സിദ്ദിഹ

പൂർണമായും തെരഞ്ഞെടുക്കാനായില്ല,
​മതവും യുക്തിവാദവും

ചില രാഷ്ട്രീയസാഹചര്യങ്ങൾ വേട്ടയാടാൻ തുടങ്ങിയപ്പോൾ യുക്തിവാദിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന് തോന്നി. മറ്റൊരു മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം മതമനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജീവിക്കട്ടെ, അതിലിടപെടുന്നതാണ് പ്രകോപനപരമായ ഹിംസ എന്ന് മനസ്സിലാക്കാൻ വളരെയധികം സമയമെടുത്തു.

‘ദൈവമില്ല എന്ന് ഞാൻ പറഞ്ഞാൽ നിനക്കത് തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമോ?', മതത്തിന്റെ മുറുക്കിക്കെട്ടിയ വേലികൾക്കുള്ളിൽ യാഥാസ്ഥിതിക ചിന്തകളോടെ വളർന്നുവന്ന എന്നോട് ആ ചോദ്യം ചോദിച്ചത് അച്ഛനാണ്. പത്തുവർഷം നിർദ്ദാക്ഷിണ്യം ഉപേക്ഷിച്ചുപോയ മനുഷ്യനാണ്, കുടിയനാണ്. അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാവുന്ന ആ പ്രസ്താവനയ്ക്കുമേൽ ഞങ്ങൾ പലതവണ പൊരുതി.‘അച്ഛനെത്ര പഠിച്ചിട്ടുണ്ട്?' ‘സ്‌കൂളിൽ പോയിട്ടില്ല' ‘അപ്പോ, എങ്ങനെ ഇങ്ങനൊരു ചിന്തയിലെത്തി?' ‘അതിനു സ്‌കൂളിൽ പോണമെന്നില്ല'

മതം പറയുന്ന മനുഷ്യത്വത്തേക്കാൾ അത് നിഷ്‌കർഷിക്കുന്ന സദാചാരവിചാരങ്ങളെയാണ് ഇവിടുത്തെ പുരോഹിതവർഗം കച്ചവടമാക്കിയത്. മനുഷ്യന്റെ ഭയത്തെത്തന്നെയാണ് അവർ ദുരുപയോഗം ചെയ്തത്.

എന്റെ ചിന്തകൾ പലവഴി തിരിഞ്ഞു. പുസ്തകങ്ങളിലേക്കൊന്നും എത്തിപ്പെടാൻ പറ്റാത്ത സ്‌കൂൾകുട്ടി മാത്രമായിരുന്ന ഞാൻ പതുക്കെ ചേരി മാറി. അച്ഛനല്ലാത്ത സർവരോടും ദൈവമില്ലെന്ന് വാദിക്കാൻ തുടങ്ങി. മതചിഹ്നങ്ങൾ പൂർണമായുപേക്ഷിച്ചു. അച്ഛനോട് പക്ഷെ വാശിക്കെന്നോണം ദൈവാസ്തിത്വത്തെക്കുറിച്ചു വാദിച്ചു. രസകരമായ കാര്യമെന്താണെന്നു വെച്ചാൽ, ഇരുവശത്തും ഒരു പോലെ വാദിക്കാൻ തക്കരീതിയിൽ ഞാൻ പരുവപ്പെട്ടു. മനസ്സ് കൊണ്ട് ഒരു നിലപാടെടുക്കാനാവാത്ത വിഷയത്തിൽ പോലും ഉറച്ചുനിന്ന് വാദിക്കാൻ മനുഷ്യർക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞു. പൂർണമായും മതത്തെയോ യുക്തിവാദത്തെയോ തെരഞ്ഞെടുക്കാൻ പിന്നീട് ഒരിക്കലും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ചില രാഷ്ട്രീയസാഹചര്യങ്ങൾ വേട്ടയാടാൻ തുടങ്ങിയപ്പോൾ യുക്തിവാദിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന് തോന്നി. മറ്റൊരു മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം മതമനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ ജീവിക്കട്ടെ, അതിലിടപെടുന്നതാണ് പ്രകോപനപരമായ ഹിംസ എന്ന് മനസ്സിലാക്കാൻ വളരെയധികം സമയമെടുത്തു.

സ്‌നേഹിക്കുന്ന, പുഞ്ചിരിക്കുന്ന ദൈവത്തെക്കാൾ വിറ്റുപോയത് ഗൗരവക്കാരനും ക്ഷിപ്രകോപിയും അതികഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്/photo: kr.sunil
സ്‌നേഹിക്കുന്ന, പുഞ്ചിരിക്കുന്ന ദൈവത്തെക്കാൾ വിറ്റുപോയത് ഗൗരവക്കാരനും ക്ഷിപ്രകോപിയും അതികഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്/photo: kr.sunil

മതം പറയുന്ന മനുഷ്യത്വത്തേക്കാൾ അത് നിഷ്‌കർഷിക്കുന്ന സദാചാരവിചാരങ്ങളെയാണ് ഇവിടുത്തെ പുരോഹിതവർഗം കച്ചവടമാക്കിയത്. മനുഷ്യന്റെ ഭയത്തെത്തന്നെയാണ് അവർ ദുരുപയോഗം ചെയ്തത്. സ്‌നേഹിക്കുന്ന, പുഞ്ചിരിക്കുന്ന ദൈവത്തെക്കാൾ വിറ്റുപോയത് ഗൗരവക്കാരനും ക്ഷിപ്രകോപിയും അതികഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ദൈവമാണ്. എല്ലാ മനുഷ്യരിലും അത് പാപബോധം വളർത്തി. അതേറ്റവും ഉപകാരപ്പെട്ടത് പാട്രിയാർക്കിയെ ശക്തിപ്പെടുത്താനാണ്. മതങ്ങളുടെ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കാൻ ചുക്കാൻ പിടിച്ചത് ഈ പാപബോധമാണ്. അവർക്കു നിലനിന്നു പോരാൻ മനുഷ്യരുടെ നിസ്സഹായാവസ്ഥയെ അവർ കൈമുതലാക്കി. രോഗശാന്തി, സാമ്പത്തികാഭിവൃദ്ധി, വിജയം തുടങ്ങി മാജിക്കുകളിൽ സാധാരണ ജനങ്ങളെ എലിയെ തുരത്തിയ കുഴലൂത്തുകാരനെപ്പോലെ മണ്ടന്മാരാക്കി. മനുഷ്യരെ നന്നാക്കാനാണ് മതമെന്ന്, മതമില്ലാത്ത മനുഷ്യൻ കടിഞ്ഞാണില്ലാത്തവനാണെന്ന്, ഏതു ‘പാപ'വും ചെയ്യാൻ മടിയില്ലാത്തവരാണെന്ന്​ എല്ലാ മതങ്ങളുടെയും പൗരോഹിത്യം പറഞ്ഞു പരത്തി. സമൂഹത്തിന്റെ അധികാരം അവർ ഏറ്റെടുത്തു. ജനാധിപത്യതെരഞ്ഞെടുപ്പുകളിൽ പോലും അവരെ ഉൾക്കൊള്ളിക്കുന്നതായി വിജയഫോർമുല. പരോക്ഷമായും പ്രത്യക്ഷമായും പാട്രിയാർക്കൽ നേതൃത്വം എന്തിനും തുനിഞ്ഞ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു.

ലോകാരോഗ്യസംഘടന ആരോഗ്യത്തെ നിർവചിക്കുന്നത് ശാരീരികവും, മാനസികവും സാമൂഹികവും ആത്മീയവുമായ സുസ്ഥിതി എന്നാണ്. ഒരു മനുഷ്യന്റെ ശാരീരിക/മാനസിക ആരോഗ്യത്തെപ്രതി രൂപീകരിച്ച സംഘടന, സാമൂഹിക വിഷയത്തെ അതിലുൾപ്പെടുത്തിയത് മനസിലാക്കാം. എന്നാൽ പലയാവർത്തി തിരുത്തിയപ്പോഴും ‘ആത്മീയ' ഭാഗത്തെ നിർവചനത്തിൽനിന്ന് എടുത്തു കളഞ്ഞില്ല.

ആത്മീയത എന്ന് സാധാരണക്കാരൻ കരുതുന്ന ദൈവഭക്തിയിൻമേൽ ജൈവികാവശ്യങ്ങളെ വരെ ത്യാഗം ചെയ്യാൻ മനുഷ്യർ സന്നദ്ധരാവുന്നുണ്ട്./ photo: biju ibrahim
ആത്മീയത എന്ന് സാധാരണക്കാരൻ കരുതുന്ന ദൈവഭക്തിയിൻമേൽ ജൈവികാവശ്യങ്ങളെ വരെ ത്യാഗം ചെയ്യാൻ മനുഷ്യർ സന്നദ്ധരാവുന്നുണ്ട്./ photo: biju ibrahim

ആരോഗ്യ- വിദ്യാഭാസ- സാമൂഹിക മേഖലകളിലെ പഠനങ്ങളിൽ പ്രായോഗികമായി ഉപയോഗിക്കുന്ന എബ്രഹാം മാസ്ലോയുടെ hierarchy of human needs സിദ്ധാന്തം സ്​പിരിച്വാലിറ്റിയെ മനുഷ്യന്റെ വ്യക്തിപരമായ പ്രേരകമോ ആവശ്യമോ ആയി കരുതുന്നില്ല. മറിച്ച്​, തികഞ്ഞ കലാബോധമോ സാമൂഹികാംഗീകാരമോ ഉള്ള വ്യക്തികൾ ഭൗതികാനുഭവങ്ങൾക്കതീതമായ അനുഭൂതി അനുഭവിക്കുന്നു എന്ന് നിരീക്ഷിക്കുന്നുണ്ട്. ഇതിനെ ആത്മീയതയായി കരുതാം. പക്ഷെ ആത്മീയത എന്ന് സാധാരണക്കാരൻ കരുതുന്ന ദൈവഭക്തിയിൻമേൽ ജൈവികാവശ്യങ്ങളെ വരെ ത്യാഗം ചെയ്യാൻ മനുഷ്യർ സന്നദ്ധരാവുന്നുണ്ട്. വ്രതങ്ങൾ, ലൈംഗികാവശ്യങ്ങളെ ഉപേക്ഷിക്കൽ, ശാരീരികാവയങ്ങളെ മുറിപ്പെടുത്തൽ, ജീവത്യാഗം എന്നിവയിലൊക്കെ ഈ അനുഭൂതി ഭൗതികാവശ്യങ്ങളെക്കൂടി തള്ളിക്കളയാൻ തക്ക വിധത്തിൽ ശക്തി പ്രാപിക്കുന്നുണ്ട്. ഇതിനെയാണ് മതനടത്തിപ്പുകാർ ചൂണ്ടയാക്കുന്നത്.

മനുഷ്യരെ വിലകുറച്ചു കാണുന്ന, ലിംഗനീതി പുലർത്താത്ത എല്ലാ സിദ്ധാന്തങ്ങൾക്കും എതിര് നിൽക്കേണ്ടതുണ്ട്. സഹസ്രാബ്ദങ്ങളായി മതങ്ങൾ ഇവിടെ ഉണ്ടാക്കി വെച്ച സാമൂഹികഘടനകളെ അത്ര എളുപ്പത്തിൽ പൊളിച്ചു കളയാൻ കഴിയില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

മതമുള്ളവർക്കും ഇല്ലാത്തവർക്കും ആത്മീയതയുണ്ട്. ഒരാൾക്ക്​ കേവലാനന്ദം അനുഭവപ്പെടുന്ന ഏതൊരു ഘടകത്തെയും ആത്മീയത എന്നുപറയാം. എന്നാൽ ഈ അനുഭൂതി നല്കാൻ തങ്ങൾക്കാവും എന്ന് സാധാരണക്കാരെ വിശ്വസിപ്പിക്കാൻ പൗരോഹിത്യത്തിന് / ആൾദൈവങ്ങൾക്ക് കഴിയുന്നു. ആത്മീയാന്വേഷണം തികച്ചും വ്യക്തിപരമാണ്, അതിനെ അന്ധമായ വിശ്വാസങ്ങളോടും ആൾദൈവങ്ങളോടും കൂട്ടിവായിക്കുന്നിടത്തു താളം തെറ്റും. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണ'മെന്ന് ഗുരു കൃത്യമായി അതിനെ നിർവചിക്കുന്നുണ്ട്. ആത്മീയതയെ അത്ര തെളിവോടെ പറഞ്ഞുതന്ന ഗുരുവിനെപ്പോലും ഹൈജാക്ക് ചെയ്യാനാണ് ഇവിടെയുള്ള മത/ജാതി സംഘടനകൾ ശ്രമിക്കുന്നത്.

ഒരാൾക്ക്​ കേവലാനന്ദം അനുഭവപ്പെടുന്ന ഏതൊരു ഘടകത്തെയും ആത്മീയത എന്നുപറയാം./ photo: avani rai
ഒരാൾക്ക്​ കേവലാനന്ദം അനുഭവപ്പെടുന്ന ഏതൊരു ഘടകത്തെയും ആത്മീയത എന്നുപറയാം./ photo: avani rai

മതവിശ്വാസിയും മതരഹിതരും മതവിരുദ്ധരും യുക്തിവാദിയും നാലുവഴിയാണെങ്കിൽ അതിന്റെ ജംഗ്ഷനിൽ നിൽക്കലാണ് ഇക്കാലത്തെ രാഷ്ട്രീയശരി. സാമൂഹികപ്രത്യാഘാതങ്ങളില്ലാത്ത വ്യക്തിപരമായ ഏതുതരം വിശ്വാസം വെച്ചു പുലർത്തുന്നവർക്കും അവകാശങ്ങളുണ്ട്. മനുഷ്യരെ വിലകുറച്ചു കാണുന്ന, ലിംഗനീതി പുലർത്താത്ത എല്ലാ സിദ്ധാന്തങ്ങൾക്കും എതിര് നിൽക്കേണ്ടതുണ്ട്. സഹസ്രാബ്ദങ്ങളായി മതങ്ങൾ ഇവിടെ ഉണ്ടാക്കി വെച്ച സാമൂഹികഘടനകളെ അത്ര എളുപ്പത്തിൽ പൊളിച്ചു കളയാൻ കഴിയില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. നവോത്ഥാന ചിന്തകൾ ഒരു പരിധി വരെ അവയെ മറികടക്കാൻ സഹായിച്ചുവെങ്കിൽ, ആ ഘടനയിൽനിന്ന് പുറത്തുപോയി മതവിരുദ്ധത പ്രചരിപ്പിക്കുന്ന എക്‌സ്- മതക്കാർ ആ ചിന്തയ്ക്ക് തന്നെ കേടുപാടുണ്ടാക്കിക്കൊണ്ടിരിക്കുന്നു. മതവിരുദ്ധത അത്തരം ഘടനകളെ പൂർവാധികം ശക്തിപ്പെടുത്തുന്ന വൈരുധ്യമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിസ്റ്റത്തെ പുറത്തുനിന്ന് കല്ലെറിയുന്നതിനേക്കാൾ നല്ലത് സിസ്റ്റത്തിനകത്തുനിന്നു കൊണ്ടുതന്നെ അതിന്റെ ദൂഷ്യവശങ്ങളെയും സ്ത്രീവിരുദ്ധതയെയും ക്രിയാത്മകമായി വിമർശിക്കുകയാണ്. സ്റ്റേജിലേക്ക് കയറിവന്ന പെൺകുട്ടിയെ ലജ്ജയുടെ പേരിൽ ഇറക്കിവിട്ട മതനേതാവിനെ സമുദായത്തിനകത്തു തന്നെയുള്ള പെൺകുട്ടികൾ ശബ്ദമുയർത്തിയപ്പോൾ അത് തിരുത്തപ്പെട്ടു. അല്ലെങ്കിൽ ഈ മതം ഇങ്ങനെയാണ്, മതം പിൻപറ്റാത്തവർ അതിനെ തിരുത്തുകയും വേണ്ട എന്ന പൊതുമറുപടിയാവും ലഭിച്ചിട്ടുണ്ടാവുക.
അങ്ങനെയുള്ള ചെറുത്തുനിൽപ്പുകളാവട്ടെ പാട്രിയാർക്കിക്കെതിരായ ഫലപ്രദമായ സമരമുറയാകുകയും ചെയ്യും. സമൂഹത്തിന്റെ ഓരോ ഘടകങ്ങളും പരസ്പര മത്സരത്തിലേർപ്പെടാതെ സ്വയനവീകരണത്തിന് ശ്രമിക്കുകയാണ് വേണ്ടത്. ആത്മീയ നേതാക്കളെ മറികടന്നു ചിന്തിക്കുന്ന തലമുറയുടെ അനിവാര്യതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. ▮

Comments