സന്ധ്യ എൻ.പി.

ഞാൻ യുക്തിവാദിയാണോ
വിശ്വാസിയാണോ?

​ഒറ്റ ഈശ്വരമാരുടെ പടവും വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ‘ഈശ്വരാ, എല്ലാവരേയും കാത്തുരക്ഷിക്കണേ’ എന്നു പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒരു ദൈവരൂപവും തെളിഞ്ഞിരുന്നില്ല. കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഇരുട്ടിൻ ഗുഹയിലേക്ക് ഒരു കൂർത്ത നോട്ടം പോലെ സ്വന്തം മനസ്സിനുള്ളിലേക്കുതന്നെയാണ്​ ശ്രദ്ധ ഏകാഗ്രമായിരുന്നത്.

ജീവിതം എന്ത് എന്ന് ആലോചിക്കുമ്പോൾ ജി. കുമാരപ്പിള്ളയുടെ എത്ര യാദൃച്ഛികം എന്ന വരികൾ ഓർമ വരും. എത്രയെത്ര യാദൃച്ഛികതകളിലൂടെ കടന്നാണ്​ നമ്മളിന്നത്തെ നിമിഷത്തിലെത്തിയിരിക്കുന്നത് എന്നത്ഭുതപ്പെടുന്ന കവിയെക്കാണാം. ഞാനും അത്ഭുതപ്പെടാറുണ്ട്, എന്താണ് ജീവിതത്തിൽ സംഭവിച്ചത് എന്ന്! അങ്ങനെ ആലോചിച്ചുനോക്കുമ്പോൾ യാദൃച്ഛികതകളുടെ അനന്തസഞ്ചയമാണ് മനുഷ്യ ജീവിതം എന്നുകാണാം. ജീവിതത്തിൽ സംഭവിക്കുന്ന യാദൃച്ഛികതകളെ മനുഷ്യൻ എങ്ങനെ നിർവ്വചിക്കുന്നു എന്നതിനനുസരിച്ച് ഒരാളെ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ യുക്തിവാദി​യെന്നോ വിലയിരുത്താം.

കളഭത്തിന്റെ മണവും നെറ്റിയിൽ കുറിയും കാത്ത് എത്രയോ കാലം നവരാത്രിക്കാലത്തിനുവേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്.

എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതൊന്നും പക്ഷേ, എന്നെ വിശ്വാസിയാക്കിയിട്ടില്ല. യുക്തിവാദിയും ആക്കിയിട്ടില്ല. ഇതിനു രണ്ടിനുമിടയിലാണതിന്റെ സ്ഥാനം. ചെറുതായിരിക്കുമ്പോൾ വീട്ടിൽ മുറ്റത്ത് തുളസി നട്ട് വെള്ളമൊഴിച്ച് കുറേനാൾ ഒരു തുളസിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് ഞാൻ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് ഉണങ്ങിക്കരിഞ്ഞുപോയി. ക്രമേണ, തുളസിത്തറ ഞാൻ മറന്നു. പിന്നെ ഉണ്ടായിരുന്നൊരു ശീലം നവരാത്രിക്കാലത്ത് രാവിലെ കുളിച്ച് സ്റ്റേഷനറിക്കടയിൽ നിന്ന്​ 50 പൈസ കൊടുത്തുവാങ്ങിയ വട്ടത്തിലുള്ള കളഭം ചാലിച്ച് ആ നവരാത്രിക്കാലം മുഴുവൻ കുറിയിട്ട് സ്‌കൂളിൽ പോവുക എന്നതായിരുന്നു. കളഭത്തിന്റെ മണം അക്കാലം മുഴുവൻ കൂടെയുണ്ടാവും. കളഭത്തിന്റെ മണവും നെറ്റിയിൽ കുറിയും കാത്ത് എത്രയോ കാലം നവരാത്രിക്കാലത്തിനുവേണ്ടി ഞാൻ കാത്തിരുന്നിട്ടുണ്ട്.

ചെറുതായിരിക്കുമ്പോൾ വീട്ടിൽ മുറ്റത്ത് തുളസി നട്ട് വെള്ളമൊഴിച്ച് കുറേനാൾ ഒരു തുളസിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട് ഞാൻ. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അത് ഉണങ്ങിക്കരിഞ്ഞുപോയി. / Photo: Wikimedia Commons

അപ്പോഴൊന്നും പക്ഷേ അമ്പലത്തിൽപ്പോയതിന്റെ ഓർമകളില്ല. അന്നൊക്കെ അമ്പലത്തിൽപ്പോയിരുന്നത് വീട്ടിനടുത്തുള്ള വല്ലവരുടെയും വിവാഹം അടുത്തുള്ള അമ്പലത്തിൽ വെച്ച്​ നടക്കുമ്പോഴാണ്. അമ്പലത്തിൽപ്പോയാൽത്തന്നെ അവിടെ എന്താണ് പ്രതിഷ്ഠ എന്നൊന്നും ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എന്താണു പ്രതിഷ്ഠ എന്നറിയാത്ത ശ്രീകോവിലിനു മുമ്പിൽ നിന്ന്​ ‘ഈശ്വരാ, എല്ലാവർക്കും നല്ലതുവരുത്തണേ', ‘ലോകത്തിലാർക്കും അപകടമൊന്നും സംഭവിക്കരുതേ' എന്നൊക്കെയായിരുന്നു പ്രാർത്ഥിച്ചിരുന്നത്. പാമ്പുമ്മാരെ പ്രതിഷ്ഠിച്ചതിനു മുന്നിലെത്തിയാൽ ‘ഈശ്വരാ, ആരെയും പാമ്പുകടിക്കരുതേ' എന്നും പ്രാർത്ഥിക്കും. ദൈവത്തിന് രൂപമുണ്ടെന്ന് വിചാരിച്ചിരുന്നില്ല.

അന്നൊന്നും വീട്ടിൽ സന്ധ്യാസമയത്ത് വിളക്കുകൊളുത്തുന്ന ഏർപ്പാടുണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ വിഷുത്തലേന്ന് ഓടക്കാട് കുട്ടിച്ചാത്തൻ തെയ്യത്തെക്കാണാൻ പോയി വന്ന അച്ഛൻ തിരിച്ചുവന്ന് കുറേ ചീത്തവിളിച്ചു. തെയ്യം ചോദിച്ചു പോലും, ‘വെളക്ക് വെക്കലൊന്നും ഇല്ല അല്ലേ’ എന്ന്​. അതിൽപ്പിന്നെ ഞങ്ങൾ സന്ധ്യയ്ക്ക് അഞ്ചു തിരിയിട്ട് വെളിച്ചെണ്ണയൊഴിച്ച് വിളക്ക് കൊളുത്തും. രാമ രാമ രാ... എന്ന് പ്രാർത്ഥിക്കും. അതിനുമുന്നേ വിളക്കു കത്തിക്കാൻ വീട്ടിലാരും നിർബന്ധിച്ചിരുന്നില്ല.

മനുഷ്യരുണ്ടാക്കിയ ദൈവങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. എന്നാലും മനുഷ്യസങ്കല്പത്തിലുള്ള ദൈവങ്ങളെല്ലാം കോസ്റ്റ്യൂമിൽ വളരെ വൈചിത്ര്യവും ഭംഗിയും ഭാവനയും കലർന്നവരാണെന്നു കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്.

ഇറയത്തൊരു മൂലയിൽ കിണ്ടിയിൽ വെള്ളവും വെളക്കും മാത്രമുണ്ടാവും. സ്വർണനിറമുള്ള കിണ്ടി വെണ്ണീറിട്ടു തേച്ച് തിളക്കി ഓരോ ദിവസവും കിണ്ടിയിലെ വെള്ളം മാറ്റി വിളക്കുവെക്കും. ഒറ്റ ഈശ്വരമാരുടെ പടവും വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, ‘ഈശ്വരാ, എല്ലാവരേയും കാത്തുരക്ഷിക്കണേ’ എന്നു പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒരു ദൈവരൂപവും തെളിഞ്ഞിരുന്നില്ല. കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഇരുട്ടിൻ ഗുഹയിലേക്ക് ഒരു കൂർത്ത നോട്ടം പോലെ സ്വന്തം മനസ്സിനുള്ളിലേക്കുതന്നെയാണ്​ ശ്രദ്ധ ഏകാഗ്രമായിരുന്നത്.

അന്നേ മനുഷ്യരുണ്ടാക്കിയ ദൈവങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. എന്നാലും മനുഷ്യസങ്കല്പത്തിലുള്ള ദൈവങ്ങളെല്ലാം കോസ്റ്റ്യൂമിൽ വളരെ വൈചിത്ര്യവും ഭംഗിയും ഭാവനയും കലർന്നവരാണെന്നു കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. അന്ന് മഹാഭാരതം സീരിയൽ ഹിന്ദിയിൽ തകർത്തോടുന്ന സമയമാണ്. അടുത്തവീട്ടിൽ രാവിലെ ഒമ്പതരക്ക്​ മഹാഭാരതം കാണാൻ ചുറ്റിലുമുള്ള എല്ലാ പിള്ളേരും എത്തും. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം ശ്രീകൃഷ്ണൻ കുഞ്ഞായിരിക്കുമ്പോൾ കാളിയന്റെ നെറുകന്തലയിൽ കേറി നൃത്തമാടി, ബാല്യലീലകളാടുന്ന സീനുകളായിരുന്നു. നെറുകിൽ നീലക്കണ്ണുള്ള, മയിൽപ്പീലി ചൂടിയ മഞ്ഞപ്പട്ടു ചുറ്റിയ കണ്ണന്റെ രൂപത്തെ എത്ര മനോഹരമായാണ് മനുഷ്യൻ സങ്കല്പിച്ചിട്ടുള്ളത് എന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടാറുണ്ട്. അന്നൊക്കെ അച്ഛന് ഗുരുവായൂരമ്പലത്തിൽപ്പോയി ഗുരുവായൂരപ്പനെക്കാണണം എന്നത് വലിയ ആഗ്രഹമായിരുന്നു. അച്ഛനതിനു കഴിഞ്ഞില്ല.

വിഷുത്തലേന്ന് ഓടക്കാട് കുട്ടിച്ചാത്തൻ തെയ്യത്തെ കാണാൻ പോയി വന്ന അച്ഛൻ തിരിച്ചുവന്ന് കുറേ ചീത്തവിളിച്ചു. തെയ്യം ചോദിച്ചു പോലും, ‘വെളക്ക് വെക്കലൊന്നും ഇല്ല അല്ലേ’ എന്ന്​. / Photo: Wikimedia Commons

കല്യാണം എന്നെ അന്നുവരെ ജീവിച്ച ജീവിതപരിസരത്തു നിന്ന്​ ഭൗതികവും ആത്മീയുമായി അജഗജാന്തരമുള്ള മറ്റൊരു ജീവിതപരിസരത്തേക്കു മാറ്റി നട്ടിരുന്നു. കല്യാണത്തോടെ പൂജാവിധികൾ മുഖ്യജീവിതധാരയായ ഒരു ജീവിത പരിസരത്തേക്കാണ്​ ഞാൻ വന്നുപെട്ടത്. അപ്പോഴേക്കും പക്ഷേ ഞാൻ മനുഷ്യ നിർമിത ദൈവലോകത്തുനിന്ന്​ മാനസികമായി ബഹുദൂരം അകലെയെത്തിയിരുന്നു. എന്നാലും പൂക്കളും ചന്ദനവും മണിക്കിലുക്കവുമുള്ള ആ ലോകം അതിൽ വിശ്വസിക്കുന്നവരെ എന്തുമാത്രം സമാശ്വസിപ്പിക്കുന്നു എന്ന് ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കെന്നും (മെൻസസ് സമയമൊഴിച്ച്) ചന്ദനം തൊടാം, വേണമെങ്കിൽ മന്ത്രം പഠിച്ച് പൂജ ചെയ്യാം, ഇവിടുത്തെ അമ്മയെപ്പോലെ എപ്പോഴും വിളക്കു കൊളുത്തി നാരായണീയമോ ഭാഗവതമോ, രാമായണമോ വായിച്ച് മുഴുഭക്തി ജീവിതം നയിക്കാം. ഒരു ഭക്തജീവിതത്തിനു വേണ്ട എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ചുറ്റുമുണ്ടായിരുന്നു. എനിക്കു പക്ഷേ അതിനു കഴിഞ്ഞില്ല.

നമുക്ക്​ പിടിതരാതെ കോടാനുകോടി പ്രപഞ്ചമായ് വ്യാപിച്ചുനിൽക്കുന്ന സ്ഥൂലതയോടുള്ള ആരാധനയോ ഭയമോ ആണ് എനിക്ക് ദൈവവിശ്വാസം. കൺപിടിയിലൊതുങ്ങാത്ത ആ സ്ഥൂലതയാണെന്റെ ദൈവം.

എന്റെ ഭക്തി അങ്ങനെയായിരുന്നില്ല. രണ്ടേ രണ്ടു സന്ദർഭങ്ങളിലാണ് ഞാൻ അഗാധമായി ഈശ്വരനെ ദർശിച്ചിട്ടുള്ളത്. ആദ്യ പ്രസവത്തിന് ഓപ്പറേഷൻ തിയേറ്ററിൽക്കിടക്കുമ്പോൾ നെഞ്ചിനുകീഴെ മുഴുവൻ മരവിച്ച് ബോധത്തോടു കൂടി അങ്ങനെ കിടക്കുമ്പോൾ ഉള്ളിൽ നിറയെ, ചുവന്ന തുണി ചുറ്റി തലയിൽ തുമ്പയും തെച്ചിയും കൊരുത്ത കുരുത്തോല മുടിയുള്ള മുത്തപ്പന്റെ രൂപമായിരുന്നു. ആ രൂപം ഓർത്തുകൊണ്ട് കറുത്ത തുണി ചുറ്റിയ കണ്ണ് അടച്ചു. വയറു കീറി കുഞ്ഞിനെ വലിച്ചെടുക്കുന്നത് ഞാനറിഞ്ഞു. ആൺകുട്ടി എന്ന് എന്റെ ചെവിക്കരികിൽപ്പറഞ്ഞ ഡോക്ടറുടെ ശബ്ദമാണ് ഞാനന്നു കേട്ട ദൈവവചനം. ജീവനെ കൈയിലെടുത്ത് വെളിച്ചം കാട്ടുന്ന ആ കൈകൾ ദൈവത്തിന്റെ കരങ്ങളല്ലാതെ മറ്റെന്താണ്. ആനന്ദത്താലും സ്‌നേഹത്താലും നന്ദിയാലും ഞാൻ തളർന്നു പോയിരുന്നു.

ഒരിക്കൽ പെരുമ്പാവൂരിൽ ഇരിങ്ങോൾ ക്ഷേത്രത്തിനടുത്തുള്ള കല്ലമ്പലത്തിൽ പോയി. സങ്കല്പത്തിനുമപ്പുറം വലുപ്പമുള്ളാരു ശില വായുവിൽ വീഴാതെ നിൽക്കുന്നതു കണ്ട്​ ഞാൻ അന്തംവിട്ട്​ കോരിത്തരിച്ചു; ഒരിഞ്ചു സ്ഥലത്ത് പെരുവിരലൂന്നി പ്രകൃതി അതിന്റെ മുഴുവൻ സ്ഥൂലതയും പ്രത്യക്ഷപ്പെടുത്തി നിലകൊള്ളുന്ന കാഴ്ച എന്നെ അസ്തപ്രജ്ഞയാക്കിക്കളഞ്ഞു. പ്രകൃതിക്കുമുന്നിൽ ഞാനെന്ന ജീവി എത്ര അണുവാണ് എന്ന എന്റെ ഭയത്തെ, നിസ്സാരതയെ ഞാൻ
മറികടന്നത് മൂന്നാലു വട്ടം അവിടെ പ്രദക്ഷിണം വെച്ചു നമസ്‌കരിച്ചപ്പോഴാണ്.

നമുക്ക്​ പിടിതരാതെ കോടാനുകോടി പ്രപഞ്ചമായ് വ്യാപിച്ചുനിൽക്കുന്ന സ്ഥൂലതയോടുള്ള ആരാധനയോ ഭയമോ ആണ് എനിക്ക് ദൈവവിശ്വാസം. കൺപിടിയിലൊതുങ്ങാത്ത ആ സ്ഥൂലതയാണെന്റെ ദൈവം.

‘എങ്കെയും എപ്പോതും’ എന്ന സിനിമയിലെ ദൃശ്യം. / Photo: YouTube Screenshot

മനുഷ്യൻ ആത്യന്തികമായി ഭയമുള്ള ജീവിയാണ്. അവർ നിരാലംബരാണ്. ഒറ്റയ്ക്കാണ്. ആരുമില്ലാത്തവർക്ക് ദൈവമുണ്ട് എന്ന് എന്റെ അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. അമ്മ മാത്രമല്ല, ഭൂരിഭാഗം ജനങ്ങളും ‘എല്ലാം ദൈവം കാണുന്നുണ്ട്’ എന്ന് വിശ്വസിക്കുന്നവരാണ്. അവർ ദൈവത്തെക്കാണാൻ അമ്പലങ്ങളിലും പള്ളികളിലും ദേവാലയങ്ങളിലും പോകുന്നു. മനുഷ്യന്റെ നിരാലംബ ജീവിതത്തെ സമാശ്വസിപ്പിക്കാനും വർണാഭമാക്കാനും അത്തരം ഭക്തിജീവിതം അവരെ സഹായിക്കുന്നു.എന്നിട്ടും ആശ്വാസം കിട്ടാത്തവർ ദൈവപ്രച്ഛന്നരായി വേഷമിടുന്നവരുടെ അടുത്തേക്കുപോകുന്നു. അവിടെ മനുഷ്യരായ പ്രത്യക്ഷദൈവം അവരെ ആശ്വസിപ്പിക്കുന്നു, കെട്ടിപ്പിടിക്കുന്നു, ഉമ്മവയ്ക്കുന്നു, അവർക്ക് ധ്യാനമാർഗങ്ങൾ പറഞ്ഞു കൊടുക്കുന്നു. എപ്പോൾ വേണമെങ്കിലും വന്നുഭവിക്കാവുന്ന അനിശ്ചിതത്വങ്ങളെക്കുറിച്ചോർത്ത് ബേജാറാവുന്ന കേവല മനുഷ്യർക്ക് ഒരാശ്വാസമാണ് സത്യത്തിൽ ദൈവം എന്ന വിശ്വാസം.
മനുഷ്യരുടെ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് .

മനുഷ്യൻ ആത്യന്തികമായി ഭയമുള്ള ജീവിയാണ്. അവർ നിരാലംബരാണ്. ഒറ്റയ്ക്കാണ്. ആരുമില്ലാത്തവർക്ക് ദൈവമുണ്ട് എന്ന് എന്റെ അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. അമ്മ മാത്രമല്ല, ഭൂരിഭാഗം ജനങ്ങളും ‘എല്ലാം ദൈവം കാണുന്നുണ്ട്’ എന്ന് വിശ്വസിക്കുന്നവരാണ്.

എങ്കെയും എപ്പോതും എന്ന സിനിമ തുടങ്ങുന്നത് ഒരു വലിയ ബസപകട ദൃശ്യം കാണിച്ചുകൊണ്ടാണ്. ഹൈവേയിൽക്കൂടി ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർ ഫാസ്റ്റ് ബസിനുമുന്നിലേക്ക് ഒരു ബാനർ വന്നു വീണ്​ ഡ്രൈവറുടെ റോഡിലേക്കുള്ള കാഴ്ച മറഞ്ഞ് ആ ബസ്​ എതിരേവന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുന്ന രംഗം വളരെ ഭീകരമാണ്. യാദൃച്ഛികമായാണ് അത്​ സംഭവിക്കുന്നത്. ആ സിനിമയിലാകട്ടെ, ഉടനീളം കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന പല പല യാദൃച്ഛികതകളാണ് ചിത്രീകരിച്ചിരിക്കുന്നത്. എങ്കെയും എപ്പോതും എന്നാൽ എപ്പോൾ വേണമെങ്കിലും, എവിടെയും സംഭവിക്കാവുന്നത് എന്ന്.
അതെ, മനുഷ്യജീവിതം എന്നത് പല സമയത്ത് പലയിടത്ത് സംഭവിക്കുന്ന യാദൃച്ഛികങ്ങൾ, അപ്രതീക്ഷികത്വങ്ങൾ മാത്രമാണ്.

ഓരോ മനുഷ്യനും അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ചില മുൻകരുതലെടുക്കും പോലെ പ്രകൃതി അതാതുകാലത്ത് ചില മുൻകരുതലെടുക്കുന്നു. പ്രളയമെന്നും പ്ലേഗെന്നും കോവിഡെന്നുമൊക്കെ മനുഷ്യരതിനു പേരിടുന്നു. അതിൽപ്പെട്ട് ഉറുമ്പിൻ കൂട്ടങ്ങൾ കാലടികൾക്കടിയിൽപ്പെട്ടു ചത്തുപോകും പോലെ മനുഷ്യരിൽ ചിലരും മരിച്ചുപോകുന്നു. ആ ശക്തിയാണ് എന്റെ ദൈവം. ഈ അർത്ഥത്തിൽ ഞാനൊരു വിശ്വാസിയാണ്. ഒരു പ്രകൃതിവിശ്വാസി. ▮


സന്ധ്യ എൻ.പി.

കവി. ശ്വസിക്കുന്ന ശബ്​ദം മാത്രം,​ പെൺബുദ്ധൻ എന്നിവ കവിത സമാഹാരങ്ങൾ

Comments