നഗുലേശ്വരി എന്ന മണിച്ചേച്ചി; ജീവിതത്തിലും സമരങ്ങളിലും കെ.വേണുവിന്റെ പങ്കാളി

ആധുനിക കേരളത്തിലെ രാഷ്ട്രീയ അവകാശ പോരാട്ടങ്ങളുടെ മുൻനിരയിലെ മുഴക്കമുള്ള പേരാണ് കെ.വേണു എന്നത്. ജനാധിപത്യ ചേരിയിൽ നിന്ന് സമരം ചെയ്യുകയും നിലപാട് പറയുകയും ചെയ്യുന്ന വേണുവിൻെറ ജീവിതത്തോടൊപ്പം എം.ജി.ശശി നടത്തുന്ന സഞ്ചാരം. കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ പരമ്പര തുടങ്ങുന്നു.

കെ.സച്ചിദാനന്ദൻ എഴുതിയ ഒരു കവിതയുടെ പേര് 'മാർച്ച് 30-1976. കെ.വേണുവിന്...' എന്നായിരുന്നു. ആ കവിതയിലെ ചില വരികൾ ഇങ്ങനെയാണ്:

“ഖനികളിൽ ഉരുകിത്തിളയ്ക്കുന്ന ലോഹങ്ങളിൽ നിന്ന് ഒരു പുതുവിഗ്രഹവും ഉയർന്നു വരുന്നില്ല. മലമുകളിൽ നിന്ന് ഒരാളുമൊന്നും പ്രവചിയ്ക്കുന്നില്ല. മെഴുകുതിരി പോലെ കത്തുന്ന മുറിവുകളിൽ നിന്ന് ഒരു ദൈവവും എത്തി നോക്കുന്നില്ല.

കെ. വേണു കവി സച്ചിദാനന്ദനൊപ്പം
കെ. വേണു കവി സച്ചിദാനന്ദനൊപ്പം

മൗനത്തിൻ്റെ വൈദ്യുതീകരിയ്ക്കപ്പെട്ട ഉൾത്തോടിൽ നിന്ന് ഒരിടിമിന്നലും മഴ കൊണ്ടുവരുന്നില്ല. ദൈവവിഗ്രഹം രൂപപ്പെടുത്തുന്ന വിരലുകൾ വിഗ്രഹമുഖത്ത് പിശാചിൻ്റെ കണ്ണുകൾ കണ്ട് അമ്പരന്നു പതറുന്നു. ഇടവഴികളിലെല്ലാം ആ ഭീകരൻ്റെ വലച്ചരടുകൾ മാത്രം...”

‘ഒരന്വേഷണത്തിൻ്റെ കഥ’ എന്ന കെ.വേണുവിൻെറ ആത്മകഥയ്ക്ക് 2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സന്ദർഭത്തിലാണ് അദ്ദേഹവുമായുള്ള ഈ അഭിമുഖം പ്രസിദ്ധീകരിക്കുന്നത്. കെ.വേണുവിന് അഭിനന്ദനങ്ങൾ. ഈ സംഭാഷണം അദ്ദേഹത്തിൻ്റെ ജീവിതസഖിയായിരുന്ന, 2024 മാർച്ച് ഒന്നിന് അന്തരിച്ച 'നഗുലേശ്വരി എന്ന മണിച്ചേച്ചി'യുടെ ഓർമ്മയ്ക്കു മുന്നിൽ സമർപ്പിയ്ക്കുന്നു. മണിച്ചേച്ചിയ്ക്ക് സ്മരണാഞ്ജലികൾ...

കെ. വേണുവും ഭാര്യ നഗുലേശ്വരിയും
കെ. വേണുവും ഭാര്യ നഗുലേശ്വരിയും

കണ്ടുമുട്ടൽ

എം.ജി.ശശി: 1980-കളിലെ കഥയാണ്. ഞങ്ങൾ പട്ടാമ്പി കോളേജിൽ പഠിയ്ക്കുന്നു. വിപ്ലവ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമാകാൻ തുടങ്ങിയിരുന്നു. ഒരു രാത്രിയിൽ ഞാനും എൻ്റെ സുഹൃത്ത് സഖാവ് ഹൈദ്രോസും പട്ടാമ്പി പോലീസ് സ്റ്റേഷന് മുന്നിലൂടെ സൈക്കിളിൽ പോവുകയായിരുന്നു. എതിരെ നടന്നു വരുന്ന ഒരാളെ എനിയ്ക്ക് പരിചയമുണ്ടല്ലോ. പക്ഷേ, എവിടെ വെച്ച്, എങ്ങിനെയാണ് പരിചയം? സൈക്കിൾ തിരിച്ച് ഒന്നു രണ്ടു ലൈറ്റ് പോസ്റ്റുകൾ ഞാനയാളെ പിന്തുടർന്നു. പെട്ടെന്ന് ആളെ പിടി കിട്ടി. സൈക്കിൾ മുന്നിൽ കയറ്റി നിർത്തി ഞാൻ ചോദിച്ചു. "സഖാവ് വേണുവല്ലേ?''

