വി. അബ്​ദുൽ ലത്തീഫ്​

ഈശ്വരൻ ഉണ്ട് എന്നു പറയുന്നതും
ഇല്ല എന്നു പറയുന്നതും​ഒരേസമയം നുണയാകുന്നത്​...

വർഗ്ഗസമരത്തിലൂന്നിയ ദർശനങ്ങൾ, രാഷ്ട്രീയ സംഘാടനങ്ങൾ എന്നിവ ദൈവ-വിശ്വാസങ്ങളുടെ ചട്ടക്കൂടുകളിലേക്ക് അബോധത്തിൽ നീങ്ങുന്നതും തിരിച്ച് ദൈവ-മത-വിശ്വാസ ധാർമികതകളുടെ അസ്തിത്വത്തെ പൂർണമായി തള്ളിക്കളയുന്നതും ഒരുപോലെ അബദ്ധമാണ്.

ഈശ്വരനുണ്ടെന്നുരയ്ക്കുന്നതും നുണ ഈശ്വനില്ലെന്നുരയ്ക്കുന്നതും നുണ
എന്നു പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്.

ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് പറയാവുന്ന ഏറ്റവും ലളിതമായ ദാർശനികവ്യാഖ്യാനമാണ് ഇത്. തങ്ങളുടെ ജീവിതം കൊണ്ടും യുക്തിബോധം കൊണ്ടും ദൈവത്തെ നിരൂപിച്ചെടുക്കാൻ കഴിയാത്തവരെ സംബന്ധിച്ച് ദൈവമില്ല. അല്ലാത്തവരെ സംബന്ധിച്ച് ദൈവമുണ്ട്. ദൈവമുള്ളവർക്ക് ദൈവം നിത്യമായുള്ളതും ദൈവമല്ലാത്തതെല്ലാം താൽക്കാലികമായ മായയുമാണ്. ഒരു ദൈവവിശ്വാസിക്ക് ശാസ്ത്രീയമായി ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാൻ പറ്റിക്കൊള്ളണമെന്നില്ല. കേവലയുക്തികൊണ്ട് ദൈവത്തെ നിരാകരിക്കാനും സാധ്യമല്ല.

ദൈവാസ്തിത്വത്തിലെ വൈരുദ്ധ്യങ്ങൾ

കൗമാരകാലത്തോ യൗവനാരംഭത്തിലോ ദൈവവിശ്വാസം നഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച് തുടക്കത്തിൽ ദൈവവിശ്വാസികളെ വിവരമില്ലാത്ത അന്ധവിശ്വാസികളായാണ് തിരിച്ചറിയുക. ചരിത്രവും സാമൂഹ്യശാസ്ത്രവുമൊക്കെ കുറച്ചുകൂടി പഠിക്കുമ്പോഴാണ് ദൈവം, മതം,വിശ്വാസം തുടങ്ങിയവയുടെ സാമൂഹികമായ നിലനിൽപ്പ് വെളിപ്പെട്ടു തുടങ്ങുന്നത്. സ്വയം ഈശ്വരവിശ്വാസത്തിനു പുറത്തുനിൽക്കുമ്പോഴും ദൈവം, മതം, വിശ്വാസം എന്നിവയുടെ സാമൂഹ്യശാസ്ത്രപരമായ അസ്തിത്വം തിരിച്ചറിയുന്നത് ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തിലെത്താത്തവർ കേവലയുക്തിവാദത്തിൽ തുടരും. ആശയറ്റ മനുഷ്യന് പ്രതീക്ഷയായും അതേ മനുഷ്യന് ചൂഷണം ചെയ്യപ്പെടാനുള്ള ഉപാധിയായും ദൈവത്തിന് നിലനില്പുണ്ട്. അല്പം മാറിനിന്ന് ആലോചിച്ചാൽ ദൈവത്തിന്റെ അസ്തിത്വത്തിലെ ഈ വൈരുദ്ധ്യം എളുപ്പം മനസ്സിലാകും. ഭാഷകൾ വ്യത്യസ്ത ഗോത്രങ്ങളായി ചിതറിനിൽക്കുമ്പോഴും ലോകത്തെ എല്ലാ ഭാഷകൾക്കും ചില പൊതുതത്വം നിർദ്ദേശിക്കാൻ കഴിയുന്നതുപോലെ പരസ്പരം എതിരു നിൽക്കുന്ന ദൈവസങ്കല്പങ്ങളിൽപ്പോലും മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മേല്പറഞ്ഞ സവിശേഷതകൾ കാണാൻ സാധിക്കും. ഭാഷകളെ സംബന്ധിച്ച് ബാഹ്യഘടനയേക്കാൾ ആന്തരഘടനയാണ് ഇങ്ങനെ പൊതുവായി നിൽക്കുന്നത്. യൂണിവേഴ്‌സൽ ഗ്രാമർ എന്ന നോംചോംസ്‌കിയുടെ ആശയമൊക്കെ ഭാഷകളുടെ ആന്തരഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്. മതങ്ങളെ സംബന്ധിച്ചും ബാഹ്യമായി പലതായിരിക്കുമ്പോഴും ആന്തരഘടന ഒന്നു തന്നെയായിരിക്കും.

സാമൂഹികജീവിതത്തെ കോർത്തുനിർത്തുന്ന ഉൾനൂലായും പ്രപഞ്ച ചൈതന്യമായുമൊക്കെ ദൈവം മാറിമാറിക്കളിക്കുന്നതു കാണാം. എല്ലാ മതങ്ങളിലും വിശ്വാസത്തിന്റെ വ്യത്യസ്തമായ അടരുകൾ കാണുന്നത് ഇതുകൊണ്ടാണ്.

ദൈവസങ്കല്പത്തെ സെമിറ്റിക്, ഹിന്ദു എന്നൊക്കെ വേർതിരിക്കുന്നതുപോലെ പ്രായോഗികമായ ദൈവം, ദാർശനികമായ ദൈവം എന്നും വേർതിരിക്കാൻ സാധിക്കും. പ്രാഥമികഭാവനയിൽ നിൽക്കുന്ന നിത്യസാധാരണ ജീവിതത്തിലെ ദൈവസങ്കല്പം ചെറിയ യുക്തികൊണ്ടുപോലും ചോദ്യം ചെയ്യപ്പെടും. ചോദ്യം ചെയ്യരുത്, അതങ്ങനെയാണ് തുടങ്ങിയ മറ പൊട്ടിച്ച് ദൈവത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ മുന്നോട്ടുപോകുമ്പോഴാണ് ദൈവം ദാർശനികസ്വരൂപമായി പ്രത്യക്ഷപ്പെടുന്നത്. സാമൂഹികജീവിതത്തെ കോർത്തുനിർത്തുന്ന ഉൾനൂലായും പ്രപഞ്ച ചൈതന്യമായുമൊക്കെ ദൈവം മാറിമാറിക്കളിക്കുന്നതു കാണാം. എല്ലാ മതങ്ങളിലും വിശ്വാസത്തിന്റെ വ്യത്യസ്തമായ അടരുകൾ കാണുന്നത് ഇതുകൊണ്ടാണ്. ചിന്തയുടെയും ആലോചനയുടെയും അടരുകൾ മാറുന്നതിനനുസരിച്ച് ദൈവസങ്കല്പത്തിലും മാറ്റം വന്നുകൊണ്ടിരിക്കും.

ദൈവമുള്ളവർക്ക് ദൈവം നിത്യമായുള്ളതും ദൈവമല്ലാത്തതെല്ലാം താൽക്കാലികമായ മായയുമാണ്.

ഇസ്‌ലാമിക തിയോളജിയിൽ കാണുന്ന ശരീഅത്ത്, ത്വരീഖത്ത്, ഹക്കീക്കത്ത് എന്ന സങ്കല്പനം പ്രായോഗിക ദൈവത്തിൽനിന്ന് ദാർശനിക ദൈവത്തിലേക്കുള്ള വളർച്ചയെ അടയാളപ്പെടുത്തുന്ന സങ്കല്പനമാണ്. വിശ്വാസത്തെയും മതത്തെയും പുറമെനിന്ന് നിരീക്ഷിക്കുമ്പോഴാണ് വിശ്വാസത്തിന്റെ ഈ ത്രിത്വം ഇത്തരത്തിൽ അനുഭവവേദ്യമാവുക. മതവിശ്വാസത്തിനകത്തുള്ളവരെ സംബന്ധിച്ച് ഇത് അങ്ങനെയല്ല. ശരീഅത്ത് ബാഹ്യനിയമങ്ങളാകുമ്പോൾ ത്വരീഖത്ത് ദൈവത്തെ ആന്തരികമായിക്കൂടി മനസ്സിലാക്കുന്നതാണ്. ഹഖീഖത്ത് ദൈവത്തെക്കുറിച്ചുള്ള നിഗൂഢമായ ജ്ഞാനം ആർജ്ജിക്കലാണ്. ഇത് മൂന്നും ചേരുമ്പോഴാണ് സമ്പൂർണ്ണമായ വിശ്വാസം എന്നു പറയും. അതേസമയം സാധാരണക്കാർക്ക് ആദ്യഘട്ടം മാത്രം മതിയാവുകയും ചെയ്യും. പ്രാഥമികയുക്തിയിൽ ചോദ്യം ചെയ്യപ്പെടുമ്പോഴും ദാർശനികമായി ദൈവം നിലനിൽക്കുന്നു എന്നു പറയാനല്ല, വിശ്വാസം തന്നെ പല തലങ്ങളിൽ അതിനെ ന്യായീകരിക്കാനുള്ള യുക്തികൾ നിരത്തുന്നു എന്നു വിശദീകരിക്കാനാണ് ഇത് പറയുന്നത്.

വിശ്വാസിയും അവിശ്വാസിയുമൊക്കെയടങ്ങുന്ന സമൂഹത്തെ നിലനിർത്തുന്ന ധാർമികത മിക്കപ്പോഴും മതവിശ്വാസയുക്തിയിൽനിന്ന് രൂപപ്പെടുന്നതാകും. കേരളത്തെ മുൻനിർത്തി ആലോചിച്ചാൽ പരസ്പരവൈരുധ്യമുള്ള വിശ്വാസികളും മതമില്ലാത്തവരും പൊതുവെ പിന്തുടരുന്ന ധാർമ്മികതയുടെ ഒരു ചട്ടക്കൂടുണ്ട്.

മനുഷ്യസമൂഹത്തിന്റെ ഒരുമാതിരിപ്പെട്ട സംഘാടനങ്ങളെയൊക്കെ നിർണയിക്കുന്ന അടിസ്ഥാന ഡിസൈനുകളിലൊന്നാണ് ഏതെങ്കിലുമൊരു ദൈവസങ്കല്പത്തിലൂന്നിയ മതം. മതവിരുദ്ധ/ദൈവവിരുദ്ധപ്രസ്ഥാനങ്ങളുടെ പോലും സംഘാടനം മതങ്ങളുടെ ചട്ടക്കൂട്ടിലാണ്. ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിൽ മാർക്‌സിസം സങ്കല്പിച്ച ഒന്നാണ് പാർട്ടി. റഷ്യയിൽ ലെനിൻ പാർട്ടി സംഘടിപ്പിച്ചപ്പോൾ അതിന് ക്രിസ്ത്യൻസഭയുടെ രൂപമായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സംഘടനാ ചട്ടക്കൂടുകളിൽ മാത്രമല്ല, സംഘടനയെ നിലനിർത്തുന്ന പ്രത്യയശാസ്ത്രബോധ്യങ്ങളെ സംബന്ധിച്ചും കേവലവിശ്വാസത്തിലൂന്നിയ ഒരു പ്രാഥമികതലവും അത്യന്തം ദാർശനികമായ ഒരു ഉപരിതലവുമുണ്ട്. നൂറുശതമാനം പ്രത്യയശാസ്ത്രബോധ്യം സംഘടനാസംവിധാനത്തിന്റെ വിവിധ തട്ടുകളിലെ നേതാക്കാന്മാർക്കുപോലും കാണില്ല. ഈ സാഹചര്യത്തിലാണ് പ്രത്യയശാസ്ത്രബോധ്യമുള്ള ആചാര്യന്മാർ ഉണ്ടാകുന്നത്. വർത്തമാനകാലസമസ്യകളെ വിശദീകരിക്കാൻ കഴിയുന്ന കേന്ദ്രനേതൃത്വത്തോടൊപ്പം ചരിത്രത്തെയും ഭാവിയെയും വിശദീകരിക്കാൻ കഴിയുന്ന (ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ) ആചാര്യന്മാർകൂടി ചേർന്നതാണ് പാർട്ടി. പാർട്ടിയുടെ സംഘടനാരൂപത്തിൽ ആചാര്യന്മാരെ കാണാൻ പറ്റില്ലെങ്കിലും ഓർമകളായും ചിത്രങ്ങളായും പ്രതിമകളായും പുഷ്പാർച്ചനകളായും ഈ ആചാര്യസങ്കല്പം ദൈവസങ്കല്പം പോലെ ദൃശ്യസാന്നിധ്യമാണ്.

വിശ്വാസിയും അവിശ്വാസിയുമൊക്കെയടങ്ങുന്ന സമൂഹത്തെ നിലനിർത്തുന്ന ധാർമികത മിക്കപ്പോഴും മതവിശ്വാസയുക്തിയിൽനിന്ന് രൂപപ്പെടുന്നതാകും. കേരളത്തെ മുൻനിർത്തി ആലോചിച്ചാൽ പരസ്പരവൈരുധ്യമുള്ള വിശ്വാസികളും മതമില്ലാത്തവരും പൊതുവെ പിന്തുടരുന്ന ധാർമ്മികതയുടെ ഒരു ചട്ടക്കൂടുണ്ട്. ഇതിനകത്താണ് എല്ലാവരും പെരുമാറുന്നത്. സ്വ-പരജീവിതങ്ങൾ കൂട്ടിമുട്ടാതെ മുന്നോട്ടുപോകുന്നത് ഈ ധാർമിക ചട്ടക്കൂടിനകത്താണ്.

ധാർമികതാബോധം; മതത്തിലും പുറത്തും

സാമൂഹ്യജീവിതത്തിന്റെ അലകും പിടിയും രൂപപ്പെടുത്തിയത് മതങ്ങൾ മാത്രമാണ് എന്നല്ല പറയുന്നത്. ജീവശാസ്ത്രപരമായും പ്രകൃതിയുമായുള്ള അതിജീവന പോരാട്ടങ്ങളുടെ ഭാഗമായും രൂപപ്പെട്ടതുകൂടിയാണ് സമൂഹത്തെ നിലനിർത്തുന്ന ധാർമികത. ഇതിനെ മതങ്ങൾ സ്വീകരിക്കുകയും അതാതിന്റെ കാഴ്ചപ്പാടുകളിൽ പരിഷ്‌കരിക്കുകയും പിന്നീട് മതമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ആധുനികമായ സാമൂഹികചുറ്റുപാടിൽ ഇത്തരം ധാർമികതകളിൽ പലതും ആവശ്യമില്ലാത്തപ്പോഴും ഒരു നിരീശ്വരവാദ/യുക്തിവാദപ്രസ്ഥാനത്തിന് അതിനെ പൂർണമായി മറികടക്കാനാകാത്തത് മതങ്ങളുണ്ടാക്കിയ ധാർമികതാ ബോധങ്ങളിലാണ് അതിന്റെ സംഘാടനം എന്നതിനാലാണ്. സാമൂഹികമായി രൂപപ്പെടുന്ന പൊതുവിശ്വാസങ്ങളെയും ധാർമികതയെയും മറികടന്ന് സ്വന്തമായ ധാർമ്മികസംഹിത നടപ്പിലാക്കാൻ മതങ്ങൾക്കും കഴിയില്ല. മതങ്ങളും സംഘടിപ്പിക്കപ്പെടുന്നത് ചില പൂർവ്വരൂപങ്ങളിൽനിന്നാണ് എന്നർത്ഥം. പിന്നിൽനിന്ന് വരുന്നതുപോലെ ഇത് മുന്നോട്ടും വളരും.

