ലീന തോമസ്​ കാപ്പൻ

അപ്​ഡേറ്റു ചെയ്​തുകൊണ്ടിരിക്കുന്നു,
​വിശ്വാസം എന്ന സോഫ്​റ്റ്​വെയർ

നമുക്ക് നമ്മളിൽത്തന്നെ വിശ്വാസമുണ്ടാകുമ്പോൾ എല്ലാവരും നമ്മുടെ കൂട്ടരാകും, കൂട്ടുകാരാവും, നല്ല അയൽക്കാരാകും, നല്ല നാട്ടുകാരാവും, നല്ല രാഷ്ട്രങ്ങളാകും.

ന്റെ വിശ്വാസങ്ങൾ ദൈവത്തിലും സയൻസിലും ടെക്‌നോളജിയിലും അതിലൊക്കെയുപരി സഹജീവികളിലും ഊന്നിയാണ് നിലനിൽക്കുന്നത്. എന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾക്ക് കൃത്യമായ സമയങ്ങളിൽ ഉറക്കമില്ലാതെ നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചും പരാതികൾ പറഞ്ഞും ദൈവത്തെ മനസ്സിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. അതുവരെതന്ന അനുഗ്രഹങ്ങളോ നന്മകളോ ഒക്കെ കാഴ്ചയുടെ അപ്പുറത്തുനിർത്തിയിരുന്ന സമയങ്ങളാണതൊക്കെ. മഹാമാരിയുടെ കാലത്ത് ആംബുലൻസ്, ഇൻറൻസീവ് കെയർ യൂണിറ്റ്, യന്ത്രസംവിധാനങ്ങൾ, മരുന്നുകൾ, മറ്റു ടെക്‌നോളജികൾ, ആരോഗ്യപ്രവർത്തകരും അയൽക്കാരും ഉൾപ്പെടുന്ന സഹജീവികൾ ഇവയിലെല്ലാം വിശ്വസമർപ്പിച്ച്​ ഉറക്കമിളച്ചിരുന്ന് ദൈവത്തെ വിളിച്ചവരാണ് നമ്മിൽ ഭൂരിഭാഗവും.

സോഷ്യൽ മീഡിയയിലൊക്കെ എത്രമാത്രം പ്രാർത്ഥനാ അഭ്യർത്ഥനകളാണ് നമ്മുടെ കണ്ണുനിറച്ച് കടന്നുപോയത്. നിത്യജീവിതത്തിലെ കാര്യമെടുത്താൽ നമുക്കറിയാത്ത, ഒരു പരിചയവുമില്ലാത്ത ആളുകളെയും അവരുടെ കഴിവുകളെയും നമ്മൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ എതിരെ വരുന്ന വാഹനം നമ്മളെ ഇടിക്കുകയില്ല എന്നൊരുറപ്പിൽ നമ്മൾ വണ്ടിയോടിക്കുന്നത്. കാനഡ എന്ന രാജ്യം ഇവിടെയുണ്ടെന്ന്​ വന്നുകണ്ട്​ വിശ്വസിച്ചിട്ടല്ല ഞാൻ ഇവിടേക്കുവന്നത്. അതിനായി സയൻസും ടെക്‌നോളജിയും മറ്റു സംവിധാനങ്ങളും ഉപയോഗപ്പെടുത്തി.

ദൈനംദിന ജീവിതത്തിലെ അവിശ്വസനീയമായ കാര്യങ്ങളാണ് പലപ്പോഴും എന്നെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. അടുത്തിടെ ജോലിസ്ഥലത്തുണ്ടായ ഒരു കാര്യം പങ്കുവെക്കാം.

രക്തത്തിലൂടെ കടത്തിവിടുന്ന ആൻറിബയോട്ടിക്കുകൾ ഉൾപ്പെടുന്ന മരുന്നുകൾ ശരീരത്തിൽ കുത്തിവെക്കാൻ പാകത്തിൽ രൂപപ്പെടുത്തി രോഗികളിലെത്തിക്കുന്ന ഫാർമസിയിലാണ് ഇപ്പോൾ ജോലിചെയ്യുന്നത്. കോവിഡു കാലത്ത്, സാധാരണ സുലഭമായി കിട്ടുമായിരുന്ന പല മരുന്നുകളും ഓർഡർ ചെയ്താൽ പലപ്പോഴും കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കയിൽനിന്ന്​ ഇറക്കുമതി ചെയ്താൽ മാത്രം കിട്ടുന്ന ഒരു പ്രത്യേക മരുന്ന് എന്നുമുള്ള മരുന്നുകളുടെ ഓർഡറിന്റെ കൂടെ ഡെലിവറിയായി കിട്ടി.