കെ. വേണു പഴയ ഫോട്ടോ
കെ. വേണു പഴയ ഫോട്ടോ

അന്ന് സഖാവും ഞാനും ഹൈദ്രോസും അതേ സൈക്കിളിൽ ഓങ്ങല്ലൂരിൽ സഹപാഠികൾ താമസിയ്ക്കുന്ന സ്ഥലത്തെത്തി. കെ.വേണു കുളിച്ചു, കഞ്ഞി കുടിച്ചു. ഓങ്ങല്ലൂർ പാടത്ത് പോയിരുന്ന് ഞങ്ങൾ രാഷ്ട്രീയം സംസാരിച്ചു. യോഗക്ഷേമസഭയുടെ സമ്മേളനത്തിൽ 'നമ്പൂതിരിയെ മനുഷ്യനാക്കാൻ' എന്ന ഇ.എം.എസ്സിൻ്റെ ചരിത്രപ്രധാനമായ പ്രസംഗം നടന്ന സ്ഥലമാണ് പട്ടാമ്പിയ്ക്കടുത്തുള്ള ഓങ്ങല്ലൂർ. നക്ഷത്രങ്ങൾ വിരിഞ്ഞ നിലാവ് നിറഞ്ഞ ആ നിറകൊണ്ട പാതിരയിൽ സംസാരിയ്ക്കുന്നതിനിടെ കെ.വേണു ഉറങ്ങിപ്പോവുകയും പിന്നെ ഞെട്ടിയുണർന്ന് പറഞ്ഞു കൊണ്ടിരുന്നത് കൃത്യമായി തുടരുകയും ചെയ്തത് നല്ല ഓർമ്മയുണ്ട്. പുലർകാലത്ത് ഏതോ തടിലോറിയ്ക്ക് കൈ കാണിച്ച് കെ.വേണുവിനെ ഞങ്ങൾ യാത്രയാക്കി. നാല് പതിറ്റാണ്ടായീ ഈ കണ്ടുമുട്ടൽ നടന്നിട്ട്.

അന്നു മുതൽ ഇന്നു വരെ ഏറെ ബഹുമാനത്തോടെയാണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിയ്ക്കുന്നത്. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൻ്റെ മുൻനിരക്കാരിൽ പ്രധാനിയായിരുന്നൂ കെ.വേണു. CRC CPI (ML)-ൻ്റെ അഖിലേന്ത്യാ സെക്രട്ടറി. പിന്നീട് തീവ്രരാഷ്ട്രീയം ഉപേക്ഷിയ്ക്കുകയും ജനാധിപത്യ അന്വേഷകനായി അദ്ദേഹം മാറുകയും ചെയ്തു. ഇപ്പോൾ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വിവരം വിളിച്ചറിയിക്കാനുള്ള ഭാഗ്യം എനിയ്ക്കാണുണ്ടായത്. 'അവാർഡോ... എനിയ്ക്കോ?' എന്ന അത്ഭുതമായിരുന്നൂ കെ.വേണുവിൻ്റെ ആദ്യ പ്രതികരണം.

കെ.വേണുവിൻ്റെ ജീവിതയാത്രയും ജനാധിപത്യ അന്വേഷണവുമാണ് ഈ പരമ്പരയ്ക്ക് ആധാരമായത്. ഞങ്ങളൊക്കെ കെ.വേണുവിനെ 'കേവി' എന്നാണ് വിളിയ്ക്കുക. ഈ സംഭാഷണ പരമ്പരയിലേയ്ക്ക് നിറഞ്ഞ മനസ്സോടെ നിങ്ങൾക്കെല്ലാർക്കും, പ്രത്യേകിച്ച് ‘കേവി’യ്ക്കും സ്വാഗതം.

ലോക്സഭാ തെരഞ്ഞെടുപ്പ് - 2024

എം.ജി.ശശി: ‘കേവി’ എന്ന വ്യക്തിയെയും വ്യക്തിജീവിതത്തെയും വിലയിരുത്തുക കൂടിയാണ് ഈ പരമ്പരയുടെ ഉദ്ദേശം. പക്ഷേ, പെട്ടെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിരം ചോദിക്കുന്ന രാഷ്ട്രീയ വിഷയം തന്നെ ഉന്നയിക്കേണ്ടി വരുന്നു. 2024-ലെ തെരഞ്ഞെടുപ്പു ഫലം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മുന്നോട്ട് പോകലായിട്ട് തോന്നുന്നുണ്ടോ? ജനാധിപത്യ അന്വേഷകനായ കേവിയുടെ നിരീക്ഷണം എങ്ങനെയാണ് ?

എം.ജി ശശി
എം.ജി ശശി

കെ.വേണു: ഈ ലോക്സഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിയ്ക്കുന്ന സമയത്ത് പൊതുവിൽ ഇന്ത്യൻ ജനാധിപത്യം അതിജീവിയ്ക്കുമോ എന്ന ആശങ്ക ജനാധിപത്യ വിശ്വാസികൾക്കിടയിൽ ഉണ്ടായിരുന്നു. എനിയ്ക്കും അതേ ആശങ്ക തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി കുറച്ച് മുന്നോട്ട് പോയിക്കഴിഞ്ഞപ്പഴേയ്ക്കും അന്തരീക്ഷം കാര്യമായി മാറുകയുണ്ടായി. ജനങ്ങളുടെ പങ്കാളിത്തവും സജീവതയുമൊക്കെ പല റിപ്പോർട്ടുകളിലായി പുറത്തറിയാൻ തുടങ്ങി. ആറേഴ് ഘട്ടമായിട്ടാണല്ലോ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ ഒന്നു രണ്ടു ഘട്ടം കഴിഞ്ഞപ്പൊത്തന്നെ ജനങ്ങൾക്കിടയിൽ വലിയൊരു ചലനം കാണാൻ കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് തന്നെ ഓൺലൈനിൽ ഞാൻ ഇതിനെക്കുറിച്ച് എഴുതുകയുണ്ടായി. 'ഇന്ത്യൻ ജനാധിപത്യം അതിജീവനത്തിൻ്റെ പാതയിൽ' എന്നാണ് ഞാനതിന് തലക്കെട്ട് കൊടുത്തത്. ഇപ്പോൾ അതിജീവനം നടന്നുകൊണ്ടിരിയ്ക്കുന്നൂ എന്ന അർത്ഥത്തിൽ. അത് ശരിയ്ക്കും സാധൂകരിയ്ക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പു ഫലം വന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം മറികടന്നു കൊണ്ടാണല്ലോ യഥാർത്ഥ ജനവിധി ഉണ്ടായത്. അത് തികച്ചും ആവേശമുണ്ടാക്കിയ ഒരു കാര്യമാണ്. ഇന്ത്യൻ ജനാധിപത്യം അതിജീവിയ്ക്കുമെന്ന് മാത്രമല്ല ഇന്ത്യൻ ജനതയുടെ ഒരു ജനാധിപത്യ സ്വഭാവം ഞാൻ പണ്ടു മുതലേ ആലോചിയ്ക്കാറുള്ളതാണ്. ഗാന്ധിയൻ കാലഘട്ടം മുതൽക്ക് തന്നെ ഇന്ത്യൻ സമൂഹത്തിന് അടിസ്ഥാനപരമായൊരു മതേതര ജനാധിപത്യ ബോധമുണ്ട്.

ബാല ഗംഗാധര തിലകൻ
ബാല ഗംഗാധര തിലകൻ

1920-ൽ ബാല ഗംഗാധര തിലകൻ മരിച്ചപ്പോൾ ഗാന്ധി അധികാരം ഏറ്റെടുത്ത് കഴിഞ്ഞിട്ടുള്ള ആ സമയത്ത്, അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. ഹിന്ദു-മുസ്ലിം-സിഖ് സാഹോദര്യമായിരിക്കും സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ അടിസ്ഥാനമെന്ന്. പിന്നീട് ഗാന്ധി കൊല്ലപ്പെടുന്നതു വരെയുള്ള 28 വർഷവും ഒരു ജനാധിപത്യ പ്രക്രിയ ഇവിടെ നിലനിന്നിട്ടുണ്ട്. കൊല്ലപ്പെടുന്നതു തന്നെ ആ നിലപാട് കാരണമാണ് എന്നു പറയാം. ജനാധിപത്യവും മതേതരത്വവുമാണ് അതിൽ പ്രധാനം. 'ഈശ്വര-അള്ളാ തേരേ നാം' പോലെ മതസൗഹാർദ്ദവും മതേതരത്വവും ഗ്രാമങ്ങളിലേയ്ക്കെത്തിയ്ക്കുന്ന ഗാന്ധിയുടെ പ്രത്യേക ശൈലിയുണ്ടല്ലോ...

ജനാധിപത്യം എന്ന വാക്ക് ഗാന്ധി ഉപയോഗിയ്ക്കാറില്ല. മതസൗഹാർദ്ദം എന്നാണ് അദ്ദേഹം പറയുക. ആ മതസൗഹാർദ്ദത്തെ ഉപയോഗിച്ചു കൊണ്ടാണ് അംബേദ്കറും നെഹ്റുവും കൂടി ആധുനിക ഇന്ത്യൻ ജനാധിപത്യത്തിന് രൂപം നല്കുന്നത്. അപ്പോൾ, അങ്ങനെയുള്ള ശക്തമായ ഒരടിത്തറ ഇവിടെ ഉള്ളതുകൊണ്ട്, ഇപ്പൊ വന്നിട്ടുള്ള ഈ ഹിന്ദുത്വ രാഷ്ട്രീയത്തിനൊന്നും ആ അടിത്തറയെ തകർക്കാൻ കഴിയില്ല എന്നൊരു ബോധം എൻ്റെ ചിന്തയിലുണ്ടായിരുന്നു.

എം.ജി.ശശി: നോർത്ത് ഇന്ത്യക്കാരും മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുമൊക്കെ പൊതുവെ രാഷ്ട്രീയമായി ബോധമില്ലാത്തവരാണ് എന്നാണ് മലയാളികൾ വിലയിരുത്താറുള്ളത്. പക്ഷേ, അതിനെയൊക്കെ മാറ്റിമറിയ്ക്കുന്ന വലിയൊരു ഫലമുണ്ടായി.

കെ.വേണു: ഇപ്പോൾ മാത്രല്ല, അടിയന്തരാവസ്ഥ കഴിഞ്ഞ സമയത്തും നാം ഇത്തരത്തിലുള്ള ഫലം കണ്ടിട്ടുള്ളതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരെ മലയാളികൾ അനുകൂലിച്ചപ്പോൾ ഈ പറഞ്ഞ ഉത്തരേന്ത്യൻ ജനതയാണ് അന്ന് അടിയന്തരാവസ്ഥയെ തോല്പിച്ചത്. ഇന്ത്യൻ സമൂഹത്തിന് അങ്ങനെയൊരു ജനാധിപത്യ മതേതര അടിത്തറയുണ്ട് എന്നൊരു വിലയിരുത്തൽ എൻ്റെ മനസ്സിൽ ശക്തമായി നിലനില്ക്കുന്നുണ്ട്. അത് ശരിയാണെന്ന് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിയ്ക്കപ്പെട്ടത്.

നഗുലേശ്വരി എന്ന മണിച്ചേച്ചി

എം.ജി.ശശി: മണിച്ചേച്ചി എനിയ്ക്ക് സഹോദരി തന്നെ ആയിരുന്നു. ഞങ്ങളൊക്കെ മണിച്ചേച്ചി എന്ന് വിളിച്ചിരുന്ന കേവിയുടെ ജീവിതസഖി നഗുലേശ്വരിയെക്കുറിച്ച്.

കെ.വേണു: കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഒരു തൊണ്ടുതല്ല് തൊഴിലാളി സ്ത്രീ. ശരിയ്ക്ക് രണ്ടാം ക്ലാസുകാരി എന്നു പറയാം. അതാണ് മണിയുടെ പശ്ചാത്തലം. പലരും എന്നോട് ഈ വിഷയം ചോദിയ്ക്കാറുണ്ട്. സൈദ്ധാന്തിക കാര്യങ്ങളൊക്കെ അന്വേഷിക്കുന്ന ബുദ്ധിജീവിയായ നിങ്ങളും ഇതുപോലൊരു സ്ത്രീയും തമ്മിൽ എങ്ങനെ പൊരുത്തപ്പെട്ടു പോകുമെന്നുമായിരുന്നു ചോദ്യം. പഴയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട യാത്രയിൽ ഒരിക്കൽ ബോംബെയിൽ എത്തിയപ്പോൾ അവിടുത്തെ സാംസ്കാരിക വേദിയുടെ ഒരു സജീവ പ്രവർത്തകയോട് ഞാൻ എൻെറ വിവാഹം കഴിഞ്ഞ കാര്യം പറയുകയുണ്ടായി.

മണിയുടെ പശ്ചാത്തലമറിഞ്ഞപ്പോൾ ഉടനെ അവർ എടുത്തു ചോദിച്ചത് 'ഓ... സഖാവിപ്പൊ അവരെ ഒരിടമയാക്കി കൊണ്ടു നടക്കുകയായിരിക്കും അല്ലേ' എന്നാണ്. വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു സ്ത്രീയാണ് മണി എന്നറിഞ്ഞപ്പൊ അവർക്ക് അങ്ങനെയാണ് തോന്നിയത്. പക്ഷേ, മണിയെ നന്നായി മനസ്സിലാക്കിയ എല്ലാവർക്കുമറിയാം നേരെ മറിച്ചാണ് കാര്യങ്ങളെന്ന്. ശരിയ്ക്കും വളരെ ശക്തമായ ഇച്ഛാശക്തിയുള്ള ഒരു സ്ത്രീ ആയിരുന്നു. തൊണ്ടുതല്ല് തൊഴിലാളിയായിട്ട്, അവരുടെ നാട്ടിൽ അന്തിക്കാട് കരിക്കൊടി എന്ന സ്ഥലത്താണ് മണി പണിയെടുത്തിരുന്നത്.

കെ.വേണുവും ഭാര്യ നഗുലേശ്വരിയും വിവാഹവേളയിൽ
കെ.വേണുവും ഭാര്യ നഗുലേശ്വരിയും വിവാഹവേളയിൽ

സ്ത്രീകൾ തൊണ്ടുതല്ലുന്നിടത്ത് പോയി പുരുഷന്മാർ കളിയാക്കുന്ന രീതിയൊക്കെ മുമ്പ് ധാരാളം ഉണ്ടാവാറുണ്ട്. പക്ഷേ, മണി അവിടെ ഉണ്ടെങ്കിൽ, കൊട്ടുവടിയും പിടിച്ചുള്ളള്ള മണിയെ കണ്ടാൽ ഒരെണ്ണം അങ്ങോട്ട് അടുക്കില്ല. ആ രീതിയിലുള്ള തൻ്റേടം മണിയ്ക്ക് ഉണ്ടായിരുന്നു. ഏത് ചട്ടമ്പിയേയും എന്തെടാന്ന് ചോദിച്ച് നേരിടാനുള്ള ധൈര്യവും മനസ്സും അവർക്ക് ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സ്നേഹവും ബഹുമാനവും തന്നെ ആയിരുന്നു. പക്ഷേ, ഏതു കാര്യത്തിലും മണിയ്ക്ക് അവരുടേതായ ഒരു നിലപാടും ഉറച്ച തീരുമാനവും ഉണ്ടാകും. അത് മാറ്റാൻ ഞാൻ ശ്രമിക്കാറില്ല. ഞങ്ങൾ പൊരുത്തപ്പെട്ടുകൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്.

എം.ജി.ശശി: വിചിത്രവും കൗതുകകരവുമെന്ന നിലയ്ക്കാണ് ആളുകൾ നിങ്ങളുടെ ബന്ധത്തെ നോക്കിക്കണ്ടിരുന്നത്. വ്യക്തിപരമായി എനിയ്ക്ക് നിങ്ങളുടെ ജീവിതത്തിൻ്റെ ഇക്വേഷൻസിൽ പലപ്പഴുമിങ്ങനെ വരാനുള്ള അവസരമുണ്ടായിട്ടുണ്ട്. പക്ഷേ, എനിയ്ക്ക് നിങ്ങളുടെ ബന്ധത്തിൽ വിചിത്രമായൊന്നും തോന്നിയിട്ടില്ല. പൊതുവിൽ ആളുകൾ പറയുന്ന പോലുള്ള വൈരുദ്ധ്യങ്ങളൊന്നും തന്നെ ഇല്ലേയില്ല…

കെ.വേണു: ഇല്ല. ഒട്ടുമില്ല. സൈദ്ധാന്തിക അന്വേഷണങ്ങളൊക്കെ വേറൊരു തലത്തിലാണ്. നമ്മുടെ വായനയും എഴുത്തുമൊക്കെയായിട്ട് അതങ്ങനെ പോകും. കുടുംബ ബന്ധത്തെ അതൊട്ടും ബാധിയ്ക്കാറില്ല. കുടുംബത്തിൽ പ്രായോഗിക ജീവിതത്തിൻ്റെ പ്രശ്നങ്ങളാണ് ഉള്ളത്. അതിലൊക്കെ മണി എന്നേക്കാൾ മുൻകയ്യെടുക്കുന്ന അല്ലെങ്കിൽ നിലപാടും സമീപനവുമൊക്കെയുള്ള ഒരു കക്ഷിയായിരുന്നു.

എം.ജി.ശശി: വിപ്ലവ പ്രസ്ഥാനത്തിൽ നിന്ന് വിട്ടു പോന്ന ശേഷവും തൃശൂർ ലാലൂരിലെ മലിനീകരണത്തിനെതിരായി കേവി നിരാഹാര സമരം നടത്തുന്ന സാഹചര്യം. അപ്പോൾ മണിച്ചേച്ചി പറഞ്ഞ ഒരു ആശംസ എൻ്റെ ഓർമ്മയിലുണ്ട്. സമരം ജയിച്ചിട്ട് വീട്ടിലേയ്ക്ക് തിരിച്ചെത്തിയാൽ മതിയെന്നായിരുന്ന അത്. മണിച്ചേച്ചി ആശംസയർപ്പിയ്ക്കുന്നത് അന്ന് 66 വയസ്സ് കഴിഞ്ഞ കേവിയോടാണ്.

കെ.വേണു: സാധാരണ ഗതിയിൽ ഞാൻ അത്തരത്തിലുള്ള ഒരു സമരം ആ സമയത്ത് ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ, അന്നത്തെ ഒരന്തരീക്ഷത്തിൽ ഒരുപാട് ചിന്തിച്ച് അങ്ങനെ ചെയ്യണം എന്ന് തോന്നി അതിൽ ഇടപെടുകയാണ് ചെയ്തത്. ആ തീരുമാനം ഞാൻ മണിയോട് പറഞ്ഞപ്പൊൾ ഒരെതിർപ്പും അവർ പറഞ്ഞില്ല. കാരണം മണിയൊക്കെ ലാലൂർ സമരത്തിൽ പല രീതിയിലും ഇടപെട്ടിട്ടുള്ളതാണ്. അപ്പോൾ ആ പ്രശ്നം പരിഹരിച്ചെടുക്കുക എന്നത് നല്ലതാണ്. നിരാഹാര സമരമെന്ന് പറഞ്ഞപ്പോൾ മണിയ്ക്ക് ചെറിയൊരു വിഷമമുണ്ടായിരുന്നു. കാരണം നിരാഹാര സമരമൊന്നും നമ്മുടെ രീതിയിൽ ഉള്ളതല്ല.

ലാലൂരിൽ നിരാഹാരസമരം ചെയ്യുന്ന കെ.വേണു, സംവിധായകൻ രഞ്ജിത് സമീപം
ലാലൂരിൽ നിരാഹാരസമരം ചെയ്യുന്ന കെ.വേണു, സംവിധായകൻ രഞ്ജിത് സമീപം

എം.ജി.ശശി: നിരാഹാര സമരം വിപ്ലവകാരികളുടെ സമരരൂപമല്ലല്ലോ.

കെ.വേണു: അതെ. ഞാൻ നിലപാട് മാറ്റിയപ്പോഴും മണി പറയാറുണ്ട് ഞാൻ പഴയ നക്സലേറ്റ് തന്നെയാണെന്ന്.

എം.ജി.ശശി: എന്നോടും മണിച്ചേച്ചി പറഞ്ഞിട്ടുണ്ട്. കേവിയ്ക്ക് പഴയ രാഷ്ട്രീയം തന്നെയാണ് നല്ലതെന്ന്.

കെ.വേണു: എന്നാൽ നിരാഹാര സമരമാണെങ്കിലും ഏറ്റെടുത്താൽ ജയിച്ചു വരണം എന്ന അഭിപ്രായം തന്നെയാണ് ഉണ്ടായത്. പതിനൊന്നാം ദിവസമാണ് ഞാൻ നിരാഹാരം അവസാനിപ്പിയ്ക്കുന്നത്. എട്ടാം ദിവസം എന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയൊക്കെ ഉണ്ടായി.

എം.ജി.ശശി: പക്ഷേ, ആ സമരം കൊണ്ട് പിന്നീട് വലിയ ഗുണമുണ്ടായല്ലോ. വി.എസ്. അച്യുതാനന്ദനെപ്പോലുള്ളവരൊക്കെ വിളിയ്ക്കുന്നു. വളരെ പ്രധാനപ്പെട്ട പലതരം ഇടപെടലുകൾ നടക്കുന്നു. വലിയൊരു സാമൂഹ്യ പ്രശ്നമായി ലാലൂർ മലിനീകരണ വിഷയത്തെ ഉയർത്താൻ കഴിഞ്ഞു.

കെ.വേണു: അതേയതെ. തീർച്ചയായും അങ്ങനെയാണ് സംഭവിച്ചത്.

എം.ജി.ശശി: ഇത്ര ധൈര്യത്തോടെ ജീവിതത്തെ നേരിട്ട മണിച്ചേച്ചി… കേവി പൂർണമായും സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ മറ്റ് ഉത്തരവാദിത്തങ്ങളൊക്കെ സ്വയം ഏറ്റെടുത്ത മണിച്ചേച്ചിയുടെ ചികിത്സയും മരണവും... ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങളെക്കുറിച്ച് മനസ്സിൽ കുറ്റബോധം ഉണ്ടോ?

കെ.വേണു: തീർച്ചയായിട്ടും കുറ്റബോധം ഉണ്ട്. മണി നന്നായി മുറുക്കുമായിരുന്നു. ‘പൊകല തിന്ന്വാ’ എന്നാണ് ഞാൻ പറയാറുള്ളത്. ഒരു കണ്ണി പൊകലയൊക്കെ ഒരാഴ്ച കൊണ്ട് തീരും. ഞാനെന്നിട്ടും പൊകല വാങ്ങിക്കൊടുക്കാറുണ്ട്. പതിനഞ്ച് വയസ്സിൽ തുടങ്ങിയതാണ് പൊകല മുറുക്ക്. ഇത് അപകടമാണെന്ന് ഞാൻ പറയാറുണ്ട്. അപ്പൊ തൊണ്ണൂറ് വയസ്സ് കഴിഞ്ഞവരൊക്കെ മുറുക്കി നടക്കണ ഉദാഹരണം പറയും, പൊകലയല്ല പ്രശ്നം എന്ന മട്ടിൽ. പത്ത് - പന്ത്രണ്ട് വർഷം മുമ്പ് നാവിന് പ്രശ്നം വന്നിട്ട് നാവിൻ്റെ കുറേ ഭാഗങ്ങളൊക്കെ മുറിച്ചു കളഞ്ഞു. ഡോ. വി.പി.ഗംഗാധരൻ്റെ ചികിത്സ ആയിരുന്നു. പിന്നെ 33 റേഡിയേഷേനും. അങ്ങനെ പ്രശ്നം പരിഹരിച്ചു. അത് 2010-ൽ ആയിരുന്നു.

ശക്തമായ ഇച്ഛാശക്തിയുള്ള ഒരു സ്ത്രീ ആയിരുന്നു മണി. ഏതു കാര്യത്തിലും മണിയ്ക്ക് അവരുടേതായ ഒരു നിലപാടും ഉറച്ച തീരുമാനവും ഉണ്ടാകും. അത് മാറ്റാൻ ഞാൻ ശ്രമിക്കാറില്ല
ശക്തമായ ഇച്ഛാശക്തിയുള്ള ഒരു സ്ത്രീ ആയിരുന്നു മണി. ഏതു കാര്യത്തിലും മണിയ്ക്ക് അവരുടേതായ ഒരു നിലപാടും ഉറച്ച തീരുമാനവും ഉണ്ടാകും. അത് മാറ്റാൻ ഞാൻ ശ്രമിക്കാറില്ല

2023-24 വരേം ഒരു ബുദ്ധിമുട്ടും ഇല്ലാതെ, മുറുക്കൊന്നും ഇല്ലാതെ, കർശനമായി സ്വയം നിയന്ത്രിച്ച് പൊയ്ക്കൊണ്ടിരുന്നു. പക്ഷേ, അടുത്ത സമയത്ത് മുറുക്ക് വീണ്ടും തൊടങ്ങീത് ഞാൻ അറിഞ്ഞില്ല. ഞങ്ങടെ പഴയ വീടിൻ്റെ അടുക്കളേല് അടക്ക ഇടിയ്ക്കണ ശബ്ദം കേക്കാറ്ണ്ട്. അയ്യോ, താനെന്തെടോ ഈ ചെയ്യണേന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പൊ പൊകലയൊന്നും ഉപയോഗിയ്ക്കിണില്ലാന്ന് ന്യായീകരിച്ചു. പക്ഷേ, ചുണ്ണാമ്പ് ഉപയോഗിച്ചിരുന്നു. അപ്പഴാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാര് പറഞ്ഞ് ഞാനറിഞ്ഞത് പൊകലേക്കാളും അപകടാണ് ചുണ്ണാമ്പെന്ന്. ചുണ്ണാമ്പിൻ്റെ അപകടം മുമ്പ് എനിയ്ക്ക് അറിയില്ലായിരുന്നു. ഞാൻ വിചാരിച്ചാലും നിയന്ത്രിയ്ക്കാൻ കഴിയില്ലാന്നുള്ളത് മറ്റൊരു കാര്യം. പക്ഷേ, എൻ്റെ ഭാഗത്ത്ന്ന് അത് തടയാനുള്ള ശ്രദ്ധ ഉണ്ടായില്ലല്ലോ എന്ന ചിന്ത എന്നെ ഇപ്പോ അലട്ടാറ്ണ്ട്. മണി പോയിട്ട് നാലഞ്ച് മാസമേ ആയിട്ടുള്ളൂ. വിവാഹത്തിനു ശേഷം ഇത്രയും കാലം മണി എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്ന് ഞാനിപ്പഴാണ് തിരിച്ചറിയുന്നത്.

മക്കൾ

(കെ.വേണുവിൻ്റേയും മണിച്ചേച്ചിയുടേയും ചെറിയ മകൻ അരുൺ സംസാരിയ്ക്കുന്നു.)

അരുൺ: അച്ഛനും അമ്മേം... എനിയ്ക്കിഷ്ടാ... എൻ്റമ്മ... എനിയ്ക്ക് ഭയങ്കര ഇഷ്ടാ.

(മൂത്ത മകൻ അനൂപ് പറയുന്നു.)

അനൂപ്: അമ്മേക്കുറിച്ച് പറയുമ്പൊ... അമ്മ ശരിയ്ക്കും പവർഫുൾ ആയിരുന്നു. അസാമാന്യ ധൈര്യാ... അതാണ് അമ്മേടെ ക്വാളിറ്റി. അമ്മ ഏറ്റവും കൂടുതൽ വഴക്കിട്ടത് എന്നോടാവും. ഏറ്റവും കൂടുതൽ അമ്മ സ്നേഹിച്ചതും എന്നെ ആയിരിക്കും.

ബിന്ദു: (അരുണിൻ്റെ ഭാര്യ) ഈ അച്ഛൻ്റേം അമ്മേടീം മരുമോളായിട്ട് വന്ന് കയറാൻ പറ്റീത് എൻ്റെ വല്യൊരു ഭാഗ്യാണ്.

മണി / Photo : Maruvakku Magazine
മണി / Photo : Maruvakku Magazine

സൂര്യ: (അനൂപിൻ്റെ ഭാര്യ) എൻ്റടുത്ത് എപ്പഴും പറയും എനിയ്ക്ക് സാമർത്ഥ്യം പോരാന്ന്. അതുപോലെ മക്കളോടും പറയും. ആരെങ്കിലും ഒരാള് തല്ലാൻ വന്നാ തിരിച്ചു തല്ലണം. അല്ലാതെ കരഞ്ഞിട്ട് വീട്ടിലിയ്ക്ക് വരര്ത് ന്ന്.

അനൂപിൻ്റെ മൂത്ത മകൾ നിള: അച്ഛമ്മ ചെറ്യേ പിള്ളേരെപ്പോലെ ആയിരുന്നു. കോഴിക്കുട്ടീനെ കാണിച്ചു തരും. താറാവ് കുട്ടീനെ കാണിച്ചു തരും. എല്ലാത്തിനും ഞങ്ങളെ വിളിയ്ക്കും. ഭയങ്കര ഫ്രീഡായിരുന്നൂ ഞങ്ങക്ക്.

അരുൺ: ചേട്ടനും ഞാനും അമ്മേനെ കുളിപ്പിച്ചു.

അനൂപിൻ്റെ ചെറിയ മകൾ അസ്മി: അച്ഛമ്മ ഭയങ്കര ബോൾഡായിരുന്നു.

സൂര്യ: അസുഖം വന്നപ്പൊ അത് വേഗം മാറും ന്നായിരുന്നു അമ്മയ്ക്ക്, സ്ട്രോക്ക് വന്നപ്പഴൊക്കെ. ഡോക്ടർമാര് പറഞ്ഞൂ ആറ് മാസം എടുക്കും ന്ന്. പക്ഷേ, അമ്മ ഒന്നു രണ്ടു മാസം കൊണ്ട് നടന്നു. ഒരാഴ്ചയ്ക്കുള്ളില് സംസാരിയ്ക്കാനും തൊടങ്ങി.

ബിന്ദു: എൻ്റെ അച്ഛൻ മരിച്ചിട്ട് പോലും എനിയ്ക്ക് ഇത്രയും ദു:ഖം ണ്ടായിട്ടില്ല. എനിയ്ക്ക് താങ്ങാൻ പറ്റ്ണില്ല.

കെ.വേണുവും കുടുംബവും നഗുലേശ്വരിയുടെ ഫോട്ടോയുമായി
കെ.വേണുവും കുടുംബവും നഗുലേശ്വരിയുടെ ഫോട്ടോയുമായി

(അരുൺ ബിന്ദുവിൻ്റെ കണ്ണു തുടച്ചു കൊടുത്തു.)

സൂര്യ: അമ്മ പോയപ്പൊ വീട് ഒറങ്ങ്യേ പോല്യായി.

നിള: പിന്ന്യാ എനിയ്ക്ക് മനസ്സിലായേ അച്ഛമ്മേന്യാ എനിയ്ക്ക് ഏറ്റവും കൂടുതല് ഇഷ്ടം ന്ന്.

(മക്കളും പേരക്കുട്ടികളും സംസാരിയ്ക്കുന്നത് മണിച്ചേച്ചിയുടെ ഓർമ്മയിൽ കേട്ടുകൊണ്ടിരിയ്ക്കയാണ് കെ.വേണു.)

തുടരും...

(എം.ജി.ശശി - സിനിമാ-നാടക മേഖലകളിൽ നടനായും എഴുത്തുകാരനും സംവിധായകനായും പ്രവർത്തിക്കുന്നു. കെ.വേണു നേതൃത്വം നല്കിയിരുന്ന CRC CPI (ML) പ്രസ്ഥാനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറി, യുവജന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ സംസ്ഥാന കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.)

കെ.വേണുവിൻെറ ജനാധിപത്യ അന്വേഷണങ്ങൾ - പരമ്പരയിലെ ലേഖനങ്ങൾ വായിക്കാം


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments