ഷൗക്കത്ത്​ /photo: Manosh

യുക്തികൊണ്ട് എല്ലാറ്റിനെയും നിരസിച്ചാൽ
​കവിത നഷ്ടപ്പെട്ട് നാം നിർജീവമായിപ്പോകും

ഓർക്കാറ് നടരാജഗുരു അവസാനമായി ഗുരു നിത്യയ്ക്കു കൊടുത്ത ഉപദേശമാണ്: ‘നിത്യാ, നിനക്കിപ്പോൾ ഏഴ് യുക്തിയും മൂന്ന് ഭക്തിയുമാണ്. അത് ഒന്നുകൂടി സമീകരിച്ച് അഞ്ച് യുക്തിയും അഞ്ച് ഭക്തിയുമാക്കിയാൽ യുക്തി, സഹായമല്ലാതെ വരുന്നിടത്ത് ഭക്തി സഹായിക്കും.'

ആമുഖം

സ്‌ലാമിക പശ്ചാത്തലത്തിൽ ജനിച്ചതുകൊണ്ട് കുഞ്ഞുന്നാളിൽ ആ വിശ്വാസത്തിലാണ് വളർന്നത്. സ്വർഗവും നരകവും ദൈവവും നിറഞ്ഞ ആ വിശ്വാസലോകത്ത് ഞങ്ങൾ, നിങ്ങൾ എന്ന വേർതിരിവിന്റെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടപ്പോൾ ചേക്കേറിയത് യുക്തിവാദത്തിലേക്കാണ്. മനുഷ്യനെ മയക്കുന്ന അന്ധവിശ്വാസത്തിന്റെ ലോകങ്ങൾ അത് വ്യക്തമാക്കിത്തന്നു. കേവലം മതവിരോധം നിറഞ്ഞ നിഷേധാത്മകതയ്ക്കുമപ്പുറം ജീവിതത്തെ സമാധാനത്തിലേക്കു നയിക്കുന്ന മറ്റു വഴികളൊന്നും അവിടെ അനുഭവിക്കാനായില്ല. അങ്ങനെയാണ് പ്രകൃതിയും സാഹിത്യവും സംഗീതവും നിറഞ്ഞ ലോകത്തിലേക്ക് ചുവടുമാറ്റുന്നത്. ആ യാത്രയിൽ സൂഫിസം പോലെയുള്ള മിസ്റ്റിസിസത്തിന്റെ ആനുഭൂതികലോകത്ത് കുറേ സഞ്ചരിച്ചു. അവിടെയും ജീവിതത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന വെളിച്ചം അനുഭവിക്കാനായില്ല. പിന്നെയാണ് ഗുരു നിത്യചൈതന്യയതിയുടെ അടുത്തെത്തുന്നത്.

കണ്ണടച്ചിരുന്ന് കാണാനാവാത്തതിനെ തേടുന്നതിൽ നിന്ന്​ കണ്ണു തുറന്നിരുന്ന് കൺമുന്നിലുള്ളത് അനുഭവിക്കുന്നതിലേക്കും ആസ്വദിക്കുന്നതിലേക്കും ആദ്യം പ്രവേശിക്കൂ, അതിനുശേഷമാകാം ബാക്കിയെല്ലാം എന്ന് അദ്ദേഹം പറഞ്ഞത് വെളിച്ചമായി. ആ യാത്ര മനുഷ്യനെ ഒരു ജീവി എന്ന നിലയിൽ പരിണാമത്തിന്റെ കണ്ണിലൂടെ കാണുന്നതിലുമെത്തിച്ചു.

ഇതുവരെ ഒഴുകിയെത്തിയ ജീവചരിത്രത്തിന്റെയും മനുഷ്യചരിത്രത്തിന്റെയും ആകെത്തുകയാണ് ഈയിരിക്കുന്ന വ്യക്തിയെന്ന അറിവ് ഒരു മന്ദഹാസമായി.

മതവും യുക്തിവാദവും പ്രകൃതിയും മിസ്റ്റിസിസവുമെല്ലാം എന്റെ ബോധോപരിതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വർണങ്ങൾ മാത്രമാണെന്നും ഞാൻ എന്നത് ജൈവികമായ സംസ്‌ക്കാരങ്ങളുടെ ഇരിപ്പിടമാണെന്നും അതിന്റെ ചരിത്രത്തിന് ജീവനോളം പഴക്കമുണ്ടെന്നും അറിഞ്ഞു. പലതും ഉപേക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്ത് മുന്നോട്ട് പോകുകയായിരുന്നെന്ന് ഉറപ്പിച്ച ഞാൻ സത്യത്തിൽ നില്ക്കുന്നിടത്തുതന്നെയാണ് നില്ക്കുന്നതെന്ന് ബോദ്ധ്യമായി. ശ്രദ്ധയോടെ ഇരിക്കുമ്പോൾ കൊള്ളാവുന്ന മനുഷ്യനും ശ്രദ്ധയൊന്നു തെറ്റിയാൽ മനുഷ്യത്വരഹിതനുമാകുന്ന ഒരു ജീവി മാത്രമാണെന്ന് ഞാനെന്ന യാഥാർത്ഥ്യം പരിവർത്തനത്തിനു വേണ്ടിയുള്ള അലച്ചിലിൽനിന്ന് മോക്ഷം നല്കി.

മതവും വിശ്വാസവും യുക്തിയും ഭക്തിയുമെല്ലാം മേമ്പൊടികളാണെന്ന അറിവ് നല്കിയ ആശ്വാസം ചെറുതായിരുന്നില്ല. ഇതുവരെ ഒഴുകിയെത്തിയ ജീവചരിത്രത്തിന്റെയും മനുഷ്യചരിത്രത്തിന്റെയും ആകെത്തുകയാണ് ഈയിരിക്കുന്ന വ്യക്തിയെന്ന അറിവ് ഒരു മന്ദഹാസമായി. ഞാൻ ഇന്നതാണ് എന്ന് നിവർന്നുനിന്ന് പ്രഖ്യാപിക്കുമ്പോൾ ജീനുകൾ അകമേ അടക്കിച്ചിരിക്കുന്നത് അറിഞ്ഞു.

നാരായണഗുരു പറയുന്നതാണ് കൊള്ളാവുന്ന വഴിയെന്ന് തെളിഞ്ഞു:""അഖിലരുമാത്മസുഖത്തിനായ് പ്രയത്‌നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു ജഗതിയിലിമ്മതമേകമെന്നു ചിന്തി ച്ചഘമണയാതകതാരമർത്തിടേണം.''

നിത്യ ചൈതന്യയതി

ഒന്ന്

മതമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും മതവും മതദൈവവും ഇല്ലാതായാൽ മനുഷ്യരെല്ലാം കൊള്ളാവുന്നവരായിത്തീരുമെന്നുമുള്ള വിശ്വാസം യുക്തിഭദ്രമായി ചിന്തിക്കുന്നവർക്കുണ്ട്. മതം മനുഷ്യസമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രശ്‌നം മതമല്ലെന്നും അത് മനുഷ്യൻ തന്നെയാണെന്നുമാണ് തോന്നിയിട്ടുള്ളത്. മനുഷ്യനിൽനിന്ന് സംഭവിച്ചിട്ടുള്ളതിലെല്ലാം ആ പ്രശ്‌നമുണ്ടായിട്ടുണ്ട്. ഉണ്ടാകുന്നുമുണ്ട്. ഇനിയുമത് ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. കാരണം ശരീരത്തിൽ രൂപപ്പെട്ടെങ്കിലും ബോധത്തിൽ ഇനിയും ഇരുത്തം വന്നിട്ടില്ലാത്ത ഒരു ജീവി തന്നെയാണ് മനുഷ്യൻ. രവിചന്ദ്രനെപ്പോലുള്ള നാസ്തികർ കമ്യൂണിസ്റ്റുകാരും ഇസ്‌ലാമുമാണ് കേരളത്തിലെ പ്രധാന പ്രശ്‌നമെന്നും അവരെയാണ് ഭയക്കേണ്ടതെന്നും പറയുമ്പോൾ ചിരി വന്നുപോകുന്നു. ഭയക്കേണ്ടത് എന്നെയും രവിചന്ദ്രനെയും മറ്റെല്ലാ മനുഷ്യരെയുമാണെന്നും ഏതുസമയത്തും വിഷം പുറത്തേക്കു വമിക്കാവുന്നവരാണ് നാം ഓരോരുത്തരെന്നുമാണ് യുക്തിപരമായും ശാസ്ത്രീയമായും മനുഷ്യനെ അറിയുന്നവർ പറയേണ്ടത്.

മതം എന്നു കേൾക്കുമമ്പോൾ ഉള്ളിൽ വന്നുനിറയുക ബുദ്ധമതം, ഹിന്ദുമതം, ക്രിസ്തുമതം, ഇസ്‌ലാം മതം എന്നൊക്കെയാണ്. അത് മനുഷ്യന്റെ മതയാത്രയിൽ വന്നു ഭവിച്ച ഇടത്താവളങ്ങൾ മാത്രമാണെന്നതാണ് സത്യം. അതുകൊണ്ടുതന്നെ മതത്തെക്കുറിച്ചു പറയുമ്പോൾ ആദിമമനുഷ്യന്റെ മതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങേണ്ടി വരും.

കമ്യൂണിസവും യുക്തിവാദവും സ്വതന്ത്രചിന്തയും മതാതീതമെന്നു പറയുന്ന പല ആശയങ്ങളും എല്ലാം ചേർത്തുവേണം നാം മതം എന്ന വാക്കിനെ നിർവ്വചിക്കാൻ. ഒരു അഭിപ്രായവും അതിനുചുറ്റും ചേരുന്ന സംഘവും ചേർന്ന് രൂപപ്പെടുന്ന എന്തും മതം തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടതെന്നു തോന്നുന്നു.

മനുഷ്യൻ ഒരു സംഘജീവിയാണ്. ശരീരത്തിലോ ബുദ്ധിയിലോ ശക്തനായ ഏതോ ഒരാളുടെ ആശയത്തെ അന്ധമായി പിന്തുടരുകയാണ് ആ ജീവിക്ക് എളുപ്പം. മനുഷ്യൻ ചിന്തിക്കുന്ന ജീവിയാണെന്ന് പറഞ്ഞു പോരാറുണ്ടെങ്കിലും ചിന്തിക്കുക എന്നത് മനുഷ്യനിൽ അപൂർവ്വമായി നടക്കുന്ന കാര്യമാണ്. നേതാവ് പറയുന്നതിലെ സത്യാസത്യങ്ങളും ന്യായാന്യായങ്ങളും പരിശോധിക്കുകയെന്നത് അവിടെ അപൂർവ്വമാണ്. പറഞ്ഞത് നേതാവാണോ, എങ്കിലത് ശരി എന്ന ഉറപ്പാണ് മനുഷ്യരിൽ പ്രവർത്തിക്കുക. പിന്നെ ആ വാക്കിനു വേണ്ടി ജീവൻ പോലും കളയാൻ അനുയായികൾ തയ്യാറാകും. ഇത് ആദിമമനുഷ്യന്റെ മാത്രം കാര്യമല്ല. ആധുനിക മനുഷ്യനും ഈ അച്ചിൽ തന്നെയാണുള്ളത്. ശീലിച്ച് ശീലിച്ച് ഉറച്ച ശരിയെ പിന്തുടരുന്ന പാവം മനുഷ്യരാണ് നാം. മതത്തിലായാലും യുക്തിയിലായാലും.

മാറ്റങ്ങൾക്കനുസരിച്ച് മാറാനുള്ള മനസ്സാണ് പൗരബോധം. സമത്വമാണ് അവിടെ പ്രധാനം. Photo: Avani Rai

പറയാൻ ശ്രമിക്കുന്നത് ഒന്നുമാത്രമാണ്. ഏതൊക്കെയോ രീതിയിൽ നാം ഏതെങ്കിലും മതത്തിന്റെ (ആശയത്തിന്റെ) വലയത്തിലാണ് ജീവിക്കേണ്ടിവരുന്നത്. അത് നാം പറഞ്ഞു ശീലിച്ച മതങ്ങൾക്കുള്ളിലല്ലെന്നു മാത്രമേ വ്യത്യാസമുള്ളൂ. ഒരു വ്യക്തിയോ, ആശയമോ, സങ്കല്പമോ കേന്ദ്രമാക്കി ഒരു സംഘമുണ്ടാകുക. ആ സംഘത്തിന് കൃത്യമായ ഒരു വ്യവസ്ഥയുണ്ടാകുക. ആ വ്യവസ്ഥക്കുള്ളിൽ നിൽക്കുന്നവർ ഞങ്ങളുടെ ആളുകളെന്നും അതിനു പുറത്തുള്ളവർ അന്യരെന്നും തോന്നുക. ഇത്രയുമായാൽ നാം മതത്തിനുള്ളിലുള്ളവരായി. ഇങ്ങനെ ഒരു കള്ളിക്കുള്ളിൽ ഇല്ലാത്തവരെയാണ് മതത്തിന് പുറത്തുള്ളവർ എന്നു പറയേണ്ടത്. അത് മനുഷ്യരിൽ സാധ്യമാണോ എന്നത് പരിശോധിക്കേണ്ടതുതന്നെയാണ്! അങ്ങനെ നോക്കിയാൽ കമ്യൂണിസവും യുക്തിവാദവും സ്വതന്ത്രചിന്തയും മതാതീതമെന്നു പറയുന്ന പല ആശയങ്ങളും എല്ലാം ചേർത്തുവേണം നാം മതം എന്ന വാക്കിനെ നിർവ്വചിക്കാൻ. ഒരു അഭിപ്രായവും അതിനുചുറ്റും ചേരുന്ന സംഘവും ചേർന്ന് രൂപപ്പെടുന്ന എന്തും മതം തന്നെയാണ് എന്നാണ് മനസ്സിലാക്കേണ്ടതെന്നു തോന്നുന്നു.

രണ്ട്

ജൈവികമായി മനസ്സിലാക്കുമ്പോഴാണ് നമ്മിൽ പ്രവർത്തിക്കുന്ന പല സങ്കുചിതത്വങ്ങളും നമുക്കു ബോദ്ധ്യമാകുക. നാം ഒരു മതവിശ്വാസിയോ യുക്തിവിശ്വാസിയോ മതവിരോധിയോ ആരുമാകട്ടെ; രാമൻ എന്നു കേട്ടാൽ ആദ്യം ഉള്ളിൽ വരുന്നത് ഹിന്ദു എന്നാണ്. തോമസ് എന്നു കേട്ടാൽ ക്രിസ്ത്യാനി എന്നും മുഹമ്മദ് എന്നു കേട്ടാൽ മുസ്​ലിം എന്നുമാണ് ആദ്യത്തെ ബോദ്ധ്യം. മനുഷ്യൻ എന്നല്ല ഉള്ളിൽ ആദ്യം തെളിയുന്നത്. അതായത് എത്ര സ്വതന്ത്രമായി ചിന്തിക്കുന്നവരിൽപോലും അസ്വതന്ത്രമായ ശീലങ്ങളുടെ പുറന്തള്ളലാണ് നാം ആദ്യം അകമേ അനുഭവിക്കേണ്ടി വരുന്നത്. ആ തോന്നലിനെ സ്വാഭാവികമായി ഇല്ലാതാക്കാൻ നമുക്കാവില്ല. ചിന്തകൊണ്ടും വിവേകം കൊണ്ടും അതിനെ മാറ്റിവെച്ച് ഇവരെല്ലാം മനുഷ്യരാണ് എന്ന് നാം നമ്മെ പറഞ്ഞുറപ്പിക്കുകയാണ് ചെയ്യുന്നത്. അത് ബോധപൂർവ്വം ചെയ്യുന്ന ഒരു പ്രക്രിയയാണെന്ന് സൂക്ഷ്മമായി മനസ്സിനെ ശ്രദ്ധിക്കുമ്പോഴാണ് മനസ്സിലാകുക.

പണത്തിലും പ്രശസ്തിയിലും അധികാരത്തിലും പ്രായത്തിലും അറിവിലും ജാതിയിലും വർണ്ണത്തിലും ലിംഗത്തിലും ദേശത്തിലും നമുക്ക് താഴെ എന്നു തോന്നുന്നവരോടുള്ള നമ്മുടെ സമീപനം ഒന്നു ശ്രദ്ധിച്ചു നോക്കൂ. നാം ആരാണെന്ന് നമുക്ക് കൃത്യമായി ബോധ്യമാകും.

സ്വാതന്ത്ര്യമെന്നത് വെറും സങ്കല്പം മാത്രം. കുറച്ചുകൂടി മെച്ചപ്പെട്ട അസ്വാതന്ത്ര്യത്തിലേക്ക് മാറിയെന്നതാണ് നമ്മുടെ സ്വാതന്ത്ര്യാനുഭവം. കൾച്ചറൽ കണ്ടീഷനിങ്ങിന് വിധേയമായി പ്രവർത്തിക്കുന്ന അസ്വതന്ത്രമായ ബോധത്തോടെയാണ് നാം കഴിയുന്നതെന്നതാണ് സത്യം. അതാണ് മനുഷ്യനനുഭവിക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യം.

ചിന്തയിൽ ഉദാത്തമായിരിക്കുമ്പോഴും പ്രതികരണങ്ങളിൽ മനുഷ്യത്വമില്ലാതാകുന്നത് അതുകൊണ്ടാണ്. അതു മനസ്സിലാക്കാൻ നാം ഏറ്റവും അടുത്തിടപഴകുന്ന മനുഷ്യരോടുള്ള നമ്മുടെ പ്രതികരണത്തെ ശ്രദ്ധിച്ചാൽ മതി. നാം ഓരോരുത്തരും എവിടെയൊക്കെയാണ് ഫാസിസ്റ്റുകളായിരിക്കുന്നതെന്ന് അപ്പോൾ ബോധ്യമാകും. പണത്തിലും പ്രശസ്തിയിലും അധികാരത്തിലും പ്രായത്തിലും അറിവിലും ജാതിയിലും വർണ്ണത്തിലും ലിംഗത്തിലും ദേശത്തിലും നമുക്ക് താഴെ എന്നു തോന്നുന്നവരോടുള്ള നമ്മുടെ സമീപനം ഒന്നു ശ്രദ്ധിച്ചു നോക്കൂ. നാം ആരാണെന്ന് നമുക്ക് കൃത്യമായി ബോധ്യമാകും. ഒരു പുരോഹിതനെ നമുക്ക് നമ്മിൽ കണ്ടെത്താനാകും. ഞാൻ പറയും, നീ അനുസസരിക്കുക എന്ന ഭാവം.

പണത്തിലും പ്രശസ്തിയിലും അധികാരത്തിലും പ്രായത്തിലും അറിവിലും ജാതിയിലും വർണ്ണത്തിലും ലിംഗത്തിലും ദേശത്തിലും നമുക്ക് താഴെ എന്നു തോന്നുന്നവരോടുള്ള നമ്മുടെ സമീപനം ഒന്നു ശ്രദ്ധിച്ചു നോക്കൂ. / Photo: Shanavas MA

നമുക്ക് ശരിയെന്ന് ബോധ്യമായ ഒരു കാര്യത്തിന് പ്രതികൂലമായി ആരെങ്കിലും പ്രതികരിച്ചാൽ ഉടൻ ആ വ്യക്തി നമുക്ക് ശത്രുവായതുപോലെ തോന്നുന്നത് നാം ഒരു "മത'ത്തിലായതിനാലാണ്. നമ്മുടെ അഭിപ്രായത്തോട് ചേർന്നു നില്ക്കുന്നവരെ മിത്രങ്ങളായി തോന്നുന്നതും നാം ഒരു "മത'ത്തിലായതുകൊണ്ടാണ്. എന്നാൽ ഞാൻ പറയുന്ന ശരിയെ മാറ്റിവെച്ച്, ശത്രുമിത്രഭാവത്തെ ഉള്ളിലുണരാൻ അനുവദിക്കാതെ, ഉണർന്നാലും അതിനെ അവഗണിച്ച്, പറയുന്നതിൽ ശരിയുണ്ടോ എന്ന് ചിന്തിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന വിശാലതയിലേക്ക് വളരുമ്പോഴാണ് നാം മെച്ചപ്പെട്ട മനുഷ്യരാകുന്നത്. അത് അത്ര എളുപ്പമല്ല. മതമുപേക്ഷിച്ചാൽ അതു ലഭിക്കില്ല. അഭിമാനമെന്നോ ദുരഭിമാനമെന്നോ പറയാവുന്ന ധാർഷ്ട്യത്തെ ഉപേക്ഷിച്ചാലേ അത് സംഭവിക്കൂ.

നാം ആരാണ് എന്നത് നമ്മുടെ ചിന്തയിലേക്കു നോക്കിയല്ല മനസ്സിലാക്കേണ്ടതെന്നും മറിച്ച് നമ്മുടെ പ്രതികരണങ്ങളിലേക്ക് നോക്കിയാകണമെന്നും പറയുന്നത് എത്ര സത്യം. നമ്മോട് ഏറ്റവും അടുത്തു നില്ക്കുന്നവരോട് നാം പെരുമാറുന്നതെങ്ങനെയോ അവിടെയാണ് നാം നമ്മെ കണ്ടെത്തുക. അത് സ്വന്തം വീട്ടിലുള്ളവരോട് പെരുമാറുന്നിടത്താകും കൂടുതൽ തെളിയുക.

ഒരേ കാലത്ത്, ഒരേ ദേശത്ത് കലർന്നു കഴിയുമ്പോഴും കാലത്തിനും ദേശത്തിനുമനുസരിച്ച് പലതിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും പലതും തിരുത്തേണ്ടതുണ്ടെന്നും അറിയാനോ ചെയ്യാനോ ജാതിമത ബോധങ്ങൾ തയ്യാറാകുന്നില്ല.

ശീലിച്ചുശീലിച്ച് ഉറച്ചതാണ് നമ്മുടെ ശരിയെന്നു പറഞ്ഞല്ലോ. ഏറ്റവും കൂടുതൽ കാലം ജീവിച്ചതാണ് നമ്മിൽ ഉറച്ച ശരികൾ. ഗോത്ര സംസ്‌കൃതിയിലും രാജ സംസ്‌കൃതിയിലുമാണ് നാം നൂറ്റാണ്ടുകൾ പുലർന്നത്. ജാതിയും മതവുമെല്ലാം രൂപപ്പെട്ടത് ആ കാലഘട്ടത്തിലാണ്. ഞാൻ, എന്റെ, ഞങ്ങൾ, നിങ്ങൾ എന്ന വിഭജനം മനുഷ്യബോധത്തിലെ സ്വാഭാവിക പ്രവണതയാണെങ്കിലും അതിൽനിന്ന് മുന്നോട്ടു നടന്ന് "നമ്മള്' എന്ന് എല്ലാറ്റിനെയും ചേർത്തു പറയുന്നതിനേക്കാൾ ആ വിഭജനത്തെ കൂടുതൽ ശക്തമാക്കുന്നതിനേ ജാതിയും മതവും സഹായിച്ചിട്ടുള്ളൂ. എല്ലാം ഒന്നാണെന്നും എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്നും സമാധാനമാണ് വഴിയെന്നും ഒക്കെ പറയുമെങ്കിലും ക്രിസ്ത്യാനിയും മുസ്‌ലിമും ഹിന്ദുവും ബുദ്ധിസ്റ്റും ജൈനിസ്റ്റും യുക്തിസ്റ്റും ഒക്കെ വേറെവേറെ അറകളിൽ, വേറെ-വേറെ ജീവികളെപോലെ തന്നെയാണ് വാസം. എല്ലാവർക്കും അവരവരുടേതായ ജീവിതശൈലികൾ, ശരിതെറ്റുകൾ, ആചാരാനുഷ്ഠാനങ്ങൾ.

ഒരേകാലത്ത്, ഒരേ ദേശത്ത് കലർന്നു കഴിയുമ്പോഴും കാലത്തിനും ദേശത്തിനുമനുസരിച്ച് പലതിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും പലതും തിരുത്തേണ്ടതുണ്ടെന്നും അറിയാനോ ചെയ്യാനോ ജാതിമത ബോധങ്ങൾ തയ്യാറാകുന്നില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അതുവരെ നിലനിന്നിരുന്ന സമാധാനമെല്ലാം അറ്റുവീഴുകയും അക്രമത്തിലേക്ക് പൊടുന്നനെ ഉണരുകയും ചെയ്യുന്നു. ചെറിയ വിമർശനത്തെപ്പോലും ശാന്തമായി കേൾക്കാനും തിരുത്താനുമുള്ള മനസ്സ് അവിടെ വിരളമാണ്.

ഇവിടെയാണ് പൗരബോധത്തിന്റെ പ്രസക്തി. മാറ്റങ്ങൾക്കനുസരിച്ച് മാറാനുള്ള മനസ്സാണ് പൗരബോധം. സമത്വമാണ് അവിടെ പ്രധാനം. അത് സ്വാഭാവികമായി സംഭവിക്കില്ലെന്ന് അറിയുന്നതിനാൽ നിരന്തരമായ ശ്രദ്ധയും പരിശീലനവുമാണ് അവിടെ വഴി. ആരും ആർക്കും മേലെയോ താഴെയോ അല്ലെന്ന ബോധമാണ് അവിടെ നമ്മെ ഭരിക്കുന്നത്, ഭരിക്കേണ്ടത്. ഞങ്ങൾ, നിങ്ങൾ എന്ന വിഭജനമില്ലാതെ എല്ലാറ്റിനെയും ചേർത്ത് നമ്മൾ എന്ന് അറിയുന്ന ബോധമാണ് പൗരബോധം. ഇന്ന് സ്വപ്നമായിരിക്കുന്നതും നാളെ സംഭവിക്കേണ്ടതുമായ അവസ്ഥയാണത്. അത് പിന്നിലോട്ടു നടക്കുന്നില്ല. മുന്നിലോട്ടേ അതിന് വഴിയുള്ളൂ. പഴയതെല്ലാം ശരിയെന്ന അന്ധത അവിടെയില്ല. ഇനിയും തെളിയേണ്ട വഴികളുണ്ടെന്ന ഉറപ്പാണ് അവിടെ കാഴ്ച. മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള ഉള്ളമാണ് അവിടെ സ്വസ്തി.

ഷൗക്കത്ത് നിത്യ ചൈതന്യയതിയോടൊപ്പം / Photo: Peter Openheimer

മൂന്ന്

യുക്തിവാദമെന്നും സ്വതന്ത്രചിന്തയെന്നും ഒക്കെ പല പേരിൽ അറിയപ്പെടുന്ന ചിന്തകളോടുള്ള സമീപനത്തെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. ആ കൂട്ടത്തിന്റെ ഭാഗമായി മനസ്സുകൊണ്ട് കുറച്ചുനാൾ ജീവിച്ചിട്ടുമുണ്ട്. എന്നാൽ കേവലം മതത്തിനും ദൈവത്തിനും ചുറ്റും മാത്രം വട്ടം കറങ്ങുന്നതിലാണ് ആ വിഭാഗത്തിന് കൂടുതൽ താല്പര്യമെന്ന് തോന്നിയപ്പോൾ അതു വിട്ടു. മതത്തെയും ദൈവത്തെയും ഉപേക്ഷിക്കുന്നതോടെ നാം ഉത്തമ പൗരരായി എന്ന മിഥ്യാഭിമാനമാണ് അങ്ങനെയുള്ള കൂട്ടങ്ങളെ ബാധിച്ചിട്ടുള്ള ഏറ്റവും സങ്കടകരമായ അവസ്ഥയായി തോന്നിയിട്ട്. ആ ബോദ്ധ്യത്തിലാണ് ഞാനും കുറച്ചുനാൾ കഴിഞ്ഞത്.

മനുഷ്യൻ എന്നാൽ ദാ ഇതാണ് എന്ന് ഉറപ്പിച്ച് ഒരുത്തരം പറയാവുന്ന ജീവിയാണെന്ന് ഞാൻ കരുതുന്നില്ല. മനുഷ്യനുണ്ടായ കാലം മുതൽ ഇന്നുവരെ ജീവിച്ച സംസ്‌ക്കാരങ്ങളുടെ നിഴലാട്ടങ്ങൾ ഈ ജീവിയുടെ ബോധാബോധങ്ങളിൽ ഏറിമാറിത്തിരിയുന്നുണ്ട്. അത് മൊത്തം ചിന്തകൊണ്ട് ഇല്ലാതാക്കിക്കളയാം എന്നൊന്നും കരുതുന്നില്ല. നിർദോഷകരമായ ചില അന്ധതകൾ കൂടി ചേർന്നാണ് മനുഷ്യസമൂഹത്തെ ഒന്നിപ്പിച്ചു നിറുത്തുന്നത് എന്ന യാഥാർത്ഥ്യം, അന്ധതകൾ അക്രമമാകുന്ന യാഥാർത്ഥ്യത്തോടൊപ്പം മനസ്സിലാക്കുന്നുണ്ട്.

മതങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ അമ്പേ അന്ധമാണെന്ന് ഞാൻ കരുതുന്നില്ല. ജീവിതത്തിന് വ്യവസ്ഥയുണ്ടാക്കുന്ന തെളിമയുള്ള അനുഷ്ഠാനങ്ങളും അവിടെയുണ്ട്. ഒരു തെറാപ്പി എന്ന നിലയിൽ പ്രവർത്തിക്കുന്ന ഏറെ കാര്യങ്ങളുണ്ട്. യുക്തികൊണ്ട് എല്ലാറ്റിനെയും നിരസിച്ചാൽ കവിത നഷ്ടപ്പെട്ട് നാം നിർജീവമായിപ്പോകും.

ആകെ ലോകത്തിന്റെ വളർച്ചയ്ക്ക്, സമാധാനത്തിന് തടസ്സമാകാത്ത യുക്തിക്ക് നിരക്കാത്ത ചിലത് ഇവിടെ തുടരേണ്ടതുണ്ട്. കുറച്ച് ഭ്രാന്തില്ലെങ്കിൽ ജീവിതം പോലെ വിരസമായ മറ്റെന്തുണ്ട്?

പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതും ഒരർത്ഥത്തിൽ യുക്തിക്ക് നിരക്കാത്ത കാര്യമാണ്. എന്നാൽ അതു പകരുന്ന സമാധാനം യുക്തിഭദ്രമാണ്. അതുപോലെയാണ് മതപരമായ പല അനുഷ്ഠാനങ്ങളെയും പ്രാർത്ഥനകളെയും ഞാൻ കാണുന്നത്. യുക്തിയ്ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലതും. എന്നാൽ അതിൽ പലതും മനുഷ്യർക്ക് ആശ്വാസം പകരുന്നുണ്ട്.

ഏകമുഖമായ സ്വഭാവമല്ല മനുഷ്യനുള്ളത്. ബഹുമുഖമായ സ്വഭാവങ്ങളിൽ ജീവിതത്തെ ജീവത്താക്കുന്ന ചില അന്ധത്വങ്ങളുമുണ്ട്. സ്വാതന്ത്ര്യം, കുടുംബം, വിവാഹം, പ്രണയം, പ്രാർത്ഥന, ബന്ധങ്ങൾ, ദേശം, എന്നിങ്ങനെയുള്ള വ്യവസ്ഥകളെ സൂക്ഷ്മമായി പരിശോധിച്ചാൽ അതും ദൈവത്തിലുള്ള ഉറച്ച വിശ്വാസം പോലെ ചില വിശ്വാസങ്ങളിലാണ് ഊന്നിനില്ക്കുന്നത് എന്ന് ബോദ്ധ്യമാകും.

തള്ളിക്കളയേണ്ടതുണ്ട്. നിലനില്‌ക്കേണ്ടതും നിലനിറുത്തേണ്ടതുമുണ്ട്. ആകെ ലോകത്തിന്റെ വളർച്ചയ്ക്ക്, സമാധാനത്തിന് തടസ്സമാകാത്ത യുക്തിക്ക് നിരക്കാത്ത ചിലത് ഇവിടെ തുടരേണ്ടതുണ്ട്. കുറച്ച് ഭ്രാന്തില്ലെങ്കിൽ ജീവിതം പോലെ വിരസമായ മറ്റെന്തുണ്ട്?

ഭൗതിക സാഹചര്യങ്ങൾ അനുകൂലമാകുന്നതുകൊണ്ടുമാത്രം ജീവിതം സംതൃപ്തമാകുന്നില്ല. / Photo: K.R. Sunil

ജീവിതത്തെ കുറിച്ച് യുക്തിഭദ്രമായി ചിന്തിച്ച് വസ്തുനിഷ്ഠമായ ഒരു നിഗമനത്തിലെത്തുമ്പോൾ നഷ്ടപ്പെട്ടു പോകുന്ന ജീവരസത്തെ കുറിച്ച് പലപ്പോഴും ഗൗരവത്തോടെ ചിന്തിച്ചിട്ടുണ്ട്. കൂടുതൽ മൂർച്ച കൂട്ടിയാൽ കത്തിയുടെ വായ്ത്തല ഇല്ലാതാകുകയേയുള്ളൂ എന്ന ലാവോത്സുവിന്റെ വാക്കുകളാണ് അപ്പോഴെല്ലാം മുന്നിൽ മന്ദഹസിച്ചു വിടരുക.

പിന്നെ ഓർക്കാറ് നടരാജഗുരു അവസാനമായി ഗുരു നിത്യയ്ക്കു കൊടുത്ത ഉപദേശമാണ്: ‘നിത്യാ, നിനക്കിപ്പോൾ ഏഴ് യുക്തിയും മൂന്ന് ഭക്തിയുമാണ്. അത് ഒന്നുകൂടി സമീകരിച്ച് അഞ്ച് യുക്തിയും അഞ്ച് ഭക്തിയുമാക്കിയാൽ യുക്തി, സഹായമല്ലാതെ വരുന്നിടത്ത് ഭക്തി സഹായിക്കും.'

ഇവിടെ ഭക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിതത്തെ സൗന്ദര്യാത്മകമായി അനുഭവിക്കുക എന്നു തന്നെ. പ്രപഞ്ചത്തെയും ജീവിതത്തെയും ആശ്ചര്യത്തോടെ അറിയൽ. ആസ്വദിക്കൽ.

നാല്

ഭൗതികമായ ലോകത്തെകുറിച്ച് അറിയാനും അതിന്റെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ജീവിതത്തെ സുഗമമാക്കാനും ശാസ്ത്രം ചെയ്തിട്ടുള്ള, ചെയ്തുകൊണ്ടിരിക്കുന്ന സംഭാവനകളാണ് ഞാൻ ഇതെഴുതാനായുപയോഗിക്കുന്ന ലാപ്‌ടോപ് വരെയുള്ള മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ.

ഉള്ളത് ഭൗതികതയാണ്. അതിനെ ആഴത്തിൽ അനുഭവിക്കുന്നത്, ആസ്വദിക്കുന്നത് ആത്മീയത. അനുഭവം ഭൗതികമെങ്കിൽ അനുഭൂതി ആത്മീയം. ഒന്നിന്റെ തന്നെ രണ്ടു ഭാവങ്ങൾ.

ഭൗതിക സാഹചര്യങ്ങൾ അനുകൂലമാകുന്നതുകൊണ്ടു മാത്രം ജീവിതം സംതൃപ്തമാകുന്നില്ല എന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. മാനസികവും ബൗദ്ധികവുമായ ആസ്വാദ്യലോകങ്ങളുടെ അന്വേഷണങ്ങൾ കൂടി നാം എന്നും നടത്തുന്നുണ്ട്. കലാസാഹിത്യ സംഗീതാദികൾ എന്നിവയിൽ തുടങ്ങി ധ്യാനത്തിന്റെ ആഴങ്ങൾ വരെ ഉൾപ്പെടുന്ന ഒരു ലോകം.

അപരന് തന്നെപ്പോലെ തന്നെ ഇവിടെ ജീവിക്കാനും തന്നെപ്പോലെ തന്നെ സ്വാതന്ത്ര്യമനുഭവിക്കാനും അവകാശമുണ്ടെന്ന അറിവ് അലിവിൽ നിന്നാണ് സംഭവിക്കുക. നാം അരുളുള്ളവരാകണം എന്ന് ഗുരുക്കന്മാർ പറയും. അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്ന് സ്വയം എപ്പോഴും ഒരു മന്ത്രം പോലെ പറഞ്ഞുകൊണ്ടിരിക്കുകയും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അനുഭവികൾ. ഈ നൈതികത പകരുന്ന മൂല്യങ്ങൾ നമുക്ക് സംഭാവന ചെയ്യുന്ന ലോകങ്ങൾ ഏതൊക്കെയാണോ അതിനെയെല്ലാം ചേർത്താണ് ആത്മീയതയായി മനസ്സിലാക്കുന്നത്.

ഭൗതികതയും ആത്മീയതയും എന്നത് സ്ഥൂലം, സൂക്ഷ്മം എന്നർത്ഥത്തിലാണ് അറിയാൻ ശ്രമിക്കുന്നത്. ഉള്ളത് ഭൗതികതയാണ്. അതിനെ ആഴത്തിൽ അനുഭവിക്കുന്നത്, ആസ്വദിക്കുന്നത് ആത്മീയത. അനുഭവം ഭൗതികമെങ്കിൽ അനുഭൂതി ആത്മീയം. ഒന്നിന്റെ തന്നെ രണ്ടു ഭാവങ്ങൾ.

അപരന് തന്നെപ്പോലെ തന്നെ ഇവിടെ ജീവിക്കാനും തന്നെപ്പോലെ തന്നെ സ്വാതന്ത്ര്യമനുഭവിക്കാനും അവകാശമുണ്ടെന്ന അറിവ് അലിവിൽ നിന്നാണ് സംഭവിക്കുക / Photo: Biju Ibrahim

ഒരു കപ്പ് ഉണ്ടാക്കുന്നത് ശാസ്ത്രമാണ്. ആ കപ്പിൽ നല്ല രസകരമായ ചിത്രങ്ങൾ വരയ്ക്കുന്നത് ആത്മീയതയാണ്. അതു രണ്ടും തോളോടു തോളുരുമ്മി നില്ക്കുന്നിടം എത്ര ഹൃദ്യമാണ്. ഒരു പൂവ് എന്തെന്ന് ശാസ്ത്രം കൃത്യമായി പറഞ്ഞു തരും. അത് ആസ്വദിക്കാൻ പക്ഷെ, മറ്റൊരു കണ്ണു വേണം.

ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും മോശവശങ്ങൾ ആ സമ്പ്രദായങ്ങളുടേതല്ല. അത് മനുഷ്യമനസ്സിന്റെയാണ്. ശാസ്ത്രജ്ഞൻ അന്ധവിശ്വാസിയാകുന്നതു കൊണ്ട് ശാസ്ത്രം അന്ധവിശ്വാസമാകുന്നില്ല. മതവും പൗരോഹിത്യവും നികൃഷ്ടമാകുന്നതിനാൽ ബുദ്ധനും യേശുവും മീരയും കബീറും റൂമിയും അപ്രസക്തരാകുന്നില്ല.

അഞ്ച്

ഞാനെന്തുകൊണ്ട് ജീവിച്ചുവളരാനിടയായ മതം വിട്ടിറങ്ങിയെന്ന് പലരും ചോദിക്കാറുണ്ട്. അതിനെനിക്ക് എന്നിൽനിന്ന് കിട്ടിയിട്ടുള്ള ഉത്തരം, പരിപൂർണമായ ശരിയാണ് മതമെന്ന നിർബന്ധബുദ്ധി മതത്തിന്റെ അന്തർധാരയായി ഇരിക്കുന്നതുകൊണ്ട് എന്നാണ്. മാത്രമല്ല, ആ ശരി ഞങ്ങളുടെ മതമാണെന്ന് ഓരോ മതവും ആവേശത്തോടെ വികാരപ്പെടുന്നതുകൊണ്ട്. വിവേകത്തേക്കാൾ, വിചാരത്തേക്കാൾ വികാരത്തിന് അടിപ്പെടുന്നതുകൊണ്ട്. പറഞ്ഞാലും ഇല്ലെങ്കിലും അത് വിഭാഗീയതയ്ക്ക് കാരണമാകുന്നതുകൊണ്ട്.

ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിഖ്​ എന്നൊക്കെ കേൾക്കുമ്പോൾ പഴയ മതവിരോധം കൊണ്ടുള്ള വിറയൽ ഇപ്പോൾ എന്നിലുണ്ടാകാറില്ല. ഓരോ മനുഷ്യനും ഓരോ മതങ്ങളാണെന്ന് ഇന്ന് മനസ്സിലാക്കുന്നു. അവരവർ ശരിയാണെന്നും മറ്റവർ ശരിയല്ലെന്നുമുള്ള ആ അകമേയുള്ള കിരുകിരിപ്പുണ്ടല്ലോ! അതുതന്നെയാണ് മതം.

അങ്ങനെയൊക്കെ പറയുമ്പോഴും ഈ പറഞ്ഞത് മതത്തിന്റെ മാത്രം പ്രശ്‌നമാണോ എന്ന് നാം മുകളിലുദ്ധരിച്ച ചോദ്യവും ഉള്ളിലുണരാറുണ്ട്. അങ്ങനെയാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് മനസ്സിലായി ഇത് മനുഷ്യന്റെ പ്രശ്‌നമാണെന്ന്. മനുഷ്യനിൽ നിന്ന് മനുഷ്യനിലൂടെ ഉണ്ടായതിലെല്ലാം ഈ പ്രശ്‌നമുണ്ടെന്ന്. മതം ഉണ്ടായാലും ഇല്ലെങ്കിലും അത് എന്നിലും ഏവരിലും ഉണ്ടെന്ന്. ഞാൻ, എന്റെ എന്നത് ശരിയും നീ, നിന്റെ എന്നത് തെറ്റും എന്നത് എല്ലാ മനുഷ്യരിലും അന്തർധാരയായി പ്രവർത്തിക്കുന്നുണ്ടെന്ന്. വിവേകത്തേക്കാൾ, വിചാരത്തേക്കാൾ എല്ലാ മനുഷ്യനും വികാരപ്പെടുന്ന ജീവിയാണെന്ന്.

ആ അറിവാണ് മതത്തെ അതുവരെ കണ്ടിരുന്ന സമീപനത്തിൽനിന്ന് എന്നെ മാറ്റിയത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധിസ്റ്റ്, സിഖ്​, എന്നൊക്കെ കേൾക്കുമ്പോൾ പഴയ മതവിരോധം കൊണ്ടുള്ള വിറയൽ ഇപ്പോൾ എന്നിലുണ്ടാകാറില്ല. ഓരോ മനുഷ്യനും ഓരോ മതങ്ങളാണെന്ന് ഇന്ന് മനസ്സിലാക്കുന്നു. അവരവർ ശരിയാണെന്നും മറ്റവർ ശരിയല്ലെന്നുമുള്ള ആ അകമേയുള്ള കിരുകിരിപ്പുണ്ടല്ലോ! അതുതന്നെയാണ് മതം. അതുകൊണ്ട് മതവിരോധം എന്നത് ഇന്നെനിക്ക് ആത്മവിമർശനമാണ്. ഞാൻ എന്ന വ്യക്തിയിലെ സങ്കുചിതത്വങ്ങളെയാണ് ഞാൻ മതമായി അനുഭവിക്കുന്നത്. എല്ലാവരിലും എറിയും കുറഞ്ഞും അതുണ്ടെന്നു തന്നെ ഞാൻ കരുതുന്നു. മഹാന്മാർ എന്നു നാം കരുതുന്നവരിൽ പോലും.

ഇസ്​ലാം മത പശ്ചാത്തലത്തിൽ ജനിച്ചു എന്ന ഒരൊറ്റ കാരണത്താലാണ് ഞാൻ ഇസ്ലാമായത്. അല്ലാതെ ആ ദർശനം മനസ്സിലാക്കിയിട്ടല്ല. എല്ലാവരും ആദ്യം ഒരു മതക്കാരാകുന്നത് അങ്ങനെയാണ്. അതുകൊണ്ടാണ് അത് ഇത്രമാത്രം വികാരപരമായിപ്പോയത്. അറിവോ ചിന്തയോ അല്ല മറിച്ച് സംഘബോധമാണ് അവിടെ ആദ്യം പ്രവർത്തിക്കുന്നത്. ന്യായീകരണമാണ് പലപ്പോഴും അവിടെ വേണ്ടത്. ചോദ്യങ്ങളേക്കാൾ അനുസരണയാണ് പഥ്യം.

മാനസികവും ബൗദ്ധികവുമായ ആസ്വാദ്യലോകങ്ങളുടെ അന്വേഷണങ്ങൾ കൂടി നാം എന്നും നടത്തുന്നുണ്ട്. Photo: Shanavas M.A.

ഇന്ന് ഞാൻ ഇസ്​ലാം മതവും പിന്നീട് കയറിപ്പറ്റിയ ആശയമതങ്ങളും വിട്ടെങ്കിലും- ഞാൻ, എന്റെ എന്ന മതം പേറുന്നവനാണ് എന്നതിനെ കുറിച്ച് നല്ല ബോധമുള്ളവനാണ്. നന്നായി പണിപ്പെട്ടാലേ ആ വ്യക്തിമതത്തെ അനുനയിപ്പിച്ച് സൗമ്യമാക്കിയെടുക്കാൻ കഴിയുന്നുള്ളൂ. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളെയും ഇന്നു ഞാൻ കാണുന്നത് അനുഭാവപൂർവ്വമാണ്. വൈരാഗ്യ ബുദ്ധിയോടെയല്ല.

ജീവിതത്തെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അതിന്റെ രസമാണ്. രസം എന്നത് ഒരു അനുഭൂതിയാണ്. സന്തോഷമാണ്. സമാധാനമാണ്. അതായിരിക്കണം ഏത് അറിവിന്റെയും മാനദണ്ഡം. വ്യത്യസ്തമായ വീക്ഷണ കോണുകളിലൂടെ ജീവനെയും ജീവിയെയും ജീവിതത്തെയും നോക്കിക്കാണുന്നത് നല്ലതുതന്നെ. എന്നാൽ ആ യാത്ര ജീവിതത്തിന്റെ രസത്തെ വിരസമാക്കുന്നുണ്ടോ എന്നതിൽ നാം അതീവ ശ്രദ്ധാലുവാകേണ്ടതുണ്ടെന്ന് മെല്ലെ മെല്ലെ ശ്രദ്ധയാകാൻ തുടങ്ങി.

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം എന്തായിരിക്കണമെന്ന് ശാസ്ത്രീയമായി അറിയേണ്ടത് അത്യാവശ്യമാണ്. എന്നാൽ ആ ചേരുവകളെ രസകരമായ അന്നപാനീയങ്ങളാക്കി മാറ്റുന്നിടത്താണ് അറിവ് ആനുഭൂതികമാകുന്നതെന്ന് നാം മറക്കാതിരിക്കേണ്ടതുണ്ട്. പിരിച്ചു മാറ്റി പരിശോധിക്കുമ്പോൾ ചേർന്നിരുന്നപ്പോഴുള്ള സൗന്ദര്യം അറ്റുപോകാതിരിക്കാൻ ജാഗ്രതയാകേണ്ടതുണ്ട്.

ഒരു ക്രിസ്തുവും എന്നെ രക്ഷിക്കാൻ വരില്ലെന്ന് ഉറപ്പാണെങ്കിലും ചർച്ചിന്റെ വിശാലമായ പ്രാർത്ഥനാഹാളിൽ ചെന്നിരുന്ന് യേശുവിനെ സ്മരിക്കുമ്പോൾ കണ്ണു നിറഞ്ഞുപോകാറുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ഒരു കൃഷ്ണനും കരുണ ചൊരിയുന്നതായി അനുഭവിക്കുന്നില്ലെങ്കിലും ‘കരുണ ചെയ്​വാനെന്തു താമസം കൃഷ്ണാ' എന്ന കീർത്തനം നിറകണ്ണോടെ എനിക്കിന്നും ആസ്വദിക്കാനാകുന്നുണ്ട്. ഏഴാം ആകാശത്തിനു മുകളിൽ ഒരു ദൈവമിരിക്കുന്നില്ലെന്ന് പൂർണമായും വിശ്വസിക്കുമ്പോഴും നുസറത്ത് ഫത്തേഹ് അലി ഖാൻ അല്ലാഹൂ... എന്ന് ഖവാലി പാടിത്തുടങ്ങുമ്പോൾ അടിമുടി നിർവൃതിയാൽ നനഞ്ഞു പോകാറുണ്ട്. ഒരു ക്രിസ്തുവും എന്നെ രക്ഷിക്കാൻ വരില്ലെന്ന് ഉറപ്പാണെങ്കിലും ചർച്ചിന്റെ വിശാലമായ പ്രാർത്ഥനാഹാളിൽ ചെന്നിരുന്ന് യേശുവിനെ സ്മരിക്കുമ്പോൾ കണ്ണു നിറഞ്ഞുപോകാറുണ്ട്. ഫാത്തിഹ സൂറത്തും ദൈവദശകവും ഈശാവാസ്യോപനിഷത്തും ചൊല്ലി ഹൃദയവിശുദ്ധിയുടെ ലോകത്തേക്ക് ഞാൻ സ്വയം ഇല്ലാതാകുമ്പോൾ ആ വാക്കുകളെ ഇഴകീറി പരിശോധിക്കുന്ന യുക്തിബോധമല്ല എന്നെ ഭരിക്കുന്നത്. മറിച്ച്, ജീവന് രസം പകരുന്ന നാദധ്വനിയിലാണ് ഞാൻ എന്നെ വിലയിപ്പിക്കുന്നത്. അപ്പോഴും യുക്തിഭദ്രമായ ഒരു ശാസ്ത്ര വീക്ഷണം ഉറ്റ സുഹൃത്തായി എന്റെ ചാരത്തുതന്നെ മന്ദഹസിച്ചുകൊണ്ട് ഇരിക്കുന്നുവെന്നതാണ് ജീവിതത്തിന് നവോന്മേഷം പകരുന്നത്.

ആറ്

റൂമിയുടെ ഒരു കവിത എഴുതി അവസാനിപ്പിക്കാം.

വരിക, വരിക, നിങ്ങൾ ആരുമായ്‌ക്കൊള്ളട്ടെ. അലഞ്ഞുതിരിയുന്നവരാകട്ടെ ഭക്തോന്മത്തരാകട്ടെ വിഗ്രഹാരാധകരോ അഗ്‌നിപൂജചെയ്യുന്നവരോ ആകട്ടെ. വരിക! നിങ്ങൾക്ക് സ്വാഗതം! ഈ ഇടത്താവളം നിരാശയുടേതല്ല. എല്ലാം നഷ്ടപ്പെട്ടവരായാലും പ്രേമത്തിന്റെ കടന്നൽകുത്തേറ്റവരായാലും നാടോടികളായാലും പ്രശ്‌നമില്ല. ആയിരംതവണ ശപഥമെടുത്തു ലംഘിച്ചവരായാലും കുഴപ്പമില്ല. വരിക! വീണ്ടും വരിക! സ്വാഗതം.


ഷൗക്കത്ത്​

സൂഫിസം, ഭാരതീയ ദർശനം, യുക്തിവാദം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ അന്വേഷണം നടത്തുന്നു. ഭക്തി- യതിയുടെ നിർവചനം, ദൈവത്തിന് ഒരു തുറന്ന കത്ത്, നിത്യാന്തരംഗം - ഗുരുവിനോടൊത്തുള്ള നാളുകൾ, ഹിമാലയം: യാത്രകളുടെ ഒരു പുസ്തകം, മൊഴിയാഴം, ആത്മാവിൽ നിന്ന് ജീവിതത്തിലേക്ക്, താഴ്‌വരയുടെ സംഗീതം, കബീർ, ജീവിതം പറഞ്ഞത്, നൂറു ധ്യാനങ്ങൾ, തുറന്ന ആകാശങ്ങൾ, ഏക്താരയുടെ ഉന്മാദം(നോവൽ) എന്നിവയാണ് പ്രധാന കൃതികൾ.

Comments