‘യുക്തിമോർച്ചയോ' എന്ന് ജനാധിപത്യ വിശ്വാസികളെ അതിശയിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഒരു വിചിത്ര നാസ്തികക്കൂട്ടവും അതിന്റെ ആൾദൈവ സമാനനായകനും വലിയ അളവിൽ ചർച്ച ചെയ്യപ്പെടുന്ന ദിവസങ്ങളാണിത്. ‘അത് ഞങ്ങടെ യുക്തിവാദമല്ല, ഞങ്ങടെ യുക്തിവാദം അങ്ങനെയല്ല' എന്ന മട്ടിൽ പാമ്പര്യ യുക്തിവാദികളാകട്ടെ ഈ പുതുധാരയെ തള്ളിപ്പറയുകയും ചെയ്യുന്നു. നാസ്തിക പ്രഭാഷണങ്ങളുടെ മറവിൽ നിരവധി ചരിത്ര-സമകാലിക രാഷ്ട്രീയവിഷയങ്ങളിലും അമ്പരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ തുടർച്ചയായി നടത്തിക്കൊണ്ടു കൂടിയാണ് ആ ‘നാസ്തിക ദൈവം' അരങ്ങു തകർക്കുന്നത്. ഈ പശ്ചാത്തലത്തിൽ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി പറയുന്ന ചില കാര്യങ്ങളിലൂടെ നിലപാട് വ്യക്തമാക്കാനുള്ള ശ്രമമാണ് ഈ എഴുത്ത്.
എ. ടി. കോവൂറും ഇടമറുകും ഏറ്റവും ബഹുമാനിതരായി കുഞ്ഞുപ്രായത്തിൽ തന്നെ. താഴത്തെ ക്ലാസുകൾ മുതലേ സഹപാഠികളോടെല്ലാം തർക്കിച്ചു. കൗമാര- യൗവന കാലം മുഴുവൻ വിശ്വാസികളായ സകല സുഹൃത്തുക്കളോടും വാദപ്രതിവാദങ്ങളിലേർപ്പെട്ടു.
നൂറ്റൊന്നു ശതമാനം നിരീശ്വരൻ
നൂറല്ല നൂറ്റൊന്നു ശതമാനവും നിരീശ്വരനാണ് ഇതെഴുതുന്നയാൾ.
അച്ഛന്റെ അച്ഛനും അമ്മയുടെ അച്ഛനും നിരീശ്വരന്മാർ. ഏതെങ്കിലും ദൈവവുമായോ ആരാധനാലയവുമായോ ഒരിടപാടുമില്ലാതിരുന്ന വീടുകൾ. അപ്പൂപ്പന്മാരേക്കാൾ കടുത്ത യുക്തിവാദിയായിരുന്ന അച്ഛൻ. ഇതെല്ലാം കൊണ്ട് ജന്മനാ നിരീശ്വരനായിരുന്നു എന്നുവേണമെങ്കിൽ എന്റെ കാര്യത്തിൽ പറയാം. ധാരാളം യുക്തിവാദ പുസ്തകങ്ങളും മാസികകളും വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ വായനാ താല്പര്യം ഇക്കാര്യത്തിലായി. എ. ടി. കോവൂറും ഇടമറുകും ഏറ്റവും ബഹുമാനിതരായി കുഞ്ഞുപ്രായത്തിൽ തന്നെ. താഴത്തെ ക്ലാസുകൾ മുതലേ സഹപാഠികളോടെല്ലാം തർക്കിച്ചു. കൗമാര- യൗവന കാലം മുഴുവൻ വിശ്വാസികളായ സകല സുഹൃത്തുക്കളോടും വാദപ്രതിവാദങ്ങളിലേർപ്പെട്ടു. അക്കാലത്തെ ഇഷ്ട വിനോദം - ഏതാണ്ട് വേട്ട പോലൊരു ലഹരി തന്ന ആ തർക്കങ്ങളായിരുന്നു എന്നതാണ് വാസ്തവം. ഒ.എൻ.വി റൊട്ടി എന്ന കവിതയിൽ, വിശന്നു കരയുന്ന ഈ കുഞ്ഞിനുമുന്നിൽ ഞാനൊരു റൊട്ടിയായി മാറിയെങ്കിൽ എന്നു പറയുന്നതുപോലും എടുത്തുപയോഗിച്ചു. പട്ടിണികൊണ്ടു കരയും ഒരു തെരുവുകുഞ്ഞിനു മുന്നിലെ ആഹാരമായി താൻ മാറിയെങ്കിൽ എന്ന് ഒരു കവിക്കുതോന്നുന്ന തോന്നൽ പോലുമില്ലാത്ത അവരുടെ ദൈവങ്ങളെ എത്യോപ്യയുടെയും സോമാലിയയുടെയും പോഷകാഹാരക്കുറവുമൂലം കുട്ടികൾ മരിക്കുന്ന അട്ടപ്പാടിയുടെയും പശ്ചാത്തലത്തിൽ ചോദ്യം ചെയ്തു രസിച്ചു.
മതവിശ്വാസം എന്ന മനുഷ്യാവകാശം
പിൽക്കാലത്താണ് മതവിശ്വാസം, ദൈവവിശ്വാസം എന്നതൊക്കെ മനുഷ്യാവകാശം തന്നെ എന്ന ബോധ്യത്തിലേക്ക് വികസിക്കുന്നത്. ദൈവമില്ലെങ്കിലും മതങ്ങളുണ്ട് എന്ന യാഥാർത്ഥ്യബോധത്തോടെ മത വിശ്വാസികൾക്കുവേണ്ടിയും നിലപാടെടുക്കാൻ തുടങ്ങി. മതത്തിൽ ജനാധിപത്യമില്ലായിരിക്കാം, പക്ഷെ ജനാധിപത്യത്തിൽ മതമുണ്ട് എന്നതായി പ്രധാന തിരിച്ചറിവ്. ദൈവവുമായല്ല, അധികാരവുമായി ബന്ധപ്പെട്ട മതാവസ്ഥകളെ താരതമ്യം ചെയ്തു പഠിച്ചു. പരിഗണന / അവഗണന / പ്രീണനം / വേട്ട ഇതൊക്കെ മനസ്സിലാക്കി. ആത്യന്തികമായി മതവിശ്വാസ വിഷയത്തിലടങ്ങുന്ന മനുഷ്യാവകാശത്തെ ബഹുമാനിച്ചു തുടങ്ങി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം കുടുംബമൊത്തുകൂടിച്ചേരാൻ കഴിയുന്ന നിർദ്ദോഷ ആചാരങ്ങളുടെ ആത്മീയവഴികളോട് താല്പര്യം തോന്നുകയും ചെയ്തു. ആ മനോഭാവം തുടരുകയാണിപ്പോൾ ചെയ്യുന്നത്.
‘പദാർത്ഥ നിർമിതമല്ലാത്ത ഒന്നും സത്യമല്ല' എന്ന സയൻസിന്റെ സ്‌കെയിലുകൊണ്ടു മാത്രമളന്നാൽ, കോടാനുകോടി ജനങ്ങളെ ബാധിക്കുന്ന പുതുകാല മത ജാതി പരിണാമങ്ങൾ തിരിച്ചറിയാതെ പോകും.
ജാതി- മതങ്ങൾ വർത്തമാന രാഷ്ട്രീയത്തിലും ജനാധിപത്യവഴികളിലും പ്രവർത്തിക്കുന്ന രീതിശാസ്ത്രം ബോധ്യപ്പെടുക എന്നത് പ്രധാനമാണെന്ന് വിശ്വസിക്കുന്നു. ദൈവമില്ല, പിന്നെ മതമുണ്ടോ എന്ന കേവലാഹ്‌ളാദം കൊണ്ടു നടക്കുന്നവർക്ക് ഇതൊന്നും പിടികിട്ടില്ല. തീണ്ടലും തൊടീലുമില്ലാതായതോടെ ഇവിടെയാർക്കാണ് ജാതി എന്ന ചോദ്യവും നിരീക്ഷണമില്ലായ്മയിൽ നിന്നുണ്ടാകുന്ന ഒന്നാണ്. ‘പദാർത്ഥ നിർമിതമല്ലാത്ത ഒന്നും സത്യമല്ല' എന്ന സയൻസിന്റെ സ്‌കെയിലുകൊണ്ടു മാത്രമളന്നാൽ, കോടാനുകോടി ജനങ്ങളെ ബാധിക്കുന്ന പുതുകാല മത ജാതി പരിണാമങ്ങൾ തിരിച്ചറിയാതെ പോകും. അവയ്ക്ക് പലയളവിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങളുടെ സ്ഥിതിവിവരക്കണക്കുകളിൽ പ്രതിഷേധമില്ലാത്തവരായി മാറും.
ലാബിൽ കൊടുക്കുന്ന രക്തത്തിൽ ജാതിയോ മതമോ തെളിയാത്തതിനാൽ അവ രണ്ടുമില്ല എന്ന യുക്തിവാദമപ്പോൾ അരാഷ്ട്രീയ വാദമായിത്തീരും. ഒടുവിൽ പ്രയോറിട്ടി കൃത്യമായി കിട്ടുമെന്നുറപ്പുള്ളവർക്ക് ‘മനുഷ്യനാകണം' എന്നൊക്കെ തെളിവിൽ പാടുകയോ പറയുകയോ ഒക്കെ ചെയ്യാം. ദൈവം പോലൊരു സങ്കല്പം മാത്രമാണ് മനുഷ്യൻ എന്നാണ് അനുഭവം എന്നെ പഠിപ്പിക്കുന്നത്. ചിലർക്ക് എളുപ്പത്തിൽ മനുഷ്യനായി അഭിനയിക്കാൻ കഴിയുന്നുണ്ട്. മറ്റു ചിലർക്കാകട്ടെ വളരെ പ്രയാസമാണ് മനുഷ്യനാകൽ . Dehumanized people - അപമാനവീകരിക്കപ്പെട്ടവർ എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ച വിഭാഗങ്ങൾ എങ്ങനീ രാജ്യത്ത് മനുഷ്യരാകുമെന്നാണ്. തമിഴ്‌നാട്ടിൽ എട്ടടിപ്പൊക്കത്തിൽ നിർമിച്ച ഒരു ജാതി മതിൽ നിരന്തര സമരങ്ങൾക്കൊടുവിൽ മാത്രം പൊളിച്ചത് ഈ കഴിഞ്ഞയാഴ്ചയിലാണ്. ആ മതിൽ കെട്ടിയത് തീണ്ടൽ നൂറ്റാണ്ടുകളിലൊന്നുമല്ല മറിച്ച് 2016 - ലാണെന്നതോർക്കണം!
ചരിത്രത്തിലെ മതമല്ല ജനാധിപത്യത്തിലെ മതമെന്നും ചരിത്രത്തിലെ ജാതിയല്ല രാഷ്ട്രീയത്തിലെ ജാതിയെന്നുമൊക്കെയുള്ള അതിസങ്കീർണ സാമൂഹ്യ സാഹചര്യം ബോധ്യപ്പെട്ടൊരാൾ എന്ന നിലയ്ക്കാണ് യുക്തിവാദിയല്ല, ഇപ്പോൾ യാഥാർത്ഥ്യവാദിയാണ് എന്നവിധത്തിൽ മനസ്സ് പരുവപ്പെടുന്നത്.
ചരിത്രത്തിലെ മതമല്ല ജനാധിപത്യത്തിലെ മതം
ഇങ്ങനെ ചരിത്രത്തിലെ മതമല്ല ജനാധിപത്യത്തിലെ മതമെന്നും ചരിത്രത്തിലെ ജാതിയല്ല രാഷ്ട്രീയത്തിലെ ജാതിയെന്നുമൊക്കെയുള്ള അതി സങ്കീർണ സാമൂഹ്യ സാഹചര്യം ബോധ്യപ്പെട്ടൊരാൾ എന്ന നിലയ്ക്കാണ് യുക്തിവാദിയല്ല, ഇപ്പോൾ യാഥാർത്ഥ്യവാദിയാണ് എന്നവിധത്തിൽ മനസ്സ് പരുവപ്പെടുന്നത്. ‘ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ' നടന്നതിന്റെ വളരെയടുത്തു താമസിച്ചിട്ടും അവിടേക്കൊന്ന് പോകാൻ തോന്നാഞ്ഞതിന്റെ കാര്യമതാണ്. ആ നവനാസ്തിക നേതാവ് പകരുന്ന കണ്ണട വെച്ച് നോക്കിയാൽ നിങ്ങൾക്ക് ഇന്ത്യയുടെ സൂക്ഷ്മ രാഷ്ട്രീയ ഭൂപടം കാണാൻ കഴിയില്ലെന്നുറപ്പാണ്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സംവാദം മുമ്പ് ഡി.സി.ബുക്‌സ് നടത്തിയപ്പോൾ അവിടെ സംഭവിച്ച അത്ഭുതം സംഘപരിവാർ - യുക്തിവാദ പ്രതിനിധികളുടെ വാദങ്ങളിലെ സാമ്യതയാണ്. ദൈവമില്ലെങ്കിലും മതങ്ങളുണ്ടെന്ന യാഥാർത്ഥ്യം നമ്മളംഗീകരിക്കണം. തീണ്ടലില്ലെങ്കിലും ജാതിയുണ്ടെന്ന നഗ്‌നസത്യത്തെ തിരിച്ചറിയണം. ഇന്ത്യൻ രാഷ്ട്രീയത്തിലെ - ഇവിടുത്തെ ജനാധിപത്യത്തിലെ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളുടെ ലാഭ- നഷ്ടങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് പകരുന്ന അസ്വസ്ഥതകൾക്കു മുമ്പിൽ എന്റെ നിരീശ്വര ‘വാദ' ലഹരിയൊക്കെ എങ്ങോട്ടുപോയെന്നറിയില്ല എന്നതാണ് നേര്.
ചുരുക്കത്തിൽ, കേവല യുക്തിവാദിയാവുകയല്ല, മറിച്ച് രാഷ്ട്രീയ യാഥാർത്ഥ്യവാദിയാകുക എന്നതാണ് ഈ ഇന്ത്യൻ സാഹചര്യത്തിൽ ശരി എന്ന നിലപാടിൽ മുന്നോട്ടു പോകുന്നു. ▮