വിശ്വസിയാകാനും അവിശ്വാസിയാകാനും ജനാധിപത്യപരമായ എല്ലാ അവകാശവുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. പക്ഷേ അതേ ജനാധിപത്യവ്യവസ്ഥിതിയിൽ മതങ്ങളിൽ വിശ്വസിക്കാത്തവരെ രണ്ടാംതരക്കായി കാണുന്നതും പലതരത്തിൽ അവരുടെ ജീവിതത്തെ എതിർക്കുന്നതും ശരിയായ കാര്യമല്ല.
പലപ്പോഴും, വിശ്വാസത്തിന്റെ കാര്യത്തിൽ പുറമെ ഒരു ‘പൊളൈറ്റ്' സ്വഭാവം കാണിക്കുകയും തങ്ങളുടെ അധികാരപരിധിയിൽ അവയെല്ലാംതന്നെ റദ്ദ് ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് വിവാഹവും പ്രണയവും പോലുള്ള മനുഷ്യാവശ്യങ്ങളിൽ. ജാതിയും വിശ്വാസവും കൂടിക്കലർന്ന അതിമർദ്ദിതമായൊരു നിലപാടാണത്. വിശ്വാസിയായിരിക്കൽ ഒരു ബാധ്യതയായി കൊണ്ടുനടക്കുന്ന അനേകം മനുഷ്യരുണ്ട്. പലകാരണങ്ങളാൽ അവർക്ക് തങ്ങൾ ഒരു അവിശ്വാസിയാണ്, അല്ലെങ്കിൽ മതങ്ങളിൽ വിശ്വാസമില്ല എന്നു തുറന്നുപറയാൻ സാധ്യമല്ല. അത്തരം ചിലരെ നേരിട്ടു പരിചയമുള്ളതിന്റെ അടിസ്ഥാനത്തിലാണിത് പറഞ്ഞത്. തങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിൽ/വീട്ടകങ്ങളിൽ ഒരു തരം ഐഡന്റിറ്റി ക്രൈസിസാണ് അവർ നേരിടേണ്ടിവരുന്നത്. അതേറ്റവും കൂടുതൽ സെമിറ്റിക് മതാന്തരീക്ഷത്തിലുമാണ്. കടുത്ത മാനസികപീഢകളാണ് അവർ നിരന്തരം അനുഭവിക്കേണ്ടി വരുന്നത്. ട്രാൻസ് മനുഷ്യരേയും ഇതേ വിശ്വാസത്തിന്റെ തീവ്രാനുരാഗികൾ നിരന്തരം ഉപദ്രവിക്കുന്നുണ്ട്. മാനസികമായ അത്തരം ഉപദ്രവങ്ങൾ മിക്കപ്പോഴും എവിടെയും റെക്കോർഡ് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാർ സമൂഹത്തിനുമുന്നിൽ വെളിപ്പെടുന്നുമില്ല. ഒരു മരണവാർത്ത അറിഞ്ഞാൽപോലും അവർ ആദ്യം ചോദിക്കുന്നത്, ‘നമ്മുടെ ആളാണോ' എന്നാണ്. ഇതൊരു നിസ്സാര ചോദ്യമല്ല. മറിച്ച്, തങ്ങളുടെ മതത്തിൽ പെട്ടവരാണോ എന്നറിയാനുള്ള ഉറച്ചുപോയ ത്വരയാണ്. ഇതേതെങ്കിലുമൊരു മതം മാത്രമോ അതിൽ വിശ്വസിക്കുന്നവർ മാത്രമോ അല്ല ചെയ്യുന്നത്.
അതേസമയം, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസത്തെ യുക്തിവിചാരങ്ങളാൽ പൊളിച്ചു കാണിക്കുന്ന ആരെയും ശത്രുവായി മാറ്റുന്ന പ്രവണത ഏറിയിട്ടുമുണ്ട്, മറിച്ചും. സോഷ്യൽ മീഡിയകളിലെ ഓൺലൈൻ വാർത്താലിങ്കുകൾക്കുതാഴെയും സയൻറിഫിക് വിചാരങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകൾക്കുള്ള മറുപടികളിലും മതവും വിശ്വാസവും തീവ്രമായി അവതരിപ്പിക്കുന്നവരെ കാണാം. ഇക്കൂട്ടർതന്നെയാണ് മുകളിൽ സൂചിപ്പിച്ച മനുഷ്യത്വരാഹിത്യങ്ങൾക്ക് കൂട്ടുപിടിക്കുന്നതും. ഇതേരീതിയിൽതന്നെയാണ് ചില യുക്തിവാദ സംഘടനയിലെ പ്രവർത്തകരുടെയും രീതി. തങ്ങളെ എതിർക്കുന്നവരെ തെറിവാക്കുപയോഗിച്ച് അടിച്ചിരുത്തുന്നു. സെമിറ്റിക് മതവിശ്വാസികളുടെ രൂപഘടനയിലാണ് അടുത്ത കാലങ്ങളിലായി അവരും പ്രവർത്തിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഒറ്റ വ്യത്യാസമേയുള്ളൂ; അവർക്ക് ദൈവമില്ല, മറിച്ചൊരു പ്രഭാ(വാചക)ഷകനുണ്ട്. അയാൾക്കു ചുറ്റും കറങ്ങുന്ന ഒരുകൂട്ടം ആളുകൾ. അവർക്ക് അയാളുടെ വാക്കുകൾ വേദവാക്യങ്ങളാകുന്നു. ‘യുക്തിവിശ്വാസം' എന്ന നിലയിലാണത് വളരുന്നത്. അവർ മിക്കവാറും ന്യൂനപക്ഷമതങ്ങൾക്കുനേർക്കാണ് ആക്ഷേപമുന്നയിക്കുന്നത്. അതിനെ പ്രതിരോധിക്കാനുള്ള എതിർകൂട്ടരുടെ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള തെറിവിളികളിലാണത് അവസാനിക്കുന്നത്. നിർഭാഗ്യവശാൽ ഈ തെറികളെല്ലാം സ്ത്രീ- മനുഷ്യത്വ- ദലിത് വിരുദ്ധവുമാണ്. ഇവിടെയാണ് വിശ്വാസം (അതേതുതരമാണെങ്കിലും) അക്രമകാരിയാകുന്നതും, ഏറ്റവും അപകടകാരിയായ ഇരുതലമൂർച്ചയുള്ള വാൾ ആയി വർത്തിക്കുന്നതും. പ്രത്യേകിച്ച്, തങ്ങൾ മാത്രമാണ് ശരിയെന്നും അത്മറ്റുള്ളവർ പൂർണമായും അംഗീകരിച്ച് കീഴടങ്ങി നിൽക്കണമെന്നും ശാഠ്യം പിടിക്കുമ്പോൾ. ശബരിമലവിഷയത്തിലും, പ്രവാചകനിന്ദാവിഷയത്തിലും, ഈശോ എന്ന സിനിമാ ടൈറ്റിലിന്റെ കാര്യത്തിലും ഇതിന്റെ ഏറ്റവും തീവ്രമായ ഇടപെടലുകൾ നാം കണ്ടതാണ്.
എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ഭിന്നിപ്പ് ദിനേനെ വർദ്ധിക്കുകയാണ്. മറ്റെന്തിനെക്കാളും മുകളിലാണ് വിശ്വാസത്തിന്റെ സ്ഥാനം. പ്രയോഗികതകളെയോ മനുഷ്യാവസ്ഥകളെയോ അത് ഗൗനിക്കുന്നേയില്ല. പ്രാചീനമായൊരു ആന്തരികചോദനയാണ് അക്കാര്യത്തിൽ ഇപ്പോഴും. അതിവൈകാരികതയുടെ തീവ്രദേശീയതയും ഇപ്പോൾ മറ്റൊരു തരം വിശ്വാസമായി അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. അധികകാലം കഴിയുന്നതിനുമുൻപ് ഇതും സമൂഹത്തെ തട്ടുകളായി തിരിക്കും. ഇപ്പോഴുള്ള ഒന്നോ അതിൽക്കൂടുതലോ യുക്തിവാദസംഘങ്ങൾ അവർക്കൊപ്പം കൂടുകയും ചെയ്യും. അവരുടെ ‘പ്രവാചകൻ' മിക്കപ്പോഴും തീവ്രദേശീയതയെ വെള്ളപൂശുന്നത് കണ്ടുകൊണ്ടിരിക്കുകയാണല്ലോ? ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ രാജ്യമായി മാറ്റുന്നതിന് കോൺഗ്രസിനകത്തെ തീവ്രഹിന്ദുത്വ നിലപാടുകൾ സ്വീകരിച്ച നേതൃനിരയെ പൂർണമായും നിരാകരിച്ച നെഹ്രുവിനെതിരെ ഇപ്പോഴും വാളെടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നുനടിക്കാൻ മാത്രം നിഷ്‌കളങ്കത തത്കാലം ഇല്ല. ഫാഷിസ്റ്റ് നിലപാടുകാരുടെ തീവ്രദേശീയവാദവിശ്വാസത്തിനുവേണ്ടി നിലകൊള്ളുകയാണ് നെഹ്റുവിയൻ നിലപാടുകളെ എതിർക്കുന്നവർ ചെയ്യുന്നത്.
വിശ്വാസത്തിന് കോട്ടം തട്ടുന്നതും വിശ്വാസമില്ലാത്തവർ ഉണ്ടാവുന്നതും ഏറ്റവും ഭയപ്പെടുത്തുന്നത് പൗരോഹിത്യത്തെയാണ്. തങ്ങൾ നിർമിച്ചെടുത്ത അധികാര/ആജ്ഞാനുസരണ സംഘത്തിന് കോട്ടം തട്ടുന്നത് അവരെ ചൊടിപ്പിക്കുന്നുണ്ട്.
ലോകം ഒരു മൊബൈൽ സ്‌ക്രീനിന്റെ ചതുരത്തിൽ ലഭ്യമാവുന്ന ഇക്കാലത്തും വിശ്വാസം വൈകാരിക സംഗതിയായി നിലനിൽക്കുന്നുണ്ട്. അതിനായി അവർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. വിശ്വാസത്തിന് കോട്ടം തട്ടുന്നതും വിശ്വാസമില്ലാത്തവർ ഉണ്ടാവുന്നതും ഏറ്റവും ഭയപ്പെടുത്തുന്നത് പൗരോഹിത്യത്തെയാണ്. തങ്ങൾ നിർമിച്ചെടുത്ത അധികാര/ആജ്ഞാനുസരണ സംഘത്തിന് കോട്ടം തട്ടുന്നത് അവരെ ചൊടിപ്പിക്കുന്നുണ്ട്. അതു നഷ്ടമായാൽ തങ്ങളുടെ സ്ഥാനങ്ങൾക്ക് ഇളക്കം തട്ടുമെന്നവർക്ക് ബോധ്യമുണ്ട്. പക്ഷേ, മാറിയ കാലത്ത് അവരും ചില മാറ്റങ്ങൾക്ക് വിധേയരാകുന്നുണ്ട്. മുൻപ് നിഷിദ്ധമായിരുന്ന പലതും മതാന്തരീക്ഷത്തിനകത്തുവെച്ചുതന്നെ പുതിയ കാലത്തെ ഉൾക്കൊള്ളാൻ തയ്യാറായിട്ടുണ്ട്. അതിനു വേണ്ടിയുള്ള ചിലതരം ചമയ്ക്കലുകൾ നടത്തുന്നു. സിനിമയാണ് അതിനൊരുദാഹരണം. എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും അതിനകത്തുണ്ട്. തങ്ങളുടെ അധീശത്വം ഉറപ്പിക്കാൻ പൗരോഹിത്യം സോഷ്യൽ മീഡിയകളെ കൂടി ഉപയോഗിക്കുന്നു. ഇതേ സോഷ്യൽ മീഡിയകളും വിവരശേഖരണ ഉപാധികളും തന്നെയാണ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളേയും മനുഷ്യത്വവിരുദ്ധതതേയും ഉള്ളി തൊലിക്കുന്നതുപോലെ തുറന്നുകാട്ടുന്നതും.
കോവിഡ് കാലം വിശ്വാസത്തെ ചെറുതല്ലാത്ത തരത്തിൽ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വ്യക്തിപരമായ അത്തരമൊരു അനുഭവം പങ്കുവെക്കാം. എം.എം. അക്ബറിന്റെ കടുത്ത ആരാധകനായിരുന്ന ഒരു സുഹൃത്ത്. പലപ്പോഴും അയാൾ പറയുന്ന മതനിരാസകരെക്കുറിച്ച് നിരന്തരം യൂടൂബിൽ കാണാൻ തുടങ്ങി. പതിയെ സുഹൃത്ത് ജബ്ബാർ മാഷിനെപ്പോലുള്ളവർ പറയുന്നതിൽ ആകൃഷ്ടനാവുകയും സ്വതന്ത്രമായി കൂടുതൽ പഠിക്കുവാനും ആരംഭിച്ചു. അപ്പോഴാണ് മതവാദികൾ പങ്കുവെക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ തിരിച്ചറിഞ്ഞത്. ഇപ്പോൾ ആ സുഹൃത്ത് അവിശ്വാസിയാണ്. പക്ഷേ, നേരത്തെ സൂചിപ്പിച്ച സമൂഹത്തെ ഭയന്ന് അത് തുറന്നു പറയാൻ കഴിയാതെ ജീവിക്കുകയാണ്. എന്നെങ്കിലും അയാൾ തന്റെ ഐഡന്റിറ്റി തുറന്നു പറയുമെന്നാണ് കരുതുന്നത്. പക്ഷേ, നിരന്തരമായി യുക്തിവാദങ്ങൾ ഉയർത്തുന്നവരുടെ ശബ്ദങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾക്ക് കാരണമാവുന്നുണ്ടെന്ന് ഉറപ്പാക്കാവുന്ന നേരനുഭവമാണത്. ആ സുഹൃത്ത് വിശ്വാസത്തിന്റെ ഭ്രാന്തിൽ നിന്ന് പൂർണമായും പുറത്തുകടന്നിട്ടുണ്ട്. ഇപ്പോൾ മനുഷ്യത്വത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇതിന്റെ മറിച്ചുള്ള കാഴ്ചയുമുണ്ട്. നമ്മൾ പലപ്പോഴും പറയുന്നത്, വായന മനുഷ്യനെ പരിണാമപ്പെടുത്തുമെന്നും അവരുടെ ചിന്തകൾക്ക് പുതിയൊരു ദിശ നൽകുമെന്നുമാണ്. പക്ഷേ, ഈയടുത്തായി ചിലരെയെങ്കിലും അതൊട്ടും സ്വാധീനിച്ചിട്ടില്ലെന്നു വ്യസനത്തോടെ കാണേണ്ടിവന്നിട്ടുണ്ട്. മതത്തിന്റെയോ വിശ്വാസത്തിന്റെയോ കാര്യം വരുമ്പോൾ അവർ മലക്കം മറിയുന്ന കാഴ്ചയാണത്. മുകളിൽ സൂചിപ്പിച്ച വൈകാരികമായ പ്രാചീനബോധത്തിന്റെ പ്രശ്‌നമാണ് അതെന്നാണ് തോന്നുന്നത്.
ഭൂരിപക്ഷത്തിന്റെ ഏതുതരം അക്രമങ്ങൾക്കും വിധേയരാവുന്ന മനുഷ്യരെ, അതേതു മതമോ വിഭാഗമോ ആവട്ടെ, അവർക്കുവേണ്ടി ശബ്ദിക്കുകയെന്നതും അതിനെ എതിർക്കുന്നതും മനുഷ്യത്വമര്യാദയാണ്.
ഇതൊക്കെ തന്നെയായിരിക്കെ, അവരവരുടെ സ്വകാര്യതയായി വിശ്വാസത്തേയും മതത്തേയും കൊണ്ടുനടക്കുന്നവരെ എതിർക്കേണ്ടതില്ല. കാരണം നമ്മൾ ജീവിക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയിലാണെന്നതുകൊണ്ടുതന്നെ. മറിച്ച്, ‘ഞങ്ങൾ മാത്രം' എന്ന അഭിസംബോധനയെ എതിർക്കുകയും ചെയ്യുന്നു.
ലോകം തികച്ചും സമാധാനപരമായി വർത്തിക്കുന്നതിന് പരസ്പര ബഹുമാനവും സ്‌നേഹവുമാണ് അത്യാവശ്യം. എന്നാലത് അത്ര എളുപ്പമല്ല. അതെളുപ്പമല്ലാതാക്കുന്നത് എല്ലാതരത്തിലുമുള്ള തീവ്രവിശ്വാസങ്ങളാണ്. തങ്ങൾ മാത്രമാണ് ശരിയെന്നു വാദിക്കുന്ന ഇക്കൂട്ടർക്കു മുന്നിൽ ന്യൂനപക്ഷമായി മാറുന്നത് സമാധാനകാംക്ഷികളാണ്. അതേസമയം, ഭൂരിപക്ഷത്തിന്റെ ഏതുതരം അക്രമങ്ങൾക്കും വിധേയരാവുന്ന മനുഷ്യരെ, അതേതു മതമോ വിഭാഗമോ ആവട്ടെ, അവർക്കുവേണ്ടി ശബ്ദിക്കുകയെന്നതും അതിനെ എതിർക്കുന്നതും മനുഷ്യത്വമര്യാദയാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്‌നേഹത്തിനോ കാരുണ്യത്തിനോ യാതൊരു വിലയുമില്ലെന്നതാണ് നിരാശാജനകമായ വസ്തുത. എത്ര മനുഷ്യരാണ് ദിവസേന ഇതിന്റെ പേരിൽ അക്രമിക്കപ്പെടുന്നത്. തങ്ങൾക്ക് പ്രാമുഖ്യമുള്ള അധികാരവ്യവസ്ഥിതി സ്ഥാപിച്ചെടുക്കുക, തങ്ങളുടെ വിശ്വാസങ്ങൾ ഉൾക്കൊള്ളുന്നവരെ മാത്രം പരിഗണിക്കുക എന്ന തീവ്രനിലപാടുകൾക്കു വേണ്ടി നിരന്തരം പ്രവർത്തിക്കുന്നു. അവിടെ മറ്റൊന്നിനും സ്ഥാനം നൽകുന്നില്ല.
താന്താങ്ങളുടെ വിശ്വാസാടിസ്ഥാനത്തിൽ ലോകം മാറുമെന്നു കരുതുകയും അതു സ്വപ്നം കാണുകയും ചെയ്യുന്നവരെ മാറ്റിയെടുക്കുക സാധ്യമല്ല. ശാസ്ത്രീയാവബോധമുള്ള മനുഷ്യരാകുക എന്നതാണ് പ്രതിവിധി. മാറ്റങ്ങളേയും വൈവിധ്യങ്ങളേയും ഒരേതരത്തിൽ ഉൾക്കൊള്ളാൻ തയ്യാറാകുമ്പോൾ മാത്രമേ അതു കഴിയുകയുള്ളൂ. ഒരുമിച്ച് ആസ്വദിച്ചിരുന്ന ആഘോഷങ്ങൾ പോലും ഇപ്പോൾ തങ്ങളുടേതുമാത്രമാണെന്ന നിലയിലായിക്കഴിഞ്ഞിരിക്കുന്നു. ഫത്വകളുടേയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തലിന്റെയും രീതിയാണിന്നുള്ളത്. മിത്തുകളിൽ പോലും തങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിച്ച്, ദൂരവ്യാപകമായി തങ്ങളുടെ വിശ്വാസത്തിനനൂകൂലമാക്കി മാറ്റിയെടുക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു. മതവിശ്വാസത്തെ കക്ഷിരാഷ്ട്രീയത്തിലേക്ക് കലർത്തിയാണ് ഇതു ചെയ്യുന്നത്. ചിലരാവട്ടെ ഇതൊക്കെ കടന്ന് ചരിത്രത്തിൽ പോലും തങ്ങളുടെ വിശ്വാസത്തിനാവശ്യമായ വിധം മാറ്റങ്ങളും പുതിയ കൾട്ടുകളും അവതരിപ്പിക്കുന്നു. ഓണത്തിനുപകരം വാമനജയന്തി ആഘോഷിക്കാനുള്ള ആഹ്വാനവും മലബാർ സമരനായകനെ മതത്തിന്റെ ആളായി മാറ്റിയെടുക്കുന്നതും ഇതിന്റെ ഭാഗമാണ്. സമൂഹത്തെ തീർത്തും ഭിന്നിപ്പിക്കാൻ മാത്രമേ ഇതൊക്കെ സഹായിക്കുകയുള്ളൂ. അവർ ഉദ്ദേശിക്കുന്നതും അതുതന്നെയാണ്. അതു മനസ്സിലാക്കി എതിർക്കാൻ തയ്യാറാവേണ്ടതുണ്ട്. പക്ഷേ, എത്ര പേർ എതിർക്കുമെന്നതാണ് പ്രസക്തമായ ചോദ്യം.
ഇസ്ലാമോഫോബിയയുടെ കാലത്ത് വിശ്വാസത്തിന് വളരെ പ്രസക്തമായ ചില കാര്യങ്ങൾ ചെയ്യാനാവും പക്ഷേ, മതം മുന്നോട്ടു വെക്കുന്ന സമാധാനത്തെ പൂർണമായും നിരാകരിച്ച്, തീവ്രനിലപാടുകൾ എടുക്കാനാണ് തുനിയുന്നത്.
മാധ്യമങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പലപ്പോഴും തീരെ അപ്രധാനമായി അവസാനിക്കേണ്ടതിനെ, സമൂഹത്തിന് മുന്നിലേക്കിട്ടുകൊടുത്ത് വിഭാഗീയത സൃഷ്ടിക്കുന്നത് അവരാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്ത മാധ്യമപ്രവർത്തനരീതി ഇനിയെങ്കിലും പ്രാവർത്തികമാക്കേണ്ടതുണ്ട്. എതിരഭിപ്രായങ്ങളെ കൂടി ഉൾക്കൊണ്ട് തങ്ങളുടെ വിശ്വാസത്തിനെക്കുറിച്ച് സംസാരിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, എതിർശബ്ദങ്ങളയോ, ആശയങ്ങളെയോ ഉൾക്കൊള്ളാനോ കേൾക്കാനോ സൗമനസ്യം കാണിക്കുന്നില്ല. അന്യവത്കരണത്തിന് ആക്കം കൂട്ടാൻ അവർ പലതരം പദ്ധതികൾ ആവിഷ്‌കരിക്കുന്നു. അതേസമയം, തങ്ങൾ തികച്ചും സോഷ്യലൈസ്ഡ് ആണെന്നു കാണിക്കാൻ ദലിത് വിഭാഗങ്ങളെ തങ്ങൾക്കൊപ്പം നിർത്താൻ ബോധപൂർവ ശ്രമം നടത്തുകയും ചെയ്യുന്നു. ഇവിടെ, ദലിത് വിശ്വാസങ്ങളും ആചാരങ്ങളും ഹൈജാക്ക് ചെയ്യുകയും പുരാതന കാലത്ത് നിങ്ങൾ ഞങ്ങൾക്കൊപ്പമായിരുന്നെന്ന് പറഞ്ഞുപഠിപ്പിക്കുകയും അവരിലൊരു വിഭാഗത്തെയെങ്കിലും അത് ശരിയാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, സൂഫിസം പോലെ കുറേക്കൂടി സ്വാഭാവികമായ സമാധാന താത്പര്യമുള്ള വിശ്വാസരീതിയെ നഖശിഖാന്തം എതിർക്കുകയും ചെയ്യുന്നു.
ഇസ്ലാമോഫോബിയയുടെ കാലത്ത് വിശ്വാസത്തിന് വളരെ പ്രസക്തമായ ചില കാര്യങ്ങൾ ചെയ്യാനാവും പക്ഷേ, മതം മുന്നോട്ടു വെക്കുന്ന സമാധാനത്തെ പൂർണമായും നിരാകരിച്ച്, തീവ്രനിലപാടുകൾ എടുക്കാനാണ് തുനിയുന്നത്. ഈ തീവ്രനിലപാടുകൾ മേൽപ്പറഞ്ഞ ഫോബിയയെ അധികരിപ്പിക്കാൻ മാത്രമാണ് ഉപകാരപ്പെടുന്നത്. എതിർച്ചേരിയിലുള്ളവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്താനും, ഏതാണ് ശരി ഏതാണ് തെറ്റ് എന്ന്സംശയിച്ചു നിൽക്കുന്നവരെക്കൂടി തങ്ങളിലേക്ക് ആകർഷിക്കാനും അതുപയോഗപ്പെടുത്തുന്നു. മറിച്ചും അത് ചെയ്യുന്നുണ്ട്. തങ്ങളുടെ പ്രവർത്തകരും വിശ്വാസികളും അനുകൂലികളും ഉൾപ്പടുന്ന സോഷ്യൽ മീഡിയാ കമ്യൂണിറ്റികളിൽക്കൂടിയാണ് ഇത്തരം വെറുപ്പുകൾ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും. അതങ്ങനെ സമാനമായ അനേകരിലേക്ക് എത്തപ്പെടുന്നു. നിമിഷങ്ങൾക്കകം അത് പലരിലൂടെ കൈമറിയുന്നു. ഇതിനെല്ലാം അടിസ്ഥാനമായി വർത്തിക്കുന്നത്/ ചേർത്തുനിർത്തുന്നത് വിശ്വാസമെന്ന അത്യധികം മൂർച്ചയുള്ള ടൂളാണ്. ചുരുക്കിപ്പറഞ്ഞാൽ, വിശ്വാസം തീർത്തും വൈയക്തികമായി നിൽക്കുമ്പോൾ സമൂഹത്തിൽ വലിയ ക്രൗര്യങ്ങളുണ്ടാക്കുന്നില്ല. മറിച്ച്, വിശ്വാസമൊരു കൂട്ടമായി മാറുകയും ആ കൂട്ടത്തിന്റെ കൽപ്പനകളെ നിർബന്ധിതമായി മറ്റുള്ളവരും അനുസരിക്കണമെന്ന അവസ്ഥയുണ്ടാകുകയും ചെയ്യുമ്പോൾ അത് സമൂഹത്തെ അസ്ഥിരമാക്കുന്നു. എല്ലാ ജനാധിപത്യമര്യാദകളേയും അത് ഇല്ലാതാക്കുന്നു. വീട്ടകങ്ങളെ, സമൂഹത്തെ, രാഷ്ട്രത്തെ അത് പ്രത്യക്ഷമായിത്തന്നെ ബാധിക്കുന്നു. എതിർക്കുന്നവർക്കുനേർക്ക് ആയുധങ്ങളെടുക്കുന്നു. കൊല്ലുന്നു, കൊല്ലപ്പെടുന്നു. ആത്യന്തിക നഷ്ടം അവരവർക്കുതന്നെയാണ്. വൈകാരിക ഇടപെടലുകൾക്കപ്പുറം വിചാരങ്ങൾക്ക് പ്രാധാന്യം നൽകുകയാണെങ്കിൽ വിശ്വാസിക്കും അവിശ്വാസിക്കും ഇവിടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പക്ഷേ, അവിശ്വാസിയായി ജീവിക്കുക പ്രയാസകരമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ജീവിക്കുന്നതിനേക്കാൾ പ്രയാസകരം. നവോത്ഥാനനായകന്റെ വാക്കുകൾ വിശ്വാസത്തിന്റെ കാര്യത്തിലേറ്റവും പ്രസക്തമാവുന്നു; അവനവനാത്മസുഖത്തിനാചരിക്കുന്നുവ അപരന്നുസുഖത്തിനായി വരേണം. ▮