മതനിയമങ്ങളും വിശ്വാസവുമനുസരിച്ച് മുസ്‌ലിംകൾക്ക് പുനർജന്മമില്ല. അതുകൊണ്ടുതന്നെ അലഞ്ഞുതിരിയുന്ന പരേതാത്മാക്കളെയും പ്രേതങ്ങളെയുമൊന്നും വിശ്വസിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. കേരളത്തിലെ ഒരു ശരാശരി മുസ്‌ലിമിനെ പരിഗണിച്ചാൽ അയാൾ ഇത്തരം ഭയങ്ങളുള്ള ഒരാളായിരിക്കും. പള്ളിയോടുചേർന്ന ശ്മശാനത്തിൽനിന്ന് ഒരു പ്രേതാത്മാവും ഇറങ്ങിവരില്ലെന്ന് അയാൾ പഠിച്ചുറച്ചതാണെങ്കിലും പാതിരാത്രിക്ക് പള്ളിക്കാട്ടിൽ ഒറ്റയ്ക്കുപോവുന്ന കാര്യം ആലോചിക്കുമ്പോൾ ഭയം വരുന്നത് കേരളത്തിന്റെ പൊതുവിശ്വാസത്തിൽ രൂഢമൂലമായ പ്രേതസങ്കല്പം അയാളിൽനിന്ന് ഇറങ്ങിപ്പോകാത്തതുകൊണ്ടാണ്. അനൈച്ഛികമായ ഇത്തരം വിശ്വാസങ്ങൾ കൂടി ചേർന്നാണ് മതങ്ങൾ. സംഘടിതമതങ്ങൾ വ്യത്യസ്ത സംസ്‌കാരഘടനകൾക്കകത്ത് എങ്ങനെയാണ് അതിന്റെ വിശ്വാസാദർശങ്ങളും ധാർമ്മികതകളും പരിചരിക്കുന്നത് എന്നു നിരീക്ഷിക്കുമ്പോൾ കാണുന്ന വൈവിധ്യങ്ങൾ ചരിത്രത്തിൽനിന്ന് ലംബമാനമായും ചുറ്റുപാടിൽനിന്ന് തിരശ്ചീനമായും വന്നുചേരുന്ന അനൈച്ഛികമായ വിശ്വാസധാരകളുണ്ടാക്കുന്ന കലർപ്പ് വ്യക്തമാകും.

ജീവശാസ്ത്രപരമായും പ്രകൃതിയുമായുള്ള അതിജീവന പോരാട്ടങ്ങളുടെ ഭാഗമായും രൂപപ്പെട്ടതുകൂടിയാണ് സമൂഹത്തെ നിലനിർത്തുന്ന ധാർമികത. ഇതിനെ മതങ്ങൾ സ്വീകരിക്കുകയും അതാതിന്റെ കാഴ്ചപ്പാടുകളിൽ പരിഷ്‌കരിക്കുകയും പിന്നീട് മതമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസരൂപീകരണവുമായി ബന്ധപ്പെട്ട ചെറിയൊരു സന്ദർഭം പറയാം. കേരളത്തിലെ സെൻറ്​ തോമസ് ക്രിസ്ത്യാനികളുടെ പഴയ രേഖകളിൽ പ്രധാനപ്പെട്ട ഒന്നാണ് കോട്ടയം ജില്ലയിലെ മുട്ടുച്ചിറയിലെ സെൻറ്​ സെബാസ്റ്റ്യൻ ദേവാലയത്തിലെ ശിലാലിഖിതം. ദേവാലയത്തിനുമുന്നിൽ കൽക്കുരിശു സ്ഥാപിച്ചതിന്റെ ഓർമത്തിരുനാളിനോടനുബന്ധിച്ച് മാർ ശിമഓനും അദ്ദേഹത്തിന്റെ ആർച്ചുഡീക്കനായ ജേക്കബ് നടക്കലും 1581-ലാണ് ഈ കല്ലറ സ്ഥാപിച്ചത്. ക്രിസ്തീയവിശ്വാസം സംബന്ധിച്ച് സെൻറ്​ തോമസ് ക്രിസ്ത്യാനികളും പോർച്ചുഗീസുകാരും തമ്മിൽ കേരളത്തിൽ കടുത്ത ആശയസമരം നടക്കുന്ന കാലമാണ് ഇത്. ഈ കല്ലറ സ്ഥാപിച്ച് പതിനെട്ടു വർഷം കഴിഞ്ഞ് 1599-ൽ തദ്ദേശീയ ക്രിസ്ത്യാനികളുടെ ആചാരശുദ്ധിക്കായി ഉദയം പേരൂർ സൂനഹദോസ് നടക്കുന്നതും പറയാൻ പോകുന്ന കാര്യത്തോട് ചേർത്തു വായിക്കണം.

ക്രിസ്തുമത്തിലേക്ക് പുതുതായി പരിവർത്തനം ചെയ്യപ്പെട്ടവർ തങ്ങളുടെ ആദ്യവിശ്വാസത്തിലെ ആചാരാനുഷ്ഠനാങ്ങൾ രഹസ്യമായി പിന്തുടർന്നത് മധ്യകാലത്തെ മതവിചാരണകളിൽ ചോദ്യം ചെയ്യപ്പെടുകയും ക്രൂരമായ ശിക്ഷകളിലൂടെ തിരുത്തിക്കുകയും ചെയ്തിരുന്നു.

മുട്ടുച്ചിറ ലിഖിതം സമീപകാലത്ത് പുനർവായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഇസ്ത്വാൻ പെർസ്സൽ എന്ന ഗവേഷകൻ നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. (മഹമൂദ് കൂരിയയും മൈക്കൽ പിയേഴ്‌സനും ചേർന്ന് എഡിറ്റു ചെയ്ത Malabar in the Indian Ocean എന്ന പുസ്തകം നോക്കുക) ഈ ലിഖിതത്തിൽ സൂചിപ്പിക്കുന്ന രുധിരക്കുരിശാഘോഷം പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയ ഒരു കത്തോലിക്കാ ആഘോഷത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ക്രിസ്​മസിന് ഏഴു ദിവസം മുമ്പുള്ള വിശുദ്ധകന്യകയെ കാത്തിരിക്കുന്ന ഈ കത്തോലിക്കാ ആഘോഷം രുധിരക്കുരിശുപെരുന്നാളായി ഇന്ത്യയിലും ആഘോഷിക്കുന്നു. നിഷ്ഠൂരമായ മതവിചാരണകളോളമെത്തിയ എതിർപ്പുകളും തർക്കങ്ങളുമുള്ളപ്പോൾത്തന്നെ പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയ ഒരു ആഘോഷം കേരളത്തിലെ കിഴക്കൻ ക്രിസ്ത്യാനികളും പതിയെ സ്വീകരിക്കുന്നതിലെ സാംസ്‌കാരികസമന്വയത്തെയാണ് പെർത്സൽ ഇവിടെ സൂചിപ്പിക്കുന്നത്.

മഹമൂദ് കൂരിയയും മൈക്കൽ പിയേഴ്‌സനും ചേർന്ന് എഡിറ്റു ചെയ്ത Malabar in the Indian Ocean എന്ന പുസ്തകം

പോർച്ചുഗീസുകാരിലൂടെ കേരളത്തിലെത്തിയ കാത്തോലിക്കാ ക്രിസ്ത്യാനികൾക്ക് തദ്ദേശീയരായ സെൻറ്​ തോമസ് ക്രിസ്ത്യാനികളുടെ വിശ്വാസപ്രമാണങ്ങളെ നവീകരിക്കണമെന്നു തോന്നിയതുപോലെ കേരളത്തിലെ ആദ്യകാല മുസ്​ലിംകളുടെ ആചാരാനുഷ്ഠാനങ്ങളെ കേരളത്തിന്റെ നവോത്ഥാനകാലത്ത് പുത്തൻകൂറ്റുകാരായ മുസ്​ലിംകൾ പരിഷ്‌കരിക്കാൻ ശ്രമിക്കുന്നതും കാലക്രമേണ ഇരുകൂട്ടരുടെയും രീതികൾ പരസ്പരം കലരുന്നതും വിശ്വാസവും ധാർമികതയുമൊക്കെ അനൈച്ഛികമായി പരസ്പരം സ്വീകരിക്കപ്പെടുന്നതിന് ഉദാഹണമാണ്.

ക്രിസ്തുമതത്തിലേക്ക് പുതുതായി പരിവർത്തനം ചെയ്യപ്പെട്ടവർ തങ്ങളുടെ ആദ്യവിശ്വാസത്തിലെ ആചാരാനുഷ്ഠനാങ്ങൾ രഹസ്യമായി പിന്തുടർന്നത് മധ്യകാലത്തെ മതവിചാരണകളിൽ ചോദ്യം ചെയ്യപ്പെടുകയും ക്രൂരമായ ശിക്ഷകളിലൂടെ തിരുത്തിക്കുകയും ചെയ്തിരുന്നു. ഈയിടെ ഡൽഹിയിൽ ബുദ്ധമതത്തിലേക്കു മതംമാറിയെത്തിയവർ ചൊല്ലിയ പ്രതിജ്ഞകളിൽ ഒന്ന് തങ്ങൾ മേലിൽ ഹൈന്ദവാചാരങ്ങൾ പിന്തുടരുകയില്ല എന്നായിരുന്നു. മതനേതൃത്വം എത്ര വാളെടുത്താലും ശിക്ഷാനടപടികൾ സ്വീകരിച്ചാലും പ്രാദേശികമായ വിശ്വാസധാരകൾ മതങ്ങളുടെ ചട്ടക്കൂടുകളിലേക്ക് കടന്നുകയറുകതന്നെ ചെയ്യും. ടി.കെ.സി.വടുതലയുടെ അച്ചണ്ട വെന്തീഞ്ഞ ഇന്നാ എന്ന ചെറുകഥയിൽ ദേവസിയായ കണ്ടങ്കോരന് സവർണ ക്രിസ്ത്യാനികളിൽനിന്നുപോലും കേൾക്കേണ്ടിവരുന്നത് കണ്ടങ്കോരൻ ദേവസ്യ എന്ന വിളിയാണ്. തദ്ദേശീയജനവിഭാഗങ്ങൾ അവരുടെ പൂർവ്വവിശ്വാസങ്ങളിലേക്കു തിരിച്ചുപോകുന്നതുപോലെ അവരെ പൂർണ്ണമായും ഉൾക്കൊള്ളാതിരിക്കുന്നതും വിശ്വാസപരമായ സങ്കീർണതയാണ്.

സംഘടിത മതചിട്ടകൾക്കപ്പുറത്തെ വിശ്വാസങ്ങൾ

ഭവർ മെഘ്‌വൻഷിയുടെ ആത്മകഥ

എല്ലാ സംഘടിത മതങ്ങളിലെയും വിശ്വാസികളെ തങ്ങളിലേക്കാകർഷിക്കാൻ ഇന്ത്യയിലെ സൂഫികൾക്കും മറ്റ് മിസ്റ്റിക്കുകൾക്കും സാധിച്ചിരുന്നു. സംഘർഷഭരിതമായ ശൈവ വൈഷ്ണവകാലത്തിനുശേഷം ഇന്ത്യൻജനതയെ ഒന്നിപ്പിക്കുന്നതിൽപ്പോലും മിസ്റ്റിസിസത്തിലൂന്നിയ ഭക്തിപ്രസ്ഥാനത്തിനു സാധിക്കുന്നുണ്ട്. ഹിന്ദുമതത്തിന്റെ കേന്ദ്രാധികാരം എപ്പോഴും ബ്രാഹ്മണികമായി നിലനിന്നപ്പോൾ രൂപപ്പെട്ട ഇത്തരം ബദലുകൾ പിന്നീട് ബ്രാഹ്മണമതത്തിലേക്കുതന്നെ സ്വാംശീകരിക്കപ്പെടുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. രാജസ്ഥാനിൽനിന്നുള്ള ദലിത് ആക്ടിവിസ്റ്റും ചിന്തകനുമായ ഭവർ മെഘ്‌വൻഷിയുടെ (Bhamvara Meghavamsi) ആത്മകഥയിൽ ദലിത് - ഒ.ബി.സി.വിഭാഗങ്ങളിൽനിന്നുയർന്നുവന്ന സൂഫി/മിസ്​റ്റിക്​ ആചാര്യന്മാരെയും കൾട്ടുകളെയും ബ്രാഹ്മണിക് വിശ്വാസങ്ങളുടെ ഭാഗമാക്കുന്നതിന്റെ ആധുനികമായ ഉദാഹണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മഘ്‌വൻഷിയുടെ പിതാവ് ആരാധിച്ചിരുന്നത് രാംദേവ് പീർ എന്ന ഒരു ദിവ്യനെയായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പേ ജീവിച്ച രാംദേവ് പീർ എന്ന ദിവ്യന്റെ ചരിത്രം നാടോടിവഴക്കങ്ങളിൽനിന്ന് മഘ്‌വൻഷി അന്വേഷിച്ചു കണ്ടെത്തുകയും അദ്ദേഹത്തെക്കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കുകയും ചെയ്യുന്നുണ്ട്.

സയാർ ജയ്പാൽ എന്ന ദലിത് സന്യാസിയുടെ കുടുംബത്തിൽ പിറന്ന രാംദേവ് പിന്നീട് ഗുരു അജ്മൽ തൻവീറിന്റെ രക്ഷാകർതൃത്വത്തിലായി. മുസ്‌ലീകളായിരുന്ന ഇസ്മായേലി നിസാരീ വിഭാഗത്തിൽനിന്നാണ് അദ്ദേഹം സന്യാസദീക്ഷ സ്വീകരിക്കുന്നത്. തന്റെ ആത്മീയദർശനവും ദലിതരുടെ ഉന്നമനവും ലക്ഷ്യമാക്കി സഞ്ചരിച്ച രാംദേവിന്റ പരിപാടികളിൽ സ്ത്രീകൾക്ക് തുല്യപദവി നൽകിയിരുന്നതിനാൽ അദ്ദേഹം പൊതുസമൂഹത്താൽ അപഹസിക്കപ്പെട്ടിരുന്നുവത്രെ. ദളിത്- പിന്നാക്ക- മുസ്​ലിം സമുദായങ്ങൾ ഒരുപോലെ ബഹുമാനിച്ചിരുന്ന ഈ ദിവ്യനെ എന്തായാലും പിൽക്കാലത്ത് ഹിന്ദൂയിസത്തിന്റെ ഉജ്വലസൂര്യനായും ഗോക്കളെ സംരക്ഷിക്കുന്നതിനായി മുഗളരുമായി പോരാടിമരിച്ച വ്യക്തിയായുമൊക്കെ ചിത്രീകരിച്ച്​ ബ്രാഹ്മണിക് വിശ്വാസത്തിന്റെ വക്താക്കൾ ഇദ്ദേഹത്തെ തങ്ങളിലേക്കു ചേർത്തുവെക്കുന്നത് മഘ്‌വൻഷി വിശദീകരിക്കുന്നു. ദലിത് ക്ഷേത്രങ്ങൾ ബ്രാഹ്മണർ കൈയേറി സ്വന്തമാക്കുന്നതിന്റെ വർത്തമാനകാല ഉദാഹരണങ്ങളും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും ബഹുജനപ്രക്ഷോഭങ്ങളുമെല്ലാം ഇതേ പുസ്‌കത്തിൽ മെഘ്‌വൻഷി വിശദീകരിക്കുന്നുണ്ട്. പരസ്പരവിരുദ്ധമായ വിശ്വാസങ്ങൾ തമ്മിൽ കണ്ണിചേരുന്നതിന്റെ ഉദാഹരണങ്ങളായിട്ടാണ് ഇവിടെ ഞാനിതെല്ലാം വായിക്കാവുന്നത്.

പ്രാദേശികമായ കാവുകളിലും ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലുമൊക്കെ തദ്ദേശീയസമൂഹങ്ങൾ തങ്ങളുടെ മതവിശ്വാസങ്ങൾക്കപ്പുറം ഭക്ത്യാദരപൂർവ്വം ഇന്നും പങ്കെടുക്കുന്നത് സംഘടിത മതചിട്ടകൾക്കും ശാസനകൾക്കുമപ്പുറത്താണ് മനുഷ്യസമൂഹത്തിൽ വിശ്വാസവും ധാർമികതയുമെല്ലാം രൂപപ്പെടുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ്.

കേരളത്തിലെ മധ്യകാല കടൽവാണിജ്യബന്ധങ്ങളിൽ ആഗോള സൂഫീ ശൃംഖലകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സെബാസ്റ്റ്യൻ പ്രാംഗിന്റെ മൺസൂൺ ഇസ്‌ലാം എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. ഇതിൽ ആകർഷകമായ ഭാഗം ഈ സൂഫികൾ എല്ലാവരാലും സ്വീകരിക്കപ്പെട്ടിരുന്നു എന്നതാണ്. പിന്നോക്കവിഭാഗത്തിൽ പെട്ടവരാണ് സൂഫിഗുരുക്കന്മാരെ കൂടുതലായി ആശ്രയിച്ചത് എന്നതും സ്മരണീയമാണ്. ആധുനിക കാലത്തുപോലും മമ്പുറം തങ്ങന്മാർ മതത്തിനപ്പുറം ജനങ്ങളെ സ്വാധീനിക്കുന്നത് ഇതിന്റെ തുടർച്ചയായി കാണാനാകും. പ്രാദേശികമായ കാവുകളിലും ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലുമൊക്കെ തദ്ദേശീയസമൂഹങ്ങൾ തങ്ങളുടെ മതവിശ്വാസങ്ങൾക്കപ്പുറം ഭക്ത്യാദരപൂർവ്വം ഇന്നും പങ്കെടുക്കുന്നത് സംഘടിത മതചിട്ടകൾക്കും ശാസനകൾക്കുമപ്പുറത്താണ് മനുഷ്യസമൂഹത്തിൽ വിശ്വാസവും ധാർമികതയുമെല്ലാം രൂപപ്പെടുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ്. വടക്കൻ കേരളത്തിലെ തെയ്യങ്ങളെ പ്രാഥമികമായി നിരീക്ഷിച്ചാൽ പോലും മതങ്ങൾക്കിടയിലെ പാലങ്ങളായി വിശ്വാസങ്ങൾ പരസ്പരം സംക്രമിക്കുന്നത് കാണാനാകും.

കേരളത്തിലെ മധ്യകാല കടൽവാണിജ്യബന്ധങ്ങളിൽ ആഗോള സൂഫീ ശൃംഖലകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സെബാസ്റ്റ്യൻ പ്രാംഗിന്റെ മൺസൂൺ ഇസ്‌ലാം എന്ന പുസ്തകം വിശദീകരിക്കുന്നുണ്ട്. / Photo: Wikipedia

കലയുടെയും സംഗീതത്തിന്റെയും വിശ്വാസവഴികൾ

വിശ്വാസങ്ങളും ധാർമികതയും മാത്രമല്ല സമൂഹത്തെ നിലനിർത്തുന്നത്. സംഗീതത്തിനും കലകൾക്കും അതിൽ വലിയ പങ്കുണ്ട്. ജലാലൂദ്ദീൻ റൂമി ആവിഷ്‌കരിച്ച സമ നൃത്തസംഗീതപരിപാടിയെ ഇസ്‌ലാമികമായി വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. ഈയിടെ തുർക്കിയിൽ പോയപ്പോൾ തുർക്കി സംസ്‌കാരത്തിന്റെ പ്രധാന തൂണുകളിലൊന്നായി അവിടുത്തെ സൂഫീ കൾട്ടുകളെ കാണാൻ കഴിഞ്ഞു. കമാൽ അത്താത്തുർക്കിന്റെ ആരാധകരായ യുവതീയുവാക്കളും വയോജനങ്ങളുമെല്ലാം വിശ്വാസത്തിലും ജീവിതരീതിയിലുമെല്ലാം പാശ്ചാത്യമാതൃകകൾ പിന്തുടരുന്നവരാണ്. യൂറോപ്പിന്റെ സമ്മർ വേഷത്തിൽ വരുന്ന സ്ത്രീകൾ റൂമിയുടെ സ്മാരകം സന്ദർശിക്കുമ്പോൾ പുറത്തുവെച്ച ഒരു പർദ്ദയെടുത്ത് ധരിക്കുകയും പുറത്തിറങ്ങുമ്പോൾ അതഴിച്ചുവെക്കുകയും ചെയ്യുന്നത് കൗതുകമായി തോന്നി. ഉർദുഗാന്റെ മറ്റൊരു വഴിയും തുർക്കിയിൽ കാണാനാകും. കെട്ടിലും മട്ടിലും പാശ്ചാത്യരാകുമ്പോഴും വിശ്വാസപരമായി പടിഞ്ഞാറൻ തുർക്കിക്കാരിൽ മിക്കവരും മുസ്‌ലിംകളായി നിൽക്കുന്നു. സംഗീതത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്. ആഫ്രിക്കയിൽനിന്ന് പുറപ്പെട്ട് അറബ് നാടുകളും പേർഷ്യയും തുർക്കിയും മധ്യേഷ്യയും കടന്ന് ഇന്ത്യയിലെത്തുന്ന സംഗീതത്തിന്റെ വഴികളെ ഏതു മതവിശ്വാസത്തിലാണ് കൊണ്ടുകെട്ടുക എന്ന് പറയാൻ പ്രയാസമാണ്. കലർന്നൊഴുകുന്ന ഈ സംഗീതപാരമ്പര്യമാണ് ഷഹനായി മാന്ത്രികനായ ഉസ്താദ് ബിസ്മില്ലാ ഖാനെ സരസ്വതീദേവിയുടെ ആരാധകനാക്കുന്നത്.