ചിലപ്പോൾ നമ്മളിതിനെ രോഗിയുടെ ഭാഗ്യം എന്നൊക്കെ പേരിട്ടു വിളിക്കുമായിരിക്കും. ഞാനിതിനെ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്ന വിശ്വാസത്തിലേക്ക് ചേർത്തുവെക്കുന്നു.

സാധാരണ ഞങ്ങളുപയോഗിക്കുന്ന മരുന്നായിരുന്നില്ല അത്. അപൂർവമായി മാത്രം ഡോക്ടർമാർ കുറിക്കുന്ന മരുന്നാണ്. അതുകൊണ്ടുതന്നെ കുറിപ്പടി വന്നാൽ മാത്രമേ ഓർഡർ ചെയ്യുകയുള്ളൂ. ഈ ഡെലിവറിയെപ്പറ്റി അന്വേഷിച്ചപ്പോൾ, ഹോൾസൈൽ ഡീലർ പറഞ്ഞത്, ‘ഞങ്ങൾക്ക് കമ്പനി അയച്ചുതന്നു, നിങ്ങൾ മാത്രമാണ് ഇത്തരം കുത്തിവെക്കുന്ന മരുന്നുകളുണ്ടാക്കുന്ന ഞങ്ങളുടെ കസ്റ്റമർ, അതുകൊണ്ട് ഡെലിവറി ചെയ്തു, ഇനിയിപ്പോൾ തിരിച്ചയക്കാൻ ഞങ്ങൾക്ക് പോളിസിയില്ല, നിങ്ങളിൽനിന്ന് ഞങ്ങൾ വില ഈടാക്കുന്നില്ല, ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ സൂക്ഷിക്കാമോ ' എന്നാണ്.

ഞങ്ങൾ അതുണ്ടാക്കുന്ന അമേരിക്കയിലെ കമ്പനിയിൽ വിളിച്ച്, ആ കമ്പനിയുടെ പ്രോഡക്റ്റ് ആണിതെന്ന്​ ഉറപ്പാക്കാനുള്ള വിവരണശേഖരം നടത്തി ഉത്പന്നം അതുതന്നെയെന്നു ഉറപ്പുവരുത്തി, അത് കമ്പനിയുടെ മറ്റു മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്നിടത്ത് സൂക്ഷിക്കാൻ തീരുമാനിച്ചു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ഈ അപൂർവ മരുന്നിന്റെ കുറിപ്പടി ഒരു ഡോക്ടർ അയച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് ഇത് രോഗിക്ക് ലഭ്യമാക്കണമേ എന്ന കുറിപ്പോടെയാണ് പ്രിസ്‌ക്രിപ്ഷൻ. ഞങ്ങൾ ആ മരുന്നെടുത്ത് കമ്പൗണ്ട് ചെയ്ത് രോഗിക്ക് ലഭ്യമാക്കി. രോഗി സുഖം പ്രാപിക്കും വരെ തുടർച്ചയായി രോഗവിവരം തിരക്കിക്കൊണ്ടിരുന്നു. ഈയൊരു സംഭവം ഞങ്ങൾക്കെല്ലാവർക്കും അത്ഭുതമുണ്ടാക്കിയ ഒന്നായി മാറി. ഈ മരുന്ന് ഇങ്ങനെ വന്നുകിട്ടിയിട്ടില്ലായിരുന്നെങ്കിൽ, കുറിപ്പടി കിട്ടി മരുന്ന് ലഭ്യമാകാൻ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു. കോവിഡ് കാലമായിരുന്നതുകൊണ്ട് ചിലപ്പോൾ അത് ലഭ്യമാകുമോ എന്നുപോലും സംശയമുള്ള സാഹചര്യവും.

ചിലപ്പോൾ നമ്മളിതിനെ രോഗിയുടെ ഭാഗ്യം എന്നൊക്കെ പേരിട്ടു വിളിക്കുമായിരിക്കും. ഞാനിതിനെ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് എന്ന വിശ്വാസത്തിലേക്ക് ചേർത്തുവെക്കുന്നു.
ജനിക്കുമ്പോൾ നമ്മുടെ തലച്ചോറിലും ബുദ്ധിയിലും വിശ്വാസം എന്ന സോഫ്റ്റ് വെയർ പ്രോഗ്രാം ചെയ്യപ്പെട്ടിട്ടില്ല. പിന്നീട്, തീയിൽ തൊട്ടാൽ പൊള്ളും എന്ന വിശ്വാസം അനുഭവം കൊണ്ട് തലച്ചോറിൽ പ്രോഗ്രാം ചെയ്യപ്പെടുന്നതുപോലെ, നല്ലതും ചീത്തയുമായ അനുഭവങ്ങളിൽനിന്ന് പലതും പ്രോഗ്രാം ചെയ്യപ്പെട്ടുവരും. മിക്ക മാതാപിതാക്കളും സാഹചര്യം അനുവദിക്കുമെങ്കിൽ കുഞ്ഞുങ്ങളെ അതാതു മതങ്ങളിൽ, മതവിശ്വാസങ്ങളിൽ ചേർത്തുനിർത്തുകയും മതഗ്രന്ഥങ്ങൾ പഠിപ്പിക്കുകയും ചെയ്യും.

'ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്’ എന്നുപറയുന്നത് മുറുകെ പിടിച്ച് ഒരായുസ്സ് മുഴുവൻ രണ്ടു ഭൂഖണ്ഡങ്ങളായി ഒരേവീട്ടിൽ മൗനമായും യുദ്ധം ചെയ്തും ജീവിക്കുന്നവരുണ്ട്. ദൈവം യോജിപ്പിച്ചോ എന്നെങ്ങനെ അറിയും?

ചിന്തിക്കാൻ എളുപ്പമുള്ള കാര്യങ്ങളാണ് മനുഷ്യമനസ്സിനിഷ്ടം. അത് മതങ്ങൾ പഠിപ്പിച്ചുതന്നാൽ പൊതുവെ ജോലി ചെയ്യാൻ ഇഷ്ടമില്ലാത്ത തലച്ചോറിന്റെ ഒരുഭാഗം ഈ നിയമങ്ങളും ആശയങ്ങളും ആചാരങ്ങളും അതേപടിയെടുത്ത്​അതുപ്രകാരം ജീവിതം അങ്ങ് മുന്നോട്ടു കൊണ്ടുപോയ്‌ക്കോളും. പ്രത്യേകിച്ച് വലുതായൊന്നും ചിന്തിക്കാതെ, വെറുതെ ഒരൊഴുക്കിൽ പെ​ട്ടെന്ന്​ ജീവിതം കടന്നുപോകും. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഈ കൂട്ടിനകത്തു നിന്നുകൊണ്ടേ ചിന്തിക്കാൻ പറ്റൂ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ. ഉദാഹരണമായി, ‘ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്’ എന്നുപറയുന്നത് മുറുകെ പിടിച്ച് ഒരായുസ്സ് മുഴുവൻ രണ്ടു ഭൂഖണ്ഡങ്ങളായി ഒരേവീട്ടിൽ മൗനമായും യുദ്ധം ചെയ്തും ജീവിക്കുന്നവരുണ്ട്. ദൈവം യോജിപ്പിച്ചോ എന്നെങ്ങനെ അറിയും? എന്നൊരു കാര്യം വിശകലനം ചെയ്യാനുള്ള വിമർശനാത്മക ചിന്തയ്ക്ക് വഴിതുറക്കാനുള്ള ബോധത്തെ തിരിച്ചറിയാത്തതാണ് പ്രശ്‌നം. മതവും ജാതിയും സ്വത്തും പാരമ്പര്യവും ഒക്കെ നോക്കി മനുഷ്യൻ ആലോചിച്ചുറപ്പിക്കുന്ന വിവാഹങ്ങൾക്ക് ദൈവത്തിന്​ എത്രമാത്രം റോളുണ്ടെന്നുള്ളത് ഇനിയും ചർച്ചകൾക്ക് വളരെയേറെ സാധ്യതയുള്ളതാണ്.

Painting: devanshi sanghvi

മനസുകൊണ്ട് ചിന്തിച്ച് കാര്യങ്ങളെ വിശകലം നടത്തുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന്​ തലച്ചോറിന്റെ സോഫ്റ്റ് വെയർ പ്രോഗ്രാം ഇടക്കിടക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഒരുകാര്യത്തെ വിശ്വാസം എന്ന കോണിൽനിന്നു മാത്രമായി കാണാതെ പല രീതിയിൽ കാണുകയും പലതരം റിസൾട്ടുകൾ പ്രതീക്ഷിക്കുകയും അവയ്ക്ക് പല രീതിയിലുള്ള പ്ലാനുകളുണ്ടാക്കുകയും ചെയ്യുന്നത് ഈ അപ്ഡേറ്റിൽ ഉൾപ്പെടും.

അവരവരിലും മറ്റുള്ളവരിലും ദൈവത്തിലും മതങ്ങളിലും വിശ്വാസമുണ്ടാകുന്നത് പലപ്പോഴും ജീവിതം എളുപ്പമുള്ളതാകും, സമ്പത്തുള്ളതാക്കും. അതിനേക്കാളുപരി നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ജീവിതസാഹചര്യങ്ങളിൽ ഉഴലുമ്പോൾ ദൈവത്തിന്റെ അല്ലെങ്കിൽ അതുപോലെ ഒരു ശക്തിയുടെ ആവശ്യം തീർച്ചയായും വേണ്ടിവരും. എന്നാൽ പലപ്പോഴും ദൈവമുൾപ്പെടെയുള്ളതിൽ അവിശ്വാസമുണ്ടാക്കുന്ന സോഫ്റ്റ് വെയർ അപ്ഡേറ്റുകളും ഇത്തരം സാഹചര്യങ്ങളിൽ പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിക്കുന്നു. വിശ്വസിക്കാനാകുന്നവർ കൂടെയുണ്ടാകുന്നതാണ് ഏറ്റവും വലിയ സമ്പത്ത്.

ചെറുപ്പത്തിൽ ആരാധനാലയങ്ങളിൽ ക്രമമായി പോയി, മതപാഠങ്ങൾ പഠിച്ച് വളരെ എളുപ്പമായ ജീവിതമുണ്ടായിട്ടുണ്ട്​. മുതിർന്നപ്പോൾ ജീവിതം കൈവിട്ടുപോയി എന്ന അവസ്ഥ വന്ന കാലത്ത്​, കാര്യങ്ങളെ ബുദ്ധിയുപയോഗിച്ച് വിശകലനം ചെയ്ത്, മറ്റുള്ളവരുടെ ഇടപെടലുകൾ നടത്താൻ സാഹചര്യം കിട്ടിയതുകൊണ്ട്, ആ വഴിക്കുള്ള സോഫ്റ്റ് വെയർ അപ്ഡേറ്റും ഉണ്ടായിട്ടുണ്ട്. ഇതിനിടയിലായിപ്പോയ ചില സാഹചര്യങ്ങളിൽ അവിശ്വാസിയായും ജീവിച്ചിട്ടുണ്ട്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ മതം എന്ന് വിശ്വസിക്കുന്നു. വിശ്വസിക്കാനാകുന്നവർ കൂടെയുണ്ടാകുന്നതാണ് ഏറ്റവും വലിയ സമ്പത്ത്. മതത്തിന്റെ കെട്ടുപാടുകളും മതതീവ്രതയും ദൈവത്തിൽനിന്നും ദൈവവിശ്വാസത്തിൽനിന്നും വേറിട്ടുനിൽക്കേണ്ടതാണ്. മറ്റുമതങ്ങളെ കുറച്ചൊക്കെ അറിയുകയും അവയിൽ വിശ്വസിക്കുന്നവരുടെ ആശയങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരം വളർന്നുവരേണ്ടത് ഓരോ ജീവന്റെയും നിലനിൽപ്പിനും മുന്നോട്ടുള്ള കുതിപ്പിനും ആവശ്യമാണ്. മതങ്ങൾ മനുഷ്യനെന്ന നന്മയിലേക്ക് നയിക്കുന്നില്ലെങ്കിൽ, നമുക്കെന്തോ പ്രശ്‌നമുണ്ടെന്നും സ്വയം മനസ്സിലാക്കാൻ പോലുമുള്ള ബുദ്ധി കൈവിട്ടുപോയി എന്നും ചിന്തിക്കാനാണിഷ്ടം. അതിന്​ നല്ല കഴിവും ഉന്നതനിലവാരചിന്തകളുള്ള നേതൃത്വവും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ഈ രാജ്യത്ത് മതത്തിന്റെ അതിപ്രസരമോ മതങ്ങളിലേക്ക് ആളെ കൂട്ടാനുള്ള ആവേശങ്ങളോ കണ്ടിട്ടില്ല. ജാതിയോ മതമോ ഒരിടത്തും പറയേണ്ടതില്ല. മറ്റു മതക്കാരുടെ നൊയമ്പുകളും പ്രാർത്ഥനാസമയങ്ങളും പരസ്പരബഹുമാനത്തോടെ നോക്കിക്കാണുന്നു. അടിസ്ഥാനപരമായി ജീവിതം നിലനിർത്തുക എന്നത് ഇവിടെ ഒരു പ്രധാന കാര്യമാണ്. ജോലി ചെയ്താലേ അത് സാധ്യമാകൂ. അതിനായുള്ള ഓട്ടപ്പാച്ചിലിനിടയിൽ ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിന്​ സംഘടനയുണ്ടാക്കി നിലനിർത്തി പോകുക എന്നതൊക്കെ വളരെ പ്രയത്​നം ആവശ്യമുള്ള കാര്യങ്ങളാണ്. ജീവിതം നമുക്ക് ആവശ്യത്തിലധികം സ്വത്ത്, പണം, സമയം , വിഭവങ്ങൾ ഇതൊക്കെ തരുമ്പോഴാണ് മറ്റുള്ളവരുടെ കാര്യങ്ങളിലും വിശ്വാസങ്ങളിലും മതങ്ങളിലുമൊക്കെ നുഴഞ്ഞുകയറാൻ നമുക്ക് അവസരം തരുന്നത് എന്നാണ് നിരീക്ഷണത്തിൽ നിന്ന്​മനസ്സിലാക്കിയിട്ടുള്ളത്. ഇതൊന്നുമില്ലാതെയായപ്പോൾ വെള്ളപ്പൊക്കത്തിലും മഹാമാരിയിലും ഒക്കെ നമ്മൾ മനുഷ്യരായി മാത്രം ജീവിച്ച നാളുകൾ തന്നെ ഉദാഹരണം.

കടുകുമണിയോളം വിശ്വാസം എന്നത് എളുപ്പം നേടാനാണ് നേർച്ചകൾ നേരുന്നത് എന്നുമനസ്സിലാക്കിയ അന്ന് അത് നേരുന്നതും നടപ്പിലാക്കുന്നതും നിർത്തി. ജോസഫ് മുർഫിയുടെ ദി പവർ ഓഫ് സബ്കോൺഷ്യസ് മൈൻഡ് എന്ന ബുക്ക് വായിച്ചതാണ് ഈ തിരിച്ചറിവ് തന്നത്. അബോധമനസ്സിനെ നമ്മുടെ നിയന്ത്രണത്തിൽ നിർത്തുന്ന തന്ത്രമറിഞ്ഞാൽ മനസ്സിനെയും ശരീരത്തെയും ഒരുപാട് സാഹചര്യങ്ങളെയും നമ്മുടേതാക്കാൻ പറ്റും, നമ്മുടെ ഇഷ്ടത്തിനാക്കാൻ പറ്റും, നന്മയ്ക്കായി മാറ്റാൻ പറ്റും. മലകൾ മാറ്റാൻ ഇതുമതിയാകും.

നമ്മുടെ തന്നെ മനസ്സിന്റെ വ്യക്തത കൂട്ടുന്ന ഒരു സോഫ്റ്റ് വെയർ പ്രോഗ്രാമിങ് ആണ് നമ്മുടെ അബോധമനസ്സ്. നമ്മുടെ തന്നെ ഒരു പുതിയ പതിപ്പിനെ ഓരോ ദിവസവും ഉണ്ടാക്കിയെടുക്കാനും അതുവഴി നമുക്ക് നമ്മളിലുള്ള വിശ്വാസത്തെ കു ടുതലാക്കാനും അബോധമനസ്സിനെ വരുതിയിലാക്കി ഉപയോഗിക്കുന്നതുവഴി സാധിക്കും. ഇവിടങ്ങളിൽ ഇത് കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി വഴി സാധിച്ചെടുക്കുന്ന രീതിയുണ്ട്. മന്ത്രം, ധ്യാനം, യോഗ എന്നിവയൊക്കെ നമ്മെത്തന്നെ നവീകരിക്കാനും നമ്മുടെ തന്നെ ലോകം വിശാലമാക്കാനും ഉള്ളതാവണം. നമ്മുടെ ലോകം വിശാലമാകുമ്പോൾ നമ്മുടെ ചിന്തകളും വിശാലമാകും, വിശ്വസ്തതയുള്ളതാകും. നമുക്ക് നമ്മളിൽത്തന്നെ വിശ്വാസമുണ്ടാകുമ്പോൾ എല്ലാവരും നമ്മുടെ കൂട്ടരാകും, കൂട്ടുകാരാവും, നല്ല അയൽക്കാരാകും, നല്ല നാട്ടുകാരാവും, നല്ല രാഷ്ട്രങ്ങളാകും. ദൈവത്തിനുള്ളത് ദൈവത്തിനും മതങ്ങൾക്കുള്ളത് മതങ്ങൾക്കും മനുഷ്യർക്കുള്ളത് മനുഷ്യർക്കും കൊടുക്കുന്നതാകട്ടെ നമ്മെ നയിക്കുന്ന വിശ്വാസം.

കടുകുമണിയോളം വിശ്വാസം എന്നത് എളുപ്പം നേടാനാണ് നേർച്ചകൾ നേരുന്നത് എന്നുമനസ്സിലാക്കിയ അന്ന് അത് നേരുന്നതും നടപ്പിലാക്കുന്നതും നിർത്തി.

മനുഷ്യമനസ്സ് പലപ്പോഴും കൈസർക്കുള്ളതിനേയും ദൈവത്തിനുള്ളതിനേയും കൂട്ടിക്കുഴക്കും. കൈസർക്കുള്ളത് എന്നുപറയുമ്പോൾ അത് നമ്മുടെ പ്രവർത്തിമണ്ഡലങ്ങളാണ്, അത് ചെയ്തുതീർക്കേണ്ട കർമങ്ങളാണ്. അവിടെ ശരിയായ റിസൽറ്റ്​ ലഭിക്കുന്നതിന് ഒരു പ്രവൃത്തി ഉണ്ടാകേണ്ടത് അനിവാര്യമാണ്. ദൈവവിശ്വാസത്തിന്​ അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദൈവവിശ്വാസം നമ്മുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. ‘ട്രസ്റ്റ് ഇൻ ഗോഡ്, ബട്ട് ലോക്ക് യുവർ കാർ’ എന്നത് പ്രവർത്തിക്കാതെ ഒരു പരാശക്തിയിൽ അന്ധമായി വിശ്വസിക്കുന്നതിന്റെ പ്രശ്‌നത്തെപ്പറ്റി ബോധം തരുന്ന ചൂണ്ടുപലകയാണ്. പ്രവർത്തിക്കേണ്ടിടത്ത്​ വേണ്ടത് ചെയ്യാതെ ദൈവത്തെയും വിശ്വാസത്തെയും കൂട്ടുപിടിച്ചിരിക്കുന്ന രീതി പലപ്പോഴും യഥാർത്ഥ ഫലം ഉണ്ടാക്കണമെന്നില്ല.

കൈസറെയും ദൈവത്തെയും കൂട്ടിക്കുഴക്കുമ്പോൾ കോഗ്‌നിറ്റീവ് ഡിസോനൻസ് (cognitive dissonance) എന്ന മാനസിക സംഘർഷത്തിലൂടെയാണ് പലപ്പോഴും നമ്മൾ കടന്നുപോകുന്നത്. നമ്മുടെ തന്നെ വിശ്വാസങ്ങളും മനോഭാവങ്ങളും തമ്മിൽ പൊരുത്തപ്പെടാതെ മാനസികമായി ബുദ്ധിമുട്ടിലാകുന്ന ഇത്തരം അവസ്ഥകളെ തരണം ചെയ്യാനുള്ള ഏറ്റവും പ്രധാന മാർഗം, തൊടാനോ കാണാനോ പറ്റാത്ത അവസ്ഥകളെ വിശ്വസമായി മാത്രം കാണുക എന്നതാണ്. ▮


ലീന തോമസ്​ കാപ്പൻ

കഥാകൃത്ത്​, വിവർത്തക. കാനഡയിൽ ഫാർമസിസ്​റ്റ്​. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. മരുന്നറിവുകൾ, മരുന്ന്​: ഉപയോഗവും ദുരുപയോഗവും എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments