കർഷക നേതാവായി തുടങ്ങിയ ചാരു മജുംദാർ; വിപ്ലവജീവിതം, രക്തസാക്ഷിത്വം…

കർഷക നേതാവായിരുന്നു ചാരു മജുംദാർ. സിലിഗുരി മേഖലയിൽ അയ്യായിരം പേരുണ്ടായിരുന്ന കർഷക സംഘത്തെ മൂന്നു നാല് മാസം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയൊരു പ്രസ്ഥാനമാക്കി അദ്ദേഹത്തിൻെറ നേതൃത്വത്തിൽ വളർത്തെിയെടുത്തു. ഈ കർഷക സംഘം ജന്മിമാരെ വിചാരണ ചെയ്യാൻ തുടങ്ങി. അക്രമങ്ങളൊന്നും ചെയ്തിരുന്നില്ല - നക്സൽ കാലത്തെ ഓർമ്മകൾ പങ്കുവെച്ച് കെ.വേണു. എം.ജി.ശശിയുമായുള്ള ദീർഘസംഭാഷണം തുടരുന്നു…

കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങൾ - 20

ചാരു മജുംദാറിൻ്റെ രക്തസാക്ഷിത്വം

എം.ജി ശശി: ചാരു മജുംദാറിൻ്റെ വ്യക്തിത്വം കേവി നേരിട്ടറിഞ്ഞ ഒന്നാണല്ലോ. സഖാവ് മജുംദാറിൻ്റെ രക്തസാക്ഷിത്വത്തെക്കുറിച്ച്...

കെ. വേണു: ചാരു മജുംദാറിൻ്റെ രക്തസാക്ഷിത്വം 1972 ജൂലായിലാണ്. അപ്പഴേക്കു തന്നെ പ്രസ്ഥാനത്തിൽ കുറേ വിഭാഗീയതകളും ചേരിതിരിവുകളുമൊക്കെ ഉണ്ടായിക്കഴിഞ്ഞിരുന്നു. 1969 മുതൽ 71 വരെ കൽക്കട്ടയാകെ തിളച്ചുമറിയുന്നൊരു സ്ഥിതിയുണ്ടായി. പ്രസിഡൻസി കോളേജിലെ ഏറ്റവും ബ്രില്യൻ്റായിട്ടുള്ള സ്റ്റുഡൻ്റ്സൊക്കെ -സന്തോഷ് റാണയെപ്പോലുള്ളവരൊക്കെ പഠിപ്പുപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് പോയി വിപ്ലവ പ്രവർത്തനങ്ങളിൽ സജീവമായി. വിദ്യാർത്ഥികളല്ലാത്ത യുവാക്കളും ആവേശപൂർവ്വം അണിചേർന്നു. പക്ഷേ, 1971 അവസാനമാകുമ്പോഴേക്ക് അത് കെട്ടടങ്ങുകയാണ് ഉണ്ടായത്. ഒരു വശത്ത് സർക്കാർ നടപ്പിലാക്കിയ ഭീകരമായ അടിച്ചമർത്തൽ. മറുവശത്ത് പ്രസ്ഥാനത്തിനുള്ളിൽത്തന്നെ രൂപംകൊണ്ട അന്തച്ഛിദ്രങ്ങൾ. അങ്ങനെയുള്ള സാഹചര്യത്തിൽ 1972 ജൂലായിൽ മജുംദാർ അറസ്റ്റ് ചെയ്യപ്പെടുന്നു. പതിനഞ്ചോ പതിനാറോ ദിവസങ്ങളാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. മർദ്ദനമൊന്നും ഉണ്ടായില്ല എന്ന് പോലീസ് പറയുന്നു. പക്ഷേ, ഭീകരമായ ആസ്ത് മാ രോഗിയായിരുന്നിട്ടും ഡോക്ടറുടെ സേവനമൊന്നും കസ്റ്റഡിയിൽ നൽകിയില്ല.

അതുകൂടി ആയിരിക്കാം മരണകാരണം അല്ലേ?

അതെ. ഒരു സവിശേഷ വ്യക്തിത്വം തന്നെയായിരുന്നു മജുംദാർ. തിളങ്ങുന്ന ആ കണ്ണുകൾ ഇപ്പോഴും ഓർമ്മയിലുണ്ട്. ഡാർജിലിംഗ് ജില്ലയിലെ സിലിഗുരി മേഖലയിൽ നേതൃത്വത്തിലുണ്ടായിരുന്ന ജില്ലാ കമ്മറ്റി അംഗങ്ങളായിരുന്നു ചാരു മജുംദാറും കനു സന്യാലും. നക്സൽബാരി കലാപത്തിൻ്റെ തുടക്കത്തിൽ ഭീകരവാദ പ്രവർത്തനത്തിലേക്ക് പോകുന്ന പദ്ധതിയല്ല ചാരു മജുംദാറിനും മറ്റും ഉണ്ടായിരുന്നത്. കർഷക നേതാക്കളായിരുന്നു അവർ. സിലിഗുരി മേഖലയിൽ അയ്യായിരം പേരുണ്ടായിരുന്ന കർഷകസംഘത്തെ മൂന്നു നാല് മാസം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയൊരു പ്രസ്ഥാനമാക്കി വളർത്തിയെടുത്തൂ അവർ. ഈ കർഷക സംഘം ജന്മിമാരെ വിചാരണ ചെയ്യാൻ തുടങ്ങി. അക്രമങ്ങളൊന്നും ചെയ്തിരുന്നില്ല. കർഷകരെ മർദ്ദിക്കുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്തിരുന്ന ജന്മിമാരെ വിളിച്ചുകൊണ്ടുവന്ന് കോമാളിത്തൊപ്പിയൊക്കെ ഇടീച്ച് അവരെക്കൊണ്ട് ക്ഷമാപണം പറയിക്കും. അങ്ങനെയുള്ള ജനകീയ വിചാരണകളാണ് നടത്തിയിരുന്നത്. അത് പക്ഷേ ജന്മിമാർക്ക് സഹിക്കാനാകില്ലല്ലോ.

1972 ജൂലായിൽ മജുംദാർ അറസ്റ്റ് ചെയ്യപ്പെടുന്നു. പതിനഞ്ചോ പതിനാറോ ദിവസങ്ങളാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. മർദ്ദനമൊന്നും ഉണ്ടായില്ല എന്ന് പോലീസ് പറയുന്നു. പക്ഷേ, ഭീകരമായ ആസ്ത്മാ രോഗി ആയിരുന്നിട്ടും ഡോക്ടറുടെ സേവനമൊന്നും കസ്റ്റഡിയിൽ നൽകിയില്ല.
1972 ജൂലായിൽ മജുംദാർ അറസ്റ്റ് ചെയ്യപ്പെടുന്നു. പതിനഞ്ചോ പതിനാറോ ദിവസങ്ങളാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. മർദ്ദനമൊന്നും ഉണ്ടായില്ല എന്ന് പോലീസ് പറയുന്നു. പക്ഷേ, ഭീകരമായ ആസ്ത്മാ രോഗി ആയിരുന്നിട്ടും ഡോക്ടറുടെ സേവനമൊന്നും കസ്റ്റഡിയിൽ നൽകിയില്ല.

ജ്യോതിബസു ആഭ്യന്തര മന്ത്രിയായുള്ള അന്നത്തെ ഇടതു സർക്കാറിൽ വിപ്ലവത്തിനോട് അല്പസ്വല്പം താല്പര്യമുള്ള ഹരേകൃഷ്ണ കോനാരാണ് കൃഷി മന്ത്രി. അതുകൊണ്ട് ജന്മിമാരുടെ പരാതിയിൽ കർശന നടപടി അവർ എടുത്തില്ല. അപ്പോൾ ജന്മിമാർ കേന്ദ്ര ഗവൺമെൻറിനോട് പരാതിപ്പെടുകയും സി.ആർ.പി.എഫിനെ ഇറക്കി കർഷകർക്കെതിരെ വെടിവെപ്പു നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് ഭീകരവാദ പ്രസ്ഥാനമായി വിപ്ലവകാരികൾ മാറുന്നത്. പൊതുപ്രവർത്തനവും സംഘടനാ പ്രവർത്തനവുമൊന്നും സാദ്ധ്യമല്ലാതെ വന്നപ്പൊൾ ഗറില്ലാ സമരമുറ സ്വീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊക്കെ സ്വീകരിച്ചിരുന്ന ഗറില്ലാ ഒളിപ്പോരിൻ്റെ രീതി. അത് പിന്നെ ഉന്മൂലന സമരത്തിലേക്കെത്തി. ആന്ധ്രയിലെ ശ്രീകാകുളത്തുള്ള പ്രവർത്തകരാണ് ജന്മിമാരെ വിചാരണ ചെയ്ത് വധശിക്ഷക്ക് വിധേയമാക്കുന്ന പദ്ധതി ആദ്യമായി തുടങ്ങിയത്. ബംഗാളിൽ അപ്പോൾ നിലനിന്നിരുന്ന മേൽപ്പറഞ്ഞ സാഹചര്യത്തിൽ ചാരു മജുംദാർ ആ രീതി ഏറ്റെടുത്തുകൊണ്ട് ഉന്മൂലനസമരം വ്യാപകമായി നടപ്പാക്കാൻ ആഹ്വാനം നൽകുകയാണ് ചെയ്തത്.

യഥാർത്ഥത്തിൽ ചാരു മജുംദാർ ഇന്ത്യൻ വിപ്ലവത്തിൻ്റെ വലിയ നേതൃത്വവും പ്രതീക്ഷയുമൊക്കെ ആയിരുന്നു. മജുംദാറിൻ്റെ രക്തസാക്ഷിത്വമുണ്ടാക്കിയ ആഘാതത്തെ എങ്ങനെയാണ് സഖാക്കൾ മറികടന്നത്?

മജുംദാറിൻ്റെ മരണം തീർച്ചയായിട്ടും ഷോക്കിംഗ് ആയിരുന്നു. വളരെ വേദനിപ്പിക്കുന്ന ഒന്നു തന്നെയായിരുന്നു. അന്ന് ജയിലിൽ വെച്ച് സഖാക്കൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. വിപ്ലവകാരികൾ മരണത്തെ എങ്ങനെ സമീപിക്കണം എന്നതിനെ സംബന്ധിച്ച് മാവോയുടെ പ്രസിദ്ധമായ ഒരു ഉദ്ധരണി തന്നെയുണ്ട്. 'ജനങ്ങൾക്കു വേണ്ടിയുള്ള മരണം തായ് പർവ്വതത്തേക്കാൾ ഭാരമേറിയതും ജനശത്രുക്കൾക്കുവേണ്ടിയുള്ള മരണം പക്ഷിത്തൂവലിനേക്കാൾ ഭാരം കുറഞ്ഞതുമാണ്.'
ചാരുമജുംദാറിൻ്റെ മരണം ജനങ്ങൾക്കു വേണ്ടിയുള്ള മരണമാണെങ്കിലും പെട്ടെന്നത് വിപ്ലവപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി ബാധിക്കുന്ന ഒന്നു തന്നെയാണ്. എന്നാൽ പോരാട്ടങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്ന ഒന്നായി ചാരു മജുംദാറിൻ്റെ മരണത്തെ മനസ്സിലാക്കണം, വ്യാഖ്യാനിക്കണം എന്നാണ് നമ്മൾ വിലയിരുത്തിയത്.

കെ. ദാമോദരൻ

മലയാള നാടക ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ് കെ.ദാമോദരൻ്റെ ‘പാട്ടബാക്കി’. രാഷ്ട്രീയ നിലപാടുകൾക്കൊപ്പം ശക്തമായ സാംസ്കാരിക പ്രവർത്തനത്തിലും ദാമോദരൻ മുഴുകി. രാഷ്ടീയ രംഗത്ത് അദ്ദേഹം കൈക്കൊണ്ട ചില നിലപാടുകളെക്കുറിച്ചാണ് ഇവിടെ നമ്മൾ പറയുന്നത്. ഇന്ത്യൻ ബൂർഷ്വാസിയെ വിലയിരുത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള വ്യത്യസ്തതകൾ നമ്മൾ നേരത്തേ ചർച്ച ചെയ്തല്ലോ. കെ.ദാമോദരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനാധിപത്യവൽക്കരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. ആ നിലപാടിനെക്കുറിച്ച്...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വളരെ ഗൗരവത്തിൽ മാർക്സിസ്റ്റ് ആശയങ്ങൾ മനസ്സിലാക്കുകയും അത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖൻ കെ.ദാമോദരൻ തന്നെയാണ്. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ സംഭവിച്ചുകൊണ്ടിരുന്ന മാറ്റത്തെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോൾ അമേരിക്കൻ ചേരിയും സോവിയറ്റു ചേരിയും യൂറോപ്പിനെ രണ്ടായി വെട്ടി മുറിച്ചു. പടിഞ്ഞാറൻ യൂറോപ്പ് സ്വതന്ത്ര രാജ്യങ്ങളായി തുടർന്നപ്പോൾ കിഴക്കൻ യൂറോപ്പ് സോവിയറ്റു നിയന്ത്രണത്തിലായി. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി മുൻകയ്യെടുത്ത് ഓരോ രാജ്യത്തിലും തല്ലിക്കൂട്ടിയ കമ്മ്യൂണിസ്റ്റു പാർട്ടികളിലൂടെ അവിടങ്ങളിലെ ഭരണം നിയന്ത്രിക്കുകയായിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വളരെ ഗൗരവത്തിൽ മാർക്സിസ്റ്റ് ആശയങ്ങൾ മനസ്സിലാക്കുകയും അത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖൻ കെ. ദാമോദരൻ തന്നെയാണ്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വളരെ ഗൗരവത്തിൽ മാർക്സിസ്റ്റ് ആശയങ്ങൾ മനസ്സിലാക്കുകയും അത് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖൻ കെ. ദാമോദരൻ തന്നെയാണ്.

സ്വാഭാവികമായും അവിടെയെല്ലാം നിലനിന്ന ജനാധിപത്യവിരുദ്ധ അന്തരീക്ഷത്തിനെതിരായി ജനാധിപത്യ ശക്തികളുടെ ചെറുത്തുനില്പ് വ്യാപകമായിക്കൊണ്ടിരുന്നു. 1956-ൽ ഹംഗറിയിലും ചെക്കോസ്ലാവാക്യയിലും ജനാധിപത്യ മുന്നേറ്റങ്ങൾ ശക്തമായപ്പോൾ സോവിയറ്റ് യൂണിയൻ അവരുടെ ചെമ്പടയെ അയച്ച് ആ മുന്നേറ്റങ്ങൾ അടിച്ചമർത്തി. ലോകവ്യാപകമായി സോവിയറ്റ് വിരുദ്ധ വികാരം ശക്തമായി. പക്ഷേ മിക്ക രാജ്യങ്ങളിലേയും കമ്യൂണിസ്റ്റ് പാർട്ടികൾ സോവിയറ്റ് പാർട്ടിയെ വിമർശിക്കാൻ തയ്യാറായില്ല. ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടിയും ആ നിലപാടിൽ തന്നെയായിരുന്നു. ചില യൂറോപ്യൻ കമ്യൂണിസ്റ്റുപാർട്ടികൾ മാത്രമാണ് സോവിയറ്റ് പാർട്ടിയെ വിമർശിക്കാൻ ധൈര്യം കാട്ടിയത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കിടയിൽ കെ.ദാമോദരൻ മാത്രമാണ് സോവിയറ്റ് അതിക്രമത്തെ വിമർശിക്കാൻ തയ്യാറായത്. കമ്യൂണിസ്റ്റുകാർ എല്ലായ്പോഴും ജനാധിപത്യത്തിൻ്റെ കൂടെയാണ് നില്ക്കേണ്ടതെന്ന നിലപാടാണ് ദാമോദരൻ സ്വീകരിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിലെ അപചയത്തെ തടയണമെങ്കിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആധുനിക സമൂഹത്തിൽ അതിജീവിക്കണമെങ്കിൽ സ്വയം ജനാധിപത്യവൽക്കരിക്കുകയല്ലാതെ മാർഗമില്ല എന്ന നിലപാടിലേക്ക് കെ.ദാമോദരൻ എത്തിയിരുന്നു. എന്നാൽ ദാമോദരൻ്റെ നിലപാടുകൾക്ക് ഇവിടത്തെ പാർട്ടിക്കാർ വലിയ പ്രാധാന്യം നൽകാറില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നെങ്കിലും സൈദ്ധാന്തികനായിരുന്നെങ്കിലും ദാമോദരൻ്റെ അഭിപ്രായങ്ങൾ പ്രായോഗിക രാഷ്ട്രീയത്തിലുള്ളവർക്ക് ദഹിക്കാറില്ല. പിൽക്കാലത്ത് സജീവ രാഷ്ട്രീയ രംഗത്ത് ഇല്ലാതിരുന്ന അദ്ദേഹത്തിൻ്റെ ഏറെ പ്രസക്തമായ അഭിപ്രായങ്ങൾക്ക് പ്രാധാന്യവും പ്രചാരവും നൽകാതെ അവഗണിക്കുന്ന ഒരു സമീപനമാണ് കമ്മ്യൂണിസ്റ്റുകാർ കൈക്കൊണ്ടത്.

(തുടരും...)


Summary: Indian revolutionary and Naxal leader Charu Majumdar's life struggle and martyrdom, K Venu Interview series with MG Sasi continues.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

എം.ജി. ശശി

സിനിമ, നാടക സംവിധായകന്‍, നടന്‍. അടയാളങ്ങള്‍, ജാനകി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.

Comments