Statue of Rumi in Buca, Turkey / Photo: Wikipedia

ഇന്ത്യൻ വാസ്തുവിദ്യാപാരമ്പര്യത്തിലെ പല കാലങ്ങളിലുള്ള കലർപ്പുകളും ശ്രദ്ധിക്കേണ്ടതാണ്. അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ജൈന- ബുദ്ധ- ബ്രാഹ്മണിക് പാരമ്പര്യങ്ങൾ കലർന്നു കലർന്നു പോകുന്നതുകാണാം. ബുദ്ധക്ഷേത്രങ്ങളിൽത്തന്നെ ഹീനയായന മഹായാന വഴികളും വേറിട്ടു കാണാൻ സാധിക്കും. ഛോട്ടാ കൈലാസ് പോലുള്ള മഹാനിർമ്മിതികളുടെ കവാടങ്ങളിൽ കാണുന്ന കാവൽക്കാരായ യക്ഷന്മാരും അപ്‌സരസ്സുകളും മറ്റും ജൈനസങ്കല്പങ്ങളിൽനിന്നു വന്നതല്ലേയെന്ന് ഒരാൾക്കു തോന്നിയാൽ തെറ്റുപറയാനാവില്ല. ഗർഭഗൃഹത്തിൽനിന്നു പുറത്തേക്കു വളരുന്ന ഇന്ത്യൻ ക്ഷേത്രവാസ്തുശില്പമാതൃകയുടെ ഒറിജിൻ ജൈനരിലാണോ ബ്രാഹ്മണിക് ക്ഷേത്രപാരമ്പര്യത്തിലാണോ അന്വേഷിക്കേണ്ടത് എന്നതും തർക്കവിഷയാമാണ്. The Silk Roads: A new History of the World എന്ന പുസ്തകത്തിൽ പീറ്റർ ഫ്രാങ്കോപാൻ ഇന്ത്യയിലെ ബുദ്ധപ്രതിമകളുടെ കാര്യത്തിൽ നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ഗ്രീക്ക് വെണ്ണക്കൽ ശില്പങ്ങളിൽ ചിത്രീകരിക്കപ്പെട്ട വിഗ്ഗുവെച്ച രൂപങ്ങൾ ബുദ്ധശില്പങ്ങളിലേക്കു കടന്നുവരുന്നത് അലക്‌സാണ്ടറുടെ വരവിനു ശേഷമാണ് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ബുദ്ധശില്പങ്ങളിലെ ചുരുളൻമുടി ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. ദില്ലിയിലെ സുൽത്താന്മാരും പുറകെ വന്ന മുഗളന്മാരും പേർഷ്യൻ ടർക്കിഷ് വാസ്തുവിദ്യാരീതികളെ ഇന്ത്യൻ രീതികളുമായി ഇണക്കുന്നതുകാണാം.

കേരളത്തിലെ ചില ക്ഷേത്രങ്ങൾ ഒരു കാലത്ത് ജൈനക്ഷേത്രങ്ങളോ ബുദ്ധക്ഷേത്രങ്ങളോ ആയിരുന്നു എന്ന അഭിപ്രായം ആ മേഖലയിൽ അന്വേഷണം നടത്തുന്നവർ മുന്നോട്ടു വെക്കാറുണ്ട്. കേരളത്തിലെ ആദ്യകാല മുസ്​ലിം പള്ളികൾ അതിന്റെ ബാഹ്യഘടനയിൽ തദ്ദേശീയമായ വാസ്തുശില്പമാതൃ സ്വീകരിച്ചതും ശ്രദ്ധിക്കേണ്ടതാണ്. കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ പ്രകടമായ ജൈനമുദ്രകൾ ഇപ്പോഴും കാണാം. ഉപേക്ഷിക്കപ്പെട്ട ചില ക്ഷേത്രങ്ങൾ അധികൃതമായോ അനധികൃതമായോ ബ്രാഹ്മണക്ഷേത്രങ്ങളാകുന്നതും സന്ദർശകർക്ക് നേരിട്ടു മനസ്സിലാക്കാവുന്നതാണ്. വിശ്വാസങ്ങളിൽനിന്ന് വിശ്വാസങ്ങളിലേക്കുള്ള മാറ്റം സുഗമമാണ് എന്നു പറയാനാണ് ഈ ഉദാഹരണങ്ങൾ നിരത്തുന്നത്. വിശ്വാസങ്ങൾ ബാഹ്യമായി വലിയ അന്തരം കാണിക്കുമ്പോഴും അതിന്റെ ആന്തരിക ചട്ടക്കൂട് ഒന്നുതന്നെയായതുകൊണ്ടാണ് ഈ മാറ്റം എളുപ്പത്തിൽ സാധിക്കുന്നത്.

കേരളത്തിലെ ആദ്യകാല മുസ്‌ലിം പള്ളികൾ അതിന്റെ ബാഹ്യഘടനയിൽ തദ്ദേശീയമായ വാസ്തുശില്പമാതൃക സ്വീകരിച്ചിട്ടുണ്ട്. / Photo: Shafeeq Thamarassery

ബുദ്ധവിഹാരങ്ങൾക്കുമേൽ ക്ഷേത്രങ്ങളും അവയ്ക്കുമേൽ പള്ളികളും പള്ളികൾക്കുമേൽ വീണ്ടും ക്ഷേത്രങ്ങളും പണിയുന്നത് ഇന്ത്യയിൽ അക്രാമകപ്രവർത്തനങ്ങളാകുമ്പോൾ അമേരിക്കയിലും യൂറോപ്പിലും ആധുനികകാലത്ത് ഇത് നിയമപരമായ കൈമാറ്റങ്ങളാണ്. വിശ്വാസികളില്ലാതെ പരിപാലനം ബുദ്ധിമുട്ടിലാകുന്ന ക്രിസ്ത്യൻ ചർച്ചുകൾ മുസ്‌ലീംകളോ ഹിന്ദുക്കളോ നിയമപരമായ വ്യവസ്ഥകളോടെ ഏറ്റെടുക്കുന്നത് സാധാരണമാണ്. ചർച്ചുകളിലെ പുരാവസ്തുക്കളും ചിത്രങ്ങളും മറ്റും സംരക്ഷിക്കണം എന്നു കരാറിൽ വ്യവസ്ഥയുണ്ടെങ്കിൽ ക്രിസ്ത്യൻ ദേവതാരൂപങ്ങളും കലാമാതൃകകളുമുള്ള ഹിന്ദു-മുസ്‌ലിം ആരാധനാലയങ്ങൾ സംഭവിക്കും. ചർച്ചോ പള്ളിയോ ഒക്കെ മ്യൂസിയമോ ആർട്ട് ഗാലറിയോ ഒക്കെയാകുമ്പോൾ ഇത് സ്വാഭാവികമായ ഒരു അലങ്കാരമായിരിക്കും. സംഘടിതമതങ്ങൾ തങ്ങളുടെ ആരാധനാലയങ്ങൾ വെച്ചുമാറുമ്പോൾ വിശ്വാസങ്ങളുടെ സ്വാഭാവികമായ കലർപ്പിനുള്ള സമാധാനപരമായ ഉദാഹരണങ്ങളായി ആധുനികമനുഷ്യർക്കുമുന്നിൽ നിൽക്കും.

തുർക്കിയിലെ ഇസ്താംബൂളിലെ ഹാഗിയസോഫിയ രണ്ടു തരത്തിലുമുള്ള ഉദാഹരണമാണ്. ബൈസാന്റിയൻ കാലത്തിനും മുമ്പുള്ള ദേവതാസങ്കല്പങ്ങളുടെ അവശേഷിപ്പുകൾ ഹാഗിയാ സോഫിയയിൽ കാണാനാകും. ദീർഘമായ ബൈസാന്റിയൻ കാലഘട്ടത്തിൽ ഒരു കിഴക്കൻ ക്രിസ്ത്യൻ ചർച്ചായി അത് വികസിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ തുർക്കികൾ ഇസ്താംബൂൾ കീഴക്കിയപ്പോൾ പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതൊരു മുസ്‌ലിം പള്ളിയായി. പ്രീ ക്രിസ്ത്യൻ, ക്രിസ്ത്യൻ മതചിഹ്നങ്ങൾ പൂർണ്ണമായും അപ്പോഴും നീക്കം ചെയ്തിരുന്നില്ല. അത്താത്തുർക്കിന്റെ കാലത്ത് അതൊരു മ്യൂസിയമായി. ഏതാണ്ടൊരു നൂറ്റാണ്ടിനുശേഷം വീണ്ടും അത് മുസ്‌ലിം പള്ളിയായിരിക്കുന്നു. പള്ളി ഖിബ്‌ലയ്ക്കു നേരെ തിരിഞ്ഞാണ് നിൽക്കുക. ഹാഗിയ സോഫിയായിൽ പ്രവേശിക്കുന്ന ഒരാൾക്ക് എളുപ്പം മനസ്സിലാകുന്ന ഒന്ന് അത് 'ഖിബ്‌ലമറി'ക്കല്ല സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്ന കാര്യമാണ്. കെട്ടിടത്തിന്റെ പൊതുവായ നിൽപിൽനിന്നു മാറി കൃത്രിമമായ ഒരു ഖിബ്‌ലമറിയുണ്ടാക്കിയത് വാസ്തുശില്പപരമായ ഒരു അസ്വസ്ഥത ജനിപ്പിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉർദുഗാൻ ഈ ചരിത്രസ്മാരകത്തെ പള്ളിയായി പ്രഖ്യാപിച്ചെങ്കിലും മിക്കവാറും മ്യൂസിയമായിത്തന്നെയാണ് അതിന്റെ നില്പ്. ലോകത്താകമാനമുള്ള സന്ദർശകർക്കിടയിൽ ഒരു മൂലയ്ക്ക് നിസ്‌കരിക്കാനായി ഒരിടം മാറ്റിവെച്ചിരിക്കുന്നു എന്നു മാത്രം!

ഹാഗിയാ സോഫിയ / Photo: Wikipedia

മതങ്ങളുടെ തിരുത്തൽ ശേഷി

പ്രകൃതിനിർദ്ധാരണത്തിന്റെ ഭാഗമായിത്തന്നെ രൂപപ്പെട്ടതായി ദൈവങ്ങളെയും വിശ്വാസങ്ങളെയും കാണണം. ജനിതകമായ രൂപപ്പെടലുകളുടെ ഒരു തുടർച്ച സാമൂഹികനിയമങ്ങളിലും കാണുന്ന സോഷ്യൽ ഡാർവിനിസം ഇക്കാര്യം പ്രാഥമികമായി വിശദീകരിക്കാൻ പര്യാപ്തമാണ്. എന്നാൽ അർഹതയുള്ളവരല്ലാത്തവർകൂടി അതിജീവിക്കുന്നിടത്താണ് മനുഷ്യസംസ്‌കാരം ആരംഭിക്കുന്നതും മറ്റ് ജിവിവർഗ്ഗങ്ങളിൽനിന്ന് വേറിട്ട ഒന്നാകുന്നതും. മനുഷ്യസംസ്‌കാരത്തെ സംബന്ധിച്ച ഈ വൈരുദ്ധ്യം മാർക്‌സിസ്റ്റ് വർഗ്ഗസിദ്ധാന്തത്തിനുമുമ്പുതന്നെ തിരിച്ചറിയുന്നത് മതങ്ങളാണ്. സെമിറ്റിക്- ബുദ്ധ- ജൈന ദർശനങ്ങളെയൊക്കെ നിരീക്ഷിച്ചാൽ അതിനകത്ത് സ്വാഭാവികമായി രൂപപ്പെടുന്നതും സോർഷ്യൽ ഡാർവിനിസ്റ്റ് രീതിയിൽ വിശദീകരിക്കാവുന്നതുമായ ദൈവ- മത- ധാർമികതകളെ തിരുത്തുന്ന ഒരു ഘടകം കണ്ടെത്താനാകും. ഈ മതങ്ങളൊക്കെ അതിന്റെ ആദ്യകാലങ്ങളിലെങ്കിലും ചൂഷണത്തിലധിഷ്ഠിതമായ സാമൂഹികധാർമ്മികതകൾക്ക് തിരുത്തു നിർദ്ദേശിച്ചവയാണ്. ഇന്ത്യയിലെ ഭക്തിപ്രസ്ഥാനവും ഇത്തരത്തിൽ കൃത്യമായ തിരുത്തുകൾ നിർദ്ദേശിച്ചിട്ടുണ്ട്. മാർക്‌സിസ്റ്റ് ചിന്തകൾ അതിന്റെ ആദ്യകാലത്ത് മതങ്ങളെയും വിശ്വാസങ്ങളെയും വിശദീകരിക്കുന്നതിൽ വരുത്തിയ തെറ്റ് മതങ്ങളുടെ തന്നെ ഈ തിരുത്തൽ ശേഷി മനസ്സിലാക്കാൻ സാധിക്കാതെ പോയതുകൊണ്ടുകൂടിയാണ്. മനുഷ്യന്റെ സാമൂഹികസ്വരൂപത്തിൽ വിശ്വാസവും മതവുമൊക്കെ സ്വാഭാവികമായ ഒന്നാണ്. അതിനെ പൂർണമായി തള്ളിക്കളയാൻ ശ്രമിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് സോവിയറ്റ് യൂണിയനിൽനിന്നുള്ള ഉഹാരണങ്ങൾ കാണിച്ചു തരും. മോസ്‌കോയിലും സെൻറ്​ പീറ്റേഴ്‌സ് ബർഗിലുമൊക്കെ സോവിയറ്റ് കാലത്ത് മ്യൂസിയങ്ങളോ ചരിത്രസ്മാരകങ്ങളോ ഒക്കെയായി മാറിയിരുന്ന ചർച്ചുകൾ സോവിയറ്റാനന്തരകാലത്ത് തിരിച്ച് വിശ്വാസികൾ നിറഞ്ഞ ചർച്ചുകളായി മാറി. സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട റിപ്പബ്ലിക്കുകളിൽ പലതും മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളായിരുന്നു. സോവിയറ്റ് കാലത്തും അതിനുശേഷവും ഇവരുടെ വിശ്വാസവും ആചരാനുഷ്ഠാനങ്ങളും എങ്ങനെയാണ് മാറിമറിഞ്ഞത് എന്നതും കൗതുകകരമായ അന്വേഷണവിഷയമാണ്.

ഭാഷയുടെ ഓരോ അംശത്തിലും വിശ്വാസപരമായ ധാർമ്മികതയും മറ്റു ഘടകങ്ങളും കടന്നുകയറിയിട്ടുണ്ടാകും. ഏറെ സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ എല്ലാ പ്രത്യയശാസ്ത്ര ബോധ്യങ്ങളെയും ഭാഷ അട്ടിമറിച്ചുകളയും.

ഓട്ടോമൻ കാലത്തും അത്താത്തുർക്കിന്റെ പ്രഭാവകാലത്തും ഉർദുഗാന്റെ കാലത്തും തുർക്കിയിലെ മുസ്‌ലിം പള്ളികൾക്കും ആരാധനാരീതികൾക്കും വന്ന മാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടതാണ്. ദശകങ്ങളോളം അറബിയിലുള്ള ബാങ്കുവിളികൾക്ക് വിലക്കുണ്ടായിരുന്ന തുർക്കിയിലെ പള്ളികളിൽനിന്നുള്ള പുതിയ ബാങ്കുവിളികളെക്കുറിച്ച് മഹമൂദ് കൂരിയയും ഞാനും ചേർന്ന് ട്രൂക്കോപ്പിയിലെഴുതിയ സഞ്ചാരക്കുറിപ്പുകളിൽ പറഞ്ഞത് ഓർക്കുന്നു.
വ്യക്തിപരമായി ഒരാൾക്ക് അവിശ്വാസിയായി ജീവിക്കാൻ സാധിക്കും. ഒരു സമൂഹത്തിന് ഒരിക്കലും അതിനു സാധിക്കില്ല. വിശ്വാസാദർശങ്ങളും അതിൽനിന്നുണ്ടാകുന്ന ധാർമ്മികതകളും മാറ്റിവെച്ച് ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനും അതിന്റെ സംഘടനാരൂപത്തിനും സൈദ്ധാന്തികമായി നിലനിൽക്കാനാകും. വ്യക്തിയിൽ അനൈച്ഛികമായി രൂപപ്പെടുന്ന സാമൂഹികധാർമ്മികതാബോധ്യങ്ങളായി അതു കടന്നുവരും. ദൈവങ്ങളെയും മതവിശ്വാസത്തെയും പുറത്തുനിർത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിലേക്കും സംഘടനാരൂപങ്ങളായും ചിഹ്നങ്ങളായും മറ്റും മതവിശ്വാസങ്ങളിൽനിന്നു രൂപംകൊണ്ട യുക്തികൾ ഇപ്രകാരം അനൈച്ഛികമായി സ്വീകരിക്കേണ്ടിവരും. സൂക്ഷ്മപരിശോധനയിൽ വ്യക്തികളെ സ്വാധീനിക്കുന്ന വിശ്വാസപരമായ ധാർമ്മികബോധ്യങ്ങൾ സംഘടനയിലേക്കുകൂടി വ്യാപിക്കും. മതസമൂഹങ്ങളുണ്ടാക്കിയ ധാർമ്മികബോധ്യങ്ങൾ മതരഹിതപ്രസ്ഥാനങ്ങളിലേക്കു കടന്നുവരുന്ന പ്രധാനമാധ്യമം ഭാഷയാണ്. ഭാഷയുടെ ഓരോ അംശത്തിലും വിശ്വാസപരമായ ധാർമ്മികതയും മറ്റു ഘടകങ്ങളും കടന്നുകയറിയിട്ടുണ്ടാകും. ഏറെ സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ എല്ലാ പ്രത്യയശാസ്ത്ര ബോധ്യങ്ങളെയും ഭാഷ അട്ടിമറിച്ചുകളയും. മതരഹിത പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ചരിത്രത്തിൽ സ്വന്തമായ പദസമ്പത്തും പ്രയോഗവും ഭാഷയിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുമ്പോൾത്തന്നെ പല അടരുകളിലായി സഞ്ചരിക്കുന്ന വിശ്വാസത്തിന്റെ യുക്തികൾ അകത്തു കയറിക്കഴിയും. നേരത്തേ സൂചിപ്പിച്ചപോലെ മതങ്ങളെയും ദൈവങ്ങളെയും സംബന്ധിച്ചു പ്രവർത്തിക്കുന്ന ആന്തരഘടന ഇത്തരം സംഘാടനങ്ങളെയും ബാധിക്കുന്നുണ്ട് എന്നു മനസ്സിലാക്കണം. നിരീശ്വരവാദം മറ്റൊരു മതമാണ് എന്നു പറയാൻ പറ്റുന്നത് ഇതുകൊണ്ടാണ്.

പ്രകൃതിനിർദ്ധാരണത്തിന്റെ ഭാഗമായിത്തന്നെ രൂപപ്പെട്ടതായി ദൈവങ്ങളെയും വിശ്വാസങ്ങളെയും കാണണം.

അധികാര ശക്തിയാകുന്ന മതം, വിശ്വാസം

മനുഷ്യന്റെ നിർവാഹകത്വത്തിനു തടസ്സമാകുന്ന ഒരു ചൂഷണോപാധിയായി മതവും വിശ്വാസങ്ങളും നാട്ടാചാരങ്ങളും നിലനിൽക്കുന്നതിനെ പ്രശ്‌നവൽക്കരിച്ചുകൊണ്ട് മുന്നേറേണ്ടത് പ്രകൃതിനിർദ്ധാരണത്തിന് സമാന്തരമായി മുന്നേറേണ്ട മനുഷ്യസംസ്‌കാരത്തിന്റെ ഒന്നാമത്തെ ബാധ്യതയാണ്. വ്യവസായവൽക്കരണനാന്തരം ഈ ധർമം ഏറ്റെടുത്തിട്ടുള്ളത് മാർക്‌സിസ്റ്റ് ദർശനവും അതിന്റെ തുടർച്ചകളുമാണ്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാ സാമൂഹികവിമർശനങ്ങളും മതവിമർശനത്തിൽനിന്നാണ് ആരംഭിക്കേണ്ടത് എന്ന് കാൾ മാർക്‌സ് പറയുന്നത്. മതം ഒരു അധികാരശക്തിയായി, ചൂഷണോപാധിയായി നിലനിൽക്കുന്ന കാലത്തൊക്കെയും അത് വിമർശിക്കപ്പെടുകയും അതിന്റെ അധികാരശക്തികളെ മുട്ടുകുത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുകയും ചെയ്യും. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള കലഹമായിട്ടല്ല വർഗ്ഗസമരങ്ങളുടെ അടിസ്ഥാനത്തിലുള്ള അനിവാര്യമായ സംഘർഷങ്ങളായാണ് ഇവയെ കാണേണ്ടത്. നിർഭാഗ്യവശാൽ സമീകരിക്കാവുന്നതല്ലെങ്കിലും മാർക്‌സിസം, ജനാധിപത്യം തുടങ്ങിയ ആധുനിക രാഷ്ട്രീയമൂല്യങ്ങൾക്കുമേൽ മതവും വിശ്വാസവുമൊക്കെ നിർണായകമായ അധികാരശക്തിയായി ശക്തമായി തിരിച്ചുവരുന്ന ലോകസാഹചര്യത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അപ്പോൾപ്പോലും ദൈവം, മതം, വിശ്വാസം എന്നിവയുടെ സാമൂഹികമായ നിലനിൽപിനെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്തുകൊണ്ടല്ലാതെ ഈ തിരുത്തൽ പ്രക്രിയ സാധ്യമല്ല.

വർഗ്ഗസമരത്തിലൂന്നിയ ദർശനങ്ങൾ, രാഷ്ട്രീയ സംഘാടനങ്ങൾ എന്നിവ ദൈവ-വിശ്വാസങ്ങളുടെ ചട്ടക്കൂടുകളിലേക്ക് അബോധത്തിൽ നീങ്ങുന്നതും തിരിച്ച് ദൈവ-മത-വിശ്വാസ ധാർമികതകളുടെ അസ്തിത്വത്തെ പൂർണമായി തള്ളിക്കളയുന്നതും ഒരുപോലെ അബദ്ധമാണ്. ഈശ്വരൻ ഉണ്ട് എന്നു പറയുന്നതും ഇല്ല എന്നു പറയുന്നതും ഒരേ സമയം നുണയാകുന്നതിന്റെ ദാർശനികവും ചരിത്രപരവുമായ പശ്ചാത്തലം ഇതാണ്. ▮


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments