നെയ്യാറ്റിൻകരയിലെ കാവുവിളാകത്ത് ഗോപൻ എന്ന 69 വയസ്സുകാരന് ശരിക്കും എന്താണ് സംഭവിച്ചത്?
അദ്ദേഹം മരിച്ചതോ അതോ കോൺക്രീറ്റ് അറയിൽ പാതിജീവനോടെ അടക്കം ചെയ്യപ്പെടുകയായിരുന്നുവോ?
മലയാളി കൊടിയ ലജ്ജയോടെ കേട്ടുകൊണ്ടിരിക്കുന്ന ആ രണ്ട് ആൺമക്കളുടെ വിശദീകരണം ഒരു കാര്യം വ്യക്തമാക്കുന്നു: അച്ഛൻ സമാധിയടഞ്ഞുവെന്ന് പ്രചരിപ്പിച്ച് ഗോപൻ സ്വാമി സമാധി സ്ഥാനമെന്ന ആരാധനാലയമുണ്ടാക്കി വിശ്വാസികളെ പറ്റിക്കുകയായിരുന്നു ഈ കുടുംബത്തിന്റെ ലക്ഷ്യം.
ഗോപൻ എന്നയാൾ ദുരൂഹവും അസ്വഭാവികവുമായ സാഹചര്യത്തിലാണ് മരിച്ചത് എന്നതിന് മക്കളുടെയും ജീവിതപങ്കാളിയുടെയും വിശദീകരണം തെളിവാണ്. ആ മരണത്തിനുപുറകിൽ, ഈ കുടുംബത്തിനുള്ള ലക്ഷ്യവും വ്യക്തമാണ്.
ഒരു കൊടും കുറ്റകൃത്യത്തിന്റെ എല്ലാ തെളിവുകളും മുന്നിലുള്ളപ്പോൾ പൊലീസ് എന്തായിരുന്നു ഏറ്റവുമാദ്യം ചെയ്യേണ്ടിയിരുന്നത്?
അച്ഛനെ അടക്കിയെന്ന് മക്കൾ ചൂണ്ടിക്കാണിക്കുന്ന സ്ഥലം പരിശോധിക്കുകയും മൃതദേഹം കിട്ടിയാൽ പോസ്റ്റുമോർട്ടം നടത്തുകയും ചെയ്യുക.

എന്നിട്ട് ജില്ലാ ഭരണകൂടവും പൊലീസും എന്തു ചെയ്തു?
വിവരമറിഞ്ഞപ്പോൾ തന്നെ നടപടിയെടുക്കുന്നതിനുപകരം അവിടം ഒരു മതവികാരസ്ഥലമാക്കി മാറ്റാൻ വേണ്ട സാവകാശം നൽകി. ആ വീട്ടിലെ മൂന്നുപേരുടെയും നാട്ടുകാരിൽ ഏതാനും പേരുടെയും എതിർപ്പിനെ വലിയൊരു വിശ്വാസ പ്രശ്‌നമായി ആളിക്കത്തിക്കാൻ പൊലീസും ജില്ലാ ഭരണകൂടവും വേണ്ടുവോളം ഒത്താശ നൽകി. ഹിന്ദു ഐക്യവേദിയെപ്പോലുള്ള സംഘടനകൾ വന്നു. വർഗീയ മുതലെടുപ്പിന് പണിയും തുടങ്ങി. നാട്ടുകാരായ രണ്ടുപേരുടെ പരാതിയിൽ, ഗോപനെ കാണാനില്ല എന്ന കേസാണ് പൊലീസ് എടുത്തിരിക്കുന്നത്. ദുരൂഹ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ പരിഗണിക്കാൻ പോലും മടിച്ചുനിൽക്കുകയാണ് പൊലീസ്.
കല്ലറ പൊളിച്ചാൽ, സമാധിയുമായി ബന്ധപ്പെട്ട 41 ദിവസത്തെ പൂജ മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഗോപന്റെ കുടുംബം. വിശ്വാസസംരക്ഷണത്തിന്റെയും ആചാര സംരക്ഷണത്തിന്റെയും ‘വകുപ്പു’കൾ ചൂണ്ടിക്കാട്ടി ഈ കുറ്റകൃത്യത്തിന് സംരക്ഷണം നേടിയെടുക്കുക എന്ന വിശ്വാസപക്ഷത്തിന്റെ കുടില തന്ത്രത്തെ നീതിന്യായ സംവിധാനം എങ്ങനെ നേരിടും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
മതവും വിശ്വാസവും കക്ഷികളാകുമ്പോൾ നമ്മുടെ മാധ്യമങ്ങൾക്ക് പതിവായി സംഭവിക്കാറുള്ള ശങ്ക ഇവിടെയും ആവർത്തിച്ചു. അങ്ങനെ, തെളിവുകളുള്ള ഒരു കുറ്റകൃത്യത്തെ, വിശ്വാസികളുടെ മനുഷ്യാവകാശപ്രശ്‌നം തന്നെയല്ലേ ഇത് എന്ന സന്ദേഹം ജനിപ്പിക്കും മട്ടിലുള്ള അവതരണങ്ങളുണ്ടായി. പ്രതിസ്ഥാനത്തുനിൽക്കുന്ന രണ്ട് മക്കളുടെയും ജീവിതപങ്കാളിയുടെയും പ്രാണായാമ ബൈറ്റുകൾ ശ്വാസംവിടാതെ പ്രക്ഷേപിച്ചുകൊണ്ടിരുന്നു. ഇവരുടെ അന്ധവിശ്വാസപുലമ്പുകൾക്ക് ചർച്ചകളിൽ ഇടം നൽകി. സ്വതവേ വിശ്വാസജഡിലമായ പൊതുബോധത്തിനുമുന്നിലായിരുന്നു ഈ ബാലൻസിങ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. മതത്തെ കൗശലത്തോടെ ഒളിച്ചുകടത്തി കുറ്റകൃത്യം നടന്നയിടത്തെ വിശ്വാസത്തർക്കസ്ഥലമാക്കി മാറ്റിയെടുത്തും, ഗോപൻ ശരിക്കും സമാധിയായതാണ് എന്ന വിശ്വാസത്തെ സ്ഥാപിച്ചെടുത്തും അരങ്ങേറുന്ന മാധ്യമയോഗവിദ്യ തകൃതിയാണ്.
ഈയൊരു അനുകൂല സാഹചര്യമാണ്, ‘ഹിന്ദു ആചാരം വ്രണപ്പെടുത്താൻ ആരെയും അനുവദിക്കില്ല' എന്നും ‘ഹിന്ദു ധർമപ്രകാരം ജീവിക്കാൻ ഞങ്ങളെ അനുവദിക്കില്ലേ?' എന്നും ആക്രോശിക്കാൻ ഈ രണ്ട് മക്കൾക്ക് ഊർജം നൽകിയത്. അങ്ങനെ, അന്ധവിശ്വാസത്തിന്റെ പക്ഷം കൂടി പരിഗണിക്കപ്പെടണമെന്ന വിചിത്രമായ തീർപ്പിലേക്ക് ജില്ലാ ഭരണകൂടവും പൊലീസും എത്തിയിരിക്കുന്നു. പ്രതിസ്ഥാനത്തുള്ളവരുടെ ന്യായം കേട്ട് ഒത്തുതീർപ്പാക്കേണ്ട സംഭവമാണോ ഇത്?

പ്രത്യക്ഷ തെളിവുകളുള്ള കുറ്റകൃത്യം വിശ്വാസപ്രശ്‌നമായതോടെ സർക്കാറിനും ഒന്ന് ശ്വാസം വിടാം. ഗോപൻ സ്വാമിയുടെ സമാധി സ്ഥലത്തെ ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കേണ്ട ദൗത്യം മാത്രമേ ഇനി പൊലീസിന് ബാക്കിയുള്ളൂ.
ഈ സമയത്ത് ഓർമിപ്പിച്ചാൽ, ആരും ചിരിച്ചുസമാധിയാകുന്ന ഒരു വിഷയത്തെ കുറിച്ചുകൂടി സൂചിപ്പിക്കാം.
അന്ധവിശ്വാസ നിരോധന നിയമം. പതിനഞ്ചു വർഷമായി കേരളത്തിലെ എൽ.ഡി.എഫ്- യു.ഡി.എഫ് സർക്കാറുകൾ കെട്ടിപ്പൊക്കിയ കല്ലറകളിൽ സുഖസമാധി കൊള്ളുന്നുണ്ട്, നിരവധി അന്ധവിശ്വാസ നിരോധന ബില്ലുകൾ. അവയിൽ നാലെണ്ണം നിയമസഭയിൽ ജനപ്രതിനിധികൾ തന്നെ അവതരിപ്പിച്ചതാണ്. നിയമപരിഷ്‌കാര കമീഷനും ജനകീയ സംഘടനകളും തയാറാക്കിയ ബില്ലുകൾ വേറെയും. ഇവയെല്ലാം 'സ്വകാര്യ ബില്ലുകൾ' മാത്രമാണ് ഇപ്പോഴും. അന്ധവിശ്വാസ നിരോധനം എന്നത് ഒരിക്കലും ഒരു സർക്കാറിന്റെയും ഔദ്യോഗിക നയത്തിന്റെ ഭാഗമാകുന്നില്ല എന്നർഥം. നെയ്യാറ്റിൻകരയിൽ നടന്നതുപോലുള്ള സംഭവങ്ങളെ കുറ്റകൃത്യമായി നിർവചിക്കുന്ന നിർദേശങ്ങൾ ഈ ബില്ലുകളിലെല്ലാമുണ്ട്. ഇപ്പോൾ, അവിടെ ജില്ലാ ഭരണകൂടവും പൊലീസും നടത്തുന്ന അന്ധവിശ്വാസസംരക്ഷണ യജ്ഞത്തെ അസാധ്യമാക്കുന്ന നിർദേശങ്ങൾ. ഈ ബില്ലുകൾ ഒരു പൊതുചർച്ചയ്ക്ക് വിധേയമാക്കി, ആശയക്കുഴപ്പങ്ങൾ പരിഹരിച്ച്, പുരോഗമനപരമായ നിയമം കൊണ്ടുവരാനുള്ള തടസമെന്താണ്? മതങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ആൾദൈവങ്ങളെയും മാത്രമല്ല, സാമാന്യയുക്തിയെ വെല്ലുവിളിക്കുന്ന സമാധിക്കഥകളെ പോലും നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ.
മതവും ജാതിയും വിശ്വാസവും ആചാരങ്ങളുമെല്ലാം ഒരേ മുന്നണി പങ്കിടുന്ന ഒരുതരം ഇടതുപക്ഷ സമൂഹമാണല്ലോ കേരളം. അത്തരമൊരു കേരളം തീർത്തും അർഹിക്കുന്ന പ്രതീകം തന്നെയാണ് ഗോപൻ സ്വാമി.
READ | ചുവപ്പുനാടയിൽ കേരളം ബന്ധിച്ച അന്ധവിശ്വാസ നിരോധന നിയമം