്ങൾക്ക് അനവധി അടരുകൾ ഉള്ളതായി പഠിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ തലക്കെട്ടായി സ്വീകരിച്ചിരിക്കുന്നത് വിധി നടപ്പാക്കാതിരിക്കാനുള്ള സാധ്യതകളിലേക്ക് സാമാന്യചിന്തയെ കൊണ്ടുപോകുന്ന വാക്കുകളാണ്. 'വിധി മറികടക്കാൻ വഴി തേടുമോ’ എന്ന ചോദ്യമാണ് സംവാദത്തിന്റെ തലക്കെട്ടും മുഖ്യപ്രമേയവും. സൂക്ഷ്മാർഥത്തിൽ ഏതൊരു ഘട്ടത്തിലും കോടതിയലക്ഷ്യംപോലുമാണ് ഈ പ്രയോഗവും പ്രമേയവും. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് എടുത്ത ഒരു വിധിന്യായം ഇന്ത്യയിൽ പിന്നീട് നിയമമാണ്. അത് നടപ്പാക്കാൻ എല്ലാ അധികാരകേന്ദ്രങ്ങളും ബാധ്യസ്ഥരുമാണ്. മാധ്യമങ്ങൾക്കുമാത്രമായി നിയമത്തെ ‘മറികടക്കാൻ’, അതിനുള്ള വഴി തേടാൻ ആവില്ല. സംവാദത്തിൽ അവതാരകൻ ആവർത്തിക്കുന്ന ഒരു ആശയവും ഈ നിയമപരമായ ബാധ്യതയെക്കുറിച്ചാണ്. എന്നിട്ടും ഇങ്ങനെയൊരു പ്രമേയം എങ്ങനെ രൂപപ്പെട്ടുവരുന്നു എന്നതാണ് കാതലായ ചോദ്യം.

പ്രമേയം രൂപപ്പെടുന്നു

ഈ പ്രയോഗം പ്രേക്ഷകരുടെ ധൈഷണികവൃത്തികളിലുണ്ടാക്കുന്ന ധാരണകൾ പ്രധാനമാണ്. നടപ്പാക്കാനുള്ളതല്ല ഈ വിധി എന്ന വളരെ ശക്തവും പ്രതിലോമപരവുമായ ഒരാശയം ഇവിടെ വിനിമയിക്കപ്പെടുന്നു. വിധി സർക്കാർ സ്വാഗതം ചെയ്തു എന്നതാണൊ ചാനലിനെക്കൊണ്ട് ഇങ്ങനെ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചത് എന്ന ആലോചനയ്ക്കേ സെപ്റ്റംബർ 28 നു വൈകുന്നേരം പ്രസക്തിയുള്ളൂ. മറ്റ് പ്രബലകക്ഷികൾ ആരും പരസ്യമായി എതിർപ്പ് പറഞ്ഞിട്ടില്ലാത്ത ഘട്ടമാണിത്. കേസിൽ വർഷങ്ങളായി മറ്റൊരു വിധിയ്ക്കുവേണ്ടി വാദിച്ചവർ മാത്രമാണ് പരോക്ഷമായെങ്കിലും വിധിയെ എതിർത്ത് വന്നിരുന്നുള്ളൂ എന്നും ഓർക്കണം. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസോ ബി.ജെ.പി.യോ പോലും വിധി വന്ന ദിവസം എതിർപ്പുമായി രംഗത്തില്ലായിരുന്നു. മാത്രമല്ല, ഈ കക്ഷികൾക്ക് എതിർക്കാൻ കഴിയുന്നതുമല്ലായിരുന്നു അന്നേദിവസം ഈ വിധിപ്രസ്താവം. കോൺഗ്രസ് ദേശീയനേതൃത്വം വിധിയെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു. ബി.ജെ.പി.യുടെ മുഖ്യ ആശയകേന്ദ്രമായ ആർ.എസ്.എസ്. ഇതുസംബന്ധിച്ച് പുരോഗമനപരമായ നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതുമാണ്. അതുമാത്രമല്ല, കേരളത്തിൽ പാർട്ടി ചുമതലയുള്ള കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുമ്പുതന്നെ ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞിരുന്നു. മറ്റൊരു നേതാവ് ഒ. രാജഗോപാൽ മുമ്പുതന്നെ അനുകൂലിച്ച് ലേഖനങ്ങൾ എഴുതിയിരുന്നു. ഇങ്ങനെ ഒറ്റനോട്ടത്തിൽ കേസ് തോറ്റവർക്ക്, കക്ഷി ആയിരുന്നവർക്ക് സ്വാഭാവികമായും ഉണ്ടാകുന്ന നിരാശയൊഴിച്ചാൽ മറ്റൊരു പ്രസക്തകേന്ദ്രവും വിധിയെ എതിർത്ത് നിലപാടുമായി രംഗത്ത് വരാതിരുന്ന ആ ദിവസം ചാനൽ ഇപ്രകാരം സംവാദത്തെ രൂപപ്പെടുത്തിയത് നിഷ്പക്ഷമെന്ന് കാണാനാവില്ല. സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചും സുപ്രീംകോടതി വിധി എന്ന നിലയിൽ വിധിയെ അംഗീകരിക്കാനുള്ള മനസ്സാണ് ആദ്യം ഉണ്ടാവുക. അഥവാ അങ്ങനെയൊന്നു മാത്രമേ മാധ്യമമടക്കമുള്ള ഉത്തരവാദപ്പെട്ട ഏത് കേന്ദ്രവും ഉണ്ടാക്കാൻ ശ്രമിക്കാവൂ. എന്നാൽ പ്രസ്തുത ചാനൽ അതേദിവസം നേരെ വിപരീതമായ ആശയം സമൂഹത്തിലേക്ക് പ്രക്ഷേപിക്കുന്നു. ഇതൊരു ഹൈന്ദവവിശ്വാസപരമായ വിഷയം എന്ന നിലയിൽ മൗനമായിരിക്കാൻ സാധ്യതയുള്ള ഇതര മതവിശ്വാസികളെക്കൂടി ഇളക്കിവിടാനുള്ള ശ്രമവും ആമുഖത്തിൽ വ്യക്തമാണ്. വിധി നടപ്പാക്കുക എന്നതല്ല മറികടക്കുക എന്നതാണ് സമൂഹത്തിന് നല്ലത് എന്ന സൂചനയോടെ ആമുഖത്തിൽ ഇതുണ്ടാക്കുന്ന ദൂരവ്യാപകമായ ചലനങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്യുന്നു.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ 1999-ൽ മാതൃഭൂമിയിൽ എഴുതിയ ലേഖനം

എന്നാൽ ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത് മാധ്യമധർമ്മമാണെന്നും ബജറ്റ് ചർച്ചപോലെ ഒന്നായി കരുതാവുന്നതാണെന്നും മറുവാദമുണ്ടാകാം. സ്ത്രീകളുടെ അന്തസ്സിനെ, സമത്വത്തെ ഉയർത്തിപ്പിടിക്കുന്ന വിധിപ്രസ്താവത്തെ ആ നിലയിൽ സ്വാഗതം ചെയ്യാതിരിക്കുന്നത് പക്ഷെ നിഷ്കകളങ്കമായി കാണാനാവില്ല. എങ്കിലും രണ്ടുവാദങ്ങളേയും തള്ളിക്കളയാതെ സൂക്ഷ്മവിചിന്തനങ്ങളിലേക്ക് കടക്കേണ്ടതുണ്ട്.

വിധി എന്ന വ്യവഹാരപദം

‘വിധിയെ മറികടക്കാൻ വഴി തേടുമോ’ എന്നതാണ് ചാനൽ മുന്നോട്ടുവെയ്ക്കുന്ന മുഖ്യമായ ചോദ്യം. ദേവസ്വം ബോർഡ്, സർക്കാർ സംവിധാനങ്ങൾ, പുനഃപരിശോധനാ ഹർജി കൊടുക്കാവുന്ന കേസിലെ കക്ഷികൾ അടക്കമുള്ളവർ, നിയമനിർമ്മാണ സാധ്യതകൾ എന്നിങ്ങനെ ഈ വഴി തേടാൻ കഴിയുന്നവരെയാണ് ഒറ്റനോട്ടത്തിൽ ചോദ്യം ഉന്നം വെയ്ക്കുന്നതെങ്കിലും ഇത് പ്രേക്ഷകരിൽ ഉണ്ടാക്കുന്ന ധാരണയാണ് പ്രധാനം. ‘വഴി തേടുമോ’ എന്ന ചോദ്യത്തിൽ ‘വഴി ഉണ്ട്’ എന്ന ധാരണ സന്നിഹിതമാണ്. മറികടക്കാം എന്നും അതിന് വഴിയുണ്ട് എന്നുമുള്ള സൂചനകളുടെ സന്നിഹിതത്വം ഈ തലവാചകച്ചോദ്യത്തെ ശക്തമായ ഒരു വ്യവഹാരമാക്കി മാറ്റുന്നു. ഇതിന്റെ വ്യവഹാരമൂല്യത്തേക്കാൾ ഇതുണ്ടാക്കുന്ന മനോവിചാരങ്ങൾ അഥവാ ധൈഷണികവൃത്തികൾ ആണ് പ്രധാനം. ഇവിടെ വിധി എന്ന പ്രയോഗം തനിച്ചാണ് ഉപയോഗിച്ചിട്ടുള്ളത്. കോടതിവിധി എന്നില്ല. കോടതിവിധി എന്നതിനു പുറമെ ദൈവകല്പിതം എന്ന അർഥവും വിധിയ്ക്കുണ്ട് (ശബ്ദതാരാവലി, 2017:1573). ആ അർഥത്തിൽ പക്ഷെ, വിധി എന്ന പ്രയോഗം നല്ലത് നടക്കുമ്പോഴല്ല സാമാന്യമായി വ്യവഹാരഭാഷയിൽ പ്രയോഗിക്കാറുള്ളത്. ‘എന്റെ വിധി ഇതാണ്’ എന്ന പ്രയോഗം ലോട്ടറി അടിച്ചാലല്ല മറിച്ച് ദുഃഖമുണ്ടാക്കുന്ന ഒരു സന്ദർഭത്തിലാണ് പറയുക. വിധി പൂർവനിശ്ചിതമാണ് എന്ന ആശയവും ഇതോടൊപ്പമുണ്ട്. വിധിയെ തടുക്കാനാവില്ല എന്ന അർഥത്തിലുള്ള പ്രയോഗങ്ങൾ വാമൊഴിയിൽ ധാരാളമുണ്ട്. ഇവിടെയൊക്കെയും വിധി ദുഃഖകരമായ, ഒഴിവായാൽ നന്നായിരുന്നു എന്നു തോന്നിക്കുന്ന, മറികടക്കാൻ കഴിഞ്ഞെങ്കിൽ എന്നു ആഗ്രഹിക്കുന്ന ആശയമാണ്. ഇവിടെ കോടതിവിധി എന്നത് വിധി എന്നതിലേക്ക് ചുരുക്കുമ്പോൾതന്നെ അതിന് നല്ലതല്ലാത്തത് നടക്കാൻ പോകുന്നു എന്ന സൂചനയെ ഉല്പാദിപ്പിക്കാൻ കഴിയുന്നു. ഇത് സ്വാഭാവികമായുള്ള ഒരു ധൈഷണികബോധമാണ്. മുമ്പ് വിധി എന്ന് ഉപയോഗിച്ച് പരിചയമുള്ള സന്ദർഭങ്ങളിലൊക്കെ അതുണ്ടാക്കിയ അനുഭവങ്ങൾ, അടയാളങ്ങൾ ആ വാക്കിൽ സന്നിഹിതമാണ് എന്നതാണ് കാര്യം. ഇത് വ്യക്തിപരമായ ഭേദങ്ങൾ ഉൾകൊള്ളുന്നതുമാണ്. വിധിയിൽ വിശ്വസിക്കാത്ത ഒരാളിൽ ഇത് സൃഷ്ടിക്കപ്പെടുകയില്ല. എന്നാൽ ഇവിടെ ഹൈന്ദവരായ, ക്ഷേത്രങ്ങളിൽ പോകാൻ സാധ്യതയുള്ള വിശ്വാസികളെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നതിനാൽ വിധി എന്ന പ്രയോഗം ശക്തമായി പ്രവർത്തനക്ഷമമാകാനാണ് സാധ്യത. ഈ സാധ്യത തലവാചകത്തിലെ ആദ്യത്തെ വാക്കുതന്നെ സാധ്യമാക്കുന്നു. വിധിയുമായി ബന്ധപ്പെട്ട അനേകം സ്മരണകൾ അതിന്റെ ദു:ഖകരമായ അന്തരീക്ഷത്തെ മസ്തിഷ്കത്തിൽ ഉല്പാദിപ്പിക്കാൻ ഈ പദം കാരണമായേക്കും. നിത്യവ്യവഹാരങ്ങളിൽ സാധാരണക്കാരായ മനുഷ്യർ കോടതിവിധി എന്ന പ്രയോഗം വളരെ കുറച്ചുമാത്രമേ കേൾക്കുകയോ പ്രയോഗിക്കുകയോ ഉള്ളൂ എന്നതും ഇവിടെ പ്രസക്തമാണ്. വിധി ദൈവകല്പിതമാകയാൽ അനുസരിക്കാനാണ്, വിധേയപ്പെടാനാണ് മനസ്സ് തയ്യാറാവുക എന്നും അതിനാൽ പ്രയോഗം ഗുണാത്മകമാണെന്നും മറുവാദത്തിന് ഇവിടെ സാംഗത്യമുണ്ട്. എന്നാൽ കൂടെ ഉപയോഗിക്കുന്ന പദങ്ങളും ആകെ വ്യവഹാരവും മറിച്ചായതിനാലാണ് ഈ സാധ്യത ഇല്ലാതാകുന്നത്.

‘മറികടക്കാൻ’

അടുത്ത വാചകം ‘മറികടക്കാൻ’ എന്നതാണ്. ഇത് മേല്പറഞ്ഞ വിധിവിശ്വാസത്തിന്റെ അനുബന്ധമാണ്. അഥവാ അവ പൂരകമായാണ് അർഥസംവേദനം നടത്തുന്നത്. സുഖകരമല്ലാത്ത വിധിയെ എങ്ങനെയും ‘മറികടക്കുക’ തന്നെയാണ് ജീവിതത്തിൽ പ്രധാനമായുള്ളത്. വിശ്വാസികളായ സാധാരണ മനുഷ്യരുടെ എറ്റവും അടിസ്ഥാന പ്രശ്നവും ദർശനവുമാണത്. എല്ലാ വിശ്വാസികളും വിധിവിശ്വാസികൾ ആകണമെന്നില്ല. ഹൈന്ദവ വിശ്വാസികൾ വിധിവിശ്വാസികളാണ് എന്നതിനാൽ ഇവിടെ അത് ഫലപ്രദമായി പ്രവർത്തിക്കും. പലപ്പോഴും വിധിയെ മറികടക്കുന്നതിനുള്ള വഴികൾ ഇല്ല എന്ന തോന്നലാണ് ഉണ്ടാവുന്നത്. ഈ ഇല്ലായ്മ ഒരേയൊരു വഴിയായി ആത്മീയതയെ അവരോധിക്കാൻ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നു. എന്നാൽ ഇവിടെ മറികടക്കാൻ വഴികളുണ്ട് എന്ന ധ്വനിയാണ് കിട്ടുന്നത്. അത് തേടുമോ ഇല്ലയോ എന്നതാണ് സംവാദവിഷയം, തേടുമെങ്കിൽ ആര് എന്നതും. ആ പ്രതീക്ഷ ഏറ്റവും കൂടുതലുള്ളത് ബി.ജെ.പിയിലാണ് എന്നതാവും ആദ്യത്തെ അവസരം അവർക്ക് കൊടുക്കാൻ ചാനലിനെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ ചാനലാണ് വിശ്വാസികളുടെ മൊത്തം കുത്തക ബി.ജെ.പി.യ്ക്ക് നല്കുന്നത് എന്നും പറയാം. ബി.ജെ.പി. പ്രതിനിധിയായി വന്ന ശോഭാ സുരേന്ദ്രനാവട്ടെ താനൊരു വിശ്വാസിയായാണ് സംസാരിക്കുന്നത് എന്നും പാർട്ടി വക്താവായല്ല എന്നും ആണ് പറയുന്നത്. എന്നിട്ടാണ് അവർ കോടതിവിധിയെ എതിർക്കുന്നത്. ഇവിടെ ആദ്യം സംസാരിച്ച ആളെക്കൊണ്ടുതന്നെ കോടതിവിധിയെ എതിർത്തു സംസാരിക്കാൻ അവസരം കൊടുത്തുകൊണ്ട് ചാനൽ തങ്ങളുടെ പ്രത്യയശാസ്ത്രം ഒളിച്ചുകടത്തുന്നു. അത്തരം വിശദമായ പഠനമല്ല, ഭാഷയിലാണ് ഊന്നുന്നത് എന്നതിനാൽ അതിലേക്ക് തിരിച്ചെത്താം.

ശോഭ സുരേന്ദ്രൻ

ആദ്യത്തെ പരീക്ഷണശാല ശബരിമല

വിധി മറികടക്കാൻ വഴിയുണ്ടെന്നും അതാണ് ആവശ്യമെന്നുമുള്ള ആശയം പ്രത്യക്ഷത്തിലും അബോധത്തിലും സമൂഹത്തിലേക്ക് വിനിമയിക്കാൻ സജ്ജമായ ഭാഷാപ്രയോഗമാണ് തലക്കെട്ടെന്ന് കണ്ടുകഴിഞ്ഞു. ഈ സംവാദത്തിലേക്ക് കടക്കുമ്പോൾ അവതാരകൻ പറയുന്ന ആമുഖമാണ് തുടക്കത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. അതിലേക്കും ശ്രദ്ധയോടെ പ്രവേശിക്കേണ്ടതുണ്ട്.
ആമുഖത്തിലെ ഏറ്റവും പ്രത്യയശാസ്ത്രപരമായ പ്രയോഗം ‘ആദ്യത്തെ പരീക്ഷണശാല ശബരിമലയാണ്’ എന്നതാണ്. അവതാരകൻ ശബ്ദമെടുത്തും ഉറപ്പിച്ചും പറയുന്ന പ്രയോഗമാണിത്. ഈ സമയം അവതാരകന്റെ തൊട്ടടുത്ത് കാണിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളും പ്രസക്തമാണ്. ക്ഷേത്രത്തിനുമുമ്പിൽ സ്ഥാപിച്ചിട്ടുള്ള വലിയ ലോഹവിളക്കാണ് സ്ക്രീനിൽ; ഇരുട്ടിന്റെ പശ്ചാത്തലത്തിൽ പല തട്ടുകളിലായി നിറഞ്ഞുകത്തുന്നത്. ചെറിയ ഇളക്കമുള്ള  ഫ്രെയ്മിൽ തീനാളങ്ങളുടെ ചലനമാണ് ശ്രദ്ധയെ ആകർഷിക്കുന്നത്. പശ്ചാത്തലത്തിലെ ഇരുട്ടിന്റെ കറുപ്പിൽ മഞ്ഞ നിറത്തിലുള്ള അനേകം ജ്വാലകൾ ദൃശ്യത്തെ സവിശേഷമായ അനുഭവത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ദൃശ്യത്തോടൊപ്പമാണ് ‘പരീക്ഷണശാല’ പ്രയോഗം എന്നത് വ്യവഹാരത്തെ ശക്തമായ വിനിമയത്തിന് കാരണമാക്കുന്നു. തൊട്ടുമുമ്പുള്ള ദൃശ്യം എന്തായിരുന്നു എന്നതുകൂടി ഈ അവസരത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഒരു പെൺകുട്ടിയുടെ സമീപദൃശ്യമായിരുന്നു അത്. രക്ഷകർത്താവിന്റെയോ മറ്റോ തോളിൽ ഇരിക്കുന്ന പെൺകുട്ടിയുടെ കുട്ടിത്തമുള്ള മുഖം കാണിച്ചശേഷമാണ് ‘പരീക്ഷണശാല’യ്ക്കുവേണ്ടിയെന്നോണം തീജ്വാലകൾ നിറഞ്ഞ, ചെറിയ ഇളക്കമുള്ള ഫ്രെയ്മോടെയുള്ള ദൃശ്യം വരുന്നത്. മുമ്പുകാണിച്ച ദൃശ്യങ്ങളിൽ ഈ വിളക്കിന്റെ ഒരു ഭാഗം കാണിച്ചിരുന്നതിനാൽ ഇവിടെ ഈ ദൃശ്യം ബോധപൂർവം സന്നിവേശിപ്പിച്ചതാകാൻ സാധ്യത കൂടുതലാണ്. വിശ്വാസിയെ സംബന്ധിച്ച് പൊള്ളുന്ന അനുഭവമായാണ് ദൃശ്യത്തിലെ തീജ്വാലകളും വാക്കുകളും ഒരേസമയം വിനിമയിക്കാൻ സാധ്യത. ജ്വാലകൾക്ക് സമീപം പുറംതിരിഞ്ഞ് നിൽക്കുന്ന ആളുകളെ കാണാം. അടുത്ത ദൃശ്യം മകരവിളക്ക് തെളിയിക്കുന്നത് കാണാൻ നിൽക്കുന്ന ഭക്തപുരുഷാരത്തിന്റെ മുകളിൽനിന്നുള്ള നിറഞ്ഞ ഫ്രെയ്മാണ്. എല്ലാവരും നോക്കിനിൽക്കു ന്നിടത്തായി മകരവിളക്ക് കാണുന്ന ദൃശ്യമാണ് തുടർന്ന് വരുന്നത്.  

അതായത്, വാക്കിന്റെ, ഒരുപക്ഷെ ആമുഖത്തിന്റെ, സംവാദത്തിന്റെ, ചാനൽ നടത്തുന്ന പ്രത്യയശാസ്ത്ര വിനിമയങ്ങളുടെ താക്കോൽപ്രയോഗമെന്ന് പറയാവുന്ന ഈ പ്രയോഗം ശക്തമായി സംവേദനം ചെയ്യാൻ കഴിയുമാറാണ് വരുന്നത്. മൂന്ന് പദങ്ങളുടെ മിശ്രമാണ് ഇത്. ‘ആദ്യത്തെ’ എന്ന ആദ്യ പദംതന്നെ തുടർന്നുവരാവുന്ന അനവധി ചലനങ്ങളെ സൂചിപ്പിക്കുന്നു. ആമുഖത്തിൽ അത് വ്യക്തമായിത്തന്നെ പറഞ്ഞുകഴിഞ്ഞുമാണ് ഈ പ്രയോഗത്തിലേക്ക് വരുന്നത്. മറ്റ് മതങ്ങളുടെ കാര്യം അവതാരകൻ എടുത്തുപറയുന്നത് വെറുതെയല്ല. ‘സ്ത്രീകളെ അകറ്റിനിർത്തുന്ന മറ്റ് ആരാധനാലയങ്ങളിലേക്കും വഴികൾ തുറക്കുന്നതാണ് ഈ വിധി’ എന്ന പ്രസ്താവം ഇപ്രകാരം ശ്രദ്ധയോടെ നിബന്ധിക്കുന്നതാണ്. തൊഴുകൈയ്യോടെ നിൽക്കുന്ന തിങ്ങിനിറഞ്ഞ പുരുഷഭക്തരുടെ ഇടത്തോട്ടും വലത്തോട്ടുമുള്ള രണ്ട് പാനിങ്ങ് ദൃശ്യങ്ങളാണ് ഈ സമയത്ത് കാണിക്കുന്നത്. മുസ്‍ലിം മതവിശ്വാസികളുടെ പെരുന്നാൾ നമസ്കാരത്തിന്റെ ഫോട്ടോകളെ ഓർമിപ്പിക്കുന്ന (അവിടേയും പുരുഷന്മാർ മാത്രമേ ഉണ്ടാകൂ) ദൃശ്യമാണിത്. പ്രകടമായും കേരളീയ സാഹചര്യത്തിൽ ഇസ്‍ലാമിലെ ഒരു വിഭാഗത്തെയാണ് അവതാരകൻ പ്രധാനമായും ഈ പ്രയോഗത്തിൽ സൂചിപ്പിക്കുന്നത്. അതൊരു ആളെക്കൂട്ടലുമാണ്. ശബരിമല വിധിയിൽ ആ ക്ഷേത്രത്തിൽ അടുത്തകാലത്തായി ഒരു കോടതിവിധിയുടെതന്നെ ബലത്തിൽ നിലനിന്നിരുന്ന ഒരു അനാചാരത്തെ സുപ്രീംകോടതി റദ്ദാക്കുകയാണ് ചെയ്തത്. അതാകട്ടെ അയ്യപ്പഭക്തരെ ഒരു പ്രത്യേക മതമായി കാണാനാവില്ല എന്ന നിരീക്ഷണത്തോടെയും ജൈവികമായ പ്രത്യേകതകളെ മുൻനിർത്തി മൗലികാവകാശങ്ങളുടെ ലംഘനം പാടില്ല എന്ന അർഥത്തിലുമാണ്. അതുകൊണ്ടുതന്നെ തത്കാലം ഇത് ശബരിമലയെ മാത്രം ബാധിക്കുന്നതാണ്. ഭാവിയിൽ എല്ലായിടത്തേക്കും എത്തേണ്ടതാണ് ഈ പുരോഗമനവീക്ഷണം എന്ന അനുലോമപരമായ ആശയമല്ല ചാനൽ നല്കുന്നത്; മറിച്ച് താക്കീതുപോലെയാണ്. പ്രയോഗത്തിലെ വാക്കുകൾ മാത്രമല്ല, അത് പറയുന്ന രീതിയും ശബ്ദവും മുമ്പും പിമ്പും പറയുന്ന വാക്കുകളും പശ്ചാത്തലദൃശ്യങ്ങളും എല്ലാം ഈയൊരു ആശയത്തിലേക്കാണ് എത്തിക്കുന്നത്.

അവതാരകൻ ശബ്ദമെടുത്തും ഉറപ്പിച്ചും പറയുന്ന പ്രയോഗമാണ് ‘ആദ്യത്തെ പരീക്ഷണശാല ശബരിമലയാണ്’ എന്നത്. ഈ സമയം അവതാരകന്റെ തൊട്ടടുത്ത് കാണിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളും പ്രസക്തമാണ്. ക്ഷേത്രത്തിനുമുമ്പിൽ സ്ഥാപിച്ചിട്ടുള്ള വലിയ ലോഹവിളക്കാണ് സ്ക്രീനിൽ; ഇരുട്ടിന്റെ പശ്ചാത്തലത്തിൽ പല തട്ടുകളിലായി നിറഞ്ഞു കത്തുന്നത്.

മറ്റ് മതവിശ്വാസികളെ അസ്വസ്ഥരാക്കാൻ ‘ഭരണഘടന ഉറപ്പുനല്കുന്ന അവകാശങ്ങൾ ലംഘിക്കുന്ന വ്യക്തിനിയമങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നും വ്യക്തമാവുകയാണ്’ എന്നും ‘മറ്റ് മതങ്ങളിലെ പല കീഴ് വഴക്കങ്ങളും ചോദ്യം ചെയ്യപ്പെടാം’ എന്നും അവതാരകൻ പറയുന്നത് നോക്കുക. വിഭാവനം ചെയ്യുന്ന പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താനും സമൂഹത്തിന്റെ കൂടുതൽ പിന്തുണ ഉറപ്പിക്കുന്നതിനും സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കാനുമാണ് ഇവിടെ ചാനൽ ശ്രമിക്കുന്നത്. കോടതിവിധി നടപ്പാക്കും എന്ന സർക്കാർ പ്രതികരണമാണ് ചാനലിനെ ഈ നിലയ്ക്ക് എതിർസ്ഥാനത്തേക്ക് നീക്കിയിരിക്കുക എന്ന രാഷ്ട്രീയവും ഇതിലുണ്ടാകാം. ഹൈന്ദവ വിശ്വാസികളെ, അതിലെ പൗരുഷപൗരോഹിത്യത്തെ കൂടുതൽ ജാഗ്രതയോടെ നിർത്താനുള്ള ശ്രമവും ചാനൽ നടത്തുന്നുണ്ട്. ഭക്തജനങ്ങളുടെ നിറഞ്ഞ പശ്ചാത്തലദൃശ്യങ്ങളോടെ ‘പല ആചാരങ്ങളും കോടതി കയറും’ ‘പൂജാകർമങ്ങളിലെ സ്ത്രീ പങ്കാളിത്തവും പുതിയ ആവശ്യമായി ഉന്നയിക്കപ്പെടാം’ എന്നിങ്ങനെയുള്ള വാക്കുകൾക്ക് ഇവിടെ അങ്ങനെയേ അർഥമുണ്ടാകുന്നുള്ളൂ. ഇതെല്ലാം സ്വാഭാവികമായും ആ കോടതിവിധിയുടെ തുടർച്ചയായുള്ള വിശകലനമാണ് എന്നൊരു ന്യായം ചാനലിന് ഉണ്ടാകാം. അത് നിലനില്ക്കാതെ പോകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് വിശകലനമെന്നോണം സൂചിപ്പിക്കുന്നതുപലതും വസ്തുതാപരമല്ല. രണ്ട് പുരോഗമനാത്മകമായല്ല പ്രയോഗങ്ങൾ.

‘പല ആചാരങ്ങളും കോടതി കയറും’  

‘പല ആചാരങ്ങളും കോടതി കയറും’ എന്ന പ്രസ്താവം ശബരിമലയിൽ നിലനിന്നിരുന്നത് ആചാരമാണ് എന്ന് സൂചിപ്പിക്കുന്നു. എന്നാൽ വളരെ അടുത്തകാലത്തുമാത്രം നടപ്പിലാക്കിയതും മുമ്പ് ഇല്ലാതിരുന്നതുമായ ഒന്നാണിത് എന്ന വസ്തുത മാധ്യമത്തിന് വ്യക്തമായി അറിയാവുന്നതാണ്. കോടതിയും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരുപക്ഷെ ആചാരം എന്ന നിലയിലുള്ള പഴക്കമില്ല എന്നതുംകൂടി കോടതിവിധിയ്ക്ക് കാരണമായിട്ടുണ്ട്. അപ്പോൾ ഇതൊരു അനാചാരമാണ് എന്ന് വ്യക്തമാകുന്നു. പുരുഷാനുകൂലമായ സാമൂഹികവ്യവസ്ഥകൾ, ആർത്തവസംബന്ധമായ അശുദ്ധി സങ്കല്പം എന്നിങ്ങനെയാണ് പൗരോഹിത്യത്തിന്റെ ഈ അനാചാരനിർമ്മിതിയുടെ അടിസ്ഥാനമെന്ന് വ്യക്തത ഉണ്ടായിരിക്കെ ‘പല ആചാരങ്ങളും കോടതി കയറും’ എന്നത് നിഷകളങ്കമോ വസ്തുതാപരമോ അല്ല എന്നുവരുന്നു. കേൾക്കുന്നതും കാണുന്നതുമായ ഒരു വിഭാഗത്തെ ചകിതരാക്കാൻ പര്യാപ്തമായ ആശയങ്ങൾ മാത്രം പെറുക്കിയെടുത്ത് അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അഥവാ ഇതെല്ലാം വസ്തുതകൾ തന്നെയാണ് എന്നിരിക്കട്ടെ, എങ്കിലും മേല്പറഞ്ഞ തലക്കെട്ടോടെ സംവാദം സംഘടിപ്പിക്കുമ്പോൾ ഇതെല്ലാം പ്രതിലോമമായ പൊതുബോധ നിർമ്മിതിയിലേക്ക് നയിക്കുകയാണ് ചെയ്യുക.

‘ആദ്യത്തെ പരീക്ഷണശാല ശബരിമലയാണ്’ എന്ന പ്രയോഗം ചർച്ചയിൽതന്നെ പ്രശ്നവത്കരിക്കപ്പെടുന്നുമുണ്ട്. ശോഭ സുരേന്ദ്രൻ അതിലെ പ്രകോപനം അതേ അളവിൽ ഏറ്റെടുക്കുന്നു. അതേക്കുറിച്ച് സംസാരിക്കുന്നു. അപ്പോൾ അവതാരകൻ താനത് പോസിറ്റീവ് ആയാണ് പറഞ്ഞതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. താങ്കൾ എങ്ങനെ പറഞ്ഞാലും ഞാൻ എടുത്തത് ഇങ്ങനെയാണ് എന്ന് ശോഭ നയം വ്യക്തമാക്കുന്നു. സംവാദം പൂർണമായി അപഗ്രഥിക്കാൻ ഈ പ്രകരണത്തിൽ മുതിരുന്നില്ല. ബി.ജെ.പി.യുടെ പ്രതിനിധിയായല്ല താൻ വന്നതെന്നും ഹിന്ദു വിശ്വാസി മാത്രമായാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ചാനൽ അവർക്ക് ആദ്യത്തെ അവസരത്തിൽതന്നെ ഏതാണ്ട് 14 മിനിറ്റോളം നൽകുന്നു എന്നുള്ളത് പ്രധാനമാണ്. അതിൽതന്നെ അവതാരകൻ ഏറ്റവും കൂടുതൽ തവണ ആവർത്തിക്കുന്ന ചോദ്യം ‘തടയുമോ’ എന്നാണ്. ഇതേസമയം താഴെ സ്ക്രോൾ ചെയ്ത് പോകുന്ന പ്രധാന ചോദ്യം ‘അട്ടിമറിക്കാൻ നീക്കം നടക്കുമോ?’ എന്നാണ്. അവതാരകന്റെ ചോദ്യവും സ്ക്രോൾ ചെയ്ത് പോകുന്ന ചോദ്യവും പരസ്പരപൂരകമായി വിനിമയിക്കുന്നു. ഇത്തരം വിനിമയങ്ങൾ ടെലിവിഷന്റെമാത്രം പ്രത്യേകതയാണ് എന്നും ഓർക്കുക. ആർത്തവസമയത്ത് ക്ഷേത്രത്തിൽ വരുന്നവരെ അടക്കം ‘തടയുമോ? തടയുമോ?’ എന്ന് ആവർത്തിച്ച് ചോദിക്കുന്നതിന്റെ പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. മാത്രമല്ല അവരുടെ മറുപടിയിൽനിന്ന് തടയുമെന്ന ആശയത്തെ ഉല്പാദിപ്പിച്ചാണ് അവതാരകൻ തൃപ്തനാകുന്നത്. തടയുമെന്ന് ഏത് വക്താവ് പറഞ്ഞാലും അതിന് നിങ്ങൾക്കെന്താണ് അവകാശം എന്ന് ചോദിക്കേണ്ടിടത്താണ് ഈ പ്രതിലോമരാഷ്ട്രീയം ചാനലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ശോഭ സുരേന്ദ്രന് അടുത്ത അവസരത്തിൽ 5 മിനിറ്റുകൂടി ഇതേ സംവാദത്തിൽ കിട്ടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. അതായത് പരസ്യമടക്കം ആകെ ഒരു മണിക്കൂർ പരമാവധി ദൈർഘ്യമുള്ള ചർച്ചയിലെ 4 വക്താക്കൾക്ക് കൃത്യമായി വിഭജിച്ചാൽ കിട്ടാവുന്ന സമയത്തിന്റെ 6 മിനിറ്റെങ്കിലും കൂടുതൽ. ഇതും ചാനലിന്റെ ലക്ഷ്യത്തെ വെളിപ്പെടുത്തുന്നു.

‘ക്ഷേത്രപ്രവേശന വിളംബരം- 2018’

ഇതേദിവസം മനോരമ ന്യൂസ് ചാനൽ ഈ വിഷയത്തെ എങ്ങനെയാണ് സംവാദത്തിന് എടുത്തതെന്നും പരിശോധിക്കേണ്ടതുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളോടെ കോടതിവിധിയോട് പ്രതികരിച്ച ചിലരുടെ വീഡിയോ ഭാഗങ്ങൾ കാണിച്ചുകൊണ്ടാണ് ‘കൗണ്ടർ പോയിന്റ്’ തുടങ്ങുന്നത് (https://youtu.be/N5tvqJbhQ1s). ‘ക്ഷേത്രപ്രവേശന വിളംബരം 2018’ എന്നായിരുന്നു ഈ സംവാദപരിപാടി കോടതിവിധിയെ വിശേഷിപ്പിച്ചത്. വിഷയം സ്ത്രീ സംബന്ധമായിരുന്നെങ്കിലും അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാനുള്ള ഓരോ സ്ത്രീകളെമാത്രം ഉൾപ്പെടുത്തിയ സംവാദം മറുഭാഗത്ത് നാലു പുരുഷന്മാരെയാണ് ഉൾപ്പെടുത്തിയത്. കോടതിവിധിയെ പൂർണ്ണമായി അനുകൂലിക്കുന്ന മൂന്നുപേരാണ് സംവാദത്തിൽ ഉണ്ടായിരുന്നത്. ആദ്യ അവസരം എതിർത്ത് സംസാരിക്കാനെത്തിയ നിയമവിദഗ്ധന് നല്കിക്കൊണ്ട് ചാനൽ നയം വ്യക്തമാക്കുകയും ചെയ്യുന്നു. വിധിന്യായത്തിലെ വ്യത്യസ്ത കാഴ്ചപ്പാടുകൾ, പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ, വിയോജിപ്പ് എന്നിവ ചാനൽ സ്ക്രോൾ ചെയ്ത് കാണിക്കുന്നുണ്ട്. അവതാരകന്റെ ആമുഖം ഇവിടേയും ശ്രദ്ധിക്കാം.

ആദ്യ അവസരം, എതിർത്ത് സംസാരിക്കാനെത്തിയ നിയമവിദഗ്ധന് നൽകി മനോരമ നയം വ്യക്തമാക്കുന്നു

‘ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലെയും സ്ത്രീകൾ പ്രവേശിക്കണോ? വർഷങ്ങൾ നീണ്ട ചോദ്യത്തിന് അതെ പ്രവേശിക്കാം എന്ന് ഉത്തരവെഴുതാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല പരമോന്നത നീതിപീഠത്തിലെ ഭരണഘടനാ ബെഞ്ചിന്. പത്തിനും അമ്പതിനുമിടയിലെ സ്ത്രീകൾ പ്രവേശിക്കണ്ട എന്നത് അയിത്തം പോലെയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ശാരീരിക അവസ്ഥകളുടെ പേരിലെ വിവേചനം പാടില്ലെന്നുമെഴുതി ചീഫ് ജസ്റ്റിസടക്കം നാല് ജഡ്ജിമാർ. ബെഞ്ചിലെ ഏക വനിത പക്ഷെ മതവിശ്വാസത്തിൽ യുക്തിക്ക് സ്ഥാനമില്ല എന്ന നിലപാടിൽ സ്ത്രീ പ്രവേശനത്തെ എതിർത്തു. അങ്ങനെ ചരിത്ര ദിവസമാണിന്ന്. സ്വാഗതം ചെയ്ത് എൽ.ഡി.എഫ്. സർക്കാരും കരുതലോടെ പ്രതികരിച്ച് പ്രതിപക്ഷങ്ങളും രംഗത്ത് വന്നു. ചോദ്യമിതാണ് ഭരണഘടനാവകാശത്തിന്റെ മുന്നിൽ നിഷ്പ്രഭമോ മതപരവും ആചാരപരവുമായ പാരമ്പര്യം? അവകാശങ്ങൾക്കുമുന്നിൽ വിശ്വാസത്തിന് സ്ഥാനമെത്രയാണ്? എന്താണീ വിധി കേരളത്തിലെ വിശ്വാസി സമൂഹത്തോട് പറയുന്നത്?’

നേരിട്ടല്ലെങ്കിലും ഏഷ്യാനെറ്റിന്റെ സംവാദങ്ങളോട് സമഭാവം പുലർത്തിയാണ് മനോരമയും അതേ സമയത്ത് പ്രേക്ഷകരെ അഭിമുഖീകരിക്കുന്നത്. ഏഷ്യാനെറ്റിന്റെ ആശയങ്ങളെ മറ്റൊരു തരത്തിലാണ് മനോരമ ക്രമീകരിക്കുന്നത്. ലക്ഷ്യം ഒന്നുതന്നെയെങ്കിലും മനോരമ സ്വീകരിക്കുന്നത് വിരുദ്ധങ്ങളുടെ ഭാഷാലീലയാണ്. ക്ഷേത്രപ്രവേശന വിളംബരം- 2018 എന്ന് തുടക്കത്തിൽ തലക്കെട്ടുപോലെ കോടതിവിധിയെ വിശേഷിപ്പിച്ച മനോരമ ആമുഖം അവസാനിക്കുംമുമ്പ് ആശയപരമായി കീഴ്മേൽ മറിയുന്നു. (ക്ഷേത്രപ്രവേശന വിളംബരം എന്ന പ്രയോഗം രാജത്തത്തിന്റെ ഓർമയാണ് ഉണ്ടാക്കുന്നത്. ഇതൊരു രാജശാസനമോ കല്പനയോ അല്ല. ജനായത്ത വ്യവസ്ഥയിലെ കോടതിവിധിയാണ്. അതിനെ വിളംബരം ആക്കുന്നത് നിഷ്കളങ്കമല്ല.) ആമുഖത്തിലും ‘ചരിത്ര ദിവസമാണിന്ന്’ എന്ന് പറയുന്ന ചാനൽ മൂന്നു ചോദ്യങ്ങൾ ചർച്ചയ്ക്കു വെയ്ക്കുന്നതോടെ പ്രത്യയശാസ്ത്രം വെളിപ്പെടുന്നു.

സംവാദ ചോദ്യങ്ങൾ 

‘ക്ഷേത്രപ്രവേശന വിളംബരം - 2018’ നോടുള്ള മനോരമയുടെ ഒന്നാമത്തെ ചോദ്യം തന്നെ ‘ഭരണഘടനാവകാശത്തിന്റെ മുന്നിൽ നിഷ്പ്രഭമോ മതപരവും ആചാരപരവുമായ പാരമ്പര്യം’ എന്നാണ്. ഇതൊരു പുതിയ അറിവാണ് മനോരമയ്ക്ക് എന്നാണ് ഒറ്റക്കേൾവിയിൽ തോന്നുക. ഈ രാജ്യം എഴുതപ്പെട്ട ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നതെന്നും രാജ്യത്തെ ഏറ്റവും ആധികാരികമായ രേഖ അതാണെന്നും മതം, ആചാരം, വിശ്വാസം എന്നുവേണ്ട നീതിന്യായ വ്യവസ്ഥകൾപോലും അതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്കുവരെ അറിയാവുന്നതാണ്. എന്നാൽ മനോരമ അത് അത്ഭുതത്തോടെ 2018- ൽ ചർച്ചയ്ക്കുവെച്ച് അന്വേഷിക്കുന്നു. ഭരണഘടന ഉയർത്തിപ്പടിക്കുന്ന മതേതരത്വം ഈ ചോദ്യത്തിന്റെ ലളിതമായ ഉത്തരമാണ്. ഇന്ത്യയെ സംബന്ധിച്ച് നിഷ്പ്രഭമാണ് മതവും വിശ്വാസവും ആചാരവുമെല്ലാം എന്നത് സുവ്യക്തവുമാണ്. അഥവാ മതമടക്കമുള്ളവയ്ക്ക് ഇതേ ഭരണഘടന അനുവദിച്ചുകൊടുത്തിട്ടുള്ള അവകാശങ്ങളേ രാജ്യത്തുള്ളൂ. വസ്തുത ഇതായിരിക്കെ ഈ സാധുവല്ലാത്ത ചോദ്യത്തിന്റെ ഉദ്ദേശ്യമെന്താണെന്ന അന്വേഷണം പ്രസക്തമാണ്.

മതവിശ്വാസികളെ സംബന്ധിച്ച് പ്രകോപനപരമായ ഒരു ചോദ്യമാണിത് എന്നതാണ് കാര്യം. ഇതിൽതന്നെ പാരമ്പര്യം എന്ന പ്രയോഗം കൂടുതൽ പ്രസക്തമാണ്. കാരണം പരമ്പരയായി അനുവർത്തിച്ചുപോന്നതോ നടന്നുപോരുന്നതോ ആയ ഒന്നല്ല ശബരിമലയെ സംബന്ധിച്ച് പ്രസ്താവ്യമായ സ്ത്രീവിവേചനം. അത് ഇപ്പോൾ ജീവിച്ചിരിക്കുന്ന തലമുറയ്ക്ക് അറിവുള്ള പുതിയ സമ്പ്രദായമാണ്. മുമ്പ് ഇതേ പ്രായഗണനയ്ക്കുള്ളിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ കഴിയുമായിരുന്നു. അപ്പോൾ പാരമ്പര്യം എന്ന പ്രയോഗം അനുചിതവും കൂടുതൽ ശക്തവും ആണ് എന്നുവരുന്നു. തുടർചോദ്യങ്ങളാണ് ഇതിന് ശക്തി കൂട്ടുന്നത്. അവകാശങ്ങൾക്കുമുന്നിൽ വിശ്വാസത്തിന് സ്ഥാനമെത്രയാണ്? എന്ന രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചോദ്യത്തിന്റെ തുടർച്ചയാണ്. നിഷ്പ്രഭമോ എന്ന ചോദ്യത്തിൽനിന്ന് സ്ഥാനമെത്ര എന്ന ചോദ്യം വാസ്തവത്തിൽ വേറിട്ട് നില്ക്കുന്നതുപോലുമില്ല. അതല്ലെങ്കിൽ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമാണ് ഒന്നാമത്തെ ചോദ്യം. അതുമല്ലെങ്കിൽ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരത്തോടെ രണ്ടാമത്തെ ചോദ്യം ഇല്ലാതാകുന്നു. മൂന്നാമത്തെയും അവസാനത്തേയും ചോദ്യവും വ്യത്യസ്തമല്ലെങ്കിലും അതിന് ഗൂഢമായ ഒരു പ്രക്ഷോഭാഹ്വാനത്തിന്റെ സൂചന അധികമായുണ്ട്. എന്താണീ വിധി കേരളത്തിലെ വിശ്വാസിസമൂഹത്തോട് പറയുന്നത്? എന്ന ആ ചോദ്യംതന്നെയാണ് ഈ സംവാദത്തിന്റെ തലക്കെട്ടുരൂപത്തിൽ ആവർത്തിക്കുന്നതെന്നതും പ്രധാനമാണ്. വിശ്വാസി സമൂഹത്തോട് ഉണരാൻ, പ്രതികരിക്കാൻ ആണ് ഈ വിധി പറയുന്നതെന്ന് തോന്നിപ്പിക്കാൻ മേല്പറഞ്ഞ ചോദ്യങ്ങളോടൊപ്പമുള്ള ഈ ചോദ്യത്തിന് കഴിയുന്നുണ്ട്.

ആമുഖത്തിലെ
പ്രയോഗങ്ങൾ

ആമുഖത്തിലെ ഒരു പ്രസ്താവം കുറേക്കൂടി വസ്തുതാവിരുദ്ധവും പ്രതിലോമവുമാണ്. ആ വാചകത്തോടെയാണ് ആമുഖം തുടങ്ങുന്നതുതന്നെ. കോടതിവിധിയോടുള്ള അസഹിഷ്ണുത അവതാരകന്റെ ശബ്ദത്തിലുണ്ട്. ‘‘ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലെയും സ്ത്രീകൾ പ്രവേശിക്കണോ? വർഷങ്ങൾ നീണ്ട ചോദ്യത്തിന് ‘അതെ പ്രവേശിക്കാം’ എന്ന് ഉത്തരവെഴുതാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല പരമോന്നത നീതിപീഠത്തിലെ ഭരണഘടനാ ബെഞ്ചിന്.’’
ഇവിടുത്തെ അവസാനത്തെ വാചകം പ്രകടമായി വസ്തുതകൾക്ക് നിരക്കാത്തതാണ്. പന്ത്രണ്ട് വർഷത്തോളമായി സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരുന്ന കേസാണിത്. അനേകം സിറ്റിങ്ങുകളിലായി വാദപ്രതിവാദങ്ങൾ നടന്നതും കക്ഷികളുടെയെല്ലാം വാദങ്ങൾ പരിഗണിച്ചതുമാണ്. ഇത്രയും നീണ്ടതും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തിപരമായിതന്നെ വ്യത്യസ്ത വിധികൾ തയ്യാറാക്കിയതും ഒരാൾ വിയോജിച്ചതും ആകെ ആയിരക്കണക്കിന് പേജുകളുള്ളതുമായ വിധിയെ ആണ് ‘ഉത്തരവെഴുതാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല’ എന്ന ലളിതവത്കരണത്തിലൂടെ ചാനൽ വിലയിരുത്തുന്നത്. ഇതിന് വളരെ പ്രത്യക്ഷമായിതന്നെ ഒരു ധ്വനിയുണ്ട്. വേണ്ടത്ര അവധാനതയില്ലാതെയാണ് വിധി എഴുതിയിട്ടുള്ളത് എന്ന അർഥം ഇവിടെയുണ്ട്. അതായത് ചരിത്രവിധി എന്നും ക്ഷേത്രപ്രവേശനവിളംബരം എന്നൊക്കെ വിശേഷിപ്പിക്കുന്നതിനൊപ്പം അതിന് കടകവിരുദ്ധമായ ആശയം വസ്തുതാവിരുദ്ധമായിട്ടുപോലും നല്കുകയാണ് ചാനൽ ചെയ്യുന്നത്. ഭരണഘടനയുടെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോൾ വളരെ എളുപ്പത്തിൽ ഇവിടെ അവകാശലംഘനമുണ്ട് എന്ന് വ്യക്തമായതായും അതുകൊണ്ട് വിധിയെഴുതാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നുമാണ് ഇവിടെ വിവക്ഷയെന്ന് മറുവാദമുണ്ടാകാം. എന്നാൽ സംവാദത്തിനായി മുന്നോട്ടുവെയ്ക്കുന്ന ചോദ്യങ്ങൾ ഈ മറുവാദത്തെ റദ്ദ് ചെയ്യുന്നു. കൃത്യവും ലക്ഷ്യത്തിലെത്തുന്നതുമായ പ്രത്യയശാസ്ത്രമാണ് ചാനൽ വിനിമയിക്കാൻ ശ്രമിക്കുന്നത് എന്നതാണ് വസ്തുത. ഭാഷയിൽ ഇപ്രകാരമാണ് മനോരമ പ്രവർത്തിക്കുന്നതെങ്കിലും കോടതിവിധിയിലെ പ്രസക്തഭാഗങ്ങൾ സ്ക്രോൾ ചെയ്തും ശബരിമല ദൃശ്യങ്ങൾ നിറയ്ക്കാതെയും സംവാദം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്നതും കാണേണ്ടതുണ്ട്.

ഏതാണ്ട് ഒരേസമയത്ത് ഒരേ സന്ദർഭത്തിൽ ഒരേ വിഷയത്തിൽ നടന്ന രണ്ടു ചാനൽ സംവാദങ്ങളെ അതിലെ ചില ഭാഷാപ്രയോഗങ്ങളുടെ സൂചനകൾ മുൻനിർത്തി അപഗ്രഥിക്കാനാണ് ശ്രമിച്ചത്. ഇതിൽനിന്ന് ചില നിരീക്ഷണങ്ങൾ വ്യക്തമായും രൂപപ്പെടുത്തിയെടുക്കാൻ കഴിയും. അതിൽ എറ്റവും പ്രധാനപ്പെട്ടത് രണ്ടു ചാനലുകളും കോടതിവിധിയെ പരോക്ഷമായി എതിർക്കുന്ന നിലപാടാണ് കൈകൊള്ളുന്നത് എന്നതാണ്. മറ്റൊന്ന് രണ്ടു ചാനലുകളും കോടതിവിധിയെ തുടർന്ന് പ്രക്ഷോഭങ്ങളുണ്ടാവാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കുറേക്കൂടി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഈ ആഗ്രഹത്തിന്റെ തോത് ചാനലുകളിൽ വ്യത്യസ്ത അളവിലാണുള്ളതെന്നു കാണാം. ഏഷ്യാനെറ്റിന്റേത് എങ്ങനേയും പ്രശ്നങ്ങൾ ഉണ്ടാക്കുക എന്നതാണ്. ‘തടയുമോ’ എന്ന ആവർത്തിച്ചുള്ള ചോദ്യം, പരീക്ഷണശാല എന്ന പ്രയോഗം, മറ്റ് മതങ്ങളെയും രംഗത്തിറക്കാനുള്ള നീക്കം എന്നിങ്ങനെ ഇതിന് ധാരാളം തെളിവുകളുണ്ട്. വലിയതോതിൽ വിധിയെ എതിർക്കുന്നവർ ഉണ്ട് എന്ന തോന്നലാണ് വിധി വന്ന ദിവസംതന്നെ ഏഷ്യാനെറ്റിന്റെ സംവാദപ്രമേയത്തെ നിർണ്ണയിക്കുന്നതെങ്കിൽ മനോരമയിൽ അത് ദൃശ്യമല്ല. എതിർപ്പുകൾ ഉണ്ടായിവരേണ്ടതുണ്ട് എന്നതാണ് മനോരമയുടെ ആശയം. അതിനായുള്ള പാനലാണ് മനോരമ ഒരുക്കുന്നത്. ഒരേ പ്രത്യയശാസ്ത്രം പങ്കുവെയ്ക്കുന്ന ഒന്നിലധികം പ്രതിനിധികളെ ഒരു സംവാദത്തിൽ വിളിക്കുക എന്ന അപുർവമായ മാധ്യമരീതിയും മനോരമ ഈ സംവാദത്തിൽ സ്വീകരിക്കുന്നു. സംഘപരിവാർ സംഘടനകളുടെ പ്രതിനിധിയായി ഗോപാലകൃഷ്ണനും ആർ.വി. ബാബുവും സംവാദത്തിലുണ്ട്. സാങ്കേതികമായി ഇവർ വ്യത്യസ്ത സംഘടനകളെ പ്രതിനിധീകരിക്കുന്നു എന്നു പറയാമെങ്കിലും മുമ്പൊന്നുമില്ലാത്തതാണ് ഒരേ വിഷയത്തിൽ ഒന്നിച്ച് ഇവരെ പങ്കെടുപ്പിക്കുന്നത്. മനോരമ കോടതിവിധിയെ ചരിത്രമെന്നും ക്ഷേത്രപ്രവേശനമെന്നും വിശേഷിപ്പിച്ചുകൊണ്ടുതന്നെ അതിനു വിരുദ്ധമായ ആശയങ്ങളെ പ്രക്ഷേപണം ചെയ്യുന്നു. ഏഷ്യാനെറ്റാണ് കോടതിവിധി മറികടക്കാൻ കഴിയുമെന്നും ആ വഴി ആലോചിക്കേണ്ടതുണ്ട് എന്നുമുള്ള ആശയം നേരിട്ട് ജനങ്ങൾക്ക് നല്കുന്നത്. ഇത് മനോരമയിൽ പ്രകടമല്ല.

സ്ത്രീപ്രവേശം
യുവതീപ്രവേശമാകുന്നു

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിവിധി വന്ന ദിവസം പകൽ 11.35 ന് മനോരമ ചാനൽ കേസിൽ കക്ഷിയായിരുന്ന പന്തളം കൊട്ടാരത്തിലെ (ചരിത്രത്തിൽ കൊട്ടാരം എന്ന പ്രയോഗത്തിന് സാംഗത്യമുള്ള) പ്രതിനിധിയോട് വിധിയെക്കുറിച്ച് ചോദിക്കുന്നു. പ്രതിനിധി വിധിയിൽ നിരാശ പ്രകടിപ്പിക്കുക മാത്രമല്ല, സ്ത്രീപ്രവേശം എന്ന പ്രയോഗംതന്നെ തെറ്റാണ് എന്നും യുവതീപ്രവേശമാണ് ശരി എന്നും പറയുന്നു (https://youtu.be/hGavgEMg7l0). ഒക്ടോബർ ഒന്നിന് മനോരമയുടെ കൗണ്ടർ പോയിന്റിൽ ബി.ജെ.പി.യുടെ ശ്രീധരൻപിള്ള സംവാദത്തിന്റെ തുടക്കത്തിൽതന്നെ ഈ ആവശ്യം ഉന്നയിക്കുകയും അവതാരക ആ സമയത്തുതന്നെ ചോദ്യത്തിൽ യുവതീപ്രവേശമെന്ന് തിരുത്തലോടെ പ്രയോഗിക്കുകയും ചെയ്യുന്നു (https://youtu.be/20TuuxYRvnk). അതിനുംമുമ്പ് സെപ്റ്റംബർ 30 ലെ ഏഷ്യാനെറ്റ് സംവാദത്തിൽ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച ആർ. വി. ബാബു യുവതീപ്രവേശമെന്ന് പ്രയോഗിക്കുന്നുണ്ട് (https://youtu.be/TXo7FvLMiYg). ഇതു പിന്നീട് ടെലിവിഷനും പത്രവുമടക്കമുള്ള മാധ്യമങ്ങൾ സാവധാനത്തിലാണെങ്കിലും സ്വീകരിക്കുന്നതായാണ് കാണുന്നത്. പത്രവും ചാനലുമൊക്കെ രണ്ടും ഇടകലർത്തി ഉപയോഗിക്കുകയാണ് പിന്നീട് ചെയ്തത്. ചിലപ്പോഴൊക്കെ തലക്കെട്ടിൽ യുവതീപ്രവേശവും അകത്ത് രണ്ടുംകൂടിയും ഉപയോഗിച്ചുകാണുന്നു. ഈ മാറ്റം നിഷ്കളങ്കമല്ല, കൃത്യമായ പ്രത്യയശാസ്ത്രവിനിമയത്തിന് സാധ്യതയുള്ളതുമാണ്. പരിശോധിക്കാം.

സ്ത്രീപ്രവേശത്തെ യുവതീപ്രവേശമെന്ന് മാറ്റുന്നതിൽ നിർണായകമായ ചില ലക്ഷ്യങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഈ പ്രയോഗങ്ങളിൽ ഏതാണ് ശരി എന്നതാണ്. ആയുർദൈർഘ്യം തന്നെ 70 ൽ താഴെയുള്ള ഒരിടത്ത് യുവത്വത്തിന് കല്പിക്കാവുന്ന പ്രായപരിധി എത്രയാണ് എന്നത് പ്രസക്തമാണ്. അതെന്തായാലും 50 വരെ പോകില്ല എന്നതിൽ തർക്കമുണ്ടാവാൻ ഇടയില്ല. മാത്രമല്ല 10 വയസ് കഴിഞ്ഞ ഉടനെ യുവത്വം അനുവദിച്ചുകിട്ടുകയുമില്ല. ആറാം ക്ലാസിൽ പഠിക്കുന്ന യുവാവും യുവതിയും എന്നൊക്കെയൊരു വാർത്ത ഈ മാധ്യമങ്ങൾ കൊടുക്കുമോ എന്നതാലോചിച്ചാൽ ഇക്കാര്യം വ്യക്തമാകും. അതായത് ഈ രണ്ട് പ്രായത്തിനുമിടയിലുള്ള പ്രായങ്ങളെ മുഴുവൻ യുവത്വമായി കണക്കാക്കാൻ ഏത് വിധത്തിലും പ്രയാസമാണ്. ശരീരശാസ്ത്രവും അംഗീകരിക്കുന്നതല്ല ഈ പ്രായഗണനയുടെ യുവത്വസാധുത.

ശബരിമല സ്ത്രീപ്രവേശനവിധിക്കെതിരായ പ്രതിഷേധം

ശബരിമലയെ സംബന്ധിച്ച് ഈയൊരു പ്രായഗണന വരുന്നത് സ്ത്രീകളുടെ ആർത്തവവുമായി ബന്ധപ്പെട്ടാണ്. 10 വയസിന് ശേഷമാണ് ആർത്തവം തുടങ്ങാനുള്ള സാധ്യത എന്നതും 50 വയസ്സിൽ മിക്കവാറും ആർത്തവ വിരാമമാകും എന്നതും ശാസ്ത്രീയമായിതന്നെ സാധുത കൂടതലുള്ള നിഗമനമാണ്. ഇതൊരു സാമാന്യവത്കരണമാണ് എന്നതും വസ്തുതയാണ്. ചിലർ ഇതിൽ വ്യത്യസ്തരായിരിക്കാം. 50 നുമുമ്പ് ആർത്തവവിരാമം ഉണ്ടാകുന്നവരും 50 നു ശേഷവും വിരാമം ആകാത്തവരും ഉണ്ടാകാം. വിശ്വാസികൾക്കിടയിലുള്ള മറ്റ് പല വിശ്വാസങ്ങളുമെന്നപോലെ ഇതും കണ്ടാൽ അത് വിട്ടുകളയാം. എന്നാൽ ഈ ഘട്ടത്തെ യുവത്വവുമായി ചേർത്തുവെയ്ക്കുന്നത് സാധുവാകില്ല. പിന്നെയും ഭാഷാപരമായ ഈ തെറ്റ് കോടതിവിധിയെ എതിർക്കുന്നവർ മാത്രം പറയുന്നതുകേട്ട് മാധ്യമങ്ങൾ സ്വീകരിച്ചത് എങ്ങനെയാവാം എന്ന ആലോചന പ്രസക്തമാണ്.

യുവതിയിലെ
അധികസൂചന

സ്ത്രീ എന്നതിനേക്കാൾ വിശ്വാസികളെ പ്രകോപിപ്പിക്കാൻ ‘യുവതി’യ്ക്കു കഴിയും എന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു വസ്തുത. പ്രതിഷ്ഠയുടെ നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കല്പനത്തിൽ സ്ത്രീപ്രവേശം എതിർക്കുന്നവരെ സംബന്ധിച്ച് യുവതി എന്ന പദം ഇരട്ടി പ്രഹരശേഷിയുള്ളതാണ്. 11 വയസുള്ള ഒരു പെൺകുട്ടിയേയും 49 വയസുള്ള ഒരു മധ്യവയസ്കയേയും യുവതി എന്ന പദം സ്മരണയിൽ ഉല്പാദിപ്പിക്കില്ല. മറിച്ച് സാധാരണ വ്യവഹാരത്തിലുള്ള 18 വയസ്സുള്ള സ്ത്രീ ആയിരിക്കും തത്സ്ഥാനത്ത് വരിക. ഈ സാധ്യതയാണ് ഈ പ്രയോഗം നടത്തുന്നവർ ലക്ഷ്യമാക്കുന്നത്. അതായത് പൂർണമായും ധൈഷണിക സാധ്യതകളെയാണ് ഈ പദവിനിമയത്തിലൂടെ പ്രയോക്താക്കൾ ഉപയോഗി ക്കാൻ ശ്രമിക്കുന്നത്. ഇത് കുറേക്കൂടി വിശദീകരിക്കേണ്ടതുണ്ട്.

ധൈഷണികവൃത്തികളെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ അത് വ്യക്തിപരമായാണ് പരിഗണിക്കുന്നത് എന്നത് നിസ്തർക്കമാണ്. ഒരാളുടെ മസ്തിഷ്കം അയാൾക്ക് മുമ്പിലെത്തുന്ന ചിഹ്നങ്ങളോട് നടത്തുന്ന പ്രതികരണവും അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ആശയവുമാണ് ഇവിടെ പ്രധാനമായും ചിന്തനീയമായിട്ടുള്ളത്. ഈ പ്രകരണം വായിക്കുമ്പോൾ നടക്കുന്നതും മറ്റൊന്നല്ല. ഭാഷയോ ഭാഷേതരചിഹ്നങ്ങളോ വേറിട്ടോ കൂടിച്ചേർന്നോ ഒരു വ്യവഹാരമായി തീരുന്നത് അതിൽ സംവേദനവും പ്രതികരണവും നടക്കുമ്പോഴാണ്. ഈ വ്യാവഹാരിക മൂല്യംതന്നെ ധൈഷണികതയിൽ അടിസ്ഥാനപ്പെട്ടതാണ് എന്നർഥം. ഒരു പ്രയോഗം സംവേദനത്തിന് വഴങ്ങാത്ത ഒന്നായി നിന്നാൽ അതിന് വ്യവഹാരമാകാൻ കഴിയില്ല. മാത്രമല്ല വ്യവഹാരം എന്നത് വെറുമൊരു വിനിമയഘടകം എന്ന നിലയിൽ പ്രയോഗിക്കുന്നതുമല്ല. പ്രത്യയശാസ്ത്രത്തോട് ചേർന്നുനില്ക്കുന്ന ആശയമാണത്. അതായത് പ്രത്യക്ഷവിനിമയവും ഗൂഢവിനിമയവും എന്നിങ്ങനെ കൂടിച്ചേരുന്ന ഒന്നാണ് വ്യവഹാരം എന്ന് മനസ്സിലാക്കം. അങ്ങനെ വരുമ്പോൾ രണ്ടുതലത്തിലും പഠനം നടത്തേണ്ടതുമുണ്ട്. പ്രത്യക്ഷമായി യുവതീപ്രവേശം എന്ന പദം നല്കുന്ന അർഥങ്ങൾക്കപ്പുറം അവയുണ്ടാക്കുന്ന വൈകാരികസാധ്യതകൾക്കുടി പ്രസക്തമാകുന്നത് അങ്ങനെയാണ്. യുവതി എന്ന ശബ്ദം ഒരേസമയം ഒരു ഭാഷാപദവും അതിനാൽ ഭാഷാചിഹ്നവുമാണ്. അതിന് നിഘണ്ടു നല്കുന്ന അർഥങ്ങളും അതിന്റെ നാളിതുവരെയുള്ള അനേകം പ്രയോഗങ്ങളുടെ ചരിത്രപരതയിൽ ഊന്നുന്ന മറ്റ് പ്രയോഗാർഥങ്ങളും ഉണ്ട്. ഇതിൽ രണ്ടാമത് പരാമർശിച്ച പ്രസക്തമായ ഘടകം പ്രതിജനഭിന്നവും ആകും. ഈ ഭിന്നതയ്ക്ക് ലിംഗം, അധികാരം, സമുദായം, വിദ്യാഭ്യാസം, പ്രാദേശികം, സാമ്പത്തികം എന്നിങ്ങനെ അനേകം കാരണങ്ങളും ഉണ്ട്. ചുരുക്കത്തിൽ യുവതി എന്ന പദം കേൾക്കുന്ന എല്ലാവർക്കും ഒരേ ആശയമല്ല കിട്ടുക. ഇവയെ അഭിമുഖീകരിച്ചു മാത്രമേ വ്യവഹാരാപഗ്രഥനം പൂർണ്ണമാകൂ.

ധൈഷണികസൂചനകൾ

ധാരണ, വർഗ്ഗീകരണം, സ്മരണ എന്നിങ്ങനെയുള്ള അനേകം ധൈഷണിക വൃത്തികളുടെ ഫലമാണ് ചിഹ്നമുണ്ടാക്കുന്ന ആശയങ്ങൾ. ഒരു സ്ത്രീയിൽ യുവതി എന്ന പദം ഉണ്ടാക്കുന്ന അനുഭവങ്ങളാവില്ല പുരുഷനിൽ ഉണ്ടാക്കുക. ഒന്ന് ആനുഭവികവും മറ്റൊന്ന് വീക്ഷണവുമാണ് എന്ന് സാമാന്യമായി പറയാം. ഇതിനുതന്നെ പിന്നേയും അവാന്തരഘടകങ്ങൾ ഉണ്ടാകുകയും ചെയ്യും. ശബരിമലയെ സംബന്ധിച്ച് ആർത്തവമാണ് വിഷയമെന്ന് വ്യക്തമാണ്. അത് സൂക്ഷ്മമായി വിനിമയിക്കുക മാത്രമല്ല ഈ പദം ചെയ്യുന്നത്. നൈഷ്ഠികബ്രഹ്മചര്യം എന്ന പ്രതിഷ്ഠയുടെ സവിശേഷതയെ തകർക്കാൻ മാത്രം ശക്തമായ ഒന്നായി ഇവിടെ യുവത്വം പ്രവർത്തിക്കുന്നുണ്ട്. പ്രത്യുല്പാദനപരം എന്നതിൽനിന്ന് മാറി ലൈംഗികതയിലേക്ക് ശ്രദ്ധയെ കൊണ്ടുവരുന്ന ഒരു സാന്ദർഭികാർഥം യുവതിയ്ക്ക് ലഭിക്കുന്നുണ്ട്. ഇത് യുവതി എന്ന പദം മാത്രമായി ഉണ്ടാക്കുന്നതല്ല. മറിച്ച് ബ്രഹ്മചര്യം, അതിനെ വെല്ലുവിളിക്കുന്ന അവസ്ഥ, അത് തകരാനുള്ള സാധ്യത എന്നിങ്ങനെയാണ് ഈ പ്രത്യേക അർഥസാധ്യതകൾ രൂപപ്പെട്ടുവരുന്നത്. ലൈംഗികത മാറ്റിനിർത്തുന്നതാണ് പ്രാഥമികമായി ബ്രഹ്മചര്യം. അതൊരു നിഷ്ഠയായി ജീവിതത്തിൽ സ്വീകരിക്കുമ്പോൾ അതിനെ നൈഷ്ഠികബ്രഹ്മചര്യം എന്ന് പറയുന്നു. ഇതിന് തടസ്സമുണ്ടാവുക, ഭംഗമുണ്ടാവുക എന്നാൽ ലൈംഗികത/ലൈംഗികബന്ധം വീണ്ടും സംഭവിക്കുക എന്നാണ് മനസ്സിലാ ക്കേണ്ടത്. അങ്ങനെ ഒരു സാധ്യത യുവതിയെ പ്രവേശിപ്പിച്ചാലാണ് കൂടുതലായി ഉണ്ടാവുക. (ഇതിൽ യുവതികളും ഭയക്കേണ്ടതുണ്ട്. അവരുടെ ഇച്ഛ അതല്ലെങ്കിൽ അങ്ങനെയും ഒരു അപകടം ശബരിമലയിൽ കാത്തിരിക്കുന്നുണ്ട് എന്ന സൂചന ലഭിക്കുന്നു.) ഒരേസമയം വിശ്വാസികളോടും കോടതിവിധിയോട് ഐക്യപ്പെട്ട് ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളോടും വിധിയ്ക്കെതിരായ ഭാഗത്തുനിന്ന് ഇടപെടുന്നു ഈ പദം.

സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പിണറായി സർക്കാരിനെതിരെ നടന്ന പ്രതിഷേധം

ഏറ്റവും ഊർജ്ജമുള്ള, ഉത്സാഹമുള്ള, കർമ്മോന്മുഖമായ ഘട്ടം എന്ന നിലയിലാണ് യുവത്വത്തെ വിലയിരുത്തുന്നത്. ലൈംഗികത, വൈവാഹികത എന്നിങ്ങനെയുള്ള വ്യവഹാരങ്ങളുടെ ഘട്ടവും ഇതുതന്നെ. മാത്രമല്ല പൊതുബോധത്തിൽ എന്തിനും തയ്യാറുള്ള, എടുത്തുചാട്ടങ്ങളുടെ, സാഹസികതയുടെ പ്രായംകൂടിയാണത്. ഈവക ആലോചനകളെക്കൂടി പ്രസ്തുത പകരപ്പദം സ്മരണയിലേക്ക് കൊണ്ടുവരുന്നുണ്ട്. ലിംഗസൂചനയ്ക്കുപുറമേ സ്ത്രീ എന്ന പദം നല്കുന്ന പക്വതയുടെ ആശയം യുവതിയിൽ ഇല്ല എന്നുകൂടി കാണാം.

പദത്തിന്റെ അർഥങ്ങൾ

യുവതി എന്ന പദത്തിന്റെ നിഘണ്ട്വർഥവും മേല്പറഞ്ഞ ആശയങ്ങളെ സാധൂകരിക്കുന്നുണ്ട്. ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പ് യുവതിയ്ക്ക് കൊടുത്തിരിക്കുന്ന അർഥം ഇതാണ്.
1. യൗവന യുക്തയായ സ്ത്രീ. വിവരണം: പുരുഷനോടുകൂടി ചേരുന്നവൾ എന്നർത്ഥം.
2. മഞ്ഞൾ. വിവരണം: യുവതി, പതിനാറു വയസ്സിന്നു മേൽ നാല്പതു വയസ്സിന്നു താഴെയുള്ള സ്ത്രീ.
ഇവിടെ പ്രായത്തിന്റെ കാര്യത്തിൽ കൃത്യമായ ഒരു ഗണനയുണ്ട്. മാത്രമല്ല ‘പുരുഷനോടുകൂടി ചേരുന്നവൾ’ എന്ന അർഥവും ഉണ്ട്. യുവതിക്ക് ഭാര്യ എന്ന അർഥവും ഭാഷയിലുള്ളതായി ശബ്ദതാരാവലി തന്നെ തെളിവ് നല്കുന്നു. ‘പരയുവതി’ എന്ന പദത്തിന് ‘മറ്റൊരുവന്റെ ഭാര്യ’ എന്നാണ് അർഥം നല്കിയിരിക്കുന്നത്. സ്ത്രീയ്ക്ക് നല്കിയിട്ടുള്ള അർഥങ്ങളിൽ ഒന്നും ഭാര്യയാണ്. എങ്കിലും ഒന്നാമത്തെ അർഥം ലിംഗസൂചകമാണ്. പെൺ എന്നാണത് കൊടുത്തിരിക്കുന്നത്. അതിന്റെ വിവരണത്തിൽ പ്രായം സംബന്ധിച്ച് ചില വിശദീകരണങ്ങൾ നല്കിയിട്ടുണ്ട്.
വിവരണം: സ്ത്രീകളുടെ പ്രായഭേദങ്ങൾ — ബാല, തരുണീ, പ്രൗഢ, വൃദ്ധ. 16 വയസ്സുവരെ ബാല. 16-നു മേൽ 30-നകം തരുണി. 30-നു മേൽ 50-നകം പ്രൗഢ. അതിനു മേൽ വൃദ്ധ. ഋതുകാലം — 12 വയസ്സിൽ തുടങ്ങും. 50-ൽ നില്ക്കും. പകൽ ഋതുവായാൽ സൗഭാഗ്യവതി. രാത്രിയിൽ – ഭർത്താവിന്റെ ക്ഷേമലാഭങ്ങളെ വർദ്ധിപ്പിച്ചു ഭർത്താവിനെ നല്ല അവസ്ഥയിൽ കൊണ്ടുവരും. ഈ വിശദീകരണത്തിന് ഭാഷയുടെ സമകാലിക വ്യവഹാരങ്ങളിൽ പ്രസക്തി കുറവാണെങ്കിലും ശബരിമല സ്ത്രീപ്രവേശവിഷയത്തിൽ പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ യുവതിയെന്ന് വിളിക്കുന്നതിലെ അപാകം വ്യക്തമാകും. സ്ത്രീയുടെ പര്യായപദങ്ങളിൽ യുവതി എന്ന പദമില്ല എന്നതും സ്വാഭാവികമെങ്കിലും ഇവിടെ പ്രസക്തമാണ്. സ്ത്രീയിൽനിന്ന് യുവതിയിലേക്ക് വരുമ്പോൾ ലിംഗസൂചനയേക്കാൾ, പ്രായസൂചനയാണ് പ്രസക്തമാവുന്നത്. അതിനാൽ ലിംഗവിവേചനമാണ് ശബരിമലയിൽ ഉള്ളത് എന്ന വസ്തുതയെ മറച്ചുപിടിക്കാൻ ഈ പകരപ്പദത്തിന് കഴിയുന്നു.
ലിംഗവ്യത്യാസത്തെ കുറിക്കാനായി സ്ത്രീ, പുരുഷൻ (ട്രാൻസ് ജെൻഡർ പോലുള്ള ഇതര ലൈംഗികരെക്കുറിക്കാൻ മലയാളത്തിൽ ഉചിതമായ പദങ്ങൾ ഉണ്ടായിട്ടുവേണം. മൂന്നാംലിംഗം, ഭിന്നലിംഗം പോലുള്ളവ ഉചിതമായ പദങ്ങൾ അല്ല) എന്നോ പെൺ, ആൺ എന്നിങ്ങനെയോ ആണ് ഭാഷയിൽ പ്രയോഗിച്ചു വരുന്നത്.

ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയെ സുരക്ഷിതയായി കൊണ്ടുപോകുന്ന പോലീസ്

ഇത്രയും വിശദീകരിച്ചതിൽനിന്ന് ചിലത് വ്യക്തമാകുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളിൽ കർതൃത്വപരമായ പങ്കാളിത്തം മാധ്യമങ്ങൾക്കുമുണ്ട്. കേവലമായ രാഷ്ട്രീയക്കളികൾ മാത്രമല്ലായിരുന്നു അത്. അഥവാ രാഷ്ട്രീയമായിരുന്നു എന്നുതന്നെ വയ്ക്കുക. അതിനുള്ള വഴി ഒരുക്കുന്നതിൽ മാധ്യമങ്ങൾ, വിശേഷിച്ച് വാർത്താ ചാനലുകൾ നിർണ്ണായകമായി ഇടപെട്ടിട്ടുണ്ട്. ഒരു നവോത്ഥാനാനന്തര സമൂഹമായിട്ടും കേരളം പ്രതിലോമതകളുടെ പുനരുദ്ധാരണസമൂഹമായി തുടരുന്നതിൽ മാധ്യമങ്ങൾ അക്ഷരാർഥത്തിൽ ‘മാധ്യമ’ങ്ങളാണ്. 

Comments